ചില ജനാധിപത്യ പാഠങ്ങൾ

ഭൂരിപക്ഷ രാഷ്ട്രീയത്തിൽനിന്നും കാരുണ്യം വറ്റിപ്പോയിരിക്കുന്നു. എന്നാൽ, ആ സ്നേഹരാഹിത്യം വിഭജനവാദത്തിന്റെ രൂപത്തിൽ ഉന്നതകോടതികളിലെ ന്യായാധിപരിലൂടെ പുറത്തുവന്നാലോ? യഥാർഥത്തിൽ ഭരണഘടന വീണ്ടും വീണ്ടും വായിക്കുമ്പോൾ മനസ്സിലുയർന്നുവരുന്നത് ഒരു രാഷ്ട്രനിർമിതിയുടെ ചിത്രമാണ്. വിവിധ ജാതിമതസ്ഥരും വിവിധ ഭാഷ സംസാരിക്കുന്നവരുമായ ജനങ്ങളെ ഒരു കുടുംബത്തിലെ അംഗങ്ങളാക്കി മാറ്റാൻ ശ്രമിച്ച അടിസ്ഥാന പ്രമാണമാണത്. ഓരോരോ ഇഷ്ടികയും പെറുക്കിവെച്ച് നിർമിച്ച മനോഹരഭവനമാണ് ഇന്ത്യ. ആ രാഷ്ട്രത്തെയാണ് ഭരണഘടനയിൽ വിശ്വാസമില്ലാത്തവർ, അല്ലെങ്കിൽ ഭരണഘടനയുടെ പേരിൽ രാഷ്ട്രീയനാട്യം മാത്രം കൊണ്ടുനടക്കുന്നവർ...
Your Subscription Supports Independent Journalism
View Plansഭൂരിപക്ഷ രാഷ്ട്രീയത്തിൽനിന്നും കാരുണ്യം വറ്റിപ്പോയിരിക്കുന്നു. എന്നാൽ, ആ സ്നേഹരാഹിത്യം വിഭജനവാദത്തിന്റെ രൂപത്തിൽ ഉന്നതകോടതികളിലെ ന്യായാധിപരിലൂടെ പുറത്തുവന്നാലോ?
യഥാർഥത്തിൽ ഭരണഘടന വീണ്ടും വീണ്ടും വായിക്കുമ്പോൾ മനസ്സിലുയർന്നുവരുന്നത് ഒരു രാഷ്ട്രനിർമിതിയുടെ ചിത്രമാണ്. വിവിധ ജാതിമതസ്ഥരും വിവിധ ഭാഷ സംസാരിക്കുന്നവരുമായ ജനങ്ങളെ ഒരു കുടുംബത്തിലെ അംഗങ്ങളാക്കി മാറ്റാൻ ശ്രമിച്ച അടിസ്ഥാന പ്രമാണമാണത്. ഓരോരോ ഇഷ്ടികയും പെറുക്കിവെച്ച് നിർമിച്ച മനോഹരഭവനമാണ് ഇന്ത്യ. ആ രാഷ്ട്രത്തെയാണ് ഭരണഘടനയിൽ വിശ്വാസമില്ലാത്തവർ, അല്ലെങ്കിൽ ഭരണഘടനയുടെ പേരിൽ രാഷ്ട്രീയനാട്യം മാത്രം കൊണ്ടുനടക്കുന്നവർ ഇന്ന് തച്ചുതകർക്കുന്നത്.
ഇതെഴുതുമ്പോൾ സംഭാൽ പള്ളി സംബന്ധിച്ച സുപ്രീംകോടതിയുടെ 29.11.2024ന് വന്ന ഉത്തരവിന്റെ പോരായ്മകളെക്കുറിച്ച് ‘ഹിന്ദു’വിൽ ഞാനെഴുതിയ ലേഖനത്തിന് ലഭിച്ച പ്രതികരണങ്ങളാണ് മുന്നിൽ. ഒരുപാടു പേർ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരാണ്. ഒടുവിൽ 2024 ഡിസംബർ 12ന് ആരാധനാലയ നിയമം കൃത്യമായി പാലിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിൽ സർവേ നടത്താൻ ആവശ്യപ്പെടുന്ന, അവക്കുമേൽ അവകാശമുന്നയിക്കുന്ന കേസുകൾ രാജ്യത്തെ വിചാരണ കോടതികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. അത്രയും ആശ്വാസം. ആരാധനാലയ നിയമത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ വാദങ്ങളുന്നയിക്കാൻ ഒരു പുരോഗമനവാദിയായ സുഹൃത്ത് ഇതിനിടെ എന്നോടാവശ്യപ്പെട്ടു. അതിനായുള്ള പഠനം ശ്രമകരമെങ്കിലും ആവേശകരമാണ്.
ഭൂരിപക്ഷ രാഷ്ട്രീയത്തിൽനിന്നും കാരുണ്യം വറ്റിപ്പോയിരിക്കുന്നു. എന്നാൽ, ആ സ്നേഹരാഹിത്യം വിഭജനവാദത്തിന്റെ രൂപത്തിൽ ഉന്നത കോടതികളിലെ ന്യായാധിപരിലൂടെ പുറത്തുവന്നാലോ? അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് ശേഖർകുമാർ യാദവ് ഈയിടെ (2024 ഡിസംബറിൽ) നടത്തിയ വിവാദപ്രസംഗം ന്യൂനപക്ഷ വിഭാഗത്തെ അധിക്ഷേപിക്കുന്നതായിരുന്നു. ഭാഗ്യവശാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ചില നടപടികൾ ഉണ്ടായി. ഈ വിഷയത്തിൽ മാതൃഭൂമിയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും എഴുതിയ ലേഖനങ്ങൾക്ക് സാമാന്യം മികച്ച പിന്തുണ ലഭിച്ചു.
എന്നാൽ, പിന്നീട് സംഭാലിൽതന്നെ വീണ്ടും പാവപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെ ബുൾഡോസർ പ്രവർത്തിച്ചു. ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ ഭരണകൂടംതന്നെ അട്ടിമറിക്കുന്ന അവസ്ഥയുണ്ടായി. നിയമവാഴ്ചയെയാണ് അല്ലാതെ കേവലം കെട്ടിടങ്ങളെ മാത്രമല്ല ബുൾഡോസർ പ്രയോഗം തകർക്കുന്നതെന്ന് ഇതിനകംതന്നെ വ്യക്തമായതാണ്. കോടതികളെയോ നിയമങ്ങളെയോ ഭരണഘടനാമൂല്യങ്ങളെയോ പരിഗണിക്കാനും അനുസരിക്കാനും വിസമ്മതിക്കുന്ന ഭരണകൂടങ്ങളുടെ ചരിത്രമാണ് ഒരുപക്ഷേ, ഇന്ത്യയുടെ സമകാലിക ചരിത്രം. ബാബരി മസ്ജിദിന്റെ പതനത്തോടെ ശക്തിപ്രാപിച്ച ഈ പ്രവണതക്ക് രാജ്യം വലിയ വിലകൊടുക്കേണ്ടിവന്നു. അഭിപ്രായസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും നിരന്തരം വെല്ലുവിളിക്കപ്പെടുന്ന പുതിയകാലത്ത് നമ്മുടെ ജനാധിപത്യം മറ്റെന്തോ ഒന്നായി തീർന്നിരിക്കുന്നു.
* * *
സ്വാതന്ത്ര്യത്തിന്റെ മൂല്യമെന്തെന്ന് പഠിച്ച ഒരു യാത്രയെക്കുറിച്ചുകൂടി ഇവിടെ എഴുതട്ടെ. വിയറ്റ്നാം, നമുക്കറിയാവുന്നതുപോലെ, വമ്പിച്ച ചരിത്രവും രാഷ്ട്രീയവും മുറ്റിനിൽക്കുന്ന രാജ്യമാണ്. ഒരാഴ്ചയോളമെടുത്ത് വിയറ്റ്നാമിൽ സഞ്ചരിച്ചപ്പോൾ ഹോചിമിന്റെ നേതൃത്വത്തിൽ ആ രാഷ്ട്രം അമേരിക്കക്കെതിരെ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപിനെക്കുറിച്ച് അടുത്തറിയാനായി.
എങ്കിലും മുതലാളിത്ത വികസനരീതികൾ പിന്തുടർന്ന വിചിത്രമായ ‘സോഷ്യലിസ’(?)മാണ് വിയറ്റ്നാമിലേത്. മറ്റു പല സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സ്ഥിതി ഇങ്ങനെയൊക്കെയായിത്തീർന്നിട്ടുണ്ടല്ലോ. സമീപകാലത്തായി സാമ്പത്തികമായി വിയറ്റ്നാം നേടിയ പുരോഗതി യാത്രയിൽ മുഴുക്കെ കാണാനായി. പഴയ തലമുറയിൽ പലരും ഗ്രാമങ്ങളിൽ ദാരിദ്ര്യമനുഭവിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം നേടിയ പുതിയ തലമുറ പുതിയലോകത്തോട് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവരിൽ പലരും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു.
വിയറ്റ്നാമിന്റെ സംസ്കാരവും ആഡംബരങ്ങളും വികസന മാതൃകകളും നേരിൽ കാണാൻ കഴിഞ്ഞ യാത്ര പലതുകൊണ്ടും സംഭവബഹുലമായി. കൂട്ടത്തിൽ വിയറ്റ്നാമിലെ സുപ്രീംകോടതിയും സന്ദർശിച്ചു. പടിഞ്ഞാറൻ ജനാധിപത്യങ്ങളിലെയും ഇന്ത്യയിലെയും കോടതികൾമാത്രം കണ്ടുശീലിച്ച എന്റെ കണ്ണുകൾക്ക് ഈ രാജ്യത്തെ ‘ജനങ്ങളുടെ സുപ്രീംകോടതി’ ഒരു സമഗ്രാധിപത്യ രാജ്യത്തിന്റെ ദുർഗങ്ങളിലൊന്നായാണ് അനുഭവപ്പെട്ടത്. ജനങ്ങളുടെയോ അഭിഭാഷകരുടെയോ ജീവനക്കാരുടെയോ സ്വതന്ത്രമായ വിനിമയങ്ങളോ അവകാശ പ്രഖ്യാപനങ്ങളോ അവിടെ കാണാനായില്ല. പട്ടാളക്യാമ്പിനെ അനുസ്മരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അച്ചടക്കത്തിന്റെ പേരിലാണ് വാഴ്ത്തപ്പെടുന്നതെങ്കിൽ, അച്ചടക്കമില്ലായ്മയിൽ, അതിനുപിന്നിലെ സ്വാതന്ത്ര്യത്തിലാണ് സൗന്ദര്യം കുടികൊള്ളുക എന്ന് ചിന്തിക്കാനാണ് ഞാനിഷ്ടപ്പെടുക!

വിയറ്റ്നാമിൽ ഹോചിമിൻ സ്മാരകത്തിന് മുന്നിൽ ഭാര്യ സുധക്ക് ഒപ്പം കാളീശ്വരം രാജ്
വിയറ്റ്നാം യാത്രക്ക് മുന്നേതന്നെ ടി.ജെ.എസ്. ജോർജിന്റെ ‘ഹോചിമിന്റെ നാട്ടിൽ’ എന്ന പുസ്തകം വായിച്ചിരുന്നു. 1975ൽ ആദ്യ പതിപ്പിറങ്ങിയ പുസ്തകമായിരുന്നു. ഒരു രാഷ്ട്രനിർമിതിയുടെ ആവേശം പലരിൽനിന്നും പലേടങ്ങളിൽനിന്നുമായി പത്രപ്രവർത്തകനായ ജോർജ് ഒപ്പിയെടുത്തതായി ഈ പുസ്തകത്തിൽ കാണാം. എന്നാൽ, 2024ലെ വിയറ്റ്നാം തികച്ചും മറ്റൊരു വിയറ്റ്നാമായിത്തീർന്നിരിക്കുന്നു. ടൂർ ഗൈഡായി വന്ന കത്തോലിക്കാ മതവിശ്വാസിക്ക് വിയറ്റ്നാമിലെ അധികാരിവർഗത്തെക്കുറിച്ച് വലിയ മതിപ്പില്ല. പാർട്ടിയുടെ സമഗ്രാധിപത്യം എങ്ങനെ അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും പുതിയ കാലത്തെ രൂപപ്പെടുത്തിയെന്ന് അയാൾ പറഞ്ഞുതന്നു.
സ്വതന്ത്ര തെരഞ്ഞെടുപ്പുകളോ സ്വതന്ത്രമാധ്യമങ്ങളോ സ്വതന്ത്ര പ്രതിഷേധങ്ങളോ ഇല്ലാത്ത ഒരു രാജ്യത്ത് സ്വതന്ത്ര കോടതികളും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞുതന്നു. ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വികാരങ്ങൾ മാത്രം പകർന്നുനൽകിയ ആ യാത്രാസഹായി എന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതകാല മഹത്ത്വത്തെക്കുറിച്ച്, അതിന്റെ മൂല്യത്തെക്കുറിച്ച് പരോക്ഷമായി, എന്നാൽ, ഫലപ്രദമായി ഓർമിപ്പിച്ചു.
ഒരുപക്ഷേ, വ്യക്തിസ്വാതന്ത്ര്യമെന്ന, അന്തസ്സോടെയുള്ള ജീവിതമെന്ന, അവകാശത്തെ വെല്ലുവിളിക്കുന്നത് ആരായാലും അവരെ ചെറുത്തുകൊണ്ടു മാത്രമേ മനുഷ്യരാശിക്ക് മുന്നോട്ടുപോകാൻ കഴിയൂ. അതിനാൽ, മനുഷ്യാവകാശങ്ങൾ പ്രാപഞ്ചികമാണെന്ന യാഥാർഥ്യത്തെ ഞാൻ വിയറ്റ്നാം യാത്രയിൽ ഒരിക്കൽക്കൂടി നേരിട്ടു കണ്ടെത്തുകയായിരുന്നു. ഹോചിമിൻ സിറ്റിയുടെയും ഹാനോയുടെയും മായക്കാഴ്ചകൾക്കപ്പുറം, വിയറ്റ്നാം സ്വാതന്ത്ര്യത്തിന്റെ പരിണാമകഥ പറയുന്നു!
* * *
ഇന്ത്യയെന്ന രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമായി നാം വികസിപ്പിച്ചുവന്ന ഭരണഘടനാ ജനാധിപത്യത്തെയും അതിന്റെ സംവിധാനങ്ങളെയും കാണാൻ ഇതര ലോകരാജ്യങ്ങളിലെ അനുഭവങ്ങൾ നമ്മെ സഹായിക്കും. ഡൽഹിയിലെ ദിവസങ്ങൾ എന്നെ പഠിപ്പിച്ചത് കോടതിയിലെ ദൈനംദിന നിയമപാഠങ്ങൾ മാത്രമായിരുന്നില്ല. രാജ്യത്തിന്റെ ഭരണഘടന ഏറ്റവും വലിയ വെല്ലുവിളികൾ നേരിട്ടു കഴിഞ്ഞ 10 വർഷങ്ങൾക്കുശേഷം ഇന്ന് രാജ്യം ഒരു പരിണാമഘട്ടത്തിലാണ്. ഇനി നാം എങ്ങോട്ടുപോകുമെന്നതാണ് നിർണായകമായ കാര്യം. ഒന്നുകിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിധ്വംസനത്തിന്റെയും കറുത്ത ചരിത്രഘട്ടം അല്ലെങ്കിൽ, സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും നിയമവാഴ്ചയും തിരിച്ചുപിടിക്കുന്ന ഒരു ആധുനിക ഇന്ത്യ.
അച്ചടക്കം അടിമത്തമായി മാറുമ്പോഴാണ് കേഡർ പാർട്ടികൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. തെരഞ്ഞെടുപ്പുകളിലൂടെ വരുന്ന ജനപ്രിയ ഭരണകൂടങ്ങൾ പിന്നീട് തെരഞ്ഞെടുപ്പുകളെത്തന്നെ പ്രഹസനമാക്കുന്നു. ഇന്ന് കേന്ദ്രത്തിലെ സഖ്യകക്ഷികൾ അടിസ്ഥാന വിഷയങ്ങളിൽ പുലർത്തുന്ന മൗനം ഭയാനകമാണ്. ‘‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’’ എന്നതുതൊട്ട് ന്യൂനപക്ഷങ്ങൾക്കെതിരായ ഭരണകൂടാതിക്രമങ്ങൾ വരെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിലെ പ്രധാന സഖ്യകക്ഷികൾ വെച്ചുപുലർത്തുന്ന നിസ്സംഗതക്ക് രാജ്യം വലിയ വിലകൊടുക്കേണ്ടി വരും. രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഇത്തരം പ്രതിസന്ധികളിൽനിന്നു നീതിന്യായ വ്യവസ്ഥക്കോ അഭിഭാഷകവൃത്തിക്കോ മാറിനിൽക്കാനാവില്ല.
സ്വാഭാവികനീതിപോലും നിഷേധിച്ചുകൊണ്ട് ബുൾഡോസറുകൾ ഉപയോഗിച്ച് സാധാരണ മനുഷ്യരുടെ വാസഗൃഹങ്ങളും മറ്റ് കെട്ടിടങ്ങളും തകർക്കുന്നതിനെതിരെ ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങുന്ന ഡിവിഷൻ െബഞ്ച് 2024 നവംബറിൽ പുറപ്പെടുവിച്ച വിധിപോലും അപൂർണമാണെന്ന് ഞാൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ (21 നവംബർ 2024) എഴുതി. 2022നു േശഷം ഇന്ത്യയിൽ ഏകദേശം ഒന്നര ലക്ഷത്തോളം വീടുകൾ ഭരണകൂടത്തിന്റെ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ടുവെന്ന വസ്തുത കേരളത്തിലുള്ളവർക്ക് വിശ്വസിക്കാൻപോലും പ്രയാസമായിരിക്കും. ഏതാണ്ട് ഏഴു ലക്ഷത്തിലധികം പേർ ഇതുവഴി ഭവനരഹിതരായി. അവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാരുണ്യംകൂടി അഭിസംബോധന ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ സുപ്രീംകോടതി വിധിയെ വിമർശിച്ചത്.
എന്നാൽ, ഏറ്റവും നടുക്കമുണ്ടാക്കിയ കാര്യം മറ്റൊന്നാണ്. സുപ്രീംകോടതിയുടെ ഈ വിധിക്കുശേഷവും ഉത്തർപ്രദേശിൽ സംഭാലിൽ കോടതിവിധി പരസ്യമായി ലംഘിച്ചുകൊണ്ട് കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ടു. ജില്ല ഭരണകൂടവും സംസ്ഥാന ഭരണകൂടവും സുപ്രീംകോടതി വിധി ലംഘിക്കുന്ന ഈ അവസ്ഥയാണ് അഭിഭാഷകരെ മുഴുവൻ ആകുലപ്പെടുത്തേണ്ടത്.
നിയമവാഴ്ച തകർന്നാൽ, ഈ തൊഴിലിനെന്തു വില എന്ന സ്വന്തം നിലനിൽപിന്റെ ചോദ്യമെങ്കിലും ഉന്നയിക്കപ്പെടേണ്ടതല്ലേ! എന്നാൽ, നിയമവാഴ്ച തകർന്നാൽ, ജനാധിപത്യംതന്നെ തകർന്നു എന്ന വലിയ ഉത്തരത്തിലാണ് ഇനി ഇന്ത്യൻ ജനത എത്തിച്ചേരേണ്ടത്. മുമ്പ് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ തകർത്തപ്പോൾ നിയമവാഴ്ചയും കോടതി ഉത്തരവുകളും നഗ്നമായി ലംഘിച്ച അതേ ശക്തികൾ വീണ്ടും വീണ്ടും രാഷ്ട്രശരീരത്തെ ആക്രമിച്ചുതുടങ്ങിയിരിക്കുന്നു. അംബേദ്കറിന്റെ ചിന്തകളെയും ഭരണകൂട ഘടനയെയും സംബന്ധിച്ച അവരുടെ യഥാർഥ കാഴ്ചപ്പാട് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നു.
സ്റ്റീവൻ ലെവിട്സ്കിയും ഡാനിയൽ സിബ്‍ലാറ്റും ചേർന്ന് എഴുതിയ ‘ഹൗ ഡെമോക്രസീസ് ഡൈ’ എന്ന പുസ്തകത്തെക്കുറിച്ച് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. അമിതാധികാര പ്രവണതയുടെ ചില ലക്ഷണങ്ങളായി അവർ സൂചിപ്പിക്കുന്ന കാര്യങ്ങൾ നോക്കുക –നിയമവാഴ്ചയുടെ നിഷേധം, എതിരാളികളുടെ മേലുള്ള അക്രമാസക്തമായ കടന്നുകയറ്റം, അവരുടെ അന്തസ്സും പ്രസക്തിയും മാനിക്കാതിരിക്കൽ, അക്രമങ്ങൾക്കുള്ള പ്രോത്സാഹനം, എതിർശബ്ദങ്ങൾ നിഹനിക്കാനുള്ള ആവേശം.

ജസ്റ്റിസ് ശേഖർ യാദവ്, ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ
ഇതെല്ലാം ഇന്ത്യയടക്കമുള്ള പല രാഷ്ട്രങ്ങളിലും ഇന്നു കാണാം. ഇത് ഭരണകൂടത്തിന് അനുകൂലമായ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച പഴയ ചിന്തകളെപ്പോലും കാലഹരണപ്പെട്ടതാക്കുന്നു. വലതുപക്ഷ ലിബറലായ മുറെ റോത്ബാർഡ് തന്റെ ‘അനാട്ടമി ഓഫ് ദ സ്റ്റേറ്റി’ൽ നീതിന്യായ സംവിധാനങ്ങൾ എങ്ങനെ ഭരണകൂടത്തിന്റെ ചെയ്തികൾക്കൊപ്പം നിന്ന് ഒരു വ്യവസ്ഥയുടെ ‘സ്റ്റാറ്റസ്കോ’ നിലനിർത്താൻ സഹായിക്കുന്നുവെന്നെഴുതി. നീതിന്യായവ്യവസ്ഥ ആത്യന്തികമായി നിലവിലുള്ള അതിക്രമ രാഷ്ട്രീയത്തിൽനിന്നും സ്വതന്ത്രമല്ലെന്ന് തന്റെ വിവാദ ഗ്രന്ഥമായ ‘ദ പൊളിറ്റിക്സ് ഓഫ് ദ ജുഡീഷ്യറി’യിൽ ജെ.എ.ജി. ഗ്രിഫ്ത്തും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചയെയും കോടതിയടക്കമുള്ള സ്ഥാപനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് പുതിയ ലോകത്തെ ഓട്ടോക്രസികൾ മനുഷ്യരാശിക്ക് ഭീഷണിയാകുന്നത്. ഇന്ത്യയിലും കാണുന്ന ഈ പ്രവണതയെ സ്റ്റീവൻ ലെവിട്സ്കിയും ഡാനിയൽ സിബ്‍ലറ്റും നേരത്തേ പറഞ്ഞ പുസ്തകത്തിൽ ശരിയായി വിലയിരുത്തിയിട്ടില്ല എന്നാണെന്റെ പക്ഷം. 2017ൽ ഇന്ത്യൻ ജനാധിപത്യം സുദൃഢമായി നിലനിന്നുവെന്ന അവരുടെ പരാമർശത്തെ ഞാൻ ‘കോൺസ്റ്റിറ്റ്യൂഷനൽ കൺസേൺസി’ൽ വിമർശിക്കാനുണ്ടായ സാഹചര്യവും ഇതാണ്.
ഇന്ത്യയിലെ ഭൂരിപക്ഷ വർഗീയതയുടെ നിയമനിഷേധത്തിന് അവരുടെ ഉൽപത്തിയോളം തന്നെ പഴക്കമുണ്ട്. എന്നിരിക്കെ, 2014ന് ശേഷം വിശേഷിച്ചും ഇന്ത്യൻ ജനാധിപത്യം അരക്ഷിതമായി എന്നു മാത്രമേ പറയാനാകൂ. ഇന്ത്യൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മൂല്യനിരാസം കാരണം ദുർബലമാക്കപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് ഞാനും എന്റെ സുപ്രീംകോടതിയിലെ തൊഴിൽജീവിതം തുടർന്നുവന്നത് എന്നത് ഒരു വസ്തുത മാത്രമാണ്.
എന്നാൽ, ഇതെല്ലാമായിട്ടും ഇന്ത്യയിലെ സാധാരണ മനുഷ്യർ ഇന്നും കോടതിയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് സ്വന്തം ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്യുന്നു. കുടുംബ നിയമങ്ങളെ മാനുഷീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആന്ധ്രയിൽനിന്നും സുലോചനാ റാണി, വൻകിട കമ്പനികൾ ഫ്ലാറ്റ് വിൽപനയിൽ നടത്തുന്ന തട്ടിപ്പുകളെ ചോദ്യംചെയ്തുകൊണ്ട് കൽക്കത്തയിൽനിന്ന് ഉത്തംദാസ്, ഇന്ത്യയിലെ ഔഷധവിപണന മേഖലയിലെ നടുക്കുന്ന ചൂഷണങ്ങളെ ചോദ്യംചെയ്തുകൊണ്ട് കോഴിക്കോെട്ട സൂരജ് എന്നിവർ എന്റെയടുത്തുവന്നു. അവർ കൈയിലെ പണം ചെലവഴിച്ച് സുപ്രീംകോടതിയിൽ ഹരജികൾ നൽകിയത് അവരവർക്കു മാത്രമായി എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചുകൊണ്ടല്ല. സ്വയം പരസ്യപ്പെടുത്തുന്നതിനുവേണ്ടിയുമായിരുന്നില്ല, ഈ ഹരജികൾ.
തെരഞ്ഞെടുപ്പുകളുടെ സുതാര്യതക്കുവേണ്ടിയും ആരാധനാലയ നിയമത്തിന്റെ അതുവഴി ഇന്ത്യൻ മതേതരത്വത്തിന്റെ ശരിയായ നടത്തിപ്പിനുവേണ്ടിയും കേരളത്തിൽനിന്നടക്കം സാധാരണ മനുഷ്യർ എന്നോട് സുപ്രീംകോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതും ആത്യന്തികമായി നമ്മുടെ ഭരണഘടനയിലും അതിന്റെ നിർമാതാക്കളിലും സ്ഥാപനങ്ങളിലുമുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടു മാത്രമാണ്. അല്ലാതെ അതെല്ലാം ഒരു അഭിഭാഷകന്റെ വ്യക്തിഗതമായ നേട്ടം മാത്രമാണെന്ന് ചുരുക്കിക്കാണുന്നത് മൗഢ്യമായിരിക്കും. ഇത്തരം സാധാരണ മനുഷ്യരുടെ കൈയിലാണ്, അല്ലാതെ അധികാരത്തിനുവേണ്ടി ആഭിചാരങ്ങൾക്ക് മടിക്കാത്ത ‘കുലീനവർഗ’ത്തിന്റെ കൈയിലല്ല, രാജ്യവും അതിന്റെ ഭരണഘടനയും സംരക്ഷിതമാകുന്നത്. എന്റെ തൊഴിൽ എന്നെ പഠിപ്പിച്ചതും മറ്റൊന്നല്ല.
* * *
ഈ കുറിപ്പുകളില്‍ ഞാന്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒന്നാണ് പ്രമുഖ അക്കാദമിക്കായ എന്‍.ആര്‍. മാധവമേനോനുമായുള്ള ബന്ധം. ഇന്ത്യയില്‍ നാഷനല്‍ ലോ സ്കൂളുകള്‍ എന്ന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മേനോന്‍ സാര്‍ ഇന്ന് നമുക്കൊപ്പം ഇല്ല. എനിക്കും അദ്ദേഹം ഗുരുതുല്യനായിരുന്നു. പലപ്പോഴും വിമാനയാത്രകളില്‍ വെച്ച് അദ്ദേഹം എനിക്ക് നിയമരംഗത്തെ പുതിയ പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുതന്നു. നാഷനല്‍ ലോ സ്കൂളുകള്‍ നിലവില്‍ വന്നതോടെ വിദ്യാര്‍ഥികള്‍ നിയമ വിദ്യാഭ്യാസത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി.
എന്നാല്‍, നാഷനല്‍ ലോ സ്കൂളുകളില്‍ പഠിച്ചു പുറത്തിറങ്ങുന്നവരില്‍ ഒരു ചെറിയ വിഭാഗമാണ് കോടതിയിലെ വ്യവഹാര മേഖലയിലേക്ക് വരുന്നത്. മറ്റു പലരും ഉന്നത ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി സ്വീകരിക്കുന്നു. സാധാരണ ലോ കോളജുകളില്‍നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും വ്യവഹാര മേഖലയില്‍ മറ്റാരെയുംപോലെ ശോഭിക്കാന്‍ കഴിയുന്നുണ്ട്. നിയമവിദ്യാലയത്തിന് പുറത്തെ വായനയും തയാറെടുപ്പും ഇടപെടലുമെല്ലാം ചേര്‍ന്നാണ് മെച്ചപ്പെട്ട അഭിഭാഷകരെ സൃഷ്ടിക്കുക. നാഷനല്‍ ലോ കോളജുകളിലൂടെ ഇന്ത്യയിലെ നിയമ വിദ്യാഭ്യാസ ഭൂമികയെ മാറ്റിമറിച്ച മാധവ മേനോന്‍ സാര്‍ നിയമ വിദ്യാഭ്യാസം നടത്തിയത് പരമ്പരാഗത കോളജുകളിലാണെന്നത് മറക്കാതിരിക്കുക!
(തുടരും)