ഒന്നാംപേജിലെ ജയരാജനും സുധാകരനും
വ്യാജവിവരങ്ങൾ എത്രയുമാവാം; വസ്തുതകൾ റിപ്പോർട്ട് െചയ്യരുത് എന്ന അധികാരികളുടെ സന്ദേശം നമ്മുടെ മാധ്യമങ്ങൾ ഉൾക്കൊണ്ടുതുടങ്ങിയോ? കൂടിവരുന്ന പൈങ്കിളിത്തം അരാഷ്ട്രീയതയുടെ ലക്ഷണമാണ്.
രാഷ്ട്രീയ നേതാക്കളുടെ ചാപല്യങ്ങളും അവർ ഉരുവിടുന്ന തെറിവാക്കുകളും പരിഹാസ്യമായ പ്രതികരണങ്ങളുമൊക്കെ മാധ്യമങ്ങൾ ഇത്രയേറെ പൊലിപ്പിക്കേണ്ടതുണ്ടോ? (ജൂലൈ 19ലെ മലയാള പത്രങ്ങൾ.) ഇടതുമുന്നണി കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജന് മൂന്നാഴ്ച ഇൻഡിഗോ വിമാനത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത് വാർത്തയാണ്. ഒരു രാഷ്ട്രീയനേതാവിന് ഇത്തരമൊരു ശിക്ഷ കിട്ടുന്നത് നാട്ടുകാരറിയേണ്ടതുതന്നെ. പ്രത്യേകിച്ച്, അതിനാസ്പദമായ സംഭവം (മുഖ്യമന്ത്രിക്കെതിരെ രണ്ട്...
Your Subscription Supports Independent Journalism
View Plansരാഷ്ട്രീയ നേതാക്കളുടെ ചാപല്യങ്ങളും അവർ ഉരുവിടുന്ന തെറിവാക്കുകളും പരിഹാസ്യമായ പ്രതികരണങ്ങളുമൊക്കെ മാധ്യമങ്ങൾ ഇത്രയേറെ പൊലിപ്പിക്കേണ്ടതുണ്ടോ? (ജൂലൈ 19ലെ മലയാള പത്രങ്ങൾ.)
ഇടതുമുന്നണി കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജന് മൂന്നാഴ്ച ഇൻഡിഗോ വിമാനത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത് വാർത്തയാണ്. ഒരു രാഷ്ട്രീയനേതാവിന് ഇത്തരമൊരു ശിക്ഷ കിട്ടുന്നത് നാട്ടുകാരറിയേണ്ടതുതന്നെ. പ്രത്യേകിച്ച്, അതിനാസ്പദമായ സംഭവം (മുഖ്യമന്ത്രിക്കെതിരെ രണ്ട് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽവെച്ച് പ്രതിഷേധമുയർത്തിയത്) അന്ന് ഇ.പി. ജയരാജൻ വിവരിച്ചതിൽ അസത്യമുണ്ടായിരുന്നു എന്നുകൂടി തെളിഞ്ഞ സ്ഥിതിക്ക്.
എന്നാൽ, ഈ വാർത്തക്ക് കൊഴുപ്പ് നൽകിയത് ജയരാജന്റെ പ്രതികരണമാണ് -പ്രത്യേകിച്ച് പ്രതികരണത്തിലെ ബാലിശമായ ചില പ്രയോഗങ്ങൾ. മിക്ക പത്രങ്ങളും വാർത്ത ഒന്നാംപേജിൽ ചേർത്തത് മുകളിൽ സൂചിപ്പിച്ച പ്രാധാന്യം നോക്കിയല്ല, മറിച്ച് ജയരാജന്റെ വാക്കുകളിലെ കോമഡി ഓർത്താണ്. നേതാക്കളുടെ നാക്കിൽനിന്നുതിരുന്ന 'രസികത്ത'ങ്ങൾ മുഖ്യവാർത്തയാക്കുന്നിടത്തോളം നമ്മൾ വളർന്നു എന്നർഥം.
ഇതേ ദിവസത്തെ മറ്റു ചില വാർത്തകൾ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞു; നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ ഉൾവസ്ത്രമഴിപ്പിച്ചു; പുതുതായി പടർന്നുതുടങ്ങിയ പകർച്ചരോഗങ്ങൾ; മുഹമ്മദ് സുബൈറിനെതിരായ ഭരണകൂടവേട്ടയും സുപ്രീംകോടതി ഇടപെടലും; യൂറോപ്പിൽ കൊടും ചൂടും കാട്ടുതീയും...
ഇതിനെല്ലാമിടയിൽ മാതൃഭൂമി ലീഡ് തലക്കെട്ട് ഇങ്ങനെ: ''വിലക്ക്; പിന്നാലെ ഉഗ്രശപഥം; ഇൻഡിഗോ വിമാനത്തിൽ ഇനി കയറില്ലെന്ന് ജയരാജൻ.''
എങ്ങനെയാണ് ഈ വാർത്ത, പത്രം അകത്തേക്ക് തള്ളിയ 'നീറ്റ്' പരീക്ഷയിലെ മനുഷ്യാവകാശ ലംഘനത്തേക്കാളോ പിൻപേജിലേക്ക് തള്ളിയ യൂറോപ്യൻ കാലാവസ്ഥ ഭീകരതയെക്കാളോ (''ഉഷ്ണതരംഗം, കാട്ടുതീ; വെന്തുരുകി യൂറോപ്പ്'') പ്രാധാന്യം നേടുന്നത്?
മാതൃഭൂമി മാത്രമല്ല മംഗളവും സുപ്രഭാതവും ജയരാജന് യാത്രാവിലക്കേർപ്പെടുത്തിയത് മുഖ്യവാർത്തയാക്കി. മലയാള മനോരമക്ക് അത് സൂപ്പർലീഡാണ്.
ദേശാഭിമാനിക്ക് ലീഡാക്കാൻ മറുവശത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ കിട്ടി. കെ.കെ. രമ എം.എൽ.എക്കെതിരെ നീചവാക്കുകൾ ഉപയോഗിച്ചതിന് എം.എം. മണിയുടെ മുഖം ആൾക്കുരങ്ങിന്റെ കട്ടൗട്ടിൽ ചേർത്ത മഹിള കോൺഗ്രസ് ചെയ്തിയെ സുധാകരൻ ന്യായീകരിച്ചതാണ് സംഭവം.
രാഷ്ട്രീയസംവാദങ്ങളെ തറനിലവാരത്തിലെത്തിച്ച തെറിനിഘണ്ടുവിലേക്ക് ഭരണപക്ഷത്തേതടക്കം നേതാക്കൾ നിരന്തരം സംഭാവന നൽകുമ്പോൾ അത് വലിയ വാർത്തയായി ആഘോഷിക്കുന്ന മാധ്യമങ്ങൾ കുറ്റമുക്തരാകുമോ?
ജനപക്ഷ ജേണലിസം തടവിൽ
അധമഭാഷണങ്ങൾക്ക് വിമർശനത്തിന്റെയോ പരിഹാസത്തിന്റെയോ രൂപത്തിലാണെങ്കിൽപോലും അമിതസ്ഥാനം നൽകുന്ന മാധ്യമങ്ങൾ, മറുവശത്ത് വസ്തുതാപരമായ ജനപക്ഷ ജേണലിസത്തിന്റെ അടിവേര് പിഴുതെടുക്കപ്പെടുന്നതിൽ ഗൗരവം കാണുന്നില്ലേ?
ജയരാജനെയും സുധാകരനെയും മുൻപേജിൽ പ്രദർശിപ്പിച്ച അന്ന് മലയാള പത്രങ്ങളുടെ ഒന്നാംപേജിൽ കാണാതെ പോയ രണ്ട് പേരുകളുണ്ട്: മുഹമ്മദ് സുബൈർ, രൂപേഷ് കുമാർ സിങ്.
ഊഹാപോഹങ്ങൾക്കും വ്യാജങ്ങൾക്കുമപ്പുറം വസ്തുതകൾ ചികഞ്ഞ് സമൂഹത്തെ അറിയിക്കുന്ന ദൗത്യം ഏറ്റെടുത്ത സുബൈറിനെ പുതിയ പുതിയ കേസുകളിൽ കുടുക്കുന്ന അധികാരികൾ മാധ്യമങ്ങളോട് ചിലതൊക്കെ പറയുന്നുണ്ടല്ലോ.
വസ്തുതാപരിശോധകനായ സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് ജൂൺ 27ന്. കോടതിയിൽനിന്ന് സംരക്ഷണം നേടിയ ഒരു കേസിനെപ്പറ്റി ചോദിക്കാനെന്നുപറഞ്ഞ് വിളിപ്പിച്ചശേഷം ഒരു വ്യാജ അക്കൗണ്ടിൽനിന്നുള്ള പരാതി കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം 24 മണിക്കൂർ റിമാൻഡ്. പിന്നെ നാലുനാൾ പൊലീസ് കസ്റ്റഡി. ഇടക്ക് യു.പി പൊലീസിന്റെ വക മറ്റൊരു കേസ്, അറസ്റ്റ്. വേറെയും കേസുകൾ. ഇങ്ങനെ തടവിലിട്ട് വിവിധ കേസുകൾ ചുമത്തുന്നു. ഒന്നിൽ ജാമ്യം കിട്ടിയാലും വേറെ കുറെ എണ്ണത്തിൽ തടവിൽ തുടരേണ്ടിവരുന്നു. ഇതിനെയാണ് സുപ്രീംകോടതി വിമർശിച്ചിരിക്കുന്നത് (വാസ്തവത്തിൽ, തുടക്കം മുതലേയുള്ള ഈ അറസ്റ്റുകളെല്ലാം സുപ്രീംകോടതിയുടെ 2014ലെ വിധിയെ ലംഘിക്കുന്നു എന്ന് ആർട്ടിക്ൾ 14 വെബ്സൈറ്റിൽ അരീബുദ്ദീൻ അഹ്മദ് ചൂണ്ടിക്കാട്ടുന്നു).
ഝാർഖണ്ഡിലെ മാധ്യമപ്രവർത്തകനായ രൂപേഷ് കുമാർ സിങ്ങിനെ മാവോവാദിയെന്നാരോപിച്ച്, യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു.
മലിനീകരണ വ്യവസായങ്ങൾക്കെതിരായി വാർത്തകൾ ചെയ്തതാണ് രൂപേഷിനെതിരായ കേസുകൾക്ക് കാരണമെന്ന് കരുതണം.
'പെഗസസ് ഫയൽസ്' എന്ന രാജ്യാന്തര അന്വേഷണ റിപ്പോർട്ടിൽ, ഇസ്രായേലി ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് നിരീക്ഷണത്തിന് ഇരയായവരിൽ രൂപേഷ് കുമാറുമുണ്ട്. കേസെടുക്കാൻ പാകത്തിൽ അദ്ദേഹമടക്കമുള്ള മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകളിൽ കൃത്രിമങ്ങൾ ചേർത്തതായും കരുതപ്പെടുന്നു.
വ്യാജവിവരങ്ങൾ എത്രയുമാവാം; വസ്തുതകൾ റിപ്പോർട്ട് െചയ്യരുത് എന്ന അധികാരികളുടെ സന്ദേശം നമ്മുടെ മാധ്യമങ്ങൾ ഉൾക്കൊണ്ടു തുടങ്ങിയോ? കൂടിവരുന്ന പൈങ്കിളിത്തം അരാഷ്ട്രീയതയുടെ ലക്ഷണമാണ്.
കോടതി പറഞ്ഞത്
നിയമകാര്യ റിപ്പോർട്ടിങ്ങിലുമുണ്ട് വിവാദസാധ്യതകൾക്ക് പിറകെ ചെന്ന് വാർത്തയുടെ മർമം നഷ്ടപ്പെടുത്തുന്ന രീതി. അതുകൊണ്ടാണ് യഥാർഥ വിധിതീർപ്പുകളേക്കാൾ വലുപ്പത്തിൽ ജഡ്ജിമാരുടെ ആനുഷംഗിക പരാമർശങ്ങൾ ആഘോഷിക്കപ്പെടുന്നത്.
കോടതി റിപ്പോർട്ടിങ്ങിൽ ഉണ്ടാകുന്ന വീഴ്ചകളുടെ ഉദാഹരണമായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒന്നാണ് ജൂലൈ 15ന് മദ്രാസ് ഹൈകോടതിയുടേതായി വന്ന വിധിയുടെ വാർത്ത.
വിവാഹമോചനത്തിന് അനുമതി തേടി പ്രഫ. സി. ശിവകുമാർ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ വേലുമണി, സുന്ദർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിപറഞ്ഞത്. കുടുംബകോടതി വിവാഹമോചനത്തിന് അനുമതി നിഷേധിച്ചതിനാൽ ഹൈകോടതിയിൽ അപ്പീൽ നൽകിയതായിരുന്നു ശിവകുമാർ.
വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി നൽകിയ വിധിയുടെ റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നത് ഇങ്ങനെയാണ്:
ഏഷ്യനെറ്റ് ന്യൂസ് (ഓൺലൈൻ): ''താലി സുപ്രധാന കണ്ണി. മരണം വരെ ധരിക്കണം. അഴിച്ചുമാറ്റിയാൽ വിവാഹമോചനം തേടാം. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി.''
മംഗളം: ''വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി- 'ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത'.''
ഈ തലക്കെട്ടിനുശേഷം മംഗളം വാർത്ത തുടങ്ങുന്നതിങ്ങനെ: ''ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി...''
ഇനി ജനയുഗം: ''ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത; വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി.''
ജനയുഗം വാർത്ത തുടങ്ങുന്നത് ഇങ്ങനെ: ''ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി...''
രണ്ട് മലയാള പത്രങ്ങളിലെയും വാർത്താ തുടക്കം ഒരേ പകർപ്പാണെന്ന വസ്തുത സൂചിപ്പിക്കുന്നപോലെ, മാധ്യമങ്ങൾ മിക്കതിനും ഈ റിപ്പോർട്ട് ലഭിച്ചത് ഒരേ ഉറവിടത്തിൽനിന്നാകാം.
ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഭാര്യ താലി അഴിച്ചതിനാലാണ് വിവാഹമോചനം അനുവദിച്ചത് എന്നാണ്. താലി (മംഗല്യസൂത്രം) അഴിക്കുക എന്നത് ഭർത്താവിനോടുള്ള അങ്ങേയറ്റത്തെ ക്രൂരതയാണെന്ന് കോടതി പറഞ്ഞതായും അവയിൽ കാണാം.
സ്വാഭാവികമായും ഇത് വിധിക്കെതിരെ വലിയ വിമർശനമുയരാൻ സന്ദർഭമൊരുക്കി. സമൂഹമാധ്യമങ്ങളിൽ ആക്ഷേപങ്ങളുടെയും പരിഹാസങ്ങളുടെയും പ്രവാഹമായി.
കോടതിവാർത്തകൾ കൈകാര്യം ചെയ്യുന്ന ലൈവ് ലോ മദ്രാസ് ഹൈകോടതി വിധി യഥാർഥത്തിൽ എന്താണ് പറഞ്ഞതെന്ന് വിശദീകരിക്കുന്നുണ്ട്. മുകളിൽ ഉദ്ധരിച്ചതരം റിപ്പോർട്ടുകൾ തെറ്റാണെന്ന് അത് ചൂണ്ടിക്കാട്ടുന്നു.
ഒന്നാമതായി, താലി അഴിക്കുന്നത് വിവാഹമോചനത്തിന് ന്യായമാണെന്ന് കോടതി പറഞ്ഞിട്ടില്ല. മറിച്ചാണ് പറഞ്ഞത്: താലി അഴിച്ചു എന്നതുകൊണ്ടുമാത്രം മാനസിക പീഡനം ഉണ്ടായെന്ന് പറയാനാകില്ല എന്ന്. ദമ്പതികൾ തമ്മിലുള്ള അകൽച്ചയുടെ അനേകം ലക്ഷണങ്ങൾ എടുത്തുപറഞ്ഞ കൂട്ടത്തിൽ, അകൽച്ചയുണ്ട് എന്ന അനുമാനത്തിലേക്ക് നയിക്കുന്ന മറ്റൊരു കാര്യമായി താലി അഴിച്ചതും എണ്ണി. എല്ലാംകൂടി ചേർത്താണ് മാനസികപീഡനം എന്ന നിഗമനത്തിൽ കോടതി എത്തിയത്.
രണ്ടാമതായി, താലി അഴിക്കുന്നത് ഭർത്താവിന് മാനസിക പീഡനമാകുമെന്ന് ഈ ഹൈകോടതി ബെഞ്ച് സ്വയം പറഞ്ഞതല്ല; 2016ലെ മറ്റൊരു കേസിൽ കോടതി അങ്ങനെ പറഞ്ഞത് ഇപ്പോൾ ഉദ്ധരിച്ചതാണ്. പക്ഷേ, ചില മാധ്യമങ്ങൾ അത് ഇപ്പോഴത്തെ വിധിയായി അവതരിപ്പിക്കുകയാണ് ചെയ്തത്.
കോടതിവാർത്തകൾ നിയമമറിയാത്തവരും പാതി മാത്രം കേട്ടവരുമൊക്കെ റിപ്പോർട്ട് ചെയ്താൽ ഇങ്ങനെയിരിക്കും.