വാർത്താ ധാരാളിത്തം അഥവാ ടാബ്ലോയ്ഡ് രാഷ്ട്രീയം
വാർത്തകൾക്ക് പൊതുവെ നൽകുന്ന പ്രാധാന്യത്തിന് ചില മാനദണ്ഡങ്ങൾ പറയാറുണ്ട്. അതത് പത്രത്തിന്റെ സ്വകാര്യ താൽപര്യങ്ങളും അതിനെ സ്വാധീനിക്കും. എന്നാൽ, പൊതു മാനദണ്ഡങ്ങൾക്കും താൽപര്യങ്ങൾക്കുമപ്പുറം, എങ്ങനെയോ ഉണ്ടായിപ്പോയ ചില കീഴ് വഴക്കങ്ങൾ കൂടി വാർത്താ പ്രാമുഖ്യത്തിന് പിന്നിലുണ്ടോ?
രണ്ട് വാർത്തകൾ തമ്മിലുള്ള താരതമ്യമാണ് ഈ സംശയത്തിന് പിന്നിലുള്ളത്. ആഗസ്റ്റ് 29ലെ പത്രങ്ങളിലെ സി.പി.എം സംസ്ഥാന വാർത്തയും കോൺഗ്രസ് ദേശീയ വാർത്തയുമാണ് അവ.
സംസ്ഥാന സി.പി.എമ്മിൽ കോടിയേരിക്കു പകരം എം.വി. ഗോവിന്ദൻ സെക്രട്ടറിയായതാണ് ഒന്ന്. മറ്റേത്, കോൺഗ്രസിന്റെ ദേശീയ തെരഞ്ഞെടുപ്പിന് തീയതി നിശ്ചയിച്ചതും.
സംസ്ഥാനത്ത് മുഖ്യ ഭരണകക്ഷിയാണ് സി.പി.എം. അതിന്റെ മേധാവി മാറിയത് പ്രധാനപ്പെട്ട വിവരമാണ്. ദേശീയതലത്തിൽ മുഖ്യ പ്രതിപക്ഷമെന്ന് ഇന്നും പറയാവുന്ന കക്ഷിയുണ്ടെങ്കിൽ അത് കോൺഗ്രസാണ്. ആളുകൾ ഒഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ, ഏറെക്കാലമായി നടക്കാതിരുന്ന സംഘടനാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രധാനമാണെങ്കിലും, മലയാള പത്രങ്ങൾക്ക് അത് സി.പി.എം വാർത്തയോളം വരില്ലെന്ന വാദമുണ്ട് – അത് ന്യായവുമാണ്.
പക്ഷേ, രണ്ടു വാർത്തകൾക്കും പത്രങ്ങൾ നൽകിയ ഇടവും പ്രാധാന്യവും ഇപ്പറഞ്ഞ ന്യായത്തെ അനേകമടങ്ങ് അതിശയിക്കുന്ന തരത്തിലാണ്.
മാധ്യമത്തിന്റെ ലീഡ് വാർത്ത: ''കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു; ഇനി എം.വി. ഗോവിന്ദൻ.'' സൂപ്പർ ലീഡായി കോൺഗ്രസ് വാർത്ത: ''കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന്.''
സി.പി.എം വാർത്തക്ക് അനുബന്ധമായി പുതിയ സെക്രട്ടറിയുടെ വാർത്താസമ്മേളന വാർത്ത ചേർത്തു. അഞ്ചാം പേജിന്റെ മുക്കാൽ ഭാഗത്തായി ഒമ്പത് ഉപവാർത്തകൾ വേറെയും. എഡിറ്റ് പേജിൽ എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ വേറെ. അതേസമയം കോൺഗ്രസ് തെരഞ്ഞെടുപ്പിനെപ്പറ്റി വിശകലനമോ ഉപവാർത്തകളോ ഒന്നുമില്ല – ഒരു കാർട്ടൂൺ ഒഴിച്ച്.
ഒരു ഡസൻ വാർത്തകളോടെ സി.പി.എം വാർത്താഇടത്തിലെ വലിയ ഭാഗം എടുത്തപ്പോൾ കോൺഗ്രസിന് ഒരു വാർത്തയും ഒരു ആക്ഷേപ ഹാസ്യചിത്രവും.
ഹിന്ദു കേരള എഡിഷനുമായി ഒത്തുനോക്കിയാൽ ഈ അസന്തുലനം വ്യക്തമാകും. അതിന്റെ ലീഡ് സി.പി.എം അല്ല, കോൺഗ്രസ് ആണ് – ഒന്നാം പേജിന്റെ മുകളിൽ നാലുകോളം വാർത്തയും പടവും. സി.പി.എം വാർത്ത അതേ പേജിന്റെ താഴ്ഭാഗത്ത് മൂന്നു കോളത്തിൽ – പടം ഇല്ല. രണ്ടിനും ഉൾപേജിൽ തുടർച്ചയുണ്ട്. രണ്ടിനും ഉപവാർത്തകളുമുണ്ട്.
മാതൃഭൂമിയിൽ: സി.പി.എം – ലീഡ് വാർത്തക്കു പുറമെ ഒന്നാം പേജിൽ ഉപവാർത്ത. എഡിറ്റ് പേജിൽ ലേഖനം, ഒമ്പതാം പേജിൽ അഞ്ച് അനുബന്ധ വാർത്തകൾ; പടങ്ങൾ ധാരാളം. കോൺഗ്രസ് – ഒന്നാം പേജിൽ വാർത്ത; പടമില്ല.
മലയാള മനോരമയിൽ: സി.പി.എം – മുൻപേജിൽ ലീഡ് വാർത്ത, ഉപവാർത്ത; എഡിറ്റ് പേജിൽ രണ്ട് ലേഖനങ്ങൾ; ഒമ്പതാം പേജിൽ അഞ്ച് ഉപവാർത്തകൾ; പടങ്ങളുണ്ട്. കോൺഗ്രസ് – മുൻ പേജിൽ ഒരു വാർത്ത; പടമില്ല.
കേരള കൗമുദിയിൽ: സി.പി.എം – ഒന്നാം പേജിൽ ലീഡ് വാർത്തയും അനുബന്ധ വാർത്തയും. രണ്ടാം പേജ് മുഴുവൻ കൈയടക്കിക്കൊണ്ട് എട്ട് ഇനങ്ങൾ. പടങ്ങളുണ്ട്. മൂന്നാം പേജിൽ രണ്ട് ഉപവാർത്തകൾ വേറെ; പടങ്ങളുണ്ട്. കോൺഗ്രസ് – മൂന്നാം പേജിൽ ഒരു വാർത്ത; പാർട്ടി കൊടിയും കൈയും ചിഹ്നമായി ഒപ്പം ചേർത്തു.
മംഗളത്തിൽ: സി.പി.എം – ഒന്നാം പേജിൽ ലീഡ് വാർത്തയും, ഒപ്പം ഏറക്കുറെ അതേ പ്രാധാന്യത്തോടെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ മന്ത്രിയാകാനിടയുള്ളവരെപ്പറ്റി വിസ്തരിച്ചുള്ള അഭ്യൂഹങ്ങൾ ചേർത്ത മറ്റൊരു റിപ്പോർട്ടും. രണ്ട് ഉപവാർത്തകൾ വേറെ; എഡിറ്റ് പേജിൽ കോടിയേരിയെപ്പറ്റി ലേഖനം; അഞ്ചാം പേജ് മുഴുവൻ സി.പി.എമ്മിന് (എട്ട് ഇനങ്ങൾ, കുറെ പടങ്ങൾ); ഏഴാം പേജിൽ വേറെയും രണ്ട് റിപ്പോർട്ടുകൾ. കോൺഗ്രസ് – ആറാം പേജിൽ ഒറ്റ വാർത്ത.
വാർത്തകളുടെ എണ്ണം പലപ്പോഴും കൃത്രിമമായി പെരുപ്പിച്ചതായിപ്പോലും തോന്നും. മംഗളത്തിൽ കോടിയേരിയെപ്പറ്റിയും ഗോവിന്ദനെപ്പറ്റിയും (ഹെഡ്മാഷ്, മാഷ്) ചുരുങ്ങിയത് ഈരണ്ട് ഇനങ്ങളെങ്കിലുമുണ്ട്. മിക്ക പത്രങ്ങളിലും ആവർത്തനങ്ങളേറെ. ആവശ്യമനുസരിച്ച് വാർത്തകൾക്ക് ഇടം കണ്ടെത്തുകയല്ല, ഇടം നിശ്ചയിച്ച ശേഷം വാർത്തകൾ പെരുപ്പിച്ച് ചേർക്കുകയാണ് ഉണ്ടായതെന്ന് തോന്നിക്കുന്നതാണ് പല പത്രങ്ങളുടെയും സി.പി.എം സെക്രട്ടറി കവറേജ്.
രാഷ്ട്രീയ താൽപര്യങ്ങളല്ല പത്രങ്ങൾ ആർജിച്ച ശീലം മാത്രമാണ് ഈ അസന്തുലനത്തിനു കാരണം. ''പിണറായിക്കു ശേഷം മന്ത്രിപദവിയിൽനിന്ന് വരുന്ന സെക്രട്ടറി'' എം.വി. ഗോവിന്ദനാണെന്നും (കൗമുദി), ''എല്ലാറ്റിനും സാക്ഷി എ.കെ.ജി സെന്റർ'' എന്നും (മാതൃഭൂമി) മറ്റും സൂക്ഷ്മമായും വിശദമായും എല്ലാ വിവരങ്ങളും ശേഖരിച്ച് പത്രങ്ങൾ നൽകുമ്പോൾ അത് ധാരാളിത്തമായി അവർക്ക് തോന്നുന്നില്ല; കോൺഗ്രസിന്റെ കാര്യത്തിൽ ഉപവാർത്തപോലും അധികമായി തോന്നുകയും ചെയ്യും.
ഈ പൊതുപ്രവണതയിൽനിന്ന് മാറ്റം കണ്ടത് സുപ്രഭാതത്തിലാണ്. ഒന്നാം പേജിൽ ലീഡ് കഴിഞ്ഞാൽ ആദ്യം, ''കോൺഗ്രസ് നേതൃ തെരഞ്ഞെടുപ്പ്: തീയതിയായി; പുതിയ അധ്യക്ഷൻ ഒക്ടോബറിൽ'' എന്ന ന്യൂഡൽഹി റിപ്പോർട്ടാണ്. അതിനു ചുവടെ, പേജിന്റെ ഏറ്റവും അടിയിൽ, ''കോടിയേരി ഒഴിഞ്ഞു; എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി'' എന്ന തിരുവനന്തപുരം വാർത്തയും. ദീപികയിലും സിറാജിലും സി.പി.എം വാർത്തകളിൽ ധാരാളിത്തം ഇല്ല.
പാർട്ടി പത്രങ്ങൾ മറ്റു പത്രങ്ങളുടെ അത്ര അസന്തുലനം പുലർത്തിയില്ല. ഇതിനു തെളിവ് വിവിധ പാർട്ടികളുടെ പത്രങ്ങൾ തന്നെ: ദേശാഭിമാനി, ജനയുഗം, വീക്ഷണം, ചന്ദ്രിക എന്നിവ. വാർത്തകളുടെ ഉള്ളടക്കത്തിൽ രാഷ്ട്രീയമാണുള്ളതെങ്കിലും അവയുടെ എണ്ണം നിർണയിക്കുന്നത് രാഷ്ട്രീയം നോക്കിയിട്ടല്ല.
ദേശാഭിമാനിക്ക് പുതിയ പാർട്ടി സെക്രട്ടറി തന്നെ ലീഡ്; എങ്കിലും തൊട്ടുതാഴെ കോൺഗ്രസ് തെരഞ്ഞെടുപ്പു വാർത്തയുണ്ട് (തീയതി വീണ്ടും നീട്ടി എന്ന വിമർശന രൂപത്തിലാണെങ്കിലും). ''നിലയില്ലാക്കയത്തിലേക്ക് കോൺഗ്രസ്'' എന്ന എഡിറ്റോറിയൽ, ആ പാർട്ടിയിൽനിന്നുള്ള ഒഴിച്ചുപോക്കിനെക്കുറിച്ചാണ്. ''കോൺഗ്രസിന്റെ രാഷ്ട്രീയ വിനോദസഞ്ചാരം'' എന്ന ചെറുലേഖനവും എഡിറ്റ് പേജിലുണ്ട്. പുറമെ എട്ടാം പേജിൽ കോൺഗ്രസിനെപ്പറ്റി രണ്ട് വിമർശനാത്മക റിപ്പോർട്ടുകൾ വേറെയും. എം.വി. ഗോവിന്ദനെപ്പറ്റിയും കോടിയേരിയെപ്പറ്റിയുമുള്ളതടക്കമുള്ള നാലു കുറിപ്പുകൾ അഞ്ചാം പേജിൽ ഒതുക്കിച്ചേർത്തു. എണ്ണം നോക്കിയാൽ സി.പി.എമ്മും കോൺഗ്രസും ഏറക്കുറെ തുല്യം.
സി.പി.ഐ പത്രമായ ജനയുഗം, സി.പി.എം വാർത്ത ലീഡാക്കാതിരിക്കാൻ ശ്രദ്ധിച്ചു – ഒന്നാം പേജിൽ ചേർത്തെങ്കിലും. ഗോവിന്ദന്റെ വാർത്താസമ്മേളന വാർത്ത ഉൾപേജിൽ ചുരുക്കിക്കൊടുത്തു. കോൺഗ്രസ് തെരഞ്ഞെടുപ്പും ഒഴിഞ്ഞുപോക്ക് വാർത്തയുമായി രണ്ട് ഇനങ്ങൾ അവസാന പേജിൽ. എണ്ണത്തിൽ തുല്യത.
കോൺഗ്രസ് പത്രമായ വീക്ഷണം ലീഡാക്കിയത് സി.പി.എം വാർത്ത തന്നെ; ഒന്നാം പേജിന്റെ താഴേ പകുതിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ വാർത്ത. ലീഡ് വിമർശനരൂപത്തിലാണ്: ''പിടിവിടാതെ കണ്ണൂർ ലോബി; എ.കെ. ബാലനെയും വിജയരാഘവനെയും തഴഞ്ഞു...''
മുസ്ലിംലീഗ് പത്രമായ ചന്ദ്രികയിലും ഇതേ രീതിതന്നെ. ലീഡ് വാർത്ത സി.പി.എം സെക്രട്ടറിയെപ്പറ്റി, വിമർശനരൂപത്തിൽ: ''പടിയിറക്കം അവസരമായി; മന്ത്രിസഭയിൽ അഴിച്ചുപണി.'' കോൺഗ്രസ് തെരഞ്ഞെടുപ്പു വാർത്ത ചെറുതാക്കി ഒപ്പംചേർത്തു.
കോൺഗ്രസ് വാർത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പല്ല, അതിന്റെ തീയതി മാത്രമാണെന്നും, സി.പി.എം വാർത്ത തെരഞ്ഞെടുപ്പിന്റെ ഫലമായതിനാൽ അത് മറ്റേ വാർത്തയുമായി താരതമ്യപ്പെടുത്തിക്കൂടെന്നും വാദിക്കാം. പക്ഷേ, കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതുതന്നെ നിസ്സാര വാർത്തയല്ല; ഇപ്പോഴത്തെ സാഹചര്യത്തിൽ വിശേഷിച്ചും. ദേശീയ ജനാധിപത്യത്തിന് മർമപ്രധാനമെന്ന് പറയാവുന്ന സംഭവവികാസം. സംസ്ഥാന ഭരണകക്ഷിയിലെ നേതൃമാറ്റമെന്നനിലക്ക് എം.വി. ഗോവിന്ദന്റെ പുതിയ നിയോഗം പ്രധാനമാണെങ്കിലും, കോൺഗ്രസ് വാർത്തയുമായി തട്ടിച്ചാൽ അനാവശ്യ ധാരാളിത്തമാണ് മിക്ക മലയാള പത്രങ്ങളും സി.പി.എം വാർത്തക്ക് കൊടുത്തത്.