Begin typing your search above and press return to search.
proflie-avatar
Login

റ​ഷ്യ​ൻ ദി​ന​ങ്ങ​ൾ

റ​ഷ്യ​ൻ ദി​ന​ങ്ങ​ൾ
cancel

എ​ല്ലാ നി​ശ്ച​ല ഛായാ​ഗ്രാ​ഹ​ക​ർ​ക്കു​മു​ണ്ട് അ​വ​ര​വ​രു​ടേ​താ​യ ക​ടു​ത്ത ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ. റ​ഷ്യ​യി​ൽ മ​ഴ ​പെയ്താ​ൽ മാ​നാ​ഞ്ചി​റ​യി​ൽ കു​ട​പി​ടി​ച്ചുനി​ൽ​ക്കാ​ൻ ഒ​രു പു​ന​ലൂ​ർ രാ​ജ​ൻ ഉ​ണ്ടാ​യി​രു​ന്ന കാ​ല​മാ​ണ് 1977. റ​ഷ്യ​യെ ഒ​രു വി​കാ​ര​മാ​യി രാ​ജേ​ട്ട​ൻ കൊ​ണ്ടുന​ട​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് കാ​ര​ണ​വു​മു​ണ്ട്. മോ​സ്കോ​യി​ലെ വി​ഖ്യാ​ത​മാ​യ ഫി​ലിം സ്കൂളി​ൽ സി​നി​മ പ​ഠി​ക്കാ​ൻ കമ്യൂണി​സ്റ്റ് പാ​ർ​ട്ടി റ​ഷ്യ​യി​ലേ​ക്ക​യ​ച്ച ഏ​ക മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. 1919ൽ ​ലെ​നി​ന്റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സ്ഥാ​പി​ക്ക​പ്പെ​ട്ട ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ...

Your Subscription Supports Independent Journalism

View Plans

എ​ല്ലാ നി​ശ്ച​ല ഛായാ​ഗ്രാ​ഹ​ക​ർ​ക്കു​മു​ണ്ട് അ​വ​ര​വ​രു​ടേ​താ​യ ക​ടു​ത്ത ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ. റ​ഷ്യ​യി​ൽ മ​ഴ ​പെയ്താ​ൽ മാ​നാ​ഞ്ചി​റ​യി​ൽ കു​ട​പി​ടി​ച്ചുനി​ൽ​ക്കാ​ൻ ഒ​രു പു​ന​ലൂ​ർ രാ​ജ​ൻ ഉ​ണ്ടാ​യി​രു​ന്ന കാ​ല​മാ​ണ് 1977. റ​ഷ്യ​യെ ഒ​രു വി​കാ​ര​മാ​യി രാ​ജേ​ട്ട​ൻ കൊ​ണ്ടുന​ട​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് കാ​ര​ണ​വു​മു​ണ്ട്. മോ​സ്കോ​യി​ലെ വി​ഖ്യാ​ത​മാ​യ ഫി​ലിം സ്കൂളി​ൽ സി​നി​മ പ​ഠി​ക്കാ​ൻ കമ്യൂണി​സ്റ്റ് പാ​ർ​ട്ടി റ​ഷ്യ​യി​ലേ​ക്ക​യ​ച്ച ഏ​ക മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. 1919ൽ ​ലെ​നി​ന്റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സ്ഥാ​പി​ക്ക​പ്പെ​ട്ട ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലൊ​ന്നാ​ണ് മോ​സ്കോ​യി​ലെ ഓ​ൾ യൂ​നി​യ​ൻ സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് സി​നി​മാ​ട്ടോ​ഗ്ര​ഫി. ഐ​സ​ൻ​സ്റ്റീ​നും പു​ദോ​വ്കി​നും താ​ർ​ക്കോ​വ്സ്കി​യും സി​നി​മ​യെടു​ത്ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ നി​യു​ക്ത​നാ​യി പു​ന​ലൂ​ർ രാ​ജ​ൻ.

1963ലാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ പു​ന​ലൂ​ർ രാ​ജ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി എ​ത്തു​ന്ന​ത്. 1964ലെ ​പി​ള​ർ​പ്പി​നു ​തൊട്ടു​മു​മ്പ​ത്തെ കമ്യൂണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നു ആ ​വ​ര​വ്. പാ​ർ​ട്ടി​യാ​ണ് അ​ന്ന​ത്തെ കോ​ഴി​ക്കോ​ടി​ന്റെ നാ​ട​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യൊ​ക്കെ കേ​ന്ദ്ര​ബി​ന്ദു. ‘മാ​തൃ​ഭൂ​മി’​യാ​യി​രു​ന്നു മ​റ്റൊ​രു കേ​ന്ദ്രം. 1950ൽ ​കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി വ​ന്ന​തോ​ടെ ആ​വി​ഷ്കാ​ര​ത്തി​ന്റെ പു​തി​യൊ​രു പൊ​തു​ഇ​ടം കോ​ഴി​ക്കോ​ടി​ന് തു​റ​ന്നുകി​ട്ടി. മി​ഠാ​യി​തെരു​വി​ൽ ഹോ​ട്ട​ൽ ‘വീ​റ്റ് ഹൗ​സി’​ൽ കമ്യൂണി​സ്റ്റ് പാ​ർ​ട്ടി സ​ഹ​യാ​ത്രി​ക​ൻകൂ​ടി​യാ​യ മു​ല്ല​വീ​ട്ടി​ൽ അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് അ​ക്കാ​ല​ത്ത് ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​ര​ത്താ​ണി​യാ​യി​രു​ന്നു.

പി. ​ഭാ​സ്ക​ര​ൻ മാ​ഷ് വ​രെ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യു​ടെ ചു​മ​ത​ല​യി​ലേ​ക്കു വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് സാം​സ്കാ​രി​കമായി വ​ലി​യ മാ​റ്റ​മാ​ണു​ണ്ടാ​ക്കി​യ​ത്. 1950 മു​ത​ൽ 53 വ​രെ​യാ​ണ് ഭാ​സ്ക​ര​ൻ മാ​ഷ് ആ​കാ​ശ​വാ​ണി​യു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത്. ഉ​റൂ​ബ്, കെ.​ രാ​ഘ​വ​ൻ മാ​ഷ്, തി​ക്കോ​ടി​യ​ൻ, എ​ൻ.​എ​ൻ. ക​ക്കാ​ട്, കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ക്കി​ത്തം, വി​ന​യ​ൻ, ബി.​എ. ചി​ദം​ബ​ര​നാ​ഥ്, കു​ഞ്ഞാ​ണ്ടി തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആ​കാ​ശ​വാ​ണി എ​ന്ന സാംസ്കാ​രി​ക ശ​ക്തി​കേ​ന്ദ്ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. അ​വി​ട​ന്നാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​വു​ക​ത്വ പ​രി​ണാ​മ​ത്തി​ൽ ഒ​രു കു​തി​ച്ചു​ചാ​ട്ടംത​ന്നെ സൃ​ഷ്ടി​ച്ച ‘നീ​ല​ക്കു​യി​ലി’ന്റെ (1954) ​പി​റ​വി​യു​ടെ ഒ​രു വ​ഴി. സം​വി​ധാ​നം പി.​ ഭാ​സ്ക​ര​ൻ മാ​ഷും രാ​മു കാ​ര്യാ​ട്ടു​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​തി​ൽ കോ​ഴി​ക്കോ​ട​ൻ പ​ങ്ക് വ​ലു​താ​ണ്. കോ​ഴി​ക്കോ​ട് അ​ബ്ദു​ൽ ഖാ​ദ​റും രാ​ഘ​വ​ൻ മാ​ഷും ചേ​ർ​ന്ന് സൃ​ഷ്ടി​ച്ച പാ​ട്ടുത​ന്നെ മ​ല​യാ​ളം പാ​ട്ടു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യു​ടെ ഭാ​ഗ​മാ​യ ഉ​റൂ​ബാ​ണ് ‘നീ​ല​ക്കു​യി​ലി​’ന്റെ ര​ച​ന. കോ​ഴി​ക്കോ​ടി​ന്റെ ആ​ദ്യ തി​ര​ക്ക​ഥാ​കൃ​ത്ത്. ഛായാ​ഗ്ര​ഹ​ണം കോ​ഴി​ക്കോ​ടി​ന്റെ സ്വ​ന്തം എ. ​വി​ൻ​സ​ന്റ് മാ​സ്റ്റ​ർ. പ​ത്തുവ​ർ​ഷം പി​ന്നി​ട്ട് 1964ൽ ‘​ഭാ​ർ​ഗ്ഗ​വീ​നി​ല​യ’ത്തി​ലൂ​ടെ വി​ൻ​സ​ന്റ് മാ​സ്റ്റ​ർ സം​വി​ധാ​യ​ക​നാ​യി. ബേ​പ്പൂ​രി​ൽ ഒ​രു സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യി നി​ല​കൊ​ണ്ട വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ അ​ത് തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ക്കി.

‘മാ​തൃ​ഭൂ​മി’ പ​ത്രാ​ധി​പ​ർ കെ.​പി. കേ​ശ​വ​മേ​നോ​ൻ നാ​ട​ക​വേ​ദി​യു​ടെ​യും ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യി​ലേ​ക്കു​ള്ള നാ​ട​ക ക​ലാ​കാ​ര​ന്മാ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത് കേ​ശ​വ​മേ​നോ​നാ​യി​രു​ന്നു. അ​ങ്ങനെ കേ​ശ​വ​മേ​നോ​ൻ തി​ര​ഞ്ഞെ​ടു​ത്ത കോ​ഴി​ക്കോ​ട​ൻ നാ​ട​ക​സം​ഘ​ത്തി​ലാ​ണ് താ​ന​ട​ക്ക​മു​ള്ള ത​ല​മു​റ ആ​കാ​ശ​വാ​ണി നാ​ട​കസം​ഘ​ത്തി​ൽ എ​ത്തു​ന്ന​തെ​ന്ന് ദാ​മോ​ദ​ര​ൻ മാ​ഷ് പ​റ​ഞ്ഞ​ത് ഓ​ർ​ക്കു​ന്നു. ‘മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി’​ൽ ഒ​രു ട്രെ​യിനി​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ആ ​കോ​ഴി​ക്കോ​ട​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തും 1956ലാ​ണ്.

1957ലാ​ണ് ഫാ​ബി​യെ വി​വാ​ഹം ക​ഴി​ച്ച് ബ​ഷീ​ർ ബേ​പ്പൂ​രി​ൽ കു​ടുംബജീ​വി​തം തു​ട​ങ്ങു​ന്ന​ത്. ദാ​മോ​ദ​ര​ൻ മാ​ഷ് അ​ന്ന് ബേ​പ്പൂ​രി​ൽ ബ​ഷീ​റി​ന്റെ അ​യ​ൽ​ക്കാ​ര​നാ​ണ്. 1963ൽ ​ഒ​രു കാ​മ​റ​യും തൂ​ക്കി കോ​ഴി​ക്കോ​ട്ടെ​ത്തി​യ പു​ന​ലൂ​ർ രാ​ജ​നും ബേ​പ്പൂ​ർ വൈ​ലാ​ലി​ൽ വീ​ട്ടി​ൽ അം​ഗ​മാ​യി. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ അ​രി​കി​ലേ​ക്ക് ത​ന്നെ കൂ​ട്ടി​ക്കൊ​ണ്ടുപോ​യ​ത് ദാ​മോ​ദ​ര​ൻ മാ​ഷാ​യി​രു​ന്നു എ​ന്ന് പു​ന​ലൂ​ർ രാ​ജ​ൻ​ ‘മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി’​ലെ ഒ​ര​ഭി​മു​ഖ​ത്തി​ൽ ഓ​ർ​ക്കു​ന്നു​ണ്ട്. പി​ൽ​ക്കാ​ല​ത്ത് ബ​ഷീ​ർ, എം.​ടി ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​ന​ലൂ​ർ രാ​ജ​ൻ പ്ര​ശ​സ്ത​നാ​യ​തെ​ങ്കി​ലും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് വേ​രു​റ​ക്കാ​ൻ കാ​ര​ണ​മാ​യ​ത് ആ ​ബേ​പ്പൂ​ർ സൗ​ഹൃ​ദ​മാ​ണ്.

 

പി. ​ഭാ​സ്ക​ര​ൻ, എ. വിൻസന്റ്

പി. ​ഭാ​സ്ക​ര​ൻ, എ. വിൻസന്റ്

1965ലാ​ണ് പി​ൽ​ക്കാ​ല​ത്ത് പു​ന​ലൂ​ർ രാ​ജ​ന്റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യ ബേ​പ്പൂരുകാ​രി ത​ങ്ക​മ​ണി ആ​ദ്യ​മാ​യി, അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് ബേ​പ്പൂ​ർ സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. ദാ​മോ​ദ​ര​ൻ മാ​ഷ് അ​പ്പോ​ൾ അവി​ടെ അധ്യാ​പ​ക​നായിരുന്നു. പു​ന​ലൂ​ർ രാ​ജ​നെ കോ​ഴി​ക്കോ​ട്ടുനി​ന്ന് ക​ല്യാ​ണം ക​ഴി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​ടെ കേ​ന്ദ്രം ബ​ഷീ​റി​ന്റെ വീ​ടാ​യി​രു​ന്നു. പു​തു​ക്കു​ടി ബാ​ല​നാ​യി​രു​ന്നു അ​തി​ന്റെ കാ​ര​ണ​വ​ർ. ഫാ​ബി ബ​ഷീ​റാ​ണ് ത​ന്റെ വീ​ടി​ന്റെ ചു​റ്റു​വ​ട്ട​ത്തുകൂ​ടി ന​ട​ന്നു ത​ന്നെ നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ​തെ​ന്നും ത​ന്റെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ആ ​വി​വാ​ഹ​ത്തി​ന് സ​മ്മ​ത​മ​ല്ലാ​യി​രു​ന്നു എ​ന്നും ത​ങ്ക​മ​ണിച്ചേ​ച്ചി ഓ​ർ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും 1967ൽ ​ആ വി​വാ​ഹം ന​ട​ന്നു.

1973ൽ ​ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​ച്ഛ​നാ​യ ശേ​ഷ​മാ​ണ് പു​ന​ലൂ​ർ രാ​ജ​ൻ സി​നി​മ പ​ഠി​ക്കാ​ൻ റ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും വ​രും എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് പോ​യ​തെ​ങ്കി​ലും ഏ​ഴുവ​ർ​ഷം ക​ഴി​ഞ്ഞേ ഇ​നി മ​ട​ങ്ങാ​നാ​വൂ എ​ന്നും എ​ന്തി​നാണ് വി​ട്ട​ത് എ​ന്നും റ​ഷ്യ​യി​ലേ​ക്ക് പോയിക്ക​ഴി​ഞ്ഞ​പ്പോ​ൾ പു​തു​ക്കു​ടി ബാ​ലേ​ട്ട​ൻ ചോ​ദി​ച്ച​താ​യി ത​ങ്ക​മ​ണി​ച്ചേ​ച്ചി ഓ​ർ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​വും ഒ​മ്പ​തുമാ​സ​വും നീ​ണ്ട ആ ​റ​ഷ്യ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് രാ​ജേ​ട്ട​ൻ തി​രി​ച്ചുപോ​ന്നു. കു​ട്ടി​ക​ളെ പി​രി​ഞ്ഞി​രി​ക്കാ​നാ​വാ​ത്ത​തുകൊ​ണ്ടാ​ണ് റ​ഷ്യ​യി​ൽനി​ന്നും മ​ട​ങ്ങി​യ​ത് എ​ന്നാ​യി​രു​ന്നു രാ​ജേ​ട്ട​ന്റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, അ​ന്ന് സോ​വി​യ​റ്റ് യൂ​നി​യ​നെ പി​ടിമു​റു​ക്കി​യി​രു​ന്ന ബ്ര​ഷ്നേ​വ് കാ​ല​ഘ​ട്ട​ത്തി​ലെ നി​ശ്ച​ല​ത​യും മ​ര​വി​പ്പും സ​മ​ഗ്രാ​ധി​പ​ത്യ​വും രാ​ജേ​ട്ട​ന് എ​ത്ര​മാ​ത്രം താ​ങ്ങാ​നാ​വു​ന്ന​താ​യി​രു​ന്നു എ​ന്ന​ത് പ​റ​യ​പ്പെ​ട്ടി​ട്ടി​ല്ല. താ​ർ​ക്കോ​വ്സ്കി ‘മി​റ​ർ’ എ​ടു​ക്കു​ന്ന കാ​ല​മാ​ണ​ത്. സോ​വി​യ​റ്റ് സ​മ​ഗ്രാ​ധി​പ​ത്യ​മാ​ണ് ‘മി​റ​ർ’ കൈ​ക്കൊ​ണ്ട സ​ങ്കീ​ർ​ണ​ദൃ​ശ്യ​ഭാ​ഷ​യെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് നി​രീ​ക്ഷി​ച്ച സാ​ർ​ത്ര് അ​തി​നെ സോ​ഷ്യ​ലി​സ്റ്റ് സ​ർ​റി​യ​ലി​സം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സ്റ്റാ​ലി​ൻ മ​രി​ച്ചി​ട്ടും സ്റ്റാ​ലി​നി​സം മ​ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം താ​ങ്ങാ​നാ​വാ​തെ​യാ​ണ് താ​ർ​ക്കോ​വ്സ്കി പി​ൽ​ക്കാ​ല​ത്ത് റ​ഷ്യ വി​ടു​ന്ന​ത്. റ​ഷ്യ​യി​ൽ ഗ​വേ​ഷ​ണാ​ർ​ഥം എ​ത്തി​യ ച​രി​ത്ര​കാ​ര​നാ​യ എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ പ​ഠ​നം മ​തി​യാ​ക്കി അ​വി​ടെനി​ന്നും മ​ട​ങ്ങി​യ അ​നു​ഭ​വം ഒ​രി​ക്ക​ൽ പ​റ​ഞ്ഞുത​ന്നി​ട്ടു​ണ്ട്. റ​ഷ്യ​യി​ൽത​ന്നെ പി​ടി​ച്ചുനി​ൽ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ താ​നും ജ​യി​ലി​ല​ക​പ്പെ​ടു​മാ​യി​രു​ന്നു എ​ന്ന​ദ്ദേ​ഹം ഭ​യ​പ്പെ​ട്ടി​രു​ന്നു. ന്യൂ ​ലെ​ഫ്റ്റ് റി​വ്യൂ രേ​ഖ​പ്പെ​ടു​ത്തി​യ കെ.​ ദാ​മോ​ദ​ര​ന്റെ ക്രൂ​ഷ്ചേ​വ് കാ​ല അ​നു​ഭ​വ​ങ്ങ​ളും ഇ​വി​ടെ ഓ​ർ​ക്കാം. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ന​ഷ്ട​സം​വി​ധാ​യ​ക​രു​ടെ പ​ട്ടി​ക​യി​ൽ പു​ന​ലൂ​ർ രാ​ജ​നും ഉ​ൾ​പ്പെ​ടു​ന്നു.

പ​ല​ ത​ല​മു​റ​ക​ൾ കൂ​ടി​ച്ചേ​ർ​ന്നി​രു​ന്ന മാ​നാ​ഞ്ചി​റ​യി​ലെ പ്ര​ഭാ​ത് ബു​ക്സി​ൽവെ​ച്ചാ​ണ് പു​ന​ലൂ​ർ രാ​ജേ​ട്ട​നെ ഞാ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 1977ൽ. ​റ​ഷ്യ​യാ​യി​രു​ന്നു ഞ​ങ്ങ​ളെ​യും അ​ടു​പ്പി​ച്ച​ത്. റ​ഷ്യ നേ​രി​ൽ ക​ണ്ട ക​ണ്ണു​ക​ൾ ആ​ദ്യ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ.

മ​ധു മാ​സ്റ്റ​ർ​ക്കൊ​പ്പം അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹ​ത​ട​വു​കാ​ര​നാ​യി​രു​ന്ന വാ​സു​വി​നെ കാ​ണാ​നാ​ണ് ഞാ​നാ​ദ്യ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ എ​ത്തു​ന്ന​ത്. ജ​യി​ൽജീ​വി​തം മു​ട​ക്കി​യ പ​ഠ​നം തി​രി​ച്ചുപി​ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു വാ​സു.

 

വി. രാജഗോപാൽ

വി. രാജഗോപാൽ

മെ​ഡി​ക്ക​ൽ കോ​ളജി​ലെ​ത്തി​യാ​ൽ അ​ന്ന​ത്തെ ഒ​രു ഇ​ട​ത്താ​വ​ളം കാ​മ്പ​സി​ന​ക​ത്തെ പു​ന​ലൂ​ർ രാ​ജേ​ട്ട​​​ന്റെ വി​ശാ​ല​മാ​യ ഓ​ഫിസ് മു​റി​യാ​യി​രു​ന്നു. അ​പൂ​ർ​വരോ​ഗ​ങ്ങ​ളും വി​ചി​ത്ര ജ​ന​ന​ങ്ങ​ളും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ശ​രീ​ര ഭാ​ഗ​ങ്ങ​ളും പു​റ​മെ പി​ൽ​ക്കാ​ല​ത്ത് കേ​സ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​ഠ​ന​വി​ഷ​യ​ങ്ങ​ൾ​ക്കു​മാ​യി മൃ​ത​ശ​രീ​ര​ങ്ങ​ളും ഒ​ക്കെ ഫോ​ട്ടോ എ​ടു​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ ജോ​ലി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന​വി​ടെ. ആ​ർ​ട്ടി​സ്റ്റ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. അ​ത്ത​രം കാ​ത്തി​രി​പ്പു​ക​ൾ​ക്കി​ട​യി​ൽ ഒ​രുദി​വ​സം മൃ​ത​ശ​രീ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചുവെ​ച്ച മു​റി കാ​ണി​ച്ചുത​ന്ന​ത് ഓ​ർ​ക്കു​ന്നു. അ​ത്ര​യ​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് കൂ​ട്ടി​യി​ട്ട് കാ​ണു​ന്ന ആ​ദ്യ കാ​ഴ്ച​യാ​യി​രു​ന്നു അ​ത്.

മെ​ഡി​ക്ക​ൽ കോ​ളജ് കാ​മ്പ​സി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ജോ​ൺ എ​ബ്ര​ഹാം. ജോ​ണി​ന്റെ​യും പ്ര​ധാ​ന താ​വ​ള​മാ​യി​രു​ന്നു രാ​ജേ​ട്ട​​​ന്റെ മു​റി. ജോ​ണി​​​ന്റെ മ​നോ​ഹ​ര​മാ​യ ഒ​രു ബ്ലാ​ക്ക് ആൻ​ഡ് വൈറ്റ് ഫോ​ട്ടോ രാ​ജേ​ട്ടന്റെ അ​വി​സ്മ​ര​ണീ​യ​മാ​യ ര​ച​ന​ക​ളി​ലൊ​ന്നാ​ണ്.

എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളജു​ക​ൾ​ക്കെ​തി​രാ​യ മെ​ഡി​ക്കോ​സ് സ​മ​രംവ​രെ​യു​ള്ള രം​ഗ​ങ്ങ​ൾ ‘അ​മ്മ അ​റി​യാ​നി’ലേ​ക്ക് (1986) ക​യ​റിവ​ന്ന​തി​ൽ ജോ​ണിന്റെ ഈ ​മെ​ഡി​ക്ക​ൽ കോ​ളജ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി ആ​ദ്യ​മാ​യി കാ​ണി​ച്ചുത​ന്ന​തും രാ​ജേ​ട്ട​നാ​യി​രു​ന്നു. പി​ന്നെ, പ​ല കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ചുവെ​ച്ച ഭ്രൂ​ണ​പ്രാ​യം മു​ത​ലു​ള്ള പ​ല കു​ഞ്ഞു​ങ്ങ​ളു​ടെ​യും ശ​രീ​രാ​വ​യ​വ​ങ്ങ​ളു​ം അ​വി​ടത്തെ ലാ​ബും. കോ​ളജി​ൽ അ​ദ്ദേ​ഹം സ​ർവ​സ​മ്മ​ത​നാ​യി​രു​ന്നു. ഒ​രുപോ​ലെ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​ര​ൻ. കമ്യൂണി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​രു​ടെ​യെ​ല്ലാം അ​നൗ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന പ​ദ​വി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന്റെ അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ലേ അ​ല്ലെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ഒ​രു ചെ​റു കു​ന്നി​ൻ​പു​റ​ത്താ​യി​രു​ന്നു രാ​ജേ​ട്ട​​​ന്റെ ക്വാ​ർട്ടേ​ഴ്സ്. അ​ത​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും സൗ​ഹൃ​ദകേ​ന്ദ്ര​മാ​യി​രു​ന്നു. പ​ല കാ​ല​ങ്ങ​ളി​ൽ എ​ടു​ത്തുവെ​ച്ച ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മു​ള്ള ഛായാ​പ​ടങ്ങളു​ടെ ശേ​ഖ​രം കാ​ണി​ച്ചുത​രാ​ൻ ഒ​ടു​ങ്ങാ​ത്ത ആ​വേ​ശ​മാ​യി​രു​ന്നു രാ​ജേ​ട്ട​ന്. ഓ​രോ​ന്നി​നും ഒ​രു ച​രി​ത്ര​വു​മു​ണ്ട്. കമ്യൂണി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​രും സാ​ഹി​ത്യ​കാ​ര​ന്മാ​രും നി​റ​ഞ്ഞുനി​ന്ന ഒ​രു വ​ലി​യ മ​ര​പ്പെ​ട്ടി​യി​ൽ അ​തെ​ല്ലാം ഭ​ദ്ര​മാ​യി​രു​ന്നു. സ്വ​ന്തം ആ​ത്മാ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ കാ​ഴ്ച​ബം​ഗ്ലാ​വുപോ​ലെ അ​ദ്ദേ​ഹം ആ ഛാ​യാ​പ​ട​ശേ​ഖ​രം കാ​ത്തു​സൂ​ക്ഷി​ച്ചു. പ​ഴ​യ ഗ്രാ​മ​ഫോ​ൺ റെ​ക്കോ​ഡ​റു​ക​ൾ മു​ത​ൽ കൊ​ച്ചുകൊ​ച്ചു ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചുവെച്ച നെ​ഗ​റ്റിവു​ക​ളും ഛായാ​പ​ട​ങ്ങ​ളും നി​റ​ഞ്ഞ ഒ​രു ലോ​ക​മാ​യി​രു​ന്നു ആ ​വീ​ട്.

 

എ. ​വി​ൻ​സ​ന്റ് മാ​ഷി​ന്റെ ‘മു​റ​പ്പെ​ണ്ണി’ന്റെ (1965) കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ​യി​ലെ മാ​മി​യി​ൽ വീ​ട് ലൊ​ക്കേ​ഷ​നി​ൽ പു​ഷ്പ ദാ​മോ​ദ​ര​ൻ, ന​ടി​മാ​രാ​യ ജ്യോ​തി​ല​ക്ഷ്മി, ശാ​ര​ദ, പു​ഷ്പ ദാ​മോ​ദ​ര​ന്റെ അ​നി​യ​ത്തി ധ​ന​ല​ക്ഷ്മി ● ഫോ​ട്ടോ: പു​ന​ലൂ​ർ രാ​ജ​ൻ

എ. ​വി​ൻ​സ​ന്റ് മാ​ഷി​ന്റെ ‘മു​റ​പ്പെ​ണ്ണി’ന്റെ (1965) കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ​യി​ലെ മാ​മി​യി​ൽ വീ​ട് ലൊ​ക്കേ​ഷ​നി​ൽ പു​ഷ്പ ദാ​മോ​ദ​ര​ൻ, ന​ടി​മാ​രാ​യ ജ്യോ​തി​ല​ക്ഷ്മി, ശാ​ര​ദ, പു​ഷ്പ ദാ​മോ​ദ​ര​ന്റെ അ​നി​യ​ത്തി ധ​ന​ല​ക്ഷ്മി ● ഫോ​ട്ടോ: പു​ന​ലൂ​ർ രാ​ജ​ൻ

1986ൽ ​മാ​തൃ​ഭൂ​മി​യി​ൽ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യും രാ​ജേ​ട്ട​ൻ ഒ​രു നി​ത്യസ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. അ​ന്ന​ത്തെ മാ​തൃ​ഭൂ​മി ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യ വി.​ രാ​ജ​ഗോ​പാ​ലി​​​ന്റെ മു​റി​യി​ലാ​ണ് എ​ത്തു​ക. പ്ര​ധാ​ന​പ്പെ​ട്ട രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ർ മ​രി​ക്കു​മ്പോ​ഴോ അ​വ​രെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ വ​രു​മ്പോ​ഴോ ഒ​ക്കെ രാ​ജേ​ട്ട​ന് ഒ​രോ​ർമ​ച്ചി​ത്ര​മു​ണ്ടാ​കും കൊ​ണ്ടുവ​രാ​ൻ. മാ​തൃ​ഭൂ​മി അ​ത് അ​ച്ച​ടി​ക്കും. താ​ന​റി​യാ​തെ ലൈ​ബ്ര​റി​യി​ലെ ശേ​ഖ​ര​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ ത​​​ന്റെ പേ​രി​ല്ലാ​തെ അ​ച്ച​ടി​ച്ചാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം അ​തിരാ​വി​ലെ ഓ​ഫി​സി​ലെ​ത്തി വ​ൻ ക​ലാ​പ​മാ​ണ് രാ​ജേ​ട്ട​ൻ അ​ഴി​ച്ചു​വി​ടു​ക. ‘ഫോ​ട്ടോ​ഗ്രാ​ഫു​ക​ളെ മാ​നി​ക്കാ​ൻ പ​ഠി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ കൊ​ടു​ക്ക​ണ്ട’ എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​​​ന്റെ പ്രാ​ഥ​മി​കപാ​ഠം മാ​തൃ​ഭൂ​മി​യി​ലെ മു​ഴു​വ​ൻ ജേണ​ലി​സ്റ്റു​ക​ളെ​യും പ​ഠി​പ്പി​ക്കും. ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യും ബൈ​ലൈ​ൻ ഇ​ല്ലാ​തെ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ ഒ​രാ​യു​ഷ്കാ​ലം രാ​ജേ​ട്ട​ൻ പോ​രാ​ടി​യി​ട്ടു​ണ്ട്.

‘‘ഒ​രു ക​ഥ​യോ ക​വി​ത​യോ റി​പ്പോ​ർ​ട്ടോ അ​ങ്ങനെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി​ങ്ങ​ൾ​ക്കാ​ർ​ക്കെ​ങ്കി​ലും ധൈ​ര്യം വ​രു​മോ? വ​ര​രു​ത്. ഓ​രോ ഫോ​ട്ടോ​ഗ്രാ​ഫും ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ജീ​വി​ത​മാ​ണ്. ചോ​ര​യും വി​യ​ർ​പ്പും ക​ല​ർ​ന്ന സൃ​ഷ്ടി​യാ​ണ്’’ -രാ​ജേ​ട്ട​​​ന്റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത അ​ടി​സ്ഥാ​ന മ​ന്ത്ര​മാ​ണ​ത്. ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ടെ ഓ​ത​ർ​ഷി​പ് ബാ​ഷ്പീ​ക​രി​ക്കു​ന്ന മാ​ധ്യ​മനി​ല​പാ​ട് ഒ​രി​ക്ക​ലും അ​ദ്ദേ​ഹം പൊ​റു​പ്പി​ച്ചി​ല്ല. ത​ന്റെ ബ​ഷീ​ർ, എം.​ടി ചി​ത്ര​ങ്ങ​ൾ താ​ന​റി​യാ​തെ പു​സ്ത​ക​ങ്ങ​ളു​ടെ ക​വ​ർ​ ച​ട്ട​ക​ൾക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​തി​നെ​തി​രെ അ​ദ്ദേ​ഹം വ​ൻ പ്ര​സാ​ദ​ക​ർ​ക്കെ​തി​രെ​യും പോ​രാ​ടു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ൽ​കാ​തെ സ്വ​ന്തം വീ​ട്ടി​ൽ നെ​ഗ​റ്റിവാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

ഭൂ​പ​ട​ത്തി​ൽ സോ​വി​യ​റ്റ് യൂനി​യ​നും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ റ​ഷ്യ​ൻ പ​ഠ​ന വി​ഭാ​ഗ​വും ഉ​ണ്ടാ​യി​രു​ന്ന കാ​ല​മാ​ണ​ത്. റ​ഷ്യ എ​ന്നാ​ൽ രാ​ജേ​ട്ട​ന് സ്വ​ന്തം ത​റ​വാ​ട്ടു​കാ​ര്യ​മാ​യ​തുകൊ​ണ്ട് കേ​ര​ള​ത്തി​ലെ അ​തി​ന്റെ സ്വ​യം പ്ര​ഖ്യാ​പി​ത സം​ര​ക്ഷ​ക​നാ​യി​രി​ക്കു​ക​യെ​ന്ന​ത് ത​ന്റെ ഉ​ത്ത​ര​വാ​ദി​ത്തമാ​യി അ​ദ്ദേ​ഹം ക​രു​തി. എ​ന്നാ​ൽ, 1985ൽ ​ഗോ​ർ​ബ​ച്ചേ​വ് പെ​രി​സ്ട്രോ​യി​ക്ക​ക്കും ഗ്ലാ​സ് നോ​സ്തി​നും തു​ട​ക്ക​മി​ട്ട​തോ​ടെ സോ​വി​യ​റ്റ് നി​ല ആ​ഗോ​ള​ത​ല​ത്തി​ൽത​ന്നെ പ​രു​ങ്ങ​ലി​ലാ​യി. അ​ക്കാ​ല​ത്താ​ണ് യൂ​നി​വേ​ഴ്​സി​റ്റി​യി​ലെ റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പി​ലെ ചി​ല അ​ധ്യാ​പ​ക​ർ അ​മേ​രി​ക്ക​ൻ ചാ​ര​ന്മാ​രു​മാ​യി ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​ണ്ട് എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി രാ​ജേ​ട്ട​ൻ ഒ​രുനാ​ൾ മാ​തൃ​ഭൂ​മി​യി​ൽ എ​ത്തു​ന്ന​ത്. ‘‘അ​വ​രി​ൽ സി.​ഐ.​എ ചാ​ര​ന്മാ​രു​ണ്ട് ’’ -രാ​ജേ​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചു. രാ​ജ​ഗോ​പാ​ലു​മാ​യി വ​ലി​യ വാ​ഗ്വാ​ദ​മാ​യി. രാ​ജേ​ട്ട​ൻ അ​തി​ലി​ട​പെ​ടേ​ണ്ട, ആ​വ​ശ്യ​മെ​ങ്കി​ൽ റ​ഷ്യ ഇ​ട​പെ​ട്ടോ​ളും അ​ല്ലെ​ങ്കി​ൽ നാ​ട്ടി​ൽ പൊ​ലീ​സു​ണ്ട് എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു രാ​ജ​ഗോ​പാ​ലി​ന്റേ​ത്. എ​ന്നാ​ൽ, വി​ടാ​ൻ പു​ന​ലൂ​ർ രാ​ജേ​ട്ട​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ല​തി​ൽ പൊലീ​സി​ട​പെ​ട്ടു, രാ​ജേ​ട്ട​നെ പൊ​ലീ​സ് പി​ടി​ച്ചു കൊ​ണ്ടുപോ​യി. മോ​ചി​പ്പി​ക്കാ​ൻ രാ​ജ​ഗോ​പാ​ലേ​ട്ട​ൻത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി. രാ​ജേ​ട്ട​ന് പി​ന്നെ കാ​ലി​ക്ക​റ്റ് യൂനി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ ക​ട​ക്കു​ന്ന​തി​ൽനി​ന്നും വി​ല​ക്കാ​യി​രു​ന്നു എ​ന്നാ​ണോ​ർ​മ. സോ​വി​യ​റ്റ് യൂ​നി​യൻ പ​ത​ന​ത്തി​​​ന്റെ മു​ന്നോ​ടി​യാ​യി​ത്ത​ന്നെ റ​ഷ്യ​ൻ പ​ഠ​നവി​ഭാ​ഗം വീ​ഴ്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ട്ടി​യ​ത് റ​ഷ്യ​ൻ ആ​രാ​ധ​ക​നാ​യ രാ​ജേ​ട്ട​ന് സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ ​ഡി​പ്പാ​ർ​ട്മെ​ന്റ് ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യി.

1991. സോ​വി​യ​റ്റ് പ​ത​നം പൂ​ർ​ണ​മാ​യി. ഭൂ​മി​യി​ലെത​ന്നെ ഏ​റ്റ​വും അ​സ്വ​സ്ഥ​നാ​യ ആ​ത്മാ​വാ​യി​രു​ന്നു പു​ന​ലൂ​ർ രാ​ജ​ൻ എ​ന്ന കമ്യൂണി​സ്റ്റ്. എ.​കെ.​ജി, പി.​സി. ജോ​ഷി, എ​സ്.എ. ​ഡാ​ങ്കേ, ഇ​ന്ദ്ര​ജി​ത്ത് ഗു​പ്ത, സി. ​രാ​ജേ​ശ്വ​ര റാ​വു, എ​ൻ.ഇ. ​ബ​ൽ​റാം, സി. ​അ​ച്യു​ത​മേ​നോ​ൻ, ഇ.​എം.എ​സ്. ന​മ്പൂ​തി​രി​പ്പാ​ട്, എം.​എ​ൻ. ഗോ​വി​ന്ദ​ൻ നാ​യ​ർ, പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​ർ കെ.​സി. ജോ​ർ​ജ്... ഒ​രാ​യു​ഷ്‍കാ​ലം രാ​ജ്യ​ത്തെ പ്ര​ധാ​ന കമ്യൂണി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളെ മു​ഴു​വ​ൻ പി​ന്തുട​ർ​ന്ന് അ​വ​രെ ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​.

ഫി​ലിം മ​രി​ച്ച് ക​ള​ർ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പ് അ​നി​യ​ന്ത്രി​ത​മാ​യി​രു​ന്നു. പ​ല അ​തി​ർ​ത്തി​ക​ളും മാ​യ്ക്ക​പ്പെ​ട്ടുകൊ​ണ്ടേ​യി​രു​ന്നു.​ രാ​ഷ്ട്രീ​യ സാ​മൂ​ഹി​കബ​ന്ധ​ങ്ങ​ളും സ​മ​വാ​ക്യ​ങ്ങ​ളും മാ​റു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഒ​രുനാ​ൾ അ​തി​രാ​വി​ലെ എ​നി​ക്കൊ​രു ക​ല്യാ​ണാ​ലോ​ച​ന​യു​മാ​യി രാ​ജേ​ട്ട​ൻ പ​ടി​ഞ്ഞാ​റെ ന​ട​ക്കാ​വി​ൽ എ​​​ന്റെ വീ​ട് തേ​ടി​പ്പി​ടി​ച്ചെ​ത്തു​ന്ന​ത്. വീ​ട്ടി​ലാ​രും അ​പ്പോ​ൾ ഉ​ണ​ർ​ന്നി​ട്ടു​പോ​ലു​മി​ല്ലാ​യി​രു​ന്നു. ത​​​ന്റെ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ടി.​ ദാ​മോ​ദ​ര​ൻ മാ​ഷി​നും പു​ഷ്പ​ക്കും ദീ​ദി എ​ന്ന ഒ​രു മ​ക​ളു​ണ്ടെ​ന്നും അ​ത് എ​നി​ക്ക് പ​റ്റി​യ പെ​ണ്ണാ​യി​രി​ക്കു​മെ​ന്നുമാണ് എ​ല്ലാ​വ​രെ​യും ഉ​റ​ക്ക​ത്തി​ൽനി​ന്ന് വി​ളി​ച്ചെ​ഴു​ന്നേ​ൽപി​ച്ച് പ​റ​ഞ്ഞ​ത്. അ​ച്ഛ​നും അ​മ്മ​യും ഏ​ട്ട​നും അ​നി​യ​നു​മൊ​ക്കെ കു​റ​ച്ചുനേ​രം അ​മ്പ​ര​ന്നുനി​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം. അ​ത്ര പു​ല​ർ​ച്ചെ​യു​ള്ള ഒ​രു ക​ല്യാ​ണാ​ലോ​ച​ന ആ​ർ​ക്കും പ​രി​ച​യ​മി​ല്ലാ​യി​രു​ന്നു. രാ​ജ​ഗോ​പാ​ലേ​ട്ട​നു​മാ​യി ച​ർ​ച്ചചെ​യ്തു ക​ഴി​ഞ്ഞ ആ​ശ​യ​മാ​യാ​ണ് രാ​ജേ​ട്ട​ൻ ഇ​ത​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​രു​വീ​ട്ടു​കാ​ർ​ക്കു​മി​ട​യി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​തി​വേ​ഗം കു​തി​ച്ചുപാ​ഞ്ഞ് അ​ദ്ദേ​ഹം എ​ല്ലാ​റ്റി​നും വേ​ഗം കൂ​ട്ടി. ഒ​രുകാ​ര്യം തീ​രു​മാ​നി​ച്ചാ​ൽ അ​താ​ണ​ദ്ദേ​ഹ​ത്തി​​​ന്റെ രീ​തി. ദാ​മോ​ദ​ര​ൻ മാ​ഷോ​ടും രാ​ജേ​ട്ട​ൻത​ന്നെയാണ് വി​ഷ​യം നേ​രി​ട്ട​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ചെ​ക്ക​​​ന്റെ വീ​ട്ടി​ൽനി​ന്നും കു​ടും​ബ​ക്കാ​ർ ഒ​ന്നി​ച്ചു​വ​ന്നു​ള്ള ഒ​രു പെ​ണ്ണു​കാ​ണ​ൽ ത​​​ന്റെ മ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ്പി​ല്ലെ​ന്നും അ​വ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ പു​റ​ത്തെ​വി​ടെ​യെ​ങ്കി​ലും വെ​ച്ച് കാ​ണാം, സം​സാ​രി​ക്കാം, മ​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടാ​ൽ മാ​ത്ര​മേ മു​ന്നോ​ട്ടുപോ​കാ​നാ​വൂ... തു​ട​ങ്ങി​യ ഉ​റ​ച്ച വ്യ​വ​സ്ഥ​ക​ൾ മാ​ഷ് മു​ന്നോ​ട്ടുവെ​ച്ചു. പു​റ​ത്തുവെ​ച്ചു​ള്ള കാ​ണ​ലൊ​ന്നും ശ​രി​യ​ല്ലെ​ന്ന് രാ​ജേ​ട്ട​ൻ. മാ​ഷി​​​ന്റെ രീ​തി എന്റെ വീ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നും നീ​ണ്ട ച​ർ​ച്ച​ക​ൾ. ഒ​ടു​വി​ൽ അ​തൊ​ത്തു​തീ​ർ​പ്പാ​ക്കി.


 


പു​ന​ലൂ​ർ രാ​ജ​ന്റെ ചി​ത​ക്ക് മ​ക​ൻ ഡോ. ​ഫി​റോ​സ് രാ​ജ​ൻ തീ ​കൊ​ളു​ത്തു​ന്നു

പു​ന​ലൂ​ർ രാ​ജ​ന്റെ ചി​ത​ക്ക് മ​ക​ൻ ഡോ. ​ഫി​റോ​സ് രാ​ജ​ൻ തീ ​കൊ​ളു​ത്തു​ന്നു

രാ​ജേ​ട്ട​​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘം മീ​ഞ്ച​ന്ത​യി​ൽ ഒ​രു ച​ർ​ച്ച​ക്ക് മാ​ഷി​​​ന്റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മാ​ഷി​ന്റെ എ​ഴു​ത്തു​മു​റി സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. പെ​ണ്ണു​കാ​ണ​ലി​ല്ല, അ​തി​നെ​പ്പ​റ്റി ച​ർ​ച്ച​യു​ണ്ടാ​കി​ല്ല. അ​ജി​ത​യും ജീ​വി​ത​പ​ങ്കാ​ളി ടി.​പി. യാ​ക്കൂ​ബും വി.​ രാ​ജ​ഗോ​പാ​ലും ഭാ​ര്യ റാ​ണേ​ച്ചി​യും, മാ​തൃ​ഭൂ​മി​യി​ൽ ചി​ത്ര​ഭൂ​മി​യു​ടെ സ​ബ് എ​ഡി​റ്റ​റെ​ന്ന നി​ല​ക്ക് ദാ​മോ​ദ​ര​ൻ മാ​ഷി​​​ന്റെകൂ​ടി സു​ഹൃ​ത്താ​യ ബി.​ ജ​യ​ച​ന്ദ്ര​ൻ, പു​ന​ലൂ​ർ രാ​ജേ​ട്ട​ൻ, ഞാ​ൻ ഇ​ത്ര​യു​മാ​യി​രു​ന്നു ആ ​ച​ർ​ച്ചാ​സം​ഘം.

ഞ​ങ്ങ​ൾ മീ​ഞ്ച​ന്ത​യി​ലെ ദീ​ദി​യു​ടെ വീ​ട്ടി​ലെ ഔ​ട്ട് ഹൗ​സി​ൽ എ​ത്തി​യ ഉ​ട​ൻ മാ​ഷ് സോ​വി​യ​റ്റ് പ​ത​നം ച​ർ​ച്ച​യാ​യി എ​ടു​ത്തി​ട്ടു. പി​ന്നെ റ​ഷ്യ​ൻ വി​പ്ല​വം എ​ങ്ങനെ ലെ​നി​ൻ ന​ട​ത്തി എ​ന്ന​തി​ലേ​ക്ക് അ​ത് പ​ട​ർ​ന്നു. റ​ഷ്യ ക​ണ്ട, റ​ഷ്യ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂട്ടി​ൽ ഛായാ​ഗ്ര​ഹണം പ​ഠി​ച്ച രാ​ജേ​ട്ട​നും റ​ഷ്യ​ൻ വി​പ്ല​വ​ത്തി​ൽ മു​ങ്ങിനി​വ​ർ​ന്ന അ​ജി​തേ​ച്ചി​യും സോ​വി​യ​റ്റ് ചാ​ര​ൻ എ​ന്ന വി​ളി​പ്പേ​ര് കി​ട്ടും വ​രെ റ​ഷ്യ​ൻ പ​ക്ഷ​പാ​തി​യാ​യി​രു​ന്ന മോ​സ്കോ ഒ​ളി​മ്പി​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള രാ​ജ​ഗോ​പാ​ലേ​ട്ട​നും അ​ട​ക്കം എ​ല്ലാ​വ​രും അ​തി​ൽ ഉ​ട​ക്കി. 1905ന് ​ശേ​ഷം 1917 വ​രെ​യു​ള്ള കാ​ല​ത്ത് ലെ​നി​ൻ എ​വി​ടെ​യാ​യി​രു​ന്നു, എ​ത്രകാ​ലം റ​ഷ്യ​യി​ലു​ണ്ടാ​യി​രു​ന്നു എ​ന്ന വി​ഷ​യ​മാ​ണ് ദാ​മോ​ദ​ര​ൻ മാ​ഷ് ഉ​ന്ന​യി​ച്ച​ത്. റ​ഷ്യ​ൻ വി​പ്ല​വ​ത്തി​ൽ റ​ഷ്യ​യി​ൽ ജീ​വി​ച്ച് അ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത സ്റ്റാ​ലി​നു​ള്ള പ​ങ്ക് ലെ​നി​ന് ഇ​ല്ലെ​ന്നാ​യി മാ​ഷ്. അ​തി​നി​ട​യി​ൽ ദീ​ദി കോ​ള​ജ് വി​ട്ടുവ​ന്നു, കു​റ​ച്ചുനേ​രം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഫെ​മി​നി​സ്റ്റ് ആ​ക്ടി​വി​സ​ത്തി​​​ന്റെ ഭാ​ഗ​മാ​യി വി​വാ​ഹംത​ന്നെ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞേ​ക്കു​മോ എ​ന്ന ആ​ശ​ങ്ക കാ​ര​ണ​മാ​ണ് അ​നു​ന​യ​ത്തി​നാ​യി അ​ജി​തേ​ച്ചി​യെ​യും കൂ​ടെ ചേ​ർ​ത്തി​രു​ന്ന​ത്. അ​ത് മു​ന്നോ​ട്ടുപോ​യി. തൊ​ട്ടുമു​മ്പാ​ണ് കോ​ഴി​ക്കോ​ട്ടുവെ​ച്ച് ഫെ​മിനി​സ്റ്റു​ക​ളു​ടെ ആ​ദ്യ ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ന്ന​ത്. ദീ​ദി ആ ​സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.

ഞ​ങ്ങ​ളു​ടെ ക​ല്യാ​ണ സ​മ​യ​ത്ത് ത​ന്നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലെ ക്വാ​ർട്ടേ​ഴ്സി​ൽനി​ന്ന് പു​റ​ത്തുക​ട​ന്ന് കോ​ഴി​ക്കാ​ട്ട് ഒ​രു വീ​ടു വെക്കാൻ രാ​ജേ​ട്ട​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. അ​തി​നൊ​രു സ്ഥ​ലം തേ​ടി​യു​ള്ള രാ​ജേ​ട്ട​​​ന്റെ അ​ന്വേ​ഷ​ണ പ​ര​മ്പ​ര ഒ​രു നീ​ണ്ടയാ​ത്ര​യാ​യി​രു​ന്നു. എ​വി​ടെ​യെ​ങ്കി​ലും ജീ​വി​തം വേ​രു​പി​ടി​പ്പി​ക്കാ​നാ​വി​ല്ല എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു രാ​ജേ​ട്ട​ന്. ഒ​ടു​വി​ൽ വി.​ രാ​ജ​ഗോ​പാ​ലി​ന്റെ വീ​ടി​ന​ടു​ത്ത്, തി​രു​വ​ണ്ണൂ​രി​ലു​ള്ള മാ​തൃ​ഭൂ​മി ചീ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കോ​ഴി​പ്പു​റ​ത്ത് വേ​ണു​ഗോ​പാ​ലി​​​ന്റെ ത​റ​വാ​ട് വീ​ടി​നോ​ടു ചേ​ർ​ന്ന് ഒ​രു നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള ഒ​രു മ​ദ്രാസ് മു​ല്ല പൂ​ത്തുനി​ൽ​ക്കു​ന്ന​ത് രാ​ജേ​ട്ട​​​ന്റെ ക​ണ്ണി​ൽപെ​ടു​ന്ന​ത് അ​പ്പോ​ഴാ​ണ്. 1991ൽ ​ത​ന്നെ. അ​തു കാ​ണി​ക്കാ​ൻ എ​ന്നെ​യും ദീ​ദി​യെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ആ ​പൂ​മ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​ൻ ആ ​സ്ഥ​ലംത​ന്നെ താ​ൻ വാ​ങ്ങാ​ൻ പോ​കു​ന്നു എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​ന്റെ സി​ദ്ധാ​ന്തം. ആ ​സ്ഥ​ല​ത്തി​ന് പൗ​രാ​ണി​ക​മാ​യ ഒ​രു ച​രി​ത്ര​സാ​ന്നി​ധ്യമു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. അ​തി​ന്റെ വെ​ളി​പാ​ടാ​യി നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ആ ​പു​രാ​ത​ന മു​ല്ല​മ​ര​ത്തെ അ​ദ്ദേ​ഹം ക​ണ്ടു.

1994ൽ ​തി​രു​വ​ണ്ണൂ​രി​ൽ ‘സാ​ന​ഡു’ എ​ന്ന സ്വ​പ്ന​ഭ​വ​നം പ​ണിതീ​ർ​ന്നു. മു​ല്ല​പ്പൂ​മ​ര​ത്തി​​​ന്റെ വേ​രു​ക​ളെ ഒ​ട്ടും ഹ​നി​ക്കാ​തെ​യാ​ണ് വീ​ടി​​​ന്റെ പ്ലാ​ൻപോ​ലും ഉ​ണ്ടാ​ക്കി​യ​ത്. മ​രി​ക്കും വ​രെ സ്വ​ന്തം ശ​രീ​ര​ഭാ​ഗം പോ​ലെ​ത്ത​ന്നെ ആ ​മു​ല്ല​മ​രം സം​ര​ക്ഷി​ച്ചു. അ​തി​നു കാ​വ​ലാ​യി വീ​ടു വി​ട്ടെ​ങ്ങും പോ​യി​ല്ല. ആ ​ഓ​ർ​മ​മ​രം ഇ​പ്പോ​ഴും രാ​ജേ​ട്ട​​ന്റെ ഓ​ർ​മ​ക​ൾ വ​ഹി​ച്ച് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു.

2004-2012 കാ​ല​ത്ത് ഞാ​ൻ ‘ചി​ത്ര​ഭൂ​മി’യു​ടെ ചു​മ​ത​ല​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ ച​രി​ത്രസ്മ​ര​ണ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ഴ​യ നി​ശ്ച​ല ഛായാ​പ​ട​ങ്ങ​ൾ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ന്ന​ത് ഉ​ള്ള​ട​ക്ക​ത്തി​ന്റെ അ​വി​ഭാ​ജ്യ​ഭാ​ഗ​മാ​ക്കി മാ​റ്റി. ക​വ​റാ​യും സെ​ന്റർസ്‌​പ്രെ​ഡാ​യും ബ്ലാ​ക്ക് ആ​ൻഡ് വൈറ്റ് ചി​ത്ര​ങ്ങ​ൾ അ​ടി​ച്ചുവ​ന്നു. പു​ന​ലൂ​ർ രാ​ജ​ൻ, സം​വി​ധാ​യ​ക​ൻ ശി​വ​ൻ, ചെ​ന്നൈ​യി​ലെ പി.​ ഡേ​വി​ഡ് എ​ന്നി​വ​രു​ടെ നി​ര​വ​ധി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ അ​തു​വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ‘ചി​ത്ര​ഭൂ​മി’​ക്ക് വ​ലി​യ നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്.

2012 മാ​ർ​ച്ച് 28ന് ​ദാ​മോ​ദ​ര​ൻ ​മാ​ഷ് വി​ടവാ​ങ്ങി​യ​തി​ൽ പി​ന്നെ രാ​ജേ​ട്ട​ൻ മീ​ഞ്ച​ന്ത​യി​ലെ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രി​ക്ക​ലും വ​ന്നി​ല്ല. രാ​ജേ​ട്ട​ൻ വി​ടവാ​ങ്ങു​ന്ന​തുവ​രെ എ​ല്ലാ മാ​ർ​ച്ച് 28നും ​ഓ​ർ​മി​ച്ചു വി​ളി​ക്കും. ‘‘ഇ​ന്ന​ല്ലേ’’ എ​ന്ന്. പി​ന്നെ ഒ​ന്നും മി​ണ്ടി​ല്ല. മാ​ഷി​ന്റെ അ​ഞ്ചാം ഓ​ർ​മവ​ർ​ഷം ദീ​ദി എ​ഡി​റ്റ് ചെ​യ്ത മാ​തൃ​ഭൂ​മി​യു​ടെ ‘ടി.​ ദാ​മോ​ദ​ര​ൻ’ എ​ന്ന ഓ​ർ​മ​പ്പു​സ്ത​കം രാ​ജേ​ട്ട​നാ​യി​രു​ന്നു ഏറ്റുവാ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​വ​സാ​ന നി​മി​ഷം പി​ൻ​വാ​ങ്ങി. ‘‘എ​നി​ക്ക് ക​ഴി​യു​ന്നി​ല്ല’’ എ​ന്ന് അ​റി​യി​ച്ചു.

2016ൽ ​റ​ഷ്യ​യും സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർ​ഗും സന്ദർശിക്കാൻ ഞാ​നും ദീ​ദി​യും മു​ക്ത​യും പു​റ​പ്പെ​ടു​മ്പോ​ൾ അ​ത് ഒ​രാ​യു​ഷ്കാ​ലം റ​ഷ്യ​യെ ത​ങ്ങ​ളുടേ​താ​യ രീ​തി​യി​ൽ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ര​ണ്ട് പി​താ​മ​ഹ​ന്മാ​ർ പ​ക​ർ​ന്നുത​ന്ന അ​റി​വു​ക​ളി​ലൂ​ടെ​യു​ള്ള ഒ​രു യാ​ത്ര​യാ​യി​രു​ന്നു.

വി​ടപ​റ​യു​ന്ന ദി​വ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ (2020 ആ​ഗ​സ്റ്റ് 14) ഫോ​ൺകാ​ൾവ​രെ​യും പു​ന​ലൂ​ർ രാ​ജ​ൻ എ​ന്ന ക​രു​ത​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​മാ​യി​രു​ന്നു അ​ത്. ശ്വാ​സംമു​ട്ട​ൽ ക​ല​ശ​ലാ​യി​ട്ടും ആ​ശുപ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു നി​ന്നു. അ​തി​​​ന്റെ കാ​ര​ണ​വും സ്വ​ന്തം മ​ര​ണ​ത്തേ​ക്കാ​ളും ത​​​ന്റെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ജീ​വ​നി​ലു​ള്ള ക​രു​ത​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ പ​ഴ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​ഹൃ​ദ്സം​ഘ​ത്തി​ൽ​പെ​ട്ട, മിം​സി​ലെ എ​മ​ർ​ജൻ​സി മെ​ഡി​സി​ൻ മേ​ധാ​വി​യാ​യ ഡോ. ​വേ​ണു​ഗോ​പാ​ൽ വ​ഴി ഒ​രു ആം​ബു​ല​ൻ​സ് സ​ജ്ജ​മാ​ക്കി രാ​ജേ​ട്ട​നെ മിം​സ് ആ​ശുപത്രി​യി​ലെ​ത്തി​ച്ചു. ത​ങ്ക​മ​ണി ചേ​ച്ചി ആശുപ​ത്രി​യി​ലേ​ക്ക് ഒ​പ്പം വ​രു​ന്ന​തി​ന് അ​ദ്ദേ​ഹം എ​തി​രാ​യി​രു​ന്നു. വ​രു​ക​യേ ചെ​യ്യ​രു​ത് എ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. മ​ക​ൻ ഡോ.​ ഫി​റോ​സ് രാ​ജ​ൻ (ഓ​ങ്കോ സ​ർ​ജ​ൻ, കോ​വൈ മെ​ഡി​ക്ക​ൽ സെ​ന്റ​ർ) രാ​ത്രി പ​ത്തുമ​ണി​യോ​ടെ കോ​യ​മ്പ​ത്തൂ​രി​ൽനി​ന്നും മിം​സി​ലെ​ത്തി. അ​ർ​ധ​രാ​ത്രി ക​ഴി​യും വ​രെ​യും പ്ര​ത്യാ​ശ​യു​ണ്ടാ​യി​രു​ന്നു. മ​ലേ​ഷ്യ​യി​ൽനി​ന്നും മ​ക​ൾ ഡോ. ​പോ​പ്പി രാ​ജ​ൻ (ക്വാ​ലാ​ലം​പുർ മെ​ഡി​ക്ക​ൽ കോ​ള​ജ്) വി​ളി​ച്ചുകൊ​ണ്ടേ​യി​രു​ന്നു. ത​ന്നെ കാ​ണാ​തെ അ​ച്ഛ​ന് പോ​കാ​നാ​കി​ല്ലെ​ന്ന് പോ​പ്പി പ്ര​ത്യാ​ശി​ച്ചു. പു​ല​ർച്ച 1.40 ആ​യ​പ്പോ​ൾ ആ ​പ്ര​ത്യാ​ശ കൈ​വി​ട്ട് ഫി​റോ​സിന്റെ വി​ളിവ​ന്നു. അ​ച്ഛ​ൻ ഇ​നി ഇ​ല്ല എ​ന്ന്. പൊ​ടു​ന്ന​നെ എ​ല്ലാം നി​ശ്ശ​ബ്ദ​മാ​യി. മ​ര​ണ​ത്തിന്റെ വ​ഴി​ക​ൾ അ​തി​നു മാ​ത്ര​മ​റി​യാം. അ​നി​വാ​ര്യ​മാ​യ ആ ​വി​ധി​യി​ലേ​ക്ക് ഓ​രോ​രു​ത്ത​രും ഒ​റ്റ​ക്ക് ന​ട​ക്കു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ (1990-2020) വ​ലി​യ നി​ശ്ശബ്ദത പു​ന​ലൂ​ർ രാ​ജ​ൻ ഫോ​ട്ടോ​ഗ്രഫി​യി​ൽ പ്ര​ക​ട​മാ​ണ്. അ​തി​നെ സാ​ങ്കേ​തി​കവി​ദ്യ​യി​ൽ വ​ന്ന പ​രി​ണാ​മ​മാ​യി ചു​രു​ക്കി​യെ​ഴു​താ​നാ​വി​ല്ല.

1964ലെ ​പാ​ർ​ട്ടി പി​ള​ർ​പ്പി​നുശേ​ഷ​മാ​ണ് സി​നി​മ​യെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി പാ​ർ​ട്ടി രാ​ജേ​ട്ട​നെ മോ​സ്കോ​യി​ലേ​ക്ക​യ​ക്കുന്ന​ത്. എ​ന്നി​ട്ടും തി​രി​ച്ചുവ​ന്ന് അ​ദ്ദേ​ഹം സി​നി​മ​യി​ലേ​ക്ക് ക​ട​ന്നി​ല്ല എ​ന്ന​തും പ​ഠി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. സി​നി​മ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല എ​ന്ന് പ​റ​യാ​നാ​വി​ല്ല. 1995നും 2000ത്തി​നും ഇ​ട​യി​ലെ​പ്പോ​ഴോ ആ​യി​രു​ന്നു അ​ദ്ദേ​ഹം ഒ​രു സി​നി​മ​യെ​ടു​ക്കാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ​ത്. ത​മി​ഴി​ലാ​യി​രു​ന്നു അ​ത് ആ​ലോ​ചി​ച്ച​ത്. ദീ​ദി​യോ​ട് തി​ര​ക്ക​ഥ എ​ഴു​താ​ൻ പ​റ​ഞ്ഞു. ‘‘നീ​യാ​ണ് നാ​യ​ക​ൻ’’ എ​ന്ന് എ​ന്നോ​ടും. ഒ​രു നെ​ൽ​വി​ത്തി​ന്റെ നീ​ണ്ടയാ​ത്ര​യു​ടെ പ​രി​ണാ​മ​ക​ഥ​യാ​യി​രു​ന്നു അ​ത്. സി​നി​മ ഷൂ​ട്ട് ചെ​യ്യാ​ൻ റ​ഷ്യ​യി​ൽനി​ന്നും താ​ർ​ക്കോ​വ്സ്കി​യു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ യൂ​സോ​ഫ് വ​രും എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ അ​മ്പ​ര​ന്നുനി​ന്നു. യൂ​സോ​ഫ് ഉ​ണ്ടോ? സം​ശ​യ​മാ​യി. ചി​ക​ഞ്ഞുനോ​ക്കി​യ​പ്പോ​ൾ ശ​രി​യാ​യി​രു​ന്നു. താ​ർ​ക്കോ​വ്സ്കി​യു​ടെ ‘സ്ട്രീം ​റോ​ള​ർ ആ​ൻഡ് ദ ​വ​യ​ലി​ൻ’ (1960), ‘ ഐ​വാ​ൻ​സ് ചൈ​ൽ​ഡ്ഹുഡ്’ (1962), ‘ആ​ന്ദ്രേ റൂ​ബ്ലോ​വി’ (1966), ‘സൊ​ളാ​രി​സ്’ (1972) എ​ന്നീ സിനിമകളുടെ ഛായാ​ഗ്രാ​ഹ​ക​നാ​ണ്. രാ​ജേ​ട്ട​ൻ പ​ഠി​ച്ച മോ​സ്കോ ഫി​ലിം സ്കൂ​ളി​ലെ പ്രഫ​സ​റാ​യി​രു​ന്നു.

അ​റു​പ​തു​ക​ളി​ൽ എ.​ വി​ൻ​സ​ന്റ് മാ​സ്റ്റ​ർ ‘മു​റ​പ്പെ​ണ്ണും’ പി.​ ഭാ​സ്ക​ര​ൻ മാ​സ്റ്റ​ർ ‘ഇ​രു​ട്ടി​​​ന്റെ ആ​ത്മാ​വും’ പി.​എ​ൻ.​ മേ​നോ​ൻ ‘ഓ​ള​വും തീ​ര​വും’ എ​ടു​ക്കു​മ്പോ​ൾ നി​ശ്ച​ല ഛായാ​ഗ്രാ​ഹ​ക​നാ​യി പു​ന​ലൂ​ർ രാ​ജ​ന്റെ കാ​മ​റ​യാ​ണ്. എ​ന്നാ​ൽ, ആ​ർ​ട്ട് സ്കൂ​ൾ സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ക​രു​ത്താ​ർ​ജി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം വി​ട്ടുനി​ന്നു. ആ ​പി​ൻ​വാ​ങ്ങ​ൽ കമ്യൂണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ഒ​രു സ്വ​ന്തം ച​ല​ച്ചി​ത്ര​കാ​ര​ൻ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. അ​ത് മൂ​ല​ധ​ന​ത്തി​​​ന്റെ വി​ജ​യ​വും സി​നി​മ​യു​ടെ പ​രാ​ജ​യ​വു​മാ​ണ്.

2020 ആ​ഗ​സ്റ്റ് 15, പു​ല​ർ​ച്ചെ 1.40ന് ​മ​ര​ണം ക​ണ്ണുതു​റ​ന്ന​പ്പോ​ൾ അ​തു​വ​രെ എ​ടു​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഛായാ​പ​ടംപോ​ലെ പി​റ​ക്കു​ന്നു പു​ന​ലൂ​ർ രാ​ജ​ൻ എ​ന്ന പു​തി​യ ഛായാ​പ​ടം. ഇ​നി അ​ന​ശ്വ​രം, എ​ന്നും 81 വ​യ​സ്സ്. ഒ​രു പു​ന​ലൂ​ർ രാ​ജ​ൻ ക്ലി​ക് പോ​ലെ മാ​നാ​രി​പ്പാ​ടം ശ്മ​ശാ​ന​ത്തിൽ, മ​ഹാ​മാ​രി​യി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​രെമാ​ത്രം സാ​ക്ഷി​യാ​ക്കി, ദ​ഹി​ച്ചു.

(തു​ട​രും)

News Summary - Madhyamam column on punalur rajan