ഒരു പൂമ്പാറ്റയുടെ സ്വപ്നം
text_fieldsതന്റെ ഏറ്റവും പ്രിയശിഷ്യ നാടറിയുന്ന, നാട്ടുകാരറിയുന്ന എഴുത്തുകാരിയാകുക എന്നത് അധ്യാപകന്റെ അഹങ്കാരമായിരിക്കും. തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരി ലാമിയ ചെഞ്ചേരി എന്ന കുട്ടിയാണ് പ്രതിപാദ്യം. ഡിസംബർ മാസത്തിലെ ഒരു വൈകുന്നേരം ലാമിയയുടെ അപ്പൂപ്പൻ മോഹനൻ ചെഞ്ചേരിയുടെ ഫോൺ കോൾ. ലാമിയ എഴുതിയ 20 ചെറുകഥകൾ പുസ്തകമാക്കി പ്രകാശനം ചെയ്യുന്നു എന്നും ആ ചടങ്ങിൽ പങ്കെടുത്ത് പുസ്തകത്തെ കുറിച്ച് അഭിപ്രായം പറയണമെന്നുമാണ് ആവശ്യം. തീർത്തും ഞെട്ടലോടെയാണ് അത് കേട്ടത്. സ്വന്തം ക്ലാസിലെ കുട്ടിയുടെ കഴിവ് തിരിച്ചറിയാത്ത അധ്യാപകനായിപ്പോയല്ലോ ഞാൻ എന്നായിരുന്നു പിന്നെ ചിന്തകൾ.
ഒരു ചിത്രശലഭത്തിന്റെ മൃദുലമായ ചിറകുകൾ പോലെ സ്വപ്നങ്ങൾ വികസിക്കുന്ന 15 വയസ്സുകാരിയായ ലാമിയക്കൊപ്പം ആകർഷകമായ ഒരു യാത്ര ആരംഭിക്കുക എന്നതാണ് ഉദ്ദേശ്യം. യാഥാർഥ്യത്തിനും ഭാവനക്കും ഇടയിൽ പറക്കുന്ന, വളർച്ചയുടെയും സ്വയം കണ്ടെത്തലിന്റെയും, കൗമാര സ്വപ്നങ്ങളുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും കഥകൾ നെയ്യുന്ന 20 ചെറുകഥകളുടെ സമാഹാരമാണ് ‘ഒരു പൂമ്പാറ്റയുടെ സ്വപ്നം’. 72 പേജ് മാത്രമുള്ള പുസ്തകം. വ്യത്യസ്ത പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന കഥകൾ. ചിരാലംകൃതമായ ഭാവനകൾ, ആശയമൃദുത്വം, കുട്ടി മനസ്സിൽ വിരിഞ്ഞ വർണചിറകുകൾ. കുട്ടിക്കാല സ്മൃതികളിൽ മുഖം ചേർക്കുന്നവർക്കും അവയിൽ മുഖം തിരിക്കുന്നവർക്കും വേണ്ടി ലാമിയയുടെ ഉപഹാരം.
ചന്ദ്രപ്രകാശമുള്ള വെള്ളത്തിൽ ലാമിയയുടെ പ്രതിഫലനങ്ങൾ അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങളും സ്വയം അംഗീകരിക്കാനുള്ള ശക്തിയും വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കുന്ന ലാമിയ തന്റെ സർഗാത്മകതയും കഥപറച്ചിലിനോടുള്ള സ്നേഹവും ഈ പുസ്തകത്തിലൂടെ ഉണർത്തുന്നു. അഭിലാഷങ്ങളെ യാഥാർഥ്യമാക്കി മാറ്റാനുള്ള കല കണ്ടെത്തി ലാമിയ തന്റെ സ്വപ്നങ്ങളെ ഒരു ആകാശ കാൻവാസിൽ വരക്കുന്നതിലൂടെ നിഴലുകൾ ജീവസ്സുറ്റതാക്കുന്നു. ഉള്ളിലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ദ്വന്ദ്വം ഉൾക്കൊള്ളാൻ എഴുത്തുകാരി നമ്മെ പഠിപ്പിക്കുന്നു.
ചെറുകഥകൾ പലതും പലപ്പോഴും നീണ്ടകഥകളായി പോകുന്നത് കാണാറുണ്ട്. ഒരു ചെറുപേജിൽ ഒതുങ്ങുന്നതാണ് ലാമിയയുടെ മിക്ക കഥകളും. ഓരോ കഥയെയും സമ്പുഷ്ടമാക്കാൻ ചിത്രീകരണങ്ങളുമുണ്ട്. ‘പുഴ കരയോട് പറഞ്ഞത്’ എന്നതാണ് ആദ്യ കഥ. മനുഷ്യർ വെള്ളം പാഴാക്കുന്നതിലൂടെ എല്ലാ ജീവജാലങ്ങളും മരിക്കാൻപോവുകയാണ് എന്ന ലാമിയയുടെ വിങ്ങലാണ് ഈ കഥയിൽ. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം വാരിക്കുഴി തീർക്കുന്ന മനുഷ്യന് അറിയാത്തതിനെക്കുറിച്ച് ഈ യുവ കഥാകാരി വിലപിക്കുന്നുണ്ട്. മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന പരിവർത്തനത്തിന്റെ കഥയാണ് ‘കണ്ണകി’. ജീവികളുടെ ശബ്ദം പഠിക്കുന്ന കുട്ടികളുടെ കഥകളാണ് ‘എന്തൊക്കെയോ പറയാനുണ്ട്’, ‘കൊച്ചുണ്ണി’ എന്നിവ.
തന്റെ പരിസരനിരീക്ഷണത്തിന്റെ ഫലമായി രൂപപ്പെട്ട ആശയങ്ങൾ കഥകളിലൂടെ വായനക്കാരിലെത്തിക്കാനും ലാമിയ ശ്രമിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയ രചനകൾ കാടും ചെടികളും വള്ളിപ്പടർപ്പുകളും മിക്ക കഥകളുടെയും ഭാഗമാക്കിയിട്ടുണ്ട് ഈ കൊച്ചു കഥാകാരി. അച്ഛനെയും അമ്മയെയും ആശ്രയിച്ച് കുട്ടികൾ കഴിയുന്നതിന്റെ യുക്തിരാഹിത്യവും തന്റെ കഥകളിലൂടെ ലാമിയ വെളിപ്പെടുത്തുന്നു. ‘ഫിഷർമാൻ ആൻഡ് ദ മിറർ’ എന്ന കഥയെ തന്റെ ശൈലിയിൽ മാറ്റി വ്യത്യസ്തമായ രൂപത്തിൽ അവതരിപ്പിക്കുന്നു ‘കളഞ്ഞു കിട്ടിയ കണ്ണാടി’യിലൂടെ. മനസ്സിലെ ആഗ്രഹങ്ങൾ പൂമ്പാറ്റയിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ‘ഒരു പൂമ്പാറ്റയുടെ സ്വപ്നം’.
അവസാനഭാഗത്തെ കഥകളിൽ മൂർത്തമായ ആശയങ്ങളും വിചാരങ്ങളും അഭിപ്രായങ്ങളും എഴുത്തുകാരി രൂപപ്പെടുത്തുന്നുണ്ട്. ‘മഴ നമ്മളോട് എന്തൊക്കെയോ പറയുന്നുണ്ട്. പകൽ സമയത്ത് വെയിലോടുകൂടിയുള്ള മഴ കുട്ടികളുടെ ചിരിയാണെന്ന് തോന്നും. സന്ധ്യാസമയത്തുള്ള മഴ, ആൺകുട്ടികൾ മൈതാനത്ത് കളിച്ചുതിമിർക്കുന്നതുപോലെ രാത്രി ശക്തമായി പെയ്യുന്ന മഴ മരണവീട്ടിലെ നിലവിളിപോലെ തോന്നാറുണ്ട്.’ ലാളിത്യത്തിൽനിന്നും മൂർത്ത ആശയങ്ങളിലേക്കു നീങ്ങുന്ന ലാമിയ കുറച്ചു വരികളിലൂടെ തന്റെ ഉള്ളിലെ ആശയങ്ങൾ, നേരനുഭവങ്ങൾ, നേരിയ നൊമ്പരങ്ങൾ എല്ലാം എഴുതിവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.