ഉപസംവരണമാണ് നീതി

പട്ടികജാതി-വർഗങ്ങൾക്കുള്ളിൽ ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാനുസൃതമാണെന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയും അനന്തര പ്രതികരണങ്ങളും വിശകലനംചെയ്യുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ. സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ കാഴ്ചപ്പാടിൽനിന്ന് ഉപസംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു.ഹൈന്ദവ സാമൂഹിക ക്രമത്തിന്റെ മൗലിക തത്ത്വമായി ഡോ. ബി.ആർ. അംബേദ്കർ എടുത്തുകാട്ടിയ സുപ്രധാനമായൊരു കാര്യം ശ്രേണീകൃതമായ അസമത്വമാണ്. ‘‘കീഴാളവർഗങ്ങൾ സമത്വത്തിനായി ആഗ്രഹിച്ചുപോയാൽ അവരെ നിർദയം അടിച്ചമർത്തുകയെന്നത് തങ്ങളുടെ...
Your Subscription Supports Independent Journalism
View Plansപട്ടികജാതി-വർഗങ്ങൾക്കുള്ളിൽ ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാനുസൃതമാണെന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയും അനന്തര പ്രതികരണങ്ങളും വിശകലനംചെയ്യുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ. സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ കാഴ്ചപ്പാടിൽനിന്ന് ഉപസംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു.
ഹൈന്ദവ സാമൂഹിക ക്രമത്തിന്റെ മൗലിക തത്ത്വമായി ഡോ. ബി.ആർ. അംബേദ്കർ എടുത്തുകാട്ടിയ സുപ്രധാനമായൊരു കാര്യം ശ്രേണീകൃതമായ അസമത്വമാണ്. ‘‘കീഴാളവർഗങ്ങൾ സമത്വത്തിനായി ആഗ്രഹിച്ചുപോയാൽ അവരെ നിർദയം അടിച്ചമർത്തുകയെന്നത് തങ്ങളുടെ പ്രതിബദ്ധമായ കർത്തവ്യമായി കരുതി ഹിന്ദുക്കൾ അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.’’
ഈ നിരീക്ഷണം മേലാളർക്കെതിരെ കീഴാളർ നടത്തുന്ന പോരാട്ടങ്ങളുടെ മാത്രമല്ല, കീഴാളർക്കിടയിൽ സമത്വത്തിനായി നടക്കുന്ന പോരാട്ടങ്ങൾക്കും ബാധകമാണെന്ന് സ്ഥിരീകരിക്കുകയാണ് പട്ടികജാതി-വർഗങ്ങൾക്കുള്ളിൽ ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാനുസൃതമാണെന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ കാഴ്ചപ്പാടിൽനിന്ന് ഉപസംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുവാനുള്ള ശ്രമമാണ് ഈ കുറിപ്പ്.
അട്രോസിറ്റീസ് ആക്ട് ഭേദഗതി ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ ദലിതർ നടത്തിയ ഭാരതബന്ദ് പോലെ സവർണാധിപത്യത്തിന്റെ ഏതെങ്കിലും മേൽക്കോയ്മ താൽപര്യങ്ങൾക്കെതിരെ നടന്ന ബന്ദായിരുന്നില്ല 2024 ആഗസ്റ്റ് 21ന് രാജ്യത്ത് നടന്നത്. ദലിതർ തങ്ങൾക്കിടയിലെ പിന്നാക്കക്കാരായ തങ്ങളുടെ സഹോദരങ്ങൾക്കെതിരെ നടത്തിയ ബന്ദായിരുന്നു. ദലിത് പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രത്തിൽ അത്യപൂർവവും അത്യന്തം ലജ്ജാകരവുമായ ഒരു രാഷ്ട്രീയാനുഭവമായിരുന്നു അത്.
ഒന്നിക്കുകയല്ല, ഭിന്നിക്കുകയായിരുന്നു അതിന്റെ സന്ദേശം. അതിന് നേതൃത്വം നൽകിയവരും അതിൽ പങ്കാളികളായവരും പട്ടികജാതി-വർഗ ലിസ്റ്റുകളിലെ ഉപരിവർഗത്തിൽപെട്ട ജാതികളും അവയുടെ അടിത്തറയിലുള്ള രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളുമായിരുന്നു. അവരോടൊപ്പം ഉത്തർപ്രദേശിലെ ജാദവാടിത്തറയിലുള്ള ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും ജാദവാടിത്തറയിൽതന്നെയുള്ള ആസാദ് സമാജ് പാർട്ടി അധ്യക്ഷനും എം.പിയുമായ ചന്ദ്രശേഖർ ആസാദും ബിഹാറിലെ പാസി അടിത്തറയിലുള്ള ലോക്ജനശക്തി (രാം വിലാസ്) പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും ഭാരത് ആദിവാസി പാർട്ടി നേതാക്കളുമെല്ലാമുണ്ടായിരുന്നു. ഇരുപതിലേറെ ദലിത്-ആദിവാസി സംഘടനകളുടെ സംയുക്ത തീരുമാനമായിരുന്നു ഉപസംവരണത്തിനെതിരായ ഭാരതബന്ദ്. വിധിയിൽ ചില ജഡ്ജിമാർ പരാമർശിച്ച ക്രീമിെലയറുമായി കൂട്ടിച്ചേർത്ത് ഉപസംവരണം അസാധുവാക്കുകയായിരുന്നു ബന്ദിന്റെ ലക്ഷ്യം.
ഈ ബന്ദിൽ പങ്കാളികളായിരുന്ന എം. ഗീതാനന്ദനെയും സണ്ണി എം. കപിക്കാടിനെയും പോലുള്ള ദലിത്-ആദിവാസി നേതാക്കൾ കേരളത്തിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല വിധിയെന്നും, വിധി അംബേദ്കറുടെ കാഴ്ചപ്പാടുകൾക്കെതിരും ഭരണഘടനാവിരുദ്ധവും പാർലമെന്റിന്റെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾ റദ്ദ് ചെയ്യുന്നതും പട്ടികജാതി-വർഗക്കാരെ ഭിന്നിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതുമാണെന്നാണ്. ദലിത് പ്രസ്ഥാനങ്ങൾ മാത്രമല്ല, പ്രഫഷനലുകളായ ചില ദലിത് നിയമജ്ഞരും ഇത്തരം പ്രചാരണങ്ങൾക്ക് മുന്നിലുണ്ട്. വിധി മറികടക്കുന്നതിന് പാർലമെന്റ് നിയമനിർമാണം നടത്തണമെന്നും ഭരണഘടനാവിരുദ്ധ നടപടികളിൽനിന്ന് സംരക്ഷണം ലഭിക്കാൻ ജാതിസംവരണം ഒമ്പതാം ഷെഡ്യൂൾഡിൽ ഉൾപ്പെടുത്തണെമന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെ പോലെ ചിലർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഉപസംവരണത്തിനെതിരെ സംഘടിത പ്രക്ഷോഭം നടത്തുമെന്നാണ്. വിധിയെ എതിർക്കുന്നവർ എന്തുതന്നെ പറഞ്ഞാലും ചരിത്രപരമായി ഈ വിധി അടയാളപ്പെടുത്തപ്പെട്ടത് രാഷ്ട്രത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയക്കുള്ളിലാണ്. ജാതിക്കെതിരായ പോരാട്ടം ഘടനയുടെ അടിത്തട്ടിനും ബാധകമാക്കെപ്പട്ടിരിക്കുന്നുവെന്നതാണ് ഈ വിധിയുടെ പ്രത്യേകത. സംവരണമുണ്ടായിട്ടും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കഴിയാതെ ഘടനയുടെ അടിത്തട്ടിൽ അവഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയുംചെയ്ത പട്ടികജാതി-വർഗക്കാർക്ക് തുല്യനീതി ഉറപ്പാക്കുകയായിരുന്നു ഈ വിധി. തങ്ങൾക്ക് നിഷേധിക്കപ്പെട്ട ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ദലിതർ നടത്തിയ ദീർഘമായ പോരാട്ടങ്ങൾ ഈ വിധിക്കു പിന്നിലുണ്ട്. ഈ പോരാട്ടങ്ങളാണ് ആന്ധ്രപ്രദേശിലും പഞ്ചാബിലും തമിഴ്നാട്ടിലും ഹരിയാനയിലുമെല്ലാം ഉപസംവരണത്തിന് വഴിതുറന്നത്.
ലിസ്റ്റിലുള്ള പട്ടികജാതികളുടെ വിദ്യാഭ്യാസ രംഗത്തും സർക്കാർ സർവിസ് രംഗത്തുമുള്ള പ്രാതിനിധ്യത്തെക്കുറിച്ചും അവരുടെ വളർച്ചയെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ നിയോഗിച്ച രാമചന്ദ്രൻ രാജു കമീഷൻ കണ്ടെത്തിയത് ലിസ്റ്റിലുള്ള ചില ജാതികൾ ഈ രംഗങ്ങളിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോകുമ്പോൾ മറ്റു ചില ജാതികൾക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുകയുണ്ടായില്ല എന്നതാണ്. ലിസ്റ്റിലുള്ള ജാതികൾക്കിടയിൽ നിലനിൽക്കുന്ന അന്തരങ്ങളും ചില ജാതികളുടെ പിന്നാക്കാവസ്ഥയും (Inter-se backwardness) ആണ് അതിന് കാരണമായി കമീഷൻ കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് സർക്കാർ 1999ൽ ഷെഡ്യൂൾഡ് കാസ്റ്റ് (Radicalisation of Reservation) ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവിനെതിരെ ലിസ്റ്റിലുള്ളവർക്കിടയിൽനിന്ന് ഉയർന്നുവന്ന പലതരത്തിലുള്ള എതിർപ്പുകളെ അവഗണിച്ചുകൊണ്ട് 2000ൽ സർക്കാർ അത് നിയമമാക്കി. ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് പട്ടികജാതി ലിസ്റ്റിലുള്ള ജാതികളെ എ.ബി.സി.ഡി എന്നിങ്ങനെ നാലു ഗ്രൂപ്പുകളാക്കി തരംതിരിച്ച് എ ഗ്രൂപ്പിന് ഒരു ശതമാനവും ബി ഗ്രൂപ്പിന് ഏഴ് ശതമാനവും സി ഗ്രൂപ്പിന് ആറു ശതമാനവും ഡി ഗ്രൂപ്പിന് ഒരു ശതമാനവും സംവരണം പങ്കിട്ടുനൽകി. ഈ നിയമനിർമാണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇ.വി. ചിന്നയ്യ സമർപ്പിച്ച ഹരജി തള്ളിക്കളഞ്ഞ ആന്ധ്രപ്രദേശ് ഹൈകോടതി ഉപവർഗീകരണം ഭരണഘടനാനുസൃതമാണെന്ന് വിധി എഴുതി.
ഈ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശ് ഷെഡ്യൂൾഡ് കാസ്റ്റ് ആക്ട് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിനും 341 (1), 341 (2) എന്നീ അനുച്ഛേദങ്ങൾക്കും എതിരാണെന്നും 341 (1) അനുച്ഛേദത്തിൻകീഴിൽ രാഷ്ട്രപതി വിജ്ഞാപനംചെയ്ത പട്ടികജാതി ലിസ്റ്റ് സജാതീയവും (homogeneous) വിഭജനാതീതവുമാണെന്നും അത് വിഭജിക്കാനോ ഉപവർഗീകരിക്കാനോ സ്റ്റേറ്റിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ഇ.വി. ചിന്നയ്യ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, ജസ്റ്റിസ് ബി.വി. സിങ് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് 2004ൽ ആന്ധ്രപ്രദേശ് ഷെഡ്യൂൾഡ് കാസ്റ്റ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.
ആന്ധ്രപ്രദേശ് ഷെഡ്യൂൾഡ് കാസ്റ്റ് ആക്ട് ഉണ്ടാകുന്നതിനു മുമ്പുതന്നെ 1994ൽ ഹരിയാന സർക്കാർ സംസ്ഥാനത്തെ 36 പട്ടികജാതികളെ എ ബ്ലോക്കായും ചമാർഡ്, ജാതീയ ചമാർഡ്, രാംഗാർഡ്, രാംദാസീസ് എന്നീ ജാതികളെ ബി ബ്ലോക്കായും വേർതിരിച്ച് 50 ശതമാനം വീതം സംവരണം ഓരോ ബ്ലോക്കിനും നൽകുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. അനുയോജ്യരായ അപേക്ഷകർ ഇല്ലെങ്കിൽ എയിൽനിന്ന് ബിയിലേക്കും നേരെ മറിച്ചും സീറ്റുകൾ പരസ്പരം കൈമാറി. 2004ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചാബ് ഹരിയാന ഹൈകോടതി 2006 ജൂലൈ ആറിന് ഈ വിജ്ഞാപനത്തിലെ ഉപവർഗീകരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞു.
ഈ സുപ്രീംകോടതി വിധി നിലവിലുള്ളപ്പോൾ തന്നെയാണ് 2006ൽ പഞ്ചാബ് നിയമസഭ പഞ്ചാബ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ബാക് വേഡ് ക്ലാസ് (Reservation in services) ആക്ട് ഉണ്ടാക്കിയത്. ഈ നിയമത്തിൽ സെക്ഷൻ 4 (2) പ്രകാരം 25 ശതമാനം സംവരണം പട്ടികജാതിക്കാർക്കും 12 ശതമാനം സംവരണം പിന്നാക്കക്കാർക്കും വ്യവസ്ഥചെയ്തു. സെക്ഷൻ 4 (5) പ്രകാരം പട്ടികജാതി സംവരണത്തിന്റെ 16 ശതമാനം ബാൽമീകികൾക്കും മസാബികൾക്കും ഒമ്പത് ശതമാനം ലിസ്റ്റിലുള്ള മറ്റു ജാതികൾക്കും ഉറപ്പുനൽകി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2010 മാർച്ച് 29ന് പഞ്ചാബ് ഹരിയാന ഹൈകോടതി ഈ നിയമത്തിലെ 4 (5) ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു.
തമിഴ്നാട് സർക്കാർ 2009ൽ സ്വകാര്യ വിദ്യാഭ്യാസ രംഗത്തടക്കം വിദ്യാഭ്യാസ മേഖലയിലും സർക്കാർ സർവിസ് മേഖലയിലും അരുന്ധതിയാർ വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിക്കൊണ്ട് തമിഴ്നാട് അരുന്ധതിയാർ ആക്ട് ഉണ്ടാക്കി. പട്ടികജാതി ലിസ്റ്റിലുള്ള 76 ജാതികളിൽനിന്ന് കൂടുതൽ പിന്നാക്കം നിൽക്കുന്ന അരുന്ധതിയാർ ചക്കിലിയൻ, മാദരി, മാദിഗ, പഗ്നഡി, തോട്ടി ആദി ആന്ധ്ര എന്നീ ജാതികളെ അടർത്തിമാറ്റി വിദ്യാഭ്യാസ മേഖലയിലും സർവിസ് മേഖലയിലും 16 ശതമാനം സംവരണം വേറിട്ടുനൽകി. പഞ്ചാബ് Vs ദേവിന്ദ്രർ സിങ് വിധിയിൽ 2020 ആഗസ്റ്റ് 27ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ദ്ര സാഹ്നി വിധിയിലെ പിന്നാക്കക്കാരെ പിന്നാക്കക്കാരും കൂടുതൽ പിന്നാക്കക്കാരുമായി വിഭജിക്കാം, ഈ വിഭജനം പട്ടികജാതി ലിസ്റ്റിനും ബാധകമാണ്. പട്ടികജാതി ലിസ്റ്റിലുള്ളവരെ വിഭജിച്ചാൽ ലിസ്റ്റിനും ബാധകമാണ്.
പട്ടികജാതി ലിസ്റ്റിലുള്ളവരെ വിഭജിച്ചാൽ ലിസ്റ്റിലുള്ള എല്ലാവർക്കും സംവരണം ലഭിക്കും. പട്ടികജാതി ലിസ്റ്റിലുള്ളവർ ഹോമോജിനസ് ആയ വർഗമല്ല, മതിയായ പ്രാതിനിധ്യമില്ലാത്ത അടിച്ചമർത്തപ്പെടുന്ന പട്ടികജാതി ലിസ്റ്റിലുള്ളവർക്ക് യുക്തിഭദ്രമായി നിശ്ചിത ശതമാനം സംവരണം വേറിട്ടുനൽകാനുള്ള അധികാരം ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുണ്ട്, ചില ജാതികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നത് മറ്റു ജാതികളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കുന്നതിലേക്ക് പോകുന്നില്ല, എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ പല കാര്യങ്ങളും ചിന്നയ്യ വിധിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വിധി പുനഃപരിശോധനക്കായി വിപുലമായ ഏഴംഗ ബെഞ്ചിന് കൈമാറി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ഈ ചുമതല ഏറ്റെടുത്തത്.
സർവാശ്ലേഷിയായ ജാതിയും അതിന്റെ മേൽക്കോയ്മ സമ്പ്രദായവും എങ്ങനെയാണ് ഘടനയുടെ അടിത്തട്ടിൽ സ്ഥിരീകരിക്കപ്പെടുകയും മേൽക്കോയ്മയായി നിലനിൽക്കുകയും ചെയ്യുന്നതെന്ന് കണ്ടെത്തുകയും അതിന് ഭരണഘടനാനുസൃതമായ പരിഹാരം ഉണ്ടാക്കുകയുമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ചിന്റെ കർത്തവ്യം. ചിന്നയ്യ വിധിയുമായി ബന്ധപ്പെട്ട് ഈ ബെഞ്ച് പരിഗണിച്ച നിർണായകമായ വിഷയം പട്ടികജാതി ലിസ്റ്റിലുള്ള ജാതികൾ ഹോമോജിനിയസ് ആയ ഒരു വർഗമാണോ എന്നതാണ്. സംവരണത്തിനുവേണ്ടി ലിസ്റ്റിലുള്ളവർ വീണ്ടും വർഗീകരിക്കപ്പെടരുതെന്നും രാഷ്ട്രപതി വിജ്ഞാപനം ചെയ്ത ലിസ്റ്റിൽ ഉൾെപ്പടരുതെന്നും രാഷ്ട്രപതി വിജ്ഞാപനം ചെയ്ത ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ലിസ്റ്റിലുള്ള ജാതികൾ ഹോമോജിനിയസ് ആയ ഒരു വർഗമായി മാറിയിരിക്കുന്നുവെന്നും നിലവിലുള്ള ലിസ്റ്റ് വർഗീകരിക്കുന്നത് അനുച്ഛേദം 14ന്റെയും 341 (1), 341 (2) അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നും അത് മൈക്രോ ക്ലാസിഫിക്കേഷൻ ആകുമെന്നുമാണ് ചിന്നയ്യ വിധിയിൽ ചൂണ്ടിക്കാട്ടപ്പെട്ടത്.
ലിസ്റ്റിലുള്ളവർക്ക് റിസർവേഷന്റെ ഗുണങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അവർക്ക് പ്രത്യേക ട്രെയിനിങ് നൽകണമെന്നും അത് ആർട്ടിക്ൾ 14നും 15നും എതിരല്ലെന്നും വിധി ചൂണ്ടിക്കാട്ടി. സമാനമായൊരു നിലപാട് എൻ.എസ്. തോമസ് Vs സ്റ്റേറ്റ് ഓഫ് കേരളയിൽ ജസ്റ്റിസ് മാത്യു സ്വീകരിച്ചതായി തന്റെ വിധിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നുണ്ട്. പട്ടികജാതി ലിസ്റ്റിലുള്ള ജാതികൾ വർഗമെന്ന ഒരു പ്രത്യേക സ്റ്റാറ്റസ് നേടിയിട്ടുണ്ടെന്നും സംവരണത്തിന് ആവശ്യമായ വർഗീകരണം ഇപ്പോൾതന്നെ നടന്നിട്ടുണ്ടെന്നും പട്ടികജാതിക്കാർ സ്വമേധയാ ഒരു വർഗമായി മാറിയെന്നും വീണ്ടുമൊരു വർഗീകരണം യുക്തിശാസ്ത്രത്തിന്റെ ലംഘനമാണെന്നാണ് ജസ്റ്റിസ് മാത്യു പറയുന്നത്. പട്ടികജാതി-വർഗക്കാർക്ക് പ്രത്യേക സംവരണം നൽകുകയാണ് സംവരണത്തിന്റെ ലക്ഷ്യമെന്നും, ഹോമോജിനിയസ് ആയ ഒരു വർഗത്തെ വിഭജിക്കുന്നത് പ്രസിഡൻഷ്യൽ ലിസ്റ്റിന്റെ ലംഘനമാണെന്നും അത് വിപരീതഫലം ഉണ്ടാക്കുമെന്നുമുള്ള ജസ്റ്റിസ് എച്ച്.കെ. സെമയുടെ നിരീക്ഷണവും ചന്ദ്രചൂഡ് എടുത്തുകാണിക്കുന്നുണ്ട്.

ഡോ. ബി.ആർ. അംബേദ്കർ
ഹിന്ദു ഫോൾഡിനുള്ളിൽ ജാതിയില്ലെന്നും അവിടെ ജാതികളുടെയും ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഗ്രൂപ്പുകളുടെയും സമുദായങ്ങളുടെയും സംയോജനമേയുള്ളൂവെന്നും ഈ രാസമിശ്രിതത്തെ ജാതിയായി നിർണയിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നുമുള്ള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിലപാട് ജസ്റ്റിസ് ബി.ആർ. ഗവായിയും തന്റെ വിധിയിൽ എടുത്തുകാട്ടുന്നുണ്ട്. എന്നാൽ, ഇത്തരം നിലപാടുകളോട് വിയോജിച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്ന സുപ്രധാനമായൊരു കാര്യം പട്ടികജാതി-വർഗ ലിസ്റ്റുകളിൽ എത്തിച്ചേർന്നതോടെ എത്തിച്ചേർന്നവർ ഹോമോജിനിയസ് ആയ ഒരു വർഗമായി മാറിയെന്നത് നിയമശാസ്ത്രരംഗത്തെ ഒരു കെട്ടുകഥയാണെന്നതാണ്; ലീഗൽ ഫിക്ഷൻ.
വിചിത്രമായൊരു കാര്യം ഉപസംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രത്തോടൊപ്പം ഇന്ത്യൻ ജുഡീഷ്യറിക്കുള്ളിലെ ഈ കെട്ടുകഥയും ദലിതർ ഉയർത്തിക്കാട്ടുന്നുവെന്നതാണ്. എന്നാൽ, തങ്ങൾക്കിടയിലെ ജാതിവിവേചനങ്ങൾ ഇല്ലാതാക്കാനാണ് അംബേദ്കർ പോരാട്ടമുഖങ്ങളിൽ ദലിതരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത് എന്ന കാര്യം ഇവർ വിസ്മരിക്കുന്നു. ചിന്നയ്യ വിധി ഏറ്റെടുത്തുകൊണ്ട് പട്ടികജാതിക്കാർക്കിടയിൽ ജാതിവിഭജനം നിലനിൽക്കുന്നില്ലെന്നും അവർ ഹോമോജിനിയസ് ആയ ഒരു വർഗമായി മാറിയിരിക്കുന്നുവെന്നും പ്രചരിപ്പിക്കുന്നവർ ഓർമിക്കേണ്ടത്, ജാതി എന്നത് വിഭാഗീകരണത്തിന്റെ മറ്റൊരു പേരാണ്, എന്നത് അംബേദ്കറുടെ വാക്കുകളാണ് എന്നതാണ്.
ദാർശനികമായി ദലിതർ ഒരു ഘടകമായി പരിഗണിക്കപ്പെടുന്നത് ന്യായീകരിക്കപ്പെടുമെങ്കിലും സാമൂഹികശാസ്ത്രപരമായി പല വർഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഘടകമായിട്ടല്ലാതെ അതിനെ പരിഗണിക്കാനാവില്ല. അതിനർഥം ദലിതർ ഒരു സമുദായം (സമൂഹം) ആണെന്ന് പറയുമ്പോഴും അതിനുള്ളിൽ നിലനിൽക്കുന്ന വിഭജനങ്ങളെയും വൈജാത്യങ്ങളെയും അന്തരങ്ങളെയും കണ്ടില്ലെന്ന് നടിക്കുവാൻ പാടില്ല എന്നതാണ്. നിയമശാസ്ത്രത്തോടൊപ്പം സാമൂഹികശാസ്ത്രവും വ്യാഖ്യാനിക്കാൻ കഴിയാതെ പോയതുകൊണ്ടാണ് ചിന്നയ്യ വിധി തുല്യനീതിയുടെ നിഷേധമായി മാറിയത്. അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ ഒാേരാ ജാതിയുടെയും പേരുപോലും അതിനെ ഒരംഗീകൃത സ്ഥാപനമാക്കി മാറ്റുന്നുണ്ട്. ജാതി അസ്ഥിരമോ ഉപരിപ്ലവമോ ആയ ഒരു സ്ഥാപനമല്ല. ഓരോ ജാതിയും സംഘടിതമാണ്.
ഹൈന്ദവ സാമൂഹികക്രമം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് സംഘടിതമായ ഈ സാമൂഹിക സ്ഥാപനങ്ങളുടെ അടിത്തറയിലാണ്. ജാതിഘടനയുടെ മുകൾത്തട്ടുകളിലെന്നതുപോലെ കീഴ്ത്തട്ടുകളിലും വ്യത്യസ്ത ജാതികൾക്കിടയിലെ ബന്ധങ്ങൾ സൂക്ഷ്മമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. സ്വാനുഭവങ്ങളിലൂടെ ഉറപ്പിച്ചുപറയാൻ കഴിയുന്നൊരു കാര്യം ജാതിവ്യവസ്ഥക്ക് രൂപംനൽകുന്ന വിവിധ ജാതികൾ തമ്മിൽ പട്ടികജാതിക്കാർക്കിടയിലും പട്ടികവർഗക്കാർക്കിടയിലും പരസ്പരബന്ധമില്ലെന്നതാണ്.
നവോത്ഥാനാനന്തര കേരളത്തിൽ ദലിതർക്കിടയിൽ കണ്ട മുഖ്യപ്രതിഭാസം ജാതികളുടെ നിർമാണമായിരുന്നു. ഹൈന്ദവ സാമൂഹിക ക്രമത്തിന്റെ അടിത്തറ നിർമിക്കുകയായിരുന്നു അവർ. പട്ടികവർഗത്തിൽപെട്ട ഗോത്രങ്ങളും ഇക്കാലത്ത് ജാതികളായി മാറി. തമ്മിൽ സ്പർശമാകാം. തുളച്ചുകയറ്റമില്ല. പരസ്പര സങ്കലനം വിലക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഉപസംവരണത്തെ എതിർക്കുന്നവർ പറഞ്ഞുകൊണ്ടിരിക്കുന്നത് പട്ടികജാതി-വർഗ ലിസ്റ്റുകൾ വന്നതോടെ അവർക്കിടയിൽ ജാതിവിഭജനം ഇല്ലാതായിരിക്കുന്നുവെന്നും അവർ സജാതീയമായ ഒരു വർഗമായി മാറിയിരിക്കുന്നുവെന്നുമാണ്.
ഹോമോജിനിയസ് ആയ ഒരു വർഗമെന്നത് നിയമശാസ്ത്രപരമായി മാത്രമല്ല സാമൂഹികശാസ്ത്രപരമായും ഒരു കെട്ടുകഥയാണ്. എല്ലാ സമൂഹങ്ങളും സാമൂഹികമായി വിഭജിക്കപ്പെട്ടവയാണ്. മൺപാത്രങ്ങൾ നിർമിക്കുന്നവരും അലക്കുകാരും ബുദ്ധിജീവികളും സാമൂഹികവിഭാഗങ്ങളെന്ന നിലയിൽ എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും മറ്റ് രാജ്യങ്ങളിൽ അവർ അസംഘടിതരും സ്വമേധയാ കൂട്ടംചേരുന്ന ഗ്രൂപ്പുകളുമായി നിലനിൽക്കുമ്പോൾ ഇന്ത്യയിൽ സംഘടിതരും അനൈച്ഛികമായി കൂട്ടംചേരുന്നവരുമായി നിശ്ചിതമായ പേരുകളിൽ ജാതികളായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അംബേദ്കർ പറയുന്നത്. ജാതിവർഗമെന്ന ആശയത്തിൽനിന്ന് വ്യത്യസ്തവും അതിന് വിരുദ്ധവുമാണ് എന്നാൽ, ജാതിയിൽനിന്ന് വ്യത്യസ്തമാണ് ജാതിവ്യവസ്ഥയെന്നും അത് വർഗവ്യവസ്ഥയെ അംഗീകരിക്കുന്നുണ്ടെന്നും ഹിന്ദുക്കൾ ജാതികളായി വിഭജിക്കപ്പെട്ടിരിക്കുന്നതുപോലെ വർഗങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഹിന്ദുവിന് ജാതിബോധവും വർഗബോധവുമുണ്ടെന്നും അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്.
അവരുടെ ജാതിബോധവും വർഗബോധവും തിരിച്ചറിയുന്നത് ഏതു ജാതിയുമായിട്ടാണ് ഏറ്റുമുട്ടുന്നത് എന്നതിനെ ആശ്രയിച്ചാണെന്നും അംബേദ്കർ വിലയിരുത്തുന്നു. ജാതിവർഗവ്യവസ്ഥയെ കടംവാങ്ങുകയും വർഗജാതി വ്യവസ്ഥയുമായി മാറ്റുകയുംചെയ്തു. സവർണ-അവർണ വിഭജനത്തിന് അത് കാരണമായി. സവർണ ഹിന്ദുക്കളും അവർണഹിന്ദുക്കളും തമ്മിലുള്ള വർഗവിഭജനം വിട്ടുകളയുന്നത് ഗ്രിമ്മിന്റെ (Grim Jock –ജർമൻ കഥാകൃത്ത്) യക്ഷിക്കഥകളിൽനിന്ന് മന്ത്രവാദിനികളെയും കുട്ടിച്ചാത്തന്മാരെയും വിട്ടുകളയുന്നതിന് തുല്യമാണെന്ന് പറയുന്നു.
ചരിത്രത്തിൽനിന്ന് ബ്രാഹ്മണരും ക്ഷത്രിയരും തമ്മിൽ നടന്ന പോരാട്ടങ്ങളെ വർഗസമരമായിട്ടാണ് അംബേദ്കർ വായിച്ചെടുക്കുന്നത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം യാഥാർഥ്യമാകണമെങ്കിൽ അതിലെ വിവിധ വർഗങ്ങൾക്ക്, പ്രത്യേകിച്ചും അടിമവർഗങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് പറയുന്നു. എന്നാൽ, ജാതികൾ ഒരു വർഗമായാൽ ജാതിവിഭജനങ്ങളും അന്തരങ്ങളും ഇല്ലാതാകുമെന്ന് അംബേദ്കർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മുംബൈയിലെ മിൽ തൊഴിലാളികൾക്കിടയിൽ ജാതി മാത്രമല്ല, അയിത്തവും നിലനിൽക്കുന്നുണ്ടെന്ന് അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്.
യൂറോപ്പിലെ തൊഴിലാളികൾക്കിടയിൽപോലും ഉയർന്നതും താഴ്ന്നതുമെന്ന വർഗവ്യത്യാസം ഉണ്ടെന്നും അവർ ഏകീകൃതമായ ഒരു വർഗമല്ലെന്നും സാമൂഹികപരിവർത്തനത്തോടുള്ള മനോഭാവത്തിൽ ഈ വ്യത്യാസം പ്രതിഫലിച്ചു കാണാമെന്നും ഉയർന്നവർ പരിഷ്‍കരണത്തെ അനുകൂലിക്കുമ്പോൾ താഴ്ന്നവർ വിപ്ലവത്തെയാണ് (സാമൂഹിക പരിവർത്തനത്തെ) അനുകൂലിക്കുന്നതെന്നും അംബേദ്കർ പറയുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ വരക്കപ്പെട്ട വർഗരേഖകളെല്ലാം വർണജാതി വ്യവസ്ഥക്കെതിരായ പോരാട്ടമുഖങ്ങളിലാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.

സണ്ണി എം. കപിക്കാട്,പുന്നല ശ്രീകുമാർ,എം. ഗീതാനന്ദൻ
അതിലൊന്നായിരുന്നു റിപ്പബ്ലിക്കൻ ഇന്ത്യയിൽ വരക്കപ്പെട്ട പട്ടികജാതി-വർഗ ലിസ്റ്റ്. അംബേദ്കർ അസ്പൃശ്യരെ കണ്ടത് അവർണജാതികളുടെ ബ്ലോക്കിൽ ഏറ്റവും താഴെയുള്ള ഒരു വർഗം എന്ന നിലയിലാണ്. അവർക്ക് മുകളിലുള്ള ഒരു വർഗമായിട്ടാണ് പ്രാകൃത ക്രിമിനൽ ജാതികളെ കണ്ടത്. എന്നാൽ, പ്രാകൃതജാതികളുടെയും ക്രിമിനൽ ജാതികളുടെയും ഇടയിലൂടെ വർഗരേഖ കടന്നുപോകുന്നുണ്ടോയെന്ന കാര്യത്തിൽ അംബേദ്കർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സവർണരും അവർണരും തമ്മിലുള്ള വർഗവിഭജനത്തെ മാത്രമല്ല, അവർണർക്കിടയിലെ വർഗവിഭജനത്തെയും അംബേദ്കർ ഇത്തരത്തിലാണ് നോക്കിക്കണ്ടത്. ഹോമോജിനിയസ് ആയ ഒരു വർഗം ഒരിക്കലും അംബേദ്കറുടെ ചിന്തയിലുണ്ടായിരുന്നില്ല. ഈ വർഗസമീപനത്തിന്റെ നിഷേധമായിരുന്നു ചിന്നയ്യ വിധി. നിയമശാസ്ത്രവും സാമൂഹികശാസ്ത്രവും കൈകോർത്തപ്പോഴാണ് സുപ്രീംകോടതിക്ക് ഈ തെറ്റ് തിരുത്താനായത്.
ഭരണഘടനയുടെ 14, 16 വകുപ്പുകൾക്ക് എതിരാണ് ഉപവർഗീകരണം എന്നതായിരുന്നു ചിന്നയ്യ വിധിയുടെ കാതൽ. ഈ വിധി ഏഴംഗ ബെഞ്ചിലെത്തിയപ്പോൾ സുപ്രീംകോടതി മുഖ്യമായും പരിഗണിച്ചത് പട്ടികജാതി ലിസ്റ്റ് വർഗീകരിച്ചുണ്ടാക്കിയ അവസര സമത്വം അഥവാ ഉപസംവരണം ഭരണഘടനയുടെ 14, 15, 16 വകുപ്പുകളുടെയും 341 (1), 341 (2) വകുപ്പുകളുടെയും ലംഘനമാണോയെന്ന കാര്യമാണ്.
നീതിയുടെ തുല്യമായ പങ്കുവെപ്പാണ് ഭരണഘടനയുടെ 14, 15, 16 വകുപ്പുകൾ. നിയമത്തിന്റെ മുന്നിൽ എല്ലാ പൗരന്മാരും സമന്മാരാണെന്നും എല്ലാ പൗരന്മാർക്കും തുല്യസംരക്ഷണം നൽകുമെന്നും ഭരണഘടന ഉറപ്പുനൽകുന്നു. ആർട്ടിക്ൾ 14 തുല്യത ഉറപ്പാക്കുമ്പോൾ ആർട്ടിക്ൾ 15 (1) ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വംശത്തിന്റെയോ ജന്മദേശത്തിന്റെയോ പേരിൽ വിവേചനം പാടില്ലെന്ന് പറയുന്നു. ജാതിവിവേചനത്തിന്റെ തീവ്രരൂപമായ അയിത്തം നിരോധിക്കുന്നു. തുല്യത ഇല്ലാത്തവർക്കിടയിൽ തുല്യത ഉറപ്പാക്കുന്നതിനുവേണ്ടി ഭരണഘടന നടത്തുന്ന വർഗീകരണത്തിന്റെ അടിസ്ഥാനമാണ് 16 (4)ലെ പിന്നാക്കവർഗങ്ങൾ എന്ന പ്രയോഗം.
മുന്നാക്ക വർഗങ്ങൾ എന്ന മേൽക്കോയ്മ ഇവിടെ അദൃശ്യമായി നിൽക്കുന്നുണ്ട്. സവർണ-അവർണ വൈരുധ്യത്തെ മൂർത്തമായൊരു സാമൂഹിക യാഥാർഥ്യമായി ഭരണഘടന ഉൾക്കൊള്ളുന്നുവെന്നാണ് ഈ വകുപ്പ് വെളിപ്പെടുത്തുന്നത്. ആർട്ടിക്ൾ 16 (1) പബ്ലിക് സർവിസിൽ എല്ലാ പൗരന്മാർക്കും അവസരം ഉറപ്പുവരുത്തുമ്പോൾ 16 (4) ജാതികളുടെയോ മതത്തിന്റെയോ വംശത്തിന്റെയോ പിന്തുടർച്ചയുടെയോ ജന്മത്തിന്റെയോ പേരിൽ സർവിസിൽ പ്രാതിനിധ്യമില്ലാത്ത പിന്നാക്കവർഗത്തിൽപെട്ട ഏതു പൗരനും സംവരണം നൽകുന്നതിന് നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നു.