എഴുപത്തിയഞ്ചിന്റെ വിശേഷങ്ങളിൽ കണ്ടത്
സ്വാതന്ത്ര്യത്തിന് 75 വർഷം തികഞ്ഞ വേളയിൽ ഏതാനും ഉത്തരേന്ത്യൻ ചാനലുകൾ സംപ്രേഷണംചെയ്ത പ്രത്യേക ചർച്ചാ പരിപാടികൾ പഠിച്ചശേഷം തയാറാക്കിയ ഒരു ലേഖനം ന്യൂസ് ലോൺഡ്രി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ദേശസ്നേഹവും സർക്കാർ വിധേയത്വവും രണ്ടാണെന്ന് നമ്മുടെ ചില 'ദേശീയ' ചാനലുകൾ മറന്നുതുടങ്ങിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് 75 വർഷം തികഞ്ഞ വേളയിൽ ഏതാനും ഉത്തരേന്ത്യൻ ചാനലുകൾ സംപ്രേഷണം ചെയ്ത പ്രത്യേക ചർച്ചാ പരിപാടികൾ പഠിച്ചശേഷം തയാറാക്കിയ ഒരു ലേഖനം ന്യൂസ് ലോൺഡ്രി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് ('ദേശീയതാ ഷോകൾ ദേശതാൽപര്യത്തിന് ചേർന്നതോ?'- സഈദുസ്സമാൻ).
ഏഴു ചാനലുകളിലായി വന്ന പത്ത് പരിപാടികളാണ് പരിശോധിച്ചത് - ജൂലൈ മാസം സംപ്രേഷണം ചെയ്തവ. ദേശസ്നേഹമെന്ന പേരിൽ അവ പ്രസരിപ്പിച്ചത് വർഗീയ പ്രകോപനങ്ങളും സർക്കാർ വിധേയത്വവുമാണെന്നത്രെ കണ്ടെത്തിയത്.
പരിപാടികളുടെ ഉള്ളടക്കമനുസരിച്ച്, ഏഴായി തരംതിരിച്ചായിരുന്നു പഠനം. വർഗീയം, പ്രതിപക്ഷവിരുദ്ധം, സർക്കാർ അനുകൂലം, ആരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും, സാമൂഹികക്ഷേമവും തൊഴിലും, പരിസ്ഥിതി, മറ്റുള്ളവ എന്നിവയാണ് ഈ ഏഴ് ഗണങ്ങൾ.
ഇന്ത്യ ടുഡേ ചാനലിന്റെ 'ഇന്ത്യ ഫസ്റ്റ്' പരിപാടിയിൽ മൊത്തം 15 ഷോകൾ ഉണ്ടായി. വർഗീയ വിഷയങ്ങൾക്കായിരുന്നു മേൽക്കൈ: എട്ടെണ്ണം. ന്യൂസ് 18ന്റെ 'ദേശ് നഹീ ഝുക്നെ ദേംഗെ' എന്ന സംവാദ പരിപാടിയിൽ മൊത്തം 22 ഷോ; അതിൽ 15 എണ്ണം വർഗീയ വിഷയങ്ങളെപ്പറ്റി. ഏഴെണ്ണം പ്രതിപക്ഷത്തെ ഇടിച്ചുതാഴ്ത്തുന്നതും. റിപ്പബ്ലിക് ഭാരതിന്റെ 'പൂഛ്താഹേ ഭാരതി'ൽ 26 ഷോ നടന്നു, ജൂലൈയിൽ. അതിൽ 12 എണ്ണം വർഗീയം; പത്തെണ്ണം പ്രതിപക്ഷവിരുദ്ധം; മൂന്ന് സർക്കാർ അനുകൂലം. ടൈംസ് നൗ നവഭാരതിന്റെ 'രാഷ്ട്രവാദ്' പരിപാടിക്ക് 29 ഷോകൾ ജൂലൈയിലുണ്ടായിരുന്നു- 16 എണ്ണം വർഗീയ വിഷയങ്ങൾ; ഒമ്പതെണ്ണം പ്രതിപക്ഷ വിരുദ്ധം; രണ്ടെണ്ണം സർക്കാർ അനുകൂലം.
സീ ന്യൂസിന്റെ 'ദേശ്ഹിത്' പരിപാടിയിൽ 25 ഷോ നടന്നു -16ലും വർഗീയത തന്നെ; രണ്ടെണ്ണം പ്രതിപക്ഷ വിരുദ്ധം; മൂന്നെണ്ണം സർക്കാർ അനുകൂലം. റിപ്പബ്ലിക് ഭാരതിന്റെതന്നെ മറ്റൊരു പരിപാടിയായ 'യേ ഭാരത് കീ ബാത് ഹേ'യിൽ 30 ഷോ നടന്നു; 19 എണ്ണം വർഗീയം; ആറെണ്ണം പ്രതിപക്ഷ വിരുദ്ധം; അഞ്ചെണ്ണം സർക്കാറനുകൂലം. മറ്റൊരു വിഷയവും (വിലക്കയറ്റം, തൊഴിലില്ലായ്മ, പരിസ്ഥിതി) ചർച്ചക്ക് വന്നില്ല. എ.ബി.പി ന്യൂസിന്റെ 'ഇന്ത്യ ചാഹ്താഹേ'ക്ക് 20 ഷോകളുണ്ടായിരുന്നു; 12 എണ്ണം വർഗീയം; രണ്ടെണ്ണം പ്രതിപക്ഷ വിരുദ്ധം, നാലെണ്ണം സർക്കാർ അനുകൂലം. ടൈംസ് നൗവിന്റെ 'ഇന്ത്യ അപ്ഫ്രണ്ടി'ൽ 16 ചർച്ചാ ഷോകളാണ് നടന്നത്. ഒമ്പതെണ്ണം വർഗീയം, ആറെണ്ണം പ്രതിപക്ഷ വിരുദ്ധം.
ന്യൂസ് നേഷൻ ചാനലിന്റെ 'രാഷ്ട്രമേ ജയതേ' പരിപാടിക്ക് 31 എപ്പിസോഡുണ്ടായി. 17 എണ്ണം വർഗീയ വിഷയങ്ങളെപ്പറ്റി; പ്രതിപക്ഷത്തിനെതിരെ അഞ്ചെണ്ണം; സർക്കാറനുകൂലം ഒരെണ്ണം.
ടൈംസ് നൗ നവഭാരതിന്റെ മറ്റൊരു പരിപാടിയായ 'ഒപ്പിനിയൻ ഇന്ത്യാ കാ' 20 ഷോകൾ നടത്തി. എട്ടെണ്ണത്തിൽ വർഗീയ വിഷയങ്ങൾ; രണ്ടെണ്ണം സർക്കാറനുകൂലം.
ഈ ചാനലുകളെല്ലാം കേന്ദ്ര സർക്കാറിനു വേണ്ടിയുള്ള പബ്ലിക് റിലേഷൻസ് ജോലി ചെയ്യുന്നു എന്നാണ് പഠനം കാണിക്കുന്നത്. പ്രതിപക്ഷത്തെ കഴിയുംവിധം അധിക്ഷേപിക്കാനും വിമർശിക്കാനും അവ താൽപര്യം കാട്ടുന്നു.
എന്നാൽ, തികച്ചും ആപൽക്കരമെന്നു പറയേണ്ടത്, വർഗീയ വിഷയങ്ങൾക്ക് നൽകുന്ന അമിത പ്രാധാന്യമാണ്. ഇവിടെയും പ്രശ്നപരിഹാരത്തിനാവശ്യമായ വ്യക്തതയോ നിഷ്പക്ഷതയോ സത്യസന്ധതയോ ഒന്നും കാണാനില്ല. മറിച്ച്, വെറുപ്പ് പരത്താനും വർഗീയവൈരം വളർത്താനുമുള്ള ശ്രമങ്ങളാണ് ഏറെയും. റേറ്റിങ് വർധിപ്പിക്കലാണ് ലക്ഷ്യമെങ്കിലും ഇത് സൃഷ്ടിക്കുന്ന ദുരന്തം ചെറുതല്ല. ''ഇന്ത്യ ഇസ്ലാമിക രാജ്യമാകാൻ 25 വർഷം മാത്രമോ ബാക്കി'' എന്ന് അമൻ ചോപ്രയുടെ (ന്യൂസ് 18) ചോദ്യം. ''പ്രതിപക്ഷ ജിഹാദ് ആരുടെ പദ്ധതി'' എന്ന് ടിക്കർ (റിപ്പബ്ലിക് ഭാരത്), ''ജിഹാദികളെ സൃഷ്ടിക്കുന്ന ഫാക്ടറികൾ'' എന്ന് മറ്റൊരു ടിക്കർ (സീ ന്യൂസ്), പശുക്കളെ ''കള്ളക്കടത്ത്'' ചെയ്യുന്നവർക്ക് വധശിക്ഷ നൽകേണ്ടതല്ലേ എന്ന് അഭിപ്രായ വോട്ടെടുപ്പ് (എ.ബി.പി ന്യൂസ്) തുടങ്ങി, പ്രേക്ഷകരിൽ വർഗീയവികാരം വളർത്തുന്ന ഉള്ളടക്കമാണ് ഇവക്കുള്ളത്.
സർക്കാർ വിധേയത്വം തുറന്നു പ്രകടിപ്പിക്കാൻ മടിയില്ല ഇത്തരം ചാനലുകൾക്ക്. ''മോദിണോമിക്സിനു മുന്നിൽ പ്രതിപക്ഷ അജണ്ട പൊളിയുന്നു'', ''മോദിയുടെ നയങ്ങൾ ലോകമെങ്ങും സ്വീകാര്യം'', ''പ്രതിപക്ഷം മോദിയെ നുണകൾകൊണ്ട് തോൽപിക്കുമോ?'' (ടൈംസ് നൗ നവഭാരത്), ''യോഗിക്കു മുന്നിൽ പ്രതിപക്ഷം ക്ലീൻ ബൗൾഡ്'' (റിപ്പബ്ലിക് ഭാരത്) എന്നിങ്ങനെ, നിഷ്പക്ഷതയുടെ നാട്യംപോലും വേണ്ടെന്ന് തീരുമാനിച്ചതിന്റെ അടയാളങ്ങൾ ധാരാളം.
സ്വതന്ത്ര ഇന്ത്യ 75 തികച്ചപ്പോൾ എവിടെയെത്തി എന്ന് ചോദിക്കുന്നവർ ഈ ചാനലുകളിലൊന്ന് നോക്കിയാൽ മതി. ഉത്തരം അവയിലുണ്ട്.
കാലാവസ്ഥയിലെ വെള്ളവെറി
കാലാവസ്ഥാ പ്രതിസന്ധി ഭൂമിയുടെ മൊത്തം പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഏതു ഭാഗത്ത് കൊടുംചൂടോ വരൾച്ചയോ പ്രളയമോ ഒക്കെ ഉണ്ടായാലും അത് എല്ലായിടത്തും അറിയേണ്ട വാർത്തയാണ്.
എന്നാൽ, വാർത്താ ഏജൻസികളുടെയും ആഗോള മാധ്യമങ്ങളുടെയും പടിഞ്ഞാറൻ ചായ്വ് ഈ വിഷയത്തിലും തെളിഞ്ഞു കാണുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വാർത്തകളിൽ വലിയ സ്ഥാനം കിട്ടുമ്പോൾ മറ്റിടങ്ങളിലുള്ളത് നിസ്സാരമാക്കപ്പെടുന്നു.
യൂറോപ്പിൽ കഴിഞ്ഞ മാസം മുമ്പില്ലാത്തത്ര കടുത്ത ചൂട് അനുഭവപ്പെട്ടപ്പോൾ അത് ലോകമെങ്ങും വലിയ വാർത്തയായി. എന്നാൽ, വടക്കേ ഇന്ത്യയിലെ കൊടും ചൂട് ഇവിടെപ്പോലും വലിയ വാർത്തയായോ എന്ന് സംശയമാണ്.
ജൂലൈ 19ന് ബ്രിട്ടനിലെ ഒരു ഗ്രാമത്തിൽ രേഖപ്പെടുത്തിയ ചൂട് 39 ഡിഗ്രി സെൽഷ്യസായിരുന്നു. ബ്രിട്ടനിലെതന്നെ വേറെ 33 സ്ഥലങ്ങളിലും അതിനോടടുത്ത താപനില രേഖപ്പെടുത്തി.
ഉഷ്ണമേഖലയിൽപെടാത്ത യൂറോപ്പിൽ ഇത്ര കടുത്ത ചൂട് ആദ്യമാണ്. അതുകൊണ്ടുതന്നെ അത് നിസ്സാര വാർത്തയല്ല. പക്ഷേ, ഉഷ്ണമേഖലയിൽപെട്ടു എന്നതു കൊണ്ടുമാത്രം ഇന്ത്യയിലെ റെക്കോഡ് ചൂടിന് പ്രാധാന്യമില്ലാതാകുമോ? ന്യൂഡൽഹിയിൽ ചൂട് 49 ഡിഗ്രി വരെ എത്തി ഇത്തവണ. ഇത് മുമ്പില്ലാത്തതാണ്. മറ്റൊരു പുതുമകൂടി ഇതിനുണ്ട്; ഇത്രയേറെ ദിവസം ഉഷ്ണതരംഗം നീണ്ടുനിൽക്കുന്നതും ആദ്യമാണ്. മാർച്ചിൽ തുടങ്ങി മേയ് പകുതി വരെ നിലനിന്ന ആ ചൂട് മറ്റിടങ്ങളിലെ മാധ്യമങ്ങൾ അത്ര കാര്യമായി എടുത്തില്ല. ചൂട് യൂറോപ്പിലെത്തിയപ്പോഴേ അവർക്ക് പൊള്ളിയുള്ളൂ. ഇന്ത്യയിലെ 49 ഡിഗ്രിയേക്കാൾ ചൂടുണ്ട് ബ്രിട്ടനിലെ 39 ഡിഗ്രിക്ക്.
അന്തരീക്ഷ താപം അസഹ്യമായി എന്നതു മാത്രമല്ല പ്രത്യാഘാതം. കൃഷിയെ അത് കാര്യമായി ബാധിച്ചു. ഗോതമ്പുൽപാദനത്തിൽ ലോകത്ത് മുൻനിരയിലുള്ള ഇന്ത്യക്ക്, അതിന്റെ കയറ്റുമതി നിർത്തിവെക്കേണ്ടിവന്നു. കൊടും ചൂടുമൂലമുണ്ടായ മരണം 90 എന്നാണ് കണക്ക്. പക്ഷേ, യഥാർഥ എണ്ണം അതിലുമെത്രയോ കൂടും എന്ന് കരുതപ്പെടുന്നു; റിപ്പോർട്ട് ചെയ്യാത്ത മരണങ്ങൾ ധാരാളമുണ്ട് എന്നതാണ് കാരണം. മേയ് 3ലെ ബ്ലൂംബർഗ് വാർത്തയനുസരിച്ച്, അത്യുഷ്ണം മൂലം മരിക്കുന്നവരിൽ കൂടുതലും തെരുവോരങ്ങളിലും ചേരികളിലുമൊക്കെ കഴിയുന്നവരാണ്. അവരുടെ മരണം ഔദ്യോഗിക കണക്കിൽ ആ നിലക്ക് വന്നുകൊള്ളണമെന്നില്ല. ഫെയർ എന്ന മാധ്യമനിരീക്ഷക സൈറ്റ്, ഇന്ത്യയിലെ അത്യുഷ്ണം വാർത്തയാക്കിയ യു.എസ് ചാനലുകളുടെ കണക്കെടുത്തു നോക്കി. എ.ബി.സി, സി.ബി.എസ്, എൻ.ബി.സി എന്നിവയിൽ ആ വാർത്തയേ കണ്ടില്ല- ജൂലൈ വരെ പോലും.
''ആഗോള ഉഷ്ണതരംഗ''ത്തെപ്പറ്റി ചർച്ചാ പരിപാടികൾ സംഘടിപ്പിച്ച ചാനലുകൾപോലും യൂറോപ്പിലെയും അമേരിക്കയിലെയും ചൂടിന്റെ വിവരമേ പറഞ്ഞുള്ളൂ; ''ആഗോള''ത്തിൽഗോളത്തിന്റെ ഈ ഭാഗം പെട്ടില്ല. അത്യുഷ്ണത്തിന്റെ ഇരയായി ഇന്ത്യ പരാമർശിക്കപ്പെട്ടില്ല. പരാമർശിക്കപ്പെട്ടത്, അത്യുഷ്ണത്തിന് കാരണക്കാർ എന്ന നിലക്ക് മാത്രം (ഇന്ന് ആഗോള കാർബൺ മലിനീകരണത്തിൽ മൂന്നാം സ്ഥാനമുണ്ട് ഇന്ത്യക്ക്. അപ്പോഴും അമേരിക്ക നടത്തുന്ന മലിനീകരണത്തിന്റെ പകുതിയിലേറെയും, ചൈനയുടേതിന്റെ അഞ്ചിലൊന്നുമാണത്രെ നമ്മുടെ വകയായുള്ളത്. പ്രതിശീർഷ മലിനീകരണ തോതിന്റെ കാര്യത്തിലാകട്ടെ, നാം പടിഞ്ഞാറൻ രാജ്യങ്ങളുടെ അടുത്തുപോലുമെത്തില്ല).
മാർച്ച്-ജൂലൈ മാസങ്ങളിൽ യു.എസ് ചാനലുകൾ യൂറോപ്പിലെ അത്യുഷ്ണം 51 തവണ വാർത്തയാക്കി. അതിന്റെ പ്രയാസങ്ങളും ചൂടുമൂലമുണ്ടായ കാട്ടുതീയുമൊക്കെ വിശദമായി വന്നു. തുടർന്ന് ഇങ്ങനെയും: ''കാലിഫോർണിയ മുതൽ പടിഞ്ഞാറൻ യൂറോപ്പ് വരെയും, പിന്നെ ഏഷ്യയിലെയും ആഫ്രിക്കയിലെയും കോടിക്കണക്കിന് മനുഷ്യർ ചൂടിൽ പ്രയാസപ്പെട്ടു.''
കാലാവസ്ഥാ വാർത്തകൾക്കും ജാതിവിവേചനം ബാധകം.