ഇന്ത്യൻ ജനാധിപത്യത്തിന്റെ തടവുജീവിതം

ഇന്ത്യൻ ജയിലറകളിലെ ‘കുറ്റവാളി’കളുടെ ബാഹുല്യവും വിചാരണ തടവുകാരുടെ എണ്ണത്തിലുള്ള വർധനയും വിചാരണകളില്ലാത്ത തടവും രാഷ്ട്രീയ തടവുകാരിലുണ്ടായ വർധനയും ജയിലിലെ മരണ നിരക്കുമെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന സാമുദായിക സമഗ്രാധിപത്യ ഭരണകൂടത്തിന്റെ വെല്ലുവിളിയെയാണെന്ന് ലേഖകൻ വാദിക്കുന്നു.
‘‘നമ്മൾ നിസ്സഹായരാവുന്നു,
നമ്മുടെ വികാരങ്ങൾക്ക് പൂട്ടിടുന്നു,
സ്നേഹം തടവറയിലാവുന്നു,
ചിന്തകൾക്ക് കയ്യാമം വെക്കുന്നു,
വാക്കുകൾക്ക് വിലങ്ങിടുന്നു,
നമ്മുടെ ഭാഷ നമ്മളിൽനിന്നും
കവർന്നെടുക്കുന്നു.’’
(ജി.എൻ. സായിബാബ)
ഒരു ചക്രക്കസേരയിലിരുന്ന് ജയിലറയുടെ മതിലുകൾ നോക്കി കവിയും സാമൂഹികപ്രവർത്തകനും അധ്യാപകനുമായ ജി.എൻ. സായിബാബ കത്തുകളിലൂടെയും കവിതകളിലൂടെയും ലോകത്തോട് സംസാരിച്ചു. കവിതയും ഇരുണ്ടകാലത്തെ സമരജീവിതത്തിന്റെ ഓർമയും ബാക്കിയാക്കി 2024 ഒക്ടോബർ 12ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. 2014 മേയ് ഒമ്പതിനാണ് മാവോവാദിബന്ധം ആരോപിച്ച് യു.എ.പി.എ പ്രകാരം സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. ഇരുണ്ട ജയിലറയുടെ കഠിനകാലം പിന്നിടുമ്പോഴേക്കും പത്തുവർഷം കഴിഞ്ഞിരുന്നു.
സായിബാബയോടൊപ്പം ജയിലിലായ അഞ്ചുപേരിൽ ഒരാൾ ജയിലിൽ തന്നെ മരണപ്പെട്ടു. ഇന്ത്യൻ ജയിലുകളിൽ പല കേസുകളിലായി നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ വിചാരണ തടവിലുണ്ട്. എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട് നിരപരാധിത്വം തെളിയിക്കാൻ വിചാരണ കാത്തുകിടക്കുന്ന രാഷ്ട്രീയ തടവുകാരെ സംബന്ധിച്ചു ആശയറ്റ ജീവിതമാണ് അവശേഷിക്കുന്നത്.
ഭീമ-കൊറേഗാവും പതിനാറുപേരും
1818 ജനുവരി ഒന്നിന്ന് ഭീമ-കൊറേഗാവ് ഗ്രാമത്തിനടുത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും പേഷ്വാ ഭാജിറാവു രണ്ടാമന്റെയും വലിയ പടയോട് മഹർ പോരാളികൾ നടത്തിയ ചെറുത്തുനിൽപിന്റെ ഇരുനൂറു വർഷം തികയുന്ന സന്ദർഭത്തിൽ 2017 ഡിസംബർ 31ന് ചേർന്ന ‘എൽഗാർ പരിഷത്ത്’ യോഗമാണ് കേസിന് നിദാനം. 2018 ജനുവരി ഒന്നിന് ദലിതരും മഹാരാഷ്ട്ര ഗ്രൂപ്പും തമ്മിലുണ്ടായ അക്രമസംഭവത്തിന്റെ പേരിൽ ‘എൽഗാർ പരിഷത്ത്’ യോഗത്തിൽ പങ്കെടുത്ത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കേസെടുക്കുകയാണുണ്ടായത്. ഹിന്ദു ജനജാഗ്രത സമിതി (HJS)യുടെ പരാതിയിന്മേലാണ് നടപടി എന്നും ഓർമിക്കണം.
മറാത്തി മാഗസിൻ ‘വിദ്രോഹി’യുടെ എഡിറ്റർ സുധീർ ധാവ്ളെ, വിമൻ റൈറ്റ്സ് ആക്ടിവിസ്റ്റും അധ്യാപികയുമായിരുന്ന ഷോമ സെൻ, പാർശ്വവത്കരിക്കപ്പെട്ടവരുടെ വക്കീൽ സുരേന്ദ്ര ഗാഡ് ലിങ്, രാഷ്ട്രീയ തടവുകാർക്കുവേണ്ടി പ്രവർത്തിക്കുന്ന റോണ വിൽസൺ (റോണ വിൽസണും സുധീഷ് ധാവ്ലെക്കും കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചു), പ്രധാനമന്ത്രിയുടെ റൂറൽ ഡെവലപ്മെന്റ് ഫെലോ ആയി പ്രവർത്തിച്ചിരുന്ന ലാൻഡ് റൈറ്റ്സ് ആക്ടിവിസ്റ്റ് മഹേഷ് റാവത്, മുമ്പ് മാവോവാദി ചാപ്പ കുത്തപ്പെട്ട അരുൺ ഫെറൈറ, വിപ്ലവകവി വരവര റാവു, അക്കാദമീഷ്യനും സാമൂഹികപ്രവർത്തകനുമായ വേർണം ഗോൺസാൽവ്സ്, തൊഴിലാളി നേതാവും വക്കീലുമായ സുധ ഭരദ്വാജ്, എഴുത്തുകാരനും അക്കാദമീഷ്യനുമായ ആനന്ദ് തെൽതുംബ്ഡെ, മനുഷ്യാവകാശ പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഗൗതം നവ് ലാഖ, ആദിവാസി അവകാശപ്പോരാളിയും പുരോഹിതനുമായ ഫാദർ സ്റ്റാൻ സാമി, ഡൽഹി സർവകലാശാല അധ്യാപകനും സാമൂഹികപ്രവർത്തകനുമായ ഹാനി ബാബു, കബീർ കലാമഞ്ചിന്റെ പ്രവർത്തകരായ സാഗർ ഗോർഖ, രമേഷ് ഗായ്ച്ചോർ, ജ്യോതി ജഗ്തപ് എന്നിങ്ങനെ 16 പേർക്കെതിരെയാണ് കേസെടുത്തത്.
എൽഗാർ പരിഷത്ത് കേസിൽ ഇന്ന് ജയിലിൽ കഴിയുന്ന ഏഴു പേർ തങ്ങളെ കോടതിയിൽ ഹാജരാക്കാത്ത പൊലീസ് നടപടിയിലും നിയമനടപടി വൈകുന്നതിലും പ്രതിഷേധിച്ച് നിരാഹാരമനുഷ്ഠിച്ച വാർത്തയും പുറത്തുവന്നിരുന്നു. അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) എന്ന സംഘടനയുടെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 17നു ഡൽഹിയിൽ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽനിന്നുള്ള ജനാധിപത്യവാദികൾ ഒത്തുചേരുകയുണ്ടായി.
ഇന്ത്യൻ തടവറയിലെ രാഷ്ട്രീയ തടവുകാരെ അടിയന്തരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യോഗം ചേർന്നത്. നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെയും ജനാധിപത്യവാദികളെയും നിശ്ശബ്ദരാക്കാനാണ് യു.എ.പി.എപോലുള്ള നിയമങ്ങൾ ഉപയോഗിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ജയിലറകളിൽ കൊടിയ അനീതികളെ ഏറ്റു വാങ്ങുന്ന ജനാധിപത്യ പോരാളികൾക്കു വേണ്ടി ചെറുതും വലുതുമായ ശബ്ദമുയരേണ്ടത് അനിവാര്യമാണ്.
കാമ്പസുകളുടെ ജയിൽ ജീവിതം
2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം രാഷ്ട്രീയ തടവുകാരുടെ എണ്ണം ഗണ്യമായി വർധിച്ചത് ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നതിന്റെ സൂചനയാണ്. വിദ്യാർഥികൾ, അധ്യാപകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ദലിത് ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ എന്നിങ്ങനെ തടവിലുള്ള ജനാധിപത്യവാദികളുടെ പട്ടികയിൽ പുതിയ പേരുകൾ എഴുതിച്ചേർക്കപ്പെടുകയാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾക്കെതിരെ രാജ്യം ശ്രദ്ധിച്ച പ്രക്ഷോഭങ്ങൾ ഉയർന്നുവന്ന സ്ഥലങ്ങളിലൊന്ന് ഇന്ത്യയിലെ സർവകലാശാലകളാണ്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ 2016ൽ പ്രതിഷേധ കവിതാ സമ്മേളനം സംഘടിപ്പിച്ചതിന് ഉമർ ഖാലിദ്, കനയ്യ കുമാർ, അനിർബൻ ഭട്ടാചാര്യ എന്നിവരുൾപ്പെടെ 10 പേർക്കെതിരെ രാജ്യദ്രോഹ നിയമ (Sec 124 A) പ്രകാരം കേസു ചുമത്തി.
സംഘ്പരിവാർ സൈബർ സംഘവും ഒരു വിഭാഗം മാധ്യമങ്ങളും വിദ്യാർഥികളെ ‘തുക്ഡേ തുക്ഡേ ഗ്യാങ്’ എന്ന് മുദ്രെവച്ചു. എന്നാൽ, വിദ്യാർഥികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ പലതും പിൻവലിക്കപ്പെട്ടു. പക്ഷേ, സി.എ.എ വിരുദ്ധ സമരത്തിനുശേഷം 2020ലെ ഡൽഹി കലാപത്തെ തുടർന്ന് കലാപാസൂത്രണ കുറ്റം ചുമത്തി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചുവർഷക്കാലമായി വിചാരണ തടവിലുള്ള ഉമർ ഖാലിദിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ജാമ്യവുമില്ല വിചാരണയുമില്ല (No trail No bail) എന്നത് ഭരണകൂടമുയർത്തുന്ന ജനാധിപത്യവിരുദ്ധ മുദ്രാവാക്യമായി മാറി. വിചാരണകൾക്ക് അവസരമില്ലാത്ത തടവാണ് മറ്റ് പലരെയുമെന്നപോലെ ഉമർ ഖാലിദും അനുഭവിക്കുന്നത്. പൗരന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം നിഷേധിക്കുന്നു എന്നതാണ് വിചാരണപോലും ആരംഭിക്കാത്തതിലൂടെ വെളിപ്പെടുത്തുന്നത്.
2020 മേയ് 23ന് സി.എ.എ വിരുദ്ധ സമരത്തെ തുടർന്ന് ജെ.എൻ.യു ഗവേഷക വിദ്യാർഥികളും വിമൻ കലക്ടിവ് (Pinjra Top) പ്രവർത്തകരുമായ നടാഷ നർവാളും ദേവാംഗന കലിതയും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചെങ്കിലും അപ്പോൾത്തന്നെ അവരുടെ പേരിൽ വധശ്രമം, കലാപശ്രമം എന്നതെല്ലാം ചേർത്ത് യു.എ.പി.എ ചുമത്തി മറ്റൊരു കേസെടുത്തു. എന്നാൽ, 2021ൽ ജാമ്യാപേക്ഷ പരിഗണിച്ച് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, അനുപ് ജയറാം ബംബാനി എന്നിവരടങ്ങിയ ബെഞ്ച് ജനാധിപത്യ പ്രതിഷേധങ്ങളെ അടിസ്ഥാനമില്ലാതെ തീവ്രവാദത്തിന്റെ ചാപ്പ കുത്തുന്നതിനെ നിശിതമായി വിമർശിച്ചു.
അതേ സന്ദർഭത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ജാമിഅ മില്ലിയ്യ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹയും സമാനമായ നിലയിൽ യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ ജാമ്യം നേടി പുറത്തുവന്നതാണ്. ഉമർ ഖാലിദിനെപ്പോലെത്തന്നെ അനീതിയുടെ നെറികേടുകളേറ്റുവാങ്ങി മോചനം കാത്തുകഴിയുന്ന വിദ്യാർഥികളിൽ ജാമിഅ മില്ലിയ്യ സർവകലാശാല ഗവേഷകനും രാഷ്ട്രീയ ജനതാദൾ യൂത്ത് വിങ് പ്രസിഡന്റുമായ മീരാൻ ഹൈദർ, ജെ.എൻ.യു ഗവേഷകൻ ഷർജീൽ ഇമാം, ഡൽഹി സർവകലാശാല വിദ്യാർഥിയായിരുന്ന ഗുൽഫിഷ ഫാത്തിമ എന്നിവരുമുണ്ട്. സമഗ്രാധിപത്യ ഭരണകൂടത്തോട് സംശയലേശമന്യേ ചെറുത്തുനിന്ന ചരിത്രമാണ് കാമ്പസുകൾക്കുള്ളത്. സംഘ്പരിവാർ ഭരണകൂടം ഉൽപാദിപ്പിക്കുന്ന വെറുപ്പിന്റെ മർദനോപാധികൾക്കുനേരെ സ്നേഹത്തിന്റെ റോസാപ്പൂക്കളുയർത്തി ചെറുത്തുനിന്ന കാമ്പസുകളെ തടവറകൊണ്ട് മൂടിവെക്കാൻ ശ്രമിക്കുകയാണ് ഭരണകൂടം.
ജയിലറ കാണുന്ന ജനാധിപത്യ ഇന്ത്യ
ഇന്ത്യൻ ജനാധിപത്യത്തിൽ അംബേദ്കറിനുണ്ടായിരുന്ന പ്രധാന ആശങ്കകളിൽ ഒന്ന് ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്റെ ജനാധിപത്യമാണെന്നിരിക്കെ ഭൂരിപക്ഷം ഒരു കമ്യൂണൽ ഭൂരിപക്ഷമാവുകയും, ജനാധിപത്യം കമ്യൂണൽ ‘ജനാധിപത്യ’മായി മാറുകയും ചെയ്യുമെന്നുള്ളതായിരുന്നു. വർത്തമാനകാല ഇന്ത്യ അംബേദ്കറിന്റെ ആശങ്കകളെ ശരിവെക്കുന്നതായി മാറിയിരിക്കുന്നു. ജനകീയ പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടുവരുകയും ജനാധിപത്യ വിരുദ്ധതകളെയും ഭരണഘടനാ അട്ടിമറി ശ്രമങ്ങളെയും തുറന്നുകാണിക്കുകയും ചെയ്യുന്ന സാമൂഹികപ്രവർത്തകരെ തുറുങ്കിലടച്ചതിന് എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്.
ഇന്ത്യയിൽ ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകരിൽ മലയാളിയായ സിദ്ദീഖ് കാപ്പനുമുണ്ട്. ഹാഥ്റസിലെ 19കാരിയായ പെൺകുട്ടിയെ ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്ത് കൊന്ന സന്ദർഭത്തിലാണ് ‘ഹാഥ്റസ് ഗൂഢാലോചന’ എന്ന പേരിൽ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഹാഥ്റസിൽ ആരെയും പ്രവേശിപ്പിക്കാതെ തിരക്കിട്ട് പെൺകുട്ടിയുടെ മൃതശരീരം ദഹിപ്പിച്ചത് നാം മറന്നിട്ടില്ല. ഭരണകൂടം എന്തെല്ലാം കാരണം നിരത്തിയാലും ഹാഥ്റസ് സംഭവം ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചു എന്നതു തന്നെയാണ് സിദ്ദീഖ് കാപ്പൻ ചെയ്ത ‘രാജ്യദ്രോഹ’ പ്രവർത്തനം. 28 മാസക്കാലത്തെ തടവുജീവിതം കഴിഞ്ഞാണ് സിദ്ദീഖ് കാപ്പൻ പുറത്തിറങ്ങിയത്.
‘കാശ്മീർ നരേറ്റർ’ മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താൻ ദീർഘമായ 6 വർഷമായി ജയിലിലാണ്. സാമൂഹിക പ്രവർത്തകൻ ഖാലിദ് സൈഫിയെ സി.എ.എ വിരുദ്ധസമരത്തിനു ശേഷം ഡൽഹി കലാപത്തിന്റെ ആസൂത്രണകുറ്റം ചുമത്തി 2020ൽ അറസ്റ്റ് ചെയ്തതാണ്. ഇന്നും തടവറയിൽ നീതിന്യായ കോടതിയുടെ നീണ്ടുപോകുന്ന വിചാരണകളെ കാത്തിരിക്കുകയാണ് അദ്ദേഹം.
2020ൽ അറസ്റ്റിലായ ഇസ്റത്ത് ജഹാൻ ഒരു വർഷം കഴിഞ്ഞാണ് മോചിതയായത്. എ.എ.പി കൗൺസിലറായിരുന്ന താഹിർ ഹുസൈൻ 4 വർഷക്കാലമായി ജയിലിലാണ്. 2020ൽ സി.എ.എ വിരുദ്ധ സമരം അനേകം സാമൂഹിക പ്രവർത്തകരുടെ അറസ്റ്റിന് വഴിവെച്ചിട്ടുണ്ട്. അസമിലെ എം.എൽ.എയും കർഷക നേതാവുമായ അഖിൽ ഗൊഗോയ് സി.എ.എ വിരുദ്ധ സമരത്തെ തുടർന്ന് ഒരു വർഷക്കാലം ജയിൽവാസം അനുഭവിച്ചു. ‘ഷില്ലോങ് ടൈം’ എഡിറ്റർ പട്രീഷ്യ മുഖിം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഗുജറാത്തിലെ മുസ്ലിം വംശഹത്യയുടെ ഭാഗമായി നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്ത് സർക്കാറിനെതിരെ മൊഴി നൽകി എന്നതാണ് സഞ്ജീവ് ഭട്ടിനെതിരായി അന്വേഷണം നടക്കാൻ കാരണം. കഴിഞ്ഞ അഞ്ചു വർഷക്കാലമായി സഞ്ജീവ് ഭട്ട് തടവറയിലാണ്. സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെതിരായി ഉയർന്ന ജയിൽഭീഷണിയും ഗുജറാത്ത് വംശഹത്യയുടെ ഗൂഢാലോചനയെ തുറന്നു കാണിച്ചതിനാണ്.
2014നു ശേഷം നടന്ന സമഗ്രാധിപത്യ ഭരണകൂട ഭീകരതയുടെ അടിച്ചമർത്തലും ജയിൽ ഭീഷണിയും നേരിട്ടവരുടെ ലിസ്റ്റ് യഥാർഥത്തിൽ അപൂർണമാണ്. നിരക്ഷരരും ദലിതരും ദരിദ്രരും മതന്യൂനപക്ഷവും രാഷ്ട്രീയ എതിരാളികളും ഉൾപ്പെടെ ഒരു നീണ്ട നിരതന്നെ അവശേഷിക്കുന്നുണ്ട്. ബി.ജെ.പി സർക്കാറിന്റെ ജയിൽഭീഷണി നേരിട്ട രണ്ട് മുഖ്യമന്ത്രിമാരുമുണ്ട്. ഹേമന്ത് സോറനും അരവിന്ദ് കെജ്രിവാളും. ഒന്നുകിൽ ബി.ജെ.പി അല്ലെങ്കിൽ ജയിലറ എന്നത് ഭരണകൂടം രാഷ്ട്രീയ നേതൃത്വത്തിന് നേരെ ഉയർത്തുന്ന ഭീഷണി മുദ്രാവാക്യമായി മാറി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ചേരിക്കുണ്ടായ പിന്തുണ ആശ്വാസകരമെങ്കിലും ഭരണകൂട ഭീകരതയുടെയും വെറുപ്പിൽ കെട്ടിപ്പൊക്കിയ സാമുദായിക ഭൂരിപക്ഷത്തിന്റെ ഭീഷണിയുടെയും ഭീതി ഒരുപോലെ തുടരുന്നുണ്ട്.
ജി.എൻ. സായിബാബ,വരവരറാവു,ആനന്ദ് തെൽതുംബ്ഡെ,ഫാ. സ്റ്റാൻ സാമി,അബ്ദുന്നാസർ മഅ്ദനി,ഉമർ ഖാലിദ്,ശർജീൽ ഇമാം,ഗുൽഷിഫ ഫാതിമ
ഭയം ഭരണഘടനയാവുന്ന രാജ്യം
1996ൽ കശ്മീരിൽനിന്ന് നേപ്പാളിൽ ജോലിക്ക് പോയ മുഹമ്മദ് അലി ബട്ടിനെ ലാജ്പത് നഗർ സ്ഫോടനക്കേസിലാണ് അറസ്റ്റ് ചെയ്തത്. ഭരണകൂടം വിധിച്ച ശിക്ഷയുടെ ഭാഗമായി ജയിലിൽ കിടന്ന ബട്ട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പുറത്തിറങ്ങുമ്പോൾ ജീവിതത്തിലെ 23 വർഷം നഷ്ടപ്പെട്ടിരുന്നു. ലത്തീഫ് അഹമ്മദ് വാസയും മിസ്ര നിസാറും ബട്ടിനൊപ്പം ജയിൽവാസം അനുഭവിച്ചവരാണ്. 23 വർഷ കാലയളവ് സൂചിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മറവിലിരുന്നുള്ള ഒളിഭരണത്തിന്റെ (deep state) രാഷ്ട്രീയ താൽപര്യത്തെയാണ്. ഇന്ത്യൻ ദേശീയതയുടെ മറപറ്റി സ്വാതന്ത്ര്യസമര കാലത്തുതന്നെ ജനാധിപത്യത്തിന്റെ സമാന്തരമായി വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വേരുറപ്പിക്കാനുള്ള ശ്രമം ഹിന്ദുത്വം നടത്തിയിട്ടുണ്ട്.
ദേശീയത ഒരു വിനാശകരമായ ആശയമാണ് (Nationalism is a menace) എന്ന ടാഗോറിന്റെ വീക്ഷണം ഇതിനോട് ചേർത്ത് വായിക്കണം. ടാഗോർ സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുകയും ദേശസ്നേഹം തന്റെ ഒരു ആത്മീയ അഭയ കേന്ദ്രമല്ലെന്നു സ്പഷ്ടമായി പ്രഖ്യാപിക്കുകയുംചെയ്തത് ദേശീയത എന്ന ആശയം ഇന്ത്യൻ ജനാധിപത്യത്തിൽ ഏൽപിക്കാൻ പോകുന്ന മുറിവിനെ കൂടി തിരിച്ചറിഞ്ഞിട്ടാണ്. സാഹോദര്യത്തിനും പാരസ്പര്യത്തിനും പകരം അപരവിദ്വേഷവും വെറുപ്പും മുൻനിർത്തി രാഷ്ട്രീയാധികാരം സ്ഥാപിക്കാനുള്ള ശ്രമം പല നിലയിൽ ജനസാമാന്യത്തിൽ സ്വാധീനശക്തിയായി മാറിയിട്ടുണ്ട്. അതിന്റെയെല്ലാം പരിണിത ഫലമെന്നോണമാണ് ഹിന്ദുത്വ ശക്തികൾക്ക് സാംസ്കാരികവും രാഷ്ട്രീയവുമായി അധീശത്വം സ്ഥാപിക്കാൻ സാധിച്ചത്.
മോദി സർക്കാർ അധികാരത്തിൽ വന്നശേഷം വെറുപ്പും അപര വിദ്വേഷവും രാജ്യത്തിന്റെ ആന്തരിക ചോദനയായി മാറ്റിയിട്ടുണ്ട്. മോദി അധികാരത്തിൽ വന്ന് നാലു വർഷംകൊണ്ട് 44 പേരെ പശുവിന്റെ പേരിൽ കൊലപ്പെടുത്തുകയും 100 സംഭവങ്ങളിലായി 280 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തിരുന്നു. അവരെല്ലാം പാവപ്പെട്ട കർഷകരായിരുന്നെങ്കിൽ ഭരണകൂടത്തിന്റെ ഇച്ഛയനുസരിച്ച് രക്തം പൊടിഞ്ഞവരിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമൊക്കെയുണ്ട്. മോഹൻദാസ് കരംചന്ദ് ഗാന്ധി സംഘ്പരിവാറിന്റെ വെടിയുണ്ടയേറ്റുവാങ്ങിയ അവസാനത്തെ ഇരയായിരുന്നില്ലല്ലോ.
കൽബുർഗിയും ദാബോൽകറും ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷും ഉൾപ്പെടുന്ന അനേകം മനുഷ്യർ സംഘ്പരിവാറിന്റെ വെറുപ്പിൽ ജീവൻ നഷ്ടപ്പെട്ടവരാണ്. മാലേഗാവും മക്ക മസ്ജിദും അജ്മീർ ദർഗയും, സംഝോത എക്സ്പ്രസ് സ്ഫോടനവുമെല്ലാം ഹിന്ദുത്വ ഭീകരവാദികൾ ആസൂത്രണംചെയ്ത് നടപ്പാക്കിയതായിരുന്നു. എന്നാൽ, ആ കേസുകളിലെ പ്രതികളെല്ലാം രാജ്യസ്നേഹികളായി അവരോധിക്കപ്പെടുകയും ജയിലിനു പുറത്തിറങ്ങുകയും ചെയ്തു. ഹിന്ദുത്വ ഭീകരവാദികൾ നടത്തിയ ബോംബ് സ്ഫോടനങ്ങളും ഭീകരപ്രവർത്തനങ്ങളും രാജ്യസ്നേഹത്തിന്റെ പ്രകടനങ്ങളാവുകയും തീവ്രവാദം സമം മുസ്ലിം എന്ന സമവാക്യം പൊതുബോധമായി രൂപപ്പെടുകയുംചെയ്ത ഇന്ത്യൻ രാഷ്ട്രീയ സന്ദർഭത്തെ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുെണ്ടന്ന് ചുരുക്കം.
അത്തരം പശ്ചാത്തലത്തിലാണ് ഇന്ത്യൻ ജയിലുകളിൽ വിചാരണ നടത്താതെ രാഷ്ട്രീയ തടവുകാരെ വിചാരണ തടവുകാരാക്കി ശിക്ഷാവിധി നടപ്പാക്കുന്ന ‘ജനാധിപത്യവും’ ഒളിഭരണവും’ (deep state) ആശങ്കയുണ്ടാക്കുന്നത്. രാജ്യേദ്രാഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് വിചാരണ ആരംഭിക്കാതെയും വിചാരണ നീട്ടിവെച്ചും പ്രതിഷേധിക്കുന്നവരെയും വിയോജിക്കുന്നവരെയും നിർമാർജനം ചെയ്യാനുള്ള വഴികളിലൊന്നായി വിചാരണ തടവ് മാറ്റിത്തീർക്കുകയാണ് ഭരണകൂടം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രത്യക്ഷത്തിലുള്ള നിരാസം എന്നുവേണം ഇതിനെ കരുതാൻ.
ഭരണകൂടം എപ്പോഴും ഭിന്നശബ്ദങ്ങളെയും ജനാധിപത്യ സ്വരങ്ങളെയും നിർമാർജനം ചെയ്യാൻ പലനിലയിലുള്ള മനുഷ്യവിരുദ്ധ സമീപനങ്ങൾ സ്വീകരിക്കാറുണ്ട്. സമഗ്രാധിപത്യ ഭരണകൂടത്തെ സംബന്ധിച്ച് നിയമവും നീതിന്യായവുമെല്ലാം ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തി ജനാധിപത്യത്തെ ഭയപ്പെടുത്താനുതകുന്ന വഴികളിലൊന്നാണ്. ഇന്ത്യയിലെ ജയിലുകളുടെ സാമൂഹികശാസ്ത്രം അത് സുവ്യക്തമാക്കും. 2014ന് ശേഷം വധശിക്ഷ വിധിച്ച് തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം അഞ്ചാണ്. എന്നാൽ, 2021ൽ മാത്രം ജയിലിൽ െവച്ച് മരണപ്പെട്ടിട്ടുള്ളത് 2116 പേരാെണന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യൻ നിയമവ്യവസ്ഥ എങ്ങനെയാണ് സ്വയം കോടതിയായി പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയുക. മരണപ്പെട്ടവരിൽ 90 ശതമാനം വരുന്നവരുടെയും മരണത്തെ സ്വാഭാവിക മരണം എന്നാണ് രേഖപ്പെടുത്തിയത്.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022ലെ ജയിൽ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2017ൽ 1671 പേരും 2018ൽ 1839 പേരും 2019ൽ 1764 പേരും 2020ൽ 1887 പേരും 2021ൽ 2116 പേരും 2022ൽ 1995 പേരും ജയിലിൽ െവച്ച് മരിച്ചവരാണ്. 2022ലെ 1995 മരണങ്ങളിൽ 1773 പേരുടെയും മരണത്തെ സ്വാഭാവിക മരണം എന്നാണ് രേഖപ്പെടുത്തിയത്. അതിൽ 63 പേരുടെ മരണകാരണം വ്യക്തമല്ല എന്നും 159 പേരുടെ മരണം അസ്വാഭാവിക മരണം എന്നുമാണ് രേഖപ്പെടുത്തിയത്. ജയിലിലെ മരണനിരക്കിനെ ഭരണവർഗ താൽപര്യത്തിന്റെ കൂടി പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. 2022ൽ ജയിലിൽ െവച്ചുണ്ടായ മരണങ്ങളിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 351 ‘സ്വാഭാവിക’ മരണങ്ങളും, 24 അസ്വാഭാവിക മരണങ്ങളും.
സ്വാഭാവിക മരണം എന്നതിൽ പ്രായാധിക്യമരണം എന്നും അസുഖ ബാധിതരായുള്ള മരണം എന്നും തരം തിരിക്കുന്നുണ്ട്. ചികിത്സ നിഷേധിച്ചും മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെയും ജയിലിൽ െവച്ചുതന്നെ ആളുകളെ മരണത്തിനു വിട്ടുകൊടുക്കുക എന്ന സമീപനത്തിന്റെ ഓമനപ്പേരായി ‘സ്വാഭാവിക’ മരണം എന്നത് മാറിയിട്ടുണ്ട്. ജി.എൻ. സായിബാബ വീൽചെയറിൽ ഗുരുതരരോഗങ്ങളെ അഭിമുഖീകരിച്ചപ്പോൾ ചികിത്സ നിഷേധിച്ചത് ഇതിനോട് ചേർത്തുവായിക്കണം. പാർക്കിൻസൺ രോഗിയായ 84 വയസ്സുണ്ടായിരുന്ന, സാമൂഹികപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായിരുന്ന ഫാദർ സ്റ്റാൻ സാമി ഒമ്പതുമാസത്തെ തടവുജീവിതം അതിജീവിക്കാതെ ജയിലിൽെവച്ച് മരണപ്പെട്ടതും ഓർമിക്കണം. നീതിയും ചികിത്സയും നിഷേധിക്കപ്പെട്ട് ജയിലിൽ വെച്ചുതന്നെ ജീവൻ നഷ്ടപ്പെടുന്നത് എങ്ങനെ സ്വാഭാവിക മരണമാകും എന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യൻ ജയിലുകൾ തടവുകാരാൽ കുത്തിനിറക്കപ്പെടുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയാകുന്നത്. 2014ലെ കണക്കുപ്രകാരം 4,18,539 തടവുകാരാണ് ഉണ്ടായിരുന്നത്. അതിൽത്തന്നെ 2,82,879 പേർ വിചാരണ തടവുകാരാണ്. 2022 ആയതോടെ തടവുകാരുടെ എണ്ണം 5,73,220 ആയി മാറുകയുംചെയ്തു. ഒന്നരലക്ഷം തടവുകാരിലാണ് വർധനയുണ്ടായത്. അതിൽതന്നെ 4,34,302 പേർ വിചാരണ തടവുകാരും, 4324 പേർ തടങ്കലിൽ കഴിയുന്നവരും, 1179 പേർ ‘മറ്റുള്ളവരുമാണ്’. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന ശിക്ഷിക്കപ്പെടാത്തവരെയും, തടങ്കലിലാക്കാത്തവരെയും വിചാരണ തടവുകാരല്ലാത്തവരെയും ‘മറ്റുള്ളവർ’ (others) എന്നാണ് രേഖപ്പെടുത്താറുള്ളത്. 1,33,415 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിക്കുന്നത്.
വിചാരണ തടവുകാരിലുണ്ടായ വർധന ജനാധിപത്യ ഇന്ത്യക്ക് തീരാത്ത കളങ്കമുണ്ടാക്കുന്ന ആശങ്കയാണ്. 2022ലെ കണക്കുപ്രകാരം ഇന്ത്യയിലെ തടവുകാരിൽ 75.8 ശതമാനം പേരും വിചാരണ തടവുകാരാണ് എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തെ ഭയപ്പെടുത്തുന്ന കാര്യം. ഏറ്റവും കൂടുതൽ വിചാരണ തടവുകാരുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്. 1,21,609 പേരിൽ 94,131 പേരും വിചാരണ തടവുകാരാണ് എന്ന് ഓർമിക്കണം. 64,000 തടവുകാരിൽ 57,000 പേരും വിചാരണ തടവുകാരായ ബിഹാറാണ് രണ്ടാമതുള്ളത്. 1975 ജനുവരി ഒന്നിന് 57.6 ശതമാനം വിചാരണ തടവുകാർ ഉണ്ടായിരുന്ന പശ്ചാത്തലത്തിൽ 1979ലെ ലോ കമീഷൻ റിപ്പോർട്ടിൽ ‘‘ജയിൽ ശിക്ഷിക്കപ്പെട്ടവർക്കുള്ളതാണ് അല്ലാതെ വിചാരണയിൽ കഴിയാനുള്ള താമസ സ്ഥലമല്ല’’ എന്ന് വ്യക്തമാക്കി.
എന്നാൽ, ഇന്നും വിചാരണ തടവുകാരുടെ എണ്ണം രാഷ്ട്രീയ ഉപാധികളുടെ പിൻബലത്തിൽ അനിയന്ത്രിതമായി വർധിക്കുകതന്നെയാണ്. 2014ന് ശേഷം ഇന്ത്യയിൽ നടന്ന കർഷക സമരം, കോർപറേറ്റുകൾക്കും ഭരണകൂടത്തിനുമെതിരായ തദ്ദേശീയരുടെ സമരങ്ങൾ, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ, കശ്മീരിന്റെ പ്രത്യേകപദവി പിൻവലിച്ചതിനെതിരെ തുടർന്നുണ്ടായ സമരങ്ങൾ, വിദ്യാർഥി പ്രക്ഷോഭങ്ങൾ എന്നീ പശ്ചാത്തലത്തിൽ വേണം വിചാരണ തടവുകാരുടെ എണ്ണത്തിലുണ്ടായ വർധനയെ മനസ്സിലാക്കാൻ. വേൾഡ് പ്രിസൺ ബ്രീഫിന്റെ കണക്ക് പ്രകാരം വിചാരണ തടവുകാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യ ഇന്ത്യക്ക് ആറാം സ്ഥാനമുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നിസ്സംശയം പറയാം.
ലിക്റ്റെൻസ്റ്റൈൻ, ഗാബോൻ, സാൻ മരീനോ, ഹെയ്തി, ബംഗ്ലാദേശ് എന്നിവയാണ് വിചാരണ തടവുകാരുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മോശം സാഹചര്യത്തിലുള്ള രാജ്യങ്ങൾ. അവസാനമായി ഇന്ത്യാ സർക്കാർ പുറത്തുവിട്ട 2022ലെ കണക്കുപ്രകാരം ഒരു വർഷത്തിനും രണ്ട് വർഷത്തിനുമിടയിൽ വിചാരണ തടവനുഭവിക്കുന്ന 63,502 തടവുകാരും രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനുമിടയിൽ വിചാരണ തടവനുഭവിക്കുന്ന 33,980 പേരും മൂന്ന് വർഷത്തിനും അഞ്ചു വർഷത്തിനുമിടയിൽ തടവനുഭവിക്കുന്ന 25,869 പേരും അഞ്ച് വർഷത്തിനുമേലെ തടവനുഭവിക്കുന്ന 11,448 പേരുമുണ്ട്. അതിൽ 14 വർഷം തടവനുഭവിച്ച അബ്ദുന്നാസർ മഅ്ദനിയും ഉൾപ്പെടും.
ഇന്ത്യയിലെ തടവുകാരിൽ മൃഗീയ ഭൂരിപക്ഷം വരുന്ന മനുഷ്യരും ദലിതരും ആദിവാസികളും പിന്നാക്കക്കാരും മുസ്ലിംകളുമാണ് എന്ന് നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 2022ലെ കണക്കുപ്രകാരം 4,34,302 വിചാരണ തടവുകാരിൽ 90,951 പട്ടിക ജാതി വിഭാഗത്തിൽപെടുന്നവരും 40,221 ആദിവാസികളും 1,55,864 മറ്റു പിന്നാക്ക വിഭാഗവും 83,968 മുസ്ലിംകളും 20,303 സിഖുകാരും 10,867 ക്രിസ്ത്യാനികളും ഉൾപ്പെടും. അങ്ങനെ വരുമ്പോൾ വിചാരണ തടവുകാരിൽതന്നെ 85 ശതമാനം പേർ ദലിതരും ആദിവാസികളും പിന്നാക്കക്കാരും മുസ്ലിംകളുമാണ് എന്ന് ചുരുക്കം.
ഇതിൽതന്നെ ഭൂരിഭാഗം വരുന്ന ആദിവാസികളുടെയും തടവുജീവിതം ‘ജലം, ഭൂമി, കാട്’ (ജൽ, ജമീൻ, ജംഗിൾ) എന്ന മുദ്രാവാക്യത്തിന്റെ പരിണിതഫലമാണ്. 2022ലെ ഐ.പി.ആർ .ഐ (Indigenous People Rights International) റിപ്പോർട്ട് ആദിവാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, ആദിവാസികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ സംരക്ഷിക്കൽ, ആദിവാസികളിലെ കുറ്റവാളിവത്കരണം എന്നിവയെ പരാമർശിക്കുന്നുണ്ട്.ആദിവാസികളെ കുറ്റവാളികളായി കാണുന്ന പ്രവണത കൊളോണിയൽ കാലത്തുമുണ്ട്. 1871ലെ 150 ആദിവാസി വിഭാഗങ്ങളെ ക്രിമിനലുകളായി പ്രഖ്യാപിച്ച ക്രിമിനൽ ട്രൈബൽ ആക്ട് അതിനു ഉദാഹരണമാണ്.
‘മറ്റുള്ളവർ’ എന്ന പേരിൽ തടവിലുള്ളവരിൽ 1179 പേരിൽ 620 പേരും മുസ്ലിംകളാണ്. ആദിവാസികളെ ക്രിമിനലുകളായി കാണുന്നതിന് സമാനമായി മുസ്ലിംകളെയും ക്രിമിനലുകളായി കാണുന്ന പ്രവണത അസാധാരണമാം വിധം പൊതുബോധമായി രൂപപ്പെട്ടിട്ടുണ്ട്. 2019ലെ സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇൻ ഇന്ത്യ’ റിപ്പോർട്ട് മുസ്ലിംകൾക്കും ദലിതർക്കും ആദിവാസികൾക്കുമെല്ലാം എതിരായി പക്ഷപാതം രൂപപ്പെട്ടത് വ്യക്തമാക്കുന്ന ഒന്നാണ്. മുസ്ലിംകളും ദലിതരുമെല്ലാം ‘കുറ്റവാസന’ ജന്മനാ പേറുന്നവരാണെന്ന് കരുതുന്നവരാണ് ഇന്ത്യയിലെ പൊലീസ് സംവിധാനം എന്ന് റിപ്പോർട്ട് തെളിവ് വെക്കുന്നുണ്ട്.
മുൻവിധിയിൽ കെട്ടിപ്പൊക്കിയ ‘എളുപ്പത്തിൽ കുറ്റവാളികളാവുന്നവർ’ എന്ന ഗണത്തിൽ വരുന്നവരുടെ ലിസ്റ്റിൽ മുസ്ലിംകളും ആദിവാസികളുമൊക്കെയാണുള്ളത് എന്ന് ചുരുക്കം. അതേ മുൻവിധി ഒരു പൊതുബോധമായും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന് സമകാലിക ജീവിതപരിസരം തെളിയിക്കുന്നുണ്ടല്ലോ. ചില പഠനങ്ങളുടെ പശ്ചാത്തലത്തിൽ ടിസ്സിലെ (Tata Institute of Social science) സെന്റർ ഫോർ ക്രിമിനോളജി ആൻഡ് ജസ്റ്റിസിലെ അധ്യാപകൻ പ്രഫസർ വിജയ് രാഘവൻ ഇന്ത്യൻ ജയിലുകളിലെ വിചാരണ തടവുകാരെ നിരീക്ഷിക്കുന്നുണ്ട്. വിചാരണ തടവുകാരിൽ ന്യൂനപക്ഷ വിഭാഗങ്ങൾ വർധിക്കുന്നതിന് രണ്ട് കാരണങ്ങളെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
ഖാലിദ് സൈഫി,മീരാൻ ഹൈദർ,സഫൂറ സർഗാർ,റോണ വിൽസൺ
ഒന്നാമത് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സേവനങ്ങൾ, പൊതു പദ്ധതികൾ തുടങ്ങിയ മേഖലകളിലേക്ക് ന്യൂനപക്ഷ സമൂഹത്തിൽപ്പെട്ടവർക്കുള്ള അവകാശ ലഭ്യതയുടെ കുറവ്. ഇത്തരം അവസരക്കുറവ് അവരുടെ പിന്നാക്കാവസ്ഥ വർധിപ്പിക്കുകയും, ചിലപ്പോൾ അവരെ നിയമവിരുദ്ധ തൊഴിൽ മേഖലകളിലും ജീവിതരീതികളിലേക്കും തള്ളിക്കൊണ്ടുപോകാൻ കാരണമാകുകയുംചെയ്യാം.
രണ്ടാമത്, ഗവേഷകർ സൂചിപ്പിക്കുന്ന ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിലെ പക്ഷപാതം എന്നതാണ്. ഇത്തരം സമുദായങ്ങളിലെ ആളുകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ വ്യവസ്ഥക്കുള്ള മുൻവിധിയും താൽപര്യവുമാണത്. ഇത് സൂചിപ്പിക്കുന്നത് സാമ്പത്തികവും സാമൂഹികവുമായ അവഗണനയും നീതിന്യായ വ്യവസ്ഥയിലെ ഏകപക്ഷീയവും മുൻവിധിയോടെയുള്ളതുമായ പക്ഷപാതപരമായ നീതി നിർവഹണത്തെയുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദലിതരും ആദിവാസികളും മുസ്ലിംകളും പിന്നാക്കക്കാരും ഉൾപ്പെടുന്ന ജയിൽ ഉത്തർപ്രദേശിലാണ് എന്നത് അസ്വാഭാവികമായ അനീതിയെ ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ തടവുകാരിൽ 68 ശതമാനം മനുഷ്യർ നിരക്ഷരരുമാണ്. ദരിദ്രരും നിരക്ഷരരുമായ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചു ജാമ്യ തുകകൾ കെട്ടിവെക്കാനോ, കോടതി വ്യവഹാരങ്ങളിൽ ഇടപെടാനോ കഴിയുന്നില്ല എന്നതും വലിയൊരളവിൽ അവരുടെ തടവറ ജീവിതത്തെ ദീർഘിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ ജയിലറകളിലെ ‘കുറ്റവാളി’കളുടെ ബാഹുല്യവും വിചാരണ തടവുകാരുടെ എണ്ണത്തിലുള്ള വർധനയും വിചാരണകളില്ലാത്ത തടവും രാഷ്ട്രീയ തടവുകാരിലുണ്ടായ വർധനയും ജയിലിലെ മരണ നിരക്കുമെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന സാമുദായിക സമഗ്രാധിപത്യ ഭരണകൂടത്തിന്റെ വെല്ലുവിളിയെയാണ്. വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും ‘അർബൻ നക്സൽ’/ മാവോയിസ്റ്റ്/ രാജ്യദ്രോഹ ചാപ്പകുത്തി ജയിലിലിടുകയും പൗരാവകാശങ്ങൾ നിഷേധിക്കുകയുംചെയ്യുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ ജനാധിപത്യ ബദൽ ഉയർന്നു വരേണ്ടതുണ്ട്.
ഇന്ത്യൻ നിയമവ്യവസ്ഥയുടെ പൗരജീവിതത്തിന്മേലുള്ള അതിക്രമത്തെ ജനാധിപത്യത്തിന്റെ സംഘടിത സ്വരംകൊണ്ട് ചെറുത്തുനിൽക്കേണ്ടതുമുണ്ട്. ‘‘എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിക്കുന്ന വാക്കുകൾ നിശ്ശബ്ദമാകില്ല, അവ ഉയിർത്തെഴുന്നേൽക്കും, നമ്മെ ബന്ധിപ്പിക്കുന്ന ചങ്ങലകളെ ചുട്ടെരിക്കു’’മെന്ന് വരവര റാവു. തടവറയുടെ അനീതിയെ ജനാധിപത്യ ഇന്ത്യ നിരന്തരം ചോദ്യംചെയ്യേണ്ടതുണ്ട്. ഭയം ഭരണഘടനയാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതുമുണ്ട്.