പുലികളെ തുറന്നുവിട്ട് ഫോട്ടോയെടുത്ത പ്രധാനമന്ത്രിയുടെ പിറന്നാൾ വിശേഷങ്ങൾ ആണ് വാർത്ത!
പുലിവാർത്തയും പടവും മോദിയിലേക്കുതന്നെ കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് റിപ്പോർട്ട് സ്പിൻ ചെയ്തത്. അതിനുവേണ്ടി വസ്തുതയിൽ ഒരിത്തിരി മായവും ചേർത്തു.
വാർത്താകേന്ദ്രം എട്ട് പുലികളാണ്. അഥവാ അവയാണ് ആകേണ്ടിയിരുന്നത്. ഏത് നിലക്കും വാർത്ത അവയെപ്പറ്റി ആയിരുന്നല്ലോ. 70 വർഷം ഇന്ത്യയിൽ ചീറ്റപ്പുലി ഇല്ലായിരുന്നു. മറ്റു രാജ്യങ്ങളിൽനിന്ന് കുറച്ചെണ്ണത്തെ കൊണ്ടുവരാൻ പതിറ്റാണ്ടുകളായി ശ്രമിക്കുന്നു. മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത്, 2009ൽ നമീബിയയിൽനിന്ന് ചീറ്റകളെ കൊണ്ടുവരാൻ പദ്ധതി തയാറാക്കി. കോടതി വിലക്കിയതിനാൽ കുറെ വർഷങ്ങൾ അത് നടന്നില്ല. നരേന്ദ്ര മോദി സർക്കാറിന്റെ കാലത്ത് ശ്രമങ്ങൾ വീണ്ടും തുടങ്ങി....
Your Subscription Supports Independent Journalism
View Plansവാർത്താകേന്ദ്രം എട്ട് പുലികളാണ്. അഥവാ അവയാണ് ആകേണ്ടിയിരുന്നത്. ഏത് നിലക്കും വാർത്ത അവയെപ്പറ്റി ആയിരുന്നല്ലോ.
70 വർഷം ഇന്ത്യയിൽ ചീറ്റപ്പുലി ഇല്ലായിരുന്നു. മറ്റു രാജ്യങ്ങളിൽനിന്ന് കുറച്ചെണ്ണത്തെ കൊണ്ടുവരാൻ പതിറ്റാണ്ടുകളായി ശ്രമിക്കുന്നു. മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത്, 2009ൽ നമീബിയയിൽനിന്ന് ചീറ്റകളെ കൊണ്ടുവരാൻ പദ്ധതി തയാറാക്കി. കോടതി വിലക്കിയതിനാൽ കുറെ വർഷങ്ങൾ അത് നടന്നില്ല. നരേന്ദ്ര മോദി സർക്കാറിന്റെ കാലത്ത് ശ്രമങ്ങൾ വീണ്ടും തുടങ്ങി. സെപ്റ്റംബർ 17ന് നമീബിയയിൽനിന്ന് എട്ട് ചീറ്റപ്പുലികളെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നു; മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടു.
ഏഴു പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ആദ്യമായി ചീറ്റപ്പുലി സാന്നിധ്യം.
ആ പുലികൾ വാർത്താ കേന്ദ്രമാകേണ്ടതായിരുന്നു. ആകുമായിരുന്നു; കേന്ദ്രസർക്കാറിന്റെ 'സ്പിൻ' തന്ത്രങ്ങൾ വാർത്താ ഫോക്കസ് തെറ്റിച്ചില്ലായിരുന്നെങ്കിൽ.
പുലിക്ക് പകരം പ്രധാനമന്ത്രി ആ സ്ഥാനം പിടിച്ചെടുത്തില്ലായിരുന്നെങ്കിൽ.
പുലികളുടെ വരവിനെപ്പറ്റി മുൻകൂർ വാർത്തകൾ വരേണ്ടിയിരുന്നത് ജൈവവൈവിധ്യ സംവിധാനങ്ങളിൽനിന്നും വനം മന്ത്രാലയത്തിൽനിന്നും മറ്റുമാണ്.
വാർത്ത ഇറങ്ങുമ്പോഴേക്കും പുലിവരവ് നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ഉപ വാർത്തയായിക്കഴിഞ്ഞിരുന്നു: മോദിയുടെ പിറന്നാൾ ദിനത്തിൽ എട്ട് നമീബിയൻ ചീറ്റപ്പുലികളെ എത്തിക്കുമെന്ന്.
സെപ്റ്റംബർ 18ലെ ചില പത്രറിപ്പോർട്ടുകൾ നോക്കാം. അവയുടെ കേന്ദ്രം പുലികളോ അതോ മോദിയോ?
മിക്ക പത്രങ്ങളുടെയും മുൻ പേജിൽ ഒരു ഫോട്ടോ ഉണ്ട്: പുലിയെ തുറന്നുവിട്ടശേഷം മോദി അതിന്റെ ഫോട്ടോ എടുക്കുന്നത്. അന്നത്തെ വാർത്താചിത്രം, അങ്ങനെ, ഇന്ത്യയിലെത്തിയ പുലിയല്ല, അതിനെ ഇറക്കി പടമെടുത്ത മോദിയാണ്.
പുലിവാർത്തയും പടവും മോദിയിലേക്കുതന്നെ കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് റിപ്പോർട്ട് സ്പിൻ ചെയ്തത്. അതിനുവേണ്ടി വസ്തുതയിൽ ഒരിത്തിരി മായവും ചേർത്തു.
''എട്ടു ചീറ്റകൾ വനത്തിലേക്ക്; തുറന്നുവിട്ടത് മോദി'' എന്നാണ് മലയാള മനോരമ തലക്കെട്ട്. ''ചീറ്റകളുടെ ചിത്രം കാമറയിൽ പകർത്തി പ്രധാനമന്ത്രി'' എന്ന് ഉൾപ്പേജ് വാർത്തയുടെ ശീർഷകത്തിൽ ആവർത്തിക്കുന്നു. മോദിയുടെയും പുലിയുടെയും പടങ്ങളും ആവർത്തിക്കുന്നുണ്ട്. ഒപ്പം പ്രധാനമന്ത്രിയുടെ പ്രസംഗശകലം ബോക്സിൽ ചേർത്തു.
എട്ടു പുലികളെയും തുറന്നുവിട്ടത് മോദിയാണെന്ന റിപ്പോർട്ട് വസ്തുതാവിരുദ്ധമാണ്. അദ്ദേഹം ആദ്യത്തെ മൂന്നെണ്ണത്തിനെ തുറന്നുവിട്ടശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ, കേന്ദ്ര വനം മന്ത്രി ഭൂപേഷ് യാദവ് തുടങ്ങി മറ്റു പ്രമുഖരാണ് ബാക്കി ചീറ്റകളെ പുറത്തുവിട്ടത്. പക്ഷേ, ചടങ്ങിന്റെ ഫോട്ടോകളിലും റിപ്പോർട്ടുകളിലും മറ്റു പേരുകൾ അവഗണിക്കപ്പെട്ടു.
പല പത്രങ്ങളും ആശ്രയിച്ച ഏജൻസി റിപ്പോർട്ടിൽതന്നെ ഈ 'സ്പിൻ' തന്ത്രം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. മനോരമയോളമില്ലെങ്കിലും മാതൃഭൂമിയും ഒന്നാംപേജിലും ഉൾപ്പേജിലെ അനുബന്ധ റിപ്പോർട്ടിലും മോദിയെ പ്രത്യേകം എടുത്തുകാട്ടി. ''മോദി കൂടു തുറന്നു, ചീറ്റകൾ മണ്ണിലിറങ്ങി'' എന്നാണ് മാതൃഭൂമിയുടെ മുൻപേജ് വാർത്ത. ''ചീറ്റപ്പുലികളെത്തി; കാണാൻ മോദിയും'' എന്ന് ദീപിക. ''പറന്നിറങ്ങിയ ചീറ്റപ്പുലികളെ കുനോയിൽ പായാൻ വിട്ട് മോദി'' എന്ന് മംഗളം.
മംഗളം റിപ്പോർട്ടിന്റെ തുടക്കം: ''72ാം പിറന്നാൾ ദിനം തികച്ചും വ്യത്യസ്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി... നമീബിയയിൽനിന്ന് എത്തിച്ച ചീറ്റപ്പുലികളെ മണ്ണിലേക്ക് തുറന്നുവിട്ട് ആ ചിത്രവും പ്രധാനമന്ത്രി പകർത്തി.''
പ്രധാനമന്ത്രി ആ ചിത്രം പകർത്തുന്നത് ചിത്രവും വാർത്തയുമാക്കിയ മാധ്യമങ്ങളിൽ പുലികളുടെ ചിത്രം എണ്ണത്തിൽ കുറവും താരതമ്യേന അപ്രധാനവുമായിരുന്നു. മോദിയുടെ ജന്മദിനത്തിൽ ഇന്ത്യയിലെത്തിയതുകൊണ്ട് മാത്രം വാർത്തയാകാൻ ഭാഗ്യം ലഭിച്ചവയാണല്ലോ അവ.
വാർത്തയിൽ കേന്ദ്രീകരിക്കേണ്ടിയിരുന്ന കാമറകളും റിപ്പോർട്ടുകളും പ്രധാനമന്ത്രിയിലേക്ക് തിരിഞ്ഞത് ഇപ്പോൾ മാത്രമല്ല: വ്യക്തികേന്ദ്രിതമായ തരത്തിൽ വാർത്തകൾ വാർത്തുവിടുന്ന ശൈലി ശക്തിപ്പെട്ടുവരുന്നുണ്ട്. ജനാധിപത്യത്തിന് അന്യമായ സ്തുതിഗീതങ്ങളായി റിപ്പോർട്ടുകൾ മാറുന്നത് മാത്രമല്ല, ഇതിലെ അപകടം. ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ, മറ്റുള്ളവരുടെ പങ്കിനെയും ചരിത്രസാന്നിധ്യത്തെയും തള്ളിപ്പറയുന്നതായി. ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞു മാത്രമാണ് ചീറ്റകളെ കൊണ്ടുവരുന്നതെന്നും ഇതിനുമുമ്പ് ശ്രമങ്ങൾ നടത്താതിരുന്നത് മോശമായെന്നുമൊക്കെ മോദി പറയുമ്പോൾ അതിനർഥം മുൻ സർക്കാറുകൾ ഒന്നും ചെയ്തില്ല എന്നാണ്. ഇതും വസ്തുതാവിരുദ്ധമാണ്. മുൻ പ്രധാനമന്ത്രിമാരുടെ കാലങ്ങളിൽ അതിനുവേണ്ടി ശ്രമങ്ങൾ നടന്നിരുന്നു. ഇപ്പോൾ ചീറ്റകളെ കൊണ്ടുവന്നതുപോലും 2009ൽ തുടങ്ങിവെച്ചതിന്റെ ബാക്കിയാണ്.
എല്ലാം താനാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞില്ലെങ്കിലും സംഭവങ്ങളെ ചുറ്റിപ്പറ്റി വാർത്തകൾ സ്പിൻ ചെയ്യപ്പെടുന്നത് ആ രീതിയിലാണ്. മാധ്യമങ്ങൾ ഇത്തരം പ്രചാരണത്തിൽ പങ്കാളികളാകുന്നു – വസ്തുതകളിൽ മായം ചേർത്തുകൊണ്ടുപോലും.
ഏജൻസി വാർത്തകളെ ആശ്രയിക്കുന്ന മാധ്യമങ്ങൾ ഇതിന് എളുപ്പത്തിൽ ഇരയാകുന്നുണ്ട്. വാർത്താ ഏജൻസികളും സിൻഡിക്കേറ്റുകളും സർക്കാറിന്റെ പി.ആർ വിഭാഗമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
പിന്താങ്ങുന്നവർ കൈപൊക്കുക!
റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും സ്വാധീനിച്ച് വാർത്തകൾ സ്പിൻ ചെയ്തെടുക്കുന്നു. ഇനി അവരെ തങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ രാഷ്ട്രീയക്കാർ ശ്രമിച്ചാലോ?
ഹിന്ദു പത്രത്തിൽ (സെപ്റ്റം. 16) അതിന്റെ റിപ്പോർട്ടറായ ബിന്ദു ഷാജൻ എഴുതിയ ഒരു കുറിപ്പുണ്ട്. അതിൽ വിവരിച്ച ഒരനുഭവം:
കേന്ദ്ര ആരോഗ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ആരോഗ്യ വകുപ്പ് രക്തദാന കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. അതാണ് വിഷയം.
പരിപാടിയുടെ വിശദാംശങ്ങൾ മന്ത്രി നൽകും; മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യും – ഇതാണ് സാധാരണനിലക്ക് സംഭവിക്കുക. പക്ഷേ, മന്ത്രി മാധ്യമപ്രവർത്തകരോട് ഒരു കാര്യം ആവശ്യപ്പെടുകയാണ് ചെയ്തത്: ''നിങ്ങളിൽ എത്രപേർ രക്തദാനത്തിന് തയാറാണ്? കൈ പൊക്കൂ.''
റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ജോലി, സംഭവങ്ങളിൽ ഭാഗഭാക്കാകലല്ല, വിട്ടുനിന്ന് അവ പകർത്തലാണ് എന്ന് കുറിപ്പിൽ ബിന്ദു ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫറായിരുന്ന കെവിൻ കാർട്ടറുടെ പുലിറ്റ്സർ സമ്മാനിതമായ ചിത്രം (പട്ടിണിക്കോലമായ കുട്ടിയും കഴുകനും) ഉയർത്തിവിട്ട ആ പഴയ ചോദ്യം: പടമെടുത്ത് നാട്ടുകാരെ അറിയിക്കണോ അതോ രക്ഷപ്പെടുത്താൻ ശ്രമിക്കണോ? മാധ്യമപ്രവർത്തകർ നേരിടുന്ന ഇതേ ധർമസങ്കടമാണ് രക്തദാനം ചെയ്യുമോ എന്ന ചോദ്യമുയർന്നിടത്തും അവർ നേരിടുന്നത് എന്ന് ലേഖിക.
ആവാം. പക്ഷേ, അതിനേക്കാൾ ഗുരുതരമായ മറ്റൊരു വശമുണ്ട്. ബിന്ദുവിന്റെ കുറിപ്പിൽതന്നെ അതിെന്റസൂചന കാണാം: കൈപൊക്കാൻ മന്ത്രി പറഞ്ഞതും കുറെ കൈകൾ ഉയർന്നു. മന്ത്രാലയ ജീവനക്കാരും റിപ്പോർട്ടർമാരും തിങ്ങിനിറഞ്ഞ ആ സദസ്സിൽ കുറെ കണ്ണുകൾ കൈ ഉയർത്താത്ത ദുഷ്ടരെ നോക്കി ചലിച്ചുകൊണ്ടിരുന്നു...
സർക്കാറിന്റെ പ്രചാരണ പരിപാടികളിൽ വരെ റിപ്പോർട്ടർമാർ സജീവ പങ്കാളികളാകാനും മന്ത്രി ആ ചടങ്ങിൽ പറഞ്ഞപ്രകാരം ''പ്രധാനമന്ത്രിയുടെ സേവന പ്രവർത്തനങ്ങളിലേക്ക് സംഭാവന നൽകാനും'' മറയില്ലാതെതന്നെ സമ്മർദം ചെലുത്തപ്പെടുന്ന വേദിയായി വാർത്താ സമ്മേളനംപോലും മാറ്റപ്പെടുന്നുണ്ടോ?
ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന മാധ്യമങ്ങളേറെയുണ്ട്. ഭരണകൂടത്തിന്റെ ലഘുലേഖകളായി വാർത്തകളെ പരുവപ്പെടുത്താൻ ഒന്നിലേറെ വഴികൾ തുറക്കപ്പെടുകയാണ്.