വ്യാജ വാർത്തകളുടെ അധോലോകം
ഡോക്യുമെന്ററിയുടെ കാര്യത്തിലായാലും റെയ്ഡിന്റെ കാര്യത്തിലായാലും മോദിസർക്കാറിന്റെ പക്ഷത്ത് നിലകൊണ്ടത് ഇന്ത്യയിലെ ഏതാനും ‘ദേശീയ’ മാധ്യമങ്ങളാണ്. അവയുടെ വിധേയത്വം തന്നെ ഇന്ത്യനവസ്ഥയെപ്പറ്റി മറ്റുള്ളവർ പറയുന്നതിന് സ്ഥിരീകരണമാവുകയാണ് ചെയ്തത്.
വ്യാജ വാർത്തകൾക്ക് മുമ്പ് കരുതിയതിനെക്കാൾ വ്യാപ്തിയും കരുത്തുമുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.
മുമ്പ്, ഒറ്റപ്പെട്ടയാളുകൾ ഇറക്കുന്ന നുണ മറ്റുള്ളവരും സംഘടിത ‘ഐ.ടി സെല്ലു’കളും വ്യാപകമായി പ്രചരിപ്പിക്കുന്ന സ്ഥിതിയായിരുന്നു. പിന്നീട്, പ്രത്യേക ലക്ഷ്യം വെച്ചുതന്നെ ആസൂത്രിതമായും സംഘടിതമായും വ്യാജ/വിദ്വേഷ പോസ്റ്റുകൾ പരത്തുന്നതിലെത്തി. ഇപ്പോൾ മനസ്സിലാകുന്നു, ഈ രംഗത്ത് ക്വട്ടേഷൻ സംഘങ്ങൾതന്നെ പ്രവർത്തിക്കുന്നുണ്ടെന്ന്.
വിവിധ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യമാക്കി പാർട്ടിക്കാർ വൻതുക നൽകി നുണപ്രചാരണ ക്വട്ടേഷൻ നൽകുന്നു. അതുപ്രകാരം, മാധ്യമങ്ങൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും കള്ളക്കഥകൾ ഇറക്കുന്നു. വ്യക്തിഹത്യയും വിദ്വേഷ പ്രചാരണവും നടത്തുന്നു.
ഇത് നടത്തിക്കൊടുക്കുന്ന ഒരു സംഘമാണ് ഇസ്രായേലിലെ ടീം ഹോർഹെ (Team Jorge) ‘നുണ ക്വട്ടേഷൻ’ കൊടുക്കാനെന്ന നാട്യത്തിൽ കുറെ മാധ്യമപ്രവർത്തകർ ഈ ടീമിനെ ബന്ധപ്പെടുകയും ഒളികാമറ വഴി അവരുടെ പ്രവർത്തനരീതി കണ്ടെത്തുകയും ചെയ്തു. ‘ഫൊർബിഡൻ സ്റ്റോറീസ്’ എന്ന മാധ്യമ കൂട്ടായ്മയാണ് ഇതിന് നേതൃത്വം കൊടുത്തതും കണ്ടെത്തലുകൾ പുറത്തുവിട്ടതും.
ഇന്ത്യയിൽ വർഗീയപക്ഷം എങ്ങനെ വിദ്വേഷം പരത്തി അധികാരം പിടിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്ന് തുറന്നെഴുതിയിരുന്ന മാധ്യമപ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്. അവർക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. എങ്കിലും അവർ ഗൗരി ലങ്കേഷ് പത്രിക എന്ന വാരികയിലൂടെ പ്രവർത്തനം തുടർന്നു. വ്യാജവാർത്തകൾ സമൂഹത്തിനുണ്ടാക്കുന്ന അപകടത്തെപ്പറ്റിയും വിദ്വേഷം പരത്തി ലാഭമെടുക്കാൻ തീവ്രവലതുപക്ഷക്കാർ നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ബോധ്യമുണ്ടായിരുന്ന അവർ അതിനെപ്പറ്റി ശക്തമായ ഒരു എഡിറ്റോറിയൽ എഴുതി. ‘വ്യാജ ഫാക്ടറികളെ’ തുറന്നുകാട്ടാൻ കൂടുതൽ ആളുകൾ രംഗത്തിറങ്ങണമെന്ന് അതിൽ ആഹ്വാനംചെയ്തു. കർണാടകയിലെ ഒരു പ്രാദേശിക മാധ്യമം ഇറക്കുന്ന ആപത്കരമായ വ്യാജങ്ങളും അവ ബി.ജെ.പിയും മറ്റും എങ്ങനെ മുതലെടുക്കുന്നു എന്നതിന്റെ വിശദാംശങ്ങളും അവർ ആ എഡിറ്റോറിയലിൽ കുറിച്ചു.
‘വ്യാജ വാർത്തകളുടെ കാലത്ത്’ (In the Age of False News) എന്ന തലക്കെട്ടിലെഴുതിയ ആ മുഖപ്രസംഗം അച്ചടിക്കാൻ കൊടുത്തിട്ടാണ് 2017 സെപ്റ്റംബർ അഞ്ചിന് അവർ ഓഫിസിൽനിന്ന് വീട്ടിലേക്ക് തിരിച്ചത്. രാത്രി എട്ടുമണിയോടെ വീടിന് മുന്നിലെത്തിയ അവർ പൂട്ടിയിട്ടിരുന്ന വാതിൽ തുറക്കുമ്പോൾ വെടിയേറ്റു കൊല്ലപ്പെട്ടു. മൂന്നു അക്രമികൾ ഉടൻതന്നെ രക്ഷപ്പെട്ടു.
ആ മുഖപ്രസംഗം അച്ചടിച്ച് കാണാൻ അവർ ബാക്കിയുണ്ടായില്ല. പക്ഷേ, ‘ഫൊർബിഡൻ സ്റ്റോറീസ്’ എന്ന കൂട്ടായ്മ അതോടെ ഉണർന്നു. ‘സ്റ്റോറികിലേഴ്സ്’ എന്ന ഒരു പ്രോജക്ടുണ്ട് അവർക്ക്. ജോലി കാരണം കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ആ ജോലി മറ്റെല്ലാവരും ചേർന്ന് മുഴുമിപ്പിക്കുക എന്നതാണത്. ഗൗരി പ്രധാനമായിക്കണ്ട വ്യാജവാർത്താ പ്രശ്നം അവർ ഏറ്റെടുത്ത് അന്വേഷണം തുടങ്ങി.
ആ അന്വേഷണത്തിനിടയിലാണ് മുകളിൽ പറഞ്ഞ ‘ടീം ഹോർഹെ’ പോലുള്ള അന്താരാഷ്ട്ര വ്യാജ വാർത്താ ക്വട്ടേഷൻ സംഘങ്ങളെപ്പറ്റി അവർക്ക് വിവരം കിട്ടുന്നത്. ‘ടീം ഹോർഹെ’യെപ്പറ്റി അവർ ആഴത്തിൽ അന്വേഷിച്ചു – പ്രച്ഛന്നവേഷത്തിൽ.
ആ അന്വേഷണത്തിന്റെ ഫലമാണ് അവർ കഴിഞ്ഞദിവസം പ്രസിദ്ധപ്പെടുത്തിയത്.
ഇസ്രായേലുകാരായ രണ്ട് സഹോദരന്മാർ (തൽ ഹനാൻ, സുഹർ ഹനാൻ) ആണേത്ര വൻലാഭം കൊയ്യുന്ന ഈ നുണവ്യവസായത്തിന്റെ തലപ്പത്തുള്ളത്.
ഏതെങ്കിലും നാട്ടിൽ തെരഞ്ഞെടുപ്പ് വരുന്നു. അത് അനുകൂലമാക്കാൻ ആവശ്യമായ കള്ളപ്രചാരണം നടത്തിക്കൊടുക്കാൻ പാർട്ടികൾ ഇവരെ സമീപിക്കുന്നു. കാരണം, ഹാക്കിങ്, ഡിജിറ്റൽ ചാരവൃത്തി, വ്യക്തിഹത്യ, മാധ്യമങ്ങളെ സ്വാധീനിക്കൽ, തെരഞ്ഞെടുപ്പ് ഫലം വളച്ചെടുക്കൽ തുടങ്ങി പലതരം ചതികൾ വിൽക്കുന്ന നുണകളുടെ സൂപ്പർമാർക്കറ്റാണ് ‘ടീം ഹോർഹെ’. അവരതിനെ വിളിക്കുന്നത് ‘ഇലക്ട്രോണിക് യുദ്ധസേവനം’ എന്നേത്ര.
ഇന്ത്യയിലും ഇവർ ഇടപെട്ടിട്ടുണ്ട് എന്നു കരുതാൻ ന്യായമുണ്ട്. ഒരു നുണ പതിനായിരമാക്കി പെരുപ്പിക്കാൻ കഴിയുന്ന സോഫ്റ്റ്വെയർ (അഡ്വാൻസ്ഡ് ഇംപാക്ട് മീഡിയ സൊലൂഷൻസ് – എയിംസ്), സമൂഹമാധ്യമങ്ങളിൽ വ്യാജമെന്ന് തോന്നിക്കാത്ത തരത്തിൽ ചേർക്കപ്പെടുന്ന പതിനായിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ, വ്യാജം പരത്താൻ സജ്ജരായി 30,000 ഇലക്ട്രോണിക് ‘ബോട്ടു’കൾ തുടങ്ങി ഡിജിറ്റൽ വിദ്യ ഏറ്റവും കാര്യക്ഷമമായി ചതിപ്രയോഗത്തിന് ഉപയോഗിക്കുകയായിരുന്നു. നമ്മുടെ നാട്ടിൽ ജനസമ്മതി ‘നിർമിച്ചെടുക്കു’ന്ന മാധ്യമരീതി കുറച്ചു വർഷങ്ങളായി പരിചിതമാണ്. മാധ്യമപ്രവർത്തകരടക്കം എതിരാളികളെ ഉന്നമിട്ട്, അവരുടെ കമ്പ്യൂട്ടറിലും ഫോണിലുമെല്ലാം നുഴഞ്ഞുകയറി ഗൂഢമായി വിധ്വംസക പ്രയോഗങ്ങൾ നടത്തുന്ന ‘പെഗസസ്’ സോഫ്റ്റ് വെയർ ഇന്ത്യയിലും കാര്യമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ വ്യാജം പരത്തി അധികാരക്കളിക്ക് സേവനം നൽകിയ ഈ സംഘം മാധ്യമരംഗത്തെ അധോലോകമാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ സമാന്തര കൂട്ടായ്മ എന്നു വിളിക്കാവുന്ന ‘ഫൊർബിഡൻ സ്റ്റോറീസ്’ അവരെ തിരിച്ചറിയുന്നത് 27ഓളം രാജ്യങ്ങളിൽ വ്യാജവും വിദ്വേഷവും കുത്തിവെച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ച ശേഷമാണ് എന്നതുതന്നെ, മാധ്യമരംഗത്തെ പോരാട്ടത്തിൽ വ്യാജത്തിന് ലഭിച്ച മേൽക്കൈ സൂചിപ്പിക്കുന്നു. ഇപ്പോൾ വെളിപ്പെടുത്തപ്പെട്ട രീതികൾ ഇന്ത്യയിലെ വ്യാജ വ്യവസായ മേഖലയുമായി ചേർന്നുപോകുന്നു എന്നതും ശ്രദ്ധേയമാണ്.
ഭയപ്പെടുത്തി; പക്ഷേ...
ഗുജറാത്ത് വംശഹത്യയെ കുറിച്ചും മോദി ഭരണകാലത്തെ ഇന്ത്യയെ കുറിച്ചും ബി.ബി.സി ചെയ്ത ഡോക്യുമെന്ററി സർക്കാർ നിരോധിച്ചത് വിപരീതഫലമാണുണ്ടാക്കിയത്. ആ ഡോക്യുമെന്ററിയുടെ ഉള്ളടക്കം കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു.
മൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ കാര്യവും അങ്ങനെതന്നെ. മാധ്യമങ്ങളെ ഭയപ്പെടുത്താനാണ് അതെങ്കിൽ അത് ഒരുപക്ഷേ, ഫലം ചെയ്തുകാണും. എന്നാൽ, മോദിസർക്കാർ നടത്തുന്ന മാധ്യമവേട്ടയിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കാൻകൂടി അത് നിമിത്തമായിട്ടുണ്ട്.
റെയ്ഡിനെ പറ്റി (‘സർവേ’ എന്ന് സർക്കാർ ഭാഷ്യം) ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നു മാത്രമല്ല, അതിനൊപ്പം ബി.ബി.സി ഡോക്യുമെന്ററിയെയും അതിന്റെ ഉള്ളടക്കത്തെയും വിശദമായി പരാമർശിക്കുക കൂടി ചെയ്തു അവയെല്ലാം.
‘‘പ്രതികാര നടപടിയായിട്ടാണ് പലരും ഇതിനെ കാണുക’’ എന്ന് ന്യൂയോർക് ടൈംസ്. ‘‘മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി നിരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി’’ എന്ന് ഗാർഡിയൻ. ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്കിന് ‘‘പുതിയ തെളിവ്’’ ഡോക്യുമെന്ററിയിലുണ്ടെന്ന് പത്രം എടുത്തുപറഞ്ഞു.
ഇന്ത്യയിലെ മോദിപക്ഷ മാധ്യമങ്ങൾ ബി.ബി.സിക്കെതിരെ ഉന്നയിക്കുന്ന വ്യാജ ആരോപണം ചൂണ്ടിക്കാട്ടി വാഷിങ്ടൺ പോസ്റ്റ്. ബി.ബി.സി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏജന്റാണ് എന്നതാണത്. മോദിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെയാണ് റെയ്ഡെന്ന് ഈ പത്രവും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പിനെപ്പറ്റി ആശങ്ക ഉയർത്തുന്ന മറ്റൊരു സംഭവമായി സി.എൻ.എൻ റെയ്ഡിനെ വിലയിരുത്തി.
ബി.ബി.സി ഡോക്യുമെന്ററി തന്നെയാണ് ല മോന്ദ് എന്ന ഫ്രഞ്ച് പത്രവും റെയ്ഡിന്റെ കാരണമായി കണ്ടത്. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുത്തനെ ഇടിയുന്നതായി ബ്ലൂംബർഗും ആവർത്തിച്ചു.
ലണ്ടൻ ടൈംസും റെയ്ഡിനെ വിമർശിച്ചു. ബി.ബി.സി തന്നെയും അതിനെ ഡോക്യുമെന്ററിക്കുള്ള പ്രതികാരമെന്ന് സൂചിപ്പിച്ചു. ഓക്സ്ഫാം, ആംനസ്റ്റി മുതലായ അന്താരാഷ്ട്ര പ്രസ്ഥാനങ്ങളടക്കം റെയ്ഡിനെയും മാധ്യമവേട്ടയെയും വിമർശിച്ചു.
ഡോക്യുമെന്ററിയുടെ കാര്യത്തിലായാലും റെയ്ഡിന്റെ കാര്യത്തിലായാലും മോദിസർക്കാറിന്റെ പക്ഷത്ത് നിലകൊണ്ടത് ഇന്ത്യയിലെ ഏതാനും ‘ദേശീയ’ മാധ്യമങ്ങളാണ്. അവയുടെ വിധേയത്വംതന്നെ ഇന്ത്യനവസ്ഥയെപ്പറ്റി മറ്റുള്ളവർ പറയുന്നതിന് സ്ഥിരീകരണമാവുകയാണ് ചെയ്തത്.
♦