നേരു പറഞ്ഞാൽ...
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് പരസ്യമായിവിദ്വേഷപ്രചാരണം നടത്തിയവരെ തുറന്നുകാണിക്കുകയാണ് സുബൈർ ഏറെയും ചെയ്തിട്ടുള്ളത്.വ്യാജ വാർത്തകൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമിടയിൽ, നേരെന്തെന്ന് പറയേണ്ട മാധ്യമങ്ങൾപോലും ഭിന്നിപ്പിക്കലിന്റെ ഉച്ചഭാഷിണിയാകുമ്പോൾ, അധികാരത്തോട് നേര് പറഞ്ഞും വസ്തുതാ പരിശോധനവഴി...
Your Subscription Supports Independent Journalism
View Plansമതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് പരസ്യമായിവിദ്വേഷപ്രചാരണം നടത്തിയവരെ തുറന്നുകാണിക്കുകയാണ് സുബൈർ ഏറെയും ചെയ്തിട്ടുള്ളത്.
വ്യാജ വാർത്തകൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമിടയിൽ, നേരെന്തെന്ന് പറയേണ്ട മാധ്യമങ്ങൾപോലും ഭിന്നിപ്പിക്കലിന്റെ ഉച്ചഭാഷിണിയാകുമ്പോൾ, അധികാരത്തോട് നേര് പറഞ്ഞും വസ്തുതാ പരിശോധനവഴി വ്യാജങ്ങളോട് പൊരുതിയും രാജ്യസേവനം ചെയ്യുന്നവർ അറസ്റ്റിലാണ്. ഗുജറാത്ത് വംശഹത്യയിൽ വർഗീയവാദികളുടെ പങ്കിനെപ്പറ്റി പറഞ്ഞവരാണ് സഞ്ജീവ് ഭട്ടും ടീസ്റ്റ സെറ്റൽവാദും ആർ.ബി. ശ്രീകുമാറും മറ്റും. ഭട്ടിനെ നേരത്തേതന്നെ പഴയൊരു കേസ് കുത്തിപ്പൊക്കി തടങ്കലിലാക്കി. ടീസ്റ്റയെയും ശ്രീകുമാറിനെയും സുപ്രീംകോടതിയുടെ പരാമർശങ്ങൾക്കുപിന്നാലെ പിടികൂടി. ഇപ്പോൾ വസ്തുതാപരിശോധക സൈറ്റായ ആർട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് പരസ്യമായി വിദ്വേഷപ്രചാരണം നടത്തിയവരെ തുറന്നുകാണിക്കുകയാണ് സുബൈർ ഏറെയും ചെയ്തിട്ടുള്ളത്.
ബി.ജെ.പി വക്താവ് നൂപുർ ശർമ ടൈംസ് നൗ ചാനലിലെ ചർച്ചക്കിടെ മുഹമ്മദ് നബിയെ നിന്ദിച്ച് സംസാരിച്ചതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത് സുബൈറാണ്. ടൈംസ് നൗ ചാനലിനെയും അവതാരക നവിക കുമാറിനെയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്. ബി.ജെ.പിക്കെതിരെ രാജ്യാന്തരതലത്തിൽ വിമർശനമുയരാൻ ഇടവരുത്തിയ സംഭവമായിരുന്നു അത്.
കുറച്ചുമുമ്പ് ഹരിദ്വാറിൽ നടന്ന വിദ്വേഷ പ്രസംഗങ്ങളും ലോകമറിഞ്ഞത് സുബൈറിന്റെ പോസ്റ്റുകളിലൂടെയാണ്.
വർഗീയ ചായ് വോടെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന വ്യാജങ്ങൾ അനേകം തുറന്നുകാട്ടിയിട്ടുണ്ട് സുബൈർ.
വർഗീയവിദ്വേഷം പരത്തിയവർ സ്വൈരവിഹാരം നടത്തുമ്പോൾ അത് തുറന്നുകാട്ടിയവർ ശിക്ഷിക്കപ്പെടുന്നു. വംശവെറിക്ക് ഉത്തരവാദികളായവർതന്നെ നിയമം നടപ്പാക്കുമ്പോൾ ഇങ്ങനെയാണ് സംഭവിക്കുക.
ടീസ്റ്റയും സുബൈറും എഴുത്തുകളിലൂടെ നേര് ഉയർത്തിപ്പിടിച്ചവരാണ്. അതേ കാരണത്താൽ അവരെല്ലാം ശിക്ഷിക്കപ്പെടുമ്പോൾ അത് ഒരുകാര്യം വ്യക്തമാക്കുന്നു: ഭരണകൂടങ്ങൾ സത്യത്തെയും സത്യം പറയുന്നവരെയും വല്ലാതെ ഭയക്കുന്നു. രാജ്യത്തിലും സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിൽ മാധ്യമനിയന്ത്രണങ്ങൾ വരുന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
ആയിരം മരണം; ഒറ്റനാളിന്റെ വാർത്ത
ഇന്ത്യയുടെ അയൽരാജ്യങ്ങളാണ് 2015 ഏപ്രിലിൽ വൻ ഭൂകമ്പമുണ്ടായ നേപ്പാളും, ഇപ്പോൾ 2022 ജൂണിൽ ഭൂകമ്പമുണ്ടായ അഫ്ഗാനിസ്താനും.
ഏഴുവർഷം മുമ്പ് നേപ്പാൾ ദുരന്തത്തിൽ മുഖം നഷ്ടപ്പെട്ടവരാണ് ഇന്ത്യൻ മാധ്യമങ്ങൾ. കുറെ വടക്കേ ഇന്ത്യൻ ചാനലുകൾ പതിവുശൈലിയിൽ ദുരന്തം ആഘോഷിക്കാനിറങ്ങി. ദുഃഖാർത്തരായ കുടുംബങ്ങളെ സമയമോ സാഹചര്യമോ നോക്കാതെ ശല്യപ്പെടുത്തി, അനുചിതമായ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടുപോലും ചാനൽ മൈക്കുകൾ നീട്ടിപ്പിടിച്ച് അർമാദിച്ചു. ഇന്ത്യയിൽനിന്നയച്ച സഹായത്തെ അത്യുക്തിയോടെ വർണിച്ച് പരിഹാസ്യരായി.
സഹികെട്ട് നേപ്പാളിൽ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് പോസ്റ്റുകളിട്ടു.അക്കൊല്ലം മേയ് മൂന്നിന് ലോക മാധ്യമസ്വാതന്ത്ര്യദിനത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഹാഷ് ടാഗ് നേപ്പാളികളുടെ 'ഇന്ത്യൻ മാധ്യമങ്ങൾ വീട്ടിലേക്ക് മടങ്ങൂ' (#GoHomeIndianMedia) എന്നതായിരുന്നു.
വികലവും അധമവുമായ മാധ്യമപ്രവർത്തനമായിരുന്നു ചിലരുടേതെങ്കിലും, ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അർഹിച്ച പ്രാധാന്യത്തോടെയാണ് നേപ്പാൾ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. ദിവസങ്ങളോളം ഇന്ത്യൻ പത്രങ്ങളുടെ മുൻപേജിൽ അതിന്റെ വാർത്തകളും പടങ്ങളും ഉപവാർത്തകളും വന്നു. മേയ് രണ്ടാം വാരത്തിൽ പ്രമുഖ ആനുകാലികങ്ങൾ (ഇന്ത്യ ടുഡേ, ടൈം, ദ വീക്, ഔട്ട്ലുക്, ഫ്രണ്ട്ലൈൻ) നേപ്പാൾ ദുരന്തം കവർസ്റ്റോറിയാക്കി.
അന്ന് മാധ്യമങ്ങൾ (ഇന്ത്യയിലേത് പ്രത്യേകിച്ചും) നേപ്പാൾ ദുരന്തത്തെ വൻ വാർത്തയാക്കിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ഇപ്പോൾ അഫ്ഗാനിസ്താനിലെ ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നതിലെ പിശുക്കാണ് ശ്രദ്ധേയം.
രണ്ട് ഭൂകമ്പങ്ങളും തമ്മിൽ തീവ്രതയിൽ വ്യത്യാസമുണ്ട്. നേപ്പാളിൽ പതിനായിരത്തിലധികം പേരാണ് മരിച്ചത്. അഫ്ഗാനിസ്താനിലെ കണക്കുകൾ മുഴുവൻ വന്നുകഴിഞ്ഞിട്ടില്ല.
നേപ്പാളിലെ ദുരന്തത്തിൽ 1800ഓളം പേർ മരിച്ചതായാണ് ആദ്യ ദിവസം വന്ന റിപ്പോർട്ട്; അഫ്ഗാനിസ്താനിലേത് ആയിരത്തിലേറെ.
പക്ഷേ, രണ്ടും തമ്മിൽ വാർത്ത അവതരണത്തിൽ വലിയ അന്തരം കാണാം. ആയിരത്തിലേറെ പേർ മരിച്ചുവെന്ന വിവരത്തോടെ വന്ന ആദ്യ റിപ്പോർട്ട് പോലും ഒന്നാംപേജിൽ ചേർക്കാത്ത പത്രങ്ങളേറെ. മലയാള പത്രങ്ങൾ ഏറെയും ഒന്നാംപേജിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ വാർത്തയായാണ് അത് ചേർത്തത്. അകത്തെ പേജിലേക്ക് തള്ളിയവയുമുണ്ട് (ജൂൺ 23).
വാർത്താ പ്രാമുഖ്യത്തിനായുള്ള മത്സരത്തിൽ ആയിരത്തിലേറെ മരണത്തിന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളോട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല -തുടർന്നുള്ള ദിവസങ്ങളിലും.
ആദ്യത്തെ ആ റിപ്പോർട്ടിനുശേഷം രണ്ടോ മൂന്നോ പത്രങ്ങൾ അന്താരാഷ്ട്ര വാർത്തകളുടെ കൂട്ടത്തിൽ അഫ്ഗാനിലെ തുടർവിവരങ്ങൾ അപ്രധാനമായി ചേർത്തു. അധികം പത്രങ്ങളും തീരെ പ്രാധാന്യമില്ലാത്ത ഒരു രണ്ടാം വാർത്തയോടെ അഫ്ഗാനിസ്താനെ പാടേ കൈയൊഴിഞ്ഞു.
യുക്രെയ്നാണ് താരം
അയൽപക്കത്തുള്ള അഫ്ഗാനിസ്താനെയും യൂറോപ്പിലുള്ള യുക്രെയ്നെയും മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയിലും ഈ അന്തരമുണ്ട്. അഫ്ഗാൻ കവറേജിന്റെ രണ്ടാംദിവസംതന്നെ അതിനെ അകത്തേക്ക് തള്ളി, പകരം യുക്രെയ്ൻ യുദ്ധത്തിന്റെ നാലാംമാസം ആചരിക്കാൻ ഔചിത്യബോധം കാണിച്ചവയുമുണ്ട്.
വാർത്താലോകത്ത് അഫ്ഗാനിസ്താന് വലിയ സ്ഥാനം കിട്ടാതിരിക്കാൻ ചില കാരണങ്ങളുണ്ട്. ഒന്ന്, മാധ്യമങ്ങളുടെ അസാന്നിധ്യമാണ്. അഫ്ഗാനിസ്താനിൽ മാധ്യമനിയന്ത്രണങ്ങളടക്കം പ്രതികൂല സാഹചര്യങ്ങളിൽ സ്ഥലംവിടേണ്ടിവന്ന റിപ്പോർട്ടർമാരുണ്ട്. എന്നാൽ, ഇതിനേക്കാൾ വലിയ ഘടകമാണ് ആഗോളവാർത്തകളുടെ ആദ്യ സ്രോതസ്സായി നമ്മുടെ മാധ്യമങ്ങൾപോലും ഇന്നും കണക്കാക്കുന്ന പടിഞ്ഞാറൻ-അമേരിക്കൻ വാർത്ത ഏജൻസികളുടെ മുൻഗണന. അമേരിക്കൻ സൈന്യം അഫ്ഗാനിസ്താൻ വിട്ടതിൽപിന്നെ അവിടം മാധ്യമശ്രദ്ധയിൽനിന്നുതന്നെ പുറത്തായ മട്ടായി.
രണ്ടാമതായി, വാർത്താ പ്രാമുഖ്യവും അന്താരാഷ്ട്ര സഹായത്തിന്റെ ഒഴുക്കും തമ്മിൽ ബന്ധമുണ്ട്. വാർത്തയിൽ ഇടംകിട്ടുന്നതനുസരിച്ച് പണം ഒഴുകും. നിരന്തരം വാർത്തയാകുന്ന ദുരന്തഭൂമിയിലേക്ക് ദുരിതാശ്വാസം വേഗത്തിലും ധാരാളമായും ലഭ്യമാകും. വാർത്തകളുടെ മരുപ്പറമ്പിലാകട്ടെ അവകാശപ്പെട്ട സഹായംപോലും കിട്ടാതെയുമിരിക്കും.
യുക്രെയ്ന്റെയും അഫ്ഗാന്റെയും കാര്യം നോക്കാം. യുക്രെയ്നിൽ റഷ്യ ആക്രമണം നടത്താൻ ഒരുങ്ങുമ്പോഴേ അത് മുൻപേജ് വാർത്തയായിരുന്നു. വൻതോതിൽ ആയുധവും ധനസഹായവും സമ്പാദിക്കാൻ സെലൻസ്കിക്ക് വലിയ സഹായമായി ഈ വാർത്താ കവറേജ്. അരങ്ങിലെ നടനായി തിളങ്ങിയിരുന്ന അദ്ദേഹം പ്രസിഡന്റെന്നനിലക്ക് മാധ്യമലോകത്തെ തന്റെ അരങ്ങാക്കിക്കൊണ്ട് കൈയടിയും ഒപ്പം സഹായങ്ങളും നേടിയെടുത്തു.
അഫ്ഗാനിസ്താന്റെ കഥ നേർവിപരീതമാണ്. റഷ്യയും അമേരിക്കയും പതിറ്റാണ്ടുകളായി അധിനിവേശത്തിലൂടെ തരിപ്പണമാക്കിയ നാട്. തുടർച്ചയായ യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും ദുരിതമയമാക്കിയ, കലാപവും തീവ്രവാദവും സ്വൈരമില്ലാതാക്കിയ, രക്ഷകരായിവന്ന അമേരിക്ക ഒടുവിൽ ഉള്ളതും നശിപ്പിച്ച് ഉപേക്ഷിച്ച നാട്. എന്നിട്ടും അന്താരാഷ്ട്ര ഉപരോധത്തിലൂടെ അന്യായമായ കെടുതികൾക്കും സാമ്പത്തിക നാശത്തിനും ഇരയാക്കപ്പെട്ട നാട്. എന്നിട്ടോ? ഒന്നും ബാക്കിയാക്കാതെ, തങ്ങൾകൂടി സൃഷ്ടിച്ച തകർച്ചയിൽ നാട്ടുകാരെ ഉപേക്ഷിച്ച് കടന്നുപോയ അമേരിക്ക ഉപരോധത്തിന് മുൻകൈയെടുക്കുക മാത്രമല്ല, അഫ്ഗാനിസ്താന്റെ സ്വന്തം പണത്തിൽനിന്ന് കുറെ തട്ടിയെടുക്കുകകൂടി ചെയ്തു. ആെകക്കൂടി ആയിരം കോടി ഡോളറാണ് അഫ്ഗാന്റെ സ്വന്തം പണമായി വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിലുള്ളത്. അതിൽ അമേരിക്കയുടെ വരുതിയിലുള്ള എഴുനൂറ് കോടി ബൈഡൻ ഭരണകൂടം ഉപരോധത്തിന്റെ പേരുപറഞ്ഞ് മരവിപ്പിച്ചു. എന്നിട്ട്, അതിന്റെ പകുതി 2001ലെ ഭീകരാക്രമണത്തിന്റെ ഇരകൾക്കെന്നുപറഞ്ഞ് സ്വന്തമാക്കുന്നു (ആക്രമണവും അഫ്ഗാൻ ജനതയും തമ്മിൽ ഒരു ബന്ധവുമില്ല).
മാധ്യമങ്ങളുടെ ശ്രദ്ധ വലുതായി ഇല്ലെന്നതുകൊണ്ടുമാത്രം അഫ്ഗാന്റെ പണം തട്ടാൻ അമേരിക്കക്ക് എളുപ്പം കഴിയുന്നു. ഇപ്പോൾ ഭൂകമ്പവും വാർത്തയാകാതെ പോകുമ്പോൾ പിന്നെയും ദുരിതാശ്വാസത്തിൽ ഇടിവ് വരും.
പക്ഷേ, ഇപ്പോഴും മാധ്യമങ്ങൾ അഫ്ഗാനിസ്താനിൽനിന്ന് വാർത്ത റിപ്പോർട്ട് ചെയ്യും -അമേരിക്കയുടെ അന്യായമോ ഭൂകമ്പമുണ്ടാക്കിയ കെടുതിയോ അല്ല വാർത്തയാക്കുക. താലിബാൻ ഇറക്കുന്ന ഓരോ സ്ത്രീവിരുദ്ധ ഉത്തരവും കണ്ടുപിടിച്ച് അതുമാത്രം പൊലിപ്പിക്കും.
ഈ അറുപിന്തിരിപ്പന്മാർക്ക് വിധിച്ചതാണ് ഭൂകമ്പമെന്നും അതിൽ വാർത്ത ഇല്ലെന്നും മാധ്യമങ്ങൾ തീരുമാനിച്ചിരിക്കുന്നു.