സ്വന്തം ജനതയോട് മോദി ചെയ്യുന്നത്
കോവിഡിെൻറ വ്യാപനം തടയുന്നതിലോ ആൾനാശം ഒഴിവാക്കുന്നതിലോ ഒന്നും തന്നെ മോദി ഭരണകൂടത്തിന് ചെയ്യാനായിട്ടില്ല. ഭരണകൂടം നടത്തുന്ന കൂട്ടെക്കാലപാതകങ്ങളാണ് അരങ്ങേറുന്നത്. കോവിഡ് കാലത്തെ മോദി സർക്കാറിെൻറ നടപടികളെപ്പറ്റി എഴുതുകയാണ് തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലേഖിക.
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ഇന്ത്യയെ സജ്ജമാക്കുന്നതിൽ മോദി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ലോകം മുഴുക്കെ സാക്ഷ്യംപറയുന്ന ഏകാഭിപ്രായമാണ്. മഹാമാരിയെ നേരിടുന്നതിന് മുൻഗണന നൽകുന്നതിന് പകരം എന്തായിരുന്നു ഫെഡറൽ സർക്കാർ ചെയ്തുകൊണ്ടിരുന്നത്?
മോദി സർക്കാർ ബോധപൂർവം പുലർത്തിയ അവഗണനയാണ് ആരോഗ്യമേഖലയെ വലിയ പതനത്തിലേക്ക് കൂപ്പുകുത്താനിടയാക്കിയത്. രോഗവ്യാപനം ഇത്രേമൽ സർവവ്യാപിയാക്കിയതും തീർത്തും ഒഴിവാക്കാമായിരുന്ന പതിനായിരങ്ങളുടെ മരണം വിളിച്ചുവരുത്തിയതും. ഔദ്യോഗിക നിസ്സംഗതക്കു സമാനമായി, ദേശീയ പുനഃസംരചനയെന്ന അപകടകരമായ മറ്റൊരു പദ്ധതി ബി.ജെ.പി സർക്കാർ അണിയറയിൽ നടപ്പാക്കിവരുകയായിരുന്നു. ഹിന്ദു രാഷ്ട്രത്തിലേക്ക് കൂടുതൽ കൂടുതൽ അടുത്തുനിർത്തുന്നതായിരുന്നു ഓരോ ചുവടും. ആർ.എസ്.എസ് (ബി.ജെ.പിയുടെ മാതൃസംഘടന) ആസൂത്രണം ചെയ്ത കോർപറേറ്റ് ഹിന്ദു സമഗ്രാധിപത്യ രാഷ്ട്രത്തിലേക്ക്.
കോവിഡ് മഹാമാരിയിൽ മോദിയുടെ പ്രഥമ മുൻഗണന പൗരത്വ നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയ വിദ്യാർഥി, വനിത, മുസ്ലിം ആക്ടിവിസ്റ്റുകളെ വേട്ടയാടലായിരുന്നുവെങ്കിൽ രണ്ടാമത്തേത് പരമാവധി സംസ്ഥാനങ്ങളിൽ അധികാരം പിടിക്കലായിരുന്നു.
2014ൽ അധികാരമേറിയ ശേഷം കഴിഞ്ഞ ഏഴു വർഷത്തിനിടെ നരേന്ദ്ര മോദിക്കു കീഴിലെ ബി.ജെ.പി സർക്കാർ എങ്ങനെയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു സർക്കാറുകളെ അട്ടിമറിച്ചതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ വിശദീകരിക്കുന്നുണ്ട്. 2020 മാർച്ച് ആരംഭത്തിൽതന്നെ, മധ്യേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ പിന്നാമ്പുറ നാടകങ്ങൾ ബി.ജെ.പി തിരക്കഥയിൽ ഒരുങ്ങുകയായിരുന്നു. അങ്ങനെയാണ് 22 കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽനിന്ന് രാജിവെക്കുന്നതും അവിശ്വാസ വോട്ടെടുപ്പിൽ വീഴുന്നതും. എല്ലാവരും മാർച്ച് 21ന്, അതായത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ബി.ജെ.പിയിൽ ചേരുന്നു. ലോക്ഡൗണിന് തലേന്ന് ബി.ജെ.പിയുടെ ശിവരാജ് സിങ് ചൗഹാൻ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആ സമയം, ലോക്ഡൗൺ എങ്ങനെ നടപ്പാക്കണം എന്ന് ആസൂത്രണം ചെയ്യുന്നതിനു പകരം ജനാധിപത്യത്തെ തീണ്ടാപ്പാടകലെ നിർത്തി ഭരണം പിടിക്കൽ മാത്രമായിരുന്നു ബി.ജെ.പിയുടെ വിഷയം. ഇത് ഒറ്റപ്പെട്ട ഉദാഹരണമായിരുന്നില്ല- പകരം, നടന്നു ശീലിച്ച വഴിയിലെ പതിവു നടപ്പ് മാത്രം. അതും മഹാമാരി സൃഷ്ടിച്ച വലിയ ആഘാതങ്ങളിൽ ഒട്ടും കുലുങ്ങാതെ. രാജ്യം അപ്പോൾ അഭൂതപൂർവവും ഭീഷണവുമായ പ്രതിസന്ധിയുടെ നടുവിലായിരുന്നു. പക്ഷേ, രാജ്യം മുഴുക്കെ അധികാരമുറപ്പിക്കുകയെന്ന നാണംകെട്ട കളി മാത്രമായിരുന്നു തീവ്രവലതുപക്ഷ കക്ഷിയുടെ അജണ്ട.
രാഷ്ട്രീയ കളികളിലെ തുടർവിജയങ്ങൾക്കിടെ, കൊറോണ വൈറസ് ബി.ജെ.പിക്ക് ആധി ഉയർത്തിയതേയില്ല. 2020 ജൂലൈ ആകുേമ്പാഴേക്ക് ''കോവിഡ് പ്രതിരോധവുമായി മുന്നോട്ടുപോകുന്ന'' തെൻറ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതായി ആരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ഇതിനായി ഗെഹ്ലോട്ടിനെ ലക്ഷ്യമിട്ട് നികുതി പരിശോധനകൾ തുടങ്ങി രാഷ്ട്രീയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി. മോദി- ഷാ സഖ്യത്തിെൻറ കടുത്ത വിമർശകരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പോലുള്ളവർ ഇവിടെ ''ഒരു രാജ്യം ഒരു പാർട്ടി സംവിധാന''മാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. ''രാജ്യം കോവിഡിനോട് മല്ലിടുേമ്പാൾ, മധ്യപ്രദേശിനു ശേഷം രാജസ്ഥാനിലും അതുകഴിഞ്ഞ് പശ്ചിമ ബംഗാളിലും ജനം തെരഞ്ഞെടുത്ത സർക്കാറുകളെ അസ്ഥിരമാക്കുന്ന തിരക്കിലാണ് ബി.ജെ.പി''- മമത പറയുന്നു. എങ്ങനെയും അധികാര വിപുലീകരണത്തിനുള്ള നാണംകെട്ട ത്വരയിൽ, തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രമുള്ള പോണ്ടിച്ചേരിയിൽ- അതും ഒരു പ്രതിനിധി പോലും നിയമസഭയിൽ പാർട്ടിക്കില്ലാതിരിക്കെ- സംഘടിത കൂറുമാറ്റവും കുതിരക്കച്ചവടവും ആസൂത്രിത രാജിനാടകവും വഴി കോൺഗ്രസ് സർക്കാറിനെ താഴെയിറക്കി. മഹാമാരിക്കു മധ്യേയുള്ള ഈ വഷളൻ നടപടികൾ ജനങ്ങളുടെ ജീവനോട് പാർട്ടി എത്ര ഹൃദയശൂന്യമായ അവഗണനയാണ് കാണിക്കുന്നതെന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ തകർക്കാനുള്ള അവരുടെ വ്യവസ്ഥാപിത ശ്രമങ്ങളെയും തുറന്നുകാട്ടുന്നു.
സെപ്റ്റംബറിൽ, മോദി സർക്കാർ മൂന്നു കാർഷിക നിയമങ്ങൾ പാസാക്കി. രാഷ്ട്രപതി പിന്നീട് ഒപ്പുവെച്ചതോടെ നിയമമാകുകയും ചെയ്തു. കൃഷി വിഷയത്തിൽ നിയമ നിർമാണം വഴി ദേശീയ ഭരണഘടനയെയും അതു ഉറപ്പുനൽകുന്ന ഫെഡറൽ ചട്ടങ്ങളെയും കാറ്റിൽ പറത്തുകയായിരുന്നു. നിയന്ത്രണം, നിയമനിർമാണം എന്നിവയിൽ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും വിഷയമാണ് കൃഷി, കേന്ദ്രത്തിെൻറയല്ല. ഈ മൂന്നു കാർഷിക നിയമങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെ സ്വതന്ത്ര വിപണിയിലേക്ക് തള്ളിവിടും- പേരിൽ സ്വതന്ത്രമാണെങ്കിലും അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഏറെ വലുതായിരിക്കും. കാർഷിക ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള വില- ഇതുവരെയും സംസ്ഥാനങ്ങൾ നിശ്ചയിച്ച തറവില- ഇനി സ്വകാര്യ ഇടപാടുകാരുടെ തീരുമാനമാകും. അവശ്യ വസ്തുക്കൾ ഇനി മുതൽ സ്വകാര്യ കമ്പനികൾക്ക് എത്ര വേണമെങ്കിലും കുന്നുകൂട്ടാം, അതുവഴി ഭക്ഷ്യ സുരക്ഷതന്നെ അപായപ്പെടുകയാകും ഫലം. ഭക്ഷ്യധാന്യ സംഭരണം സ്വകാര്യമേഖലയുടെ കരങ്ങളിൽ നിക്ഷിപ്തമാകുന്നതോടെ ഭരണകൂട നിയന്ത്രണത്തിലുള്ള ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ദുർബലമാകും. െപാതുവിതരണ സംവിധാനത്തിെൻറ ആണിക്കല്ലാണ് ഇതോടെ ഇളകുന്നത്. പൊതുവിതരണ സംവിധാനമാണ് ഇന്ത്യയിലെ പാവപ്പെട്ടവെൻറ അന്നന്നത്തെ ഉപജീവനം സാധ്യമാക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷക്കുമേൽ മുഴങ്ങിയ മരണമണിയായി കാർഷിക നിയമങ്ങൾ വിളിക്കപ്പെടുന്നു.
2020 നവംബറിൽ തുടങ്ങി ആറു മാസമായി ദേശീയ തലസ്ഥാനത്തിെൻറ അതിരുകളിൽ കർഷകർ പ്രക്ഷോഭ മുഖത്താണ്. കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെടണമെന്ന ആവശ്യത്തിൽനിന്ന് കർഷകരെ ഇനിയും പിന്തിരിപ്പിക്കാനായിട്ടില്ല. 300ലേറെ കർഷകരാണ് പ്രതിഷേധങ്ങൾക്കിടെ മരണം പുൽകിയത്. ഇത്രയും മാസങ്ങളിൽ അവരെ തേടി മോദി സർക്കാറിെൻറ ഭരണകൂട സംവിധാനങ്ങളത്രയും പിന്നാലെ കൂടി- ബാരിക്കേഡുകൾ, റോഡിൽ കുഴികൾ തീർത്തും ആണികൾ സ്ഥാപിച്ചും ട്രാക്ടറുകൾക്ക് വഴി മുടക്കൽ, വൈദ്യുതിയും വെള്ളവും മുടക്കൽ, കർഷകരെ കാണാൻ പാർലമെൻറംഗങ്ങൾക്ക് പോലും എത്താനാകാതെ അർധ സൈനിക വിഭാഗങ്ങളുടെ ശക്തമായ ഉപരോധം... അങ്ങനെ പലതും. ഇവരെ ദേശവിരുദ്ധരും വിഘടനവാദികളുമെന്ന് വിളിച്ചായിരുന്നു മോദി സർക്കാർ പ്രതികരിച്ചത്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചനയെന്നുവരെ ആരോപണം മുഴങ്ങി. ആഗോള പട്ടിണി സൂചികയിൽ 107ൽ 94ാമതുള്ള, കുട്ടികളിൽ ലോകത്ത് ഏറ്റവും കൂടുതൽ ശരീരക്ഷയവും തളർച്ചയുമുള്ള, ഒപ്പം മഹാമാരിക്കു പിറകെ മഹാമാന്ദ്യം കാത്തിരിക്കുന്ന ഇന്ത്യയാണ് ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കി ശരിക്കും ദുരന്തമായ തീരുമാനമെടുക്കുന്നത്. മോദി സർക്കാറിെൻറ അഹമ്മതിയും നിസ്സംഗതയും തുല്യതയില്ലാത്തതാണ്. അതുകൊണ്ടുതന്നെ ഈ കടുത്ത പ്രതിഷേധങ്ങൾക്കിടയിലും നിയമങ്ങൾ പിൻവലിക്കുകയോ നടപടികളിൽ പിറകോട്ടുപോകുകയോ ചെയ്യാതെ നടപ്പാക്കുന്നത് ഒന്നര വർഷം നിർത്തിവെക്കുകയായിരുന്നു.
വ്യവസായം എളുപ്പമാക്കുന്നതിെൻറ മറപിടിച്ച് നിലവിലെ 29 നിയമങ്ങൾ എടുത്തുകളഞ്ഞ് പകരം അതിപ്രധാനമായ മൂന്നു നിയമങ്ങൾ മോദി സർക്കാർ പാസാക്കിയെടുത്തു. തൊഴിലാളി സംഘടനകളുമായി ചർച്ച തീരെ ഇല്ലാതെയായിരുന്നു നടപടി. മൂന്നു മണിക്കൂർ മാത്രം ചർച്ച ചെയ്ത് ശബ്ദ വോട്ടോടെയാണ് സഭ നിയമത്തിന് സാധുത നൽകിയത്. വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത് ആനുകൂല്യവും അവസരവുമായി കാണുകയും ചെയ്തു. ഈ നിയമങ്ങൾ പ്രകാരം തൊഴിലാളി സംഘടനകൾക്ക് അംഗീകാരം നേടിയെടുക്കുക ദുസ്സാധ്യം. സമരാഹ്വാനം നടക്കില്ല. തൊഴിൽ സുരക്ഷയും ഉണ്ടാകണമെന്നില്ല. അതുവഴി ഇന്ത്യൻ വ്യവസായ മേഖലയിലെ 75 ശതമാനം തൊഴിലാളികളും ആവശ്യത്തിന് ഉപയോഗിച്ച ഏതുനിമിഷവും പുറത്താക്കപ്പെടാവുന്നവരായി മാറി. തൊഴിലാളി സമൂഹത്തിനു മേൽ സമ്പൂർണ അടിമത്തം അടിച്ചേൽപിക്കലായി നിയമ നിർമാണമെന്ന് ചില തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു. അങ്ങനെ, 2020 നവംബർ 26ന് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ ചേർന്ന് ''ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശവിരുദ്ധ നിയമങ്ങൾക്കെതിരെ'' ആഹ്വാനം ചെയ്ത സമരത്തിൽ 25 കോടി തൊഴിലാളികൾ അണിചേർന്നു. ഇന്ത്യൻ ചരിത്രത്തിൽ അത്രവലിയ സമരം ആദ്യമാകും. മാരകമായ ലോക്ഡൗണും തുറിച്ചുനോക്കുന്ന മാന്ദ്യവും, 24 ശതമാനം ചുരുങ്ങിയ സമ്പദ്വ്യവസ്ഥയും, 45 വർഷത്തിനിടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും- എല്ലാം ഒന്നിച്ച് തുറിച്ചുനോക്കുന്ന തൊഴിലാളികളുടെ തലയിൽ നിയമം അടിച്ചേൽപിക്കാൻ ഇതിലേറെ മോശം സമയം ഇനി ഉണ്ടാകില്ല.
കർഷകരെയും തൊഴിലാളികളെയും ഒന്നിച്ച് അകറ്റലായിരുന്നു മോദി മഹാമാരി കാണിച്ച ഏറ്റവും വലിയ ചെയ്ത്ത്. കഴിഞ്ഞ വർഷം പക്ഷേ, ഇവർ മാത്രമല്ല മോദിയുടെ നയംമാറ്റങ്ങളുടെ ഇരകൾ. ആരോഗ്യ പ്രവർത്തകരോടുള്ള കടുത്ത അവഗണന സഹിക്കാഞ്ഞ് രാജ്യത്തെ ഡോക്ടർമാർ ദേശവ്യാപകമായി സമരത്തിനിറങ്ങി. ശമ്പളം മുടങ്ങിയും മാസ്കും പി.പി.ഇ കിറ്റും നൽകാതെയുമുള്ള ദുര്യോഗങ്ങൾക്കെതിരെയായിരുന്നു അവരുടെ സമരം. പാരമ്പര്യ വൈദ്യന്മാർക്ക് (ആയുർവേദം ഉൾപ്പെടെ വൈദ്യ രീതികൾ പിന്തുടരുന്നവർ) ശസ്ത്രക്രിയ നിർവഹിക്കാൻ അനുമതി നൽകിയതുകൂടിയായിരുന്നു അവരെ പ്രകോപിപ്പിച്ചത്. 2020 ഡിസംബർ 11ന് 10 ലക്ഷം ഡോക്ടർമാർ രാജ്യത്ത് മോദി സർക്കാർ തീരുമാനത്തിനെതിരെ സമരത്തിനിറങ്ങി. ഇന്ത്യൻ ചികിത്സാരീതികളുടെ വീെണ്ടടുപ്പ്- വിശിഷ്യാ ഗോമൂത്രം, ചാണകം പോലുള്ളവ കൊണ്ട്- ആണ് ഹിന്ദുത്വ ദേശീയതയുടെ അടിസ്ഥാന സ്വഭാവങ്ങൾ.
മഹത്തായ പൗരാണികതയിലേക്ക് തിരിച്ചുപോക്കെന്നത് നിഗൂഢതകളേറെ ഒളിച്ചുനിൽക്കുന്ന പരിപാടിയാണ്- കാരണം, ഈ മഹത്ത്വത്തിലേറെയും സനാതന ധർമം, ജാതീയത, ശ്രേണീബദ്ധത തുടങ്ങിയവയിലാണ് ഊന്നിനിൽക്കുന്നത്. ഒരു വശത്ത്, ഈ പുനരുത്ഥാനവാദത്തിലെ നിന്ദ്യമായ വശങ്ങൾ- 2021 ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ച ഗോശാസ്ത്ര പരീക്ഷ ഉദാഹരണം- സമൂഹ മാധ്യമങ്ങളിൽ കണക്കിന് പരിഹസിക്കപ്പെടുന്നുണ്ട്. ഗോമൂത്രത്തിൽ സ്വർണത്തിെൻറ അംശമുണ്ടെന്നും ഗോവധം ഭൂകമ്പം സൃഷ്ടിക്കുന്നുവെന്നതും വാദങ്ങളിൽ ചിലത്. മറുവശത്ത്, വിദ്യാഭ്യാസ രംഗത്ത് തീവ്രവലതുപക്ഷ കടന്നുകയറ്റം ദലിതുകൾ ഉൾപ്പെടെ അധഃസ്ഥിത വിഭാഗങ്ങളെ രോഷാകുലരാക്കി. മോദി സർക്കാർ 2020 ജൂലൈയിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) പ്രഖ്യാപിച്ചപ്പോൾ തമിഴ് എം.പി തോൽ തിരുമളവാളൻ പറഞ്ഞത്, ഇത് വിദ്യാഭ്യാസത്തിലെ ജാതി സമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണെന്നായിരുന്നു. മൂന്നിലും അഞ്ചിലും എട്ടിലും പത്തിലും പിന്നെ 12ലും പൊതു പരീക്ഷ നടത്തുക വഴി താഴ്ന്ന വിഭാഗങ്ങളിലെ കൂടുതൽ വിദ്യാർഥികൾ ഇടക്ക് കൊഴിഞ്ഞുപോകുന്ന സാഹചര്യം സൃഷ്ടിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുവഴി സവിശേഷമായ ഒരു വിഭാഗത്തിെൻറ മാത്രം കുത്തകയാക്കി വിദ്യാഭ്യാസത്തെ ഒതുക്കുകയും ദലിതുകൾക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും പ്രവേശനം നിഷേധിക്കുകയുമാണ് ഗൂഢലക്ഷ്യം.
2021ലെ ബജറ്റ് നിർദേശത്തിൽ, 23 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് വിൽപന നടത്തി കമ്മി ബജറ്റ് പ്രശ്നം പരിഹരിക്കുെമന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. 1.45 ലക്ഷം കോടി രൂപ സമാഹരിക്കാൻ തീരുമാനമെടുത്ത നിർദിഷ്ട ബജറ്റ് അപകടകരമായ വിറ്റഴിക്കൽ യജ്ഞമാണ് മുന്നോട്ടുവെച്ചത്. 2021 മാർച്ച് 15, 16 തീയതികളിൽ ഇതിനെതിരെ 10 ലക്ഷം ബാങ്ക് ജീവനക്കാർ രണ്ടു ദിവസത്തെ ബാങ്ക് സമരം നടത്തി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളെ വിറ്റഴിക്കുന്നതിനെതിരെയായിരുന്നു സമരം. അതിനു മുമ്പ്, 109 റൂട്ടുകളിൽ സ്വകാര്യ കമ്പനികൾക്ക് ട്രെയിൻ സർവിസ് നടത്താൻ (2020 ജൂൺ) അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ പ്രക്ഷോഭവുമായി ഇറങ്ങിയിരുന്നു. റെയിൽവേ മേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണത്തിലേക്ക് നാന്ദിയാണിതെന്ന് അവർ കണക്കുകൂട്ടി. സുപ്രധാന പൊതു സേവനമായ റെയിൽവേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല തൊഴിൽ ദാതാവാണ്. രാജ്യത്തെ പാവപ്പെട്ടവെൻറ ഗതാഗത സംവിധാനവും അതുതന്നെ.
ഈ വിറ്റഴിക്കൽ മാമാങ്കം മൈത്രീ മുതലാളിത്ത ആരോപണങ്ങളും മുന്നിൽനിർത്തുന്നു- അതായത്, മോദി സർക്കാറിനെ സാമ്പത്തികമായി പിന്തുണക്കുന്നവർക്ക് ഭരണകൂട ആനുകൂല്യങ്ങൾ തിരിച്ചും ലഭിക്കും. 2021 മാർച്ചിൽ, ബി.ജെ.പി ബജറ്റ് പ്രഖ്യാപനത്തിന് പിറ്റേന്ന്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പൊതുമേഖല സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും വിറ്റഴിക്കലിലെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം അവസരമാക്കി മോദി സർക്കാർ ''ഇന്ത്യയുടെ സമ്പദ്ഘടനയുടെ വലിയ പങ്കും മൈത്രീ മുതലാളിമാർക്ക് കൈമാറുകയാണെ''ന്ന് ആയിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. അവരുടെ ഈ മൈത്രീ മുതലാളിത്ത ആരോപണം അടിസ്ഥാനരഹിതമല്ലതാനും.
2019ലെ മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ മുഖ്യ സ്പോൺസറായിരുന്ന ഗൗതം അദാനിയുടെ സമ്പത്ത് ഈ വർഷം 1910 കോടി ഡോളറാണ് വർധിച്ചത്. ബി.ജെ.പിയോടു ചേർന്നുനിൽക്കുന്ന മറ്റൊരു ശതകോടീശ്വരനായ അംബാനി 1640 കോടി ഡോളർ ആസ്തി കൂട്ടി. അദാനിക്ക് രാജ്യത്ത് ഉടമസ്ഥതയില്ലാത്ത ഒരു മേഖലയുമില്ല- തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജം (കൽക്കരിയും ഹരിതോർജവും), പ്രകൃതി വിഭവങ്ങൾ, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ, വാതക വിതരണം, പ്രതിരോധം... അദാനി- അംബാനി പിടി ദൂഷിതമായി വലയം ചെയ്യുേമ്പാൾ മറുവശത്ത്, ഇന്ത്യയിലെ പാവപ്പെട്ടവർക്കു ശിക്ഷാഭാരം ഇരട്ടിയാകുകയാണ്. കേന്ദ്ര സർക്കാറിെൻറ ദേശീയ നയ ഉപദേശകരായ നീതി ആയോഗ് 2021 ഫെബ്രുവരിയിൽ നിർദേശിച്ചത് ദേശീയ സുരക്ഷ നിയമ പ്രകാരം ഗ്രാമങ്ങളിൽ വിനിയോഗം 75 ശതമാനത്തിൽനിന്ന് 50 ശതമാനമായും നഗരങ്ങളിൽ 60ൽനിന്ന് 40 ആയും കുറക്കണമെന്നാണ്. പാവപ്പെട്ടവരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന തീരുമാനമാകും ഇത്.
ഫാഷിസത്തോടു ചേർന്നുനിൽക്കുന്ന ഭരണ സംവിധാനത്തിെൻറ വഴികെട്ട പദ്ധതികൾ ഒരു ലേഖനത്തിൽ ഒതുക്കാനാകില്ല. സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടക്കാതെ കേന്ദ്ര സർക്കാറിന് നേരിട്ട് നിയമം നടപ്പാക്കാനാവാത്ത വിഷയങ്ങളിൽ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വഴി വെറുപ്പിെൻറ രാഷ്ട്രീയം പ്രസരിക്കലാണ് അടുത്ത വഴി. ആരോഗ്യ മേഖലയിൽ കൂടുതൽ കരുതൽ നൽകുന്നതിനുപകരം, ഈ സംസ്ഥാനങ്ങൾ കാര്യമായി ലവ് ജിഹാദ് നിരത്തി മതപരിവർത്തന നിയമങ്ങൾ നടപ്പാക്കുകയാണ്. ആർ.എസ്.എസ്- ബി.ജെ.പി വെറുപ്പ് പ്രചാരണ ലോകത്ത്, മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതപരിവർത്തനം ചെയ്ത് ജനസംഖ്യ വർധന നടത്തുന്നുവെന്ന പ്രചാരണമാണിത്. ഈ പ്രചാരണം കൊടിപിടിച്ചതോടെ നിരവധി ചെറുപ്പക്കാർ ആൾക്കൂട്ടക്കൊലക്കിരയാകുന്നതും ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ച് മർദിച്ചവശമാക്കുന്നതും പതിവു കാഴ്ച. ജാതിയും പുരുഷമേൽക്കോയ്മയും വാഴുന്ന നിലവിലെ സംവിധാനത്തിനകത്ത്, ഇത്തരം സർക്കാർ സ്പോൺസേഡ് വെറുപ്പും ആൺകോയ്മയും ചേരുേമ്പാൾ ഹിന്ദു സ്ത്രീകൾ കൂടുതൽ അടിമകളാകാനും ബന്ധിതരാകാനും മാത്രമേ സഹായകമാകൂ. മറുവശത്ത്, വീടുകൾതോറും ആർ.എസ്.എസ്- ബി.ജെ.പി കാഡറുകൾ ഇറങ്ങി അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് ശേഖരണവും തകൃതി. പണം പിരിവിെൻറ ഈ നിർബന്ധിത സംവിധാനത്തിെൻറ ഭാഗമാകാത്തവർ അതത് പ്രദേശത്ത് ഒറ്റപ്പെടുക സ്വാഭാവികം. ഏപ്രിൽ ആദ്യവാരംവരെ ക്ഷേത്ര നിർമാണത്തിന് പിരിഞ്ഞുകിട്ടിയ ഏകദേശ തുക 72 കോടി ഡോളർ (5457 കോടി രൂപ) ആണ്. ധനസമാഹരണമെന്നതിലുപരി വീടുകൾ കയറി ഇരകളെ പിടിക്കലായി ഇത് മാറിയിരിക്കുന്നു. കർഷക സമരനായകനായ രാകേഷ് ടികായത് പരിഹാസരൂപേണ പറഞ്ഞത് ക്ഷേത്രത്തിനു പകരം ആശുപത്രികൾ നിർമിക്കാൻ പണം പിരിക്കൂ എന്നായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ, രാജ്യത്തെ ഓരോ സ്ഥാപനത്തെയും സംവിധാനത്തെയും ഒപ്പം ഇന്ത്യയിലെ ജീവിത രീതികളെയും മരണമുഖത്താക്കിയിരിക്കുന്നു മോദി സർക്കാർ. വിമർശകർക്കും തൊഴിലാളികൾക്കുമെതിരെ, സ്ഥാപനങ്ങളുടെ ജനാധിപത്യാധിഷ്ഠിത പ്രവർത്തനത്തിനെതിരെ, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ഈ കനത്ത ആക്രമണങ്ങൾ എന്തുകൊണ്ടാകും രാജ്യാന്തര ശ്രദ്ധ നേടാത്തത്. മഹാമാരി പല അർഥത്തിലും മോദിക്ക് ആവശ്യമായ മറ നൽകിയിരിക്കുന്നു. മാസങ്ങളോളം സംഘടിക്കാൻ അവസരം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധവുമായി ഇറങ്ങാൻ ജനത്തിന് സാധ്യമാകാതെ വന്നു. ഇനി ആരെങ്കിലും ഇറങ്ങിയാൽ മൃഗീയമായ യു.എ.പി.എ പോലുള്ള വകുപ്പുകളോ കോളനികാല ബാക്കിപത്രമായ 1897ലെ പകർച്ചവ്യാധി നിയമങ്ങളോ ചുമത്തപ്പെട്ടു. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പൊലീസും മറ്റിടങ്ങളിൽ എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസികളും ചേർന്ന് വിമർശകെര എങ്ങനെ വലവീശിപ്പിടിച്ചുവെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തിരുന്നു. 21 കാരിയായ കാലാവസ്ഥ പ്രവർത്തക ദിശ രവിയുടെ അറസ്റ്റോടെ ഇതിന് രാജ്യാന്തര മുഖവും കൈവന്നു. ഗ്രെറ്റ തുൻബർഗ് ഇവരുടെ ടൂൾകിറ്റ് ഉപയോഗിച്ചാണ് കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ചത് എന്നതായിരുന്നു പ്രശ്നം.
അത്യന്തം അപകടകാരിയായ ഈ വൈറസ് മോദിക്കു കീഴിൽ ഇന്ത്യ പരാജയപ്പെട്ടെന്ന് തെളിയിച്ചുതന്നിരിക്കുന്നു. കൂട്ട ശവദാഹങ്ങളുടെ ചിത്രങ്ങൾ രാജ്യം ഒരുക്കങ്ങളില്ലാത്തതിനാൽ മരണത്തിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യരെ കാണിച്ചുതരുന്നു. മോദിയുടെ നിസ്സംഗതയാണ് ഈ മരണങ്ങൾക്കു കാരണം. മോദിയുടെ നടപടികൾ- ഭക്ഷ്യ സുരക്ഷ അപായപ്പെടുത്തിയ കാർഷിക നിയമങ്ങൾ, ജോലി സുരക്ഷ എടുത്തുകളഞ്ഞ തൊഴിൽ നിയമങ്ങൾ തുടങ്ങിയവ പോലെ- കാരണം ഇനി തൂങ്ങിനിൽക്കുന്ന മറ്റു മരണങ്ങൾ വേെറ. ഭരണകൂടം ദേശവിരുദ്ധയെന്ന് പ്രഖ്യാപിക്കുമെന്നതു നിലനിൽക്കെ, ഇവ വ്യവസ്ഥാപിത വംശഹത്യയാണെന്നു ഞാൻ വിളിക്കുകയാണ്. ഈ മഹാമാരിയില്ലാത്ത ലോകം സങ്കൽപിച്ചാലും 2020 മാർച്ച് മുതൽ ഇതുവരെയുള്ള മോദിയുടെ റിപ്പോർട്ട് കാർഡ് തെളിയിക്കുന്നത് കോർപറേറ്റ് തണൽപറ്റിയ ഒരു ഹിന്ദു രാഷ്്ട്രം സ്ഥാപിക്കാൻ ശ്രമം നടത്തുന്ന അധികാര പ്രമത്തനായ ഒരാളെയാണ്. അവിടെ ഇരകളാകുന്നത് ന്യൂനപക്ഷങ്ങളും വനിതകളും ദലിതുകളും കർഷകരും പാവങ്ങളും അരികുവത്കരിക്കപ്പെട്ടവരും. വല്ലതും നടന്നെന്നു പറയാമെങ്കിൽ, അത് മോദി സർക്കാറിന് തീവ്രവലതുപക്ഷ അജണ്ട മുന്നോട്ടുകൊണ്ടുപോകൽ മാത്രമാണ്. കഴിഞ്ഞ വർഷം നടപ്പാക്കിയ മാറിയ നയങ്ങൾ അത് തെളിയിക്കുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ നടപ്പാക്കിയ എല്ലാം തച്ചുടച്ചാണ് അതിെൻറ തേരോട്ടം.
ഇന്നിപ്പോൾ, മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി വൻ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടിരിക്കുന്നു. പശ്ചിമ ബംഗാൾ ഒഴികെ, എല്ലാ സംസ്ഥാനങ്ങളും കോവിഡ് രണ്ടാം തരംഗത്തിനു മുന്നേ തെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിട്ടുണ്ട്. എന്നുവെച്ചാൽ, മഹാമാരിയോ മോദിയുടെ ദുർഭരണമോ വിഷയമായിരുന്നില്ല. ജനം പ്രാദേശിക തെരെഞ്ഞടുപ്പുകളിൽ അദ്ദേഹത്തെ മാറ്റിനിർത്തിയത് ഈ വെറുപ്പിെൻറ രാഷ്ട്രീയം വേണ്ടാഞ്ഞിട്ടാണ്. ഭരണഘടനയിലെ ഇന്ത്യയെന്ന ആശയം തച്ചുതകർക്കാനുള്ള അപകടകരമായ ശ്രമത്തോടുമുള്ള വിമുഖത കൊണ്ടാണ്.