സ്വാതന്ത്ര്യത്തിന്റെ നാനാർഥങ്ങൾ

വിദ്വേഷപ്രസംഗങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം ജസ്റ്റിസ് കെ.എം. ജോസഫ് അംഗീകരിച്ചതുകൊണ്ടാണ് ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആ െബഞ്ച് ഉത്തരവിട്ടത്. ശക്തവും സുധീരവുമായ ഒരു നീതിന്യായ ഇടപെടലാണ് ഇക്കാര്യത്തിൽ കെ.എം. ജോസഫ് അധ്യക്ഷനായ െബഞ്ചിൽനിന്നും ഉണ്ടായത് –അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിവിധ വ്യവഹാര തലങ്ങൾ പരിശോധിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ രണ്ടു വിരുദ്ധ വശങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വിവിധ...
Your Subscription Supports Independent Journalism
View Plansവിദ്വേഷപ്രസംഗങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം ജസ്റ്റിസ് കെ.എം. ജോസഫ് അംഗീകരിച്ചതുകൊണ്ടാണ് ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആ െബഞ്ച് ഉത്തരവിട്ടത്. ശക്തവും സുധീരവുമായ ഒരു നീതിന്യായ ഇടപെടലാണ് ഇക്കാര്യത്തിൽ കെ.എം. ജോസഫ് അധ്യക്ഷനായ െബഞ്ചിൽനിന്നും ഉണ്ടായത് –അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിവിധ വ്യവഹാര തലങ്ങൾ പരിശോധിക്കുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ രണ്ടു വിരുദ്ധ വശങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വിവിധ കേസുകളിലൂടെ സുപ്രീംകോടതി വേദിയായി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് രാജ്യദ്രോഹക്കുറ്റം (sedition) സംബന്ധിച്ചതാണ്. ഭരണകൂടത്തിെനതിരായ എന്തു വിമർശനത്തെയും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വിമർശകർക്കെതിരെ ക്രിമിനൽ കേസ് എടുക്കാം എന്ന സമീപനത്തോടെയാണ് പലപ്പോഴും ഈ നിയമത്തെ സർക്കാറുകൾ ഉപയോഗിച്ചത്. നിയമവ്യവസ്ഥ സ്ഥൂലവും അവ്യക്തവുമായിരുന്നുവെന്നത് ഇത്തരത്തിലുള്ള ഭരണകൂടാസക്തിക്ക് ശക്തിപകർന്നു. ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത സുപ്രീംകോടതി മുമ്പാകെ പതിറ്റാണ്ടുകൾക്കു മുമ്പേ ചോദ്യംചെയ്യപ്പെട്ടതാണ്.
ബ്രിട്ടീഷുകാർ ഗാന്ധിജിയെയും ബാലഗംഗാധര തിലകനെയും ഭഗത് സിങ്ങിനെയും ലാലാലജ്പത് റായിയെയും അരബിന്ദോവിനെയും മൗലാന മുഹമ്മദ് അലിയെയും ആനിബസന്റിനെയും അബുൽകലാം ആസാദിനെയും മറ്റും വിചാരണചെയ്ത കുപ്രസിദ്ധമായ വകുപ്പ്. എന്നാൽ, ഈ വകുപ്പ് സാധുവാണെന്ന് നിർഭാഗ്യവശാൽ സുപ്രീംകോടതി 1962ലെ കേദാർനാഥ് സിങ് കേസിൽ വിധി പറഞ്ഞു. അങ്ങനെ കൊളോണിയൽ നിയമവ്യവസ്ഥക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പരമോന്നത കോടതി തന്നെ സാധൂകരണം നൽകി.
ഈ വിധി പുനഃപരിശോധിച്ചുകൊണ്ട് ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരുകൂട്ടം ഹരജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. പ്രമുഖ മാധ്യമപ്രവർത്തകനായ ശശികുമാറിനുവേണ്ടിയാണ് ഞാൻ ഹാജരായത്.
എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വിദ്വേഷപ്രസംഗങ്ങൾ ഉൾപ്പെടുകയില്ലെന്ന് വാദിക്കുന്ന ഹരജികളും ഏതാണ്ടിതേ കാലത്തുതന്നെ സുപ്രീംകോടതിയുടെ മറ്റു ചില ബെഞ്ചുകൾ പരിഗണിക്കുകയുണ്ടായി. ഈ വിഭാഗം കേസുകളിൽ വിദ്വേഷപ്രസംഗത്തിനെതിരെ ഞാൻ വാദിച്ചതും ശശികുമാറിനുവേണ്ടിത്തന്നെയായിരുന്നു. സമീപകാലത്തായി ഭരണഘടനയിലെ 19 (1) എ അനുഛേദം അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭിന്നതലങ്ങൾ നീതിന്യായ പരിശോധനക്കു വിധേയമായ വ്യവഹാരങ്ങളായിരുന്നു ഇവ. ചീഫ് ജസ്റ്റിസ് രമണ മുതൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വരെയുള്ളവരുടെ െബഞ്ചുകളിൽ സ്വാതന്ത്ര്യത്തിന്റെ നാനാർഥങ്ങൾ ഈ വക കേസുകളിലൂടെ ഉന്നയിക്കപ്പെട്ടു.
രാജ്യദ്രോഹക്കുറ്റത്തിനെതിരായ വാദങ്ങൾ പ്രഥമദൃഷ്ട്യാ കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രമണയുടെ െബഞ്ച് 2022 മേയ് 11ന് ഈ വ്യവസ്ഥ പ്രയോഗിക്കുന്നത് ഫലത്തിൽ സസ്പെൻഡ് ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവിറക്കി. 1962ലെ ഭരണഘടനാ െബഞ്ച് വിധിക്കുശേഷം, സ്വാതന്ത്ര്യത്തിന്റെ പുതിയ ശരവേഗങ്ങൾ ലോകത്ത് പലയിടത്തും ഉയർന്നുവന്നത് ഇന്ത്യൻ സുപ്രീംകോടതിക്ക് കാണാതിരിക്കാനാവുമായിരുന്നില്ല. എന്തിനധികം, രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് ശിക്ഷാ നിയമവ്യവസ്ഥയുടെ പ്രഭവകേന്ദ്രമായിരുന്ന ബ്രിട്ടൻപോലും 2010ൽ എടുത്തുകളഞ്ഞ ഈ നിയമത്തെ അലങ്കാരമായി കൊണ്ടുനടക്കുന്നതാണ് യഥാർഥത്തിൽ രാജ്യദ്രോഹമെന്ന് പലരും ചിന്തിക്കാൻ തുടങ്ങി! ന്യൂസിലൻഡ്, അമേരിക്ക, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ സമാനവ്യവസ്ഥകൾ എടുത്തുകളയുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്തു. എന്നാൽ, ഇന്ത്യയിലാകട്ടെ 124 എ വകുപ്പുപയോഗിച്ചാണ് ബിനായക് സെൻ മുതൽ ഉമർ ഖാലിദ് വരെയുള്ളവരെ സർക്കാർ വേട്ടയാടിയത്.
മോദി ഭരണകാലത്ത് രാജ്യദ്രോഹക്കുറ്റം ഉപയോഗിച്ച് സ്വതന്ത്ര വിമർശനങ്ങളെയും വിമർശകരെയും ഭരണകൂടം അടക്കിയിരുത്താൻ ശ്രമിച്ചതിന് എത്രയോ ഉദാഹരണങ്ങൾ ഉണ്ടായി. ഇങ്ങനെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വതന്ത്ര ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും സാമാന്യം നീണ്ട ഒരു പട്ടിക തന്നെ ശശികുമാറിനുവേണ്ടി സുപ്രീംകോടതിയിൽ സമർപ്പിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ കാര്യത്തിൽ ആത്യന്തികമായി ശിക്ഷാവിധികൾ വരുന്നത് തുലോം കുറവാണെങ്കിലും കുറ്റാരോപണത്തിൽ വെച്ചുതുടങ്ങുന്ന നിയമനടപടികൾ തന്നെ ശിക്ഷയായി മാറുന്നുവെന്നതാണ് രാഷ്ട്രത്തിന്റെ അനുഭവം. ഈ വാദം ചീഫ് ജസ്റ്റിസ് രമണയടങ്ങുന്ന ബെഞ്ചിന് ബോധ്യപ്പെട്ടതുകൊണ്ടാണ് വ്യവസ്ഥയുടെ പ്രയോഗം ഫലത്തിൽ സസ്പെൻഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.
പിന്നീട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ െബഞ്ചിൽ കേസ് എത്തിയപ്പോഴും ഹരജിക്കാർക്കനുകൂലമായ നിലപാടാണ് കോടതി സ്വീകരിച്ചത്. കേദാർനാഥ് കേസിലെ വിധി (1962) ശരിയല്ലെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതായി സൂചിപ്പിച്ച കോടതി വിഷയം ഉയർന്ന െബഞ്ച് പരിഗണിക്കണമെന്നു പറഞ്ഞു. നിയമവ്യവസ്ഥയുടെ തുടർന്നുള്ള പ്രയോഗത്തിന് കോടതികൾ തടയിടുകയോ നിബന്ധനകൾ വെക്കുകയോ ചെയ്തു എന്നത് ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആരംഭിച്ച പ്രോസിക്യൂഷനുകളെ ഇല്ലാതാക്കുന്നില്ല. അതായത് ഇതിനകം തുടങ്ങിവെച്ച രാജ്യദ്രോഹക്കേസുകൾ മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും അനിശ്ചിതമായി തുടരുന്ന അവസ്ഥയുണ്ട്. അതിനാൽതന്നെ ഒരു ഉയർന്ന െബഞ്ച് ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണം എന്ന് ഞാൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ െബഞ്ച് മുമ്പാകെ സൂചിപ്പിച്ചു. ഈ കേസിലെ അന്തിമവാദം ഒരു വിശാല െബഞ്ചിനു മുമ്പാകെ നടക്കാനിരിക്കുന്നു.
വിദ്വേഷപ്രസംഗങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം ജസ്റ്റിസ് കെ.എം. ജോസഫ് അംഗീകരിച്ചതുകൊണ്ടാണ് ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആ െബഞ്ച് ഉത്തരവിട്ടത്. ശക്തവും സുധീരവുമായ ഒരു നീതിന്യായ ഇടപെടലാണ് ഇക്കാര്യത്തിൽ കെ.എം. ജോസഫ് അധ്യക്ഷനായ െബഞ്ചിൽനിന്നും ഉണ്ടായത്.
ഒന്നോർത്താൽ, മറ്റൊരു കാലത്തെ എച്ച്.ആർ. ഖന്നയായിരുന്നു, ജസ്റ്റിസ് ജോസഫ്. അടിയന്തരാവസ്ഥയിലും മൗലികാവകാശങ്ങൾ മരവിപ്പിക്കപ്പെടുകയില്ലെന്ന് ജസ്റ്റിസ് ഖന്ന വിയോജനവിധിയിൽ എഴുതിയപ്പോൾ അദ്ദേഹത്തിന് അർഹതപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയാണ് നഷ്ടപ്പെട്ടത്. അതുപക്ഷേ, അദ്ദേഹത്തെ ചരിത്രത്തിന്റെ സിംഹാസനങ്ങളിലേക്കുയർത്തി. ജനമനസ്സിലാണ് ഇത്തരം നീതിബോധമുള്ളവരുടെ നിത്യസാന്നിധ്യം കുടികൊള്ളുക. ഏതെങ്കിലും വിയോജനവിധിയിലൂടെയല്ല, ജസ്റ്റിസ് ജോസഫ് ശ്രദ്ധേയനായതെന്നത് സത്യംതന്നെ. എന്നാൽ, വിദ്വേഷപ്രസംഗങ്ങൾക്കെതിരെ അദ്ദേഹം കോടതിയിൽവെച്ച് വാക്കാലും ഉത്തരവിലൂടെയും നടത്തിയ പ്രഖ്യാപനങ്ങൾ ചരിത്രത്തിന്റെ രജതരേഖകളാണ്.
പ്രധാനമന്ത്രിപോലും രാജ്യത്തെ നിയമങ്ങൾക്ക് അതീതനല്ല എന്ന് ജസ്റ്റിസ് ജോസഫ് തുറന്നടിച്ചു. അന്യഥാ, ആർക്കും എതിർക്കാനാകാത്തതാണീ പ്രസ്താവന. എന്നാൽ, 2023 ഏപ്രിൽ മാസത്തിൽ ഇത്തരമൊരു പ്രസ്താവന നടത്തുന്നത് വലിയൊരു ധീരതയായി വ്യാഖ്യാനിക്കപ്പെടുന്ന വിധത്തിൽ സുപ്രീംകോടതിയും രാജ്യവും മാറിക്കഴിഞ്ഞിരുന്നു! വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച കേസ് കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് ജോസഫ് അത് തടയുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അഭിഭാഷകരോട് ആവശ്യപ്പെട്ടു. അതിനിടെ, വിദ്വേഷപ്രസംഗത്തിനെതിെര കരുതൽ തടങ്കൽ പ്രയോഗിക്കുന്നത് ഗുണംചെയ്യുമോ എന്ന നിലയിലും ചർച്ചകൾ ഉണ്ടായി.
എനിക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു. അന്യഥാ പക്ഷപാതപരമായും നീതിരഹിതവുമായും പ്രവർത്തിക്കുന്ന ഒരു ഭരണകൂടം, അതിന്റെ എതിരാളികൾ നടത്തുന്ന വിമർശനത്തെപ്പോലും വിദ്വേഷപ്രസംഗമായി വ്യാഖ്യാനിച്ച് ജയിലിലിടുന്ന ഒരു അവസ്ഥ കോടതിയുത്തരവിലൂടെ ഉണ്ടാക്കാൻ പാടില്ലെന്ന് ഞാൻ ജസ്റ്റിസ് ജോസഫിന്റെ െബഞ്ചു മുമ്പാകെ ശശികുമാറിനുവേണ്ടി ബോധിപ്പിച്ചു. മാധ്യമരംഗത്തെ അതികായനായ എന്റെ കക്ഷി ശശികുമാറിനും നിയമം അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ആയുധമാകാൻ പാടില്ലെന്ന് നിഷ്കർഷയുണ്ടായിരുന്നു. വിദ്വേഷപ്രസംഗം നടക്കുന്നുവെന്നത് സെൻസർഷിപ്പിനുള്ള ന്യായീകരണമാകാൻ പാടില്ലെന്ന് വാദിക്കുന്ന ന്യൂയോർക് ലോ സ്കൂളിലെ നാദിൻ സ്ട്രോസണിന്റെ (Nadine strossen) ‘ഹെയ്റ്റ്’ (Hate) എന്ന പുസ്തകത്തിന്റെ പ്രമേയത്തിലേക്ക് ഞാൻ ജസ്റ്റിസ് ജോസഫിന്റെ ശ്രദ്ധക്ഷണിച്ചു.
വിദ്വേഷഭാഷണത്തെ െചറുക്കേണ്ടത് കൂടുതൽ സ്വതന്ത്ര ഭാഷണത്തിലൂടെയാണ്, അല്ലാതെ സെൻസർഷിപ്പിലൂടെയല്ല എന്ന സ്ട്രോസണിന്റെ ആശയം അമേരിക്കൻ നിയമപശ്ചാത്തലത്തിൽ മാത്രമല്ല, ലിബറൽ ജനാധിപത്യങ്ങളിലാകെ ചർച്ചചെയ്യേണ്ട കാര്യമാണെന്ന് ഞാൻ പറഞ്ഞു. ഏതുനിലക്കും, കരുതൽ തടങ്കൽ എന്ന ആശയം വിദ്വേഷപ്രസംഗത്തിനുള്ള പരിഹാരമല്ല എന്ന അഭിപ്രായത്തോട് കോടതിയും ആത്യന്തികമായി യോജിച്ചു. രാജ്യദ്രോഹ വിരുദ്ധ വ്യവസ്ഥ മുതൽ തീവ്രവാദവിരുദ്ധ വ്യവസ്ഥ വരെയുള്ള നിയമങ്ങളുടെ ദുരുപയോഗം സൃഷ്ടിച്ച ദുരവസ്ഥയെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ കോടതിമുറിയിലെ ഈ സംവാദത്തെ അർഥപൂർണമാക്കി. ‘വെർഡിക്ടം’ എന്ന ഡിജിറ്റൽ ജേണൽ ഈ സംവാദത്തിന്റെ ചുരുക്കം റിപ്പോർട്ട് ചെയ്തതായി ഓർക്കുന്നു.
2013ൽ സുപ്രീംകോടതിയിൽ ഞാൻ പ്രാക്ടിസ് തുടങ്ങുമ്പോൾ ജസ്റ്റിസ് സദാശിവമായിരുന്നു ചീഫ് ജസ്റ്റിസ്. പിന്നീട് ജസ്റ്റിസുമാരായ ലോധ, എച്ച്.എൽ. ദത്ത്, ടി.എസ്. താക്കുർ, ജഗദീഷ് സിങ് കേഹാർ, ദീപക് മിശ്ര, രഞ്ജൻ ഗോഗോയ്, എസ്.എ. ബോബ്ഡെ, എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവർ ചീഫ് ജസ്റ്റിസുമാരായി വന്നു. ഇവരുടെയെല്ലാം കോടതിയിൽ പോകാൻ കഴിഞ്ഞുവെന്നത് പതിറ്റാണ്ടു കടന്ന സുപ്രീംകോടതിയിലെ തൊഴിലനുഭവങ്ങളെ സചേതനമാക്കിത്തീർത്തു. അതിനിടെ ‘റീ തിങ്കിങ് ജുഡീഷ്യൽ റിഫോംസ്’ എന്ന പുസ്തകത്തിൽ മതിപ്പു രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശംസാപത്രം ജസ്റ്റിസ് ബോബ്ഡെ എനിക്ക് സമ്മാനിച്ചു. പുസ്തകമെഴുതുന്ന അഭിഭാഷകർക്ക് ഇത്തരം പ്രശംസാപത്രങ്ങൾ എത്തിച്ചുകൊടുക്കാൻ മുൻകൈയെടുക്കുന്നത് സുപ്രീംകോടതി ബാർ അസോസിയേഷൻ തന്നെയാണ്. മറ്റ് ബാർ അസോസിയേഷനുകൾക്ക് സ്വീകരിക്കാവുന്ന ഒരു സാംസ്കാരികമാതൃക കൂടിയാണിത് എന്നാണെന്റെ പക്ഷം!
ചീഫ് ജസ്റ്റിസുമാർ ഏറെയുണ്ടായിരുന്നുവെങ്കിലും ജസ്റ്റിസ് ചന്ദ്രചൂഡ് മുമ്പാകെയായിരിക്കണം ഞാൻ ഏറ്റവും കൂടുതൽ ഹാജരായതും വാദിച്ചതും. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ അദ്ദേഹം എടുത്ത നിലപാടുകൾ നീതിയുക്തവുമായിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസായശേഷം കേസുകൾ െബഞ്ചിലേക്ക് അലോട്ട് ചെയ്യുന്നതിനുള്ള അധികാരം അദ്ദേഹത്തിന് ലഭിച്ചിട്ടും ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വഴിയൊരുക്കുന്ന ഒരു ലിബറൽ സമീപനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ ജയിൽവാസത്തെ ഒരു പ്രത്യേക വിഷയമെന്ന നിലയിൽ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ‘ഹിന്ദു’വിൽ ഞാനെഴുതിയിരുന്നു. ഇന്ത്യയിലെ ലിബറൽ ബുദ്ധിജീവികളുടെ സഫലീകരിക്കപ്പെടാത്ത ഇത്തരം മോഹങ്ങൾ സ്റ്റാൻ സ്വാമിയുെടയും ജി.എൻ. സായിബാബയുടെയും മരണത്തിലൂടെ നിത്യദുഃഖത്തിന്റെ ശേഷിപ്പായിത്തീർന്നു.
സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭിന്നമേഖലകളിൽ ഭിന്നരൂപത്തിലാണ് പ്രത്യക്ഷപ്പെടുക. അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഭീമാ-കൊറേഗാവ് കേസിലെ ഭിന്ന വിധിയിലൂടെയും സ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനിന്നു. എന്നാൽ, പിൽക്കാലത്ത് ഉമർ ഖാലിദ് മുതൽ നിരവധിയാളുകൾ ഭരണകൂടത്തിന്റെ നീതിരഹിതമായ അടിച്ചമർത്തലിന് വിധേയരായപ്പോൾ ലോകത്തെ ഏറ്റവും ശക്തമായ സുപ്രീംകോടതി നിസ്സഹായമായി എന്നത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തിൽ ഇരുൾ വീഴ്ത്തിയിരിക്കുന്നു. തടവറയിലെ ഇരുൾ കോടതികളിലേക്കുകൂടി പരന്നാൽ പിന്നെ, ജനാധിപത്യത്തിൽ വെളിച്ചം എവിടെയാണ്? ഭീമ-കൊറേഗാവ് കേസിൽ ഇപ്പോഴും ജയിലിൽ കഴിയുന്ന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ലോകത്തോട് ചോദിക്കുന്നത് ഇതേ ചോദ്യമാണ്.
ബാബരി മസ്ജിദിനെതിരെ നടന്ന രീതിയിലുള്ള അതിക്രമങ്ങൾ രാജ്യത്ത് ആവർത്തിക്കപ്പെടരുത് എന്ന് നിയമനിർമാതാക്കൾ ആഗ്രഹിച്ചതിനാലാണ് 1991ൽ പാർലമെന്റ്, ആരാധനാലയ സംരക്ഷണ നിയമം പാസാക്കിയത്. അയോധ്യാ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ബാബരി മസ്ജിദ് നിയമവിരുദ്ധമായാണ് തകർക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്നു. എന്നിട്ടും പള്ളി നിലനിന്നിടത്ത് അമ്പലം പണിയാൻ കോടതി ഒരു ‘മതേതര ഭരണകൂട’ത്തിന് അനുവാദം നൽകി. മതേതര ഭരണകൂടം എന്നു പറഞ്ഞത് ഭരണഘടനാപരമായ അർഥത്തിലാണ്. യാഥാർഥ്യം മറ്റൊന്നാണ്. 2019ൽ അയോധ്യ കേസിൽ വിധി പറയുമ്പോഴേക്കും നമ്മുടേത് ഭൂരിപക്ഷവാദത്തിലും വംശീയതയിലും അധിഷ്ഠിതമായ തെരഞ്ഞെടുക്കപ്പെട്ട സേച്ഛ്വാധിപത്യമായി മാറിക്കഴിഞ്ഞിരുന്നു. ഈ പ്രതിലോമകരമായ വിധിയിൽപോലും 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെക്കുറിച്ച് നല്ല വാക്കുകൾ മാത്രമേ സുപ്രീംകോടതി പറഞ്ഞുള്ളൂ. ഈ നിയമം ചരിത്രത്തിന്റെ മുൻകരുതലാണെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ചരിത്രത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും ഭാവിയിലേക്ക് സുരക്ഷിതരായി നടക്കുവാൻ ഒരു ജനതയെ സഹായിക്കുന്നതാണെന്നും മറ്റും സുപ്രീംകോടതി പറഞ്ഞു.
പിന്നീട് ഗ്യാൻവാപി പള്ളിയുടെ കേസിൽ, ഈ അഞ്ചംഗ െബഞ്ചിന്റെ വിധിയിലെ 1991ലെ നിയമത്തെ സംബന്ധിച്ച കണ്ടെത്തലുകളെപ്പോലും ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട അംഗബലം കുറഞ്ഞ െബഞ്ച് അട്ടിമറിച്ചുവെന്നത് ഒരു നീതിന്യായ ദുരന്തമാണ് സൃഷ്ടിച്ചത്. അതാകട്ടെ ഒരു രാഷ്ട്രത്തിന്റെ, ജനതയുടെ ദുരന്തമായിത്തീർന്നു. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം തേടിയുള്ള സർവേ നടത്താൻ ഉത്തരവിട്ട അലഹബാദ് ഹൈകോടതി വിധി 1991ലെ വിധിക്കെതിരായിട്ടും ജസ്റ്റിസ് ചന്ദ്രചൂഡ്, താൻതന്നെ ഉൾപ്പെട്ട അഞ്ചംഗ െബഞ്ചിന്റെയും നിയമത്തിന്റെയും അനുശാസനത്തെ ലംഘിച്ചു; അലഹബാദ് വിധിയെ ശരിവെച്ചു. പിന്നീട് രാജ്യത്ത് പലേടത്തും ഭൂരിപക്ഷവാദികൾ ഭൂതകാലം ചികഞ്ഞുകൊണ്ട് ന്യൂനപക്ഷങ്ങളുെട ആരാധനാലയങ്ങൾക്ക് നേരെ തിരിഞ്ഞു. സംഭാൽ പള്ളിയിലെ സർവേയിൽ രക്തക്കറ പൂണ്ടു. മനുഷ്യർ വെടിയേറ്റു മരിച്ചുവീണു.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിച്ച സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് ലേഖനമെഴുതാൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അമിതാവ സന്യാൾ എന്നോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെക്കുറിച്ച് പറയാൻ ഏറെ നല്ല കാര്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം സുപ്രീംകോടതിയെ ഡൽഹിയിൽനിന്നും മോചിപ്പിച്ച് ഇന്ത്യയുടെ സുപ്രീംകോടതിയാക്കി. ഇന്ത്യൻ കോടതികളിലെ ഡിജിറ്റൽ വിപ്ലവം കേവലം സാങ്കേതികം മാത്രമായിരുന്നില്ല; സാരാംശത്തിൽതന്നെ അത് കോടതികളെ ജനാധിപത്യവത്കരിച്ചു. ഓൺലൈൻ കോടതികൾ പ്രയോഗത്തിൽ വന്നതോടെ ഇന്ത്യയുടെയെന്നല്ല ലോകത്തിന്റെ തന്നെ ഏതു ഭാഗത്തുനിന്നും അഭിഭാഷകർക്ക് സുപ്രീംകോടതിയിലും ഹൈകോടതികളിലും മറ്റ് കോടതികളിലും വാദിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി.
അതുപോലെ തത്സമയ സംപ്രേഷണത്തിലൂടെ കോടതി നടപടികൾ സാധാരണക്കാരുടെ ഭവനങ്ങളിൽനിന്നും വീക്ഷിക്കാവുന്ന പാകത്തിലായി. സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ നീതിന്യായ വിപ്ലവമാണ് 2019ന് ശേഷം യാഥാർഥ്യമായത്. സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി ചെയർമാൻ എന്ന നിലയിലും പിന്നീട് ചീഫ് ജസ്റ്റിസ് എന്ന നിലയിലും ജസ്റ്റിസ് ചന്ദ്രചൂഡ് ഈ നേട്ടങ്ങൾ കൈവരിച്ചത് ഡൽഹി കേന്ദ്രീകരിച്ചുള്ള ലോബികളുടെ എതിർപ്പുകളെ നേരിട്ടുകൊണ്ടായിരുന്നു. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരെയും അഭിഭാഷകരെയും കോടതിയുമായി അടുപ്പിച്ച ഇത്തരം പ്രവർത്തനങ്ങൾ നിയമരംഗത്തെ കുലീനവത്കരണത്തിെനതിരായ അർഥവത്തായ പോരാട്ടങ്ങൾകൂടിയായിരുന്നു.
പുട്ടസ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചപ്പോൾ, മീഡിയവൺ കേസിൽ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചപ്പോൾ, ഉത്തർപ്രദേശിലെ മദ്റസ നിയമത്തെ ശരിവെച്ചപ്പോൾ, ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ ഭിന്നതലങ്ങളെയാണ് വ്യക്തമാക്കിയത്. ഞാൻ ഹാജരായ ജോസഫ് ഷൈൻ കേസിൽ അദ്ദേഹം ലിംഗസമത്വത്തിനും വ്യക്തികളുടെ സ്വച്ഛന്ദതക്കും അടിവരയിട്ടു. കേരളത്തിൽനിന്നുള്ള ആയുർവേദ സഹകരണസംഘത്തിന്റെ കേസിൽ ടെൻഡർ നടപടി കൂടാതെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽനിന്നുമാത്രം ആയുർവേദ മരുന്നുകൾ വാങ്ങുന്ന ഉത്തർപ്രദേശിലെ സർക്കാർ സമ്പ്രദായത്തിന് അദ്ദേഹവും ഹിമാ കോഹ്ലിയും അടങ്ങിയ െബഞ്ച് പരിസമാപ്തി കുറിച്ചു. അത് വാണിജ്യമേഖലയിലെ വ്യാപാരസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായിരുന്നു. അലീഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച വിധിയിൽ അദ്ദേഹം ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന് നീതിന്യായപരമായ അംഗീകാരം നൽകി.
ഒരേസമയം വിപ്ലവകരവും വൈരുധ്യങ്ങൾ നിറഞ്ഞതുമായ ഒരു നീതിന്യായ ജീവിതമായിരുന്നു ചന്ദ്രചൂഡിന്റേത്. കശ്മീർ, ഗ്യാൻവാപി വിധികൾ നിരാശപ്പെടുത്തുന്നവയായിരുന്നു. ഭരണകൂട രാഷ്ട്രീയത്തിന്റെ അസുഖകരമായ ഭവനസന്ദർശനങ്ങളെ പ്രതിരോധിക്കാനാകാതെ അദ്ദേഹം ചിലപ്പോൾ ദുർബലനായി. രാഷ്ട്രീയാധികാരത്തിന്റെ ധാർഷ്ട്യത്തിനും ഔദ്ധത്യത്തിനും മുന്നിൽ നീതിന്യായരംഗത്തെ ഈ സൗമ്യ മനുഷ്യൻ പതറിപ്പോയപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് ലിബറലുകളും പുരോഗമനവാദികളും അടങ്ങിയ ഒരു ബൗദ്ധിക നിയോജകമണ്ഡലംകൂടിയായിരുന്നു. ഇതൊന്നും പക്ഷേ, അദ്ദേഹം ഇന്ത്യൻ നീതിന്യായരംഗത്തിനും സ്വാതന്ത്ര്യബോധത്തിനും നൽകിയ സമാനതകൾ ഇല്ലാത്ത സംഭാവനകളെ വിസ്മരിക്കാനോ നിരാകരിക്കാനോ ഉള്ള കാരണങ്ങളല്ല.
കാവ്യശാസ്ത്രം, നാട്യശാസ്ത്രം, രാഷ്ട്രീയം, തത്ത്വചിന്ത എന്നിവക്കു പുറമെ അരിസ്റ്റോട്ടിൽ ജീവശാസ്ത്രശാഖക്കുകൂടി ശുഭാരംഭം കുറിച്ചതിനെക്കുറിച്ച് വിൽഡുറന്റ് തന്റെ ‘സ്റ്റോറി ഓഫ് ഫിേലാസഫി’യിൽ എഴുതിയിട്ടുണ്ട്. ജീവശാസ്ത്രം എന്ന ശാഖ ആരംഭിച്ച അരിസ്റ്റോട്ടിലിന്റെ മഹത്ത്വം വിവരിച്ച വിൽഡുറന്റ് ആ ശാസ്ത്രശാഖയിൽ അദ്ദേഹം വിളിച്ചുപറഞ്ഞ ബാലിശമായ പിഴവുകളെയും ഓർത്തെടുക്കുന്നുണ്ട്. എന്നിട്ടദ്ദേഹം എഴുതി: ശരിയാണ്. ജീവശാസ്ത്രമെന്ന ശാസ്ത്രശാഖക്ക് അടിത്തറയിടുന്ന ഒരു മനുഷ്യന് വരുത്താവുന്നത്രയും പിശകുകൾ അരിസ്റ്റോട്ടിൽ വരുത്തിയിട്ടുണ്ട്!
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുകയും സ്വാതന്ത്ര്യബോധത്തിന് പുതിയ തരംഗദൈർഘ്യങ്ങൾ സമ്മാനിക്കുകയും ചെയ്ത ജസ്റ്റിസ് ചന്ദ്രചൂഡിനു വന്ന പിഴവുകൾ വിൽഡുറന്റ് കാണിച്ച സൗമനസ്യം അർഹിക്കുന്ന വിധത്തിലാണെന്നു പറഞ്ഞുകൊണ്ടാണ് ഞാൻ എന്റെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖനം അവസാനിപ്പിച്ചത്. ഈ അധ്യായവും അങ്ങനെത്തന്നെ അവസാനിപ്പിക്കട്ടെ!
(തുടരും)