Begin typing your search above and press return to search.
proflie-avatar
Login

ആയിരം ചുംബനസ്മൃതി സുമങ്ങൾ...

ആയിരം   ചുംബനസ്മൃതി   സുമങ്ങൾ...
cancel

ജനുവരി 9ന്​ വിടപറഞ്ഞ, അനുഗൃഹീത ഗായകൻ പി. ജയചന്ദ്രനെയും അദ്ദേഹത്ത​ി​ന്റെ പാട്ടുകളെയും ഒാർമിക്കുകയാണ്​ എഴുത്തുകാരനും നിരൂപകനുമായ ​േലഖകൻ. അദ്ദേഹം പാട്ടിനും മലയാളത്തിനും നൽകിയതെന്താണ്​? ഭാവഗായകൻ എന്ന് ജയചന്ദ്രനെ ആദ്യം വിശേഷിപ്പിച്ചത് ആരാണെന്നറിഞ്ഞുകൂടാ. അതാരായാലും, ആ ഒറ്റ വിശേഷണം മതി ജയചന്ദ്രൻ മലയാളികൾക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ. പാട്ടിൽ അതാവശ്യപ്പെടുന്ന ഭാവം നിറക്കാൻ ജയചന്ദ്രന് കഴിവൊന്നു വേറെയാണ്. ഈണത്തിനപ്പുറം, വരികൾക്കപ്പുറം, ശബ്ദത്തിനപ്പുറമുള്ള എന്തോ ഒന്ന് ജയചന്ദ്രന് അധികമായുണ്ട്. ആസ്വാദകഹൃദയത്തെ നേരിട്ടു തൊടുന്ന, ഹൃദയത്തെ ചുംബിച്ചുണർത്തുന്ന എന്തൊക്കെയോ ആ...

Your Subscription Supports Independent Journalism

View Plans
ജനുവരി 9ന്​ വിടപറഞ്ഞ, അനുഗൃഹീത ഗായകൻ പി. ജയചന്ദ്രനെയും അദ്ദേഹത്ത​ി​ന്റെ പാട്ടുകളെയും ഒാർമിക്കുകയാണ്​ എഴുത്തുകാരനും നിരൂപകനുമായ ​േലഖകൻ. അദ്ദേഹം പാട്ടിനും മലയാളത്തിനും നൽകിയതെന്താണ്​?

ഭാവഗായകൻ എന്ന് ജയചന്ദ്രനെ ആദ്യം വിശേഷിപ്പിച്ചത് ആരാണെന്നറിഞ്ഞുകൂടാ. അതാരായാലും, ആ ഒറ്റ വിശേഷണം മതി ജയചന്ദ്രൻ മലയാളികൾക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ. പാട്ടിൽ അതാവശ്യപ്പെടുന്ന ഭാവം നിറക്കാൻ ജയചന്ദ്രന് കഴിവൊന്നു വേറെയാണ്. ഈണത്തിനപ്പുറം, വരികൾക്കപ്പുറം, ശബ്ദത്തിനപ്പുറമുള്ള എന്തോ ഒന്ന് ജയചന്ദ്രന് അധികമായുണ്ട്.

ആസ്വാദകഹൃദയത്തെ നേരിട്ടു തൊടുന്ന, ഹൃദയത്തെ ചുംബിച്ചുണർത്തുന്ന എന്തൊക്കെയോ ആ ആലാപനശൈലിയിലുണ്ട്. നമ്മുടെ ഇഷ്ടസുഹൃത്തിന്റെയോ കാമുകന്റെയോ സ്വരമാണത്. നമുക്കുകൂടി എളുപ്പം പാടാനാവും എന്നു തോന്നിക്കുന്ന ഒരിഷ്ടത്തെ പാട്ടിൽ ഒളിച്ചുവെക്കാൻ ജയചന്ദ്രന് കഴിവുണ്ട്. ഏതു പാട്ടിലും സവിശേഷമായ ഊന്നലിലൂടെയും തനിക്കുമാത്രം പ്രാപ്യമായ വളവുതിരിവുകളിലൂടെയും ആ ഭാവസ്പര്‍ശം അദ്ദേഹം സാധിക്കുന്നു. ചില പാട്ടുകള്‍ സംഗീതസംവിധായകർക്കും എഴുത്തുകാര്‍ക്കുമപ്പുറം ജയചന്ദ്രന്റേതു മാത്രമാകുന്നത് അങ്ങനെയാണ്.

ജയചന്ദ്രന്റെ ശബ്ദത്തിന് പ്രാമുഖ്യം കിട്ടത്തക്കവിധം പശ്ചാത്തലസംഗീതം ‘ശ്രുതി താഴ്ത്തി’ ​െവച്ചിരിക്കുന്നതു കാണാം പല ഗാനങ്ങളിലും. സംഗീതബഹളങ്ങളില്ലാതെ, ഒരു കവിത ചൊല്ലുന്നതുപോലെ ആ ഗായകശബ്ദത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും കടന്നുവരുമ്പോള്‍ ആലാപനം മാദകഭംഗി കൈവരിക്കുന്നു. ഏതു ഭാവവും മീട്ടിയുണർത്താവുന്ന ലയവീണ. ജയചന്ദ്രൻ.

ചലച്ചിത്രങ്ങൾക്കുവേണ്ടി റെക്കോഡ് ചെയ്യപ്പെട്ട ഗാനങ്ങളുടെ ആവർത്തിച്ചുള്ള കേൾവി മാത്രമല്ല ഇന്ന് ഗായകരെ ജനപ്രിയരാക്കുന്നത്. അവരുടെ അസംഖ്യം പെർഫോമൻസുകൾ ദൃശ്യമാധ്യമങ്ങളിലൂടെ കാണുന്നു, കേൾക്കുന്നു. അവയിലെല്ലാം ജയചന്ദ്രന്റെ അവതരണങ്ങൾ വ്യത്യസ്തമാണ്. അപൂർവമായി മാത്രം സിനിമയിൽ പുറത്തെടുക്കാൻ സാധിച്ച നടനവൈഭവം ജയചന്ദ്രന്റെ ആ പെർഫോമൻസുകളിൽ പ്രയോജനപ്പെട്ടിട്ടുണ്ടാവണം. പഴയ പാട്ടിന്റെ നേർപ്പകർപ്പല്ല അദ്ദേഹം ആവർത്തിക്കുന്നത്. പാട്ടിന്റെ പുതിയ വേർഷനാണ്. നമുക്കുകൂടി പാടാൻ പറ്റും എന്ന് തോന്നിപ്പിക്കുന്നവിധം സരളമാകുന്നു ആലാപനം. അവ ചുണ്ടിൽ മാത്രമല്ല, ഹൃദയത്തിൽ കയറിക്കൂടുന്നു.

വായ്പാട്ടിൽ ചിട്ടയായ ക്ലാസിക്കല്‍ ശിക്ഷണം ഇല്ലാതെയാണ് ജയചന്ദ്രൻ പാടുന്നത് എന്ന് യേശുദാസുമായുള്ള താരതമ്യത്തിന്റെ സന്ദർഭത്തിൽ പറയാറുണ്ട്. ആദ്യ കലോത്സവത്തിൽ മൃദംഗത്തിനായിരുന്നു ജയചന്ദ്രന് ഒന്നാം സ്ഥാനം, ക്ലാസിക്കലിൽ യേശുദാസിനും എന്നു നമ്മൾ കേട്ടിട്ടുണ്ട്. ക്ലാസിക്കൽ സംഗീതം അതായിത്തന്നെ പിറവിയെടുത്ത ജനുസ്സല്ല. പ്രചാരത്തിലുള്ള ജനപ്രിയ സംഗീതജനുസ്സുകളെല്ലാറ്റിനെയും സ്വാംശീകരിച്ച് ചിട്ടപ്പെടുത്തി ഉണ്ടാക്കിതാണ് ശാസ്ത്രീയ സംഗീതം.

അത് ഗണിതശാസ്ത്രത്തിന്റെ കണിശതയോടെ രാഗപദ്ധതികൾ നിർമിക്കുകയും എല്ലാത്തരം ആലാപനരീതികളെയും വ്യവസ്ഥപ്പെടുത്തുകയുംചെയ്തു. അനവധി ദേശ്യഭാഷാവൈവിധ്യങ്ങളിൽനിന്ന് മാനക-അച്ചടി മലയാളം രൂപപ്പെടുത്തുന്നതുപോലെ. ഇങ്ങനെ മാനകീകരിക്കപ്പെട്ട ഭാഷ, തിരിച്ച് അതിന്റെ സ്രോതസ്സുകളെ ‘അപരിഷ്കൃത’മാക്കുന്നതുപോലെ. ക്ലാസിക്കൽ സംഗീതം ശക്തമായതോടെ പല നാടൻ പാട്ടുവഴക്കങ്ങളും ഇല്ലാതാവുകയോ അപ്രസക്തമാവുകയോ ചെയ്യുകയും അപരിഷ്കൃതമായി എണ്ണപ്പെടുകയുംചെയ്തു.

ചലച്ചിത്രസംഗീതം പക്ഷേ, ഈ തനതു പാട്ടുവഴക്കങ്ങളെ തിരിച്ചുകൊണ്ടുവന്നു. ക്ലാസിക്കൽ അടിത്തറയിൽ ജനിക്കുമ്പോൾപോലും അവ ജനപ്രിയശൈലി സ്വീകരിക്കുകയും ക്ലാസിക്കൽ ശൈലിയെപ്പോലും ലളിതമാക്കി അവതരിപ്പിക്കുകയും ചെയ്തു. ദശാബ്ദങ്ങളായി ഇന്ത്യയിലെ ഏറ്റവും പോപുലറായ സംഗീതജനുസ്സ് സിനിമാപ്പാട്ടാണ്. നമുക്ക് പാട്ടിന്റെ ദാരിദ്ര്യം തീർത്തുതന്നത് സിനിമയാണ്. സാങ്കേതികവിദ്യയുടെയും മുതലാളിത്തത്തിന്റെയും കലയായ സിനിമ തുറന്നു​െവച്ച പുതിയ പൊതുമണ്ഡലം, പാട്ടിന്റെ ഫ്യൂഡല്‍ കെട്ടുപാടുകളെക്കൂടി തകർത്തെറിയുകയായിരുന്നു.

സിനിമയെന്ന സാകല്യത്തിലെ ഒരു ഘടകം മാത്രമാണ് ഗാനമെങ്കിലും അതിന് ചലച്ചിത്രബാഹ്യമായും ജീവിതമുണ്ട്. സിനിമയിലെ കഥാഗതിക്ക് വെളിയിലാണ് പലപ്പോഴും പാട്ടിന്റെ നിൽപ് എന്നു കാണാം. പാട്ട് മുറിച്ചുമാറ്റിയാലും സിനിമ നിലനിന്നുകൊള്ളും. അല്ലെങ്കിൽ സിനിമയുടെ പശ്ചാത്തലമില്ലാതെ പാട്ട് ഒരു സ്വതന്ത്ര കലാവസ്തുവായി നിലനിൽക്കും; സിനിമയിലെ കഥയോട് ബന്ധപ്പെടുത്തിയാണ് ഗാനം നിർമിക്കപ്പെടുന്നത് എങ്കിൽപോലും. സിനിമാപ്പാട്ട് അതുത്ഭവിച്ച സിനിമയെത്തന്നെ ഉപേക്ഷിച്ച് ജനങ്ങളില്‍ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നു. മുത്തശ്ശിയെന്ന സിനിമ മറന്നാലും ‘‘ഹര്‍ഷബാഷ്പംതൂകി’’ നമുക്കൊപ്പമുണ്ടാവും.

അങ്ങനെ നോക്കിയാല്‍ നമ്മുടെ എന്നത്തേക്കുമുള്ള വികാരസംവേദനത്തിനായി സംഗീതം നിര്‍മിച്ചുതരികകൂടിയാണ് ചലച്ചിത്രങ്ങള്‍. ജീവിതത്തിലെ വൈകാരികസന്ദര്‍ഭങ്ങളെ നമ്മള്‍ ഓരോ പാട്ടുകളോട് ചേര്‍ത്തുനിര്‍ത്തുന്നു. ‘‘സ്വാതിതിരുനാളിൻ കാമിനീ’’യും ‘‘ശരദിന്ദുമലര്‍ദീപനാള’’വും ‘‘മലയാളഭാഷതൻ മാദകഭംഗി’’യും ‘‘കരിമുകില്‍ക്കാട്ടിലെ’’യും ‘‘രാജീവനയനേ’’യും ‘‘സ്വര്‍ണഗോപുരനര്‍ത്തകീശിൽപ’’വുമൊക്കെ ഇങ്ങനെ ഓരോ ജീവിതസന്ദർഭങ്ങളുമായി നമ്മള്‍ എപ്പോഴൊക്കെയോ ചേർത്തു​െവച്ചിട്ടുള്ളവയാണ്.

യേശുദാസെന്ന മഹാമേരുവിനു പിന്നിൽ രണ്ടാമൂഴക്കാരനായാണ് എല്ലാ കാലത്തും ജയചന്ദ്രൻ അടയാളപ്പെട്ടുപോന്നത്. ആ മാനക, ഗന്ധർവസ്വരത്തിനു പിന്നിൽ മാത്രം ജയചന്ദ്രന്റെ മാനുഷികസ്വരം പരിഗണിക്കപ്പെട്ടു. ദാസിന്റെ യന്ത്രതുല്യമായ കണിശതക്കു പിന്നിൽ മാനുഷികമായ പിഴവുകളോടെയും ഇടർച്ചകളോടെയും ജയചന്ദ്രന്റെ വികാരസ്വരം അടയാളപ്പെട്ടു. യേശുദാസിന്റെ മാനകസ്വരം ആധികാരികമായി മാറിയതിനു പിന്നിൽ പ്രേംനസീറിന്റെ ശബ്ദത്തോട് ചേര്‍ന്നുപോവുന്ന ശബ്ദം എന്ന പരിഗണനകൂടിയുണ്ട്. എ.എം. രാജ, മെഹബൂബ്, കമുകറ പുരുഷോത്തമന്‍, പി.ബി. ശ്രീനിവാസന്‍, കെ. രാഘവന്‍, കെ.എസ്. ജോര്‍ജ്, ഉദയഭാനു, എല്‍.പി.ആര്‍. വർമ തുടങ്ങിയവര്‍ യേശുദാസിനു മുമ്പേ പാടിത്തുടങ്ങിയവരാണ്. യേശുദാസിന്റെ വരവോടെ ഇവർ പിന്തള്ളപ്പെട്ടു. പ്രേംനസീറിന്റെ നായകസ്വരത്തിന് ഇവര്‍ പോരാതെ വന്നു. സഹനടന്മാരുടെ ഗാനാലാപന സന്ദര്‍ഭങ്ങളിലേക്കോ അപൂര്‍വമായി ലഭിക്കുന്ന നായകസ്വരത്തിലേക്കോ മറ്റു ഗായകർ ഒതുങ്ങിപ്പോയി.

‘‘അമ്മേ അമ്മേ അവിടുത്തെ മുമ്പില്‍ ഞാനാര് ദൈവമാര്’’ എന്നു പാടിയ അയിരൂര്‍ സദാശിവനെയും ‘‘രാധികാ കൃഷ്ണാരാധികാ’’ പാടിയ മണ്ണൂര്‍ രാജകുമാരനുണ്ണിയെയുംപോലുള്ളവര്‍ വീണുകിട്ടിയ അപൂർവാവസരങ്ങളാൽ അനശ്വരരായവരാണ്. ‘‘അനുരാഗ നായക’’ത്തിൽ, ‘‘വെള്ളിനക്ഷത്രമേ’’ ഒക്കെ പാടിയ കെ. പി. ഉദയഭാനുവിന് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍മാത്രമാണ് ലഭിച്ചത്.

ആകെ അദ്ദേഹം പാടിയത് അറുപത് പാട്ട്. ‘‘മാനെന്നും വിളിക്കില്ല’’ പാടിയ മെഹബൂബ്, ‘‘മധുരിക്കും ഓര്‍മകളേ’’ പാടിയ സി.ഒ. ആന്റോ, ‘‘ആത്മവിദ്യാലയമേ’’ പാടിയ കമുകറ പുരുഷോത്തമൻ, ‘‘ആ മലർപ്പൊയ്കയിൽ’’ പാടിയ കെ.എസ്. ജോര്‍ജ് എന്നിവരൊക്കെ ഇങ്ങനെ യേശുദാസെന്ന മഹാവൃക്ഷത്തിന്റെ തണലിൽ വളർച്ച മുരടിച്ചുപോയവരാണ്. എ.എം. രാജ കുറേക്കാലം പിടിച്ചുനിന്നു. താരത്വം കുറവുള്ള സത്യനുവേണ്ടി പാടി അദ്ദേഹം. കെ.പി. ബ്രഹ്മാനന്ദനാവും ഇക്കൂട്ടത്തിൽ പറയാവുന്ന മറ്റൊരാൾ.

വ്യത്യസ്ത ശൈലിയിൽ പാടി ഇത്രയുംനാൾ അതിജീവിക്കാൻ സാധിച്ച ഒരേയൊരാൾ ജയചന്ദ്രനായിരിക്കും. കരിയറിൽ ദീർഘമായ ഇടവേളകളും മാറ്റിനിർത്തലുമുണ്ടായെങ്കിലും അദ്ദേഹത്തിന് പിന്നെയും തിരിച്ചുവരാനൊത്തു. നായക കേന്ദ്രിതമായ മാനകീകരണത്തെയും ഇതരശബ്ദങ്ങളുടെ അപരിഷ്കൃത വത്കരണത്തെയും വലിയൊരളവുവരെ ചെറുത്തുനില്‍ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം സവിശേഷശൈലിയിൽ ജയചന്ദ്രൻ പാടി.

എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ പാലിയം കുടുംബത്തിൽ സുഭദ്രക്കുഞ്ഞമ്മയുടെയും കൊച്ചി രാജകുടുംബത്തിലെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും അഞ്ചു മക്കളിൽ മൂന്നാമനായാണ് ജയൻകുട്ടൻ എന്ന പി. ജയചന്ദ്രൻ പിറന്നത്. 1944 മാർച്ച് മൂന്നിന്. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്കും ആലുവയിലേക്കും താമസം മാറി. ആലുവയിൽ ​െവച്ചാണ് ജയചന്ദ്രൻ സംഗീതം പഠിക്കുന്നത്. പള്ളിയിൽ ഭക്തിഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് മൃദംഗപഠനം.

1958ൽ സ്കൂൾ യുവജനോത്സവം തുടങ്ങിയപ്പോൾ സംസ്ഥാനതലത്തിൽ മൃദംഗത്തിന് ഫസ്റ്റും ലളിതഗാനത്തിന് സെക്കൻഡും ലഭിച്ചു. യേശുദാസിനായിരുന്നു ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും ഫസ്റ്റ്. പിന്നീട് കോളജിൽ ശാസ്ത്രപഠനത്തിനു ചേർന്ന ജയചന്ദ്രൻ ഡിഗ്രിയെടുത്ത് കെമിസ്റ്റായി അൽപകാലം ജോലിനോക്കിയെങ്കിലും സംഗീതതാൽപര്യം നിമിത്തം സിനിമയിൽ എത്തുകയായിരുന്നു. ‘ഭാർഗവീനിലയം’ പത്തിരുപത്തഞ്ചു തവണ കണ്ട് ‘‘താമസമെന്തേ വരുവാൻ’’ പോലുള്ള ഗാനങ്ങൾ മനപ്പാഠമാക്കിയ കഥ ജയചന്ദ്രൻ എപ്പോഴും പറയാറുണ്ട്. യേശുദാസിന്റെ ചലച്ചിത്രപ്രവേശനം 1961ലായിരുന്നു. ജയചന്ദ്രൻ 1965ലും.

യേശുദാസിന്റെ ‘‘ചൊട്ടമുതൽ ചുടലവരെ ചുമടും താങ്ങി’’ എന്ന പ്രസിദ്ധഗാനം ഒരു ഗാനമേളയിൽ സ്വന്തം ഭാവസാന്ദ്രമായ ശൈലിയിൽ ആലപിക്കുന്നതു കേട്ടാണ് ജയചന്ദ്രന് സിനിമയിൽ പാടാൻ ക്ഷണം കിട്ടുന്നത്. വിൻസെന്റ്, ശോഭന പരമേശ്വരൻ നായർ, ആർ.എസ്. പ്രഭു എന്നിവർ ജയചന്ദ്രനെ ചെന്നു കണ്ട് പാടാൻ ക്ഷണിച്ചു. അങ്ങനെ 1965ല്‍ ‘കുഞ്ഞാലിമരയ്ക്കാറി’നുവേണ്ടി പി. ഭാസ്കരന്‍-ചിദംബരനാഥ് കൂട്ടുകെട്ട് നിര്‍മിച്ച ‘‘ഒരു മുല്ലപ്പൂമാലയുമായ് നീന്തിനീന്തി വന്നേ’’ ജയചന്ദ്രന്റെ ആദ്യഗാനമായി മാറി. എന്നാൽ, തൊട്ടടുത്ത വര്‍ഷം പുറത്തുവന്ന ‘കളിത്തോഴനി’ലെ പി. ഭാസ്കരന്‍-ജി. ദേവരാജന്‍ ടീമിന്റെ ‘‘മഞ്ഞലയിൽ മുങ്ങിത്തോര്‍ത്തി മധുമാസച്ചന്ദ്രികവന്നു’’ എന്ന പാട്ടാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

അറുപതാണ്ടിനിപ്പുറവും ആ പാട്ട് നമ്മുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നു! ജയചന്ദ്രന്റെ ശബ്ദം ഈ അവസാനകാലത്തും ഏതാണ്ട് അതുതന്നെയായിരുന്നു. രോഗശയ്യയിലും അദ്ദേഹത്തിന് ആ സ്വരസൗഭഗം നിലനിർത്താൻ സാധിച്ചുവെന്നത് മഹാത്ഭുതമാണ്. തീരേ അവശനിലയിൽ ‘‘മോഹംകൊണ്ടു ഞാൻ ദൂരെയേതോ’’ എന്ന ഗാനത്തിന്റെ ആദ്യവരികൾ പാടുന്ന ഗായകന്റെ വിഡിയോ നമ്മെ കരയിച്ചു. എന്നും തന്റെ ഗാനങ്ങളെക്കാൾ പരിഗണന അദ്ദേഹം മറ്റുള്ളവരുടെ പാട്ടുകൾക്ക് നൽകി. യേശുദാസിന്റെയും സുശീലയുടെയും മറ്റും അസംഖ്യം പാട്ടുകൾ ജയചന്ദ്രൻ ഗാനമേളകളിലും സംഗീതപരിപാടികളിലും പാടാറുണ്ട്. ‘‘താമസമെന്തേ വരുവാനും’’ ‘‘ശ്രാന്തമംബര’’വും ‘‘നക്ഷത്രകിന്നരന്മാരും’’ ‘‘ഹൃദയമുരുകിനീ കരയില്ലെങ്കിലും’’ ജയചന്ദ്രന്റെ ശബ്ദത്തിലൂടെയും നമുക്ക് പരിചിതമായവയാണ്.

എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ‘കളിത്തോഴനി’ൽ പാടാൻ ജയചന്ദ്രന് അവസരം ലഭിക്കുന്നത് വിൻസെന്റിന്റെ നിർബന്ധപ്രകാരമാണ്. ദേവരാജനാണ് സംഗീതസംവിധാനം. ‘‘താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ’’ എന്നു തുടങ്ങുന്ന ഗാനമാണ് ജയചന്ദ്രന് നൽകിയത്. ‘‘മഞ്ഞലയിൽ’’ എന്ന പാട്ട് വെറുതെ പഠിച്ച് പാടിനോക്കാൻ പറഞ്ഞു മാഷ്. അത് യേശുദാസിനുള്ള പാട്ടാണ് എന്നാണ് പറഞ്ഞിരുന്നത്. ആ പാട്ട് പാടാനൊത്തെങ്കിൽ എന്ന് അലിഞ്ഞാഗ്രഹിച്ചു ജയചന്ദ്രൻ. റെ​േക്കാഡിങ് കഴിഞ്ഞപ്പോഴും അത് ദാസിനുള്ളതാണ് എന്നാണ് മാസ്റ്റർ പറഞ്ഞത്. ഇതോർത്ത് സങ്കടപ്പെട്ടിരുന്ന ജയചന്ദ്രനെ സ്റ്റുഡിയോവിനു പുറത്തു​െവച്ച് കണ്ട എം. കൃഷ്ണൻനായർ ആശ്വസിപ്പിച്ചു. ‘‘താൻ പേടിക്കേണ്ട. മാഷ് തമാശക്ക് പറയുന്നതാണ്. ഇനിയിത് യേശുദാസ് വന്ന് പാടുകയൊന്നുമില്ല... തന്റെ പാട്ടാണത്.’’ ചരിത്രം പിറക്കുകയായിരുന്നു; മലയാള ഗാനശാഖയിലേക്ക് മധുമാസച്ചന്ദ്രിക വന്നണയുകയായിരുന്നു.

ബാബുരാജ് ജയചന്ദ്രനെ കണ്ടെത്തുന്നത് 1967ലാണ്, ‘അഗ്നിപുത്രി’ എന്ന ചിത്രത്തിൽ. വയലാര്‍-ബാബുരാജ് ടീം ഒരുക്കിയ ‘‘ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിര്‍കാറ്റോടിവരും’’ എന്ന ഗാനം ജയചന്ദ്രന്റെ അപാരമായ ആലാപനസിദ്ധി പ്രയോജനപ്പെടുത്തിയ ഒന്നാണ്. ‘‘ഒഴുക്കിന്നെതിരെ ഓളങ്ങള്‍ക്കെതിരെ ഉയരുന്ന മണ്‍ചിറകള്‍ തകരും... മണ്മറഞ്ഞ യുഗങ്ങള്‍തന്‍ മന്ത്രവാദപ്പുരകള്‍ മറ്റൊരു കൊടുങ്കാറ്റില്‍ തകരും... തുമ്പ കിളിര്‍ക്കാത്ത തുമ്പികള്‍ പറക്കാത്ത തരിശുഭൂമികള്‍ തീരഭൂമികള്‍ ഹരിതാംബരമണിയും... ഇനിയും ഹരിതാംബരമണിയും’’ തുടങ്ങിയ ഗംഭീരമായ വരികളുടെ ആലാപനത്തിൽ ഗായകന്റെ ഭാവോന്മീലനശേഷി വ്യക്തമാണ്.

ബാബുരാജിന്റെ തന്നെ ‘‘അനുരാഗഗാനംപോലെ അഴകിന്റെ അല പോലെ’’ (യൂസഫലി, ‘ഉദ്യോഗസ്ഥ’), ‘‘മന്മഥനാം ചിത്രകാരന്‍ മഴവില്ലിന്‍ തൂലികയാലേ കിളിവാതിലിലെഴുതിച്ചേര്‍ത്ത മധുരചിത്രമേ’’ (പി. ഭാസ്കരന്‍) എന്നിവയും അക്കാലത്ത് വ്യത്യസ്തമായ അനുഭൂതി സൃഷ്ടിച്ച പാട്ടുകളാണ്. വയലാര്‍-ദേവരാജന്‍ ടീമിന്റെ ‘‘പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്’’, ‘‘ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി’’, ‘‘മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍പ്പൂമ്പൊടി ചാലിച്ചു’’ തുടങ്ങിയ പാട്ടുകള്‍ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ ജയചന്ദ്രന്റെ ആലാപനസിദ്ധി തെളിയിച്ച പാട്ടുകളാണ്. ‘ഡേഞ്ചര്‍ ബിസ്കറ്റ്’ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂര്‍ത്തി ടീം ഒരുക്കിയ ‘‘അശ്വതിനക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ... ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ മറയാത്ത മംഗല്യമേ’’ ജയചന്ദ്രന്റെ സവിശേഷമായ ആലാപനശൈലിയെ ഉറപ്പിച്ച പാട്ടാണ്. ഭാവപ്രധാനമായ ആലാപനമാണ് ‘‘അശ്വതിനക്ഷത്ര’’ത്തെ ശ്രദ്ധേയമാക്കിയത്. ‘‘ആദ്യതാരമായ് ആദ്യാനുരാഗമായ് അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു ഒരു താരംമാത്രം ഉദിക്കുന്ന മാനം ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം’’ എന്നിങ്ങനെയുള്ള വരികളിലെ ഓരോ വാക്കിലും ജയചന്ദ്രന്‍ നൽകുന്ന സവിശേഷമായ ഊന്നലാണ് പാട്ടിന്റെ ജീവൻ.

‘കള്ളിച്ചെല്ലമ്മ’ക്കുവേണ്ടി പി. ഭാസ്കരൻ മാസ്റ്റർ എഴുതി രാഘവൻ മാസ്റ്റര്‍ ഈണമിട്ട ‘‘കരിമുകില്‍ക്കാട്ടിലെ രജനിതന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി’’ എന്ന ശോകഗാനം വിരഹത്തിന്റെ സൗന്ദര്യം ഒന്നാകെ ആവാഹിച്ചിരിക്കുന്നു. ‘‘ഇനിയെന്നു കാണും നമ്മള്‍... തിരമാല മെല്ലെ ചൊല്ലി... ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നൂ, കരയുന്നരാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസച്ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില്‍’’ പോലുള്ള വരികൾ അതീവ ഭാവസാന്ദ്രതയോടെയാണ് ജയചന്ദ്രൻ പാടിയിരിക്കുന്നത്. ഭാസ്കരൻ മാസ്റ്റർക്കും രാഘവൻ മാസ്റ്റർക്കും ഒരുപോലെ പഥ്യമായ നാടൻസ്പർശം ആലാപനത്തിലും കൊണ്ടുവരാൻ ജയചന്ദ്രന് കഴിഞ്ഞു.

ജയചന്ദ്രന്റെ തനതു ഭാവസ്പർശം അനുഭവിപ്പിച്ച പാട്ടുകൾ അനവധി. അവയുടെ ആദ്യവരികൾ മതി ആ ഗാനപ്രപഞ്ചമൊന്നാകെ ഓർമയിലേക്കാവാഹിക്കാൻ. ‘‘പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍വച്ചു പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു’’ (കെ. രാഘവന്‍, പി. ഭാസ്കരന്‍), ‘‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിരമനോഹരചന്ദ്രികേ’’ (ദേവരാജന്‍, വയലാര്‍), ‘‘തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു തിരുവാതിരനക്ഷത്രം’’, ‘‘സ്വർണഗോപുര നര്‍ത്തകീശില്‍പം കണ്ണിനു സായൂജ്യം നിന്‍രൂപം’’, ‘‘കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍ കണ്ടു ഞാന്‍ നിന്നെയാ സന്ധ്യയില്‍’’ (ശ്രീകുമാരന്‍ തമ്പി, എം.എസ്. വിശ്വനാഥന്‍), ‘‘നിന്‍ മണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായ് ഞാന്‍ മാറിയെങ്കില്‍’’, ‘‘മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ മുത്തമൊളിക്കും ചുണ്ടില്‍ ചിരികിലുങ്ങീ’’, ‘‘നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു നാട്ടുമാവിന്റെ ചോട്ടില്‍’’ (തമ്പി, എം.കെ. അര്‍ജുനന്‍), ‘‘അഷ്ടപദിയിലെ നായികേ യക്ഷഗായികേ’’ (വയലാര്‍, എം.എസ്. വിശ്വനാഥന്‍), ‘‘കല്ലോലിനീ വനകല്ലോലിനീ നിന്‍ തീരത്തുവിടരും ദുഃഖപുഷ്പങ്ങളെ താരാട്ടു പാടിയുറക്കൂ’’ (ദേവരാജന്‍, ഒ.എന്‍.വി), ‘‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം’’ (തമ്പി, ദക്ഷിണാമൂര്‍ത്തി), ‘‘മല്ലികാബാണന്‍ തന്റെ വില്ലെടുത്തു... മന്ദാരമലര്‍കൊണ്ട് ശരംതൊടുത്തു’’ (ഭാസ്കരന്‍, ദേവരാജന്‍), ‘‘ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദന്‍തോട്ടം എനിക്കുവേണ്ടി’’, ‘‘മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍’’ (വയലാര്‍, ദേവരാജന്‍), ‘‘ഹൃദയേശ്വരീ നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു മധുരസംഗീതം കേട്ടു’’ (തമ്പി, ദേവരാജന്‍), ‘‘ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം’’ (തമ്പി, ദേവരാജന്‍), ‘‘മൃദുലേ ഇതാ ഒരു ഭാവഗീതമിതാ’’ (രഘുകുമാര്‍, പൂവച്ചൽ ഖാദര്‍), ‘‘മോഹംകൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്തനാള്‍ മധു തേടിപ്പോയീ’’ (ജോണ്‍സണ്‍, കോന്നിയൂര്‍ ഭാസ്), ‘‘കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ’’ (ഒ. എന്‍.വി, ബോംബെ രവി), ‘‘ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം’’ (ജോണ്‍സണ്‍, കൈതപ്രം), ‘‘തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസിപോലെ’’ (മോഹന്‍സിത്താര, കൈതപ്രം), ‘‘അറിയാതേ അറിയാതേ ഈ പവിഴവാര്‍തിങ്കളറിയാതേ’’ (പുത്തഞ്ചേരി, ഗിരീഷ് പീറ്റേഴ്സ്) എന്നിങ്ങനെ അന്നും ഇന്നും ഓർമയിൽ നിൽക്കുന്ന നിരവധി പാട്ടുകൾ.

ശ്രീകുമാരൻ തമ്പിയുടെ പ്രണയവും വാത്സല്യവും ഇടകലരുന്ന ‘‘രാജീവനയനേ നീയുറങ്ങൂ... രാഗവിലോലേ നീയുറങ്ങൂ... ആയിരം ചുംബന സ്മൃതിസുമങ്ങള്‍ അധരത്തില്‍ ചാര്‍ത്തി നീയുറങ്ങൂ’’ എന്ന ശ്രീകുമാരൻ തമ്പി- എം.എസ്. വിശ്വനാഥൻ ഗാനത്തിലും ജയചന്ദ്രന്റെ പ്രേമഗാനത്തിന്‍ ഭാവനൈർമല്യം പ്രകടമാണ്. ‘‘മലയാളഭാഷതന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായ് വിരിയുന്നു’’ (തമ്പി, ദേവരാജന്‍) എന്ന ഗാനത്തിൽ ‘‘പുളിയിലക്കരമുണ്ടില്‍ തെളിയുന്നൂ, പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നൂ, മധുരവര്‍ണന നെഞ്ചില്‍ നിറയുന്നൂ’’ എന്നീ വരികളിൽ ജയചന്ദ്രൻ നൽകുന്ന സവിശേഷ സ്പർശം ശ്രദ്ധിക്കുക. എം.എസ്. വിശ്വനാഥൻ ജയചന്ദ്രന് എന്നും ഓർമിക്കാവുന്ന ഒരുപിടി പാട്ടുകൾ നൽകിയ സംഗീതപ്രതിഭയാണ്. ‘‘തിരുവാഭരണം ചാർത്തിവിടർ’’, ‘‘മലരമ്പനെഴുതിയ മലയാളകവിതേ’’, ‘‘സുപ്രഭാതം സുപ്രഭാതം...’’ ‘‘നീലഗിരിയുടെ സഖികളേ’’, ‘‘സ്വർണഗോപുര നർത്തകീശിൽപം’’, ‘‘കർപ്പൂരദീപത്തിൻ കാന്തിയിൽ’’, ‘‘അഷ്ടപദിയിലേ ഗായികേ’’ തുടങ്ങിയ ഗാനങ്ങളെല്ലാം കാലത്തെ അതിവർത്തിക്കുന്നവതന്നെ.

ഒരിക്കൽ ഒരു ഗാനമേളയിൽ ജയചന്ദ്രൻ ‘‘നീലഗിരിയുടെ സഖികളേ’’ പാടിയപ്പോൾ ‘‘വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീലവാര്‍മുടി ചുരുളിന്റെ അറ്റത്തു ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ’’ എന്ന അനുപല്ലവിയിൽ പൂവിനു പകരം തൊട്ടുമുന്നിലത്തെ വരികളിലെ ‘‘ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ’’ എന്ന് പാടിപ്പോയി ജയചന്ദ്രൻ.

ഗാനമേള കഴിഞ്ഞ് ഗ്രീൻ റൂമിൽ വിശ്രമിക്കുന്ന ജയചന്ദ്രനെ അന്വേഷിച്ച് ഒരാളെത്തി. ‘‘നീലവാർമുടിച്ചുരുളിന്റെയറ്റത്ത് എങ്ങനെയാണ് മുറി പണിയുക’’ എന്നു ചോദിച്ച് കക്ഷി ചൂടായി. സംഘാടകർ ഒരുവിധത്തിൽ അയാളെ പിടിച്ചുകൊണ്ടുപോയ കാര്യം ‘പി. ജയചന്ദ്രൻ മലയാളത്തിന്റെ മധുചന്ദ്രിക’ എന്ന ജീവചരിത്രത്തിൽ എസ്. മനോഹരൻ വിവരിക്കുന്നുണ്ട്. ജയചന്ദ്രന് ജയചന്ദ്രനെക്കാൾ ജയചന്ദ്രനെയറിയാവുന്ന ആരാധകരുണ്ടെന്നർഥം. ജയചന്ദ്രന്റെ പാട്ട് ജയചന്ദ്രൻ തെറ്റിച്ചാൽപോലും അവർ സഹിക്കില്ല.

വേറിട്ട സ്വരങ്ങൾ

ജയചന്ദ്രന്റെ ഭാവസാന്ദ്രമായ സ്വരത്തിലൂടെ ഒട്ടനവധി തമാശപ്പാട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നത് കൗതുകകരമാണ്. സംഘമായിപ്പാടുന്ന രസകരമായ പാട്ടുകൾ പാടാൻ ജയചന്ദ്രന് നറുക്കുവീഴും. ഒരുതരത്തിലുള്ള പാർശ്വവത്കരണവും ഇതിലുണ്ട്.

ഉപനായകർക്കും സഹനടന്മാർക്കും വേണ്ടിയാവും ഇത്തരം പാട്ടുകൾ ഒരുക്കുക എന്നും ഓർക്കുക. അന്യഭാഷാപ്പാട്ടുകള്‍ ഡബ് ചെയ്യുമ്പോഴും ജയചന്ദ്രന്‍ കൂടുതല്‍ പരിഗണിക്കപ്പെട്ടു. ‘‘കണ്ണില്‍ എലിവാണം കത്തുന്നകാലത്ത് പെണ്ണിനു തോന്നീ മൊഹബ്ബത്ത്’’ (തമ്പി, അര്‍ജുനന്‍) ബ്രഹ്മാനന്ദനുമൊത്തുള്ള പാട്ടാണ്. ‘‘ധിംതതക്ക കൊടുമലഗണപതി ധിംതതക്ക കോട്ടയ്ക്കല്‍ ഗണപതി’’ (ഭാസ്കരന്‍, ദേവരാജന്‍), ‘‘ആടുപാമ്പേ വിളയാടുപാമ്പേ അണിയറവിട്ടിറങ്ങി ആടുപാമ്പേ’’ (തമ്പി, ദക്ഷിണാമൂര്‍ത്തി) തുടങ്ങി ആന്റോവിനൊപ്പം പാടിയ പാട്ടുകള്‍ ഇങ്ങനെ സംഘതാള പ്രധാനമാണ്.

‘‘വളകിലുക്കം കേള്‍ക്കണല്ലോ ആരാരോ പോണതാരോ’’ (ശങ്കര്‍ഗണേഷ്, ഒ.എന്‍.വി) എന്ന പാട്ടില്‍ ജയചന്ദ്രനോടൊപ്പം ജോളി എബ്രഹാം, വാണി ജയറാം, ബി. വസന്ത എന്നിവര്‍കൂടിയുണ്ട്. ‘രാജു റഹിം’ എന്ന ചിത്രത്തില്‍ എം. കെ. അര്‍ജുനന്‍-ആർ.കെ. ദാമോദരന്‍ ടീം ഒരുക്കിയ ‘‘ബ്രൂസിലി കുഞ്ഞല്ലയോ സാക്ഷാല്‍ ഭീമനും അങ്ങല്ലയോ’’ എന്ന പാട്ട് ജയചന്ദ്രനും പി.ബി. ശ്രീനിവാസനും ആന്റോവും ചേര്‍ന്നാണ് പാടുന്നത്. ‘സാഗരസംഗമം’ എന്ന സംഗീതചിത്രത്തിലെ ‘‘തകിടതധിമി തകിടതധിമി തന്താനാ ഹൃദയലയനജതികള്‍കോര്‍ത്ത തില്ലാന’’, മാധുരിയുമൊത്തുള്ള ‘‘വാര്‍മേഘ വർണന്റെ മാറില്‍ മാലകള്‍ ഗോപികമാര്‍’’ (തമ്പി, ഇളയരാജ) എന്നീ ഗാനങ്ങള്‍ തമിഴ് പശ്ചാത്തലത്തിനിണങ്ങുംമട്ടില്‍ ജയചന്ദ്രന്‍ പാടി വിജയിപ്പിച്ചവയാണ്.

‘‘കുഞ്ഞുങ്ങളേ പെണ്ണുങ്ങളേ വന്നാട്ടെ വന്നാട്ടേ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ’’ (കെ.ജെ. ജോയ്, ബിച്ചു തിരുമല) എന്ന ഗാനം മറ്റൊന്ന്. ‘‘അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി എന്റച്ഛനിന്നലെ വല്ലാത്തൊരക്കിടിപറ്റി’’ എന്ന എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട തമാശപ്പാട്ട് വേറൊരുദാഹരണം. ‘‘എന്തൂട്ടാണീ പ്രേമമെന്ന് നിനക്കറിയില്ലേ’’ എന്ന വയലാർ-ദേവരാജൻ ടീമിന്റെ തമാശപ്പാട്ട് ജയചന്ദ്രൻ പാടിയത് പട്ടം സദൻ എന്ന ഹാസ്യനടനുവേണ്ടിയാണ്. ‘‘മായം സർവത്ര മായം കാലം കലിയുഗകാലം പെണ്ണുങ്ങൾ ഭരിക്കുന്ന കാലം’’ എന്ന ദേവരാജൻ-ബിച്ചു തിരുമല ടീമിന്റെ തമാശപ്പാട്ടിനും ആ സ്വരം പാകം.

നായകത്വം യേശുദാസിന്റെ ശബ്ദത്തിനാണ് കൂടുതൽ എന്ന തീർപ്പിലായിരുന്നല്ലോ മലയാളസിനിമ. അതുകൊണ്ടുതന്നെ ഉപനായകർക്കും സഹനടന്മാർക്കും ഹാസ്യനടന്മാർക്കുമൊക്കെയുള്ള പാട്ടുകളാണ് ജയചന്ദ്രനുൾപ്പെടെയുള്ളവർക്ക് പലപ്പോഴും ലഭിച്ചിരുന്നത്.

‘അരക്കള്ളൻ മുക്കാൽക്കള്ളൻ’ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ-ദക്ഷിണാമൂർത്തി ടീം ഒരുക്കിയ ‘‘കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ’’ എന്ന ഹാസ്യരാഗമാലികയില്‍ പ്രേംനസീറിന് യേശുദാസിന്റെയും അടൂര്‍ഭാസിക്ക് ജയചന്ദ്രന്റെയുമാണ് ശബ്ദം. ‘‘പൊന്നിന്‍കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞുവീഴും’’ (കെ. രാഘവന്‍, ഭാസ്കരന്‍) എന്ന പാട്ടിലും യേശുദാസ് നസീറിനും ജയചന്ദ്രൻ അടൂർ ഭാസിക്കുംവേണ്ടിയാണ് പാടുന്നത്.

‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ ‘സമയരഥങ്ങളില്‍നമ്മള്‍ മറുകരതേടുന്നു’’ (ബിച്ചു തിരുമല, രവീന്ദ്രന്‍) എന്ന ക്ലാസിക്കൽ ഗാനത്തില്‍ ബാലചന്ദ്രമേനോന് വേണ്ടി ദാസും രാജുവിനുവേണ്ടി ജയചന്ദ്രനുമാണ് പാടുന്നത്. ‘സി.ഐ.ഡി ഉണ്ണികൃഷ്ണനി’ല്‍ ‘‘ആരറിവും’’ എന്നു തുടങ്ങുന്ന തമാശ ക്ലാസിക്കൽ പാട്ടിൽ യേശുദാസിന്റെ സ്വരം ജയറാമിനും ജയചന്ദ്രന്റെ ശബ്ദം രാജുവിനുമാണ് നൽകിയിരിക്കുന്നത്. പഴയകാല സിനിമകളിൽ പലപ്പോഴും നായകനടനെക്കാൾ സ്വാഭാവികമായി അഭിനയിക്കുന്നത് സ്വഭാവനടന്മാരും ഹാസ്യനടന്മാരുമൊക്കെയാണ് എന്നു നമുക്കറിയാം. ആലാപനത്തിലെ ഭാവാത്മകതയാവാം ഇത്തരം സന്ദർഭങ്ങളിൽ ജയചന്ദ്രനും മറ്റും തുണയായിട്ടുണ്ടാവുക.

കടുത്ത ശാസ്ത്രീയശിക്ഷണം ലഭിച്ചിട്ടില്ലെങ്കിലും ജയചന്ദ്രന്‍ അനശ്വരമാക്കിയ സെമിക്ലാസിക്കല്‍, ഭക്തിഗാനങ്ങള്‍ ഏറെയുണ്ട്. ‘‘സ്വാതിതിരുനാളിന്‍ കാമിനീ സപ്തസ്വരസുധാവാഹിനീ’’ (തമ്പി-ദക്ഷിണാമൂര്‍ത്തി) എന്ന രാഗമാലിക മോഹനം, ശങ്കരാഭരണം, രഞ്ജിനി, നാട്ടക്കുറിഞ്ഞി എന്നീ രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘ബന്ധനം’ എന്ന ചിത്രത്തില്‍ ഒ.എന്‍.വി-എം.ബി. ശ്രീനിവാസന്‍ ടീം ഒരുക്കിയ ‘‘രാഗം ശ്രീരാഗം ഉദയശ്രീ രാഗം’’ എന്ന രാഗമാലികയിൽ ശ്രീ, ഹംസധ്വനി, വസന്ത, മലയമാരുതം എന്നീ രാഗങ്ങളാണുള്ളത്. സംസ്ഥാന പുരസ്കാരം നേടിയ പാട്ടാണിത്.

‘‘സ്വാമീ ശരണം ശരണമെന്റയ്യപ്പാ സ്വാമിയില്ലാതൊരു ശരണമില്ലയ്യപ്പാ’’ (വയലാര്‍-ദേവരാജന്‍) ജയചന്ദ്രന്റെ ഭക്തിപ്പാട്ടുകളില്‍ പ്രസിദ്ധമായ ഒന്നാണ്. ‘‘അമ്പാടിതന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാം ഉണ്ണി’’, ‘‘നീലമേഘം ഒരു പീലിക്കണ്ണ്’’, ‘‘വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു’’, ‘‘വടക്കുന്നാഥനു സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍’’, ‘‘പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി’’, ‘‘കൂടും പിണികളെ കണ്ണാലൊഴിക്കും കൂടല്‍മാണിക്യ സ്വാമീ’’, ‘‘മൂകാംബികേ ഹൃദയതാളാഞ്ജലി’’, ‘‘ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം’’ തുടങ്ങിയ ഭക്തിഗാനങ്ങള്‍ എസ്. രമേശന്‍ നായര്‍ രചിച്ച് പി.കെ. കേശവന്‍ നമ്പൂതിരി ഈണമിട്ട പുഷ്പാഞ്ജലി എന്ന ആൽബത്തിലുള്ളവയാണ്.

ഒ.എന്‍.വി-ദേവരാജന്‍ ടീം ഒരുക്കിയ ‘‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ’’, പൂവച്ചല്‍ ഖാദര്‍ രചിച്ച് എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട ആകാശവാണി ലളിതഗാനം ‘‘ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ രാജീവനയനന്റെ വാര്‍ത്തകള്‍ കേട്ടെന്റെ രാധേ ഉറക്കമായോ’’ തുടങ്ങിയ ലളിതഗാനങ്ങളും ജയചന്ദ്രന് അനശ്വരത നേടിക്കൊടുത്തവയാണ്.

പിൽക്കാലത്ത് മനോരമ മ്യൂസിക്കിനുവേണ്ടി ‘‘മഹാഗണപതിം’’, ‘‘പരമപുരുഷ’’, ‘‘കാന്തനോടു ​െചന്നു മെല്ലേ’’, ‘‘രാധികാ കൃഷ്ണാരാധികാ’’, ‘‘മാനസസഞ്ചരരേ’’, ‘‘കരുണാചെയ്‍വാനെന്തു താമസം’’ പോലുള്ള കൃതികൾ തന്റെ സവിശേഷമായ ജനപ്രിയ ശൈലിയിൽ ജയചന്ദ്രൻ പാടിയവതരിപ്പിച്ചിട്ടുണ്ട്. ചമ്രം പടിഞ്ഞല്ല, സോഫയിൽ ഇരുന്നാണ് ആലാപനം. വയലിനും മൃദംഗവും പഴയമട്ടിൽ ഇരുന്നുതന്നെ വായിക്കുന്നു.

‘‘തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട്’’ (വയലാർ- ദേവരാജൻ) എന്ന പാട്ടിന്റെ ആദ്യമുള്ള ‘‘നീലക്കണ്ണുകളോ ദിനാന്തമധുര സ്വപ്നങ്ങള്‍തന്‍ ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും നൈവേദ്യപുഷ്പങ്ങളോ കാലം കൊത്തിയെടുത്ത ഹംസദമയന്തീശിൽപം ഇന്നും നളന്നാലങ്കാരികഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ’’, ‘എഴുതാത്ത കഥ’യില്‍ ശ്രീകുമാരൻ തമ്പിയെഴുതിയ ‘‘പ്രാണവീണതന്‍ ലോലതന്ത്രിയില്‍ ഗാനമായി വിടര്‍ന്നു നീ’’, ‘‘ഹരിതകാനന ശ്യാമളച്ഛായയില്‍ മധുരമാലേയ സൗരഭ്യധാരയില്‍’’ (ഭാസ്കരൻ-ദക്ഷിണാമൂർത്തി), ‘നഖക്ഷതങ്ങളി’ലെ (ഒ.എന്‍.വി, ബോംബെ രവി) ‘‘വ്രീളാഭരിതയായ് വീണ്ടുമൊരു പുലര്‍വേള കണ്‍ചിമ്മിയുണര്‍ന്നൂ’’ പോലുള്ള ഗാനങ്ങൾ കവിതപോലെ മനോഹരങ്ങളാണ്. ഗായകശബ്ദത്തിന് പ്രാധാന്യം നൽകി, പശ്ചാത്തലസംഗീതം പരമാവധി ചുരുക്കിയാണ് ഇവ കമ്പോസ് ചെയ്തിരിക്കുന്നത്.

 

മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പി. ജയച​ന്ദ്ര​ന്റെ ആത്മകഥ പുസ്​തകമായപ്പോൾ

എം. ജയചന്ദ്രന്‍-ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ‘‘കണ്ണുംനട്ട് കാത്തിരുന്നിട്ടും’’, ‘‘ശാരദാംബരം ചാരുചന്ദ്രികാധാരയില്‍ മുഴുകീടവേ’’ (ചങ്ങമ്പുഴ-രമേഷ് നാരായണന്‍) തുടങ്ങിയ ഗാനങ്ങളും ഇക്കൂട്ടത്തിൽ പരാമർശിക്കേണ്ടവതന്നെ. ‘‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതില്‍ ഇഴയുന്ന മനുഷ്യനോ’’ എന്ന പുകഴേന്തി-ഭാസ്കരന്‍ ടീമിന്റെ ഗാനം, ‘ഉമ്മാച്ചു’വിലെ പി. ഭാസ്കരന്‍ എഴുതി കെ. രാഘവന്‍ ഈണമിട്ട ‘‘ഏകാന്തപഥികന്‍ ഞാന്‍’’, ‘തൊട്ടാവാടി’ എന്ന ചിത്രത്തിലെ ‘‘ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന’’ (വയലാര്‍, എല്‍.പി.ആര്‍ വർമ), ‘‘കാവ്യപുസ്തകമല്ലോ ജീവിതം’’ (ഭാസ്കരന്‍, ദക്ഷിണാമൂര്‍ത്തി) തുടങ്ങിയ പാട്ടുകളില്‍ അശരീരിഗാനങ്ങളുടെ ദിവ്യസ്പര്‍ശമുണ്ട്. ‘പണിതീരാത്ത വീടി’ലെ ‘‘സുപ്രഭാതം... നീലഗിരിയുടെ സഖികളേ’’ (വയലാര്‍, എം.എസ്. വിശ്വനാഥന്‍) ഇവയൊക്കെ ദാർശനികഭാവം മുന്നിട്ടുനിൽക്കുന്ന പാട്ടുകളാണ്.

എസ്. ജാനകി, മാധുരി, സുശീല തുടങ്ങിയ ഗായികമാരോടൊപ്പം ജയചന്ദ്രൻ പാടിയ യുഗ്മഗാനങ്ങൾ അവിസ്മരണീയങ്ങളാണ്. ‘‘മകരം പോയിട്ടും മാടമുണര്‍ന്നിട്ടും മാറത്തെക്കുളിരൊട്ടും പോയില്ലേ മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും മേനിത്തരിപ്പു കുറഞ്ഞില്ലേ’’, ‘‘സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍’’, ‘‘മണിവർണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം’’ (സുശീലയുമൊത്ത്), ‘‘പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ’’, ‘‘യമുനേ പ്രേമയമുനേ യദുകുല രതിദേവനെവിടെ’’, ‘‘മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം’’ (ജാനകിയുമൊത്ത്), ‘‘തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ ഈ ചിത്രത്തൂണിലെ പ്രതിമപോലെ മാറില്‍ ഒട്ടിപ്പിടിച്ചേനേ ഞാന്‍’’ (മാധുരിയുമൊത്ത്), ‘‘ശരദിന്ദുമലര്‍ദീപനാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി’’ (സെൽമയുമൊത്ത്), ‘‘കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ’’, ‘‘പ്രായം നമ്മില്‍ മോഹംനല്‍കി മോഹം കണ്ണില്‍ പ്രേമംനല്‍കി’’ (സുജാതയുമൊത്ത്) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.

‘‘രാസാത്തിയൊന്നെ കാണാത നെഞ്ചം കാറ്റാടിപോലാട്ത്’’ (ഇളയരാജ, വാലി), ‘‘നെഞ്ചില്‍ ഉള്ള കായം ഒന്‍ട്ര് നെഞ്ചൈ വിട്ടു തീര്‍ന്തത്’’ (ഇളയരാജ, കണ്ണദാസന്‍), ‘‘മലരോ നിലവോ മലൈമകളോ’’ (കുന്നക്കുടി), ‘‘ഒരു ദൈവം തന്ത പൂവേ’’ (എ.ആർ. റഹ്മാൻ) എന്നിങ്ങനെ നിരവധി തമിഴ് പാട്ടുകൾ ജയചന്ദ്രന്റേതായുണ്ട്. കന്നടയിൽ എസ്.ആർ. പുട്ടണ്ണയാണ് ജയചന്ദ്രനെക്കൊണ്ട് ഏറെ പാട്ടുകൾ പാടിച്ചിട്ടുള്ളത്. തെലുഗുവിലും നൂറോളം പാട്ടുകൾ. ഇളയരാജയുടെയും റഹ്‍മാന്റെയും ഓരോ ഗാനങ്ങളാണ് ജയചന്ദ്രന്റെ ഹിന്ദിപ്പാട്ടുകൾ എന്നതും കൗതുകകരമാണ്.

എൺപതു പിന്നിട്ട പ്രായത്തിൽ ആ ഗായകൻ വിടവാങ്ങുമ്പോൾ അതിത്രയും വേദനിപ്പിക്കുന്നത് ജയചന്ദ്രൻ, അല്ല, ജയേട്ടൻ നമ്മുടെ അടുത്ത ഒരാളാണെന്ന തോന്നൽ ആ പാട്ടുകളിലൂടെ കൈവന്നിരുന്നു എന്നതിനാലാണ്. ഹൃദയത്തിൽ ആയിരം ചുംബനസ്മൃതിസുമങ്ങൾ അവശേഷിപ്പിക്കുന്ന ഒരുപാടൊരുപാട് റഗാനങ്ങൾ എക്കാലത്തേക്കുമായി നമ്മെയേൽപിച്ചാണ് ജയചന്ദ്രൻ മടങ്ങുന്നത്. ആ ശബ്ദത്തിന് മരണമില്ലതന്നെ.

News Summary - weekly articles