സത്യത്തിന്റെ ഡിജിറ്റൽ ജാലകങ്ങൾ
ഡിജിറ്റൽ യുഗത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് ഡേറ്റ ജേണലിസത്തിന്റെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്ന അനേകം പേരുണ്ട്.
ഐ.സി.ഐ.ജെ (ഇന്റർനാഷനൽ കൺസോർട്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ്) പുറത്തുവിട്ട പുതിയ അന്വേഷണാത്മക റിപ്പോർട്ടാണ് 'ഊബർ ഫയൽസ്'. മാധ്യമരംഗത്തെ പുതുരീതികളാണ് ഡിജിറ്റൽവിദ്യയുടെ വ്യാപക ഉപയോഗവും, അന്താരാഷ്ട്ര തലത്തിൽ മാധ്യമങ്ങളുടെ കൂട്ടുപ്രവർത്തനവും. ഐ.സി.ഐ.ജെ ഇത്തരം കൂട്ടുപ്രവർത്തനത്തിന്റെ ഒരു വേദിയാണ്. ഈ പ്രവർത്തനരീതിയുടെ മറ്റൊരു ആവിഷ്കാരംകൂടിയാണ് 'ഊബർ ഫയൽസ്'. 'പാനമ പേപ്പേഴ്സ്', 'പാരഡൈസ് പേപ്പേഴ്സ്', പാൻഡോറ പേപ്പേഴ്സ്' എന്നീ...
Your Subscription Supports Independent Journalism
View Plansഐ.സി.ഐ.ജെ (ഇന്റർനാഷനൽ കൺസോർട്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ്) പുറത്തുവിട്ട പുതിയ അന്വേഷണാത്മക റിപ്പോർട്ടാണ് 'ഊബർ ഫയൽസ്'.
മാധ്യമരംഗത്തെ പുതുരീതികളാണ് ഡിജിറ്റൽവിദ്യയുടെ വ്യാപക ഉപയോഗവും, അന്താരാഷ്ട്ര തലത്തിൽ മാധ്യമങ്ങളുടെ കൂട്ടുപ്രവർത്തനവും. ഐ.സി.ഐ.ജെ ഇത്തരം കൂട്ടുപ്രവർത്തനത്തിന്റെ ഒരു വേദിയാണ്. ഈ പ്രവർത്തനരീതിയുടെ മറ്റൊരു ആവിഷ്കാരംകൂടിയാണ് 'ഊബർ ഫയൽസ്'. 'പാനമ പേപ്പേഴ്സ്', 'പാരഡൈസ് പേപ്പേഴ്സ്', പാൻഡോറ പേപ്പേഴ്സ്' എന്നീ രഹസ്യ ബാങ്കിടപാടുകളുടെ വാർത്തകൾ മുമ്പ് ഐ.സി.ഐ.ജെ റിപ്പോർട്ട് ചെയ്തിരുന്നു.
നവീന സാങ്കേതികവിദ്യയിലൂടെ ഗതാഗതരീതികൾ അടിമുടി മാറ്റിയെടുക്കുമെന്ന അവകാശവാദവുമായാണ് ഊബർ രംഗത്തുവന്നത്. എന്നാൽ, സ്ഥാനമുറപ്പിക്കാൻ സാങ്കേതിക മികവിന്റെ ബലം ഉപയോഗിക്കുന്നതിനു പകരം പഴയതരം ദുഃസ്വാധീനങ്ങളുപയോഗിച്ചും ലോബിയിങ് വഴിയും കുത്തക സ്ഥാപിക്കാനാണ് കമ്പനി ശ്രമിച്ചത് എന്ന് 'ഊബർ ഫയൽസ്' കാണിക്കുന്നു.
ഊബർ ഇടപാടുകളെപ്പറ്റിയുള്ള രഹസ്യ ഡിജിറ്റൽ രേഖകൾ മുൻ ഉദ്യോഗസ്ഥനായ മാർക് മക്ഗാൻ ഗാർഡിയൻ പത്രത്തിന് അയച്ചുകൊടുത്തു. അവരത് ഐ.സി.ഐ.ജെക്ക് കൈമാറി. വിവിധ രാജ്യങ്ങളിലുള്ള മാധ്യമങ്ങൾ ഐ.സി.ഐ.ജെക്കുവേണ്ടി അന്വേഷണത്തിൽ പങ്കെടുത്തു: ഇന്ത്യൻ എക്സ്പ്രസും അക്കൂട്ടത്തിലുണ്ട്.
29 രാജ്യങ്ങളിൽനിന്നായി 180 ജേണലിസ്റ്റുകളാണ് ഭാഗവാക്കായത്.
അമേരിക്കയിൽ ഊബർ കമ്പനി പലതരം വിവാദങ്ങൾക്ക് ഇടംനൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ രഹസ്യനിരീക്ഷണം നടത്തുന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നിരുന്നു. പുതിയതായി ചോർന്ന ഒന്നേകാൽ ലക്ഷത്തോളം വരുന്ന ഇ-മെയിൽ അടക്കമുള്ള ഫയലുകൾ കൂടുതൽ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുന്നു. കമ്പനി ഉദ്യോഗസ്ഥർ പുതിയ വിപണികൾ കണ്ടെത്താനായി രാഷ്ട്രീയ നേതാക്കൾക്കും മറ്റും കനത്ത കോഴ കൊടുത്തതും അതിൽപെടും. 2013 മുതൽ 2017 വരെയുള്ള രേഖകളാണ് ചോർന്നത്. ലോകത്ത് കുത്തക സ്ഥാപിക്കാൻ കമ്പനി സ്വീകരിച്ച വൃത്തികെട്ട രീതികൾ അനാവരണം ചെയ്യുന്നതാണ് 'ഊബർ ഫയൽസ്'. ഇന്ത്യയിൽ രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമകൾ വഴിയും ശ്രമിച്ചത്രെ.
അവരുടെ കഞ്ഞിയിൽ ആധാർ കല്ല്
മുഖ്യധാരാ മാധ്യമങ്ങളിൽ വല്ലാതെയൊന്നും വാർത്തയായില്ലെങ്കിലും വലിയൊരു വെളിപ്പെടുത്തൽ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായി.
ഇന്ത്യ സർക്കാർ ആഘോഷപൂർവം കൊണ്ടുവന്ന ഒരു പദ്ധതിയാണ് സപ്ലിമെന്ററി ന്യൂട്രീഷൻ പ്രോഗ്രാം (എസ്.എൻ.പി). മുഖ്യമായും അത് ആറു വയസ്സ് വരെയുള്ള കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വേണ്ടിയുള്ളതാണ്. അവർക്കാവശ്യമായ പോഷകാഹാരം സൗജന്യമായി ലഭ്യമാക്കാനുള്ളതാണ് പദ്ധതി.
ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ അതിൽനിന്ന് പുറന്തള്ളപ്പെടാൻ സർക്കാറിന്റെ നിബന്ധനതന്നെ കാരണമാകുന്നു എന്നാണ് ഈയിടെ 'റിപ്പോർട്ടേഴ്സ് കലക്ടിവ്' എന്ന മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ വെളിപ്പെടുത്തിയത്.
ജനപക്ഷ ജേണലിസത്തോട് പ്രതിബദ്ധതയും അധികാരസ്ഥാനങ്ങളോട് നേരുപറയാൻ ആർജവവുമുള്ള ജേണലിസ്റ്റുകളുടെ കൂട്ടായ്മയാണ് റിപ്പോർട്ടേഴ്സ് കലക്ടിവ്. ഇക്കൂട്ടത്തിലൊരാളായ തപസ്യ എന്ന ലേഖികയാണ് പോഷകാഹാര പദ്ധതിയെത്തന്നെ തകർക്കാൻ പോന്ന സർക്കാർ നയത്തെപ്പറ്റി അന്വേഷണാത്മക വാർത്ത ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് തടസ്സമാകുന്ന സർക്കാർ നയം ലളിതം: എസ്.എൻ.പിയുടെ ഗുണഭോക്താക്കൾക്ക് ആധാർ വേണം.
അതോടെ ഭൂരിഭാഗം കുട്ടികളും പദ്ധതിക്കു പുറത്താകുന്നു. കാരണം, ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാൽ ഭാഗത്തിനുപോലും ആധാർ ഇല്ല. 23 ശതമാനം മാത്രമാണ് ആധാർ ഉള്ളവരെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ 2022 മാർച്ച് റിപ്പോർട്ടിൽ പറയുന്നു.
വാസ്തവത്തിൽ ഇത് സുപ്രീംകോടതിയുടെ ഉത്തരവിനുതന്നെ എതിരാണ്. തിരിച്ചറിവ് രേഖ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് സേവനങ്ങളോ സബ്സിഡിയോ സഹായമോ നിഷേധിക്കരുതെന്ന് 2018ൽ സുപ്രീംകോടതി കൽപിച്ചതാണ്.
കുട്ടികളുടെ പേരുപറഞ്ഞ് വ്യാജമായി സർക്കാർ സൗജന്യം തട്ടിയെടുക്കുന്നത് ഒഴിവാക്കാനാണ് ആധാർ നിർബന്ധമാക്കുന്നതെന്നാണ് സർക്കാർ ന്യായീകരിക്കുന്നത്. എന്നാൽ അതിന്റെ ഫലം ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട സൗജന്യം കിട്ടാതെപോകുന്നു എന്നതാണ്. മാത്രമല്ല, ആധാർ ലഭിക്കാനായി രക്ഷിതാക്കൾ പണി ഒഴിവാക്കി അതിന്റെ പിറകെ പോകേണ്ടിവരുന്നു. പാവങ്ങൾക്ക് ഇതൊരു അധികഭാരമായി മാറുന്നു.
ഡേറ്റ ജേണലിസത്തിന്റെ നല്ല മാതൃകയാണ് 'റിപ്പോർട്ടേഴ്സ് കലക്ടിവി'ന്റേത്. കൃത്യവും ആധികാരികവുമായ കണക്കും വസ്തുതകളുമായി ജേണലിസ്റ്റുകൾ സർക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടുമ്പോൾ അത് നിഷേധിക്കുക സർക്കാറിന് എളുപ്പമല്ല.
ഈ ആധാർ വാർത്ത പുറത്തുവന്ന ഉടനെ കേന്ദ്രസർക്കാർ നിഷേധിക്കാതെയല്ല. ആർട്ടിക്ൾ 14 വാർത്താ സൈറ്റിൽ അത് പ്രസിദ്ധപ്പെടുത്തിയപ്പോൾ സർക്കാർ അതിനെ ''വ്യാജ''മെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നേരിട്ടത്. ഇതിനായി ഇൻഫർമേഷൻ ബ്യൂറോ കുറിപ്പ് ഇറക്കി.
എന്നാൽ, വാർത്ത വ്യാജമാണെന്നതിന് ഒരു തെളിവും സർക്കാർ നൽകിയില്ല. 'റിപ്പോർട്ടേഴ്സ് കലക്ടിവ്' അംഗമായ തപസ്യ ട്വിറ്ററിലൂടെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
അന്വേഷണാത്മക വാർത്ത പുറത്തുവിടുന്നതിനു മുമ്പ് കേന്ദ്രസർക്കാറിന് അയച്ചുകൊടുക്കുകയും പ്രതികരണം തേടുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാർ അനങ്ങിയില്ല.
കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാകണമെന്നത് മുൻ സർക്കാറാണ് (2013ൽ) ബാധ്യതയായി ഏറ്റെടുത്ത് നിയമമുണ്ടാക്കിയത്. ഇന്ന് ആധാർ നിർബന്ധമാക്കുന്നതോടെ ആ നിയമബാധ്യത കൂടി ലംഘിക്കപ്പെടുകയാണ്.
തപസ്യ ട്വിറ്ററിലൂടെ വിസ്തരിച്ച തെളിവുകളിൽനിന്ന്:
കുട്ടികളടക്കം എല്ലാ ഗുണഭോക്താക്കളുടെയും ആധാർ കണ്ട് ബോധ്യപ്പെട്ട് 'പോഷൺ ട്രാക്കർ' ആപ്പിൽ കാണിച്ചിരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം രേഖയായി നിലനിൽക്കുന്നു. 2022 മാർച്ചിൽ ഇറക്കിയ മാർഗരേഖയിൽ കുട്ടിക്ക് അമ്മയുടെ ആധാർ മതിയാകും എന്ന് പറയുന്നില്ല.
ജൂൺ 23ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച എഴുത്തിലും ആധാർ വിവരം 'പോഷൺ ട്രാക്കർ' വഴി സമർപ്പിക്കുന്നത് ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.
രാജ്യാന്തര മാധ്യമ കൂട്ടായ്മകൾ
ഡിജിറ്റൽ യുഗത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് ഡേറ്റ ജേണലിസത്തിന്റെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്ന അനേകം പേരുണ്ട്. ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് രാജ്യാന്തര ജേണലിസ്റ്റ് കൂട്ടായ്മകളും കൂടിവരുന്നു. ഭരണകൂടങ്ങളുടെ കുറ്റകരമായ രഹസ്യങ്ങൾ ചോർത്തി പുറത്തുവിടുന്ന വിസിൽ ബ്ലോവർമാരും അതെല്ലാം ജേണലിസത്തിന്റെ കർക്കശ പരിശോധനയിലൂടെ കൃത്യപ്പെടുത്തി വാർത്തയാക്കുന്ന രാജ്യാന്തര കൂട്ടായ്മകളും ചേർന്ന് സ്തോഭജനകമായ വെളിപ്പെടുത്തലുകൾകൊണ്ട് കോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ കുറെയുണ്ട്.
അക്കൂട്ടത്തിൽ ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവുമായ ഒന്നായിരുന്നു വിക്കിലീക്സിന്റേത്. ജൂലിയൻ അസാൻജ് സ്ഥാപിച്ച 'വിക്കിലീക്സ്' അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധക്കുറ്റങ്ങളടക്കം തെളിവുസഹിതം പുറത്തുവിട്ടു. ഇറാഖിൽ അമേരിക്കൻ സൈനികർ ഹെലികോപ്ടറിലിരുന്ന് റോയിട്ടേഴ്സ് ലേഖകർ ഉൾപ്പെടുന്ന ഇറാഖി സിവിലിയന്മാരെ വെടിവെച്ചു കൊല്ലുന്ന ദൃശ്യം അമേരിക്കൻ വ്യോമസേനാ ഫയലുകളിൽനിന്ന് ചോർത്തി പരസ്യപ്പെടുത്തി.
വെറുതെയല്ല അസാൻജ് ബ്രിട്ടന്റെ തടങ്കലിലായത് -ഇപ്പോൾ ബ്രിട്ടൻ അദ്ദേഹത്തെ അമേരിക്കക്ക് കൈമാറുന്നതും.
ഫിലിപ്പീൻസിലെ പ്രസിഡന്റ് ഡുട്ടാർത്തെയുടെ സർക്കാർ നടത്തിയ അഴിമതിയും അടിച്ചമർത്തലും ഡിജിറ്റൽ ജേണലിസം വഴി പുറത്തുകൊണ്ടുവന്ന റാപ്ലർ വാർത്താ പോർട്ടലിന്റെ സ്ഥാപക മറിയ റെസക്ക് കഴിഞ്ഞതവണ നൊബേൽ പുരസ്കാരം കിട്ടിയിരുന്നു. എന്നാൽ, ഡുട്ടാർത്തെയുടെ കാലത്തും പിന്നീടും ഫിലിപ്പീൻസിൽ അവർക്കെതിരെ ഭരണകൂടവേട്ട നടക്കുകയാണ്. ഇപ്പോൾ സർക്കാർ റാപ്ലർ അടച്ചുപൂട്ടുകയും ചെയ്തു.
ഉയ്ഗൂറുകൾക്കെതിരെ സിൻജ്യങ് പ്രവിശ്യയിൽ കടുത്ത അടിച്ചമർത്തലും തടങ്കൽപാളയങ്ങളും നടപ്പാക്കുന്ന ചൈന അതിനെപ്പറ്റിയുള്ള വാർത്തകൾ നിഷേധിച്ചുവരുകയായിരുന്നു. ഇവിടെയും നിർണായക തെളിവായത് ഡിജിറ്റൽ ദൃശ്യങ്ങൾതന്നെ -ആദ്യം ഉപഗ്രഹ ചിത്രങ്ങൾ, ഏതാനും മാസം മുമ്പ് 14 മാധ്യമ സ്ഥാപനങ്ങളുടെ കൺസോർട്യം പുറത്തുവിട്ട ചൈനീസ് പൊലീസിന്റെ ഔദ്യോഗിക രഹസ്യങ്ങൾ ('സിൻജ്യങ് പൊലീസ് ഫയൽസ്').
'ഫൊർബിഡൻ സ്റ്റോറീസ്' (വിലക്കപ്പെട്ട വാർത്തകൾ) എന്ന രാജ്യാന്തര കൂട്ടായ്മയും റിപ്പോർട്ടേഴ്സ് കലക്ടിവ് എന്ന ഇന്ത്യൻ കൂട്ടായ്മയും അന്വേഷണാത്മക ജേണലിസത്തിന്റെ ഡിജിറ്റൽ മുഖംകൂടിയാണ്. അവപോലെ മറ്റനേകം കൂട്ടായ്മകളും.
പാരമ്പര്യ മാധ്യമങ്ങൾ കൈവിട്ട മേഖലകൾ ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളും കൂട്ടായ്മകളും വീണ്ടെടുക്കുകയാണ്.
കാരണം സത്യത്തിന് പുറത്തുവന്നല്ലേ പറ്റൂ.