റിപ്പബ്ലിക് ഡെസ്കിലൊരു അട്ടിമറി സ്കൂപ്പ്
ചൈനയിൽ സർവാധിപതിയായ പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ അട്ടിമറിച്ച്, പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ജനറൽ അധികാരം പിടിച്ചു. ഷീയെ വീട്ടുതടങ്കലിലാക്കി.
സംഭവം അധികമാരും അറിഞ്ഞില്ല. പക്ഷേ, ഇന്ത്യയിലെ ഒരു പ്രമുഖ ഹിന്ദി വാർത്താചാനലിൽ അത് എക്സ് ക്ലൂസിവ് വാർത്തയായിരുന്നു. അതിനുപുറമെ, ഫേസ്ബുക്കിലും യൂട്യൂബിലും പത്തുമിനിറ്റ് നീളമുള്ള വിഡിയോ വാർത്ത ചാനൽ പോസ്റ്റ് ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വാർത്ത കത്തിപ്പടർന്നു. 'ചൈനാ കൂ' എന്ന ഹാഷ് ടാഗിൽ ഏതാനും മണിക്കൂറുകൊണ്ട് 32,000 പോസ്റ്റുകൾ ട്വിറ്ററിൽ ഇറങ്ങി.
ചൈനയിലേക്ക് കണ്ണുംനട്ടിരിക്കാറുള്ള ന്യൂയോർക് ടൈംസിനോ ബി.ബി.സിക്കോ 'റോയിട്ടേഴ്സി'നോ 'എ.പി'ക്കോ പോലും ഈ വാർത്ത കിട്ടാതെ പോയതിൽ ആളുകൾ അത്ഭുതം കൂറി. മറ്റാർക്കും കിട്ടാത്ത സ്കൂപ്പിനെച്ചൊല്ലി ചാനലിന്റെ ഭക്തരായ അനുകൂലികൾ ശരിക്കും വിജയം ആഘോഷിച്ചു.
സ്കൂപ്പ് ഇറക്കിയ ചാനലിന്റെ പേര് റിപ്പബ്ലിക് ഭാരത്. നിർഭാഗ്യവശാൽ അവരുടെ മഹത്തായ 'ബ്രേക്കിങ് ന്യൂസ്' വളരെ വേഗംതന്നെ നിലത്തുവീണ് പൊട്ടി.
ചാനലിൽനിന്ന് പതിയെപ്പതിയെ ആ വാർത്ത പിൻവലിഞ്ഞു. യൂട്യൂബിലെയും ഫേസ്ബുക്കിലെയും വാർത്താ വിഡിയോകൾ ചാനൽതന്നെ നീക്കം ചെയ്തു. കാരണം അത് വ്യാജവാർത്തയായിരുന്നു.
ചൈനയിലെ (ഏക) ഭരണകക്ഷിയിൽ എന്തോ പുകയുന്നു എന്ന തോന്നൽ നിരീക്ഷകരിൽ മുമ്പേ ഉണ്ട്. അതിനിടെ വന്നു ഒരു വാർത്ത: ചൈനയുടെ പൊതുസുരക്ഷാ ഉപമന്ത്രി സൺ ലിജൂന് വധശിക്ഷ വിധിച്ചിരിക്കുന്നു – രണ്ടു കൊല്ലത്തേക്ക് അത് നടപ്പാക്കില്ലെന്നുമാത്രം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃസമ്മേളനം തുടങ്ങാൻ ഒരേ ഒരാഴ്ച ഉള്ളപ്പോഴാണ് ഈ 'ശുദ്ധീകരണം'. സൺ ലിജുൻ ചെയ്ത തെറ്റ്, കമ്യൂണിസ്റ്റ് സംവിധാനത്തിൽ അതിഗുരുതരമായ ഒന്നാണ്: ഷീ ജിൻപിങ്ങിന്റെ അധികാരത്തിന് വെല്ലുവിളി ഉയർത്തി എന്നത്. ഷീയാകട്ടെ, ഈ കോൺഗ്രസോടെ ആജീവനാന്ത ഭരണാധികാരി ആകാനുള്ള ശ്രമത്തിലാണത്രെ.
അതൃപ്തിയും രോഷവും ചൈനയിൽ പടരുന്നു എന്ന വാർത്തകൾക്കിടക്കാണ്, നാടുകടത്തപ്പെട്ട ഒരു ചൈനീസ് ജേണലിസ്റ്റ് ട്വിറ്ററിലൂടെ ഒരു കൗതുകം ചൂണ്ടിക്കാട്ടുന്നത്: ചൈനയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ ഫ്ലൈറ്റുകൾ കൂട്ടമായി റദ്ദാക്കുന്നുവത്രെ. പിന്നാലെ ട്വിറ്ററിൽ ചിലർ, വിമാനങ്ങളില്ലാത്ത ചൈനീസ് ആകാശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ എടുത്തിട്ടു.
ഫ്ലൈറ്റ് റദ്ദാക്കലിന് കാരണമെന്തെന്ന് അന്വേഷിക്കാനൊന്നും നേരമില്ലാത്ത ചിലരുണ്ടായിരുന്നു: ചൈനയിൽ നിരോധിക്കപ്പെട്ട ഫലുൻ ഗോങ് എന്ന ആത്മീയ പ്രസ്ഥാനക്കാരുടെ മാധ്യമങ്ങൾ. അവരും ജെനിഫർ സെങ് എന്ന യൂ ട്യൂബറും ട്വിറ്ററിൽ കുറിപ്പിട്ടു – ഷീ ജിൻപിങ് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം വീട്ടുതടങ്കലിലാണ്.
ഇനിയാണ് രസം. ഇതുവരെ ട്വിറ്ററിൽ വാർത്തകളിറക്കിക്കൊണ്ടിരുന്നത് ചൈനക്ക് പുറത്ത് താമസിക്കുന്നവരായിരുന്നു. എന്നാൽ, ജർമൻ വെബ്പത്രമായ ഡർ സ്പീഗലിന്റെ ബെയ്ജിങ് റിപ്പോർട്ടറായ ജോർജ് ഫാരിയോൺ ചൈനീസ് തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. ട്വിറ്ററിൽ പരക്കുന്ന കിംവദന്തികൾ ഒന്നും സത്യമല്ലെന്ന് നേരിട്ടറിയാവുന്ന അദ്ദേഹം, ആ വാർത്തകൾ നിഷേധിക്കാൻപോലും നിൽക്കാതെ അവയെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടു.
ഒന്നല്ല, കുറെ പോസ്റ്റുകൾ. ഇതാ ബെയ്ജിങ് ഭരണസിരാകേന്ദ്രം ഉന്നതസൈനികർ പിടിച്ചെടുത്തിരിക്കുന്നു, ഇതാ തെരുവിൽ സാധാരണക്കാരായ വൃദ്ധരുടെ വേഷത്തിൽ രഹസ്യനിരീക്ഷകർ എന്നിങ്ങനെയുള്ള ചിത്രങ്ങളും അടിക്കുറിപ്പുകളും.
തീർത്തും പരിഹാസ്യമായ വ്യാജവാർത്തകളെ കൂടുതൽ പരിഹാസ്യമായ വ്യാജവാർത്തകൾകൊണ്ട് തുറന്നുകാട്ടാനാണ് അദ്ദേഹം ശ്രമിച്ചത്.
പക്ഷേ, റിപ്പബ്ലിക് ഭാരതിലെ കുശാഗ്രബുദ്ധികളായ റിപ്പോർട്ടർമാർക്ക് ഈ പരിഹാസമോ ആക്ഷേപഹാസ്യമോ മനസ്സിലായില്ല. അവർ അതങ്ങ് ഗൗരവത്തിലെടുത്തു. മറ്റാർക്കും കിട്ടാത്ത അത്യുഗ്രൻ വാർത്ത ട്വിറ്ററിൽനിന്ന് ചോർന്നുകിട്ടിയ ആവേശത്തിൽ അവർ അത് ആഘോഷിച്ചു – ഗ്ലോബൽ എക്സ് ക്ലൂസിവ് ബ്രേക്കിങ് ന്യൂസ് തുടങ്ങിയ മുദ്രകളോടെ.
ഒട്ടും വൈകാതെ അവർ കിട്ടിയ ആളുകളെവെച്ച് ചർച്ചതുടങ്ങി. ഇന്ത്യൻ കരസേനയിൽനിന്ന് വിരമിച്ച മേജർ ജനറൽ ജി.ഡി. ബക്ഷി, ചാനൽ എക്സിക്യൂട്ടിവ് എഡിറ്റർ അഭിഷേക് കപൂർ എന്നിവർ ഇരുന്ന് ചർച്ചതുടങ്ങി. ഷീ ജിൻപിങ്ങിന്റെ കാലം കഴിഞ്ഞെന്നും എങ്കിലും കമ്യൂണിസ്റ്റ് പാർട്ടി തന്നെ തുടർന്നും ഭരിക്കുമെന്നും മറ്റും...
അതിനിടക്ക് ഓൺലൈൻ മാധ്യമങ്ങളിൽ മറ്റൊന്ന് നടക്കുന്നുണ്ടായിരുന്നു. ജോർജ് ഫാരിേയാന്റെ തമാശ ട്വീറ്റുകൾ കണ്ട ചിലർ അദ്ദേഹത്തോട് ചോദിച്ചു: ''തമാശയാണല്ലോ, അല്ലേ?'' എന്ന്. ''അതെ'' എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയിൽനിന്ന് അദിതി മെഹ്റോത്ര എന്ന എഴുത്തുകാരി, ഒരു ഇന്ത്യൻ ചാനൽ ഇതാകെ ഗൗരവത്തിലെടുത്ത് ചർച്ച ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഫാരിയോൺ കുറിച്ചു: ''മുമ്പ് പറഞ്ഞത് ആവർത്തിക്കട്ടെ: രണ്ടു കാര്യങ്ങൾക്ക് അറ്റമില്ല. ഒന്ന് പ്രപഞ്ചം, മറ്റേത് മനുഷ്യന്റെ മടയത്തം.''
അമേരിക്കയിലെ ന്യൂസ്വീക്കും ഇന്ത്യയിലെ ചില ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും ചൈനീസ് 'അട്ടിമറി അഭ്യൂഹം' വാർത്തയാക്കിയെങ്കിലും റിപ്പബ്ലിക്കിൽനിന്ന് ഭിന്നമായി, സ്ഥിരീകരിക്കാത്ത വിവരം എന്ന നിലക്കായിരുന്നു അത്.
ചൈനയെപ്പറ്റി അട്ടിമറിവാർത്ത എളുപ്പം വിശ്വസിക്കാവുന്ന അവസ്ഥയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. കൃത്യമായ വാർത്ത പുറത്തുവരാത്ത സ്ഥിതിയിൽ ഊഹാപോഹങ്ങൾ പ്രചരിക്കുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയിൽ വിമതശബ്ദം ഉയരുന്നതിന്റെ സൂചനകളാണ് ഉപമന്ത്രിക്ക് വധശിക്ഷ വിധിച്ചതായുള്ള വാർത്ത.
ഇതൊക്കെയായാലും തമാശക്കുവേണ്ടി ട്വീറ്റ് ചെയ്ത പോസ്റ്റുകൾ കാര്യമായെടുത്ത് വാർത്തയാക്കാനും ചർച്ച സംഘടിപ്പിക്കാനും കുറച്ചധികം വിവരക്കേടുതെന്ന വേണം. സ്ഥാപിച്ച് ഏഴു വർഷത്തിനകം റിപ്പബ്ലിക് ടി.വിയും (ഇംഗ്ലീഷ്) റിപ്പബ്ലിക് ഭാരതും (ഹിന്ദി) അക്കാര്യത്തിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് ഒന്നിലേറെ തവണ തെളിയിച്ചിട്ടുണ്ട്.
വ്യാജം എന്ന വൈറസ്
മറ്റൊരു നാട്ടിലെ കാര്യങ്ങൾ വ്യാജവാർത്തക്ക് വിധേയമാകുമ്പോൾ അതൊരു തമാശ മാത്രമാണ്. എന്നാൽ, വ്യാജ വാർത്തകൾകൊണ്ട് സാമുദായിക സ്പർധ സൃഷ്ടിക്കുന്ന സംഭവങ്ങൾ നമ്മുടെ രാജ്യത്ത് നിത്യേന നടക്കുന്നു. വ്യാജവാർത്തയായി തുടങ്ങി പിന്നീട് വർഗീയശക്തികളുടെ കൈകളിൽ ശക്തമായ പ്രചാരണായുധമായി മാറിയ വിഷയങ്ങൾ ധാരാളമുണ്ട് – 'ലവ് ജിഹാദ്' അടക്കം.
കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്തകളിൽ ചിലത് വസ്തുതാ പരിശോധകർ തെളിവുസഹിതം ഖണ്ഡിച്ചിട്ടുണ്ട്. ഡൽഹി ബസിൽ ബുർഖാധാരിണി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് (വാസ്തവത്തിൽ ഈജിപ്തിൽനിന്നുള്ള ബോധവത്കരണ വിഡിയോ ആണത്), യു.പിയിലെ പ്രയാഗ് രാജിൽ ഹനുമാൻ ക്ഷേത്രത്തിൽ കയറി നമസ്കാരം നടത്തുന്ന മുസ്ലിം (വാസ്തവത്തിൽ അതൊരു ഹിന്ദുവാണ് – വജ്രാസനത്തിൽ ഇരിക്കുന്ന ചിത്രം) തുടങ്ങി അസംഖ്യം വ്യാജങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
പോപുലർ ഫ്രണ്ട് (പി.എഫ്.ഐ) നേതാക്കളുടെ വീടുകളും ഓഫിസുകളും കേന്ദ്ര ഏജൻസികൾ റെയ്ഡ് ചെയ്തതിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം ഉയർന്നു എന്നതാണ് മറ്റൊന്ന്. പുണെയിലെ പ്രതിഷേധത്തിന്റെ വിഡിയോ ഷോട്ട് അടക്കം അത്തരമൊരു റിപ്പോർട്ട് ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ പോലും ഇറക്കി. മുഖ്യധാര മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു – ടൈംസ് നൗ, റിപ്പബ്ലിക് എന്നിവ അടക്കം. എന്നാൽ, പുണെ പൊലീസ് തന്നെ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ന്യൂസ് ലോൺഡ്രി, ആൾട്ട് ന്യൂസ് തുടങ്ങിയവ നടത്തിയ വ്യത്യസ്ത ഫാക്ട് ചെക്കിങ്ങിലും അക്കാര്യം വ്യക്തമായി. 'പോപുലർ ഫ്രണ്ട് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തെയാണ് 'പാകിസ്താൻ സിന്ദാബാദാ'ക്കി ചിത്രീകരിച്ചത്. വ്യാജവാർത്ത വന്നത് എ.എൻ.ഐയിലൂടെ ആയതിനാൽ എൻ.ഡി.ടി.വി, ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നിവ അടക്കം അനേകം മാധ്യമങ്ങൾ യഥാർഥമെന്നമട്ടിൽ പ്രചരിപ്പിച്ചു.
വ്യാജവാർത്തകൾ മുഖ്യധാരയിൽ വരെ എത്തിക്കൊണ്ടിരിക്കുന്നു എന്നത് ഭയപ്പെടുത്തണം. സമൂഹത്തെ നശിപ്പിക്കുന്ന മാരകവൈറസായി അവ പടരുകയാണ്.