കോൺഗ്രസിന്റെ ചരിത്രം, വർത്തമാനം, ഭാവി -ബി.ആർ.പി ഭാസ്കർ എഴുതുന്നു
കേരളത്തിലുൾപ്പെടെ രാജ്യത്താകെ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുന്ന കാലമാണിത്. ക്രിയാത്മക പ്രതിപക്ഷം ആകാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എന്തുകൊണ്ടാണിത്?.കോൺഗ്രസിന്റെ പ്രധാനപ്രശ്നം ഇപ്പോൾ അതിെൻറ മുന്നിൽ വ്യക്തമായൊരു ദൗത്യം ഇല്ലെന്നതാണോ?, മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ കോൺഗ്രസിന്റെ ചരിത്രം വിശകലനംചെയ്ത് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു
കാലാകാലങ്ങളിൽ പുതിയ നേതൃത്വങ്ങൾക്കുകീഴിൽ പുതിയ നയപരിപാടികൾ സ്വീകരിച്ചുകൊണ്ട് സംഘടനയെ നിരന്തരം പുതുക്കിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു നൂറ്റാണ്ടിലധികം നിർണായക സ്വാധീനമായി നിലനിന്നത്. അത്തരത്തിൽ പുതുക്കുവാനുള്ള കഴിവ് അതിന് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് സമീപകാലപ്രവർത്തനം സൂചിപ്പിക്കുന്നത്. ആ കഴിവ് വീണ്ടെടുക്കാതെ സംഘടനക്ക് ഇനിയും മുന്നോട്ടു പോകുവാനാകില്ല.
എ.ഒ.ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ 1885ൽ കോൺഗ്രസെന്ന സംഘടനയുണ്ടാക്കിയത് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടീഷുകാർക്കും ഇന്ത്യക്കാർക്കും ഇടയിലുണ്ടായ വിടവ് നികത്തി അവരെ അടുപ്പിക്കുവാനായിരുന്നു. കൽക്കത്ത സർവകലാശാലയിലെ ബിരുദധാരികൾക്ക് ഒരു തുറന്ന കത്തെഴുതിക്കൊണ്ടാണ് അദ്ദേഹം അതിനുള്ള തുടക്കംകുറിച്ചത്. കൽക്കത്ത, മുംബൈ, മദ്രാസ് എന്നീ നഗരങ്ങളിൽ 1858ൽ സർവകലാശാലകൾ സ്ഥാപിച്ചതിലൂടെ അവിടെയെല്ലാം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു ഉപരിവർഗം ഉയർന്നുവരാൻ തുടങ്ങിയിരുന്നു. അവർക്കു തെൻറ ലക്ഷ്യം പൂർത്തിയാക്കാൻ സഹായിക്കാനാകുമെന്ന് കരുതിയാണ് ഹ്യൂം ആ കത്തെഴുതിയത്. അന്ന് കൽക്കത്തയായിരുന്നു ദേശീയ തലസ്ഥാനം. അവിടെയുള്ള ബിരുദധാരികൾക്കിടയിൽ അസ്വസ്ഥതയുള്ളതായി ഹ്യൂം കണ്ടു. പക്ഷേ യോഗം ചേരുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ബോംബെയായിരുന്നു. അദ്ദേഹത്തിെൻറ ശ്രമങ്ങൾക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. യോഗം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ച ബോംബെ ഗവർണർ ക്ഷണം നിരസിച്ചു. അലീഗഢിൽ ആധുനിക വിദ്യാഭ്യാസസ്ഥാപനമുണ്ടാക്കിയ സെയ്ദ് അഹമ്മദ് ഖാൻ ബോംബെയിൽ പോകാൻ കൂട്ടാക്കിയില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിെൻറ ഫലമായി ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള വിടവ് കൂടുന്ന ഘട്ടത്തിൽ ഈ പ്രസ്ഥാനവുമായി സഹകരിക്കുന്നത് മുസ്ലിം താൽപര്യങ്ങൾക്ക് സഹായകമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ കോൺഗ്രസ് രൂപവത്കരിക്കപ്പെടുകയും ഹ്യൂം വിഭാവനം ചെയ്ത തരത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യം വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാരെയും ബ്രിട്ടീഷുകാരെയും അടുപ്പിക്കുവാനുള്ള ശ്രമം കോൺഗ്രസ് തുടരുമ്പോൾ പഞ്ചാബിൽ ലാലാ ലജ്പത് റായ്, മഹാരാഷ്ട്രയിൽ ബാലഗംഗാധര തിലക്, ബംഗാളിൽ ബിബിൻ ചന്ദ്രപാൽ എന്നീ ദേശീയനേതാക്കൾ ബ്രിട്ടീഷ് ഭരണത്തിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും അവർ നൽകിയിരുന്നു.
ലജ്പത് റായ് 1920ൽ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ അതിെൻറ സമീപനങ്ങളിൽ കാര്യമായ മാറ്റമുണ്ടാകാൻ തുടങ്ങി. സൗത്ത് ആഫ്രിക്കയിൽനിന്ന് 1915ൽ തിരിച്ചെത്തിയ ഗാന്ധി 1924ൽ കോൺഗ്രസ് പ്രസിഡൻറായി. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ കോൺഗ്രസ് ഒരു ബഹുജനപ്രസ്ഥാനമായി മാറി. വളരെ വേഗം കോൺഗ്രസ് അദ്ദേഹത്തിെൻറ കൈകളിൽ ഒതുങ്ങി. ബ്രിട്ടീഷുകാർക്കെതിരായ സമരം അക്രമരഹിതമായി നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. കോൺഗ്രസിെൻറ അംഗത്വം ഔപചാരികമായി ഉപേക്ഷിച്ചശേഷവും മരണംവരെ അദ്ദേഹമായിരുന്നു അതിെൻറ ഗതിവിഗതികൾ നിയന്ത്രിച്ചത്.സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജി നിർദേശിച്ച പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് കോൺഗ്രസ് പ്രസിഡൻറായി. എന്നാൽ അദ്ദേഹത്തിന് ആ നിലയിൽ പ്രവർത്തിക്കാനായില്ല. അദ്ദേഹത്തിെൻറ നോമിനികളായി കോൺഗ്രസ് പ്രവർത്തന സമിതിയിൽ പ്രവർത്തിക്കുവാൻ ഒരു നേതാവും തയാറായില്ല.
ലജ്പത് റായും തിലകും ഹൈന്ദവ ബിംബങ്ങൾ രാഷ്ട്രീയപ്രവർത്തനത്തിൽ ഉപയോഗിച്ചു. തെൻറ ലക്ഷ്യം രാമരാജ്യമാണെന്ന് പറഞ്ഞ ഗാന്ധിജിയും ആ പാതയിലൂടെ മുന്നോട്ടു പോയി. എന്നാൽ മുസ്ലിംകളെ ദേശീയപ്രസ്ഥാനങ്ങളുമായി അടുപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ഒന്നിച്ചു പ്രവർത്തിക്കാവുന്ന മണ്ഡലങ്ങൾക്കുവേണ്ടിയുള്ള തിരയൽ അദ്ദേഹത്തെ ഖിലാഫത്ത് പ്രസ്ഥാനത്തിൽ എത്തിച്ചു. ഒന്നാം ലോകയുദ്ധത്തിെൻറ അവസാനം ബ്രിട്ടീഷുകാർ പുറത്താക്കിയ തുർക്കിയിലെ സുൽത്താൻ ഇസ്ലാമിെൻറ ഖാലിഫുമായിരുന്നു. അദ്ദേഹത്തെ പുനഃസ്ഥാപിക്കണമെന്ന ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ മുദ്രാവാക്യം അറബ് ലോകത്ത് ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. പക്ഷേ ഇന്ത്യയിൽ യാഥാസ്ഥിതിക മുസ്ലിം നേതൃത്വം ആ വിഷയത്തിൽ സജീവതാൽപര്യമെടുത്തു. അതുമായി സഹകരിക്കുവാൻ ഗാന്ധിജി കോൺഗ്രസിനെ നിർബന്ധിച്ചു. അക്കാലത്ത് കോൺഗ്രസുകാരനായിരുന്ന മുഹമ്മദലി ജിന്നയെ പോലുള്ള നേതാക്കൾ അതിനോട് യോജിച്ചിരുന്നില്ല. പിൽക്കാലത്ത് അദ്ദേഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാകിസ്താൻ എന്ന പേരിൽ മുസ്ലിം രാഷ്ട്രം സ്ഥാപിക്കണമെന്ന ആശയം ഏറ്റെടുക്കുകയും അത് വിജയപ്രാപ്തിയിലെത്തിക്കുകയും ചെയ്തു.
രണ്ട് ലോകയുദ്ധങ്ങൾക്കുമിടയിലുള്ള കാലത്ത് കോൺഗ്രസ് പലതരത്തിലുള്ള, പല ആശയങ്ങളുള്ള ആളുകളുടെ ഒരു കൂടാരമായിരുന്നു. സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും അന്ന് അതിലുണ്ടായിരുന്നു. ഇരുകൂട്ടരും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കുള്ളിലായിരുന്നു.രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടനും സോവിയറ്റ് യൂനിയനും സഖ്യകക്ഷികളായപ്പോൾ കമ്യൂണിസ്റ്റുകാർ പുറത്തുവന്നു. അതൊരു സാമ്രാജ്യത്വ യുദ്ധമല്ല ജനകീയ യുദ്ധമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭരണകൂടവുമായി സഹകരിക്കാൻ അവർ തയാറായി. കോൺഗ്രസ് യുദ്ധപ്രവർത്തനങ്ങളിൽ സഹകരിച്ചില്ല. സോഷ്യലിസ്റ്റുകാർ അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. യുദ്ധപ്രവർത്തനങ്ങളെ പിന്തുണച്ച കമ്യൂണിസ്റ്റുകാർ പീപ്പിൾസ് വാർ (People's War) എന്ന പേരിൽ പത്രം തുടങ്ങി. യുദ്ധാനന്തരം പേര് പീപ്പിൾസ് ഏജ് (People's Age) എന്ന് മാറ്റി.ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്നു പിൻവാങ്ങുന്നതിനു മുന്നോടിയായി സംഭാഷണങ്ങൾ ആരംഭിക്കുമ്പോൾ മൗലാന അബുൽ കലാം ആസാദ് ആയിരുന്നു കോൺഗ്രസ് പ്രസിഡൻറ്. പിന്നീട് ജവഹർലാൽ നെഹ്റു അധ്യക്ഷ സ്ഥാനത്തേക്ക് വന്നു. ഗാന്ധിജി പിൻഗാമിയായി നിശ്ചയിച്ചിരുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിക്കുവാനുള്ള നീക്കമായിരുന്നു അത്. ഇടക്കാല ഭരണകൂടത്തിൽ ചേർന്നപ്പോൾ നെഹ്റു പാർട്ടി അധ്യക്ഷപദം രാജിെവച്ചു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രൂപവത്കരിക്കപ്പെട്ട നെഹ്റുവിെൻറ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ സർക്കാറിനുള്ളിലെ യാഥാസ്ഥിതിക ഘടകമായി കണക്കാക്കപ്പെട്ടു. അദ്ദേഹത്തിെൻറ ചരമത്തോടെ നെഹ്റുവിനെ വെല്ലുവിളിക്കാൻ കഴിവുള്ള ഒരു കോൺഗ്രസുകാരനും മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. പക്ഷേ കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ ഗാന്ധി ശിഷ്യനായ ജെ.ബി. കൃപലാനി, ഉത്തർപ്രദേശിൽനിന്നുള്ള യാഥാസ്ഥിതിക നേതാവ് പുരുഷോത്തം ദാസ് ടണ്ടൻ എന്നിവർ നെഹ്റുവിന് തലവേദന നൽകി. യാഥാസ്ഥിതിക സമ്മർദത്തിെൻറ ഫലമായി സർക്കാറിന് പാർലമെൻറിൽ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലുമായി മുന്നോട്ടു പോകുവാനായില്ല. നിയമ മന്ത്രിയായിരുന്ന ബി.ആർ. അംബേദ്കർ അതിൽ പ്രതിഷേധിച്ച് രാജിെവച്ചു. ഭരണഘടന രൂപവത്കരണ വേളയിൽ തുടങ്ങിയ കോൺഗ്രസുമായുള്ള അദ്ദേഹത്തിെൻറ സഹകരണം അങ്ങനെ അവസാനിച്ചു.
ആ ബില്ലിലെ പല അംശങ്ങളും പ്രത്യേക നിയമങ്ങളായി പാസാക്കിയെടുക്കാൻ നെഹ്റുവിന് പിന്നീട് കഴിഞ്ഞു. ടണ്ടൻ പുറത്തായ ശേഷം കുറച്ചുകാലത്തേക്ക് കോൺഗ്രസ് അധ്യക്ഷ പദവി നെഹ്റു ഏറ്റെടുത്തു. അതിനുശേഷം യുവതലമുറയിൽപെട്ട പലരെയും ആ സ്ഥാനത്തേക്കുയർത്തി.
ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ (1952) 489 അംഗങ്ങളുള്ള ലോക്സഭയിൽ 45 ശതമാനം വോട്ടോടെ 371 സീറ്റുകൾ കോൺഗ്രസ് നേടി. വോട്ടുവിഹിതത്തിൽ അതായിരുന്നു രണ്ടാം സ്ഥാനത്ത്. കുറഞ്ഞ വോട്ടുവിഹിതത്തോടെ കൂസത്താൽ സീറ്റുകൾ നേടിയ സി.പി.ഐ മുഖ്യ പ്രതിപക്ഷമായി.സോഷ്യലിസ്റ്റുകാരുടെ വോട്ടുകൾ രാജ്യമൊട്ടാകെ ചിതറി കിടക്കുകയായിരുന്നു. കമ്യൂണിസ്റ്റുകാരുടെ പിന്തുണ ചിലയിടങ്ങളിലായി സാന്ദ്രീകരിച്ചിരുന്നതുകൊണ്ടാണ് അവർക്ക് കൂടുതൽ സീറ്റു നേടാനായത്. അവർ മറ്റ് ഇടതു കക്ഷികളുമായും പുരോഗമന സ്വഭാവമുള്ള വ്യക്തികളുമായും ചേർന്നായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റുകാരെ അടുപ്പിക്കുവാൻ നെഹ്റു ആ സമയത്ത് ശ്രമിച്ചു. കോൺഗ്രസിെൻറ അംഗബലം നോക്കുമ്പോൾ നെഹ്റുവിന് അധികാരത്തിൽ തുടരാൻ പുറത്തുനിന്ന് ആരുടെയും പിന്തുണ ആവശ്യമായിരുന്നില്ലെന്ന് കാണാം. പാർട്ടിക്കകത്തും പുറത്തുമുള്ള യാഥാസ്ഥിതിക വിഭാഗങ്ങളെ കൂടുതൽ കരുത്തോടെ നേരിടാനാണ് അദ്ദേഹം സോഷ്യലിസ്റ്റുകാരെ അടുപ്പിക്കാൻ ശ്രമിച്ചത്. ഒന്നിച്ചു പ്രവർത്തിക്കാമെന്ന് നിർദേശിച്ചുകൊണ്ട് നെഹ്റു ജയപ്രകാശ് നാരായണന് കത്തെഴുതി. മറുപടി കത്തിൽ ജെ.പി ചില നിബന്ധനകൾ മുന്നോട്ടുെവച്ചു. അതിലൊന്ന് ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ദേശീയവത്കരിക്കണം എന്നായിരുന്നു. നെഹ്റു നിബന്ധനകൾ സ്വീകരിച്ചില്ല, തള്ളിയതും ഇല്ല, അവ പരിഗണിക്കാമെന്നു മാത്രം പറഞ്ഞു. അത് ജെ.പിക്ക് സ്വീ കാര്യമായില്ല. ഒന്നുചേരാനുള്ള ശ്രമം അതോടെ ഉപേക്ഷിക്കപ്പെട്ടു. പക്ഷേ കോൺഗ്രസിനെക്കൊണ്ട് സോഷ്യലിസ്റ്റു മാതൃകയിലുള്ള സമൂഹമാണ് ലക്ഷ്യമെന്ന് ആവടി സമ്മേളനത്തിൽവച്ച് പ്രഖ്യാപിപ്പിക്കുവാൻ നെഹ്റുവിന് കഴിഞ്ഞു.
രണ്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതവും അംഗത്വവും അൽപം വർധിപ്പിക്കാൻ കോൺഗ്രസിനായി. സോഷ്യലിസ്റ്റ് പാർട്ടി രണ്ടാം തെരഞ്ഞെടുപ്പിനുമുമ്പ് കൃപലാനിയുടെ നേതൃത്വത്തിൽ ഗാന്ധിയന്മാർ രൂപവത്കരിച്ച കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ചേർന്ന് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേര് സ്വീകരിച്ചിരുന്നു. ഒന്നാം തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി തനിച്ച് നേടിയ വോട്ടുവിഹിതത്തിനടുത്ത് എത്താനേ പി.എസ്.പിക്കു കഴിഞ്ഞുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടി വോട്ട് വിഹിതവും സീറ്റുകളും വർധിപ്പിച്ച് ലോക്സഭയിലെ മുഖ്യപ്രതിപക്ഷം എന്ന പദവി നിലനിർത്തി. ഒപ്പം നടന്ന നിയമസഭ െതരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിലെത്തി. കോൺഗ്രസ് അജയ്യമല്ലെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുവാൻ അതുപകരിച്ചു.
മൂന്നാം ലോക്സഭ തെരഞ്ഞെടുപ്പിൽ ചൈനയുമായുള്ള യുദ്ധത്തിലുണ്ടായ തിരിച്ചടി ഒരു ഘടകമായിരുന്നെങ്കിലും നെഹ്റുവിന് കോൺഗ്രസിെൻറ ഉന്നതതലം നിലനിർത്താനായി. എന്നാൽ പ്രതിപക്ഷ നിരയിൽ സ്വതന്ത്ര പാർട്ടി, ജനസംഘം എന്നീ കക്ഷികൾ സാമാന്യം നല്ല പ്രകടനം കാഴ്ചെവച്ചു. കമ്യൂണിസ്റ്റ് പാർട്ടി അപ്പോഴും മുഖ്യപ്രതിപക്ഷ സ്ഥാനം നിലനിർത്തി.
നെഹ്റു കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും യുവനേതാക്കളെ ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ ഈ ഘട്ടത്തിൽ സംസ്ഥാനങ്ങളിൽ കോൺഗ്രസിനുള്ളിൽ പാർട്ടി ഘടകങ്ങൾ നിയന്ത്രിക്കാൻ കഴിവുള്ള നേതാക്കന്മാർ ഉയരുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തും അക്കാലത്ത് ''നെഹ്റുവിനു ശേഷം ആര്'' എന്ന ചോദ്യം വ്യാപകമായി ചർച്ചചെയ്യപ്പെട്ടു.
ഒരു കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ അസുഖം ബാധിച്ച നെഹ്റു ലാൽ ബഹദൂർ ശാസ്ത്രിയെ കേന്ദ്രത്തിൽ വകുപ്പില്ലാ മന്ത്രിയായി നിയമിച്ചപ്പോൾ അദ്ദേഹത്തെ പിൻഗാമിയായി കാണുന്നെന്ന ധാരണ പരന്നു.
നെഹ്റുവിെൻറ കാലശേഷം മൊറാർജി ദേശായിയെ പിന്തള്ളിക്കൊണ്ട് ശാസ്ത്രിയെ പാർട്ടി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന് ഇരുപതു മാസമേ ലഭിച്ചുള്ളൂ. അദ്ദേഹം അന്തരിച്ചപ്പോൾ മൊറാർജി ദേശായി വീണ്ടും സ്ഥാനാർഥിയായി മുന്നോട്ടുവന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് മൊറാർജിയെക്കാൾ ഗുണകരം നെഹ്റുവിെൻറ പുത്രിയായ ഇന്ദിരാഗാന്ധിയെ കൊണ്ടുവരുന്നതാകുമെന്ന് ശക്തരായ സംസ്ഥാന പാർട്ടി നേതാക്കൾ തീരുമാനിച്ചു. അങ്ങനെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. തെരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും കേന്ദ്രത്തിൽ അധികാരം നിലനിർത്താൻ കോൺഗ്രസിനു കഴിഞ്ഞു. പക്ഷേ പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടു. അപ്പോൾ തന്നെ കോൺഗ്രസ് സംഘടന കീഴ്തട്ടിൽ ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകത വ്യക്തമായിരുന്നു. എന്നാൽ സംസ്ഥാന പാർട്ടി നേതാക്കൾക്കോ, കേന്ദ്രനേതൃത്വത്തിനോ അത് ചെയ്യാനാകുന്ന സാഹചര്യമായിരുന്നില്ല.
ഒഴിവുവന്ന രാഷ്ട്രപതി പദത്തിലേക്ക് സംസ്ഥാന പാർട്ടി നേതാക്കൾ (അവരെ മാധ്യമങ്ങൾ സിൻഡിക്കേറ്റ് എന്ന് മുദ്രകുത്തിയിരുന്നു) അവരിലൊരാൾ ആയ എൻ. സഞ്ജീവ റെഡ്ഡിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. തെൻറ കൈകളിൽ കൂച്ചുവിലങ്ങിടാനുള്ള ശ്രമമായി ഇന്ദിരാഗാന്ധി അതിനെ കണ്ടു. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ഉപരാഷ്ട്രപതി ആയിരുന്ന വി.വി. ഗിരിയെ തെരഞ്ഞെടുപ്പിൽ വിജയിക്കുവാൻ അവർ സഹായിച്ചു. പാർട്ടി രണ്ടായി പിളർന്നു. സംസ്ഥാന പാർട്ടി ഘടകങ്ങൾ സിൻഡിക്കേറ്റ് നേതാക്കളുടെ കൈപിടിയിൽ തന്നെ നിന്നു. പക്ഷേ അണികൾ വൻതോതിൽ ഇന്ദിരാഗാന്ധിക്കൊപ്പം പോയി. അധികാരം നിലനിർത്തിയ ഇന്ദിരാഗാന്ധി പാർട്ടിയിൽ ഒരു പുതിയ നേതൃത്വം താഴെത്തട്ടിൽനിന്ന് വളർത്തിക്കൊണ്ടുവരുന്നതിനും പകരം ഇഷ്ടമുള്ളവരെ നിയമിക്കാൻ തുടങ്ങി. ബാങ്ക് ദേശവത്കരണം, രാജാക്കന്മാരുടെ പ്രിവി പഴ്സ് നിർത്തലാക്കൽ തുടങ്ങിയ നടപടികളിലൂടെ പ്രതിച്ഛായ മിനുക്കിയശേഷം ഇന്ദിരാഗാന്ധി ഒരു കൊല്ലം നേരത്തേ ലോക്സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തി. പാകിസ്താനുമായുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ചത് തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക് സഹായകമായി. വൻഭൂരിപക്ഷത്തോടെ 1971ൽ അവർ അധികാരം നിലനിർത്തി. എന്നാൽ അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അടുത്ത തെരഞ്ഞെടുപ്പ് നടത്താൻ അവർക്കായില്ല. വലിയ എതിർപ്പുകൾ നേരിട്ടതിനെ തുടർന്ന് അവർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ലോക്സഭ കാലാവധി നീട്ടുകയും ചെയ്തു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചപ്പോൾ വലതുപക്ഷ കക്ഷികളുമായി ചേർന്ന് സിൻഡിക്കേറ്റ് നേതാക്കന്മാരുടെ കോൺഗ്രസ് (ഒ) കൈകോർത്തു. ജയപ്രകാശ് നാരായണിെൻറ കാർമികത്വത്തിൽ അവർ രൂപവത്കരിച്ച ജനതാ പാർട്ടി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടു ത്തു. കൊല്ലപ്പെടുന്നതുവരെ അവർ ആ സ്ഥാനത്ത് തുടർന്നു. അടിയന്തരാവസ്ഥാ സർക്കാറിനെതിരെ ഒന്നിച്ചു വന്ന ജനതാ പാർട്ടി നേതാക്കൾക്ക് വളരെക്കാലം ഐക്യം നിലനിർത്താനായില്ല. കോൺഗ്രസ് (ഒ) വാടിക്കൊഴിഞ്ഞു. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇന്ദിരാഗാന്ധിക്ക് വീണ്ടും അധികാരത്തിൽ എത്താനായി. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന ബാഹ്യകേന്ദ്രമായി പ്രവർത്തിച്ച ഇളയമകൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചപ്പോൾ അവർ മൂത്തമകൻ രാജീവിനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൊണ്ടുവന്നു. അവിടെയാണ് യഥാർഥത്തിൽ കുടുംബവാഴ്ചയുടെ തുടക്കം.
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വം രാജീവ് ഗാന്ധിയെ വലിയ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയാകാൻ സഹായിച്ചു. ഒപ്പം അദ്ദേഹം പാർട്ടി അധ്യക്ഷപദവും വഹിച്ചു. ഒരു വലിയ അനുകൂല സാഹചര്യത്തിലാണ് രാജീവ് ഗാന്ധി അധികാരത്തിൽ വന്നത്. നെഹ്റുവിെൻറ പൗത്രനും ഇന്ദിരാഗാന്ധിയുടെ മകനും എന്ന നിലയിൽ അദ്ദേഹത്തിെൻറ വരവ് തുടർച്ചയെ കുറിച്ചു. അതേസമയം പുതിയ ആശയങ്ങളുള്ള യുവനേതാവെന്ന നിലയിൽ അദ്ദേഹം മാറ്റം ആഗ്രഹിക്കുന്നവർക്കും സ്വീകാര്യമായി. തുടക്കം നന്നായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. ബോഫോഴ്സ് കോഴവിവാദം അദ്ദേഹത്തിെൻറ പ്രതിച്ഛായ തകർത്തു. ശ്രീലങ്കയിലേക്ക് ഇന്ത്യൻ പട്ടാളത്തെ അയക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരു സമാധാന സേനയെന്നനിലയിൽ പ്രവർത്തിക്കുന്നതിനുപകരം ഇന്ത്യൻ പട്ടാളം അവിടെയൊരു സമരസേനയായി. ശ്രീലങ്കൻ തമിഴ് സംഘടനയായ എൽ.ടി.ടി.ഇക്കെതിരെ ഇന്ത്യൻ പട്ടാളം നടപടിയെടുത്തു. ആ തെറ്റിന് അദ്ദേഹം കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവനായിരുന്നു.
രാജീവ്ഗാന്ധിയുടെ വധം പിന്നീടുള്ള തെരഞ്ഞെടുപ്പിൽ അധികാരത്തിലേക്ക് തിരിച്ചുവരാൻ കോൺഗ്രസിനെ സഹായിച്ചു. പുതിയ ലോക്സഭയിൽ സ്വന്തമായി ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസ് നേതാവ് പി.വി. നരസിംഹറാവുവിന് മന്ത്രിസഭയുണ്ടാക്കാൻ അവസരം ലഭിച്ചു. നെഹ്റു ഗാന്ധി കുടുംബത്തിൽനിന്ന് ഒരു ഇടപെടലും കൂടാതെ അഞ്ചുകൊല്ലം കാലാവധി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹവും ആദ്യം പ്രധാനമന്ത്രിപദവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും ഒരേസമയം വഹിച്ചു. പിന്നീട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷസ്ഥാനം ഉപേക്ഷിക്കുകയും സീതാറാം കേസരി അത് ഏറ്റെടുക്കുകയും ചെയ്തു. കോൺഗ്രസിെൻറ നില ഇക്കാലത്ത് മോശമായി. പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന ഭയം നേതാക്കൾക്കുണ്ടായി. അവരുടെ നിർബന്ധപൂർവമായ ആവശ്യത്തെത്തുടർന്ന് രാജീവിെൻറ ഭാര്യയായ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റു. അങ്ങനെ ആസ്ഥാനം ഏഴ് കൊല്ലത്തിനുശേഷം കുടുംബത്തിലേക്ക് തിരിച്ചുവന്നു. അതിപ്പോഴും അവിടെ തുടരുന്നു. സോണിയ ഗാന്ധി 2016ൽ മകൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഏൽപ്പിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് 2019ൽ അദ്ദേഹം രാജിെവച്ചു. സോണിയ വീണ്ടും കോൺഗ്രസ് പ്രസിഡൻറായി.
ലോക്സഭയിലേക്കുള്ള 2004ലെ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാനുള്ള അവസരം ലഭിച്ചപ്പോൾ സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് മൻമോഹൻസിങ്ങിനെ കൊണ്ടുവന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന പത്തുകൊല്ലവും കോൺഗ്രസ് നയിക്കുന്ന യുനൈറ്റഡ് പ്രോഗ്രസീവ് അലൈൻസിലെ ചെയർപേഴ്സൻ എന്ന നിലയിൽ സോണിയ സഖ്യം നല്ലപോലെ കൊണ്ടുപോയി.
ഇന്ദിരാഗാന്ധി മുതൽ രാഹുൽ ഗാന്ധിവരെ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചവർ പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ഒന്നും ചെയ്തില്ല. അതിെൻറ ഫലമായാണ് കോൺഗ്രസ് ഇന്നത്തെ വിഷമഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഒരു ദേശീയ പാർട്ടിയെന്ന നിലയിൽ തിരിച്ചുവരവ് നടത്തണമെങ്കിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉടനുണ്ടാകണം.
സംസ്ഥാനങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കിയാണ് കോൺഗ്രസ് ദീർഘകാലം അധികാരത്തിൽ തുടർന്നത്. ആ കൂട്ടായ്മ തകർന്നിരിക്കുന്നു. അതിെൻറ ഭാഗമായിരുന്ന പലരും ബി.ജെ.പിക്കൊപ്പം പോയി. മതന്യൂനപക്ഷങ്ങൾ മറ്റു ചില കക്ഷികളിലേക്കും പോയി. നിരവധി ചെറിയ ദേശീയകക്ഷികളും പ്രാദേശികകക്ഷികളും സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. അവരിൽ പലരും വിവിധ സാമൂഹികവിഭാഗങ്ങളുടെ പിന്തുണയിലാണ് നിലനിൽക്കുന്നത്. ഈ വിഭാഗങ്ങൾ കോൺഗ്രസിനെ വിട്ടുപോയത് അതിന് അവരോട് നീതികാട്ടാൻ കഴിയാത്തതുകൊണ്ടാണ്.
കോൺഗ്രസിെൻറ പ്രധാനപ്രശ്നം ഇപ്പോൾ അതിെൻറ മുന്നിൽ വ്യക്തമായൊരു ദൗത്യം ഇല്ലെന്നതാണ്. രാജ്യത്തെ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായൊരു വ്യവസ്ഥ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച കക്ഷിയാണ് കോൺഗ്രസ്. ആ തത്ത്വങ്ങൾ ഭരണകൂടം ബലികഴിക്കുന്ന ഈ കാലത്ത് അതിനെതിരെ പൊരുതുന്ന വിഭാഗങ്ങൾക്കൊപ്പം നിൽക്കാനുള്ള ആർജവം കോൺഗ്രസിന് ഉണ്ടാകണം. അതിലൂടെ മാത്രമേ അതിനു സ്വന്തം ഭാവി ഉറപ്പിക്കാനാകുകയുള്ളൂ.
കേരളത്തിലെ കോൺഗ്രസിന്റെ ഉയർച്ചയും താഴ്ചയും
ചരിത്രപരമായ കാരണങ്ങളാൽ കേരളത്തിലെ കോൺഗ്രസിെൻറ പാത ഇതര സംസ്ഥാനങ്ങളിലെ ഘടകങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു.ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന മുദ്രാവാക്യം സ്വരാജ് ആയിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ മാത്രം ഇതിനുപുറമെ സാമൂഹികനീതിക്കു വേണ്ടിയുള്ള മുറവിളികൾ ഉയർന്നു. മദ്രാസ് ജാതിയടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്തി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മുദ്രാവാക്യം മഹാരാജാക്കന്മാരുടെ കീഴിൽ ഉത്തരവാദിത്തഭരണം എന്നതായിരുന്നു. രാഷ്ട്രീയ ആവശ്യങ്ങൾ ഉയരുന്നതിനു മുമ്പുതന്നെ ഈ പ്രദേശങ്ങളിൽ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങൾ നീതിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. ഭാഗികമായിമാത്രം തെരഞ്ഞെടുക്കപ്പെട്ട തിരുവിതാംകൂർ, കൊച്ചി നിയമസഭകളിലേക്കു രാജഭരണകൂടങ്ങൾ ദലിത് പിന്നാക്ക വിഭാഗ നേതാക്കളെ നോമിനേറ്റ് ചെയ്തിരുന്നു.
ശ്രീനാരായണ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ടി.കെ. മാധവൻ ജാതീയമായ അവശതകൾ പരിഹരിക്കുന്നതിന് ഇടപെടണമെന്ന് മഹാത്മാ ഗാന്ധിയോട് അഭ്യർഥിച്ചു. ഗാന്ധി നിർദേശിച്ചതനുസരിച്ച് അദ്ദേഹം 1923ൽ കാക്കിനാടയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ ആ പ്രശ്നം ഉന്നയിക്കാനുള്ള അവസരം കോൺഗ്രസ് പ്രസിഡൻറായിരുന്ന മുഹമ്മദ് അലി നൽകി. കോൺഗ്രസിന് ഘടകമുണ്ടായിരുന്ന മലബാറിൽ നിന്നെത്തിയ കെ.പി. കേശവമേനോൻ തുടങ്ങിയ പ്രതിനിധികളും കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെടണമെന്ന മാധവെൻറ ആവശ്യത്തെ പിന്തുണച്ചു.
കോൺഗ്രസ് വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ നടക്കാൻ പിന്നാക്കവിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനത്തിനെതിരെ സത്യഗ്രഹം നടത്താൻ തീരുമാനിച്ചു. അടുത്ത കൊല്ലം തുടങ്ങിയ സത്യഗ്രഹം ദേശീയ ശ്രദ്ധയാകർഷിച്ചു. ഓരോ ദിവസവും ഒരു സവർണനും ഒരു ഈഴവനും ഒരു ദലിതനും അമ്പലത്തിനു ചുറ്റുമുള്ള റോഡിലൂടെ നടന്നു. ക്ഷേത്രഭാരവാഹികൾ നിയോഗിച്ച ഗുണ്ടകൾ അവർണസത്യഗ്രഹികളെ തടഞ്ഞുനിർത്തി അവരുടെ കണ്ണുകളിൽ ചുണ്ണാമ്പു തേച്ചശേഷം പൊലീസിലേൽപ്പിച്ചു അറസ്റ്റ് ചെയ്യപ്പെട്ട സത്യഗ്രഹികളെ കോടതി ജയിലിലടച്ചു.
പിൽക്കാലത്ത് ദ്രാവിഡ കഴകം സ്ഥാപിച്ച ഇ.വി. രാമസ്വാമി അന്ന് തമിഴ്നാട് കോൺഗ്രസിെൻറ സെക്രട്ടറിയായിരുന്നു. അദ്ദേഹം വൈക്കത്ത് താമസിച്ച് സത്യഗ്രഹ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. പഞ്ചാബിലെ അകാലിദൾ സത്യഗ്രഹികൾക്കും മറ്റു പ്രവർത്തകർക്കും ആഹാരം നൽകാൻ 'ലങ്കാർ' (സാമൂഹിക അടുക്കള) സ്ഥാപിച്ചു.
ശ്രീനാരായണഗുരുവും ഗാന്ധിജിയും സത്യഗ്രഹകാലത്ത് വൈക്കം സന്ദർശിച്ചു. ഒന്നരക്കൊല്ലം നീണ്ടുപോയ സത്യഗ്രഹം ഔപചാരികമായി ഒത്തുതീർപ്പില്ലാതെ അവസാനിച്ചു. ഗുണ്ടകളും പൊലീസും പിൻവാങ്ങിയപ്പോൾ 'താണജാതിയിൽപെട്ടവർക്ക് പ്രവേശനമില്ല' എന്നെഴുതിയ ബോർഡുകൾ റോഡുകളിൽനിന്ന് ആരോ പിഴുതുമാറ്റി. അതിനുശേഷം ആ റോഡുകളിൽകൂടി നടക്കുന്നവരെ ആരും തടഞ്ഞില്ല.
പിന്നീട് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രവർത്തനം ബ്രിട്ടീഷ് ഇന്ത്യയിൽ മാത്രമായി ചുരുക്കാൻ ഗാന്ധിജി തീരുമാനിച്ചു. നാട്ടുരാജ്യങ്ങളിൽ പ്രത്യേക സംഘടനകൾ ഉണ്ടാകണമെന്ന് അദ്ദേഹം നിർദേശിച്ചു. അങ്ങനെ തിരുവിതാംകൂറിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ഭാഗമല്ലാതിരുന്ന സ്റ്റേറ്റ് കോൺഗ്രസ് നിലവിൽവന്നു. അതിെൻറ വളർച്ച തടയുവാനായി ദിവാൻ സി.പി. രാമസ്വാമി അയ്യർ എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം തുടങ്ങിയ സംഘടനകളെ അക്കാലത്തെ പരിമിതമായ വോട്ടവകാശത്തിെൻറ അടിസ്ഥാനത്തിൽ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ യൂനിയെൻറ ഭാഗമാകുന്നതിനു പകരം തിരുവിതാംകൂർ സ്വതന്ത്രരാജ്യമാകണമെന്ന ആശയം രാജഭരണകൂടം മുന്നോട്ട് വെച്ചപ്പോൾ എസ്.എൻ.ഡി.പി യോഗം അതിനെ പിന്തുണച്ചു. ആ പദ്ധതി പരാജയപ്പെടുകയും തിരുവിതാംകൂർ ഇന്ത്യൻ യൂനിയനിൽ ലയിക്കുകയും ചെയ്തപ്പോൾ സ്റ്റേറ്റ് കോൺഗ്രസ് ദേശീയ കോൺഗ്രസിെൻറ ഭാഗമായി. രാഷ്ട്രീയത്തിൽ പങ്കെടുത്തിരുന്ന ജാതിസംഘടനകൾ അപ്പോൾ രംഗത്തുനിന്ന് പിന്മാറി അവരുടെ നേതാക്കൾ കോൺഗ്രസിൽ ചേർന്നു.
തിരുവിതാംകൂറിലെ കോൺഗ്രസിൽ മൂന്നു പ്രധാന ഘടകങ്ങളുണ്ടായിരുന്നു: മേധാവിത്വമുണ്ടായിരുന്ന ജാതികളിൽപെട്ടവർ, സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നേറിയെങ്കിലും അധികാരത്തിൽ പങ്കില്ലാതിരുന്ന ക്രൈസ്തവർ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്ന വിഭാഗങ്ങൾ. അംഗബലം ഉണ്ടായിരുന്നെങ്കിലും പിന്നാക്കവിഭാഗങ്ങൾക്ക് അധികാരത്തിൽ പങ്കുണ്ടായിരുന്നില്ല. ഈ സാമൂഹിക കൂട്ടായ്മകളുടെ പ്രതിഫലനം സംഘടനയുടെ മുൻനിര നേതൃസംഘത്തിലും പ്രകടമായി. പട്ടം താണുപിള്ള, ടി.എം. വർഗീസ്, സി. കേശവൻ എന്നിവരാണ് അതിലുണ്ടായിരുന്നത്.
കൊച്ചിയിൽ പ്രജാമണ്ഡലമെന്ന പേരിൽ സംഘടന രൂപവത്കരിക്കപ്പെട്ടു. ഈ സം സ്ഥാനമാണ് ഇന്ത്യയിൽ ആദ്യമായി പ്രായപൂർത്തി വോട്ടവകാശത്തിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. തുടർന്ന് നിലവിൽ വന്ന സർക്കാറിൽ പ്രമുഖ സാമൂഹികവിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടന തയാറാക്കിയ സഭയിലെ ഏക ദലിത് വനിത ആയിരുന്ന ദാക്ഷായണി വേലായുധൻ കൊച്ചിയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനമുണ്ടായപ്പോൾ കൊച്ചിയിലെ പ്രജാമണ്ഡലവും തിരുവിതാംകൂറിലെ കോൺഗ്രസും ലയിച്ചു തിരുകൊച്ചി പ്രദേശ് കോൺഗ്രസ് ഉണ്ടായി.
മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്തെ രാഷ്ട്രീയം ഏറക്കുറെ മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ പ്രദേശത്തിലേതിന് സമാനമായിരുന്നു. ഗാന്ധിജി വിഭാവനംചെയ്ത രീതിയിൽ കോൺഗ്രസ് ഘടകങ്ങൾ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിച്ചപ്പോൾ അവിടെ പ്രത്യേക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുണ്ടായി. അതിനുള്ളിൽ സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നു. അവർ 1940കളിൽ കോൺഗ്രസിൽനിന്ന് പുറത്തുവന്നപ്പോൾ നടന്ന കടുത്ത മത്സരത്തിൽ കമ്യൂണിസ്റ്റുകാർ മേൽക്കൈ നേടി. നാട്ടുരാജ്യങ്ങളിലുണ്ടായ തരത്തിലുള്ള പിന്നാക്കമുന്നേറ്റം അവിടെ ഉണ്ടായില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് മേധാവിത്വ ജാതികളിൽപെട്ടവർക്ക് മേൽക്കൈ യുണ്ടായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനം കൈവിട്ടു പോയതിനെതുടർന്ന് അവിടെ ഹിന്ദു മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വിടവുണ്ടായി. ഒരു നൂറ്റാണ്ടിനുശേഷവും അതിെൻറ ആഘാതം ഒരുപക്ഷേ പൂർണമായും വിട്ടുമാറിയിട്ടില്ല. പാകിസ്താൻ രൂപവത്കരണത്തിനുശേഷം പ്രവർത്തനം നിർത്തിയ ഓൾ ഇന്ത്യ മുസ്ലിം ലീഗ് വളരെവേഗം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്ന പേരിൽ തിരിച്ചുവന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 17 കൊല്ലക്കാലം സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളിൽപെട്ട രണ്ടു മുഖ്യമന്ത്രിമാരുണ്ടായി: തിരുകൊച്ചിയിൽ സി. കേശവനും, കേരളത്തിൽ ആർ. ശങ്കറും. ഇരുവരും കോൺഗ്രസുകാർ. അതിനുശേഷമുള്ള 42 വർഷക്കാലത്ത് (ഇതിൽ ഇരുമുന്നണി കാലത്തിെൻറ കാൽനൂറ്റാണ്ടും ഉൾപ്പെടുന്നു) ഒരു പിന്നാക്ക നേതാവും മുഖ്യമന്ത്രിപദത്തിൽ എത്തിയില്ല. ഇതിനെ ജാതി മേധാവിത്വസ്വാധീനം വർധിച്ചതിെൻറ തെളിവായി കാണാനാകും. കോൺഗ്രസിലൂടെ ക്രൈസ്തവ വിഭാഗത്തിൽനിന്നും മുഖ്യമന്ത്രിമാരുണ്ടായി.
ഒരു തെരഞ്ഞെടുപ്പിൽ സി.പി.എം ''കേരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടും'' എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു. എൽ.ഡി.എഫ് അത്തവണ അധികാരത്തിൽ വന്നെങ്കിലും വനിതയും പിന്നാക്കവിഭാഗക്കാരിയുമായ ഗൗരി മുഖ്യമന്ത്രിയായില്ല. സി.പി.എം പിന്നീടവരെ പാർട്ടിയിൽനിന്ന് പുറത്താക്കി.
എൽ.ഡി.എഫ് സർക്കാറിലെ ജാതിമേധാവിത്വത്തുടർച്ച 2006ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ അവസാനിച്ചു. പത്ത് കൊല്ലത്തിനുശേഷം പിണറായി വിജയൻ എൽ.ഡി.എഫ് മുഖ്യമന്ത്രിയായപ്പോൾ പിന്നാക്ക മുഖ്യമന്ത്രി തുടർച്ചയുമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം തുടർച്ചയായി രണ്ടാം തവണ മുഖ്യമന്ത്രിയായി.
യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ രൂപവത്കൃതമാകുന്നതിനു മുമ്പ് ഐ.യു.എം.എൽ നേതാവ് സി.എച്ച്. മുഹമ്മദ് കോയ ഒരു ചെറിയ കാലയളവിൽ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ യു.ഡി.എഫിലൂടെയോ എൽ.ഡി.എഫിലൂടെയോ ഒരു മുസ്ലിമോ ദലിതനോ വനിതയോ അത്യുന്നത പദവിയിലേക്ക് ഇനിയും വന്നിട്ടില്ല. ഇത് കേരളത്തിലെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥയുടെ സൂചകമാണ്. തുല്യതയും തുല്യാവസരങ്ങളും കേരളസമൂഹത്തിന് ഇന്നും അന്യമാണെന്നർഥം. കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പരാജയവും അതിെൻറ അടിത്തട്ടിലുണ്ടായിട്ടുള്ള ചോർച്ചയും അതിെൻറ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നുണ്ട്. ഇതിെൻറ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കോൺഗ്രസിെൻറ സാമൂഹിക അടിത്തറ ചുരുങ്ങിയിട്ടുള്ളതായി കാണാം.
കേരളത്തിലെ കോൺഗ്രസ് ഇന്ന് യഥാർഥത്തിൽ ഒരു പാർട്ടിയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളത്. അതിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ട്. രണ്ട് ഗ്രൂപ്പുകളുടെയും അടി ത്തറ ഇടുങ്ങിയതാണ്.നിയമസഭയിൽ കൈവിരലുകളിൽ എണ്ണാവുന്നത്ര അയോഗങ്ങൾ മാത്രമുണ്ടായിരുന്ന കോൺഗ്രസിനെ പിടിച്ചുയർത്തിയ കെ. കരുണാകരനും ഒരു പുതുനിരയുമായി വന്ന് അതിനു പുതുജീവൻ നൽകിയ എ.കെ. ആൻറണിയും ഗ്രൂപ്പ് നേതാക്കളെന്ന നിലയിൽ പാർട്ടിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിെൻറ ഉത്തരവാദിത്തമുള്ളവർ കൂടിയാണ്.
ആന്തരിക പ്രശ്നങ്ങൾ മൂർച്ഛിച്ചപ്പോൾ പാർട്ടിവിട്ട് എതിർ മുന്നണിയുമായി കൈകോർ ക്കാൻ രണ്ടു ഗ്രൂപ്പുകളും തയാറായിരുന്നു. ഒരുഘട്ടത്തിൽ ആൻറണി വിഭാഗം സി.പി.എം നയിക്കുന്ന മുന്നണിയിലെ ഘടകകക്ഷി ആയി. മറ്റൊരവസരത്തിൽ കരുണാകര വിഭാഗവും അത്തരം പരീക്ഷണത്തിന് തയാറായി.
ഗ്രൂപ്പ് രാഷ്ട്രീയത്തിൽനിന്ന് പാർട്ടിയെ മുക്തമാക്കാൻ രാഹുൽ ഗാന്ധി നേരത്തേ ശ്രമം തുടങ്ങിയിരുന്നു. അതിനായി അദ്ദേഹം തെരഞ്ഞെടുത്ത പി.സി.സി അധ്യക്ഷന്മാരെ ഗ്രൂപ്പുനേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈകോർത്തുകൊണ്ട് തോൽപ്പിച്ചു. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നാമനിർദേശം ചെയ്തുകൊണ്ട് ഹൈകമാൻഡ് ഗ്രൂപ്പുകളുടെ വീതംവെക്കൽ സമ്പ്രദായം മറികടക്കാൻ വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലപ്പെട്ടപ്പോഴും കേരളത്തിൽ അതിനു ശക്തമായ സാന്നിധ്യം നിലനിർത്താനായത് രണ്ട് ഗ്രൂപ്പുകളുടെയുംനേതാക്കൾക്ക് അണികൾക്കിടയിലുള്ള പിന്തുണകൊണ്ടാണ്. എന്നാൽ ഇപ്പോൾ ഗ്രൂപ്പ് അതിപ്രസരം പാർട്ടി തെരഞ്ഞെടുപ്പ് നടത്താനാകാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പാണ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പറ്റിയ മാർഗമായി കരുതപ്പെടുന്നത്. സ്വതന്ത്രവും നീതിപൂർവവുമായ സംഘടനാ തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ ഗ്രൂപ്പ് നേതാക്കൾ തയാറാകണം. അതാണ് ഈ ഘട്ടത്തിൽ പാർട്ടിയുടെ ഭാവി ഭദ്രമാക്കാൻ അവർക്ക് നൽകാനാകുന്ന മഹത്തായ സംഭാവന.
സംസ്ഥാന കോൺഗ്രസിെൻറ ഭാവി ദേശീയതലത്തിൽ കോൺഗ്രസിന് എന്ത് സംഭവിക്കുന്നു എന്നതിനെ കൂടി ആസ്പദമാക്കിയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 20 സീറ്റുകളിൽ 19ഉം ലഭിച്ചത് ജനങ്ങൾ അതിനെ ദേശീയതലത്തിൽ ഇനിയും പ്രസക്തിയുള്ള കക്ഷിയായി കാണുന്നതുകൊണ്ടാണ്.
കേരള നവോത്ഥാനത്തിെൻറ ആദ്യ രാഷ്ട്രീയ ഗുണഭോക്താവ് കോൺഗ്രസ് ആയിരുന്നു. പിന്നീട് കമ്യൂണിസ്റ്റുകാർ മുഖ്യ ഗുണഭോക്താക്കളായി. രണ്ടു വിഭാഗങ്ങളും നവോത്ഥാനത്തിൽനിന്ന് ലഭിച്ച രാഷ്ട്രീയ മുതൽ കളഞ്ഞുകുളിച്ചു. സി.പി.എം നവോത്ഥാന ആശയങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു എന്ന ധാരണ നൽകുന്നുണ്ട്. ഇത് ആത്മാർഥമായ നീക്കമാണോ കേവലം അടവാണോയെന്ന് വ്യക്തമല്ല. കോൺഗ്രസിന് തിരിച്ചുവരവ് നടത്താനും നവോത്ഥാന പാതയാണ് ഉത്തമ മാർഗം.