വിദ്വേഷ ഫാക്ടറികളായി ചാനലുകൾ
ഇന്ത്യയിൽ പലേടത്തും പ്രതിഷേധങ്ങൾക്കും അടിച്ചമർത്തലിനും, ഇന്ത്യക്ക് പുറത്ത് നയതന്ത്ര പ്രശ്നങ്ങൾക്കും ഇടവരുത്തിയ വിദ്വേഷ വാക്കുകൾ അന്തിമമായി ഉൽപാദിപ്പിച്ചത് ചില വാർത്താ ചാനലുകളാണ്.മേയ് 26ന് രാത്രി ഒമ്പതുമണിയുടെ അന്തിച്ചർച്ചയിൽ പങ്കെടുത്ത് ബി.ജെ.പി വക്താവ് നൂപുർ ശർമ പറഞ്ഞ വാക്കുകളാണ് വിഡിയോ ആയി പ്രചരിച്ചതും ലോകമെങ്ങും പടർന്നതും. എന്നാൽ, ടൈംസ് നൗ ചാനലിൽ പറഞ്ഞ ആ വിഷവാക്കുകൾ അതിനുമുമ്പ് അതേ ദിവസം വേറെ രണ്ട് ചാനലുകളിലും അവർതന്നെ പറഞ്ഞിരുന്നു.
ന്യൂസ് 24ൽ വൈകീട്ട് അഞ്ചു മണിക്കും റിപ്പബ്ലിക് ഭാരതിൽ ഏഴു മണിക്കും നടത്തിയ സംവാദങ്ങളിൽ പ്രവാചകനെക്കുറിച്ചുള്ള നിന്ദാവാക്കുകൾ നൂപുർ ശർമ പറഞ്ഞിരുന്നു എന്നതിൽനിന്ന്, അവർ അതിന് തീരുമാനിച്ച് വന്നതാണെന്നും ആകസ്മികമായി രോഷത്താൽ പറഞ്ഞുപോയതല്ലെന്നും വ്യക്തമാകുന്നു. മറ്റു രണ്ടു ചാനലുകളിൽ അവതാരകർ ഇടപെട്ടു; ടൈംസ് നൗവിൽ നവികകുമാർ കുറെ വൈകി, അതും ദുർബലമായി, മാത്രമാണ് നൂപുർ ശർമയോട് അരുതെന്ന് പറയാൻ ശ്രമിച്ചത്.ഇവിടെ ചർച്ചയെ വിദ്വേഷത്തിനുവേണ്ടി ഉപയോഗിച്ച നൂപുർ ശർമ മാത്രമല്ല കുറ്റം ചെയ്തത്. അതിന് വേദി നൽകിയ ചാനലുകൾ കൂടിയാണ്. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത കടുത്ത വർഗീയ ചർച്ചക്ക് അവസരമാക്കിയത് അവക്കു പറ്റിയ അബദ്ധമല്ല, അവയുടെ നയംതന്നെയാണ്.
മസ്ജിദിനുമേൽ അവകാശവാദമുന്നയിക്കപ്പെട്ടതിനെപ്പറ്റി വിവേകപൂർണമായ അക്കാദമിക സംവാദം നടത്തുന്നതിനു പകരം അതുപയോഗിച്ച് റേറ്റിങ് വർധിപ്പിക്കാൻ പാകത്തിൽ ബഹളമയമായ വർഗീയതർക്കം സംഘടിപ്പിക്കുകയാണ് അവ ചെയ്തത്.ചാനലുകളുടെ സ്ഥിരം രീതിയായിട്ടുണ്ട് ഇത്. ചർച്ച ആവശ്യമുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും നാട്ടിൽ ധാരാളമുണ്ട്. എന്നാൽ, ബഹളം വെക്കാൻ ഇടം നൽകുന്ന വിഷയങ്ങൾ തിരഞ്ഞു കണ്ടുപിടിക്കുകയാണ് ചാനലുകൾ ചെയ്യുന്നത്. മാത്രമല്ല, അതിനെക്കുറിച്ചുള്ള ചർച്ചയിൽ അറിവോ പരിഹാരമോ നൽകാൻ കഴിയുന്നവരെയല്ല ക്ഷണിക്കുക. മറിച്ച്, ഏറ്റവും കൂടുതൽ രോഷം പ്രകടിപ്പിക്കാനും ഒച്ചയിടാനും പറ്റുന്നവരെയാണ്.
വിഷയത്തിന്റെയും ചാനലിന്റെയും തിരഞ്ഞെടുപ്പോടെതന്നെ ചാനലുകൾ വിഷം പരത്തി അന്തരീക്ഷം കലക്കാനുള്ള ചേരുവകൾ തയാറാക്കിക്കഴിഞ്ഞിരിക്കും.ഒരു ചാനലിൽ നബിയെ നിന്ദിച്ചുകൊണ്ട് സംസാരിച്ച നൂപുർ ശർമയെത്തന്നെ വേറെ രണ്ടു ചാനലുകൾ അതേ വിഷയത്തിൽ ചർച്ചക്ക് വിളിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.ലക്ഷ്യം നേടിക്കഴിഞ്ഞാൽ പിന്നെ കൈകഴുകി രക്ഷപ്പെടുന്ന ശീലവും ചാനലുകൾ വളർത്തിയെടുത്തിട്ടുണ്ട്.നവികകുമാർ ട്വിറ്ററിലും ചാനലിലുമായി പിന്നീട് പറഞ്ഞത്, ''ഞാനെന്തു ചെയ്യാനാണ്? ചർച്ചയിൽ പങ്കെടുക്കുന്നവർ എന്തൊക്കെ പറയുമെന്ന് എങ്ങനെ അറിയാനാണ്?'' എന്ന മട്ടിലാണ്.
വാസ്തവമെന്താണ്? രണ്ടു ചാനലുകളിലെ പ്രകടനം കഴിഞ്ഞിട്ടാണ് നൂപുർ, നവികയുടെ ചാനലിലേക്ക് വരുന്നത് എന്നതിനാൽ അവരെന്ത് പറയും എന്ന് വ്യക്തമായിരുന്നു. പറയാനുള്ളത് പറയിച്ച ശേഷമേ നവിക ഇടപെട്ടുള്ളൂ.സ്വയം ന്യായീകരിക്കാനായി സത്യം വളച്ചൊടിക്കാനും നവിക ഒരുമ്പെട്ടു.സ്വന്തം ചാനലിൽ നവിക വിശദീകരിച്ചു: ''അവർ (നൂപുർ) ഖുർആനിൽ പറഞ്ഞ ചില കാര്യങ്ങൾ പരാമർശിച്ചു...''
നബിയുടെ പത്നി ആഇശയുടെ വിവാഹപ്രായത്തെപ്പറ്റി ഖുർആനിലുണ്ടെന്ന് ചാനൽ മേധാവിതന്നെ ഒരു പരിശോധനയുമില്ലാതെ പറയുന്നു! (അവരുടെ വിവാഹപ്രായത്തെപ്പറ്റി ഖണ്ഡിതമായ വിവരം എവിടെയുമില്ല. ചില പാശ്ചാത്യ ഗവേഷകരുടെ അഭിപ്രായത്തിൽ അത് ഒമ്പതു മുതൽ 19 വരെ ഏതുമാകാം. ആറ് ഏതായാലും അല്ല.
നബിയെയും പത്നിയെയും മതത്തെയും പരസ്യമായി നിന്ദിച്ച സംഭവത്തിനുശേഷം നൂപുറിനെതിരെ പാർട്ടി നടപടിയെടുത്തപ്പോൾ ഇതേ ചാനൽ (ടൈംസ് നൗ) അത് റിപ്പോർട്ട് ചെയ്തതെങ്ങനെയെന്നോ? ''ഒരു ടി.വി ചാനലിലെ ചർച്ചാ പരിപാടിക്കിടെ മുഹമ്മദ് നബിയെപ്പറ്റി മോശം പരാമർശം നടത്തിയതിന് രോഷപാത്രമായ നൂപുർ ശർമയെ'' സസ്പെൻഡ് ചെയ്തു എന്ന്. ഏതോ ഒരു ചാനൽ! ഏതോ നൂപുർ! ഈ സംഭവത്തിനുശേഷം ബി.ജെ.പി അതിന്റെ പ്രതിനിധികൾക്ക് ചാനൽ ചർച്ചയിൽ നിയന്ത്രണം കൊണ്ടുവന്നു. എന്നുവെച്ച് ചാനലുകൾക്ക് തീപ്പൊരികളെ കിട്ടാതെ പ്രവർത്തിക്കാനാകുമോ? അവർ മറ്റു തീപ്പൊരികളെ തേടിപ്പിടിച്ച് കൊണ്ടുവരുന്നു, അത്രതന്നെ!
നൂപുറിനെ പാർട്ടി സസ്പെൻഡ് ചെയ്തതിന്റെ തൊട്ടുപിറ്റേന്നാണ് ആജ് തക് ചാനലിൽ വീര്യം ഒട്ടും കുറയാത്ത വിഷം വമിക്കാൻ മറ്റൊരാളെ കൊണ്ടുവന്നത്. ഹിന്ദു മഹാസഭയുടെ ജനറൽ സെക്രട്ടറിയായ ''സാധ്വി'' അന്നപൂർണ ഒട്ടും നിരാശരാക്കിയുമില്ല. 2019ൽ ഗാന്ധിജിയുടെ കോലത്തിനുനേരെ പ്രതീകാത്മകമായി വെടിയുതിർത്ത ഗോദ്സെ ഭക്തയാണിവർ. ഹരിദ്വാറിൽ ഈയിടെ വംശഹത്യക്ക് ആഹ്വാനം ചെയ്തവരിൽ ഒരാളും.
ടൈംസ് നൗ, റിപ്പബ്ലിക് ടി.വി, റിപ്പബ്ലിക് ഭാരത്, ന്യൂസ് 18, എ.ബി.പി, സീ ന്യൂസ്, ഇന്ത്യ ടുഡേ തുടങ്ങിയ ഉത്തരേന്ത്യൻ ചാനലുകൾ പതിവായി പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശേഷിയുള്ള വിദ്വേഷ വിഷമാണ്. മാത്രമല്ല, ചർച്ചക്ക് വിളിച്ചുകൊണ്ട് വിഷവാക്കുകൾക്ക് മാന്യത നൽകുകയാണവർ.
അത്രതന്നെ വരില്ലെങ്കിലും മലയാളം ചാനലുകളും ആ മാതൃക പിന്തുടരുന്നതായാണ് കാണുന്നത്. വടക്കൻ ദുഷ്ടമാതൃകയുടെ രണ്ട് കാതലായ വശങ്ങൾ ഇവയും കൈക്കൊണ്ടു കാണുന്നു.
ഒന്ന്, ഭിന്നിപ്പിക്കാൻ ശേഷിയുള്ള വർഗീയ വിഷയങ്ങൾ ചർച്ചക്കായി തിരഞ്ഞെടുക്കുക.
രണ്ട്, ഏറ്റവും കൂടുതൽ വിഷം പ്രസരിപ്പിക്കാൻ ശേഷിയുള്ള നാക്കുകളെ തേടിപ്പിടിക്കുക.
ഉത്തരേന്ത്യൻ ചാനലുകളാണ് മാതൃക. തിരിച്ചായിരുന്നു വേണ്ടത്. അറിവും സമാധാനവും പരത്തുന്ന വിവേകപൂർണമായ സംവാദങ്ങൾ എങ്ങനെ നടത്താമെന്നതിന്റെ മാതൃക അവർക്ക് നമ്മിൽനിന്ന് പഠിക്കാൻ കഴിയേണ്ടിയിരുന്നു.
ധ്രുവീകരണത്തിന്റെ ചാനൽ ഫോർമുല
സർക്കാറിനെ വിമർശിക്കുന്നവരെ സമൂഹത്തിൽ സ്പർധ വളർത്തുന്നവരെന്ന് ആക്ഷേപിച്ച് കേസിൽപെടുത്തുമ്പോൾ, വിദ്വേഷവാക്കുകൾക്ക് ഇടംനൽകുകയും ആ വിഷപ്രവാഹത്തിൽ ഇടപെടാതിരിക്കുകയും ചെയ്ത ടൈംസ് നൗ ചാനലിനെതിരെ ഇതുവരെ ഔദ്യോഗിക നടപടി ഒന്നുമുണ്ടായിട്ടില്ല. നവികകുമാർ ടൈംസ് നൗ ശൃംഖലയുടെ ഗ്രൂപ് എഡിറ്ററാണ്.
ചർച്ചയിൽ പങ്കെടുക്കുന്നവർ പറയുന്നതിൽ ഇടപെടാനാകില്ല എന്ന് നവികകുമാർ സ്വയം ന്യായീകരിക്കുന്നു. ഇതേ നവികകുമാർ രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു ചർച്ചയിൽ, ശൂദ്രന്മാർ പുറത്തുനിന്നു വന്ന അധിനിവേശകരാണെന്ന് പറഞ്ഞ ലഫ്. കമാൻഡർ (റിട്ട.) ഗോകുൽ ചന്ദ്രനെ തടസ്സപ്പെടുത്തി, ''അപ്പോൾ ഞാനൊക്കെ നാടുവിടണോ?'' എന്ന് ചോദിച്ചതും ''വേണ''മെന്ന മറുപടി കേട്ട് രോഷംകൊണ്ടതും സമൂഹമാധ്യമങ്ങളിൽ കാണാം. ഇടപെടാൻ അറിയാത്ത പ്രശ്നമൊന്നും നവികക്കില്ല.
വാസ്തവത്തിൽ വർഗീയശക്തികളെ കയറൂരിവിട്ടതിന് സർക്കാറുകളെ കുറ്റപ്പെടുത്തുമ്പോഴും, അവർക്ക് വേദി നൽകുന്ന മാധ്യമങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. ''ഹിന്ദു-മുസ്ലിം'' തർക്കങ്ങൾ സ്ഥിരമായി അന്തിച്ചർച്ചക്കെടുക്കുന്ന ഉത്തരേന്ത്യൻ മാധ്യമങ്ങൾ വിശേഷിച്ചും അക്രമങ്ങൾക്ക് തീകൊടുത്തശേഷം 'ഞാനൊന്നുമറിഞ്ഞീല' എന്നമട്ടിൽ മാറിനിൽക്കുകയാണ്.
മാധ്യമങ്ങൾ വഴിയുള്ള വർഗീയ പ്രചാരണങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിൽ ഭീഷണിയും ഭർത്സനവും ഏറ്റുവാങ്ങേണ്ടിവരുന്നയാളാണ് 'ആൾട്ട് ന്യൂസ്' എന്ന വസ്തുതാ പരിശോധക സൈറ്റിന്റെ സഹസ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ. ഈയിടെ ഡൽഹിയിലും ഹരിദ്വാറിലും നടന്ന സമ്മേളനങ്ങളിൽ ഹിന്ദുത്വ നേതാക്കൾ പരസ്യമായി വംശഹത്യക്ക് ആഹ്വാനം ചെയ്തപ്പോൾ അതിലേക്ക് പൊതുശ്രദ്ധ ക്ഷണിച്ചത് അദ്ദേഹമാണ്. നൂപുർ ശർമയുടെ നബിനിന്ദ പൊതുശ്രദ്ധയിൽ കൊണ്ടുവന്നതും അദ്ദേഹംതന്നെ. എഡിറ്റ് ചെയ്ത് കൃത്രിമം വരുത്തിയാണ് സുബൈർ ആ പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് ആരോപിതർ ആദ്യം പറഞ്ഞുനോക്കിയെങ്കിലും അത് വിലപ്പോയില്ല.
സുബൈർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്. ഹിന്ദുത്വപക്ഷത്തുനിന്നെന്നപോലെ മുസ്ലിം പക്ഷത്തുനിന്നും പരവിദ്വേഷവും പരമതനിന്ദയും വർഗീയതയും ചാനലുകളിലൂടെ പ്രസരിപ്പിക്കുന്നവരുണ്ട്. അത് ചെയ്യിക്കുന്നത് ചാനലുകളാണ്.
റേറ്റിങ് വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മസാലയായി കുറെ ചാനലുകൾ വർഗീയതയെയും ഹിന്ദു-മുസ്ലിം വാക്പോരിനെയും തിരിച്ചറിഞ്ഞിരിക്കുന്നു. അതിന് തീവ്രഹിന്ദുത്വ പക്ഷത്തുനിന്നുള്ളവരെ 'നേരിടാ'നെന്ന മട്ടിൽ മുസ്ലിം പക്ഷത്തുനിന്ന് അവർ കണ്ടെത്തുന്നത് മുസ്ലിംകളെ ഏതെങ്കിലും നിലക്ക് പ്രതിനിധാനം ചെയ്യുന്നവരെയല്ല. മറിച്ച്, ഹിന്ദുക്കൾക്കെതിരെ മൂർച്ചയുള്ള വാക്കുകൾകൊണ്ട് വർഗീയതക്ക് തീ കൊടുക്കാൻ കഴിയുന്ന വ്യാജ പണ്ഡിതന്മാരെയാണ്.
അത്തരത്തിലൊരാളെ സുബൈർ ചൂണ്ടിക്കാണിക്കുന്നുണ്ട് -മൗലാനാ ഇല്യാസ് ശറഫുദ്ദീൻ. ഈ ''മൗലാനാ'' പട്ടംതന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹിന്ദുക്കൾക്കെതിരെ മൊത്തമായി വിദ്വേഷം പറയലാണത്രെ അദ്ദേഹത്തിന്റെ യോഗ്യത.