'ഇരുട്ടടി'യിൽ തീരേണ്ടതല്ല ആ വാർത്തകൾ
മാധ്യമരംഗത്തെ സൂക്ഷ്മമായ സ്കാനിംഗിന് വിധേയമാക്കുന്ന പംക്തി. മീഡിയയിലെ തെറ്റുകളും അപചയങ്ങളും ചൂണ്ടിക്കാട്ടി, പ്രമുഖ മാധ്യമ പ്രവർത്തകനായ യാസീൻ അശ്റഫ് ആഴ്ചപ്പതിപ്പിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കോളത്തിൽനിന്ന്.
''ഇരുട്ടടിയായി വീണ്ടും ഇന്ധന വിലവർധന''- ജൂൺ 15ലെ തലക്കെട്ടിന് ആവർത്തന വിരസതയേക്കാൾ ദൈന്യതയാണ് തോന്നിയത്. ദിനേനയെന്നോണം ഉയരുന്ന വിലയെപറ്റി എഴുതാൻ വേറെ വാക്കു കിട്ടുന്നില്ലല്ലോ.
ഇതേദിവസം വടക്ക് ഹിന്ദുസ്താൻ ടൈംസ് പ്രാധാന്യത്തോടെ ഒരു ഫോട്ടോ പ്രസിദ്ധപ്പെടുത്തിയിരുന്നു. പുണെ നഗരത്തിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയതോടെ സീബ്രാലൈനിൽ വാഹനങ്ങൾ കാൽനടക്കാർക്കായി നിർത്തിയതിെൻറ ചിത്രം.
സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തണമെന്നത് മുേമ്പയുള്ള നിയമമാണ്. പാലിക്കുന്നവർ കുറവാണെന്നു മാത്രം. നിയമലംഘനം പതിവുരീതിയായ സമൂഹത്തിൽ അത് പാലിക്കുന്നത് വാർത്തയാകും. അങ്ങനെയാണ് ഹിന്ദുസ്താൻ ടൈംസിൽ ആ വാർത്ത എത്തുന്നത്.
ഇതിെൻറ മറുവശമാണ് ഇന്ധന വിലക്കയറ്റത്തിെൻറ വാർത്തകളിൽ കാണുന്നത്. ജൂൺ 15ലെ വിലക്കയറ്റം മലയാളത്തിലെ ചില മുൻനിര പത്രങ്ങളിൽ വന്നതേയില്ല.
വിലകൂട്ടാൻ തുടങ്ങിയപ്പോൾ ഒന്നാംപേജിൽ പ്രാമുഖ്യത്തോടെ വന്നുതുടങ്ങിയതാണ് വാർത്ത. എന്നാൽ, മേയ് തുടക്കത്തിലെ അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രം ഇരുപതിലേറെ തവണ വിലകേറിയതോടെ അത് വാർത്ത അല്ലാതായി. ട്രാഫിക് ചട്ടം പാലിക്കുന്നത് വാർത്തയാവുകയും ഇന്ധനവില ദിവസവും ഉയരുന്നത് വാർത്തയാകാതിരിക്കുകയും ചെയ്യുന്ന വൈരുധ്യം.
വിലക്കയറ്റം സർക്കാർ നയത്തെപറ്റി മാത്രമല്ല, മാധ്യമപ്രവർത്തനത്തെപ്പറ്റിയും ചിലത് പറഞ്ഞുതരുന്നില്ലേ?
ഇന്ധനവിലയുടെ കുതിപ്പ് തുടക്കത്തിൽ ഒന്നാംപേജിലും പിന്നെപ്പിന്നെ ഉൾപ്പേജിലുമായി ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ തീരെ വാർത്തയല്ലാതാകുന്നിടത്ത് പന്തികേടില്ലേ?
ഇപ്പോൾ വിലക്കയറ്റം വാർത്തയാകാൻ ''ഇന്ധന വിലക്കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം'' പോലുള്ള മാമൂൽ ചടങ്ങുകൾ വേണമെന്നായിരിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിയുടെ ന്യായീകരണ പ്രസ്താവന വരണം.
(കോവിഡ് പ്രതിരോധത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും പണം വേണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. സെൻട്രൽ വിസ്റ്റ പോലുള്ള ''അത്യാവശ്യ വികസന'' പരിപാടികൾ മുടങ്ങാതെ നടക്കുന്നുണ്ടല്ലോ.)
ഇന്ധന വിലക്കയറ്റത്തിന് തുടക്കത്തിൽ കിട്ടിയ വാർത്താപ്രാധാന്യം പിന്നീട് കിട്ടാതെ പോയത് ഒറ്റനോട്ടത്തിൽ അന്യായമായി തോന്നില്ല. എത്ര ദിവസമാണ് ''ഇന്നും ഇരുട്ടടി'' എന്ന തലക്കെട്ടിന് പ്രാധാന്യം കൽപിക്കാനാവുക? (''ഇന്ധനവില വീണ്ടും കൂട്ടി'' -ദേശാഭിമാനിയുടെ ഒരേ തലക്കെട്ട് ജൂൺ 2, ജൂൺ 7, ജൂൺ 12...)
അതുകൊണ്ട്, വിലക്കുതിപ്പിന് വാർത്താ പ്രാധാന്യം ഇല്ലാതാവുകയും അതൊരു വാർത്തയേ അല്ലാതാവുകയും ചെയ്തപ്പോൾ മാധ്യമങ്ങൾ ആ കുതിപ്പിലെ നാഴികക്കല്ലുകൾ തിരഞ്ഞുപിടിച്ച് വാർത്തയാക്കാൻ തുടങ്ങി.
പ്രീമിയം പെട്രോളിന് നൂറു രൂപയായതും രാജസ്ഥാനിൽ സാധാരണ പെട്രോളിനും പിന്നെ ഡീസലിനും നൂറുകടന്നതും പിന്നാലെ കേരളത്തിലും ''സെഞ്ചുറി'' അടിച്ചതും തലക്കെട്ട് പിടിക്കുന്നത് അങ്ങനെയാണ്. ഒപ്പം, നിത്യേനയുള്ള പതിവ് വിലക്കയറ്റം വാർത്തകളിൽനിന്ന് പുറന്തള്ളപ്പെട്ടതും.
വാസ്തവത്തിൽ ആവർത്തന വിരസമെന്ന് പറയുന്ന ഈ വാർത്തകൾക്ക് പിന്നിൽ, വർധിച്ചുവരുന്ന ജീവിതദുരിതങ്ങളുടെ കഥകൾ ധാരാളമില്ലേ?
2021 പിറന്നതിന് ശേഷം മാത്രം പെട്രോളിന് 13 രൂപ വർധിച്ചു; ഡീസലിന് 15 രൂപയും. ഇത് പലതവണയായി അൽപാൽപമാണ് കൂടിയതെന്നതുകൊണ്ട് ദുരിതം ഇല്ലാതാകുന്നില്ല -കുറയുന്നുമില്ല. ഇന്ധനവില വാർത്താ കോളങ്ങളിൽനിന്ന് മായുേമ്പാഴും നിത്യജീവിതച്ചെലവും അതുണ്ടാക്കുന്ന കഷ്ടപ്പാടുകളും വാർത്തയാകേണ്ടതല്ലേ?
കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾക്കിടക്കാണ് ഇന്ധനവിലയുടെ ഭാരംകൂടി ജനങ്ങളിൽ അടിച്ചേൽപിക്കുന്നത്. കോടതി ഇടപെടലിന് ശേഷമാണെങ്കിലും കുത്തിവെപ്പ് സൗജന്യമാക്കിയ സർക്കാർ തീരുമാനത്തിന് ലീഡ് പ്രാധാന്യം കൽപിച്ച പത്രങ്ങൾ ഇന്ധനവിലയിലൂടെ അതിൽ കൂടുതൽ പിഴിഞ്ഞെടുക്കുന്നത് കാണേണ്ടതായിരുന്നു.
രാജ്യത്തെ മൊത്ത വില സൂചിക 11 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഭക്ഷ്യവസ്തുക്കൾക്ക് വില കൂടി. പട്ടിണി കൂടി. തൊഴിലില്ലായ്മ കുതിച്ചുയർന്നു. ഇതിനെല്ലാമിടക്ക് ഇന്ധനവിലകൂടിയാകുേമ്പാൾ അത് ആവർത്തന വിരസതയുണ്ടാക്കുന്ന തലക്കെട്ടുകളല്ല, മറിച്ച് ജനജീവിതത്തെ ആഴത്തിലും പരപ്പിലും പിടികൂടിയ മഹാദുരിതംതന്നെയാണ്.
ഇന്ധനവില എങ്ങനെയാണ് വിലക്കയറ്റം രൂക്ഷമാക്കുന്നതെന്ന ഒരു സൂചനാ റിപ്പോർട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ് (ജൂൺ 15) ഒന്നാം പേജിൽ ചേർത്തിട്ടുണ്ട്. വൈകിയിട്ടാണെങ്കിലും നല്ല തുടക്കം.
ഭരണകർത്താക്കളെ ഒട്ടും ബാധിക്കാത്ത വഴിപാട് പ്രതിഷേധങ്ങൾക്ക് നൽകുന്നതിെൻറ പകുതി ഇടമെങ്കിലും സാധാരണക്കാരെൻറ നിത്യജീവിത പ്രയാസങ്ങൾക്ക് മാധ്യമങ്ങൾ നൽകണം. വഴിപാട് പ്രകടനങ്ങളെക്കാൾ ഫലം ചെയ്യുന്നതും ജനജീവിതത്തെ തൊട്ടുകൊണ്ടുള്ള റിപ്പോർട്ടുകളായിരിക്കും.
ഇന്ധനവിലക്കണക്ക് ഒന്നാം പേജിൽനിന്ന് ഒഴിവായാൽ കുഴപ്പമില്ല. പകരം ജീവിതദുരിതത്തിെൻറ നേർച്ചിത്രങ്ങൾ വാർത്തയാകട്ടെ. മാധ്യമങ്ങൾ പമ്പുകൾവിട്ട് ജനമധ്യത്തിലേക്കിറങ്ങട്ടെ.
മാധ്യമങ്ങളുടെ കാലുമാറ്റം
കാലുമാറ്റം വലിയ രാഷ്ട്രീയ പാപമായി മാധ്യമങ്ങൾ കരുതിപ്പോന്നിരുന്നു മുമ്പ്. ''ആയാറാം ഗയാറാമു''മാരെ വാർത്തകളിൽ പുച്ഛത്തോടെ മാത്രം അവതരിപ്പിച്ചിരുന്ന കാലം. ഇന്ന് ഒരു രാഷ്ട്രീയ കക്ഷിയിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ നിലപാടോ തത്ത്വമോ ഒന്നും പ്രശ്നമല്ലെന്ന് വന്നിരിക്കുന്നു. മാധ്യമങ്ങളും അതിനൊത്ത് മാറിയോ?
ഇതിനെപ്പറ്റി ടി.ഐ. ലാലു അയച്ച കുറിപ്പ് :
1954ലെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മുന്നണി മന്ത്രിസഭയുടെ കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി)യിലെ കേശവമേനോൻ (കൊടകര), വയല ഇടിക്കുള (റാന്നി) എന്നീ രണ്ട് എം.എൽ.എമാർ കോൺഗ്രസിലേക്ക് കൂറുമാറി. കേരളത്തിലെ ആദ്യ കൂറുമാറ്റമായിരുന്നു ഇത്. കൂറുമാറ്റത്തെ വളരെ മോശം ഏർപ്പാടായാണ് അന്നുമുതൽ കണക്കാക്കിയിരുന്നത്. കൂറുമാറ്റത്തെ കാലുമാറ്റമെന്ന് രാഷ്ട്രീയ കേരളം വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ മൂന്ന് രാഷ്ട്രീയ നേതാക്കൾ കൂറുമാറി. അതേക്കുറിച്ച് ഹിന്ദു പത്രത്തിൽ വന്ന തലക്കെട്ടുകൾ:
ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു (Former Minister Jitin Prasada leaves Congress, Joins BJP); മുകുൾ റോയ് തൃണമൂലിൽ തിരിച്ചുചേർന്നു (Mukul Roy rejoins Trinamool); രജിബ് ബാനർജിയും തൃണമൂൽ നേതൃത്വത്തെ സമീപിച്ചു (Now, Rajib Banerjee reaches out to Trinamool leadership).
ഈ മൂന്നുപേരും കാലുമാറ്റക്കാരാണ്. അധികാര ശക്തിയുടെ ഭാഗത്തേക്ക് മാറുന്നവർ. പക്ഷേ, വാർത്താ തലക്കെട്ടുകളിൽ ഇവർ കാലുമാറ്റമാണ് നടത്തിയതെന്ന ഒരു ധ്വനിയുമില്ല. ഇത്തരം കാലുമാറ്റങ്ങളെ അത്ര മോശം ഏർപ്പാടായി ജനാധിപത്യ ക്രമത്തിലെ നാലാം തൂണായ മാധ്യമങ്ങൾപോലും കണക്കാക്കുന്നില്ല എന്ന് ചുരുക്കം.
ധൂർത്തുപുത്രെൻറ തറവാട്ടിലേക്കുള്ള തിരിച്ചുവരവുപോലെ അത്ര നിരുപദ്രവമാണ് കാലുമാറ്റമെങ്കിൽ കൂറുമാറ്റ നിയമം മുൻകാല പ്രാബല്യത്തോടെ പിൻവലിക്കുന്നതാണ് നല്ലത്.