ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി: നമ്മൾ എത്ര അകലെ?
എന്തായിരുന്നു 75 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം? ഇന്ത്യ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥകൾ അറിയാൻ കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.
ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ 75 കൊല്ലം ഒരു നീണ്ട കാലമല്ല. തീരെ ചെറുതല്ല താനും. എഴുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാതെയാണ് ലോകത്തെ രണ്ടാം വന്‍ശക്തിയായിരുന്ന സോവിയറ്റ് യൂനിയന്‍ അപ്രത്യക്ഷമായതെന്നോര്ക്കുക.
ഇന്ത്യക്കൊപ്പം പിറന്ന രാജ്യമാണ് പാകിസ്താന്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തപ്പെട്ട യുഗ്മരാഷ്ട്രം എന്ന് വേണമെങ്കില്‍ പറയാം. മതത്തിന്റെ പേരില്‍ ഒന്നിച്ച്, പ്രത്യേക രാഷ്ട്രം എന്ന ആവശ്യം ഉന്നയിക്കുകയും നേടുകയും ചെയ്തവര്‍ 25ാം കൊല്ലത്തിൽ ഭാഷയുടെ പേരില്‍ വേര്‍പെട്ടു. ഈ 75 കൊല്ലക്കാലത്ത് 33 കൊല്ലം പാകിസ്താന് പട്ടാളഭരണത്തിലായിരുന്നു. പാകിസ്താനില്‍നിന്ന് വേര്‍പെട്ട ശേഷമുള്ള 50 കൊല്ലക്കാലത്ത് ബംഗ്ലാദേശ് വീണ്ടും രണ്ടു തവണ പട്ടാളത്തിനു കീഴില്‍ വന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയാണ് 75 കൊല്ലത്തില്‍ ഇന്ത്യ കണ്ട ഏറ്റവും കറുത്ത ദിനങ്ങള്‍. പൗരസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ട കാലമായിരുന്നു അത്. പക്ഷേ, അത് ഭരണഘടനാനുസൃതമായ നടപടിയായിരുന്നു. അങ്ങനെ ഈ കാലയളവില്‍ ഭരണഘടന തുടര്‍ച്ചയായി നിലനിര്‍ത്തിയ ഏക രാജ്യം എന്ന ഖ്യാതി ഇന്ത്യക്ക് അവകാശപ്പെടാം.
പാകിസ്താന്റെ സമുന്നതരായ രണ്ട് സ്ഥാപക നേതാക്കളുടെയും വേർപാട് അതിനു വലിയ ദോഷം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 17 കൊല്ലത്തെ തുടര്‍ച്ചയായ നേതൃത്വം സ്വതന്ത്ര ഇന്ത്യക്ക് ഉറച്ച അടിത്തറ പാകാന്‍ സഹായകമായി. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്കിയ കോൺഗ്രസിന്റെ തലപ്പത്തുള്ളവര്‍ ബ്രിട്ടീഷ് മാതൃകയിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ് ഇന്ത്യക്ക് നല്ലതെന്ന അഭിപ്രായക്കാരായിരുന്നു. അങ്ങനെയൊരു ഭരണഘടന ഉണ്ടാക്കാന്‍ സഹായിക്കാന്‍ തയാറുള്ള ഒരു വിദഗ്ധനെ കണ്ടെത്താന്‍ ജവഹര്‍ലാല്‍ നെഹ്റു ലണ്ടനിലായിരുന്ന വി.കെ. കൃഷ്ണമേനോനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തോട് മറ്റൊരാൾ പറഞ്ഞു: ''ഡോ. ബി.ആര്. അംബേദ്കര്‍ അവിടെയുള്ളപ്പോൾ നിങ്ങള്‍ എന്തിനാണ് ഇവിടെ വിദഗ്ധരെ തേടുന്നത്?''
അവസാനഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത് 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ആ നിയമം ഉണ്ടാക്കുന്നതിനു ബ്രിട്ടീഷുകാര്‍ ആശ്രയിച്ചത് അംബേദ്കറെ ആയിരുന്നെന്ന് അദ്ദേഹം കൃഷ്ണമേനോനോട് പറഞ്ഞു. മറ്റൊരു ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനും അംബേദ്കറുടെ പേര് നിർദേശിച്ചു. അങ്ങനെ കോൺഗ്രസ്
അംബേദ്കറിലെത്തി. അദ്ദേഹമാകട്ടെ ജനാധിപത്യം കണ്ടെത്തിയത് ബ്രിട്ടീഷ് പാരമ്പര്യത്തില്നിന്നല്ല, ഇന്ത്യയുടെ ബൗദ്ധ പാരമ്പര്യത്തില്നിന്നായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി പല സംസ്ഥാനങ്ങളിലും കലാപാന്തരീക്ഷം സൃഷ്ടിച്ച വര്‍ഗീയതയായിരുന്നു. അതിനെ ഫലപ്രദമായി നിയന്ത്രിച്ചുനിര്‍ത്താന്‍ നെഹ്റുവിനു കഴിഞ്ഞു. ഹിന്ദു മഹാസഭ, ജനസംഘം, രാമരാജ്യ പരിഷദ് എന്നീ മൂന്നു ഹിന്ദുത്വ കക്ഷികള്‍ക്കുംകൂടി, വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങും മുമ്പ് നടന്ന, 1952ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ മാത്രമാണ് കിട്ടിയതെന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം വര്‍ഗീയതക്കെതിരെ, പ്രത്യേകിച്ച് ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ, ആഞ്ഞടിച്ചിരുന്നു. അതുകൊണ്ടാണ് ഹിന്ദുത്വ ചേരി അദ്ദേഹത്തിന്റെ ഓർമയെപ്പോലും ഭയപ്പെടുന്നത്.
ഇന്ന് ഏതെങ്കിലും വര്‍ഗീയതയെ പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുപിടിക്കാത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിയുന്ന ഏത് കക്ഷിയുണ്ട്?
ശക്തമായ പ്രതിപക്ഷം നെഹ്റു ആഗ്രഹിച്ചിരുന്നു. ഉപ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ഒരിക്കലും പ്രചാരണത്തിനിറങ്ങിയില്ല. അവയിലൂടെയാണ് പല പ്രതിപക്ഷ നേതാക്കളും ആദ്യ ലോക്സഭകളില്‍ എത്തിയത്. ജനാധിപത്യ പരിപാലനത്തിൽ നെഹ്റുവിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായില്ലെന്നു പറയാനാവില്ല. ഇന്ദിര ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ സമ്മതം നൽകിയതും നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ പിരിച്ചുവിട്ടതും അദ്ദേഹത്തിന്റെ പൊതുസമീപനത്തിലെ അപവാദങ്ങളായി നിലനില്ക്കുന്നു. ജനാധിപത്യവ്യവസ്ഥക്കെന്നപോലെ സമ്പദ് വ്യവസ്ഥക്കും നെഹ്റു ഉറച്ച അടിത്തറ പാകി. അത്യുത്സാഹത്തോടെ പുതിയ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാന്‍ വെമ്പുന്ന പില്ക്കാല ഭരണാധികാരികള്‍ അദ്ദേഹം സ്ഥാപിച്ച വലിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റാണ് പുതിയ പരിപാടികള്‍ക്ക് മൂലധനം കണ്ടെത്തുന്നത്.
ശാസ്ത്ര സാങ്കേതിക രംഗത്ത് നെഹ്റു തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ ബഹിരാകാശ ഗവേഷണം ഉള്‍പ്പെടെയുള്ള മേഖലയില്‍ ഒരു മുന്‍നിര രാജ്യമാക്കിയിട്ടുണ്ട്. നമ്മുടെ ഋഷിമാര്‍ക്ക് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ അറിയാമായിരുന്നുവെന്നു വിശ്വസിച്ചിരുന്നയാളായിരുന്നെങ്കിലോ?
ചേരിചേരാ നയം രൂപപ്പെടുത്തിയ നെഹ്റു ഒരു വലിയ രാജ്യമായ ഇന്ത്യക്ക് മറ്റൊരു രാജ്യത്തിന്റെ വാലാകാനാകില്ലെന്നു പ്രഖ്യാപിച്ചു. അതിനെ ഏറ്റവുമധികം അസഹിഷ്ണുതയോടെ കണ്ട രാജ്യം അമേരിക്കയാണ്. അമേരിക്കയുടെ പ്രസിഡന്റെന്നനിലയില്‍ ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ചപ്പോള്‍ അവിടെ മുമ്പ് കേട്ട ചില പ്രസംഗങ്ങളെ കുറിച്ച് പരാമര്‍ശിച്ചു. അതിലൊന്ന് ഇങ്ങനെയായിരുന്നു: ''നെഹ്റുവിന്റെ പറന്നുയരുന്ന ആദര്‍ശബോധം'' (soaring idealism of Nehru). ജനസംഖ്യയുടെ വലുപ്പംകൊണ്ടോ സൈനികബലംകൊണ്ടോ സാമ്പത്തികശേഷികൊണ്ടോ ആർജിക്കാനാവാത്ത ധാർമികതക്കുള്ള അംഗീകാരം ആ വാക്കുകളിലുണ്ട്.
നെഹ്റു ഇന്ദിര ഗാന്ധിയെ പിന്‍ഗാമിയാക്കാന്‍ ശ്രമിച്ചുവെന്ന് കരുതുന്നില്ല. അങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നെങ്കില്‍ 1952ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ യുവതലമുറക്ക് ഒരുപക്ഷേ അദ്ദേഹം കഴിഞ്ഞാല്‍ ഏറ്റവും പ്രിയങ്കരനായ ജയപ്രകാശ് നാരായണനെ കോൺഗ്രസിനോട് അടുപ്പിക്കാന്‍ ശ്രമിക്കുമായിരുന്നില്ല. അവസാന കാലത്തും അദ്ദേഹം മാറി ചിന്തിച്ചില്ല. രോഗബാധിതനായ തന്നെ സഹായിക്കാന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ മന്ത്രിയാക്കിക്കൊണ്ട് അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരുകയാണ് അദ്ദേഹം ചെയ്തത്.
ശാസ്ത്രിയുടെ അകാല ചരമവും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തങ്ങള്‍ പിന്നില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന സിൻഡിക്കേറ്റ് നേതാക്കളുടെ ഉത്തമബോധ്യവുമാണ് ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. കോൺഗ്രസിനുള്ളിലെ എതിരാളികള്‍ ഉയർത്തിയ വെല്ലുവിളി നേരിടുന്നതിലും പൂര്‍വ പാകിസ്താന് സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അസാമാന്യമായ നേതൃപാടവം കാട്ടി. അതേസമയം പ്രതിപക്ഷം, പ്രത്യേകിച്ച് വളരുന്ന വലതുപക്ഷം സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരിടുന്നതില്‍ അവര്‍ക്ക് വലിയ വീഴ്ച പറ്റി. നല്ല ഉപദേശകരെ ആശ്രയിച്ചപ്പോള്‍ ഫലം നന്നായെന്നു വിലയിരുത്താമെന്നു തോന്നുന്നു.
ഇപ്പോള്‍ രംഗത്തുള്ളത് ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷമുള്ള മൂന്നാം തലമുറയാണ്. ഓരോ തലമുറ മാറ്റത്തോടെയും ഹിന്ദു വർഗീയതയെ നേരിടാനുള്ള കോൺഗ്രസ് പാര്‍ട്ടിയുടെ ആർജവം കുറയുന്നതായാണ് അനുഭവം. ഈ പശ്ചാത്തലം ഒാർത്തുകൊണ്ടുവേണം കോൺഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വളരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ മുന്നേറ്റം വിലയിരുത്താന്‍. കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണം. അവരും രാജ്യത്തെ മുന്നോട്ടും പിന്നോട്ടും നടത്തിച്ചിട്ടുണ്ട്.
അധികാരത്തിലിരുന്ന കോൺഗ്രസിനു മാത്രമല്ല ക്ഷീണം സംഭവിച്ചത്. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷമായ കക്ഷിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അതിന്റെ ഫലമായി അതിനെ ദേശീയ ബദലായി രാജ്യം കണ്ടു. ഇന്ന് അതൊരു ഒറ്റ സംസ്ഥാന കക്ഷിയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അതിന്റെ നേതാക്കള്‍ക്കുപോലും അറിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ വലിയ ദുരന്തമാണ് സോഷ്യലിസ്റ്റ് പാർട്ടിയുടേത്. ജയപ്രകാശ് നാരായൺ, അരുണ ആസഫ് അലി, രാം മനോഹര്‍ ലോഹ്യ തുടങ്ങി അതിപ്രഗല്ഭരായ എത്ര നേതാക്കളായിരുന്നു അതിനുണ്ടായിരുന്നത്! അവസാനകാലത്ത് ബി.ജെ.പിയുടെ വളര്‍ച്ചക്ക് കളമൊരുക്കിയിട്ടാണ് ജെ.പി വിട പറഞ്ഞത്.
ഭരണഘടന ആമുഖത്തില്‍ എടുത്തുപറയുന്ന ലക്ഷ്യങ്ങളില്‍ ആദ്യത്തേത് സാമൂഹിക നീതിയാണ്. ഇത് ദീര്‍ഘകാലം അസമത്വം അംഗീകരിച്ചിരുന്ന സമൂഹമാണെന്ന തിരിച്ചറിവാണ് അതിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഈ 75 കൊല്ലം പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വഹിച്ചവരില്‍ എത്രപേരെ നമുക്ക് സാമൂഹികനീതിക്കായി നിർണായകമായ നടപടി എടുത്തവരായി ഓർമിക്കാനാകും?