അരിയാഹാരം കേരളീയരുടെ മുഖ്യഭക്ഷണമായിരുന്നോ? കേരളീയ ഭക്ഷണം എന്നൊന്നുണ്ടോ? -പഠനം
മലയാളിയുടെ ഭക്ഷണസംസ്കാരം നിശിതമായ വിമർശനത്തിന് വിധേയമാകേണ്ടതുണ്ട്. വരേണ്യത, ജാതി, കീഴാള അവമതി എന്നിവ പലതരത്തിൽ ഇടകലർന്ന ഭക്ഷണസങ്കൽപം എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് പരിശോധിക്കുന്ന ലേഖകൻ ''നമ്മുടെ രുചിഭാവനയുടെ ജനിതകഘടനയില്തന്നെ അഴിച്ചുപണി ആവശ്യമാണ്'' എന്ന് വാദിക്കുന്നു.
ഭക്ഷണം ഒരു സാംസ്കാരിക രൂപകമാണ്. അനന്തമായ ചേരുവകളാല്‍ 'വിശപ്പില്‍'നിന്ന് വിമോചിപ്പിക്കപ്പെട്ട വിഭവസമൃദ്ധിയുടെ 'പാഠ'ശേഖരങ്ങളില്‍ വിതക്കുന്നതും വിളയുന്നതും കൊയ്യുന്നതും വിളമ്പുന്നതും ആരുടെ രുചികളാണ്? ആരുടെ അഭിരുചികളാണ്? ഒരു വ്യക്തിയുടെ ഭക്ഷണത്തിെൻറ തിരഞ്ഞെടുപ്പില്‍ വിശപ്പിനേക്കാള്‍ ജാതി, വര്‍ഗ, വർണ, സമുദായ, ദേശ, വംശാഭിരുചികള് ലീനമായിരിക്കും. ''നായ കടലില്‍ചെന്നാലും നക്കിയേ കുടിക്കൂ'' എന്നത് വിശപ്പിലെ വംശീയതകൂടിയാണ്. ''ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം'' എന്ന വിരുദ്ധോക്തിയില്‍ ഊറിച്ചിരിക്കുന്നത് സമൃദ്ധിയുടെ ജാതിനിലയാണ്. ''വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്ന''വര് ഭൂതകാലസമ്പന്നതയുടെ പാരമ്പര്യത്തെ വര്‍ത്തമാനകാലത്തില്‍ വിതച്ചുകൊണ്ടേയിരിക്കുന്നു. അപ്പോഴും ''കോരന് കഞ്ഞി കുമ്പിളില്‍തന്നെ'' എന്നതില്‍ വിളമ്പലിെൻറയും വിതരണത്തിെൻറയും വിനിയോഗത്തിെൻറയും ദീനചരിത്രമുണ്ട്: വിശപ്പിെൻറ സാമൂഹിക-രാഷ്ട്രീയ ചരിത്രം.
ഞങ്ങള്‍ ''അരിയാഹാരം കഴിക്കുന്നവരാണ്''എന്നത് വര്‍ത്തമാനകാലത്ത് ആവര്ത്തിച്ചുകേള്ക്കുന്ന സ്വാഭിമാന പ്രസ്താവനയാണ്. ഉയര്‍ന്ന സാമാന്യബോധത്തിെൻറ, ബൗദ്ധികനിലയുടെ, കാര്യക്ഷമതയുടെ സ്വയംസാക്ഷ്യം. ഭക്ഷണശീലത്തെ മുന്‍നിര്‍ത്തിയുള്ള ഈ ആത്മപ്രശംസ വരേണ്യവും സുഭിക്ഷവുമായ ഒരു ഭൂതകാലത്തെ സങ്കൽപിക്കുന്നു. അരിഭക്ഷണശീലത്തിലൂടെ വളര്‍ന്നുവന്ന വ്യക്തിയാകയാല്‍ 'ഞാന്‍' എന്ന ചരിത്രപ്പെടലിലൂടെ, ഭക്ഷണശീലത്തിലൂടെ ഒരു സമൂഹം ആര്‍ജിച്ച ബൗദ്ധിക നിലയില്‍ വ്യക്തി കണ്ണിചേര്‍ക്കപ്പെടുന്നു. പ്രാചീനതയുടെ അറ്റമേറുംതോറും പാരമ്പര്യത്തിെൻറ അഭിമാനപരത ഉയരും. പാരമ്പര്യമുള്ള ഒരു സമൂഹമായി തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കാന് സമൂഹമനസ്സ് നടത്തുന്ന സ്വപ്നാടനമാണിത്. പ്രാചീനതയിലേക്ക് നീട്ടിയെടുത്ത ഭൂതകാലത്തിെൻറ അതിര് കണ്ടെത്തുക ശ്രമകരമാണ്. പ്രാചീനതയേറുംതോറും പ്രഫുല്ലമാകുന്ന പാരമ്പര്യത്തിെൻറ അജ്ഞാത ചേരുവകളാല്‍ ഭക്ഷണചരിത്രം അടിക്കടി സമൃദ്ധമായിക്കൊണ്ടിരിക്കും. പല കാലങ്ങളിലായി കൊരുത്തുചേര്ത്ത വിശ്വാസത്തിെൻറയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ശീലങ്ങളുടെയും രുചികളുടെയും അഭിരുചികളുടെയും പരമ്പരയാണത്. അങ്ങനെ ഭക്ഷണമെന്നത് വിശപ്പിെൻറ ചരിത്രമല്ലാതാവുകയും മൂന്നു നേരം വെച്ചുണ്ണാനുണ്ടായിരുന്ന വരേണ്യരുടെ വംശചേതനയുടെ സമൃദ്ധ ഭൂതകാലത്തെക്കുറിച്ചുള്ള അഭിരതികളായിത്തീരുകയും ചെയ്യുന്നു. ''അരിയാഹാരം കഴിക്കുന്നവന്'' എന്ന ആത്മാഭിമാനത്തില്‍ വംശീയഭൂതകാലത്തിെൻറ ആത്മരതികൂടി പ്രകാശിതമാകുന്നുണ്ട്.
അരിയാഹാരം കേരളീയരുടെ മുഖ്യഭക്ഷണമായിരുന്നോ? കേരളീയ ഭക്ഷണം എന്നൊന്നുണ്ടോ? കേരളത്തില്‍ മാത്രമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നാട്യരൂപങ്ങളും നാടന്‍കലകളും വള്ളംകളിയും കഥകളിയും ഇരുപ്പുഴുക്കിെൻറ പഴയരിച്ചോറും ഇലസദ്യയും പുളിയിലക്കരമുണ്ടും കസവുവേഷ്ടിയും നാലുംകൂട്ടിയുള്ള മുറുക്കലുമൊക്കെയാണ് കേരളീയതയായി അവതരിപ്പിക്കാറുള്ളത്. കെട്ടുവള്ളവും കയറ്റുപായും കള്ളും കരിമീന്‍ കറിയും കേരളീയതയുടെ അടയാളങ്ങളായി വിനോദസഞ്ചാരകാലത്ത് പ്രചാരം നേടിയിട്ടുണ്ട്. കേരളത്തില്‍ നെല്‍കൃഷി ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാന ഭക്ഷണം അരിയായിരുന്നില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നമ്പൂതിരി, അമ്പലവാസികള്‍, നായര്‍ തുടങ്ങിയവര്‍ക്കിടയിലായിരുന്നു അരിഭക്ഷണം പതിവായിരുന്നത്. പത്തൊമ്പതാം ശതകത്തിെൻറ അന്ത്യംവരെ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ രണ്ടു നേരത്തെ ഭക്ഷണം മാത്രമായിരുന്നു പതിവ്. സാമ്പത്തികമായി പിന്നാക്കംനിന്ന നായന്മാര്ക്കും അവര്‍ണ ജാതിക്കാര്‍ക്കും ചോറ് അപൂര്‍വ ഭക്ഷണമായിരുന്നുവെന്ന് ചരിത്രകാരന്മാര് പറയുന്നു. ചാമ, തെന, മുതിര, പയര്‍ തുടങ്ങിയ ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളുമായിരുന്നു സാധാരണ ജനങ്ങളുടെ ഭക്ഷണം.
ഓണമുണ്ട കേരളം
ഊട്ടുകളും ഊട്ടുപുരകളും ബ്രാഹ്മണര്‍ക്ക് വിരുന്നുനല്കുന്നതുമായി ബന്ധപ്പെട്ടാണ് വികസിച്ചുവന്നത്. ഇന്നത്തെ ഓണസദ്യയുടെ വിഭവങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണരില്‍നിന്നും കടംകൊണ്ടതാണ്. ''വാസ്തവത്തില്‍ അടുത്തകാലംവരെ സമൂഹത്തിെൻറ താഴേത്തട്ടുകളില്‍ ഓണം ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഭൂ ഉടമയുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്ന് എച്ചിലെടുക്കാതെ സ്വന്തമായി സദ്യവെച്ചുണ്ടിരുന്നില്ല. കാണം വിറ്റും ഓണമുണ്ണണം എന്ന ചൊല്ലൊക്കെ ശരി. സത്യത്തില്‍ കാണക്കാര്‍ക്കും ഏതെങ്കിലും പടിക്കല്‍ സര്വാണികൂടാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അന്തരാള ജാതിക്കാര്‍ അമ്പലങ്ങളില്‍ ഊട്ടിെൻറ ബാക്കികൊണ്ട് തൃപ്തിപ്പെട്ടു. സാധാരണ നായന്മാര് ഇല്ലങ്ങളിലെ ബാക്കികൊണ്ടും'' (രാജൻ ഗുരുക്കള്‍ -2009).
ഓണത്തിന് മീന്‍ വിളമ്പുന്ന രീതി മധ്യകേരളത്തിലെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലുണ്ട്. കോട്ടയം ജില്ലയിലെ ഒരു നാടന്പാട്ടിെൻറ ഉള്ളടക്കംതന്നെ ഓണക്കാലത്ത് പെയ്യുന്ന അതിശക്തമായ മഴയില്‍ പാടത്തേക്കും തോട്ടിലേക്കും പുഴയില്‍നിന്നും വെള്ളം കയറുന്നതും അതിലൂടെ കൂരി തള്ളിക്കയറിവരുന്നതും കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ കൂട്ടത്തോടെ മീന്പിടിക്കുന്നതുമാണ്. ''കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരിയോണം വന്നല്ലോ കുഞ്ഞാഞ്ഞേ... കൂരിക്കറി, കൂരിക്കറി തിരിയോണത്തിന് കൂരിക്കറി...'' ആ ഓണം അവര്‍ ഉത്സവമാക്കിമാറ്റുന്നത് കൂരിക്കറി പാകംചെയ്തുകൊണ്ടാണ്. ഈ കൂരിക്കറി, അഥവാ മത്സ്യ മാംസാദികള്‍ നമ്മുടെ ഭക്ഷണ സാംസ്കാരിക ചരിത്രത്തിന് പുറത്താവുകയാണുണ്ടായത്. ആ സ്ഥാനത്താണ് സസ്യാഹാരം/സദ്യ കേരളത്തിെൻറ പൊതുഭക്ഷണമായിമാറിയത്.
കേരളത്തിലെ ബ്രാഹ്മണാധിപത്യത്തിെൻറ തുടര്‍ച്ചയാണ് ഈ സസ്യാഹാര സംസ്കാരം വിപുലപ്പെടുന്നത്. കേരളത്തിലെ മറ്റൊരു പ്രബല ജാതിവിഭാഗമായിരുന്ന നായര്‍ വിഭാഗത്തിലേക്ക് സസ്യാഹാര സംസ്കാരം കടന്നുവരുന്നു. ബ്രാഹ്മണരുമായുണ്ടായിരുന്ന സാമ്പത്തികവും സാമൂഹികവും ശാരീരികവുമായ ബന്ധവും അത് മുന്നോട്ടുവെക്കുന്ന സാമൂഹികമായ ഉന്നത പദവിയും സാമ്പത്തിക നേട്ടവും ചില നായര്തറവാടുകളെ സസ്യാഹാരികളാക്കി മാറ്റിയിരിക്കാം. ബ്രാഹ്മണരെ അതിഥികളായോ സംബന്ധത്തിനായോ സ്വീകരിച്ചിരുന്ന നായര്‍ വീടുകള്‍ക്ക് അവരുടെ അഭിരുചികളെക്കൂടി ഉള്‍ക്കൊള്ളേണ്ടിവന്നു. രാത്രിയില്‍ അത്താഴത്തിന് ശേഷം മാത്രം പുറപ്പെട്ടെത്തുകയും അതീവ രാവിലെ ജലപാനത്തിന് മുമ്പ് ഇല്ലത്ത് മടങ്ങിയെത്തുകയും ചെയ്തിരുന്ന നമ്പൂതിരിസംബന്ധക്കാരെൻറ ദിനചര്യയെ നിശ്ചയിച്ചത് 'തൊട്ടുകൂട്ടലിെൻറ' ജാതിനിഷ്ഠയാണ്. രാത്രിയില്‍ വന്നുപോകുന്ന സംബന്ധക്കാരന്/ ഭര്‍ത്താവ്/അച്ഛന് എന്ന അവസ്ഥയെ പകല്വെളിച്ചത്തിെൻറ സാമൂഹിക പദവികളിലേക്ക് നീട്ടിയെടുക്കുന്നതിെൻറ ഭാഗമായി ചില നായര്‍ തറവാടുകള്‍ സസ്യാഹാരികളായിത്തീര്‍ന്നു. 1887ൽ പ്രകാശിതമായ വില്യം ലോഗെൻറ മലബാര്‍ മാന്വലില്‍ നായര്‍ വീടുകളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഭക്ഷണശീലത്തിെൻറ ഗതിമാറ്റത്തെക്കുറിച്ച് സൂചനകളുണ്ട്. ''ശേഷിയും കഴിവുമുള്ള എല്ലാ വീടുകളുടെയും പറമ്പില്‍ കുടുംബദേവതയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു അമ്പലമുണ്ടാകും. വീടിനോടനുബന്ധിച്ച് ബ്രാഹ്മണാതിഥികള്ക്ക് താമസിക്കാന്‍ പ്രത്യേകമായ ഒരു വസതി (മഠം) വീടുകളുടെ ഭാഗമായി കാണാം'' (വില്യം ലോഗന്- 2012: 80).
കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ എന്നപോലെ വലിയൊരു വിഭാഗം ഭൂമി ക്ഷേത്രങ്ങളുടെ വകയായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം, ശുചീന്ദ്രം, തിരുവട്ടാര്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ വന്‍കിട ജന്മികളായിരുന്നു. ദേവസ്വംവക സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിന് ഊരാളരായ യോഗക്കാരുടെ കീഴില്‍ മാനുഷ്യം എന്ന് പൊതുവെ അറിയെപ്പട്ട ക്ഷേത്രസേവകര്‍ പ്രവര്‍ത്തിച്ചിരുന്നു. അതുകൂടാതെയാണ് പതിനാറാം നൂറ്റാണ്ടിെൻറ ആദ്യഘട്ടത്തില്‍ ക്ഷേത്രം വക സ്വത്തില്‍നിന്നും കരംപിരിവിനും കണക്കെഴുത്തിനുമായി പിള്ളമാരെ നിയമിക്കാനാരംഭിച്ചത്. ബ്രഹ്മസ്വംവക സ്വത്തുക്കള്‍ക്കും ഇത്തരത്തിലുള്ള കണക്കപ്പിള്ളമാര്‍ ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. തിരുവിതാംകൂറിലെ പിള്ളമാരുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഘടകം ഇതായിരുന്നു. ക്ഷേത്രവുമായും ബ്രാഹ്മണ ജന്മികളുമായും ഉണ്ടായിവന്ന തൊഴില്‍ബന്ധം സാധ്യമാക്കിയ സാമൂഹിക പദവിക്കനുസൃതമായി ജീവിതചര്യയിലും ഭക്ഷണക്രമത്തിലും ശീലങ്ങളിലും നായന്മാര് മാറ്റങ്ങള്‍ വരുത്തി. ക്രമേണ മാടമ്പിമാരും ജന്മികളുമായിത്തീര്ന്ന നായര്‍ വിഭാഗം സാമൂഹിക പദവിയെ നിലനിര്‍ത്താനുള്ള സാംസ്കാരിക ഉപകരണമായി വൃത്തി, ശുദ്ധി, പച്ചക്കറി ഭക്ഷണശീലങ്ങളില്‍ ഉറയ്ക്കുകയോ, പ്രത്യേക അനുഷ്ഠാനങ്ങളുടെ ഭാഗമായ ശീലമാക്കി തീര്‍ക്കുകയോ, ഒരാചാരമാക്കി വളര്‍ത്തിയെടുക്കുകയോ ചെയ്തു.
രാജ്യത്തിനെതിരായ ആഭ്യന്തര യുദ്ധത്തെ തടയുന്നതിനും ഒരു വിഭാഗത്തെ കൂടെനിര്ത്തുന്നതിനുമായി മാര്‍ത്താണ്ഡവർമ കണ്ടെത്തിയ പ്രതിരോധ മാര്‍ഗങ്ങളില്‍ ഒന്ന് സസ്യാഹാരമായിരുന്നു. മലയാള ബ്രാഹ്മണരെ മെരുക്കി കൂടെനിര്‍ത്താന്‍ നാടുനീളെ ബ്രാഹ്മണരുടെ ഊട്ടുപുരകള്‍ സ്ഥാപിച്ചു. രാജ്യം പത്മനാഭന് സമര്‍പ്പിച്ചു. ആറ് വര്‍ഷത്തിലൊരിക്കല്‍ മുറജപം നടത്താനുള്ള ഏര്‍പ്പാട് ചെയ്തു. അമ്പത്താറ് ദിവസം ബ്രാഹ്മണരെ മൃഷ്ടാന്നം ഊട്ടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു (എസ്. രാമനാഥ് അയ്യര്‍, ഹിസ്റ്ററി ഓഫ് ട്രാവന്കോര്). അങ്ങനെ ബ്രാഹ്മണരെ ഇടനിലക്കാരാക്കിക്കൊണ്ട് രാജാവ് ദേവെൻറ പ്രതിപുരുഷനായി. ബ്രാഹ്മണ്യത്തിെൻറ സാംസ്കാരികാധിപത്യത്തിെൻറ വഴിയും ഉപകരണവുമായത് സസ്യാഹാരമായിരുന്നു.
ഭക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള അധികാരപ്രയോഗങ്ങള്‍ക്കും ഹിംസകള്‍ക്കും അതുകൊണ്ടുതന്നെ സാംസ്കാരികമായ ആഘാതശേഷി കൂടുതലായിരുന്നു. 1753ൽ ശങ്കരന് എന്ന ഒരു ഈഴവന് സ്വന്തം പശുവിെൻറ പാല് കറന്നെടുത്ത് ഉപയോഗിച്ചതിന് തിരുവിതാംകൂര്‍ ഭരണകൂടം പിഴ ഈടാക്കിയതായി രേഖകള്‍ ഉദ്ധരിച്ച് ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. മലബാറില്‍ ഒറ്റപ്പാലത്തെ ഈഴവ സമുദായത്തിൽപെട്ട ശിവരാമന് എന്നയാള്‍ കടയില്‍ ചെന്ന് 'ഉപ്പ്' ആവശ്യപ്പെട്ടു. അവിടത്തെ ജാതിയാചാരമനുസരിച്ച് ജാതിഹിന്ദുക്കള്ക്കുമാത്രമെ 'ഉപ്പ്' എന്ന വാക്ക് ഉച്ചരിക്കാന്‍ അവകാശമുള്ളൂ. ശിവരാമനെപോലുള്ള ഈഴവര്‍ 'പുളിച്ചാടാന്' എന്നാണ് പറയേണ്ടത്. ഉപരിജാതിക്കാരനായ കടയുടമക്ക് കോപം സഹിക്കാനാവാതെ ശിവരാമനെ കഠിനമായി മർദിച്ചു. മർദനമേറ്റ് ശിവരാമന് മരിച്ചു (ബോംബെ സമാചാര്‍- 1936 നവംബര്‍ 4). ഭക്ഷണത്തോടൊപ്പം ഭയവും ആഹരിക്കേണ്ടിവരുന്ന സാമൂഹികാന്തരീക്ഷനിർമിതി മതാത്മകസമൂഹത്തിെൻറ അനിവാര്യതയായിമാറി.
സസ്യഭോജനത്തിെൻറ ചരിത്രം
ബുദ്ധമതത്തിനെതിരായ ബ്രാഹ്മണയുദ്ധത്തിെൻറ സുപ്രധാന ആയുധമായിരുന്നു പച്ചക്കറി ഭക്ഷണം. ബുദ്ധെൻറ ആത്മീയവിപ്ലവത്തിലൂടെ, ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ പ്രരൂപമായ വേദിക് വിശ്വാസ ധാരകള്‍ അപ്രസക്തമായ സന്ദര്‍ഭത്തിലാണ് ശങ്കരാചാര്യര്‍ പ്രതിവിപ്ലവവുമായി രംഗത്തുവരുന്നത്. ബുദ്ധമതത്തിെൻറ ജനകീയതക്കും നൈതികസങ്കൽപത്തിനും നിദാനമായ മൂല്യങ്ങളെ അതിെൻറ തീവ്രരൂപത്തില്‍ അനുകരിച്ച് ബുദ്ധിമാര്ഗത്തെ തകര്‍ക്കുകയായിരുന്നു ശങ്കരെൻറ രീതി. അതിനായി അഹിംസാ മാർഗത്തെ സസ്യാഹാരമെന്ന രൂപകത്തിലേക്ക് തീവ്രമായി ചുരുക്കുകയും അന്നുവരെ മാംസാഹാരികളായിരുന്ന വൈദിക ജനവിഭാഗങ്ങള്‍ക്ക് സസ്യാഹാരരീതി മതനിഷ്ഠയും ജീവിതക്രമവുമായി നിർദേശിക്കുകയും ചെയ്തു. ഇത് ശങ്കരന് ചരിത്രത്തില്‍ പ്രച്ഛന്ന ബുദ്ധനായി അറിയപ്പെടുന്നതിന് കാരണങ്ങളിലൊന്നായി (അരുണ്‍ അശോകന്. 2012). ശങ്കരന് മുന്നോട്ടുെവച്ച ദാര്‍ശനിക പദ്ധതികളേക്കാള്‍ ബ്രാഹ്മണ സമുദായത്തിന് സ്വീകാര്യമായത് ഭക്ഷണത്തിലധിഷ്ഠിതമായ പ്രതിരോധ പദ്ധതിയാണ്. മിശ്രഭക്ഷണശീലത്തില്നിന്ന് സസ്യഭോജനത്തിലേക്കുള്ള ബ്രാഹ്മണരുടെ ഗതിമാറ്റത്തിന് നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. ആദ്യഘട്ടങ്ങളില്‍ സമുദായത്തിനുള്ളില്നിന്നുതന്നെ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ക്രമേണ ഭക്ഷണം ആധികാരികമായ ഒരു ആഭിജാത്യ പ്രതീകമായി പടര്‍ന്നു. അടുക്കളകളെ മാത്രമല്ല, ശരീരത്തിെൻറ ജനിതക ഘടനയെവരെ മാറ്റിപ്പണിയാന്‍ കെല്‍പ്പുള്ളതായിരുന്നു ഭക്ഷണത്തെ മുന്‍നിര്‍ത്തി ശങ്കരന് നയിച്ച സാംസ്കാരിക യുദ്ധം. അത് ബുദ്ധമതത്തിെൻറ വീഴ്ചയുടെയും ബ്രാഹ്മണാധിപത്യത്തിെൻറ അഭിരുചിനിർമാണത്തിെൻറയും ചരിത്രംകൂടിയാണ്.
കൊളോണിയലിസത്തിനെതിരായ സമരത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ പാരമ്പര്യമുയര്ത്തിപ്പിടിക്കുന്നതിന് ചില സവർണ ദേശീയവാദികളും ഓറിയൻറലിസ്റ്റുകളും വെജിറ്റേറിയനിസത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിയുടെ കടന്നുവരവോടെയാണ് വ്യവഹാരികമായി ഈ സസ്യാഹാര രീതി മറ്റൊരു ധാർമികഘടന കൈവരിക്കുന്നത്. ആധുനിക അവബോധത്തില്‍ ഉച്ചനീചത്വത്തിേൻറതായി കരുതിയ ഭക്ഷണക്രമത്തെ, അതിെൻറ ധാർമിക അടിത്തറയെ, ഗാന്ധി മറ്റൊരു ധാർമികാടിത്തറ നിർമിച്ചുകൊണ്ടാണ് വ്യാഖ്യാനിച്ചത്. അദ്ദേഹം ഇന്ത്യന്‍ ഭക്ഷണക്രമത്തിെൻറ ഉന്നതമൂല്യമായി മേല്‍ജാതിക്കാരുടെ സസ്യാഹാര രീതിയെ അവതരിപ്പിക്കുകയും ആ സസ്യാഹാരരീതിയെ അഹിംസാത്മക ജീവിതചര്യയായി വ്യാഖ്യാനിച്ചുകൊണ്ട് പുതിയൊരു ധാർമിക അടിത്തറയില്‍ അതിനെ ഉറപ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍ സസ്യാഹാരരീതിയെ അഹിംസയുടെ ഏകവചനമാക്കുകയാണ് ഗാന്ധിജി ചെയ്തത് (അരുണ്‍ അശോകന്- 2012). ശരീരത്തിെൻറ സ്വാഭാവികമായ തൃഷ്ണകളെയും അഭിരുചികളെയും അതിജീവിക്കുക എന്നതിെൻറ പരീക്ഷണശാലകൂടിയായിരുന്നു ഗാന്ധിജിയുടെ ശരീരം.
ഭക്ഷണദേശീയതയുടെ ഗാന്ധിമാര്‍ഗം
മധ്യകാല മത/ പൗരോഹിത്യത്തിെൻറയും പില്ക്കാല വംശീയ ഏകാധിപത്യത്തിെൻറയും കാലത്ത് വിലക്കുകളായിരുന്നു നിയമങ്ങള്‍. മനുഷ്യരുടെ പെരുമാറ്റവും ജീവിതവും സദാചാരവും തീരുമാനിക്കപ്പെടുന്നത് കല്ലേപ്പിളര്‍ക്കുന്ന കല്പനകളിലൂടെയാണ്. ഉത്തരവുകള്‍ അനുസരിച്ചും പാലിച്ചും വിധേയപ്പെടുന്ന ശരീരങ്ങളാണ് പ്രജകള്‍. ആ പ്രജാസഞ്ചയമാണ് സമൂഹം. ഈ സാമൂഹിക സങ്കൽപത്തിനുള്ളില് അനാസക്തിയുടെ പ്രമേയങ്ങളുണ്ട്. ക്രിസ്ത്യന്യുഗത്തില് പലതരം പ്രമാണങ്ങളായി അത് വിപുലമാകുന്നു. ത്യജിക്കലിെൻറയും നിരോധനത്തിെൻറയും വിലക്കുകളുടെയും അദൃശ്യവും ശക്തവുമായ പ്രമാണങ്ങളാണ് 'നിയമ'ങ്ങളായി പ്രവര്‍ത്തിച്ചത്. ലൈംഗിക നിയന്ത്രണങ്ങള്‍ക്ക് ഇവിടെ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് നിങ്ങള്‍ നിങ്ങളാകുന്നത് എന്ന് അനുശാസിക്കുന്ന പൗരോഹിത്യശാസനം പിന്തുടരുന്നവരായി സമൂഹം മാറുന്നു. മറിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കപ്പെടുന്നു. അത് കലയിലും സാഹിത്യത്തിലും ഭക്ഷണത്തിലും നിത്യജീവിതത്തിലും സംഭവിക്കാം.
ശങ്കരാചാര്യരുടെ ബ്രാഹ്മണിക ശിക്ഷണവും മധ്യകാല മതപൗരോഹിത്യത്തിെൻറ ശാസനങ്ങളും ഗാന്ധിജിയുടെ ശരീരബോധ്യങ്ങളുടെ രാഷ്ട്രീയത്തെ നിർണയിച്ചു. ശങ്കരന് ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ അടിസ്ഥാനത്തിനും ബുദ്ധിസത്തിെൻറ നിർമൂലനത്തിനും വേണ്ടി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയ അഹിംസാമാർഗമായി സസ്യാഹാരരീതിയെ വ്യാഖ്യാനിച്ചു നടപ്പില്‍ വരുത്തിയ പദ്ധതിയെയാണ് ഗാന്ധി ദേശീയപ്രസ്ഥാനത്തിെൻറ ഘട്ടത്തില്‍ അദ്ദേഹത്തിെൻറ പുതിയ വ്യാഖ്യാനത്തിലൂടെ തിരിച്ചുകൊണ്ടുവരുന്നത്. അതായത് അഹിംസാമാർഗത്തെ സസ്യാഹാരക്രമത്തിലേക്ക് ചുരുക്കിയെടുത്ത ഗാന്ധിയന്‍ വ്യാഖ്യാന പദ്ധതിക്ക് ബുദ്ധധർമത്തോടല്ല ബ്രാഹ്മണ പ്രതിവിപ്ലവത്തിെൻറ ചിന്തകനായ ശങ്കരനോടാണ് കടപ്പാട് (അരുണ്‍ അശോകന്- 2012). ക്രമേണ 'ശുദ്ധമായ' പൊതുഭക്ഷണമായി സസ്യാഹാരം മാറി. ജാതിക്കെതിരായ സമരത്തിെൻറ ഭാഗമായ മിശ്രഭോജനപ്രസ്ഥാനത്തിലും പന്തിഭോജനത്തിലും വിളമ്പിയത് സസ്യാഹാരമായിരുന്നു. അതില്‍ ഗാന്ധിയന്‍ ദേശീയതയുടെ അഭിരുചികള്‍ കലര്‍ന്നിരുന്നു. അതാകട്ടെ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിെൻറ കലവറയില്‍ പാകംചെയ്തതായിരുന്നു.
മിശ്രഭോജന പന്തികള്
1840കള്‍ മുതല്‍ വൈകുണ്ഠ സ്വാമികള്‍ ആരംഭിച്ച തുവൈയല്‍ പന്തിയാണ് തിരുവിതാംകൂറിലെ ആദ്യ സമൂഹസദ്യ. പ്രധാനമായും ശുചിത്വം, ലളിതമായ സസ്യാഹാരം എന്നിവ ശീലിക്കുന്നതിനുവേണ്ടി തുടങ്ങിയ ഒന്നുമാത്രമായിരുന്നു 'തുവൈയല്‍ പന്തി' എന്ന് സാമൂഹികശാസ്ത്രജ്ഞനായ എം.എസ്.എസ്. പാണ്ഡ്യന് അഭിപ്രായപ്പെടുന്നുണ്ട്. 1888നോടടുപ്പിച്ച് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ഒരു വാവൂട്ട് യോഗം സംഘടിപ്പിച്ചു. അതിെൻറ പ്രധാന ഉദ്ദേശ്യംതന്നെ ഭക്ഷണ നവീകരണമായിരുന്നു. ഈഴവരെ സദ്യയുണ്ണാന്‍ പഠിപ്പിച്ചത് എസ്.എൻ.ഡി.പി യോഗമായിരുന്നു എന്ന് ചരിത്രകാരനായ ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നു. കേരളീയര്‍ക്കിടയില്‍ അരിയാഹാരം ജനകീയമാക്കിയതും ജാതിവിരുദ്ധപ്രസ്ഥാനങ്ങളാണ്.
'അശുദ്ധി' മനുഷ്യക്കടത്തിന് ഉപാധിയായി പത്തൊമ്പതാം നൂറ്റാണ്ടിലെ തദ്ദേശീയ ജനത ഉപയോഗിച്ചിരുന്നു. അശുദ്ധിയിലൂടെ ജാതിയില്‍നിന്നു പുറത്താക്കുകയും അടിമകളാക്കി വില്‍ക്കുകയും ചെയ്യുന്ന രീതി. അശുദ്ധികളില്‍ പരിഹാരമില്ലാത്തത് ഭക്ഷണശുദ്ധിയായിരുന്നതിനാല് നായര്‍, ഈഴവര്‍ തുടങ്ങിയ ജാതിയില്‍നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി പുലയര്‍ക്കും പറയര്ക്കുമൊപ്പം ഭക്ഷണം കഴിപ്പിച്ച് ജാതിയില്‍നിന്നു പുറത്താക്കി അടിമകളാക്കി കച്ചവടം നടത്തിയിരുന്നു (വിനില്‍ പോള്‍- 2019: 6-12). തിയ്യ ജാതിയില്‍പ്പെട്ട രണ്ട് അയ്യപ്പന്മാര്, കാളി, നായര്‍ ജാതിയില്‍പ്പെട്ട കണ്ണന് തുടങ്ങിയവരെ പുലയ ജാതിക്കാരോടൊപ്പം ഭക്ഷണം കഴിപ്പിച്ച് പുലയരാക്കി എന്നും അവര്‍ക്ക് പിന്നീട് വീട്ടില്‍ പ്രവേശിക്കാനോ ജാതിയില്‍ പ്രവേശിക്കാനോ സാധിക്കില്ല എന്നും രേഖകളില്‍ കാണുന്നു. മലബാറിലും തിരുവനന്തപുരത്തും ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ബ്രാഹ്മണര്‍ക്ക് പ്രത്യേകം അടുക്കളയും ഭക്ഷണവും നല്‍കിയിരുന്നതായി മിഷനറി രേഖകളില്‍ കാണാം.
1854ൽ ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ മുണ്ടക്കയത്തുെവച്ച് പുതുവത്സര ആഘോഷത്തിെൻറ ഭാഗമായി മിഷനറി സംഘത്തിലെ പുലയര്‍, ഈഴവര്‍, പറയര്, നായര്‍ മലയരയര്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ സമൂഹ സദ്യയാണ് ആദ്യത്തെ പന്തിഭോജനം (മിഷനറി രേഖകൾ-PCMS 1855). കൃഷിഭൂമിയില്‍ പണിയെടുക്കുന്ന ചര്‍ച്ച് മിഷനില്‍ ചേര്‍ന്ന തൊണ്ണൂറ്റി രണ്ട് പുലയരെ ഉള്‍പ്പെടുത്തിയാണ് ഈ സമൂഹസദ്യ നടത്തിയത്. തൊട്ടടുത്ത വര്‍ഷം മേലുകാവിലും സമൂഹസദ്യ നടത്തിയതിെൻറ രേഖകള്‍ ലഭ്യമാണ്. ക്രിസ്തുമതം സ്വീകരിച്ച പുലയരിലെയും പറയരിലെയും ജാതിവിവേചനവും തീണ്ടലും അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി 1860ല്‍ മല്ലപ്പള്ളിയില്‍ ഇവരെ ഒരുമിച്ചിരുത്തി ജോർജ് മാത്തന് അച്ചൻ സദ്യനടത്തി. ഈ നീക്കങ്ങള്‍ ക്രിസ്ത്യാനികള്‍ക്കിടയിലെ ജാതിവിവേചനം അവസാനിപ്പിച്ചു എന്ന് കരുതേണ്ടതില്ല. ദലിത് ക്രിസ്ത്യാനികള്‍ക്ക് അപ്പവും വീഞ്ഞും നൽകി കുര്‍ബാനയില്‍ പങ്കെടുപ്പിക്കുന്നതിനെ സുറിയാനി-ഈഴവ ക്രിസ്ത്യാനികള്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും ദലിത് ക്രിസ്ത്യാനികള്‍ക്ക് കുര്‍ബാന നല്‍കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ അപ്പം എറിഞ്ഞുകൊടുത്തിരുന്നതായും വീഞ്ഞ് കുഴിയുള്ള സ്പൂണ്‍ ഉപയോഗിച്ചാണ് നല്‍കിയിരുന്നതെന്നും മിഷനറി രേഖകള്‍ തന്നെ പറയുന്നു.
സമൂഹസദ്യ-അഥവാ പന്തിഭോജനം ജാതിക്കെതിരായ സമരമായി കാണാമെങ്കിലും ഭക്ഷണം/വിഭവങ്ങളെ കൈകാര്യം ചെയ്തരീതി സവിശേഷമായി പരിഗണിക്കണം. സമൂഹസദ്യകളും പന്തിഭോജനങ്ങളും പലപ്പോഴും ഇതരസമൂഹങ്ങളുടെ ആഹാരശീലങ്ങളെ പുറത്തുനിര്‍ത്തി. പൊതുഭക്ഷണം എന്നപേരില്‍ വിളമ്പിയത് സസ്യാഹാരമായിരുന്നു. അതിലൂടെ വരേണ്യ അഭിരുചിയും സൂക്ഷ്മമായി വിതരണം ചെയ്യപ്പെട്ടു. അംബേദ്കര്‍ മഹാരാഷ്ട്രക്കകത്തും പുറത്തും തീവണ്ടിയിലും മറ്റും സഞ്ചരിച്ച് മഹറുകളും മാംഗുകളുമടങ്ങുന്ന വ്യത്യസ്ത അസ്പൃശ്യ സമുദായങ്ങളോട് ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചും അവരോടൊത്ത് വേവിച്ച ഇറച്ചി ഒരേ പാത്രത്തില്‍ പങ്കിട്ട് കഴിച്ചതിനെക്കുറിച്ചും വസന്ത് മൂണ്‍ എഴുതിയ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ എന്ന ജീവചരിത്ര പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ''പുരാതന-മധ്യകാല ഇന്ത്യയിലെ ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ നയിച്ച കീഴാള സന്ന്യാസികളും നേതൃത്വങ്ങളും ആധുനിക ഇന്ത്യയിലെ ഫൂലേ മുതല്‍ അംബേദ്കര്‍ വരെയുള്ള മഹാന്മാരും ജാതിവ്യവസ്ഥയെ നിർമൂലനം ചെയ്യാനുള്ള പ്രധാന ഉപാധികളായി മുന്നോട്ടുെവച്ചത് മിശ്രവിവാഹവും മിശ്രഭോജനവുമായിരുന്നു. എന്നാല്‍ കേവലമായ അർഥത്തില്‍തന്നെ ആചരിക്കപ്പെട്ടു എന്നതിനാല്‍ ഇവ രണ്ടും ജാതിയുടെ മൂല്യവ്യവസ്ഥയെ അപനിർമിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്'' (സിമി കോറോട്ട്- 2001).
ഒരിക്കല്‍ നിഷേധിക്കപ്പെട്ട ഭക്ഷണത്തിന് മുന്നില്‍ താഴെത്തട്ടിലുള്ള മനുഷ്യരെ ഒപ്പമിരുത്താനുള്ള ശ്രമങ്ങളില്‍ സാമൂഹികമാറ്റത്തിനുള്ള തീവ്രമായ അഭിലാഷങ്ങളുണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. പലപ്പോഴും അവിടെ വിളമ്പിയത് ഹിന്ദു വെജിറ്റേറിയന്‍ ഭക്ഷണവും ഭക്ഷണശീലങ്ങളുമാണ്. ഇവിടെ കീഴാളഭക്ഷണ വിഭവങ്ങളോ ഭക്ഷണശീലങ്ങളോ പങ്കുവെക്കപ്പെട്ടില്ല. മാത്രവുമല്ല കീഴാള/ദലിത് നിർവാഹക കര്‍തൃത്വത്തെ പാടെ അവഗണിച്ചുകൊണ്ട് സവർണര്‍ പാകംചെയ്ത സവർണ ഭക്ഷണം വിളമ്പുകയോ കഴിക്കുകയോ ചെയ്യുക എന്ന പ്രക്രിയകള്‍ക്കു വിധേയരാവുക എന്നതിലാണ് കീഴാള/ദലിത് ശരീരങ്ങള്‍ ഉപയോഗിക്കപ്പെട്ടത്. രൂക്ഷമായ ജാതിവ്യവസ്ഥിതി നടമാടിയിരുന്ന ആ കാലഘട്ടത്തില്‍ ഇതുതന്നെ വലിയ ഒരു സാഹസിക പ്രവൃത്തി ആയിരുന്നുവെങ്കിലും ജാതീയമായ ഹിന്ദു സവർണ മൂല്യങ്ങള്‍ പാകംചെയ്ത ഒരു 'പൊതു ഭക്ഷണ സംസ്കാര'മാണ് മിശ്രഭോജനത്തിലൂടെയും ആഘോഷിക്കപ്പെട്ടത്. മാത്രവുമല്ല കീഴാള/ദലിത് ഭക്ഷണ വിഭവങ്ങളും ഭക്ഷണശീലങ്ങളും പ്രതിനിധാനംചെയ്യുന്ന ഒരു 'മിശ്രഭക്ഷണ' വ്യവഹാരത്തെ നിർമിക്കാന്‍ മിശ്രഭോജന പ്രസ്ഥാനത്തിന് കഴിയാതെപോയി. ഫലത്തില്‍ മിശ്രഭോജനവും മിശ്രവിവാഹവുംകൊണ്ട് ശരീരപരമായ അകലങ്ങള്‍ കുറയുകയും മൂല്യപരമായ അകലങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുകയുമാണുണ്ടായത്. അടുത്തിരിക്കേണ്ടിവരുന്ന ആധുനികതയുടെ നിർബന്ധംകൂടി ഈ അവസ്ഥക്ക് കാരണമായിട്ടുണ്ട്. ചുരുക്കത്തില്‍ ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹ സദ്യകള്‍, ഹോട്ടലുകള്‍, റസ്റ്റാറൻറുകള്‍, ഹോസ്റ്റല്‍ മെസുകള്‍, തൊഴില്‍ കാൻറീനുകള്‍ മുതലാളിത്ത 'പൊതു' തീന്മേശകളിലും ഏറക്കുറെ ഗാര്‍ഹിക തീന്മേശകളിലും ഇടംപിടിച്ചിരിക്കുന്ന വിശിഷ്ട വിഭവങ്ങള്‍, ഹൈന്ദവമോ വരേണ്യമോ ഉയര്‍ന്ന സാമൂഹികപദവിയുടേതോ ആയ ജാതിശ്രേണീ മൂല്യങ്ങള്‍ വഹിക്കുന്നതുകൊണ്ടാണ് പൊതുവും വിശിഷ്ടവുമായിത്തീരുന്നത്. അതുകൊണ്ടുതന്നെയാണ് അവ ഭക്ഷണത്തിെൻറ ഉച്ചസംസ്കാര (high culture)മാവുന്നതും. ഇവിടെ ദലിതരുടെയും മറ്റു കീഴാള വിഭാഗങ്ങളുടെയുമൊക്കെ ഭക്ഷണവിഭവങ്ങളും ഭക്ഷണശീലങ്ങളും അവരുടെ സാമൂഹികപദവിപോലെത്തന്നെ നിന്ദ്യവും ഹീനവും ജുഗുപ്സാവഹവും ആയിത്തീരുന്നത് യാദൃച്ഛികമല്ല (ഹനു ജി. ദാസ്- 2012).
അസ്പൃശ്യര്‍ മുമ്പ് ബുദ്ധമതാനുയായികളായിരുന്നുവെന്നും ബുദ്ധമതത്തെ ജയിക്കുന്നതിനുവേണ്ടി ബ്രാഹ്മണമതം മാംസാഹാരം ഉപേക്ഷിച്ച് തീവ്ര സസ്യാഹാരികളായിമാറിയെന്നും സസ്യഭോജനത്തെ വിശുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നും അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. അൽപംകൂടി കടന്ന് അവര്‍ പശുവിനെ വിശുദ്ധ മൃഗമായി പ്രഖ്യാപിക്കുന്നു. ഇതുമൂലം മാംസാഹാരവും ഗോമാംസാഹാരവും ശീലിച്ചിരുന്ന തീവ്ര അഹിംസാവാദികളല്ലാത്ത ബുദ്ധമതവിശ്വാസികള്‍ സാമൂഹികമായി പുറന്തള്ളപ്പെട്ടു എന്നും അംബേദ്കര്‍ നിരീക്ഷിക്കുന്നു. ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഇന്ത്യാചരിത്രം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട് (ബി.ആര്. അംബേദ്കര്‍- 1990).
അടിസ്ഥാനപരമായി നമ്മുടെ 'നിയമനിർവഹണം' സങ്കൽപിക്കപ്പെടുന്നത് ജനാധിപത്യസങ്കൽപത്തില് അധിഷ്ഠിതമായ നീതിബോധത്തിലല്ല, മറിച്ച് മത പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഏകാധിപത്യസങ്കൽപത്തിലാണ്. ഈ ഏകാധിപത്യമനോഭാവം സകലതിനെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. തെരുവും പള്ളിക്കൂടങ്ങളും വായനശാലയും സിനിമാശാലയും ഭക്ഷണശാലയും ഒരേവിധം അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണമെന്നതാണ് അതിെൻറ ഉള്ളടക്കം. ഇതിനെ മറികടക്കാന്‍ നമ്മുടെ രുചിഭാവനയുടെ ജനിതക ഘടനയില്‍തന്നെ അഴിച്ചുപണി ആവശ്യമാണ്. ഉപാധികളില്ലാത്ത സഹിഷ്ണുതയുടെ പാഠാവലികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ എത്തിയിരുന്ന സഹോദരന് അയ്യപ്പന് അവിടന്ന് ഭക്ഷണം കഴിക്കാതെ സ്ഥിരമായി പുറത്ത് കടയില്‍ പോകുമായിരുന്നു. അതിനെക്കുറിച്ച് ഗുരു അന്വേഷിച്ചപ്പോള്‍ മീന്കൂട്ടി ഭക്ഷണം കഴിക്കാനാണ് അയ്യപ്പന് പുറത്തുപോകുന്നതെന്ന് ഒരാള്‍ രഹസ്യമായി കെണ്ടത്തി ഗുരുവിന് പറഞ്ഞുകൊടുത്തു. ''അയ്യപ്പെൻറ ഭക്ഷണച്ചെലവ് ഇനിമുതല്‍ ആശ്രമത്തില്‍നിന്ന് നല്‍കണം'' എന്നാണ് ഗുരു പറഞ്ഞത്.