മർക്കടക്കൂട്ടങ്ങളുടെ പൂമാലസംവാദം; ഇതാണോ കേരളം അർഹിക്കുന്ന രാഷ്ട്രീയ നിലവാരം?
വ്യക്തിയെ ആശ്രയിച്ചല്ല രാഷ്ട്രീയം, വ്യക്തിപരമായതിലെല്ലാം രാഷ്ട്രീയമുണ്ടെങ്കിലും. രാഷ്ട്രമീമാംസയിലെ ഒരടിസ്ഥാനപാഠമാണത്. എന്നാൽ, കൈകാര്യക്കാരായ വ്യക്തികൾ ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗമുഖമാണ്. അവയുടെ നിലവാരം, അവർ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിന്റെ നിലവാരം നിശ്ചയിക്കുമെന്നതാണ് ചരിത്രത്തിൽനിന്നുള്ള അനുഭവപാഠം. ഒരു പ്രത്യേക വേഷം...
Your Subscription Supports Independent Journalism
View Plansവ്യക്തിയെ ആശ്രയിച്ചല്ല രാഷ്ട്രീയം, വ്യക്തിപരമായതിലെല്ലാം രാഷ്ട്രീയമുണ്ടെങ്കിലും. രാഷ്ട്രമീമാംസയിലെ ഒരടിസ്ഥാനപാഠമാണത്. എന്നാൽ, കൈകാര്യക്കാരായ വ്യക്തികൾ ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗമുഖമാണ്. അവയുടെ നിലവാരം, അവർ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിന്റെ നിലവാരം നിശ്ചയിക്കുമെന്നതാണ് ചരിത്രത്തിൽനിന്നുള്ള അനുഭവപാഠം. ഒരു പ്രത്യേക വേഷം ചില നടീനടന്മാർ ചെയ്യുമ്പോൾ അരങ്ങിന്റെ അനുഭവതലംതന്നെ മാറിപ്പോകുംപോലെ. പ്രത്യയശാസ്ത്ര വ്യത്യസ്തതകൾക്കപ്പുറം കേരള രാഷ്ട്രീയത്തിന്റെ നടപ്പുനിലവാരം എങ്ങനെ? അരങ്ങത്തുള്ള നടീനടന്മാരുടെ രാഷ്ട്രീയപ്പെരുമാറ്റം നോക്കിയാൽ വ്യക്തമാകും.
കെ. മുരളീധരൻ പറയുകയാണ്: ''നാട്ടിൽ ക്രമസമാധാനമുണ്ടാക്കേണ്ട ബാധ്യതയൊന്നും ഞങ്ങൾക്കില്ല, അതൊക്കെ ഭരണകക്ഷിക്ക് പറഞ്ഞിട്ടുള്ളതാണ്.'' ഇന്നലെ കുരുത്ത രാഹുൽ മാക്കൂട്ടമല്ല ചുമതലാബോധത്തിന്റെ ഈ രാഷ്ട്രീയനിലവാരം പരസ്യമായി പ്രകടിപ്പിക്കുന്നത്. കെ.പി.സി.സി അധ്യക്ഷനും പലകുറി ജനപ്രതിനിധിയുമൊക്കെയായ ഒരു 'മുതിർന്ന' നേതാവാണ്. പോരെങ്കിൽ, നേതാക്കളുടെ നേതാവെന്ന് പുകഴ്പ്പെറ്റ ഒരച്ഛന്റെ പാരമ്പര്യവാഹിയുമാണ് (അച്ഛന് ഇടക്കാലത്ത് മകനും, മകന് പിന്നീട് അച്ഛനും ബാധ്യതയായ ചരിതം നിൽക്കട്ടെ). നാട്ടിലെ തെരുവുഗുണ്ടകളെ ഇക്കിളിപ്പെടുത്തുന്ന ഈ രാഷ്ട്രീയ മനോഭാവം ഇങ്ങനെ വെളിപ്പെടുത്തുന്നത്, ഒരു കള്ളക്കടത്തുകാരിയുടെ മൊഴി മുൻനിർത്തി പ്രതിഷേധസമരംകൊണ്ട് നാടാകെ ക്ഷുബ്ധമാക്കുന്ന സ്വന്തം പാർട്ടിയെ ന്യായീകരിക്കുന്ന തിരക്കിനിടെയാണ്. പരിഭാഷ സുതാര്യം; കേട്ടത് നേരായാലും അല്ലെങ്കിലും ഞങ്ങൾ നാട്ടിൽ അലമ്പുണ്ടാക്കും, നാട്ടാർക്ക് സമാധാനമുണ്ടാക്കേണ്ട പണി പ്രതിപക്ഷത്തിനില്ല.
മുരളീരവം ഇങ്ങനെയായതിൽ രോമാഞ്ചത്തിനൊന്നും വകയില്ല. സാക്ഷാൽ പ്രതിപക്ഷ നേതാവിന്റെ നിത്യഭ്യാസം നോക്കൂ. മുഖ്യമന്ത്രിക്കു നേരെയുണ്ടായ വ്യോമാഭ്യാസത്തെ ടിയാൻ സർവാത്മനാ പിന്തുണക്കുന്നു. നനഞ്ഞുപോയാൽ പിന്നെ മുങ്ങിക്കുളിക്കണം. വിമാനസംഭവത്തിനുമേലുള്ള കേസിനെപ്പറ്റി നാരിഴകീറിയാണ് അപഗ്രഥനം. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിമാനമിറങ്ങിക്കഴിഞ്ഞിരുന്നെന്നും ഇ.പി. ജയരാജൻ പാവം യൂത്ത് കോൺഗ്രസ് സഞ്ചാരികളെ ആക്രമിക്കുകയാണുണ്ടായതെന്നുമാണ് വാദച്ചുരുക്കം. അപ്പോൾപിന്നെ, നിഷ്കളങ്ക ഗാന്ധിക്കുഞ്ഞുങ്ങൾ ആരോടാണ് പ്രതിഷേധിച്ചതും പടംപിടിച്ച് ചാനലുകൾക്ക് കൊടുത്തതും? ലൈൻബസിൽ അന്തിപ്പത്രം വിൽക്കുന്നവരെപ്പോലെ ചുമ്മാ കരിങ്കൊടിയും മുദ്രാവാക്യവുമായി വിമാനയാത്രികരെ ബോധവത്കരിക്കുകയായിരുന്നോ? എങ്കിൽ, മുഖ്യമന്ത്രി കയറിയ വണ്ടിയിൽ മാത്രമല്ല, മറ്റു വിമാനസർവിസുകളിലും ഈ ഉദ്ബോധനസവാരി നടത്തേണ്ടേ?
ഇനി, മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധമറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നിരിക്കട്ടെ. അപ്പോഴും പ്രതിഷേധമല്ല പ്രശ്നം, വേദിയാണ്. തെരുവിലോ സെക്രട്ടേറിയറ്റ് പടിക്കലോ നിയമസഭയിലോ സംഗതിയാവാം. പക്ഷേ, ഭൂതല അഭ്യാസങ്ങൾക്ക് ആകാശത്ത് വിലക്കുണ്ട്. അതിന് കാരണം മുഖ്യമന്ത്രിയല്ല, രാഷ്ട്രീയംപോലുമല്ല. വിമാനയാത്ര പ്രാഥമികമായിത്തന്നെ ജീവന് റിസ്കുള്ള ഏർപ്പാടാണ്. യാത്രക്കാരുടെ സുരക്ഷ വല്ലാതെ കണ്ട് സന്ദിഗ്ധമായിരിക്കുന്നതിനാലാണല്ലോ ടിക്കറ്റിൽ ഇൻഷുറൻസ് തുക കൂടി വകകൊള്ളിക്കുന്നത്. അഥവാ, വിമാനം എന്ന വേദിയിൽ പൗരന്റെ അവകാശങ്ങൾ നിയന്ത്രിതമാണ്, പലതും നിരോധിതവും. വി.ഡി. സതീശന്റെ ആമാശയസ്വാതന്ത്ര്യം മാനിച്ച് ടേക്കോഫ് നേരത്തും ലാൻഡിങ് നേരത്തും സീറ്റ്ബെൽറ്റ് ഇടേണ്ട എന്ന് നിശ്ചയിക്കാൻ മുഖ്യമന്ത്രിക്കോ പ്രതിപക്ഷ നേതാവിനോ അവകാശമുണ്ടോ? അടിസ്ഥാനപരമായി വിമാനം ഒരു പ്രതിഷേധവേദിയല്ല -സമരം ജനാധിപത്യപരമായാലും അല്ലെങ്കിലും. അതല്ലെങ്കിൽപിന്നെ വിമാനം റാഞ്ചിയുള്ള പ്രതിഷേധമാകണം. അത് വിധ്വംസക കലയുടെ പട്ടികയിൽ വരും.
പ്രതിപക്ഷ നേതാവ്, കെ.എസ്.യു നിലവാരത്തിൽ കുതർക്കം, പിടിവാശി, വീരസ്യം ഇത്യാദികളിൽ അനുദിനം മുങ്ങിക്കുളിക്കുമ്പോൾ കെ.പി.സി.സി അധ്യക്ഷനെങ്ങനെ? ദോഷം പറയരുതല്ലോ, ചിരപുരാതനമായ സ്വന്തം നിലവാരം ടിയാൻ കണിശതയോടെ പുലർത്തി. വ്യോമാഭ്യാസികളായ യുവാക്കൾക്ക് 'എന്റെ കുട്ടികൾ' എന്നായിരുന്നു മൂപ്പന്റെ ചൊല്ലുവിളി. മാഫിയ ഡോൺ നടത്താറുള്ള 'മൈ ബഡി' പ്രയോഗംപോലെ. കുട്ടികൾ ഒന്നുമേ ചെയ്തില്ല. ചെയ്തെതാക്കെ ജയരാജനാണ്, പാവം കുട്ടികളുടെ മൂക്കിടിച്ച് പരത്തിയതിനാൽ സ്കാനിങ് വേണ്ടിവന്നു. ഇതിനൊക്കെ ശക്തമായ മറുപടി നൽകും. അങ്ങനെ പോയി കോൺഗ്രസ് ഡോണിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഗൺമാനാണോ ജയരാജൻ എന്നായി വി.ടി. ബൽറാമും ഷാഫി പറമ്പിലും പോലുള്ള നവബാല്യക്കാർ. സുധാകരൻ ആരെന്നറിയാൻ ജയരാജൻ ചെവിപ്പുറമൊന്ന് തടവിനോക്കിയാൽ മതിയെന്ന തച്ചോളി വായ്ത്താരിയിലേക്ക് കടന്നു, ചാനൽചർച്ചകളിലെ ഉച്ചഭാഷിണി, ബി.ആർ.എം. ഷഫീർ. ചുരുക്കിയാൽ, കുമ്പക്കുടി സുധാകരന്റെ നിലവാരത്തിലേക്ക് കോൺഗ്രസ് മൊത്തത്തിലങ്ങ് പുരോഗമിക്കുന്നു എന്ന് സാരം.
ഈ ബാലിശതയെല്ലാം പിറക്കുന്നത് പ്രത്യാക്രമണം എന്നനിലക്കാണ്. അവിടെയാണ് ഭരണകക്ഷി നേതാക്കളുടെ നിലവാരം ഫോക്കസിൽ വരുക -ചങ്കരനൊത്തല്ലേ ചക്കി തൻ മ്യാവൂ? ഇടതുമുന്നണി കൺവീനറാണ് ഇ.പി. ജയരാജൻ. പ്രതിഷേധക്കാരിൽനിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ടിയാൻ അവരെ തള്ളിയിട്ടത് മനസ്സിലാക്കാം. ആകാശത്തല്ല ഭൂമിയിലായാലും 77 കഴിഞ്ഞ വൃദ്ധനായ ഒരു മനുഷ്യനു നേർക്ക് പ്രതിഷേധിച്ചടുക്കുന്നവരെ കണ്ടുനിൽക്കുന്നവർ തള്ളിമാറ്റും. അസ്ഥാനത്ത് കയറി എടങ്ങേറുണ്ടാക്കുന്നവർക്കിട്ട് രണ്ട് പൊട്ടിച്ചെന്നുമിരിക്കും. വകതിരിവുള്ള ഏതു മനുഷ്യനും അത് ചെയ്തെന്നിരിക്കും എന്നത്, സുധാകര കോൺഗ്രസിലെ ബാലബുദ്ധിക്കാർക്ക് മാത്രമേ തിരിയാതുള്ളൂ. തിരിയാൻ അവർ മാനുഷിക പൗരത്വത്തിലേക്ക് മുതിരണം. ഇങ്ങനെ ആകാശത്തുവെച്ച് സ്വാഭാവിക മനുഷ്യപ്രതികരണം നടത്തിയ ജയരാജൻ ഭൂമിയിലിറങ്ങിയതും ലൈൻ മാറ്റി -പ്രതിഷേധക്കാരെ വാട്ടീസടിച്ച് ലക്കുകെട്ടവരായി പ്രഖ്യാപിക്കുന്നു. അവിടെ മുതൽക്കാണ് രാഷ്ട്രീയനിലവാരത്തിന്റെ ഊറിവരവ്.
അനിഷ്ടക്കാരെയും പ്രതിയോഗികളെയും പൊതുബോധത്തിന്റെ യാഥാസ്ഥിതിക മൂല്യകൽപനകൾക്ക് സുഖിക്കുംവിധം താറടിക്കുക ഒരു പരമ്പരാഗത നാട്ടുമുറയാണ്. ലഹരിയുപയോഗവും ലൈംഗികബന്ധങ്ങളുമാണ് ഈ അനുഷ്ഠാനകലയിലെ ജനപ്രിയ ഇനങ്ങൾ. സാക്ഷരതയിൽനിന്ന് ഡിജിറ്റൽ സാക്ഷരതയിലേക്കും അവിടന്ന് നോളജ് ഇക്കോണമിയിലേക്കുമൊക്കെ കുതിക്കുന്ന കേരളീയ പൊതുബോധം ഇന്നും നിഷ്ഠയോടെ ചുമക്കുന്ന ഫ്യൂഡൽ ഉച്ഛിഷ്ടങ്ങൾ. അതിലൊന്ന് കൂസലന്യേ എടുത്ത് വിളമ്പുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗം. അത് പക്ഷേ സാംസ്കാരിക നിലവാരത്തിനൊപ്പം ബൗദ്ധിക നിലവാരംകൂടി സ്വയമറിയാതെ വെളിവാക്കിയ പ്രയോഗമായിപ്പോയി. ഒന്നാമത്, കുടിച്ച് ലക്കുകെട്ടവരെ വിമാനത്തിൽ കയറ്റാറില്ല. ഇനി, വിമാനത്തിനുള്ളിൽവെച്ചാണ് പൂസായതെന്ന് പറയാനും നിവൃത്തിയില്ല -ഇന്ത്യയിലെ ആഭ്യന്തര സർവിസുകളിൽ മദ്യംവിളമ്പാറില്ല. രണ്ട്, ലക്കുകെട്ടവർക്കെങ്ങനെയാണ് നാവു കുഴയാതെ മുദ്രാവാക്യം വിളിക്കാനാവുക? അതുംപോട്ടെ, പിടിക്കപ്പെട്ട സ്ഥിതിക്ക് വിമാനമിറങ്ങിയാലുടൻ വൈദ്യപരിശോധന നടത്തില്ലേ? ഇത്തരം ലളിതവസ്തുതകൾപോലും താറടിക്കുംതലയിൽ ഉദിച്ചില്ല (വാസ്തവത്തിൽ ലക്കുകെട്ടത് ആർക്കാണെന്ന് മറുത്ത് ചോദിക്കേണ്ടിവരും). അങ്ങനെ, താൻ ചെയ്ത ഒരു നല്ല കാര്യത്തെക്കൂടി വഴിയാധാരമാക്കുകയാണ് ഇമ്മാതിരി അനുബന്ധ പ്രതികരണങ്ങൾവഴി, തലമൂത്ത നേതാവ്.
മറ്റൊരു മുതിർന്ന തല വേഗം തന്നെ മൈക്കെടുത്തു -കോടിയേരി ബാലകൃഷ്ണൻ. ആവേശപ്പൊങ്കാലക്കിടെ, മുഖ്യമന്ത്രി വിമാനമിറങ്ങിയ ശേഷമാണ് പ്രതിഷേധപ്രകടനമെന്നായി പൊളിറ്റ് ബ്യൂറോ മെംബർ. എങ്കിൽപിന്നെ വധശ്രമം പോയിട്ട് അതിക്രമത്തിന്റെ പോലും പ്രശ്നമുദിക്കുന്നില്ലല്ലോ. അസ്ഥാനത്തെ അനൗചിത്യത്തിന് വിമാനക്കമ്പനിക്കാർ പരാതിപ്പെടാം; സിവിൽ ഏവിയേഷൻ വകുപ്പ് ശിക്ഷാവിധി പുറപ്പെടുവിക്കാം, അത്രതന്നെ.
പ്രശ്നം, ഇപ്പറഞ്ഞ രണ്ട് മുതിർന്ന നേതാക്കളുടെയും ബാലിശമായ എടുത്തുചാട്ടമാണ്. വധശ്രമത്തിലേക്ക് കേസ് വിപുലപ്പെടുത്താൻ ഭരണകക്ഷിക്ക് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഇമ്മാതിരി വിടുവാ പാടില്ലായിരുന്നു. പക്ഷേ, അങ്ങനെയൊരു തന്ത്രം അവലംബിക്കുന്നത് പിൻബുദ്ധിയിലാണ്. രാഷ്ട്രീയതന്ത്രം വികസിപ്പിക്കുക രാഷ്ട്രീയബുദ്ധിയാലാണ്; പാരമ്പര്യവിത്തായ നാടൻബുദ്ധിയാലല്ല. മറിച്ചാവുമ്പോൾ അത് രാഷ്ട്രീയശൂന്യമാകുന്നു. ടി ശൂന്യതയുടെ സ്വാഭാവികവിത്താണ് തലമുതിർന്നവരുടെ ബാലിശത. അതാണ് സുധാകര കോൺഗ്രസിന്റെ മുഖമുദ്ര. മുഖം മറ്റൊന്നാണെങ്കിൽ സഖാക്കളും ഏതാണ്ട് അതേ മുദ്ര പിടിക്കുന്നു.
ഈ ബാലഗോകുലലീലയുടെ ഹേതുഭൂതത്തിലേക്ക് വരുമ്പോഴാണ് രാഷ്ട്രീയശൂന്യതയുടെ വിളയാട്ടം കെങ്കേമമാവുക. സ്വർണം കള്ളക്കടത്ത് നടത്തിയ വകയിൽ ഏഴു കേസിൽ മുഖ്യപ്രതിയായ ഒരു സ്ത്രീയുടെ ഏറ്റവും പുതിയ കള്ളക്കടത്താണ് ആധാരശില. കടത്തുകാർ പല മാർഗങ്ങൾ അവലംബിക്കും, കസ്റ്റംസിനെ കടത്തിവെട്ടാൻ. അങ്ങനെ ആവിഷ്കരിച്ച നൂതനമുറയായിരുന്നു ഡിേപ്ലാമാറ്റിക് ബാഗേജ് വഴിയുള്ള കടത്ത്. സ്വാഭാവികമായും ബന്ധപ്പെട്ട ഡിേപ്ലാമാറ്റുകൾ അറിയാതെ സംഗതി നടപ്പില്ല. അതുകൊണ്ടാണ് പിടിക്കപ്പെട്ട ഉടനെ രണ്ട് അറബിത്തമ്പ്രാക്കളും അക്കരെക്ക് തടിതപ്പിയത്. ശിഷ്ടമുള്ള പരൽമീനുകളാണ് വലയിലായത്. അതിൽ പ്രമുഖയാണ് സ്വപ്ന സുരേഷ്. അന്വേഷണം കഴിച്ച് കുറ്റപത്രവും നൽകിക്കഴിഞ്ഞ കേസിൽ, ജാമ്യത്തിലിറങ്ങിയപാടേ ഈ പ്രതിക്ക് സംഘ്പരിവാർ വക എൻ.ജി.ഒ സ്ഥാപനത്തിൽ മുന്തിയ ഉേദ്യാഗം. ഈ കഥാപാത്രത്തിൽ ദേശദ്രോഹക്കുറ്റം വരെ ആരോപിച്ചത് ദേശാഭിമാനത്തിന്റെ അപ്പോസ്തലന്മാരായ ഇതേ കൂട്ടരാണെന്നോർക്കണം. മറ്റെന്തെങ്കിലും സ്തുത്യർഹസേവനം ചെയ്ത ട്രാക്ക് റെക്കോഡില്ല, വല്ലതും കാര്യമായി വിദ്യാഭ്യാസം ചെയ്തതിന്റെ സർട്ടിഫിക്കറ്റില്ല, കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കേസ് വേറെ കിടപ്പുണ്ടുതാനും. ഇത്രക്ക് ലക്ഷണമൊത്ത ഒരു സംശയാസ്പദപുള്ളിയെ കോടതിവിചാരണക്കുമുമ്പേ തന്നെ പിടിച്ച് കസേര കൊടുക്കാൻ ഒരു സ്ഥാപനവും തയാറാവില്ല. എന്നിരിെക്ക, വ്യക്തമായ ക്രിമിനൽ പശ്ചാത്തലവും വ്യാപകമായ കുപ്രസിദ്ധിയുമുള്ള ഒരാളെ ക്ഷണിച്ചുവരുത്തി തലയിലേറ്റുക ആരാവും, എന്തിനാവും?
തന്റെ പുതിയ സ്വദേശി സുൽത്താന്മാർക്കുവേണ്ടി പ്രതി നടത്തിയ കള്ളക്കടത്താണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യ(!)വാങ്മൂലവും 164 മൊഴിയും. താൻ കുറെക്കാലം മുമ്പ് പറഞ്ഞത് അന്വേഷകരായ ഇ.ഡി അന്വേഷിച്ചില്ല എന്നതാണ് അവരുടെ ആവലാതിയുടെ കാതൽ. അതായത്, മുഖ്യമന്ത്രിയും കുടുംബവും ചീഫ് സെക്രട്ടറി, മന്ത്രി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർ സാമൂഹികവിരുദ്ധവും ദേശവിരുദ്ധവുമായ പണിയെടുത്തെന്ന്. എന്തൊക്കെയാണ് ആ പണികൾ?
'രഹസ്യമൊഴി' പ്രതിതന്നെ നിത്യേനയെന്നോണം പരസ്യപ്പെടുത്തുന്നുണ്ട് -അതിൽനിന്നുതന്നെ അജണ്ട വ്യക്തം. അതുപ്രകാരമുള്ള ചെയ്തികൾ നോക്കാം. മുഖ്യമന്ത്രിയുടെ മകൾക്ക് ഗൾഫിൽ ഐ.ടി കമ്പനി തുടങ്ങാൻ അറബിസുൽത്താന്റെ ഒത്താശ തേടുന്നു. ആയതിലേക്ക് കൈക്കൂലി ഡോളറിൽ. അറബി സുൽത്താന്മാരെ, അവരുടെ ആസ്തിക്കണക്ക് വെച്ച് തുച്ഛമായ ചില്ലറ മാത്രം വരുന്ന കൈമടക്ക് കൊടുത്ത് വശത്താക്കുന്ന കേരള മുഖ്യമന്ത്രി വാസ്തവത്തിൽ കൈയടി അർഹിക്കുന്നില്ലേ? നാട്ടിൽ ഗതിയില്ലാഞ്ഞ് അക്കരപറ്റുന്ന ലക്ഷക്കണക്കിന് മലയാളികളെ തീറ്റിപ്പോറ്റുന്ന സുൽത്താൻ, ഇതേ അയിറ്റുപ്പിഴകളുടെ നാടുവാഴിയേക്കാൾ എത്രയോ കീഴിലായിപ്പോവുകയല്ലേ!
കോൺസുലേറ്റിൽനിന്ന് ബിരിയാണിച്ചെമ്പ് ക്ലിഫ് ഹൗസിൽ എത്തിച്ചതാണ് മറ്റൊരു നിഗൂഢരഹസ്യം. ചെമ്പിന് സാധാരണയിൽ കവിഞ്ഞ ഭാരം. ആയതിനാൽ, ഉള്ളടക്കം സ്വർണംതന്നെ എന്നുറപ്പിക്കുന്നു (ഖുർആൻ, ഈന്തപ്പഴം, അത്തർ, ഒട്ടകപ്പാൽ ഇത്യാദി അറേബ്യൻ ഉൽപന്നങ്ങൾക്ക് രഹസ്യമൊഴി കൊടുക്കാനുള്ള വെയ്റ്റില്ല). ശരി, എന്തുപകാരത്തിനാണ് ഈ സുവർണസ്മരണ? അറബിക്കുവേണ്ടി മുഖ്യമന്ത്രി ഭാരിച്ച വല്ലതും ചെയ്തുകൊടുത്താലേ ഈ ഭാരിച്ച പാരിതോഷികത്തിന് കഴമ്പുള്ളൂ. മുഖ്യമന്ത്രിയുടെ ജൂറിസ്ഡിക്ഷൻ അറേബ്യയിലില്ല. കേരളത്തിലേയുള്ളൂ. ഇവിടെ എന്തെങ്കിലും ചെയ്തുകൊടുത്തതായി ആരും പറയുന്നില്ല. കേരളത്തിൽ നിക്ഷേപത്തിന് ഭിക്ഷാപാത്രവുമായി ഗൾഫിൽ ചെന്ന് കെഞ്ചാറുള്ള മുഖ്യമന്ത്രിയിൽനിന്ന് എന്ത് സൗജന്യമാണ് അറബിക്ക് വേണ്ടത്? അതിനും ഉത്തരമില്ല.
അറബിയദ്യവുമായി അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രിയും കുടുംബവും ചീഫ് സെക്രട്ടറി നളിനി നെറ്റോയും രഹസ്യചർച്ച നടത്തിയേത്ര. മുഖ്യമന്ത്രിക്ക് ഇപ്പറയുന്ന അറബിയുമായി വല്ല ചുറ്റിക്കളിയോ നമ്പർ ടു ഏർപ്പാടോ ഉണ്ടെന്നുതന്നെയിരിക്കട്ടെ. ആയതിന്റെ ഗൂഢചർച്ചക്ക് കേരള ചീഫ് സെക്രട്ടറിയെ കൂട്ടുമോ? സാമാന്യ മൂളയുള്ള ഏതെങ്കിലും കള്ളക്കടത്തുകാരൻ, ക്ഷമിക്കണം, ദേശദ്രോഹി? അല്ലെങ്കിൽപിന്നെ നളിനി നെറ്റോക്ക് ആ വക ട്രാക്ക് റെക്കോഡുണ്ടായിരിക്കണം. ഐ.എ.എസ് ശത്രുക്കൾ പോയിട്ട് നീലലോഹിതദാസൻപോലും അത് പറയില്ല. പ്രശ്നം മറ്റൊന്നാണ്. ഉന്നത സ്ഥാനങ്ങളിൽ കണ്ടുമുട്ടുന്ന എല്ലാ പെണ്ണുങ്ങളും തന്നെപ്പോലെയാണെന്ന് പ്രതി വിചാരിച്ചുപോകുന്നതിൽ മനഃശാസ്ത്രപരമായ ഒരു വസ്തുതയുണ്ട്. മേത്തരം ക്രിമിനലുകൾ, അവർക്ക് അസൂയയോ അഭിലാഷമോ തോന്നിപ്പിക്കുന്ന മറ്റുള്ളവരിൽ ക്രിമിനൽ ഛായ കാണുകയും അങ്ങനെയാണവരെന്ന് സ്വയം വിശ്വസിപ്പിച്ച്, സ്വയം ന്യായീകരിക്കുകയും ചെയ്യാറുണ്ടെന്ന് കോളിൻ വിൽസൺ കുറിച്ചതോർക്കുന്നു (A Criminal History of Mankind).
മന്ത്രിയായിരുന്ന ജലീലാണ് മറ്റൊരു ടാർഗറ്റ്. സുൽത്താന് ഡി.ലിറ്റ് കൊടുപ്പിക്കാൻ ഈ മന്ത്രി വഴിവിട്ട് പാടുപെട്ടെന്ന്. എഴുത്തുകാരനും പണ്ഡിതനുമായ സുൽത്താന് സംഗതി കൊടുക്കാൻ നിശ്ചയിച്ചതുതന്നെ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ്. ജലീൽ അന്ന് ഗർഭസ്ഥ മന്ത്രിപോലുമല്ല. അതുപോട്ടെ. കള്ളം കടത്തുമ്പോൾ കാലഗണന പിഴക്കുക സാധാരണയാണ്. വ്യോമപ്രതിരോധം കഴിഞ്ഞ് വെറും ഒരു മണിക്കൂറിനുള്ളിൽ കേന്ദ്രകമ്മിറ്റിയംഗത്തിന് പിഴച്ചില്ലേ -മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നെന്നും ഇല്ലെന്നും. പിന്നല്ലേ, ഏഴെട്ടുകൊല്ലം മുമ്പത്തെ ഡോക്ടറേറ്റ് കഥ, ഒരു ബഹുമുഖ കടത്തുകാരിക്ക്?
ഇവ്വിധം നോൺലീനിയർ ഉത്തരാധുനിക സാഹിത്യമാണ് പ്രതിയുടെ പരസ്യമായ രഹസ്യമൊഴികൾ. ആ തിരുനാവിൽനിന്നുതിരുന്ന മണിമുത്തുകൾ ഏറ്റുവാങ്ങി നാടാകെ തളിക്കാൻ, പ്രസാദത്തിന് കീശാന്തിക്ക് മുന്നിലെ ഭക്തരെന്നപോലെ മാധ്യമങ്ങൾ. സാമാന്യയുക്തിക്കുപോലും നിരക്കുന്ന ഒരൊറ്റ ചോദ്യവും ഉന്നയിക്കാതെ. സ്വർണക്കടത്ത് കേസിന്റെ ഒന്നാം എപ്പിസോഡിൽ കേരളം കണ്ടപോലെ ഈ രണ്ടാം എപ്പിസോഡിലും നമ്മുടെ മാധ്യമങ്ങൾ കേവലം നോക്കുകുത്തികൾ. നിലവാരത്തിന് നൈരന്തര്യമില്ലെന്ന് ആരും ദോഷം പറയില്ല.
ഒരു കള്ളക്കടത്തുകാരിയെ പരിചയാക്കി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കി, കേന്ദ്രഭരണകക്ഷി നടത്തുന്ന രാഷ്ട്രീയ രാജാപ്പാർട്ടാണിതെന്ന് സാമാന്യ ബോധമുള്ള ആർക്കും നിഷ്പ്രയാസം മനസ്സിലാവും. അതിന്റെ ഉന്നവും വ്യക്തം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറുതെ ജയിച്ചുകയറിയാൽ പോരാ, രാജ്യസഭാ സീറ്റുകൾ കൂട്ടാനുള്ള ചുറ്റുവട്ടവുമൊപ്പിക്കണം. എങ്കിലേ ഭരണഘടന മാറ്റാൻ വേണ്ട സാമഗ്രികൾ ശരിപ്പെടൂ. 2025ൽ ആർ.എസ്.എസിന് നൂറുവയസ്സ്. നൂറിനകം ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കും എന്നത് ആചാര്യഗ്രന്ഥാവലിയിലെ നിശ്ചയമാണ്. ആയതിലേക്ക് ഇക്കുറി തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽകൂടി പ്രത്യേക ശ്രദ്ധ വേണം. കേരളത്തിൽ 20 ലോക്സഭാ സീറ്റേയുള്ളൂ. നിലവിലുള്ള നീക്കുപോക്കനുസരിച്ചായാൽ ഇടതുപക്ഷത്തിന് മേൽക്കൈ കിട്ടും. ശിഷ്ടം ലീഗും കോൺഗ്രസും പങ്കിടും. ആ കുളം കലക്കി നോക്കുകയാണ് ഇടതുസാരഥിയെ പ്രതിക്കൂട്ടിലാക്കിയുള്ള പുതിയ നാടകംവഴി. കേസിൽ ശിക്ഷിക്കാനൊന്നും പാങ്ങില്ലെന്ന് കേന്ദ്ര ബുദ്ധികേന്ദ്രങ്ങൾക്കറിയാം. എങ്കിലും ഒന്നരക്കൊല്ലം വിഴുപ്പലക്കി താറടിക്കാം. പ്രത്യയശാസ്ത്രപരമായി പരമശത്രുക്കളായ ഇടതുപക്ഷത്തെ നിഷ്കാസനം ചെയ്യുക പരമ്പരാഗത അജണ്ടയാണ്. കോൺഗ്രസാദി ഇതരകക്ഷികൾ വാസ്തവത്തിൽ ശത്രുക്കളല്ല, വാഗ്ദാനങ്ങളാണ്. ബി.ജെ.പിയിലേക്ക് താനേ വരാനും വിലയ്ക്കെടുക്കാനുമുള്ള ഉരുപ്പടികൾ. ആ ഭവിഷ്യത് നിധിപ്പട്ടികയിൽപെടാത്ത ഇടതുപക്ഷത്തിന്റെ സീറ്റുകൾ പരമാവധി കുറച്ചെടുക്കുക.
ഈ രാഷ്ട്രീയതന്ത്രത്തോട് കോൺഗ്രസിന്റെ പ്രതികരണമാണ് നിലവിെല പ്രതിഷേധപ്പുകില്. ഉള്ളിലിരിപ്പ് ലളിതം. ശബരിമല കേസിൽ ബി.ജെ.പി സമാന പുക്കാറുണ്ടാക്കിയപ്പോൾ പോളിങ്ബൂത്തിൽ ഗോളടിച്ചത് കോൺഗ്രസിന്. 2019 ആവർത്തിച്ചുകിട്ടുമെന്നാണ് കുറുനരിമോഹം. അതിന് പക്ഷേ, പാർട്ടി സജീവമായി നിലനിൽക്കണം. പഴയ നേതൃരാശിയെ തള്ളിനീക്കി സുധാകരൻ-സതീശൻ ടീം കളംപിടിച്ചതിലുള്ള പീനസം വിട്ടുമാറിയിട്ടില്ല. എങ്കിലും തൃക്കാക്കര വിജയം ഒരുണർവ് പകർന്നിട്ടുണ്ട്. അത് നിലനിർത്താൻ കിട്ടിയ തുറുപ്പാണ് കള്ളക്കടത്തുകാരിയുടെ മൊഴി. അതിൽ കഴമ്പുണ്ടോ ഇല്ലേ എന്നൊന്നും ചോദിക്കരുത്. മുങ്ങിച്ചാവുന്നവന് കൈയിൽ തടയുന്നത് കച്ചിയാണോ കയറാണോ കാളിയനാണോ എന്നത് പ്രശ്നമല്ല. പക്ഷേ, വിഷയം രാഷ്ട്രീയപരമാണോ എന്ന ചോദ്യം രാഷ്ട്രീയ സന്ധാരണത്തിൽ പ്രധാനമാണ്, മുങ്ങുന്നവനും പൊങ്ങുന്നവനും.
ഭരണകൂട സ്ഥാപനങ്ങളെ കളിപ്പാവയാക്കുന്ന കേന്ദ്രനയത്തോട് ഇക്കാര്യത്തിൽ കോൺഗ്രസിന് എതിർപ്പേയില്ലെന്നതാണ് മർമം. അതേസമയം, രാഹുൽ ഗാന്ധിയെ പൂട്ടാൻ കളിപ്പാവയെ ഉപയോഗപ്പെടുത്തുന്നതിൽ ദേശീയപ്രക്ഷോഭവും. ഇതിലും ബാലിശമായ രാഷ്ട്രീയനിലവാരം സ്വീകരിക്കാനില്ല, ഒരു ദേശീയകക്ഷിക്ക്. രസം തീരുന്നില്ല. ഏഴുകൊല്ലം പഴകിയ നാഷനൽ ഹെറാൾഡ് കേസിൽ അമ്മയെയും മകനെയും തളക്കുന്നത്, പിണറായി വിജയന് വെക്കുന്ന കെണിപോലെ ഒരു രാഷ്ട്രീയതന്ത്രമാണെന്ന് വ്യക്തം. കെണി വരുന്നത് ഒന്നരക്കൊല്ലം മാത്രം അപ്പുറമുള്ള തെരഞ്ഞെടുപ്പിന്റെ ചുറ്റുവട്ടനിർമിതിയുടെ ഭാഗമായാണ്. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമം ഊർജിതമായിത്തുടങ്ങുന്നു. ആ സഖ്യത്തിന്റെ അമരത്ത് കോൺഗ്രസല്ലാതെ മറ്റാരും കോൺഗ്രസിനെ പ്രതീക്ഷിക്കുന്നില്ല. അക്കാര്യത്തിലും തലമറന്ന് എണ്ണതേക്കുന്ന ബാലിശതയാണ് ഈ പാർട്ടി പുലർത്തുന്നത്. ഈ മിഥ്യാഭിമാനത്തിനുള്ള കാലികപ്രഹരമാണ് നാഷനൽ ഹെറാൾഡ് കേസ് -കോൺഗ്രസിന്റെ കുണ്ഡലിനിയായ അമ്മവീടിനെ പരമാവധി താറടിക്കുക. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഇപ്പോഴും പ്രതിയോഗി കോൺഗ്രസാണ് -ഏറെ പിന്നാക്കമാണെങ്കിലും. ആ പരിഗണനവെച്ച് പ്രതിപക്ഷ സഖ്യത്തിൽ കാര്യമായ ഇരിപ്പിടം കിട്ടിയാലോ? മുഴുവൻ സഖ്യത്തെയും അപ്പോൾ തല്ലാൻ പറ്റിയ വടിയാണ് അമ്മവീടിന് പതിക്കുന്ന കള്ളപ്പണലേബൽ. ഇനി, സഖ്യത്തിൽ കാര്യമായ പരിഗണന കിട്ടുന്നില്ലെങ്കിലും, നേർക്കുനേർ മത്സരം വരുന്ന സംസ്ഥാനങ്ങളിൽ ഇതേ ചാപ്പ ഭംഗിയായി വസൂലാക്കാം. ചുരുക്കത്തിൽ, ബി.ജെ.പി വെക്കുന്ന കെണിക്ക് രാഷ്ട്രീയബലമുണ്ട്. കേരളത്തിൽ 20 സീറ്റുവെച്ച് ഈ കെണിക്ക് എന്തുചെയ്യാനാണ്?
അവിടെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ തികച്ചും പ്രാദേശികമായ കിനാവും അജണ്ടയും. കേന്ദ്രത്തിൽ ഗതികിട്ടാതെ അലഞ്ഞാലും കേരളത്തിൽ ഒരു പ്രാദേശികശക്തിയായി നിന്ന് പെഴക്കുക. അത്, നിലവിലുള്ള ലോക്കൽ നേതാക്കൾക്ക് വ്യക്തിപരമായിത്തന്നെ രാഷ്ട്രീയ ഉപജീവനത്തിന്റെ അത്യാവശ്യമാണ്: ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രായം എതിരാണ്. എന്നാൽ, മോഹഭംഗങ്ങൾക്കിടയിലും അഭിനിവേശത്തിരി കെട്ടുപോകാതെ ബദ്ധപ്പെടുന്ന ചെന്നിത്തലക്ക്? വൈകിവന്ന കിനാക്കൾ ചുമക്കുന്ന സതീശന്? പുതിയ വാലുകൾക്ക്? അവരുടെ മനോരാജ്യത്തുനിന്ന് ഹൈകമാൻഡ് പടിയിറങ്ങുകയാണ്. കോൺഗ്രസിന്റെ കേരളഘടകമായല്ല, കേരളത്തിലെ കോൺഗ്രസായി പരിണമിക്കുകയാണവർ. പണ്ട്, തുടക്കത്തിൽ കേരള കോൺഗ്രസ് ആഗ്രഹിച്ചപോലെ. എന്നുകരുതി, ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാനാവുമോ? അതുകൊണ്ട്, ദേശീയഭാവം കൈവിടുന്നില്ല, ദേശീയമോഹവും.
ഈ ദശാസന്ധിയിലാണ് കള്ളക്കടത്തുകാരിയുടെ പുതിയ കള്ളം-കടത്ത്. അതിലാണിപ്പോൾ കോൺഗ്രസിന്റെ ജീവസന്ധാരണവും ഭാവിപ്രത്യാശയും. സത്യത്തിൽ, സുധാകരനും സതീശനുമല്ല, സ്വപ്ന സുരേഷാണിപ്പോൾ പാർട്ടിയുടെ കേരളീയ ജീവനാഡി എന്ന് തോന്നിപ്പോവും. ആ നാഡിയുടെ മൂലാധാരം, ദുർബലമായ നുണകളാണെന്നത് ഒരുവശം. അത് കോൺഗ്രസിന്റെതന്നെ മുഖ്യശത്രുവിന്റെ രാഷ്ട്രീയാവിഷ്കരണമാണെന്നത് മറ്റൊരു വശം. നുണയും പ്രതിയോഗിയുടെ ആയുധവും ആശ്രയിച്ച് സ്വന്തം ഉയിർപ്പ് തേടുന്ന ഒരു കക്ഷിയുടെ രാഷ്ട്രീയം എത്ര ദാരുണമാണെന്ന് പറയേണ്ടതില്ല. അടിസ്ഥാനപരമായ ഈ ബാലിശത തിരിച്ചറിയാൻ ഒന്നുകിൽ പ്രത്യയശാസ്ത്രനിബദ്ധത വേണം. അല്ലെങ്കിൽ, തലമുതിർന്ന നേതൃത്വം വേണം (നരച്ചു എന്നതുകൊണ്ട് ഒരു തലയും മുതിരുന്നില്ല. ഹെയർഡൈ കൊണ്ട് തലച്ചോറിന്റെ ജര മായുന്നുമില്ല). ഈ രണ്ടിന്റെയും ശുഷ്കതയിൽ എന്തുണ്ടാവുമോ അതാണ് കഥയറിയാതെ ആവേശത്തോടെ തലയിളക്കുന്ന ബാലകനേതൃത്വങ്ങൾ വരുത്തിവെക്കുന്നത്. ഇ.ഡി കേസിൽ മുഖ്യമന്ത്രി രാജിവെക്കാത്തതിൽ പ്രതിഷേധിക്കുക, രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിക്കുക. ഈ പ്രതികരണവൈരുധ്യം ഹാനികരമായ ദുസ്സൂചനയായി തോന്നാത്തത് ഇപ്പറഞ്ഞ പാകമാകാത്ത തലകൾക്ക് മാത്രമാണ്. അതൊരു 'ഹോഴ്സസ് ഫോർ കോഴ്സസ്' തന്ത്രമാണെന്ന മട്ടിലാണ് ഇഷ്ടന്മാരുടെ നിൽപ്, യാഥാർഥ്യമോ?
പൗരനെ സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന സാമൂഹിക ചിട്ടവട്ടമാണ് ഏതു പൊതുസ്ഥാപനവും. അതിനൊക്കെതന്നെ നിരപേക്ഷമായ നിയമങ്ങളും പ്രക്രിയകളും ഉദ്ദേശ്യലക്ഷ്യങ്ങളുമുണ്ട്. അവയുടെ യുക്തിഭദ്രമായ തത്ത്വങ്ങൾ മിക്കവാറുംതന്നെ സമൂഹത്തിലെ മറ്റു സ്ഥാപനങ്ങളുടെ (പരമ്പരാഗത സ്ഥാപനങ്ങളായ കുടുംബം, മതം, ഇത്യാദി) തത്ത്വങ്ങളോട് പൊരുത്തപ്പെടാറില്ല. ഉദാഹരണമായി, രാഹുൽ ഗാന്ധിയെ കള്ളപ്പണ ഇടപാടിൽ ചോദ്യംചെയ്യുക എന്നത് ഇ.ഡി എന്ന സ്ഥാപനത്തിന്റെ തത്ത്വപ്രകാരം ഒരു സ്വാഭാവിക കർത്തവ്യമാണ്. എന്നാൽ, കോൺഗ്രസുകാരുടെ പരമ്പരാഗത തത്ത്വപ്രകാരം ഇതിൽപരമൊരു അനീതിയും അതിക്രമവുമില്ല. നെഹ്റു കുടുംബത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയോ? അവർക്കത് ചിന്തിക്കാൻപോലും വയ്യ. ഇതൊരു അപ്രമാദിത്ത തത്ത്വമായി പുലരുന്നത് രാജ്യത്തെ പൊതുസ്ഥാപനങ്ങളിലല്ല, കോൺഗ്രസ് പാർട്ടിയിലാണ്. സ്വാഭാവികമായും ഈ രണ്ടു തത്ത്വങ്ങൾ തമ്മിൽ സംഘർഷത്തിലാവും. കോൺഗ്രസുകാർ തെരുവിലിറങ്ങുമ്പോൾ അവർ പ്രതിഷേധിക്കുന്നത് പൊതുസ്ഥാപനത്തിന്റെ തത്ത്വത്തോടാണ്. കാരണം, അതിനും മീതെയാണ് അവരെ സംബന്ധിച്ച് സ്വന്തം പാർട്ടിക്കുള്ളിലെ തത്ത്വം. ഇങ്ങനെ ചെയ്യുന്നത് പ്രബലരായ രാഷ്ട്രീയ കക്ഷികളാവുമ്പോൾ അത് പൊതുസ്ഥാപനത്തെ ജീർണിപ്പിക്കുന്ന പണിയാവുന്നു.
കേന്ദ്ര ഭരണകക്ഷി എന്നനിലക്ക് ബി.ജെ.പി ഈ പണി പല സ്ഥാപനങ്ങളുടെ കാര്യത്തിലും തകൃതിയായി എടുക്കുന്നത് നമ്മൾ കണ്ടുകൊണ്ടേയിരിക്കുകയാണ്. സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി സ്ഥാപന തത്ത്വങ്ങളെ അവർ നിസ്സാരവത്കരിക്കുന്നു. കള്ളക്കടത്തുകാരിയെ ആയുധമാക്കി ഇ.ഡിയെ ഉപയോഗിക്കുമ്പോഴും അതുതന്നെയാണ് നടക്കുന്നത്. കോൺഗ്രസ് അധികാരത്തിലിരിക്കെ, സമാനപണി ധാരാളമെടുത്തു. ഇപ്പോൾ പ്രതിപക്ഷത്തിരിക്കെയും ആശയപരമായി അതുതന്നെ ചെയ്യുന്നു -സ്ഥാപനതത്ത്വത്തെ ഭരണകക്ഷി അട്ടിമറിക്കുന്നു എന്ന ഒഴിവുന്യായം പറഞ്ഞ്. അതേസമയം, കേരളത്തിലെ ഇപ്പോഴത്തെ ഇ.ഡി പ്രയോഗത്തിന് സർവാത്മനാ സമ്മതവും. ഇതിലൊന്നും രാഷ്ട്രീയയുക്തി മാത്രമല്ല, ഉദ്ദേശ്യശുദ്ധിയുമില്ല. സ്വന്തം ഉദ്ദേശ്യം ശുദ്ധമല്ലെങ്കിൽ പ്രതിയോഗികളുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയെ പഴിക്കാനും അവകാശമില്ല. എന്നാലിവിടെ അതും ചെയ്യുന്നു. ഇവ്വിധം തികച്ചും അസംബന്ധ രീതിയിലാണ് രാഷ്ട്രീയപ്രവർത്തനം. രാഷ്ട്രീയ യുക്തിയോട് സംബന്ധമില്ലാത്ത പ്രവർത്തനത്തെ അരാഷ്ട്രീയമെന്നേ കണക്കാക്കാനാവൂ. തമാശയല്ല, വെഞ്ഞാറമൂട് സുരാജിന്റെ കോമഡി. ചില 'സീരിയസ്' കോമഡി ഷോ കാണുമ്പോലെയായിട്ടുണ്ട് വി.ഡി. സതീശന്റെ പ്രസ് മീറ്റുകൾ. അതിഗൗരവത്തിൽ, അത്യുത്സാഹത്തിൽ ഹൈ ഡെസിബൽ അബദ്ധം വിളമ്പുന്ന ഹൈസ്കൂൾ പഠിപ്പിസ്റ്റിന്റെ മട്ട്.
ഇൗവക രാഷ്ട്രീയ ബാലിശതകളോടുള്ള മാർക്സിയൻ രാഷ്ട്രീയ സമീപനമാണോ, സി.പി.എം അവലംബിച്ചത്? പി.സി. ജോർജ് തൊട്ട് സ്വപ്ന സുരേഷ് വരെയുള്ള ചെറുകീടങ്ങളെ പർവതീകരിച്ച് നാടിൻമീതെ കരിനിഴലിടുന്ന ഐരാവതങ്ങളാക്കിയെടുക്കുന്നതിൽ എന്തുതരം രാഷ്ട്രീയചിന്തയാണ് പ്രവർത്തിച്ചത്? സതീശൻ ക്ലാസ്റൂം സമർഥന്റെ മോഡിലേക്കും സുധാകരൻ പതിവുള്ള വീരപാണ്ഡ്യ കട്ടബൊമ്മൻ മോഡിലേക്കും കയറിയപാടേ സി.പി.എം കയറിയത് പൊലീസ് മോഡിലേക്ക്. ചുണ്ടെലികളെ വിരട്ടാൻ ബസൂക്കയെടുക്കുന്ന ബാലിശത. ഭരണാധികാരംവെച്ചുള്ള മാടമ്പിത്തമാണ് ഇതിലുള്ളത്; ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോഗതത്ത്വമൊന്നുമല്ല. ഒഴുക്കിനൊത്ത് നീന്തുന്ന ഈ ബാലിശതയുടെ ലാക്ഷണികപ്രത്യക്ഷമായിരുന്നു ജയരാജന്റെയും കോടിയേരിയുടെയും എടുത്തുചാട്ടങ്ങൾ.
അങ്ങനെ കേരള രാഷ്ട്രീയം അതിന്റെ നടീനടന്മാർ മുഖേന നടപ്പുനിലവാരം പ്രകടിപ്പിക്കുകയാണ് -ഭൂമിയിലും ആകാശത്തും. വിഷലിപ്തമായ സോഷ്യൽ മീഡിയ എന്ന ആന്റി-സോഷ്യൽ ഉരുപ്പടിയും റോൾ നഷ്ടപ്പെടുത്തി വെറും കോറസായിരിക്കുന്ന പൊതുമാധ്യമങ്ങളും ഈ നിലവാരത്തിന്റെ ചുമടുതാങ്ങികളും പ്രചാരവേലക്കാരുമായി നിലകൊള്ളുന്നു -ഏതോ മഹാദൗത്യം നിർവഹിക്കുന്നെന്ന മിഥ്യാബോധത്തിൽ. സ്റ്റേറ്റിന്റെയും സമൂഹത്തിന്റെയും സ്ഥാപനങ്ങൾ ഇവ്വിധം ജീർണിക്കുമ്പോൾ പൗരാവലിക്ക് അവയിലുള്ള വിശ്വാസം കൂടുതൽ കൂടുതൽ കൈമോശം വരുന്നു. പൗരനെ സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന കണ്ണികളിൽനിന്ന് പൗരൻ വേറിട്ടുപോകുമ്പോൾ ജനാധിപത്യം മരീചികയാവും. ഈ മരീചിക കാട്ടിയാണ് ഇപ്പറഞ്ഞ രാഷ്ട്രീയകക്ഷികളെല്ലാം പൗരാവലിയോട് അധികാരം യാചിക്കുന്നതും. ഇതിൽപരമൊരു ബാലിശതയുണ്ടോ -ജനാധിപത്യ രാഷ്ട്രീയത്തെ തന്നെ അയുക്തികമാക്കുന്നതായി?
ഘടാഘടിയന്മാരായ നേതാക്കൾ പൂമാല കിട്ടിയ കുട്ടിക്കുരങ്ങന്മാരായി അരങ്ങു തകർക്കുന്നു. അവരുടെ പൂമാല-ഡിബേറ്റിനെയാണ് നാമിന്ന് രാഷ്ട്രീയമായി തെറ്റിദ്ധരിക്കുന്നത് (വി. മുരളീധരൻ, കെ. സുരേന്ദ്രൻ പ്രഭൃതികളെ ഒഴിവാക്കുന്നു -വാനരസമൂഹം അപകീർത്തിക്കേസ് കൊടുക്കുമെന്ന ആശങ്കയാൽ). ഇതാണോ 21ാം നൂറ്റാണ്ടിലും കേരളം അർഹിക്കുന്ന രാഷ്ട്രീയനിലവാരമെന്ന് സ്വയം ചോദിക്കേണ്ടത് പൗരാവലിയാണ്. അതല്ല, അത്തരം രാഷ്ട്രീയ ചോദ്യങ്ങൾക്ക് മനസ്സില്ലെന്നാണെങ്കിൽ നാടിന്റെ തിരുനെറ്റിക്ക് ഇങ്ങനെ എഴുതി ഒട്ടിക്കാം: ''ലവൾ ഈ വീടിന്റെ ഐശ്വര്യം.''