സാംസ്കാരിക സ്ഥാപനങ്ങള്‍ പ്രതിനിധാനവും നിയമനങ്ങളും
കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെല്ലാം ചില ആള്‍ക്കാര്‍ക്കുമാത്രം പ്രവേശിക്കാനുള്ള ഇടങ്ങളായി ചുരുക്കപ്പെേട്ടാ? ഇരകളാക്കപ്പെടുന്നവര്‍ പ്രതികരിക്കുന്നില്ല എന്നതാണോ ഭരണകൂട വക്താക്കള്‍ക്ക് ഗുണകരമാകുന്നത്? നിയമനങ്ങളും പ്രതിനിധാനവും എപ്രകാരമുള്ളതാണ്?അക്കാദമിക് ഗവേഷണ കേന്ദ്രമായ കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെ സാംസ്കാരിക സ്ഥാപനങ്ങള്‍ ‘അടഞ്ഞ റിപ്പബ്ലിക്കാ’യാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അവിടങ്ങളിലെ പ്രധാന പോസ്റ്റുകളിലെ നിയമനങ്ങളും ഭരണസമിതിയിലെ പ്രതിനിധാനവും പരിശോധിച്ചാല്‍ തിരിച്ചറിയാനാകും. കേരളത്തില്‍ നടന്ന/ നടക്കുന്ന ഒട്ടുമിക്ക നിയമനങ്ങളും ഇപ്പോള്‍ വിവാദവും...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെല്ലാം ചില ആള്‍ക്കാര്‍ക്കുമാത്രം പ്രവേശിക്കാനുള്ള ഇടങ്ങളായി ചുരുക്കപ്പെേട്ടാ? ഇരകളാക്കപ്പെടുന്നവര്‍ പ്രതികരിക്കുന്നില്ല എന്നതാണോ ഭരണകൂട വക്താക്കള്‍ക്ക് ഗുണകരമാകുന്നത്? നിയമനങ്ങളും പ്രതിനിധാനവും എപ്രകാരമുള്ളതാണ്?
അക്കാദമിക് ഗവേഷണ കേന്ദ്രമായ കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെ സാംസ്കാരിക സ്ഥാപനങ്ങള്‍ ‘അടഞ്ഞ റിപ്പബ്ലിക്കാ’യാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അവിടങ്ങളിലെ പ്രധാന പോസ്റ്റുകളിലെ നിയമനങ്ങളും ഭരണസമിതിയിലെ പ്രതിനിധാനവും പരിശോധിച്ചാല്‍ തിരിച്ചറിയാനാകും. കേരളത്തില്‍ നടന്ന/ നടക്കുന്ന ഒട്ടുമിക്ക നിയമനങ്ങളും ഇപ്പോള്‍ വിവാദവും സംവാദവും കേസുകളുമായി മാറുന്ന സന്ദര്‍ഭമാണിത്. അതിന് പല കാരണങ്ങളുണ്ട്. കഴിഞ്ഞ കുറെ കാലങ്ങളായി യോഗ്യതയുള്ളവരെ തഴഞ്ഞുകൊണ്ട് പലരുടെയും ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം നടന്നിരുന്നത്. അങ്ങനെ സാധിക്കാത്ത ഇടങ്ങളില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എല്ലാ കാലത്തും ഇത്തരം ഇടപെടലുകളിലൂടെ എല്ലായിടത്തും ആള്‍ക്കാരെ കയറ്റിയിരുത്താന്‍ കഴിയില്ലെന്ന യാഥാർഥ്യമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വസ്തുതകള്‍ തെളിയിക്കുന്നത്.
കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശം, മലയാളം മിഷന്‍ (ലിസ്റ്റ് അപൂര്‍ണം) ഉള്‍പ്പെടെ സാംസ്കാരിക സ്ഥാപനങ്ങള്‍ നിരവധിയാണ്. ഇവയെല്ലാം പൊതുസമൂഹത്തിന്‍റെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെയെല്ലാം ഭരണ സമിതികളിലേക്ക് 2020 വരെ പ്രതിനിധാനപരമായി കീഴാള സമൂഹങ്ങളോ ആദിവാസി, മറ്റ് അടിത്തട്ട് സമൂഹങ്ങളോ കടന്നുവന്നിരുന്നില്ല. ഇടതുപക്ഷത്തിന്‍റെ ഭാഗമായി നിലകൊള്ളുന്ന പട്ടികജാതി ക്ഷേമ സമിതിയുടെ (പി.കെ.എസ്) ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷങ്ങളില്‍ കീഴാള പ്രാതിനിധ്യം ലഭിച്ചുതുടങ്ങിയത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരള സാഹിത്യ അക്കാദമിയില്‍ വിരലിലെണ്ണാവുന്നവര്‍ പ്രതിനിധാനപരമായി വന്നിട്ടുണ്ടെങ്കിലും അര്‍ഹരായ പലരും തഴയപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ ആള്‍ക്കാരെ ഉള്‍പ്പെടുത്തിയത് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്‍റെ ഭാഗമാണ്.
അര്‍ഹരായ പലരും പുറത്തു നില്‍ക്കുമ്പോള്‍ സാംസ്കാരിക സാഹിത്യ മേഖലയില്‍ ഏതെങ്കിലും തരത്തില്‍ സംഭാവന ചെയ്യാത്തവരും ഭരണസമിതിയില്‍ കടന്നുകൂടിയിട്ടുണ്ട്. അതേസമയം, പലര്‍ക്കും ലഭിക്കേണ്ട അവസരം ഇല്ലാതാക്കിക്കൊണ്ട് ഒരേസമയം സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭരണസമിതിയില്‍ അംഗമായിരിക്കുന്നവരുണ്ട്. ഏത് മാനദണ്ഡമനുസരിച്ചാണ് ഇത്തരം തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത് എന്നത് വ്യക്തമല്ല. കേരളത്തിന്‍റെ വൈജ്ഞാനിക മണ്ഡലത്തില്‍ വലിയ സംഭാവനകള്‍ നല്‍കേണ്ട സ്ഥാപനങ്ങളാണ് ചട്ടങ്ങളും നിയമങ്ങളും പരിഗണിക്കാതെ ഭരണസമിതിയിലേക്ക് അംഗങ്ങളെ പരിഗണിക്കുന്നത്. ഇടതുപക്ഷം ഭരണത്തിലെത്തുമ്പോള്‍ ഒരേ പേരുകള്‍തന്നെയാണ് ഭരണസമിതികളില്‍ മാറിയും മറിഞ്ഞും വരുന്നത്. ഭരണകൂട സ്തുതിപാഠകരായ ഇവര്‍ മാത്രമാണോ കേരളത്തിലെ ബുദ്ധിജീവികള്‍ എന്ന് ആരെങ്കിലും ചോദിച്ചുപോയാല്‍ അവരെ നേരിട്ടും സൈബര്‍ ആക്രമണങ്ങളിലൂടെയും തകര്‍ക്കാനുള്ള ശ്രമം ആരംഭിക്കും.
എല്ലാ കാലവും വരേണ്യ പൊതുബോധത്താല്‍ നിർമിതമായ സാംസ്കാരിക യുക്തിയാലാണ് മാറിവരുന്ന ഭരണകൂടങ്ങളും പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇത്തരം സമീപനങ്ങള്‍ തെളിയിക്കുന്നത്. ഭരണസമിതിയിലേക്ക് പ്രതിനിധാനപരമായി ആരെയെങ്കിലും ഉള്‍പ്പെടുത്തിയാലും സവിശേഷമായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അതില്‍ ഇടപെടാനുള്ള അവസരം ഇത്തരക്കാര്‍ക്ക് ലഭിക്കാറുമില്ല. ഇത്തരം ചില വിമര്‍ശനങ്ങള്‍കൂടി ഉയര്‍ത്തിക്കൊണ്ടാണ് എസ്. ജോസഫ് സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ സ്ഥാനത്തുനിന്നും അടുത്ത സമയത്ത് രാജിവെച്ചത്.
അര്‍ഹതയുണ്ടായിട്ടും പ്രവേശനം ലഭിക്കാത്തവര്‍
കേരള സാഹിത്യ അക്കാദമിയുടെ ഇതുവരെയുള്ള പ്രസിഡന്‍റുമാരെ പരിശോധിച്ചാല്‍ വരേണ്യധാരയുടെ നിരതന്നെ കാണാനാകും. ഇത്രയും വര്‍ഷങ്ങളായിട്ടും കീഴാള സമൂഹത്തില്‍നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല. സവിശേഷമായി പറഞ്ഞാല്‍ ദലിത്, ആദിവാസി സമൂഹങ്ങളില്‍നിന്നും ആരുമുണ്ടായിട്ടില്ല. രണ്ട് വനിതകള്‍ മാത്രമാണ് ഈ സ്ഥാനത്തിരുന്നിട്ടുള്ളത്. സവര്‍ണ ആണ്‍ അധികാര കേന്ദ്രങ്ങളായാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണിത്.
സര്‍ദാര്‍ െക.എം. പണിക്കര്‍, കെ.പി. കേശവമേനോന്‍, പുത്തേഴത്ത് രാമന്‍ മേനോന്‍, ജി. ശങ്കരക്കുറുപ്പ്, പ്രഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള, പി.എ. സെയ്തു മുഹമ്മദ്, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, പി.സി. കുട്ടികൃഷ്ണന്‍, ലളിതാംബിക അന്തർജനം, തകഴി ശിവശങ്കരപ്പിള്ള, പ്രഫ. എസ്. ഗുപ്തന്‍ നായര്‍, പ്രഫ. എം.കെ. സാനു, പ്രഫ. കെ.എം. തരകന്‍, എം.ടി. വാസുദേവന്‍ നായര്‍, എന്‍.പി. മുഹമ്മദ്, യൂസഫലി കേച്ചേരി, എം. മുകുന്ദന്‍, പി. വത്സല, പെരുമ്പടവം ശ്രീധരന്‍, വൈശാഖന്‍ എന്നിവരാണ് ഇതുവരെ പ്രസിഡന്‍റ് സ്ഥാനത്തിരുന്നിട്ടുള്ളത്. ഇപ്പോള്‍ സച്ചിദാനന്ദനാണ് അക്കാദമിയെ നയിക്കുന്നത്. ജാതിവാല്‍ മറച്ചുവെക്കപ്പെട്ടവരുടെയും വാല്‍ പുറത്തിട്ടവരുടെയും എണ്ണത്താല്‍ സമ്പന്നമാണ് അക്കാദമിയുടെ പ്രസിഡന്‍റ് പദവി. എണ്ണപ്പെട്ട ചിലര്‍ ജാതി, മത കാഴ്ചപ്പാടുകളെ പടിക്ക് പുറത്തുനിര്‍ത്തിയവരാണ്.
ടി.എച്ച്.പി ചെന്താരശേരി, കവിയൂര്‍ മുരളി, സി. അയ്യപ്പന്‍, ടി.കെ.സി വടുതല, കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, വെട്ടിയാര്‍ പ്രേംനാഥ്, രാഘവന്‍ അത്തോളി, പ്രദീപന്‍ പാമ്പിരികുന്ന്, എം. കുഞ്ഞാമന്‍, ഡോ. കെ.കെ. മന്മഥന്‍, കെ.കെ. കൊച്ച്, കെ.കെ.എസ്. ദാസ്, ടി.എം. യേശുദാസന്‍, കെ.എം. സലിംകുമാര്‍, കെ.കെ. ബാബുരാജ്, വി.വി. സ്വാമി, ഡോ. എം.ബി. മനോജ്, ഡോ. ഒ.കെ. സന്തോഷ്, സണ്ണി എം. കപിക്കാട്, കെ.വി. ശശി, രാജേഷ് ചിറപ്പാട്, ഡോ. കെ.കെ. ശിവദാസ്, ഡോ. സജിത കെ.ആര്‍, ഡോ. വിനില്‍ പോള്‍ എന്നീ പേരുകള്‍ (ലിസ്റ്റ് അപൂര്‍ണം) എന്തുകൊണ്ടാകും സാംസ്കാരിക സ്ഥാപനങ്ങളുടെ ഭരണസമിതി ഉള്‍പ്പെടെ ഉള്‍പ്പെടാതെ പോകുന്നത്. ഇതില്‍ പലരും മുഖ്യധാരയുടെ തണലില്‍ വളര്‍ന്നവരുമല്ല. എന്നാല്‍ എഴുത്തിലും നിലപാടുകളിലും സൂക്ഷ്മമായ രാഷ്ട്രീയം ചേര്‍ത്തുനിര്‍ത്തിയവരാണ്. ഇവരില്‍ ചിലര്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും അത് വാങ്ങുകയും വാങ്ങാതിരിക്കുകയും ചെയ്തവരുണ്ട്.
ഭാരവാഹിത്വംപോലെ തന്നെയാണ് അക്കാദമി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സാംസ്കാരിക പരിപാടികളില്‍ അംഗങ്ങളെ വിളിക്കുന്നത്. ഏത് പരിപാടി നടത്തിയാലും സ്ഥിരമായി കുറച്ചുപേരുണ്ടാകും. അതില്‍നിന്നും തിരിച്ചും മറിച്ചും പങ്കെടുക്കേണ്ടവരെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ പ്രവര്‍ത്തകരാണ് ഒട്ടുമിക്ക വേദികളും കൈയടക്കാറുള്ളത്. തപസ്യയുടെ വേദികളില്‍ സജീവ സാന്നിധ്യമായവര്‍ക്കും ഇവിടെ പ്രവേശനാനുമതിയുണ്ട്. അടുത്തകാലത്ത് ഇത് സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇപ്പോഴതെല്ലാം കെട്ടടങ്ങി. ഇടതു, വലതു മുന്നണികള്‍ മാറിവന്നാലും സാംസ്കാരിക മേല്‍ക്കോയ്മ സവര്‍ണതയാല്‍ നിയന്ത്രിക്കപ്പെടുന്നതായിരിക്കും എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍
മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസത്തിനും ഔന്നിത്യത്തിനും വേണ്ട കൃതികള്‍ പ്രസിദ്ധീകരിക്കുക, ഭാരതീയരും വിദേശീയരുമായ ഭാഷകളിലെ നല്ല സാഹിത്യകൃതികള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുക, മലയാളത്തിലെ പ്രതിഷ്ഠിത കൃതികള്‍ക്കു സമുചിതമായ പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തുക, മലയാള ഭാഷയുടെ വികാസം മനസ്സിലാക്കാന്‍ ഉതകുംവണ്ണം ദ്രാവിഡ ഭാഷകളുടെ താരതമ്യപഠനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതിനാണ് പബ്ലിക്കേഷന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നാണ് കേരള സാഹിത്യ അക്കാദമിയുടെ നിയമാവലിയില്‍ പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാറുന്ന/ വികസിക്കുന്ന വൈജ്ഞാനിക പഠനങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ അക്കാദമിക്ക് സാധിച്ചിട്ടില്ല. പഴയ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ വന്നതൊഴിച്ചാല്‍ വളരെ കുറച്ച് പുസ്തകങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അക്കാദമിയുടെ ഫണ്ടില്‍ അധികവും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് വിനിയോഗിക്കുന്നത്. അഞ്ഞൂറിനു താഴെ എണ്ണം പുസ്തകങ്ങള്‍ മാത്രമാണ് ഇതുവരെ അക്കാദമിക്ക് പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുള്ളത്.
മലയാള സാഹിത്യ ചരിത്രം തയാറാക്കുന്നതിന് മലയാളത്തിലെ പ്രമുഖനായ പണ്ഡിതനെ എഡിറ്ററാക്കിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലികള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി പലരില്‍നിന്നും പഠനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ഇതുവരെ അത് അച്ചടിച്ച് പൂര്‍ണമായും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. ഒന്നാം വാല്യം പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി തെറ്റുകളുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെ ഈ പ്രശ്നം വിവാദമാവുകയും വിപണിയില്‍നിന്നും പിന്‍വലിക്കുകയുമായിരുന്നു. അതിന് ചെലവായ തുകയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും അക്കാദമി ഇതുവരെ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.
ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’, ഡോ. എം. ലീലാവതിയുടെ ‘മലയാള കവിതാ സാഹിത്യചരിത്രം’, ഡോ. വയലാ വാസുദേവന്‍പിള്ളയുടെ ‘മലയാള നാടക സാഹിത്യചരിത്രം’ ഉള്‍പ്പെടെ വളരെക്കുറച്ച് റഫറന്‍സ് ഗ്രന്ഥങ്ങള്‍ മാത്രമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അക്കാദമി പുറത്തിറക്കിയത്. ഐക്യ കേരളത്തിന് അമ്പത് തികഞ്ഞപ്പോള്‍ ‘ഐക്യകേരളത്തിന്‍റെ 50 വര്‍ഷം ഗ്രന്ഥാവലി’ എന്ന തലക്കെട്ടില്‍ കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് പരസ്യപ്പെടുത്തിയിരുന്നു. 50 വര്‍ഷത്തെ മലയാള കവിത, 50 വര്‍ഷത്തെ മലയാള കഥ, 50 വര്‍ഷത്തെ മലയാള നാടകപഠനങ്ങള്‍, 50 വര്‍ഷത്തെ കേരള സംസ്കാര പഠനങ്ങള്‍ എന്നീ പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇതുവരെ ഒരു വാല്യംപോലും അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ല. മാറുന്ന ഭാവുകത്വത്തെ തിരിച്ചറിയാന്‍ പുതിയ ഭരണസമിതി ചുമതലയേറ്റിട്ടും അക്കാദമിക്ക് കഴിഞ്ഞിട്ടില്ല.
നിയമന അട്ടിമറികൾ
കേരള സാഹിത്യ അക്കാദമിയില്‍ ഉയര്‍ന്ന പോസ്റ്റുകളിലൊന്നും കീഴാള സമൂഹത്തില്‍നിന്നുമുള്ള ഒരാളെപ്പോലും കണ്ടെത്താനാകില്ല. സാഹിത്യ അക്കാദമിയില്‍ മാത്രമല്ല, കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനം എടുത്ത് പരിശോധിച്ചാലും ഇത് തന്നെയാണ് അവസ്ഥ. കുറച്ചുപേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ അവര്‍ കരാറിലോ ദിവസവേതനം വാങ്ങുന്നവരോ ആയിരിക്കും. എഡിറ്റോറിയല്‍ ഉള്‍പ്പെടുന്ന പ്രധാന വിഭാഗത്തിലൊന്നും കീഴാള വിഭാഗത്തില്‍നിന്നുള്ള ഒരാളപ്പോലും കണ്ടെത്താനാകില്ല. സാഹിത്യ അക്കാദമിയില്‍ ആകെ 44 ജീവനക്കാരാണുള്ളത്. ഇതില്‍ സ്ഥിരം ജീവനക്കാര്‍ 20ഉം താല്‍ക്കാലികമായി 24ഉം. സ്ഥിരം ജീവനക്കാരില്‍ അക്കൗണ്ടന്‍റ് -ഒന്ന് (എസ്.സി), ലൈബ്രേറിയന്‍ ഗ്രേഡ് മൂന്ന് (എസ്.സി), മ്യൂസിയം അസിസ്റ്റന്‍റ് -ഒന്ന് (എസ്.സി), താല്‍ക്കാലികമായി -ഒന്ന് എന്നിങ്ങനെയാണ് എസ്.സി വിഭാഗക്കാരുള്ളത്. എസ്.ടി വിഭാഗത്തില്‍നിന്ന് ഒരാള്‍പോലും ഇവിടെ ജോലിചെയ്യുന്നില്ല.
കേരള സാഹിത്യ അക്കാദമിയില്‍ സബ് എഡിറ്റര്‍, കേരള സംഗീത നാടക അക്കാദമിയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് എന്നീ പോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടന്ന നിയമന അട്ടിമറി വളരെ ആസൂത്രിതമായിരുന്നു. സാഹിത്യ അക്കാദമിയില്‍ 2016ലാണ് സബ് എഡിറ്റര്‍ പോസ്റ്റിലേക്ക് ഒഴിവു വന്നത്. സാധാരണ സാഹിത്യ അക്കാദമിയിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് നടത്തുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് 2018ല്‍ അക്കാദമിയില്‍നിന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് കത്ത് നല്‍കി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് യോഗ്യതയുള്ള ഒരാളുടെ വിവരം അക്കാദമിക്ക് കൈമാറി. എന്നാല്‍, ഇത് പരിഗണിക്കേണ്ടതില്ലെന്നും പത്രപരസ്യം മുഖാന്തരം ഉദ്യോഗാർഥികളെ ക്ഷണിക്കേണ്ടതാണെന്നും നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു.
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് നല്‍കിയ ഉദ്യോഗാർഥിക്ക് യോഗ്യതക്കുറവ് എന്താണെന്ന് അക്കാദമി ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ വിവരങ്ങള്‍ കൈമാറിയിട്ടുമില്ല. ഇതേസമയം ടി ഉദ്യോഗാർഥിക്ക് ടെസ്റ്റിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കുന്നതിന് അക്കാദമിയില്‍നിന്നും ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. എന്നാല്‍, ഉദ്യോഗാർഥി പത്രപരസ്യം കണ്ട് അപേക്ഷ നല്‍കി. ടെസ്റ്റില്‍ പങ്കെടുക്കുകയും ചെയ്തു. ടി ഉദ്യോഗാർഥി തെരഞ്ഞെടുക്കപ്പെട്ടില്ല. ഈ വിഷയത്തില്‍ വിവരാവകാശം വഴിയുള്ള ചോദ്യത്തിന്, ഉദ്യോഗാർഥിയെ തങ്ങള്‍ പരിഗണിച്ചു എന്നാല്‍ അയാള്‍ വിജയിച്ചില്ല എന്ന നിരുത്തരവാദപരമായ മറുപടിയാണ് അക്കാദമി നല്‍കിയത്.
അയോഗ്യത എന്താണെന്ന് അക്കാദമി ഇതുവരെ ഉദ്യോഗാർഥിയോടും വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, സബ് എഡിറ്റര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് ടി ഉദ്യോഗാർഥിയേക്കാള്‍ അധിക യോഗ്യത എന്താണെന്നും വിവരാവകാശത്തില്‍ പറയുന്നില്ല. ഇവിടെ യോഗ്യതയുള്ളയാളെ തഴഞ്ഞ് മറ്റൊരാളെ എടുക്കാന്‍ നിര്‍വാഹക സമിതിയും അന്നത്തെ സെക്രട്ടറിയും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കാണാനാകുന്നത്. അതായത് നിയമം ലംഘിച്ച് രാഷ്ട്രീയനിയമനം എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്. സംഗീത നാടക അക്കാദമിയിലും നടന്നത് ഇത്തരമൊരു നിയമന അട്ടിമറിയാണ്. ഇവിടെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നല്‍കിയ പേരുകാര്‍ക്ക് ഇന്‍റര്‍വ്യൂവും ടെസ്റ്റും നടത്തി.
സാഹിത്യ അക്കാദമിയിലേപ്പോലെ ഇവിടെയും ഒരു ഒഴിവാണുണ്ടായിരുന്നത്. യഥാർഥത്തില്‍ ജോലി ലഭിക്കേണ്ടയാളെ രണ്ടാം റാങ്കിലേക്ക് മാറ്റിക്കൊണ്ടാണ് ഇവിടെ നിയമനം അട്ടിമറിച്ചത്. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത നാലുപേരും അക്കാദമിക് യോഗ്യത, പ്രവൃത്തി പരിചയം എന്നിവകൊണ്ട് രണ്ടാം റാങ്കുകാരനായ ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടേണ്ടയാളാണെന്ന് പറഞ്ഞപ്പോള്‍, ‘ഞങ്ങള്‍ മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കും’ എന്നായിരുന്നു സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന വ്യക്തിയുടെ അഭിപ്രായം. സാഹിത്യ അക്കാദമിയില്‍ സബ് എഡിറ്റര്‍ പോസ്റ്റില്‍ തഴയപ്പെട്ട വ്യക്തിതന്നെയാണ് സംഗീത നാടക അക്കാദമിയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് പോസ്റ്റിലും രണ്ടാം റാങ്കിലേക്ക് തള്ളപ്പെട്ടത് എന്നതാണ് വിരോധാഭാസം. ടി ഉദ്യോഗാർഥിക്ക് ഇരട്ടനീതി നിഷേധമാണ് ഒരേ കാലയളവില്‍ നേരിടേണ്ടിവന്നത്. 2019ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍ പോസ്റ്റിലേക്ക് ഇതേ ഉദ്യോഗാർഥി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവിടെ അപേക്ഷയേ ലഭിച്ചില്ലെന്നാണ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കിയത്. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെല്ലാം ചില ആള്‍ക്കാര്‍ക്കുമാത്രം പ്രവേശിക്കാനുള്ള ഇടങ്ങളായി ചുരുക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരകളാക്കപ്പെടുന്നവര്‍ പ്രതികരിക്കുന്നില്ല എന്നതാണ് ഭരണകൂട വക്താക്കള്‍ക്ക് ഗുണകരമാകുന്നത്.