കാരിരുമ്പിന്റെ കരുത്തുള്ള വാസു
‘രണചേതന’ നാടകക്കൂട്ടായ്മയെ വാർത്തെടുത്ത് ചരിത്രത്തിലൂടെ നടത്തുന്നതിൽ മധു മാസ്റ്റർക്കൊപ്പം നെടുന്തൂണായിനിന്ന നാടകപ്രവർത്തകനാണ് വാസു. പ്രാദേശിക ചരിത്രത്തിന്റെ സ്വയംനിർമിത ആർക്കെവിസ്റ്റ് എന്ന് നിസ്സംശയം വിളിക്കാവുന്ന ഒരു പ്രതിഭയാണ് വാസുവെന്നും ലേഖകൻ.മധു മാസ്റ്ററുടെ ‘അമ്മ’ നാടകം വഴിതിരിച്ചുവിട്ട കോഴിക്കോടൻ ജീവിതങ്ങൾ നിരവധിയാണ്. പൊതുവിൽ നാടകം; നാടകപ്രവർത്തനവും പല അർഥത്തിലും ചരിത്രത്തിന് വളമാകലാണ്. അദൃശ്യരുടെ ഒരു...
Your Subscription Supports Independent Journalism
View Plans‘രണചേതന’ നാടകക്കൂട്ടായ്മയെ വാർത്തെടുത്ത് ചരിത്രത്തിലൂടെ നടത്തുന്നതിൽ മധു മാസ്റ്റർക്കൊപ്പം നെടുന്തൂണായിനിന്ന നാടകപ്രവർത്തകനാണ് വാസു. പ്രാദേശിക ചരിത്രത്തിന്റെ സ്വയംനിർമിത ആർക്കെവിസ്റ്റ് എന്ന് നിസ്സംശയം വിളിക്കാവുന്ന ഒരു പ്രതിഭയാണ് വാസുവെന്നും ലേഖകൻ.
മധു മാസ്റ്ററുടെ ‘അമ്മ’ നാടകം വഴിതിരിച്ചുവിട്ട കോഴിക്കോടൻ ജീവിതങ്ങൾ നിരവധിയാണ്. പൊതുവിൽ നാടകം; നാടകപ്രവർത്തനവും പല അർഥത്തിലും ചരിത്രത്തിന് വളമാകലാണ്. അദൃശ്യരുടെ ഒരു പ്രളയംതന്നെയുണ്ട് നാടകരംഗത്ത് പ്രവർത്തിച്ചവരായി. അതിൽ വലിയൊരു വിഭാഗത്തെ തേടിപ്പിടിച്ച് ചരിത്രത്തിൽ അയാളപ്പെടുത്തുക എന്ന ദൗത്യം നിർവഹിച്ച നാടകചരിത്രകാരനായ ഡോ. കെ. ശ്രീകുമാർ വലിയൊരു സാമൂഹിക സേവനമാണ് നിർവഹിച്ചത്. ‘മാതൃഭൂമി’യിൽ സഹപ്രവർത്തകനായിരുന്ന കാലത്താണ് കെ. ശ്രീകുമാർ വാരാന്തപ്പതിപ്പിൽ ആ അന്വേഷണം തുടങ്ങിയത്. നിരവധി അദൃശ്യർ അതുവഴി അച്ചടിയുടെയും ഓർമയുടെയും ചരിത്രത്തിന്റെ ഭാഗമായി. അതു പൂർണമാകും മുമ്പ് ആ കോളം നിർത്തിക്കളഞ്ഞതും ശ്രീകുമാർ ‘മാതൃഭൂമി’ വിട്ടുപോകാനിടയായതും ചരിത്രം വഴിയിൽ െവച്ച് നിന്നപോലെയുള്ള ഒരനുഭവമായിരുന്നു. ഒരു വ്യക്തിക്ക് ഒറ്റക്ക് ഏറ്റെടുക്കാൻ കഴിയുന്നതിലും വലിയ ദൗത്യമായിരുന്നു അത്. സംഗീത നാടക അക്കാദമിയുടെ ഒക്കെ നേതൃത്വത്തിൽ ഒരുകൂട്ടം നാടക ഗവേഷകർ ഒന്നിച്ചുചെയ്യേണ്ട പണി ഒറ്റക്ക് ഏറ്റെടുത്താണ് ശ്രീകുമാർ അത് ചെയ്തുപോന്നിരുന്നത്. ഇനിയും അതിന് തുടർച്ചകൾ ഉണ്ടാകേണ്ടതുണ്ട്. ഓർമയുടെ ചരിത്രം അങ്ങനെ മായാനനുവദിക്കാൻ പാടില്ലാത്തതാണ്. ആ പുസ്തകത്തിൽ ഒരധ്യായമായി വരേണ്ടിയിരുന്ന ജീവിതമാണ് നാടകനടനും എഴുത്തുകാരനും സംവിധായകനും സംഘാടകനുമൊക്കെയായ വാസു.
മറവിയുടെ ചരിത്രംകൂടിയാണ് നാം ജീവിച്ചുപോരുന്നത്. ദൈവങ്ങളെ പൂജിക്കുന്ന സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ട് തന്നെയാവാം ചരിത്രം എല്ലായ്പോഴും താരനായകരുടെ (അത്യപൂർവമായി മാത്രം താരനായികമാരുടെയും) കണക്കിലാണ് എഴുതിച്ചേർക്കപ്പെടുന്നത്. അത് നിർമിച്ച എത്രയോ പേർ അങ്ങനെ കൂട്ടമറവിയുടെ ഭാഗമായി മാറുന്നു. ബോധപൂർവമായ ഇടപെടലുകളുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ അദൃശ്യരായിപ്പോയവരെ പൊതുസ്മൃതിയിലേക്ക് വീണ്ടെടുക്കാനാവൂ. കോഴിക്കോടിന്റെ നാടകചരിത്രത്തിൽ അത്തരമൊരു വീണ്ടെടുപ്പിന് എന്തുകൊണ്ടും അർഹനായ ഒരു നാടകപ്രവർത്തകനാണ് വാസു എന്ന് വിളിക്കുന്ന വാസുദേവൻ അഥവാ കെ.വി. ദേവ്.
അടിയന്തരാവസ്ഥക്കു ശേഷമുള്ള കോഴിക്കോടൻ നാടകവേദിക്ക് മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ നാടക ചരിത്രത്തിൽ പിന്നീട് ആവർത്തിച്ചിട്ടില്ലാത്ത നാടകപ്രസ്ഥാനമാണ് മധു മാസ്റ്റർ നേതൃത്വം നൽകിയ ‘രണചേതന’. 1978ൽ ‘രണചേതന’ അവതരിപ്പിച്ച ‘അമ്മ’ നാടകംപോലെ കേരളത്തിന്റെ സാംസ്കാരിക- രാഷ്ട്രീയ ജീവിതത്തിന് പുത്തൻ ഉണർവേകിയ മറ്റൊന്ന് പിൽക്കാലത്ത് കേരളത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അത് മധു മാസ്റ്റർ എന്ന ഒറ്റയാൾ പട്ടാളത്തിന്റെ സൃഷ്ടിയായിരുന്നില്ല. അമ്മ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുകയും അതിന് വേദിയൊരുക്കുകയും അത് കണ്ട് ഒപ്പം നിൽക്കുകയും ചെയ്ത ഒരു വലിയ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. ‘രണചേതന’ എന്ന ആ നാടകക്കൂട്ടായ്മയെ വാർത്തെടുത്ത് ചരിത്രത്തിലൂടെ വഴിനടത്തുന്നതിൽ മധു മാസ്റ്റർക്കൊപ്പം ഒരു നെടുന്തൂണായി നിന്ന കരുത്തുറ്റ നാടകപ്രവർത്തകനാണ് വാസു.
വാസു ‘രണചേതന’യുടെ എല്ലാമായിരുന്നു. തുടക്കം മുതലുള്ള സംഘാടകൻ, ‘അമ്മ’ നാടകത്തിന്റെ പ്രോംപ്റ്റർ, നടൻ, സ്റ്റേജ് കെട്ടുന്ന ആൾ, സ്റ്റേജ് സൂക്ഷിപ്പുകാരൻ, സ്ക്രിപ്റ്റ് സൂക്ഷിപ്പുകാരൻ, സംഗീതത്തിന്റെ കസ്റ്റോഡിയൻ എന്നുവേണ്ട മധു മാസ്റ്ററുടെ മറവികളിൽ അദ്ദേഹത്തിന്റെ ഓർമകളുടെ സൂക്ഷിപ്പുകാരനായി ഒരായുസ്സ് സമർപ്പിച്ച വിശ്വസ്തനായ സഖാവ്. ‘രണചേതന’ എന്ന നാടകപ്രസ്ഥാനത്തെ നിലനിർത്തിയതിൽ വാസു വഹിച്ച പങ്ക് അദ്വിതീയമാണ്.
കോഴിക്കോട് കരിമ്പനപ്പാലം സ്വദേശിയായ വാസു മധു മാഷിന്റെ ‘അമ്മ’യടക്കം മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് നാടകങ്ങൾ എഴുതി സംവിധാനംചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ‘സാധാരണം അസാധാരണം’ (1990), ‘അകത്തളം’ (1990), ‘ഉപനയനം’ (1991) എന്നിവയാണ് രചനയും സംവിധാനവും നിർവഹിച്ച നാടകങ്ങൾ. പല നാടകങ്ങൾക്കും പാട്ടുകൾ എഴുതിയിട്ടുമുണ്ട്.
മധു മാഷിന്റെ എഴുപതാം പിറന്നാളിനോടും ‘അമ്മ’ നാടകത്തിന്റെ നാൽപതാം വാർഷികത്തോടുമനുബന്ധിച്ച് ‘അമ്മ’ ഒരു പുതിയ പതിപ്പ് ഇറക്കാൻ ആലോചിച്ചപ്പോൾ നാൽപത് വർഷമായി ആ നാടകത്തിന്റെ ൈകയെഴുത്തു പ്രതി വാസു കാത്തുസൂക്ഷിച്ചതുകൊണ്ട് മാത്രമാണ് അത് സാധ്യമായത്. ആ കാലത്തിന്റെ നാടക നോട്ടീസുകളും പത്രവാർത്തകളും ‘അമ്മ’ നാടകത്തിന്റെ സംഗീതരേഖകളും എല്ലാം ഇന്നും നഷ്ടമാകാതെ ഒരു ആർക്കെവിസ്റ്റിന്റെ ഉത്തരവാദിത്തബോധത്തോടെ വാസു കാത്തുസൂക്ഷിക്കുന്നു. പുരന്ദരദാസ് ‘അമ്മ’ നാടകത്തിനായി സംഗീതം പകർന്ന കമ്യൂണിസ്റ്റ് ഇന്റർനാഷനൽ സോങ് അടക്കം അതിലുണ്ട്. പ്രാദേശിക ചരിത്രത്തിന്റെ സ്വയം നിർമിത ആർക്കെവിസ്റ്റ് എന്ന് നിസ്സംശയം വിളിക്കാവുന്ന ഒരു പ്രതിഭയാണ് വാസു. വലിയൊരു കാലത്തിന്റെ ഓർമകൾ ആ കൈകളിൽ ഭദ്രമാണ്.
ഒരു കമ്യൂണിസ്റ്റുകാരനായി ജീവിതം തുടങ്ങിയ വാസു വിട്ടുവീഴ്ചയില്ലാത്ത കമ്യൂണിസ്റ്റുകാരനായി തന്നെ ജീവിതം തുടരുന്നു. കോഴിക്കോട് കരിമ്പനപ്പാലത്തിനടുത്ത് സ്വന്തം വീടിനോട് ചേർന്ന് വാസുവും കുടുംബവും നടത്തുന്ന ‘ആപ് കാ മെസ്സ്’ എന്ന നാടൻ ഉച്ചഭക്ഷണശാല കോഴിക്കോടൻ നാടകചരിത്രത്തിന്റെ അപൂർവ ദൃശ്യങ്ങൾ ചുമരിൽ പതിപ്പിച്ച ഒരു മ്യൂസിയം കൂടിയാണ്.
എഴുപതുകളിലെയും എൺപതുകളിലെയും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും ആ കാലത്തെ നാടകം ഓർക്കുന്നവരും മാത്രമേ ഒരുപക്ഷേ നാടകപ്രവർത്തകനായ വാസുവിനെ അറിയുന്നുണ്ടാകൂ. എന്നാൽ, പുതിയ തലമുറയിലെ നാടകപ്രവർത്തകരും സമൂഹവും ഇങ്ങനെയൊരാൾ ഇവിടെ ചരിത്രത്തിന് വളമായി ജീവിച്ചിരിപ്പുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
മധു മാസ്റ്ററുടെ ഓർമക്കായി കോഴിക്കോടൻ നാടകവേദിക്ക് സമഗ്ര സംഭാവന നൽകിയ ഒരു വ്യക്തിയെ കണ്ടെത്താനുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മധു മാസ്റ്റർ അനുസ്മരണ പുരസ്കാരത്തിനുള്ള ജൂറിയിൽ പ്രവർത്തിക്കാനിടവന്നപ്പോഴാണ് ഓർമ വാസുവിലേക്ക് പോയത്. പ്രഥമ മധു മാസ്റ്റർ പുരസ്കാരത്തിന് വാസുവിന്റെ പേര് മാത്രമേ ജൂറിക്ക് മുമ്പാകെ വന്നുള്ളൂ. നാടകവേദിക്കായി സ്വയം സമർപ്പിച്ച് അദൃശ്യനായി ജീവിക്കുന്ന വാസുവിന്റെ ജീവിതം ആത്മത്യാഗത്തിന്റെ പാതയിലുള്ള ഒരു വലിയ പോരാട്ടമായിരുന്നു എന്ന തിരിച്ചറിവാണ് ഈ പുരസ്കാരം വാസുവിന് നൽകുമ്പോൾ മധു മാസ്റ്റർ അനുസ്മരണ സമിതിക്കുമുള്ളത്. മധു മാസ്റ്ററുടെ പേരിനോട് അത് നീതിപുലർത്തുകയും ചെയ്യുന്നുണ്ട് എന്ന് ജൂറി കരുതുന്നു. പി.എൻ. ഗോപീകൃഷ്ണൻ, കബനി, ഡോ. കെ.എൻ. അജോയ്കുമാർ എന്നിവരാണ് ജൂറിയിൽ ഒപ്പമുണ്ടായിരുന്നത്. ഈ വരുന്ന ജൂലൈ 21ന് കോഴിക്കോട് ടൗൺഹാളിൽ കവി കെ.ജി. ശങ്കരപ്പിള്ള പുരസ്കാരം വാസുവിന് സമ്മാനിക്കുമ്പോൾ ആദരിക്കപ്പെടുന്നത് ഒരു നാടക കാലംതന്നെയാണ്.
രജനിയാണ് വാസുവിന്റെ ജീവിതപങ്കാളി. രണ്ടു പെൺമക്കൾ. മൂത്തവൾ സ്വര വി. ദേവ്, ദുൈബയിൽ ഫിസിയോതെറപ്പിസ്റ്റാണ്, ഭ൪ത്താവ് നിഖീഷ് അബൂദബിയിൽ എയ൪കണ്ടീഷനിങ് ടെക്നിക്കൽ കൺസൽട്ടന്റാണ്. രണ്ടാമത്തവൾ സ്നിഗ്ധ വി. ദേവ് എം.എസ് സി കഴിഞ്ഞ് ബി.എഡ് ചെയ്യുന്നു. വിവാഹനിശ്ചയം കഴിഞ്ഞു. വാബി൯ ആണ് വരൻ, കോഴിക്കോട്ട് അക്കൗണ്ടന്റ്.
മധു മാസ്റ്റർ ബാക്കിെവച്ച ഓ൪മകളെ കൂട്ടുപിടിച്ച് ‘ആൾമറയില്ലാത്ത കിണറുകൾ’ എന്ന ശീ൪ഷകത്തിൽ സ്വന്തം അനുഭവ കുറിപ്പുകൾ എഴുതാനുള്ള ശ്രമത്തിലാണ് വാസു ഇപ്പോൾ. കാലത്തിന്റെ ചരിത്രരേഖയായിരിക്കും അതെന്ന ഉറപ്പിന് അടിസ്ഥാനം നീണ്ട അദൃശ്യതയിൽ കുലുങ്ങിപ്പോകാത്ത ആ ജീവിതംതന്നെ.
(തുടരും)