പ്രളയകാലത്തെ വിദ്വേഷച്ചൂണ്ടകൾ
അടുത്തൊന്നും കണ്ടിട്ടില്ലാത്തത്ര കനത്ത മഴയാണ് കഴിഞ്ഞ മാസം അസമിൽ പെയ്തത്. 121 വർഷത്തിലാദ്യമായാണത്രെ ജൂണിൽ 858 മി.മീറ്റർ വർഷപാതം; ഇതിനു മുമ്പ് 1966ൽ 789.5 മി.മീ. വരെ എത്തിയിരുന്നു.
അടുത്തകാലത്തായി ആസൂത്രണമില്ലാത്ത നിർമാണവും അണക്കെട്ടുകളുടെ അശാസ്ത്രീയതയും ചേർന്ന്, ചെറിയതോതിലുള്ള മഴപോലും പലേടത്തും പ്രളയം സൃഷ്ടിക്കുന്നു. വീടുകളിൽ വെള്ളം കയറുന്നു. ഇത്തവണത്തെ മഴ സകല കണക്കുകൂട്ടലുകൾക്കും അപ്പുറത്തായി.
സിൽച്ചാർ പട്ടണത്തെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിൽ വലിയ സഹായമാണ് മഹിഷ തടാകം നൽകുന്നത്. ബറാക് നദി നിറഞ്ഞാൽ കവിഞ്ഞൊഴുകുക തടാകത്തിലേക്കാണ്. അതുകൊണ്ട് സിൽച്ചാർ വൻ പ്രളയത്തിൽനിന്ന് സുരക്ഷിതമാണ്.
നദി പെട്ടെന്ന് കരകവിഞ്ഞൊഴുകുന്നത് തടയാൻ അതിനും തടാകത്തിനുമിടക്ക് ഒരു താൽക്കാലിക ചിറയുണ്ട്. ബേത്തുകണ്ടി എന്ന ഈ ചിറയിൽ, ശാസ്ത്രീയമായി നീരൊഴുക്ക് ക്രമപ്പെടുത്തുന്ന രീതിയിൽ ചാലുകൾ കീറാത്തത് കുറെ കൊല്ലങ്ങളായി പ്രശ്നമുണ്ടാക്കുന്നു. ഇതുമൂലം വർഷകാലത്ത് അനേകം വീടുകളിൽ വെള്ളം കയറുന്നു. അതിവർഷത്തോടെ കാര്യങ്ങൾ പിടിവിട്ടതുപോലെയാകും.
ഇത്തവണ മഴക്കാലം തുടങ്ങിയപ്പോഴേ ജനങ്ങൾ അധികൃതർക്കു മുമ്പാകെ പരാതി നൽകിത്തുടങ്ങി. മൂന്നുനാലു തവണ ഇതിനെപ്പറ്റി വാർത്തകൾതന്നെ വന്നു. മേയിൽ, വെള്ളത്തിൽ മുങ്ങാറായ വീടുകളിലെ താമസക്കാർ നിവൃത്തിയില്ലാതെ ചിറക്കുള്ളിലൂടെ ചെറിയ ചാലുകൾ കീറി വീട്ടുപരിസരത്തെ വെള്ളം നദിയിലേക്കൊഴുക്കി.
അതിവർഷമുണ്ടാക്കിയ പ്രളയത്തോടൊപ്പം ഈ നീരൊഴുക്കുകൂടി ആയപ്പോൾ പ്രശ്നം രൂക്ഷമായി. സിൽച്ചാർ പട്ടണത്തിൽ കുറെയേറെ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി.
പ്രശ്നമായതോടെ കുറ്റം മുഴുവൻ ചാലുകീറിയ വീട്ടുകാരുടെ ചുമലിലിട്ടു അധികൃതർ (നീരൊഴുക്ക് ക്രമീകരിക്കാൻ 2015ൽ ഒരു തടയണയുടെ നിർമാണം തുടങ്ങിയിരുന്നു. പക്ഷേ, കരാറുകാർക്ക് പണം കൊടുക്കാത്തതിനാൽ അവർ പാതിവഴിയിലിട്ട് പോയി. ആ പ്രതീക്ഷയും നാട്ടുകാർക്ക് നഷ്ടപ്പെട്ടിരുന്നു. വീട്ടിലെ വെള്ളം ഒഴിവാക്കാൻ വേറെ മാർഗമില്ലാതെവന്നു.)
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആദ്യമേ പറഞ്ഞുവെച്ചു: ''കുറെ കുഴപ്പക്കാർ ചെയ്തതാണിത്. മനുഷ്യനിർമിതമാണ് ഈ പ്രളയം.''
ഇത്ര മതിയായിരുന്നു, തക്കം പാർത്തിരുന്ന വർഗീയ മാധ്യമങ്ങൾക്ക്. കാരണം വെള്ളം കയറിയതും അതിനെ ചാലുകീറി വഴിതിരിക്കാൻ നിർബന്ധിതരായതും അപര സമുദായക്കാരായിരുന്നു.
സുദർശൻ ന്യൂസ്, വൺ ഇന്ത്യ എന്നിവ ഉടനെ പുതിയ 'ജിഹാദ്' കണ്ടെത്തി: 'പ്രളയ ജിഹാദ്'. സമൂഹമാധ്യമങ്ങളിലെ സേവകർ അത് നന്നായി പ്രചരിപ്പിച്ചു. പ്രചരിപ്പിച്ചവരിൽ കുറെ മാധ്യമപ്രവർത്തകരും ഉൾപ്പെട്ടു: ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റർ), അഭിജിത് മജുംദാർ, ഹിമാൻഷു ഝാ (ലൈവ് ഹിന്ദുസ്താൻ) എന്നിവർ ഉദാഹരണം. ന്യൂസ് എക്സ് ചാനൽ അസമിലെ പ്രളയ ജിഹാദിനെപ്പറ്റി അന്തിച്ചർച്ച സംഘടിപ്പിച്ചു.
പുറത്ത് ഇത്തരം വർഗീയ പ്രചാരണങ്ങൾ പൊടിപൊടിക്കുമ്പോഴും സിൽച്ചാർ പ്രദേശത്തുകാർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. സമാധാനാന്തരീക്ഷം തകർക്കാൻ ബാഹ്യശക്തികൾ നടത്തുന്ന ശ്രമങ്ങളെ പൊലീസും നേരിട്ടു. കച്ചാർ പൊലീസ് സൂപ്രണ്ട് രമൺദീപ് കൗർ ധില്ലൻ വർഗീയ പ്രചാരണങ്ങൾ തള്ളി. അവരുടെ പ്രസ്താവനയിൽനിന്ന്: ''വാട്സ്ആപ് ഗ്രൂപ്പുകൾ, വെബ് മാധ്യമങ്ങൾ, പ്രാദേശിക-ദേശീയ ചാനലുകൾ എന്നിവയിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടു. സാമുദായിക സ്വഭാവമേ ഇല്ലാത്ത ഒന്നാണ് ഈ സംഭവം.''
പൊലീസിന്റെ നേരിട്ടുള്ള അന്വേഷണത്തിനു പുറമെ, ആൾട്ട് ന്യൂസ്, ലോജിക്കൽ ഇന്ത്യൻ തുടങ്ങിയവ നടത്തിയ വസ്തുതാ പരിശോധനയും വെളിപ്പെടുത്തിയത്, ഇല്ലാത്ത വർഗീയത ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും പരത്തി എന്നാണ്.
യു.പിയിലും കേരളത്തിലും
നീചമായ വ്യാജ പ്രചാരണങ്ങളുടെ മറ്റൊരു ഉദാഹരണം ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽനിന്ന്.
വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് ഒരു യുവതി വ്യാപാരിയായ യുവാവിനെതിരെ പൊലീസിൽ പരാതിപ്പെടുന്നു. പ്രിൻസ് ഖുറൈശി എന്ന യുവ വ്യാപാരിക്കെതിരെ പൊലീസ് കേസെടുക്കുന്നു -ഇത് ജൂലൈ 16ന്.
പരാതിക്കാരിയോട് പൊലീസ് വൈദ്യപരിശോധനക്കെത്താൻ ആവശ്യപ്പെടുന്നു. അവർ വിസമ്മതിച്ചപ്പോൾ പൊലീസ് പറയുന്നു, ''കേസ് മുന്നോട്ടുകൊണ്ടുപോകാൻ വൈദ്യപരിശോധന നിർബന്ധമാണ്. പരാതി തെറ്റാണെന്ന് തെളിഞ്ഞാൽ നിങ്ങൾക്കെതിരെയാകും കേസ്.''
യുവതി അതോടെ കാര്യം തുറന്നു പറയുന്നു: ''പറഞ്ഞത് കള്ളമാണ്. രണ്ടുപേർ ആവശ്യപ്പെട്ട പ്രകാരമാണ് പരാതി നൽകിയത്. പരാതിയിലെ സംഭവം ഉണ്ടായിട്ടില്ല.''
പൊലീസ് യുവതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. മജിസ്ട്രേറ്റിനു രേഖാമൂലം നൽകിയ പ്രസ്താവനയിൽ അവർ പറഞ്ഞു: ''അമൻ ചൗഹാൻ, ആകാശ് സോളങ്കി എന്നീ രണ്ടുപേർ കാശ് തന്ന് പറയിച്ചതാണ് അത്. ഇതിൽ ചൗഹാൻ എന്നയാൾ ബി.ജെ.പി യുവജന വിഭാഗത്തിന്റെ ജില്ലാ നേതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ്.''
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി. സിങ് പറഞ്ഞത്, ചൗഹാനെ പാർട്ടി പുറത്താക്കിയിട്ടുണ്ട് എന്നാണ്. ഈ കള്ളക്കേസിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും സിങ് പറഞ്ഞു.
കള്ളക്കഥ പൊളിഞ്ഞു, പക്ഷേ, അതിനകം 'ലവ് ജിഹാദ്' പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പൊടിപൊടിച്ചിരുന്നു. എല്ലാം കെട്ടിച്ചമച്ചതായിരുന്നു എന്ന് വിഷപ്രചാരണത്തിൽ പങ്കെടുത്ത എത്ര പേർ മനസ്സിലാക്കി എന്നറിയില്ല.
ഇനി, കേരളത്തിൽനിന്ന് മറ്റൊരു ചേരുവ കിട്ടുന്നു വർഗീയ പാചകക്കാർക്ക്.
വിഷയം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതും തുടർന്നുള്ള സംഭവങ്ങളുമാണ്.
കലക്ടർ നിയമനത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായത് എന്തുകൊണ്ടെന്ന് കേരളത്തിലുള്ള നമുക്കറിയാം. മദ്യപിച്ച് അമിതവേഗത്തിൽവാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ ദാരുണ മരണത്തിനിടയാക്കിയയാളാണ് ശ്രീറാം. ക്രിമിനൽ കേസിലെ ഒന്നാം പ്രതി മജിസ്ട്രേറ്റ് പദവിയിലെത്തുന്നതിലെ നിയമപരമായ അനൗചിത്യമടക്കം ചൂണ്ടിക്കാട്ടി എതിർപ്പുയർന്നു. പത്രപ്രവർത്തകരും കേരളസർക്കാറിനെ അനുകൂലിച്ചുവന്ന സംഘടനകളുമടക്കം പ്രതിഷേധമുയർത്തി.
ഒടുവിൽ സർക്കാറിന് ആ നിയമനം റദ്ദാക്കേണ്ടിവന്നു. പക്ഷേ, വർഗീയപ്രചാരകർക്ക് മറ്റൊരു അവസരംകൂടി ഇതിലൂടെ കൈവന്നു. സമൂഹമാധ്യമങ്ങളിൽ കുറെ കുറിപ്പുകാർ ഇതിനെയും വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ചില ഉദാഹരണങ്ങൾ:
-സി.പി.എം നയിക്കുന്ന ഇടതു സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് നീക്കി. ജിഹാദികളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയായിരുന്നു (Ex-Comrade).
-ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധിക്കുന്ന വൻ സംഘത്തിന്റെ ദൃശ്യം നോക്കുക. ഒരേ ഡി.എൻ.എയുള്ള ആളുകൾ തെരുവുശൗര്യം പ്രകടിപ്പിക്കുന്നു. പത്തുപതിനഞ്ച് വർഷം കൂടി കഴിഞ്ഞാൽ ഇവരിങ്ങനെ എല്ലായിടത്തും കാണിച്ചുകളയും (Ritu).
-കേരളത്തിലെ മുസ്ലിംകൾ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറാക്കിയതിൽ പ്രതിഷേധിക്കുന്നു. കേരളം എങ്ങോട്ടാണ് പോകുന്നത്? (Mahesh).
-കേരളത്തിലൊരിടത്ത് മുസ്ലിംകൾ തെരുവിൽ പ്രതിഷേധിക്കുന്നു. തങ്ങളുടെ പുതിയ കലക്ടറായി ഒരു ഹിന്ദു ബ്രാഹ്മണനെ നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണം (The Analyzer).
ഇത്തരം പോസ്റ്റുകൾക്ക് അവസരം നൽകി എന്നതും കേരള സർക്കാറിന്റെ വീഴ്ച. വസ്തുതകൾക്കപ്പുറത്തേക്ക് പ്രചാരണം നടത്താൻ വടക്കേ ഇന്ത്യൻ ചാനലുകൾ ഇതിനെ ഉപയോഗിച്ചാലും അത്ഭുതമില്ല.
വിലക്ക് വിമർശനങ്ങൾക്കു മാത്രം
സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം കനക്കുമ്പോഴും സർക്കാറിന്റെ ശ്രദ്ധ സ്വന്തം പ്രതിച്ഛായയിൽ മാത്രമാണോ?
ട്വിറ്റർ കമ്പനിയുടെ പുതിയ സുതാര്യതാ റിപ്പോർട്ട് പറയുന്നത്, മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ തടയാനും എടുത്തുമാറ്റാനും ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട സർക്കാർ ഇന്ത്യയിലേതാണ് എന്നത്രെ. 2021ന്റെ അവസാന പകുതിയിലെ അവസ്ഥയാണിത്.
മൊത്തം അത്തരം ആവശ്യങ്ങളിൽ മൂന്നിലൊന്ന് ഇന്ത്യൻ സർക്കാറിൽനിന്നായിരുന്നു. ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ആരോപിച്ച് ട്വിറ്റർ കമ്പനി കർണാടക ഹൈകോടതിയിൽ ഈയിടെ കേസ് കൊടുത്തിട്ടുണ്ട്. അതിൽ ട്വിറ്റർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ശ്രദ്ധേയമാണ്: സർക്കാർ തടയാനാവശ്യപ്പെടുന്ന പോസ്റ്റുകൾ പ്രധാനമായും രാഷ്ട്രീയ ഉള്ളടക്കമുള്ളവയാണ്. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാകും ഇത്തരം ഉള്ളടക്കം നിരോധിക്കുന്നത്.
വിദ്വേഷ പ്രചാരണങ്ങൾ നിർബാധം നടക്കുമ്പോൾ സർക്കാറിന് നിരോധിക്കാൻ തോന്നുന്നത് രാഷ്ട്രീയ വിമർശനങ്ങളെയാണെന്ന് ചുരുക്കം.