നിഴൽക്കുത്ത്

തലച്ചോറിലെ രാസ, വൈദ്യുതി പ്രക്രിയകൾ എങ്ങനെയാണ് ബോധത്തിന്റെ മഹാപ്രപഞ്ചമുണ്ടാക്കുന്നത്? അതിൽനിന്ന് എങ്ങനെയാണ് ആനന്ദവും വിഷാദവും, ചിരിയും ചിന്തയും ആശനിരാശകളുമൊക്കെ ആവിർഭവിക്കുന്നത്? തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ കർത്താവിന്റെ ഹൃദയം വേണ്ടിവരും. അതിന് കുറഞ്ഞപക്ഷം വേണ്ടത് അലതെളിഞ്ഞ ബോധം. സ്നേഹിച്ചാലും ദ്വേഷിച്ചാലും മനുഷ്യനതുണ്ട്. മൃഗങ്ങൾക്കുമുണ്ട് –അവ തത്ത്വജ്ഞാനം വിളമ്പാറില്ലെങ്കിലും. ബോധത്തെ സ്വയം തിരിച്ചറിയുന്നത് അവബോധം. മനസ്സാക്ഷി. നായക്കും പൂച്ചക്കുമൊക്കെ അതുണ്ടോ? നേർത്ത സൂചനകളുണ്ട്, ചില പെരുമാറ്റങ്ങളിൽ. കൊതുകിനോ? ഉറപ്പില്ല. കാരണം, സൂചനയില്ല. സസ്യങ്ങൾക്കും...
Your Subscription Supports Independent Journalism
View Plansതലച്ചോറിലെ രാസ, വൈദ്യുതി പ്രക്രിയകൾ എങ്ങനെയാണ് ബോധത്തിന്റെ മഹാപ്രപഞ്ചമുണ്ടാക്കുന്നത്? അതിൽനിന്ന് എങ്ങനെയാണ് ആനന്ദവും വിഷാദവും, ചിരിയും ചിന്തയും ആശനിരാശകളുമൊക്കെ ആവിർഭവിക്കുന്നത്?
തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ കർത്താവിന്റെ ഹൃദയം വേണ്ടിവരും. അതിന് കുറഞ്ഞപക്ഷം വേണ്ടത് അലതെളിഞ്ഞ ബോധം. സ്നേഹിച്ചാലും ദ്വേഷിച്ചാലും മനുഷ്യനതുണ്ട്. മൃഗങ്ങൾക്കുമുണ്ട് –അവ തത്ത്വജ്ഞാനം വിളമ്പാറില്ലെങ്കിലും. ബോധത്തെ സ്വയം തിരിച്ചറിയുന്നത് അവബോധം. മനസ്സാക്ഷി. നായക്കും പൂച്ചക്കുമൊക്കെ അതുണ്ടോ? നേർത്ത സൂചനകളുണ്ട്, ചില പെരുമാറ്റങ്ങളിൽ. കൊതുകിനോ? ഉറപ്പില്ല. കാരണം, സൂചനയില്ല.
സസ്യങ്ങൾക്കും നോവുണ്ടെന്ന് കൊൽക്കത്തയിൽ ജഗദീഷ് ബോസ് തെളിയിച്ചപ്പോൾ, ലണ്ടനിൽ ബർണാഡ് ഷാ നടുങ്ങി -അഹിംസാ വ്രതത്തിന്റെ പേരിൽ സസ്യഭുക്കായി മാറിയ താൻ ഇനി എന്തെടുത്തു കഴിക്കും? നർമം വിളങ്ങിയ നാവിന് കർമം വിലങ്ങിയപ്പോൾ മറുലക്കോട്ടിൽ ബോസ് ഒരു ചിത്രംകൂടി വെച്ചു; ശാഖി മുറിച്ച നിമിഷം വൃക്ഷത്തിന്റെ നാഡീ നടുക്കം ക്രസ്കോഗ്രാഫിൽ ഒട്ടിയ പടം. (ഷാ പിന്നീടെങ്ങനെ ‘കഴിച്ചു’കൂട്ടിയോ ആവോ?) സസ്യങ്ങൾക്ക് മനസ്സുണ്ടെന്ന് അപ്പോഴുമില്ല സൂചന. മനുഷ്യഗ്രാഹ്യത്തിന് നിരക്കുന്നതാവണം സൂചനയുടെ സ്വഭാവമെന്ന് മനുഷ്യന് പിടിക്കാം ശാഠ്യം. ആ ഒട്ടാരം വച്ചാണോ ലോക യാഥാർഥ്യങ്ങൾ? അങ്ങനെ ചോദിക്കാനും മനസ്സില്ല, മനുഷ്യന്. ഉത്തരത്തിന്റെ ഏടങ്ങേറ് വേണ്ട, കക്ഷത്തിലുള്ള തൊടുസൗഖ്യം മതി.
ഇതൊക്കെ സാമാന്യബുദ്ധി. അതിൽ അമിതവിശ്വാസമാണ് നമുക്ക്. എന്നാൽ, ലോകത്തെ നേരാംവണ്ണം മനസ്സിലാക്കാൻ യുക്തമായ ഉപാധിയല്ലത്. ഏറ്റവും മികച്ച തെളിവ് നാം തന്നെ – നമ്മുടെ സാമാന്യബുദ്ധിക്ക് മിക്കപ്പോഴും വഴങ്ങുന്നില്ല, സ്വന്തം ബോധമനസ്സ്.
തലച്ചോറിലെ രാസ, വൈദ്യുതി പ്രക്രിയകൾ എങ്ങനെയാണ് ബോധത്തിന്റെ മഹാപ്രപഞ്ചമുണ്ടാക്കുന്നത്? അതിൽനിന്ന് എങ്ങനെയാണ് ആനന്ദവും വിഷാദവും, ചിരിയും ചിന്തയും ആശനിരാശകളുമൊക്കെ ആവിർഭവിക്കുന്നത്? അത്തരം ചോദ്യങ്ങൾക്കു മുന്നിൽ സാമാന്യബുദ്ധി പരാജയം. ശാസ്ത്രത്തിന് ഇന്നും ദുരൂഹമായ തമോഗർത്തമാണത് –അങ്ങനെ പറഞ്ഞൊഴിയാം സാമാന്യ ബുദ്ധിക്ക്. എന്നാൽ, ബോധത്തിന്മേൽ ഇന്ന് ആഞ്ഞുകിണയുന്നത് സാമാന്യ ബുദ്ധിയല്ല. നാഡീശാസ്ത്രജ്ഞർ, കമ്പ്യൂട്ടർ വിദ്വാന്മാർ, ഭൗതിക ശാസ്ത്രജ്ഞർ, മനഃശാസ്ത്രജ്ഞർ, തത്ത്വചിന്തകർ തുടങ്ങി ഗോളവ്യാപകമായ സിരാവ്യൂഹംതന്നെയാണ്.
എന്നിട്ടോ? ബോധാന്വേഷകരിൽ പലരുടെയും നിഗമനങ്ങളിൽ നിരാശയുടെ മേഘഛവി. ചിലരുടേതിൽ നട്ടപ്പിരാന്തിന്റെ. ചിലപ്പോൾ പറയും, വികസിച്ചുപോയ ജീവികൾക്ക് സംവരണം ചെയ്തിട്ടുള്ളതല്ല ബോധമെന്ന്. മറിച്ച്, സകല ചരാചരങ്ങൾക്കും അതുണ്ടായിരിക്കാമെന്ന് –വമ്പൻ താരാഗണം തൊട്ട് കുഞ്ഞണുകണം വരെ. പ്രഗതിക്കിടെ സംഭവിച്ച യാദൃച്ഛികതയല്ലത്, ഉൽപത്തി തൊട്ടേയുള്ള നൈസർഗികതയെന്ന്. ബോധം പ്രപഞ്ചവസ്തുക്കളുടെ ഉള്ളടക്കമല്ല, അടിസ്ഥാനപരമായി പ്രപഞ്ചം ചമച്ചിരിക്കുന്നതേ ബോധംകൊണ്ടാണെന്നു പറഞ്ഞാലോ? അതാണ് പാൻ സൈക്കിസം.
യുക്തിസഹമായ ചില ചുറ്റുവട്ടങ്ങളുടെ സ്വാഭാവിക പരിണതിയാണീ വിചാരധാര. ഒന്നാമത്, മസ്തിഷ്‍കം ഭൗതിക പദാർഥങ്ങളാൽ നിർമിതം. രണ്ട്, ഈ പദാർഥങ്ങൾ ചില പ്രത്യേക ക്രമീകരണങ്ങളിലാവുമ്പോൾ ആത്മനിഷ്ഠ വികാര വിചാരങ്ങൾ അങ്കുരിക്കുന്നു. മൂന്ന്, ഒരു ചെറു വസ്തുവിലെ (മസ്തിഷ്‍കം) ഘടകങ്ങളുടെ ഭൗതികപ്രകൃതം മാത്രംവെച്ച് ആത്മനിഷ്ഠത സൃഷ്ടിക്കാനാവില്ല.
അഥവാ, ശൂന്യതയിൽനിന്നുളവായതല്ല മസ്തിഷ്‍കംപോലെ ചെറുതെങ്കിലും സങ്കീർണമായൊരു വ്യൂഹത്തിന്റെ പ്രകൃതങ്ങൾ. പ്രപഞ്ചത്തിന്റെ ആത്യന്തിക ചേരുവകളിൽനിന്നാവണം ആത്മനിഷ്ഠ സവിശേഷതകളുടെ വരവ്. അവ ചേരുംപടി ചേരുമ്പോൾ വികാരവിചാരങ്ങൾ ഉടലെടുക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാന ചേരുവ അണുകണങ്ങളാണ് –ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ... അവതന്നെ മസ്തിഷ്‍കത്തിന്റെയും അസ്തിവാരം. സർവതിന്റെയും ദേഹാംശം ഒരേ ചേരുവയെങ്കിൽ സർവതിനുമുണ്ടാവണ്ടേ ആത്മനിഷ്ഠതയും? ഇങ്ങനെ പോകുന്നു, പാൻസൈക്കിസത്തിന്റെ ന്യായയുക്തി.
ജൈവ പരിണാമ വഴിയേ ഉരുത്തിരിഞ്ഞതാണ് ബോധശേഷിയെന്ന് ഇനിയൊരു കൂട്ടർ. ദ്രവമല്ലാത്ത ചില തന്മാത്രകൾ ഇടപഴകുക വഴി ദ്രാവകമുണ്ടാവാറുണ്ട്. അതേവിധം സിരാകോശങ്ങളുടെ (ന്യൂറോൺ) ഇടപഴക് വഴി ബോധം ഉരുത്തിരിയുന്നെന്ന്. ഈ ഉപമക്ക് ഒരു പിശകുണ്ട്. വ്യക്തിഗത തന്മാത്രകളുടെ ഭൗതികനിലക്ക് അനുസൃതമായാണ് ദ്രാവകത്വമുണ്ടാവുക. തന്മാത്രയിലെ ഇലക്ട്രോൺ വട്ടത്തിന്റെ എണ്ണവും കിടപ്പുമൊക്കെ അനുസരിച്ച്. അവയും ഭൗതികവസ്തുക്കളാണ്. അവയുടെ പ്രവർത്തന യുക്തിയും ഭൗതികം. അങ്ങനെയാണോ ബോധം? അതിന്റെ ആത്മനിഷ്ഠ പ്രകൃതങ്ങളെ ചെറുകിട ഭൗതിക കണങ്ങളിൽനിന്ന് ഉരുത്തിരിക്കാവതല്ല. ആയതിനാൽ, ഭൗതികത്തിൽനിന്ന് മനസ്സുണ്ടാവും എന്നത് അസംബന്ധം. അങ്ങനെ നീളുന്നു, പാൻ സൈക്കിസത്തിന്മേലുള്ള തർക്കവ്യവഹാരം.
പ്രപഞ്ചം ആകെത്തന്നെ ബോധത്താൽ നിർമിതമെന്നു പറയുമ്പോൾ, മനസ്സിന്റെ പൊടിശകലങ്ങളിൽനിന്ന് ചരാചരങ്ങളുടെ മനസ്സുണ്ടാവുന്നു എന്നല്ലേ ധരിക്കാനാവുക? ഇപ്പറയുന്ന പൊടി, പരമലളിതമായ ‘മാനസികാവസ്ഥകളാ’വണമല്ലോ. അവ തത്തുകൂട്ടിയാൽ മനുഷ്യന്റേതു മാതിരിയുള്ള സങ്കീർണ മാനസികാവസ്ഥകൾ എങ്ങനെയുണ്ടാവും? ഉദാഹരണത്തിന് ഒരുകൂട്ടം മനുഷ്യരെ ഒരു മുറിക്കുള്ളിലടക്കുക. അവരുടെ വ്യക്തിമനസ്സുകൾ സംയോജിപ്പിച്ച് ഒരു സമഷ്ടി മനസ്സുണ്ടാക്കാനാവുമോ? പ്രകാശത്തിന്റെ പരമാണുവായ ഫോട്ടോൺ എടുക്കുക. അതിൽ പ്രാഗ്‍വികാരങ്ങളും പ്രാഗ് വിചാരങ്ങളും ഉള്ളടങ്ങിയിട്ടുണ്ടോ? ഉണ്ടെന്നാണെങ്കിൽ, ഈ ഭാവങ്ങളുടെ വികസിത രൂപങ്ങൾ പ്രകാശരശ്മിയിലും വെളിച്ചപ്പെടേണ്ടേ?
പാൻ സൈക്കിസം ഇവ്വിധം ചിരിവകയാകും, സൂക്ഷ്മപരിശോധനയിൽ. യുക്തിവിചാരണയാൽ നിരാകരിക്കുമ്പോഴും അതൊരു ഗുണംചെയ്യുന്നുണ്ട്. ബോധാന്വേഷണത്തിൽ ഒരറ്റം അടഞ്ഞ തുരങ്കവഴിയാണെങ്കിലും അത് മനുഷ്യമനസ്സിനെ മോചിപ്പിക്കുന്നു, ഇടുങ്ങിയ പ്രാദേശികതാ ജ്വരത്തിൽനിന്ന്. ഠ-വട്ടത്തിലെ ‘നോട്ടഭ്രമണ’ത്തിൽനിന്ന് മനുഷ്യദൃഷ്ടിക്കൊരു പ്രപഞ്ചാഭിമുഖ്യം പകരുന്നു.
പരിണാമസിദ്ധാന്ത പ്രകാരം, സ്വന്തം പകർപ്പെടുത്ത് വിന്യസിച്ച് വംശത്തുടർച്ച നിവർത്തിക്കുന്ന ജീവികളാണ് നാം. ചുറ്റുപരിസ്ഥിതിയിൽനിന്നുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ പകർത്തലും അതിന്റെ പുലർച്ചയും നടക്കുന്നത്. ഈ തുടരൻപ്രക്രിയയുടെ പാർശ്വഫലമായി മസ്തിഷ്‍കം ഉരുവപ്പെട്ടു. ദീർഘമായ അതിജീവനവഴിയേ അതും വികസിച്ചുവന്നു -പാരിസ്ഥിതികമായ ഓരോരോ ആവശ്യങ്ങളോടും പ്രതിബന്ധങ്ങളോടും അനുകൂലനംചെയ്ത്. അങ്ങനെ എത്തിനിൽക്കുന്ന ഇന്നത്തെ ‘വികസിത’ നിലയിൽനിന്നുകൊണ്ട് നാം ചരാചരങ്ങളെ നോക്കുന്നു, വിവേചിച്ചറിയാൻ ശ്രമിക്കുന്നു. ഈ ശേഷിക്കു പിന്നിലുള്ളത് നമ്മുടെ ‘വികസിത’ ബോധമാണെന്ന അവബോധത്തോടെ. അത്രയും നന്ന്. പക്ഷേ, കണിക്ക് കാണിയുടെ ഈ ശേഷിയില്ലെന്ന് കരുതുന്നിടത്താണ് പ്രശ്നം –‘വികസിത’ത്തിന്റെ പ്രാകൃതത്വം.

ചാൾസ് ഡാർവിൻ
ഒരു പാറയെ ഒന്നു നോക്കൂ. അനങ്ങാപ്പാറ. അത് വിശേഷിച്ചെന്തെങ്കിലും ചെയ്യുന്നതായി നമുക്ക് തോന്നുന്നില്ല. നമ്മെ നിർമിച്ചിട്ടുള്ള അതേ അടിസ്ഥാന കണങ്ങൾകൊണ്ടുതന്നെയുള്ള ഭൗതിക വസ്തു; പക്ഷേ, അചേതനം. പ്രത്യക്ഷം കടന്ന് ഉള്ളിലേക്കിടുക, കണ്ണ്. പാറക്കുള്ളിൽ സങ്കൽപിക്കാനാവാത്തത്ര സൂക്ഷ്മകണങ്ങൾ... പരസ്പര ബന്ധിതമായ രാസവേലകളുടെ മഹാവിന്യാസം... സർവവും അതിദ്രുത ചലനാതിരേകത്തിൽ –ഏറ്റവും വേഗമുള്ള സൂപ്പർ കമ്പ്യൂട്ടറിനെ വെല്ലുന്നത്ര. പുറത്തുനിന്ന് നിരന്തരം വന്നു പതിക്കുന്ന ഗുരുത്വതരംഗങ്ങളും വിദ്യുത്-കാന്ത വർഷവും. ഇതെല്ലാം മുഖേന ചുറ്റുപ്രപഞ്ചത്തെ കാണുകയാണ് പാറ. ഇടപഴകുകയും അനുഭവിക്കയും.
ഇത്രക്ക് രണസങ്കീർണമായ ഒരാന്തരവ്യൂഹം അതിബൃഹത്തായൊരു വിവര സംസ്കരണ സംഘാതമല്ലെന്ന് എങ്ങനെ പറയും? ഡേവിഡ് ചാമേഴ്സ് കുറിച്ചതോർമിച്ചാൽ, ‘‘അകത്തുനിന്നുള്ള വിവരം അനുഭവം, പുറത്തുനിന്നുള്ളത് ഫിസിക്സ്.’’ വിവരം എവിടെയുണ്ടോ അവിടെ ബോധവും –അങ്ങനെയല്ലോ ബോധത്തിന്റെ എഞ്ചുവടി.
ഇക്കണ്ട ചടുലവൈകാരികതയുടെ ഫലമായി ഞെളിപിരി കൊള്ളുന്നൊന്നുമില്ല, പാറ. ‘ടെൻഷന’ടിച്ച് ‘ബി.പി’ കൂടുന്നുമില്ല. എന്തിനു കൂടണം? അതിന്റെ അസ്തിത്വം നമ്മുടേതു മാതിരി പുലർച്ചക്കും പകർപ്പിലൂടെയുള്ള അതിജീവനത്തിനും വേണ്ടിയുള്ളതല്ല. പൊടിഞ്ഞു പൊടിഞ്ഞ്, അടിഞ്ഞുപോകാനുള്ള ഭൗതിക ഭവിഷ്യത്തിനെ തരിമ്പും കൂസുന്നുമില്ലത്. കവി പറയും, ധ്യാനനിമഗ്നമാം ചിദ്രൂപം.

അപ്പുറം?
ഒക്കെ അറിയുമ്പോൾ, ഒരു ബോധരേണുകൂടി നമ്മിലുണരാം: പ്രപഞ്ചം ബോധസാന്ദ്രമെന്ന്. പരിണാമഗതിയിലെ ഫോട്ടോസ്റ്റാറ്റ് –യാന്ത്രികതയിൽപ്പെട്ട നവാഗതരായ നമുക്കത് വേണ്ടത്ര കാണാനാവുന്നില്ല. കാരണം, സാമാന്യബുദ്ധിയിട്ട തിമിരം, ഏറ്റവും വികസിച്ച ജീവിയെന്ന തിമിര്.