കാലത്തിന്‍റെ പത്രാധിപർ

എസ്. ജയചന്ദ്രൻ നായർ മലയാളിയുടെ ഒരു ചരിത്രകാലത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ്. ആധുനികത അതിന്റെ മധ്യാഹ്നത്തിൽ തിളങ്ങിനിൽക്കുമ്പോഴാണ്, 1975ൽ, കലാകൗമുദി ആരംഭിക്കുന്നത്. അടിയന്തരാവസ്ഥയുടെ അപകടകരമായ ചരിത്രം ആരംഭിക്കുന്ന സന്ദർഭത്തിൽതന്നെ. ഇന്ത്യൻ വർത്തമാന പത്രങ്ങൾ ഭരണകൂടത്തിന്റെ അനുസരണക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലം. എം.എസ്. മണി എന്ന എക്കാലത്തെയും ധീര പത്രാധിപ വ്യക്തിത്വമാണ് കലാകൗമുദി ആരംഭിക്കുന്നത്. സി.വി. കുഞ്ഞിരാമന്റെയും കെ. സുകുമാരന്റെയും പൈതൃകത്തിന്റെ ആധുനിക പ്രകാശമായിരുന്നു എം.എസ്. മണി. കേരള കൗമുദിയിലെ എസ്. ജയചന്ദ്രൻ നായർ, എൻ.ആർ.എസ്. ബാബു എന്നീ രണ്ട് പത്രപ്രവർത്തകരെയുംകൂട്ടിയാണ്...
Your Subscription Supports Independent Journalism
View Plansഎസ്. ജയചന്ദ്രൻ നായർ മലയാളിയുടെ ഒരു ചരിത്രകാലത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ്. ആധുനികത അതിന്റെ മധ്യാഹ്നത്തിൽ തിളങ്ങിനിൽക്കുമ്പോഴാണ്, 1975ൽ, കലാകൗമുദി ആരംഭിക്കുന്നത്. അടിയന്തരാവസ്ഥയുടെ അപകടകരമായ ചരിത്രം ആരംഭിക്കുന്ന സന്ദർഭത്തിൽതന്നെ. ഇന്ത്യൻ വർത്തമാന പത്രങ്ങൾ ഭരണകൂടത്തിന്റെ അനുസരണക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലം. എം.എസ്. മണി എന്ന എക്കാലത്തെയും ധീര പത്രാധിപ വ്യക്തിത്വമാണ് കലാകൗമുദി ആരംഭിക്കുന്നത്.
സി.വി. കുഞ്ഞിരാമന്റെയും കെ. സുകുമാരന്റെയും പൈതൃകത്തിന്റെ ആധുനിക പ്രകാശമായിരുന്നു എം.എസ്. മണി. കേരള കൗമുദിയിലെ എസ്. ജയചന്ദ്രൻ നായർ, എൻ.ആർ.എസ്. ബാബു എന്നീ രണ്ട് പത്രപ്രവർത്തകരെയുംകൂട്ടിയാണ് കേരള കൗമുദിയുടെ ആസ്ഥാനത്തിന് പുറത്തുനിന്ന് കലാകൗമുദി തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കേരള കൗമുദിയുടെ അടിസ്ഥാനശീലങ്ങളിൽനിന്ന് വേറിട്ട ഒരു സാഹസിക പ്രവർത്തനമായി അത് മാറി. കലാകൗമുദി ആ സാഹസികത ഏറെക്കാലം നിലനിർത്തി.
അടിയന്തരാവസ്ഥയുടെ ഇരുട്ട് കലാകൗമുദിയിലേക്ക് പടർന്നില്ല. ആദ്യ ലക്കങ്ങളിലൊന്നിൽ സഞ്ജയ് ഗാന്ധിയുടെ ഒരു പ്രത്യേക അഭിമുഖം ഒഴിച്ചുനിർത്തിയാൽ മറ്റൊരു ദുർനിഴലും ഉണ്ടായില്ല. കാരണങ്ങളിലൊന്ന് പത്രാധിപന്മാർ തികഞ്ഞ ജനാധിപത്യവാദികളും സ്വാതന്ത്ര്യകാംക്ഷികളുമായിരുന്നു. എം.എസ്. മണി, വി.കെ. കൃഷ്ണമേനോനെ പോലുള്ള ധിഷണാശാലികളായ ദേശീയ രാഷ്ട്രീയ നേതാക്കളുടെ സഹചാരിയായിരുന്നു. എസ്. ജയചന്ദ്രൻ നായർ വന്നത് കെ. ബാലകൃഷ്ണന്റെ കലാപഭരിതമായ കാലത്തിൽനിന്നായിരുന്നു. എൻ.ആർ.എസ്. ബാബു ഇടതു വിദ്യാർഥി രാഷ്ട്രീയത്തിന്റെ സമരഭൂമിയിൽനിന്നും. ഈ അനുഭവസമാഹാരങ്ങളാണ് കലാകൗമുദിയുടെ ധൈഷണികപ്രകാശം പ്രസരിപ്പിച്ചത്.
എസ്. ജയചന്ദ്രൻ നായർ നിരവധി പരിമിതികൾക്കുള്ളിൽനിന്നാണ് പത്രപ്രവർത്തനം എന്ന അനിശ്ചിതത്വത്തിന്റെ ഉപജീവനമാർഗം തിരഞ്ഞെടുക്കുന്നത്. ഇന്നത്തെ പോലെ ഒരു ഗ്ലാമർ ലോകമായിരുന്നില്ല അത്. കോർപറേറ്റ് വത്കരിക്കാത്ത ആദർശശാലികളുടെ സ്വപ്നലോകം. കെ. ബാലകൃഷ്ണനും സി.എൻ. ശ്രീകണ്ഠൻ നായരുമൊക്കെ തൂലിക പടവാളാക്കി പൊരുതുന്ന കാലം.
ചെറുപ്പത്തിലേ വായനയുടെ ലഹരിയിൽ വീണ എസ്.ജെ ആ പൊരുതുന്ന കാലത്തോട് ചേർന്നു. ജീവിത പ്രാരബ്ധങ്ങൾ സ്വന്തം ഇച്ഛയുടെ ധീരതകൊണ്ട് മറികടന്നു. 1957ൽ സ്വയം എടുത്തണിഞ്ഞ പത്രപ്രവർത്തകന്റെ വേഷം ഒരിക്കലും അഴിച്ചുവെച്ചില്ല. ആ വേഷത്തിന്റെ മൗലികതയിലും ഉന്മാദത്തിലും സാധ്യതകളിലും സവിശേഷതകളിലും അഭിരമിച്ചു. അത് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. എസ്. ജയചന്ദ്രൻ നായരുടെ പത്രാധിപജീവിതം ഒരു തൊഴിൽ അനുഷ്ഠാനത്തിന്റെ സാധാരണതയിൽനിന്ന് വേറിട്ടുനിൽക്കുന്നത് അതുകൊണ്ടാണ്.
എൻ.വി. കൃഷ്ണവാര്യരും എം.ടി. വാസുദേവൻ നായരും തുടർന്നിരുന്ന സാഹിത്യ പത്രപ്രവർത്തനത്തിന്റെ വഴിയിലൂടെയാണ് ജയചന്ദ്രൻ നായരും സഞ്ചരിച്ചത്. അവർ രൂപപ്പെടുത്തിയ വിഭിന്ന ഭാവുകത്വത്തിന്റെ/ അഭിരുചിയുടെ തുടർച്ചയും രൂപാന്തരങ്ങളുമാണ് ജയചന്ദ്രൻ നായർ സൃഷ്ടിച്ചത്. എഴുപതുകളുടെ/എൺപതുകളുടെ സവിശേഷ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ ഉൾക്കൊണ്ടാണ് കലാകൗമുദിയുടെ ഉള്ളടക്കങ്ങൾ രൂപപ്പെടുത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളനാട് തുടങ്ങിയ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങളിൽനിന്നും വ്യത്യസ്തമായ അകത്തളങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ പരമ്പരാഗത എഴുത്തുരീതികളെ തിരസ്കരിച്ചുമില്ല. തകഴി, പി. കേശവദേവ്, പാലാ നാരായണൻ നായർ തുടങ്ങിയവർക്കും ഇടം നൽകി. പിന്നീട് വിഖ്യാത യാത്രികനായി മാറിയ രവീന്ദ്രൻ എഴുതിത്തുടങ്ങുന്നത് കലാകൗമുദിയിലാണ്. നെടുമുടി വേണു, വേണുഗോപാൽ എന്ന പേരിൽ കലാസംബന്ധമായ ലേഖനങ്ങൾ എഴുതി. കെ. ദാമോദരന്റെ അവസാന കൃതി പ്രസിദ്ധീകരിച്ചു. അങ്ങനെ പുതിയ വായനാനുഭവങ്ങൾക്ക് വാതിൽ തുറന്നിട്ടു.
എൺപതുകളോടെ കലാകൗമുദി ഘടനയിലും ഉള്ളടക്കത്തിലും വലിയ മാറ്റങ്ങൾക്ക് വിധേയമായി. അതിന് ദിശാബോധം നൽകിയത് പത്രാധിപരായ ജയചന്ദ്രൻ നായർ തന്നെയാണ്. സാഹിത്യ വാരഫലം, രണ്ടാമൂഴം, എം.പി. നാരായണപിള്ളയുടെ പംക്തികൾ, ഒ.വി. വിജയന്റെ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം തുടങ്ങിയവ കലാകൗമുദിയുടെ പ്രചാരത്തെ സാരമായി ബാധിച്ചു. എം. കൃഷ്ണൻ നായരെക്കൊണ്ട് പംക്തി തുടർന്ന് എഴുതിച്ചതും ഒ.വി. വിജയനെ നിരന്തരം വരക്കാൻ പ്രേരിപ്പിച്ചതും ജയചന്ദ്രൻ ആയിരുന്നു. എഴുത്തുകാരെക്കൊണ്ട് നിരന്തരം എഴുതിപ്പിക്കുക എന്ന പത്രാധിപ ധർമം എന്നും അദ്ദേഹം നിറവേറ്റി.
ഫീച്ചർ എഴുത്തിന്റെ വിഭിന്ന സാധ്യതകളെ ഉപയോഗപ്പെടുത്തിയ പത്രാധിപരാണ് ജയചന്ദ്രൻ നായർ. സവിശേഷതകൾ നിറഞ്ഞ കേരളീയ ഗ്രാമങ്ങൾ, കലാകാരന്മാരുടെ വ്യത്യസ്ത ജീവിതപഥങ്ങൾ, വിസ്മൃതിയിലാവുന്ന രാഷ്ട്രീയ നേതാക്കളുടെ ജീവിതം, വേറിട്ട കലകളുടെ അവതരണ രീതികൾ തുടങ്ങി എത്രയോ വിഷയങ്ങൾ കലാകൗമുദിയിലൂടെ വായിച്ചു. കള്ളിക്കാട് രാമചന്ദ്രൻ, കെ. വേലപ്പൻ, ഇ.വി. ശ്രീധരൻ, വിജു വി. നായർ, മുസാഫിർ, മുരളി, സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവർ ഫീച്ചർ ജേണലിസത്തിന്റെ പ്രധാന എഴുത്തുകാരായിരുന്നു. കേരളീയ സാംസ്കാരിക ജീവിതത്തിന്റെ പ്രകാശധാര തിരിച്ചറിഞ്ഞത് കലാകൗമുദിയിലൂടെയായിരുന്നു.
തൊണ്ണൂറുകളിൽ സമകാലിക മലയാളത്തിന്റെ പത്രാധിപരായിരിക്കുമ്പോഴും ഈ സമീപനംതന്നെ തുടർന്നു. പുതിയ എഴുത്തുകാരെയും പുതിയ രചനാരീതികളെയും കണ്ടെത്തി. ആഴ്ചപ്പതിപ്പിനെ എന്നും സമകാലികമാക്കി മാറ്റി. സാഹിത്യ വാരഫലം എന്ന പംക്തിക്ക് പതിറ്റാണ്ടുകളുടെ ജീവിതവീഥി ഒരുക്കിയത് ജയചന്ദ്രൻ നായരായിരുന്നു. എം. കൃഷ്ണൻ നായരുടെ രീതികളും ശാഠ്യങ്ങളും സമീപനങ്ങളും തിരിച്ചറിഞ്ഞിരുന്നു. നമ്പൂതിരി എന്ന രേഖാചിത്രകാരനെ കേരളീയ സംസ്കാരിക ചരിത്രത്തിന്റെ ഭാഗമാക്കി. മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു നമ്പൂതിരിയുടെ തുടക്കമെങ്കിലും രേഖാ ചിത്രകാരന്റെ അനിഷേധ്യ സ്ഥാനം നേടിയത് കലാകൗമുദിയിലൂടെയും സമകാലിക മലയാളത്തിലൂടെയുമാണ്.
വിപുലമായ വായനയുടെ ബലമായിരുന്നു എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപരുടെ ബലം. അത് സാഹിത്യത്തിൽ മാത്രമായിരുന്നില്ല, സിനിമ, ചിത്രകല, സംഗീതം തുടങ്ങി എല്ലാ വിഷയങ്ങളും വായനയിൽ ഇടംപിടിച്ചു. എഴുത്തുകാരുമായുള്ള നിരന്തര സമ്പർക്കവും സൗഹൃദവും പത്രാധിപ ജീവിതത്തെ സമ്പന്നമാക്കി. പുതിയ എഴുത്തുകാരോട് എന്നും ആഭിമുഖ്യം പുലർത്തി. എൺപതുകളിൽ എഴുതിത്തുടങ്ങിയവരുടെ പത്രാധിപർ എസ്. ജയചന്ദ്രൻ നായരാണ്. ആ നീണ്ട പേരുനിര ഇവിടെ കുറിക്കുന്നില്ല.
എൺപതുകളുടെ മധ്യത്തിൽ കലാകൗമുദിയിലെ പത്രാധിപരുടെ മുന്നിലിരുന്ന കാലം ഓർക്കുന്നു. എന്റെ ആദ്യ ലേഖനം, പന്തളം കെ.പിയെ കുറിച്ചുള്ളത്, പ്രസിദ്ധീകരിച്ചത് ഈ പത്രാധിപരായിരുന്നു. ആദ്യ പ്രതിഫലം തന്നതും. പിന്നീട് എത്രയോ ലേഖനങ്ങൾ, ഫീച്ചറുകൾ. ഗുരുതുല്യമായ ആദരവ് എന്നും സൂക്ഷിച്ചിരുന്നു. കാലത്തെ നിർവചിച്ച പത്രാധിപരാണ് എസ്. ജയചന്ദ്രൻ നായർ. ചരിത്രം അത് തിരിച്ചറിയുന്നു.