Begin typing your search above and press return to search.
proflie-avatar
Login

അഴവ്

അഴവ്
cancel

ചിരി പലവിധമുണ്ടുലകിൽ സുലഭം. പുഞ്ചിരി, പൊട്ടിച്ചിരി, കാറിച്ചിരി, ഉൗറിച്ചിരി, വെടലച്ചിരി, വെളുക്കച്ചിരി... സഞ്ജയൻ വക പട്ടിക വേറെയും: കണ്ടാലൊരു ചിരി, കാണാതൊരു ചിരി, കാര്യം കാണാൻ കള്ളച്ചിരി. ചിരിയുടെ വിരിവ് മുഖത്താണെങ്കിലും ഉരുവം ഉള്ളിലാണ്. അപ്പോൾ ചോദ്യം നേർക്കുന്നു: മനുഷ്യനെ​ന്തേ ചിരിക്കുന്നു? ചിരിക്കുന്ന മൃഗം ഒന്നേയുള്ളൂ, ഭൂലോകത്ത് –മനുഷ്യൻ. അങ്ങനെയാണ് പൊതുവിചാരം, മനുഷ്യരുടെ. കേട്ടാൽ പൊട്ടിച്ചിരിക്കും മറ്റു മൃഗങ്ങൾ. അങ്ങനെ ചിരിക്കുന്ന മൃഗങ്ങൾ രണ്ടും നാലുമല്ല, അറുപത്തിനാല്​. അതുവരേയ്ക്കേ എണ്ണിയെടുക്കാനായിട്ടുള്ളൂ മനുഷ്യന്റെ ശാസ്ത്രത്തിന് ഇതുവരേയ്​ക്ക്​.ചിരിയുടെ മുഖ്യശത്രു പേശിപിടിത്തം....

Your Subscription Supports Independent Journalism

View Plans
ചിരി പലവിധമുണ്ടുലകിൽ സുലഭം. പുഞ്ചിരി, പൊട്ടിച്ചിരി, കാറിച്ചിരി, ഉൗറിച്ചിരി, വെടലച്ചിരി, വെളുക്കച്ചിരി... സഞ്ജയൻ വക പട്ടിക വേറെയും: കണ്ടാലൊരു ചിരി, കാണാതൊരു ചിരി, കാര്യം കാണാൻ കള്ളച്ചിരി. ചിരിയുടെ വിരിവ് മുഖത്താണെങ്കിലും ഉരുവം ഉള്ളിലാണ്. അപ്പോൾ ചോദ്യം നേർക്കുന്നു: മനുഷ്യനെ​ന്തേ ചിരിക്കുന്നു?

ചിരിക്കുന്ന മൃഗം ഒന്നേയുള്ളൂ, ഭൂലോകത്ത് –മനുഷ്യൻ. അങ്ങനെയാണ് പൊതുവിചാരം, മനുഷ്യരുടെ. കേട്ടാൽ പൊട്ടിച്ചിരിക്കും മറ്റു മൃഗങ്ങൾ. അങ്ങനെ ചിരിക്കുന്ന മൃഗങ്ങൾ രണ്ടും നാലുമല്ല, അറുപത്തിനാല്​. അതുവരേയ്ക്കേ എണ്ണിയെടുക്കാനായിട്ടുള്ളൂ മനുഷ്യന്റെ ശാസ്ത്രത്തിന് ഇതുവരേയ്​ക്ക്​.

ചിരിയുടെ മുഖ്യശത്രു പേശിപിടിത്തം. അത്, മറ്റൊരു പൊതുവിചാരം. സൈഗോമാറ്റിക്സ് മേജർ അഥവാ സ്മൈൽ മസിൽ –വായുടെ കോണുകൾ നിയ​ന്ത്രിക്കുന്ന ഒരു ജോടി പേശികളാണ്. ഓർബികുലാരിസ് ഒകൂലി –കണ്ണിന്റെ ചുറ്റിടം നിയ​ന്ത്രിക്കുന്ന മറ്റൊരു ജോടി. ഇൗ യുഗ്​മങ്ങൾ മറ്റു 45 മുഖപേശികളുമായി ​ചേർന്നൊരുക്കുന്ന ഓർക്കിസ്ട്രയാണ് ചിരി. അഥവാ പേശികളാണ് ചിരി ഒരുക്കുന്നതും ഒതുക്കുന്നതും.

ചിരി പലവിധമുണ്ടുലകിൽ സുലഭം. പുഞ്ചിരി, പൊട്ടിച്ചിരി, കാറിച്ചിരി, ഉൗറിച്ചിരി, വെടലച്ചിരി, വെളുക്കച്ചിരി... സഞ്ജയൻ വക പട്ടിക വേറെയും.: കണ്ടാലൊരു ചിരി, കാണാതൊരു ചിരി, കാര്യം കാണാൻ കള്ളച്ചിരി. ചിരിയുടെ വിരിവ് മുഖത്താണെങ്കിലും ഉരുവം ഉള്ളിലാണ്. അപ്പോൾ ചോദ്യം നേർക്കുന്നു: മനുഷ്യനെ​ന്തേ ചിരിക്കുന്നു? അത്രക്കങ്ങ് ചിന്തിക്കാനുള്ള ഗൗരവ​മൊന്നും ചിരിക്കില്ല –അതു മറ്റൊരു പൊതുവിചാരം. അതുകൊണ്ടാവണം ചിരിക്ക് ചിന്ത മെനക്കെടുത്തിയവർ നന്നുനന്നേ വിരളം. ചിരിപ്പിച്ചവരിലും ചിന്തിപ്പിച്ചവരിലും.

നാരദന്റെ പേർക്കാണ് ചിരിയുടെ പേറ്റെന്റെന്നു തോന്നും, പൗരാണിക ഭാരതീയം കണ്ടാൽ. പൊതുവേ പേശിപിടിത്തക്കാരായ സുരാസുരന്മാർക്കിടയിൽ വിദൂഷകധർമമാടിയ അങ്ങോർക്ക് ആയുധം രണ്ടാണ് –വീണയും വാണിയും. വീണ ഇരിക്കട്ടെ, വാണിയുടെ അംഗമുദ്ര പരിഹാസമായിരുന്നു. ദ്രാവിഡത്തും ഈ ആര്യവാണി കേറി ​േമഞ്ഞ വകയിൽ നമുക്കിടയിലും തഴച്ചു, നാരദജനുസ്സ്. അങ്ങനെ, പുച്ഛപരിഹാസങ്ങളുടെ പര്യായമായി ചിരി. ആ താവഴിയിൽ അപവാദം രണ്ടുണ്ട് –ചരിത്രപുരുഷൻ കുഞ്ചൻ നമ്പ്യാർ, കഥാപുരുഷൻ നാറാണത്തു ഭ്രാന്തൻ. രണ്ടിലും പരിഹാസം തോനെയുണ്ടെങ്കിലും ആത്മഹാസത്തിന്റെ സുഷുമ്നയുണ്ട്, ബോധപേശിക്ക് –മെറ്റാ ഐറണി. അവരും ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. പക്ഷേ ചിരിക്കുമേൽ ചിന്തിച്ച ലക്ഷണമില്ല.

പടിഞ്ഞാറ്റിയിൽ സോക്രട്ടീസിനും മുമ്പേയുണ്ട് ചിരിക്കുന്ന തത്ത്വജ്ഞാനി –ഡെമോക്രിറ്റസ്. അതുപ​ക്ഷേ തലക്കനം വർഗഭാവമാക്കിയ തത്ത്വചിന്തകർക്കിടയിൽ ഉല്ലാസപ്പറവയായി നടന്നതിനുള്ള ചെല്ലപ്പേര്. അല്ലാതെ, ചിരിയെപ്പറ്റി ചങ്ങാതി വല്ലതും പറഞ്ഞോന്ന് പറയുന്നില്ല ചരിത്രം. ‘പോയറ്റിക്സി’ൽ കോമഡിയെ അപഗ്രഥിച്ചിരുന്നത്രേ അരിസ്റ്റോട്ടിൽ. ആ ഏട് പ​​ക്ഷേ മണ്ണടിഞ്ഞുപോയി. അനന്തരം ചിന്തകർ ചിരിയെപ്പറ്റി പറഞ്ഞതുകേട്ടാൽ സൗരയൂഥം വിട്ടുപോകും, ചിരി.

മനുഷ്യർ സ്വയം മേലേക്കിടയായി കരുതുന്നതുകൊണ്ടാണ് ചിരി വരുന്നതെന്ന് ഹോബ്സും ഏതാണ്ടങ്ങനെ തന്നെ ദകാർതും. പൊരുത്തക്കേടിനെക്കുറിച്ച തോന്നലിൽനിന്നാണ് നർമമുദിക്കുന്നതെന്ന്​ കാന്റും ​ഷോപനോവറും. അമർത്തപ്പെട്ട വികാരങ്ങളുടെ പിരിമുറുക്കത്തിൽനിന്നുള്ള രക്ഷോപായം– ​​ഫ്രോയ്ഡിന്റെ ചിരിചിന്ത അങ്ങനെ. ‘അമർത്തപ്പെട്ട’തിന്മേലാണല്ലോ ആശാനെന്നും കമ്പം. പാതി പതിരെങ്കിലും നീച്ച പറഞ്ഞ ബാക്കിയിൽ കതിരില്ലാതില്ല: ‘‘മനുഷ്യൻ മാത്രമാണ് ചിരിക്കുന്നത്.

കാരണം അവൻ മാത്രമാണ് ഇത്ര ആഴത്തിൽ യാതന​പ്പെടുന്നത്, അതുകൊണ്ടവൻ ചിരി കണ്ടുപിടിച്ചു.’’ സ്വന്തം ചെയ്​തിക്ക്​ കടകവിരുദ്ധം പടുത്ത്​, ഫലത്തിൽ സംഗതി ശൂന്യമാക്കുന്ന ആത്​മനിഷ്​ഠവ്യാപാരം –ഹെഗൽ ചിരിയെ കണ്ടതങ്ങനെ (നവഹെഗേലിയൻ ഗണത്തിൽനിന്ന്​ ഉരുത്തിരിഞ്ഞ മാർക്​സിന്​ മൂലം പിഴച്ച ലക്ഷണമില്ല. സഖാക്കളും ചിരിയും തമ്മിലെ വൈരുധ്യാത്മകത അങ്ങനെയാവാം ജനിതകമായത്​).

ധിഷണയുടെ ഇമ്മാതിരി ഊഹമയിലാട്ടത്തിനിപ്പുറം, പരിണാമശാസ്​ത്രം ചികഞ്ഞെടുത്തിട്ടുണ്ട്. ഒരു ഭൗതികനേര് –ചിരിക്ക് പരിണാമ പ്രക്രിയയിലുള്ള അനുകൂലന മൂല്യം. വിശേഷിച്ചും, സാമൂഹിക ബന്ധത്തിൽ. പേശ്​ ഉരുത്തിരിയുംമുമ്പേ, കൂട്ടത്തിൽ ചേരുന്നതിനുള്ള ഉപാധികളിലൊന്നായി ചിരി മാറിക്കഴിഞ്ഞിരുന്നു. ഇന്നുമത് മനുഷ്യന്റെ സാമൂഹികതയിൽ അതേ പങ്കല്ലേ നിർവഹിക്കുന്നത്? മറ്റൊരാളെ കാണുമ്പോളൊരു പുഞ്ചിരി. അത് ഹൃദയത്തിന്റെ നിലപാടറിയിക്കുന്നു (ചിരി ഹാജരില്ലെങ്കിലോ? ആളോടുള്ള മനോഭാവം പ്രകടമാവുന്നു).

ദേശങ്ങൾക്കെല്ലാമുണ്ട്, പൊതുഫലിതങ്ങളുടെ ശേഖരം, അക്കൂട്ടത്തിലുള്ളവരെക്കുറിച്ച ചിരിവക. ദേശീയതകളും ഒഴിവാകുന്നില്ല ചിരിമുനയിൽനിന്ന്. ഉദാഹരണത്തിന്, ‘‘ഫ്രാൻസി​നെ സൃഷ്ടിച്ച ശേഷം ദൈവത്തിനു തോന്നി. ഇതിൽപരം മനോജ്ഞമായ ദേശം ഭൂമിയിലില്ല. അതുകൊണ്ട്, കരിങ്കണ്ണ്​ തട്ടാതിരിക്കാൻ അതിന്മേലൊരു പേക്കോലം പതിച്ചു –ഫ്രഞ്ച്.’’ ഇതിന്റെ മറ്റൊരു പതിപ്പുണ്ട്; ‘‘കാനഡ സൃഷ്ടിച്ചു കഴിഞ്ഞ മാത്രയിൽ ഗബ്രിയേൽ മാലാഖ തിരക്കി, പടച്ചോനേ ഇങ്ങനെ മൊത്തം ശാന്തിയും ഒറ്റയിടത്ത് നിക്ഷേപിച്ചത് ശരിയായോ? ദൈവം പ്രതിവചിച്ചു: അതിനല്ലേ ഞാൻ തൊട്ടയലത്ത് പറ്റിയ ഉരുപ്പടിവച്ചത് –അമേരിക്ക.’’ നമുക്കുമുണ്ട്​ നമ്പൂരിഫലിതങ്ങളും സർദാർജി ഫലിതങ്ങളും പോലുള്ള പ്രാദേശിക ഭാവനകൾ, തദ്ദേശീയ സമീകരണ ധർമത്തിന്.

പരിഹാസോദ്ദീപകം മാത്രമാവണമെന്നില്ല ചിരി. മിക്ക ചങ്ങാതിക്കൂട്ടത്തിനുമുണ്ട് അവർക്കിടയിൽ മാ​​ത്രം ‘എറിക്കുന്ന’ ചിരിവക –ഏത് തുറയിലും, ‘‘ വിഷമകോണം (obtuse angle) എന്തേ ഇ​ത്ര വിഷാദാത്മകം? കാരണം, ​അതൊരിക്കലും right (സമകോണം) ആകുന്നില്ല-’’ ഗണിതസംഘം മാത്രമാവാം ഈ ചിരി പങ്കിടുക. കാരണം, വിഷയത്തി​ന്റെ സാ​ങ്കേതികധാരണ അതിന് അനിവാര്യം. പക്ഷേ, ‘‘ന്യൂട്ടന്റെ തലയിൽ അന്ന് വീണത് ആപ്പിളല്ല തേങ്ങയായിരുന്നെങ്കിലോ?’’ ഭൗതിക ശാസ്ത്രത്തിന് പുറത്തേക്കും പടരും, ചിരി. ഇമ്മാതിരി സാ​േങ്കതികപ്രശ്​നമൊന്നുമില്ല രാഷ്​ട്രീയ മണ്ഡലത്തിൽ.

വി.കെ.എൻ,ഇ.വി. കൃഷ്ണപിള്ള

 അവിടത്തെ അന്തേവാസികൾ ചിരിവകയാവുക നിത്യസാധാരണം –സ്വന്തം കൈയിലിരിപ്പിന്​ നന്ദി. അതിലും മികച്ച വിഭവമാണ്​ കൊടി കെട്ടിയ പ്രത്യയശാസ്​ത്രങ്ങൾ. ഉദാഹരണമായി പഴയ ശീതയുദ്ധകാലത്തെ ഒരു ശുനകസംഗമം –അമേരിക്കൻ പട്ടി പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ പലകുറി നീട്ടിക്കുരച്ചാൽ കുറേ കഴിയു​േമ്പാ ലേശം ഇറച്ചി കിട്ടിയാലായി.

പോളണ്ട്​ പട്ടി: ഇറച്ചിയോ -എന്നുവച്ചാൽ എന്താ?

റഷ്യൻ പട്ടി: കുര എന്നുവച്ചാൽ?

അപ്പോൾ, എവിടെയാണ് ചിരി മുളപൊട്ടുന്നത്?

ചോദ്യം ലളിതം.

പക്ഷേ... ആ പക്ഷേയിൽ ചില ക്ലൂവൊക്കെയുണ്ട്. ഒന്നാമത്, മറ്റുള്ളവർക്കു (മറ്റുള്ളവയ്ക്കും) മേലാണ് നമ്മുടെ ചിരി മിക്കതും. ഇതിനൊരു മുന്നുപാധിയുണ്ട് –വികാരങ്ങളുടെ ശമനം. ക്ഷോഭം, ഭയം, വിഷാദം, കരുണ ഇത്യാദികളുടെ സന്നിധിയിൽ ചിരി വരില്ല. വരുന്നെങ്കിൽ അതൊരു സൂക്കേട്. അസ്​ഥാനത്തെ ചിരി രോഗലക്ഷണവുമാകാം –സ്​കിസോഫ്രീനിയയുടെ. അ​െല്ലങ്കിൽ ‘കിളി’ പോയതി​ന്റെ.

സദാ പരിണമിക്കുന്ന സത്വര ചലനമാണ് ജീവിതം. അങ്ങനെയായതുകൊണ്ട് അപ്രവചനീയമായ പുതുമകൾ അതു സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇതേസമയം ശരീരം അടിസ്ഥാന ഭൗതികകണങ്ങളാൽ നിർമിക്കപ്പെട്ടതാണ്. പ്രകൃത്യാ യാന്ത്രികമാണവ. ജീവിതത്തിന്റെ സൃഷ്ടിപരത ഈ യാ​ന്ത്രിക പ്രവണതക്ക് വിപരീതം. അതുകൊണ്ടുതന്നെ ജീവിതം പ്രയത്നമാകുന്നു. സ്വന്തം പദാർഥ പരിമിതികളിൽനിന്ന് മുക്തമാവാൻ നിരന്തരം പരി​ശ്രമിക്കയാണ് ജീവിതത്തി​ന്റെ മർമചാലകങ്ങൾ. കൂടുതൽ കൂടുതൽ നവീകരണങ്ങളാൽ ഈ മുക്തി സാധ്യമാക്കാനാണ് യത്നം. എന്നാലും വേണ്ടത്ര സഫലമാകാറില്ലത്, മിക്കപ്പോ​ഴും.

ജീവന്റെ ജീവചര​ിത്രത്തിൽ ഉടനീളം കാണാം കടമ്പകളോട് പൊരുത്തപ്പെടാനാവാതെ അന്യംനിന്നുപോയ വംശങ്ങൾ. പ്രകൃതപരമായ അഴവിനെ ആശ്രയിച്ചിരിക്കും അതിജീവനം. കടുത്ത ദാർഢ്യങ്ങൾ ഈ വഴക്കത്തെ ഹനിക്കുന്നു. ഉടലി​ന്റെയായാലും ഉള്ളി​ന്റെയായാലും. അതിനെയാണ് നാട്ടുപേച്ചിൽ ബലംപിടിത്തം എന്നു പറയുക. അതുതന്നെയാണ് നർമത്തിന്റെ നാന്ദി. കാരണം, ചിരി തിരുത്താൻ ഒരുമ്പെടുന്നത് ദാർഢ്യത്തെയാണ്. അഴവിലാണ് അഴക്, ആളായ്മ.

ഒരിക്കലും തനിയാവർത്തനം ചെയ്യുന്നില്ല, ജീവിതം. പ്രകൃത്യാ അതാണതിന്റെ പ്രകൃതം. അതുകൊണ്ടുതന്നെ തീർത്തും സദൃശ്യരായ രണ്ടാളില്ല. ഇരട്ടകൾപോലും സമാന അനുഭവം കൃത്യമായൊന്നും പങ്കിടുന്നില്ല. ആവർത്തനമോ സദൃശതയോ എവിടുണ്ടോ അവിടെ യാന്ത്രികത ധ്വനിക്കുന്നു. അത് മനുഷ്യരൂപത്തിലാവുമ്പോൾ, നാം ചിരിയുടെ സന്നിധിയിലാവുന്നു.

‘മോഡേൺ ടൈംസി’ൽ ചാർലി ചാപ്ലിൻ ഒരു ഫാക്ടറിത്തൊഴിലാളി. തൊഴിൽശാലക്ക് പുറത്തും ബോൾട്ട്​ മുറുക്കുന്നതായി ഭാവിച്ചാണു നടപ്പ്. പകൽ മുഴുക്കെ തൊഴിൽശാലക്കകത്ത് ആവർത്തിക്കുന്ന അതേ ചലനം. ഇവിടെ രസം ജനിപ്പിക്കുന്നത് പതിഞ്ഞുപോയ ശീലം സന്ദർഭം പിശകിയും അനുവർത്തിക്കുന്ന കാഴ്ചയാണ്. യാദൃച്ഛികമായ അമളിയിലും ആസൂത്രിതമായ കോമഡി -ഷോയിലും നാം ചിരിക്കുന്നത് ജീവിതവഴക്കം ഇല്ലാതെ പോകുന്ന രൂപങ്ങൾക്കു നേരെയാണ്.

വ്യത്യസ്തമല്ല. വാഗ്ഫലിതങ്ങളുടെ കഥയും. സാധാരണനിലക്ക് ആലങ്കാരികമായി ഉപയോഗിക്കാറുള്ള വാക്കും പ്രയോഗവും അക്ഷരാർഥത്തിലെടുക്കുന്ന കുസൃതിയാണിവിടെ. ‘റെഡിമെയ്ഡ്’ അർഥങ്ങളും പ്രയോഗങ്ങളുമുണ്ടല്ലോ, സാമാന്യഭാഷയിൽ. ശീലത്തഴമ്പുമൂലം യാന്ത്രികമായവ. അത്തരം ക്ലീ​േഷകളെ കീഴ്മേലാക്കുന്നു വാഗ്ഫലിതം മിക്കതും. അഥവാ, ഭാഷയുടെ യാ​ന്ത്രികദാർ​ഢ്യവും ഭൗതികപരിമിതിയും അവ നഗ്നമാക്കുന്നു. മനുഷ്യശരീരംപോലെ ഭാഷാശരീരവും ഈ ദാർഢ്യങ്ങളാൽ ജീവിതത്തിനുവേണ്ട അയവിനും അനുകൂലനത്തിനും വിരുദ്ധമാകുന്നെന്ന് ധ്വനി.

അവനവനെക്കുറിച്ച ബാധാവേശവും ആളെ ദൃഢീകരിക്കും, മറ്റുള്ളവരെക്കുറിച്ച അവബോധം ഇളയ്ക്കും. ഹാനി എളുതെങ്കിലും അതിനിട്ടൊരു കിഴുക്ക്. അതുകൊണ്ടാണ് പൊങ്ങച്ചം ചിരിവിഭവങ്ങളിൽ സമൃദ്ധമായത്. സാമൂഹിക ജീവിതത്തിന്റെ തന്നെ ഉൽപന്ന​മെങ്കിലും അത് പൊതുവിലൊരു ഏനക്കേടാണ്, ശരീരം പുറപ്പെടുവിക്കുന്ന ലഘുവിഷസ്രവങ്ങൾപോ​ലെ. പ്രതിസ്രവങ്ങളാൽ അസാധുവാക്കാത്തപക്ഷം ശല്യമായിത്തീരാം. ഇ.വി. കൃഷ്ണപിള്ളതൊട്ട്​ വി.കെ.എൻ വരെയുള്ളവർ ചിരിസപര്യയിൽ ഒരു മുഖ്യദൗത്യം തന്നെയാക്കി ഈ പ്രതിവിഷ ചികിത്സ.

 

സോക്രട്ടീസ്,ഡെമോക്രിറ്റസ്,അരിസ്റ്റോട്ടിൽ

ജീവിതത്തിന് അപഥ്യമായ മനോഭാവങ്ങളെ ചെറുങ്ങനെയൊന്നു ഞെരുടിവിടുക. ആ അർഥത്തിൽ ചിരി ഒരു ശിക്ഷാനടപടികൂടിയാവുന്നു. എല്ലായ്​പോഴും അത് അങ്ങനെയാവണമെന്നുമില്ല. ആളെ ഇകഴ്ത്താനുള്ള ഇളിയമ്പുമുണ്ടല്ലോ. കൃത്രിമചിരിയും അസ്ഥാന നർമവും മറ്റൊരു ശിക്ഷ. അതിലും കടുത്ത ശിക്ഷയാണ് എന്തിലുമേതിലും വികടം തിരുകുന്നവരുടെ സാന്നിധ്യം. സത്യത്തിൽ വാഴ്​വിനുള്ള വഴക്കനഷ്ടത്തിന്റെ ദയനീയമായ മറ്റൊരു തലമാണ് വാഗതിസാരവും.

ചിരിയുടെ ധർമം മനുഷ്യനെ ഒന്നോർമിപ്പിക്കലാണ് –അഴവോടിരിക്ക, എന്നാൽ സ്വതന്ത്രനായിരിക്ക, അതുവഴി സജീവനായിരിക്ക. പൊതുവെ നിസ്സാരവത്കരിക്കപ്പെടുന്ന ചിരിക്ക് ഈ ബിന്ദുവിൽ ഗൗരവമാനം കൈവരുന്നു. സാരസ്യത്തി​ന്റെ പ്രച്​ഛന്നമാണ്​ സരസം. നർമതമായ ഉൾക്കാഴ്​ച മനുഷ്യാവസ്​ഥയുടെ ഹൃദയകേന്ദ്രത്തിലേക്ക്​ നേരെ അങ്ങ്​ ചെല്ലുന്നു –മറ്റൊരു സിരാശേഷിക്കുമാവാത്തത്ര സൂചിസൂക്ഷ്​മതയും ഗതവേഗവുംകൊണ്ട്​. അതാണ്​ ചിരിയുടെ ആണവക്കരുത്ത്​.

നിർ​ദോഷമായി നമ്മുടെ ദോഷങ്ങൾ ചൂണ്ടുകയാണത്. നാം നമ്മോടു തന്നെ നടത്തുന്ന തിരുത്തൽ. ജീൻ ഹൂസ്റ്റൺ പറഞ്ഞ പേ​ാലെ, ‘‘ചിരിയുടെ ഉത്തുംഗത്തിൽ പ്രപഞ്ചം ഒരു കലീഡോസ്കോപ്പായി മാറുന്നു, പുതിയ സാധ്യതകളുടെ...’’

News Summary - weekly articles