നേരറിയിക്കണോ, അതോ നേരത്തേ അറിയിക്കണോ?
ഷീയെ വീട്ടുതടങ്കലിലിടുകയും പട്ടാളജനറൽ ലീ ചാഓമിങ്ങിനെ അടുത്ത പ്രസിഡന്റായി പ്രവചിക്കുകയും ചെയ്ത അതേ മാധ്യമങ്ങൾക്ക്, ഒരുമാസത്തിനകം ചൈനയുടെ അനിഷേധ്യ പരമാധികാരിയായി ഷീ 'തെരഞ്ഞെടുക്കപ്പെട്ട' വാർത്തയും നൽകേണ്ടിവന്നു.
വ്യാജവാർത്തകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മറുവശത്ത്, അന്വേഷണാത്മക ജേണലിസത്തിന്റെ കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും വാർത്താലോകത്ത് നല്ല മാതൃകകൾ സൃഷ്ടിച്ചുപോന്നിട്ടുമുണ്ട്. ഇന്ന് ഇത് രണ്ടും തമ്മിലുള്ള അന്തരം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു.
ഏതുകാലത്തും മാധ്യമങ്ങൾ എടുക്കേണ്ട ഒരു തീരുമാനമുണ്ട് – കൈയിൽ കിട്ടിയ വിവരം എതിരാളികൾക്ക് കിട്ടും മുമ്പേ വാർത്തയാക്കി കൈയടി നേടണോ അതോ ആ വിവരം ശരിയും കൃത്യവുമാണോ എന്ന് എത്ര സമയമെടുത്തിട്ടായാലും പരിശോധിച്ചശേഷം, പൂർണസത്യമെന്ന ബോധ്യത്തോടെ മാത്രം വാർത്തയാക്കിയാൽ മതിയോ?
കടുത്ത മത്സരവും, റേറ്റിങ്ങിനും സർക്കുലേഷനും വേണ്ടിയുള്ള അത്യാഗ്രഹവും കാരണം ഇന്ന് മിക്ക മാധ്യമങ്ങളും ആദ്യത്തെ വഴി സ്വീകരിക്കുന്നു. ചിലപ്പോൾ പരിഹാസ്യമായ അമളികളിലേക്ക് ഈ സമീപനം നയിക്കുന്നുമുണ്ട്.
ചൈനയിൽ വാർത്തകൾക്ക് നിയന്ത്രണമുള്ളതിനാൽ വ്യാജങ്ങളും ഊഹങ്ങളുമാണ് കൂടുതൽ പ്രചരിക്കുക. ഇപ്പോൾ അനിഷേധ്യ നേതാവായിക്കഴിഞ്ഞ പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെപ്പറ്റി ഒരുമാസം മുമ്പ്, സെപ്റ്റംബർ 25ന്, റിപ്പബ്ലിക് ഭാരത് ചാനൽ സംപ്രേഷണം ചെയ്ത വാർത്തയും ചർച്ചയും ഇന്ന് കണ്ടാൽ ചിരിവരും. ഷീയെ കുറച്ചുദിവസങ്ങളായി പുറത്ത് കാണാനേ ഇല്ലെന്നും ആ നാട്ടിൽ എന്തോ നടന്നിട്ടുണ്ടെന്നും സൈനിക അട്ടിമറിയാകാൻ സാധ്യതയുണ്ടെന്നുമൊക്കെയായിരുന്നു ആ 'ബ്രേക്കിങ് ന്യൂസും' ചർച്ചയും. മറ്റേതെങ്കിലും ചാനൽ 'ബ്രേക്ക്' ചെയ്യുന്നതിനു മുമ്പ് തിടുക്കത്തിൽ പുറത്തുവിട്ടതാണ് ഈ 'എക്സ് ക്ലുസിവ്'. (മീഡിയ സ്കാൻ, ഒക്ടോ. 3)
ഷീയെ വീട്ടുതടങ്കലിലിടുകയും പട്ടാളജനറൽ ലീ ചാഓമിങ്ങിനെ അടുത്ത പ്രസിഡന്റായി പ്രവചിക്കുകയും ചെയ്ത അതേ മാധ്യമങ്ങൾക്ക്, ഒരുമാസത്തിനകം ചൈനയുടെ അനിഷേധ്യ പരമാധികാരിയായി ഷീ 'തെരഞ്ഞെടുക്കപ്പെട്ട' വാർത്തയും നൽകേണ്ടിവന്നു.
എടുത്തുചാടി 'ബ്രേക്ക്' ചെയ്ത് പരിഹാസ്യരാകേണ്ടിവന്ന മറ്റൊരു ചൈന വാർത്ത 2020ലെ ഗാൽവൻ സംഘർഷവേളയിലേതാണ്. ചൈന നടത്തിയ കടന്നുകയറ്റം ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. 20 പട്ടാളക്കാർ രക്തസാക്ഷികളായെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു; ചൈന പറഞ്ഞത് അവരുടെ പക്ഷത്ത് നാലുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും. ഈ സമയത്ത് ടൈംസ് നൗ ചാനലിൽ 30 ചൈനീസ് പട്ടാളക്കാരുടെ പേരുകൾ വായിച്ച് അവതാരകർ പറഞ്ഞു, ഇവരെല്ലാം ഇന്ത്യൻ സൈന്യം വധിച്ച ശത്രുക്കളാണെന്ന്.
ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസിൽ വന്നതെന്ന മട്ടിൽ ആ പട്ടിക ആരോ വാട്സ്ആപ്പിൽ ഇട്ടതായിരുന്നു. ഒരു പരിശോധനയും കൂടാതെ അത് 'ബ്രേക്കിങ് ന്യൂസ്' ആക്കിയ വാർത്താചാനൽ പരിഹാസ്യരായി. വാർത്ത വ്യാജമായിരുന്നു.
മാധ്യമവൃത്തങ്ങളിൽ വളരെയേറെ ആഘോഷിക്കപ്പെട്ട രണ്ടു വാർത്തകളെപ്പറ്റിയാണ് ഇവിടെ സൂചിപ്പിച്ചത്. മറ്റു മാധ്യമങ്ങളിലും മറ്റനേകം സന്ദർഭങ്ങളിൽ വ്യാജവാർത്തകൾ പരിശോധിക്കാതെ പ്രസിദ്ധപ്പെടുത്താറുണ്ട്. മറ്റു മാധ്യമങ്ങളെക്കാൾ വേഗത്തിൽ 'ബ്രേക്ക്' ചെയ്യാനുള്ള തിടുക്കമാണ് പ്രധാന പ്രശ്നം.
മാധ്യമങ്ങൾ നിർണായകമായ തീരുമാനമെടുക്കേണ്ട കാര്യമാണിത്: എത്രയും വേഗത്തിൽ വാർത്ത കൊടുക്കുകയാണോ അതോ കൊടുക്കുന്ന വാർത്ത അൽപ്പം വൈകിയാലും സത്യമാണെന്ന് ഉറപ്പുവരുത്തുകയാണോ വേണ്ടത്?
നേരത്തേ ആയില്ലെങ്കിലും നേരാകണം എന്ന് എല്ലാവരും സമ്മതിച്ചേക്കും. പക്ഷേ, പ്രയോഗത്തിൽ അതത്ര എളുപ്പമല്ല.
ദ ഹിന്ദുവിലെ റിപ്പോർട്ടറായ വിജേത സിങ് എഴുതിയ (ഒക്ടോ. 14) ഒരു കുറിപ്പിൽ, ചോർന്നുകിട്ടിയ ഒരു വലിയ വാർത്ത അവർ സൂക്ഷ്മതക്കുവേണ്ടി വെച്ചുതാമസിപ്പിച്ച കഥ പറയുന്നുണ്ട്.
അമേരിക്കൻ ബൈക്ക് നിർമാതാക്കളായ ഹാർലി-ഡേവിഡ്സൺ കമ്പനി ഡോണൾഡ് ട്രംപിന് പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ അണികളിൽ ഭൂരിപക്ഷവും ആ കമ്പനിയുടെയും ഇഷ്ടക്കാരായിരുന്നു.
ഇന്ത്യയിൽ ഹാർലി-ഡേവിഡ്സൺ ബൈക്കുകൾക്ക് നൂറുശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത് കമ്പനിക്കോ യു.എസ് പ്രസിഡന്റായിരുന്ന ട്രംപിനോ ഇഷ്ടമായില്ല. ഇതിനെതിരെ ട്രംപ് പലതവണ ഇന്ത്യാ സർക്കാറിനോട് സംസാരിച്ചിരുന്നു.
അതിനിടെ, ഇറക്കുമതിച്ചുങ്കം വെട്ടിച്ചതിന്റെ പേരിൽ ഈ കമ്പനിക്കെതിരെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡി.ആർ.ഐ) അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതും ട്രംപിനെ പ്രകോപിപ്പിച്ചു. അതേസമയം, ഇന്ത്യയിൽ നടക്കുക ഇന്ത്യയിലെ നിയമമായതിനാൽ വേറെ വഴിയുമില്ല. ട്രംപ് മോദി സർക്കാറിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു.
2018 ഫെബ്രുവരി 8ന് ട്രംപും മോദിയും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു. അതിന്റെ തൊട്ടുതലേന്ന് ഡി.ആർ.ഐ അമേരിക്കൻ കമ്പനിക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു എന്ന വിവരം വിജേത സിങ്ങിന് ചോർന്നുകിട്ടി.
അമേരിക്കയുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങിക്കൊടുത്തു എന്നാണല്ലോ ഇതിനർഥം. ചൂടുള്ള വാർത്ത. പക്ഷേ, വിജേത സിങ് വാർത്തക്ക് തീർച്ചകിട്ടാനായി കാത്തിരുന്നു. ഡി.ആർ.ഐ ഓഫിസിലുള്ളവർ ഒന്നും വിട്ടുപറയുന്നില്ല. കൈവശമുള്ള രേഖകൾ തന്നെ യഥാർഥമോ ഫോട്ടോഷോപ്പ് ചെയ്തതോ എന്നുപോലും തീർച്ചപ്പെടുത്താൻ പറ്റുന്നില്ല.
ഒരു മാസം കാത്തിരുന്ന ശേഷമാണ് ഒരു ഉദ്യോഗസ്ഥനിൽനിന്ന് വാർത്തക്ക് സ്ഥിരീകരണം ലഭിക്കുന്നത്. 2018 മാർച്ച് 18ന് ഹിന്ദു ആ വാർത്ത പുറത്തുവിട്ടു: ''ഹാർലി-ഡേവിഡ്സണ് എതിരായ അന്വേഷണം റവന്യൂ ഇന്റലിജൻസ് ഉപേക്ഷിച്ചത് ട്രംപ്-മോദി ഫോൺ സംഭാഷണത്തിന്റെ തൊട്ടുമുമ്പ്.''
നേരത്തേ ആയില്ലെങ്കിലും നേരായി വാർത്ത. വ്യാജവാർത്തകൾക്ക് ധാരാളം പഴുതും അവസരവും ഉള്ളപ്പോൾ ഇത്തരം സംയമനവും അച്ചടക്കവും മാധ്യമപ്രവർത്തകർ കാണിക്കണം. സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെങ്കിലും സമൂഹത്തോടുള്ള കടമതന്നെയാണത്.
വാർത്തയും ചർച്ചയും ആര് തീരുമാനിക്കും?
വാർത്താമാധ്യമങ്ങളിൽ ബഹുസ്വരത എത്രത്തോളം? ന്യൂസ് ലോൺഡ്രിയും 'ഓക്സ് ഫാമും' ചേർന്ന് നടത്തിയ പഠനത്തിന്റെ ഫലം മാധ്യമങ്ങളുടെ ഉടമസ്ഥതയിലും ന്യൂസ്റൂമുകളിലുമെല്ലാം അധഃസ്ഥിത വിഭാഗങ്ങൾ ഇപ്പോഴും തഴയപ്പെടുന്നു എന്നാണ് കാണിക്കുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഏഴു പത്രങ്ങളാണ് പരിശോധനക്കെടുത്തത്. വാർത്തയെഴുത്തുകാരിൽ പട്ടികജാതി-വിഭാഗക്കാർ അഞ്ചു ശതമാനംപോലും വരില്ല. പിന്നാക്ക സമുദായക്കാർ വെറും പത്തു ശതമാനം. ജാതി, ഗോത്ര വിഷയങ്ങളെപ്പറ്റി എഴുതുന്നവരിൽപോലും പകുതി മേൽജാതിക്കാരാണ്; പട്ടികജാതി-വിഭാഗക്കാർ ഒട്ടുമില്ല.
മിക്ക ഇംഗ്ലീഷ് പത്രങ്ങളിലും നേതൃസ്ഥാനങ്ങൾ നൂറു ശതമാനവും മേൽജാതിക്കാരുടെ കൈയിലാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ മാത്രം സ്ഥിതി ഭേദമാണ്. അതിന്റെ നേതൃപദവികളിൽ 20 ശതമാനമുണ്ട് പിന്നാക്കവിഭാഗക്കാർ. നേതൃസ്ഥാനങ്ങളിൽ പട്ടികജാതി-വിഭാഗക്കാർ ഒന്നിലുമില്ല.
പത്രപ്രവർത്തകരിൽ ഹിന്ദുവും ഇന്ത്യൻ എക്സ്പ്രസുമൊഴിച്ചാൽ മേൽജാതിക്കാരാണ് 60 ശതമാനം.
ഹിന്ദി പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഈ വിവേചനമുണ്ടെന്ന് പഠനം കണ്ടെത്തി. ചാനലുകളിൽ പട്ടികജാതി-വിഭാഗക്കാരായ അവതാരകർ ഇല്ല. ചർച്ചകളിൽ മത, വർഗീയ വിഷയങ്ങളുടെ ചർച്ചകൾക്കു മാത്രമാണ് പിന്നാക്ക വിഭാഗക്കാരെ പങ്കെടുപ്പിക്കുന്നത്. പൊതുവിഷയങ്ങൾ ചർച്ചചെയ്യുക മേൽജാതിക്കാരാണ്.
ഡിജിറ്റൽ മാധ്യമങ്ങളിലാണ് അധഃസ്ഥിതരുടെ പ്രശ്നങ്ങൾ താരതമ്യേന കൂടുതലായി ചർച്ചചെയ്യപ്പെടുന്നത്; അവയിൽപോലും എഴുത്തുകാരിൽ ഭൂരിഭാഗം മേൽജാതിക്കാർതന്നെ.
ന്യൂസ് ലോൺഡ്രിയും 'യു.എൻ വിമനും' ചേർന്ന് നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലവും പുറത്തുവിട്ടിട്ടുണ്ട്. മാധ്യമരംഗത്തെ പുരുഷാധിപത്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് അത്.
പ്രമുഖ പത്രങ്ങളുടെ എഡിറ്റർ, ഉടമ പദവികളിൽ 87 ശതമാനവും പുരുഷന്മാരാണ് കൈയടക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഏഴു വീതം പത്രങ്ങൾ, 12 മാഗസിനുകൾ, ഒമ്പത് ഡിജിറ്റൽ പോർട്ടലുകൾ, ചാനൽ സംവാദങ്ങൾ എന്നിവ പരിശോധിച്ചാണ് വിശകലനം.
വിവിധതരം മാധ്യമങ്ങൾ മൊത്തമെടുത്താൽ നേതൃപദവികളിൽ (ഉടമ, എഡിറ്റർ) 75 ശതമാനം പുരുഷന്മാരുടെ കൈയിലാണ്. ഹിന്ദി പത്രങ്ങളേക്കാൾ ഭേദമത്രെ ഇംഗ്ലീഷ് പത്രങ്ങൾ. അതേസമയം, ഇംഗ്ലീഷ് വാർത്താചാനലുകളിൽ മാത്രമേ സ്ത്രീകൾ 40 ശതമാനത്തിൽ കൂടുതലുള്ളൂ.
എൻ.ഡി.ടി.വിയിൽ 50 ശതമാനം നേതൃസ്ഥാനങ്ങൾ വനിതകൾക്കുണ്ട്. റിപ്പബ്ലിക് ടി.വിയിൽ പൂജ്യം. ഡിജിറ്റൽ മാധ്യമങ്ങളിൽ, ഈസ്റ്റ് മോജോയിലും ന്യൂസ് മിനിറ്റിലും 66.67 ശതമാനം വരും വനിത പ്രാതിനിധ്യം. ന്യൂസ് ലോൺഡ്രിയിൽ 20 ശതമാനം; സ്വരാജ്യയിൽ പൂജ്യം.
ചാനലുകളായ ന്യൂസ്18, റിപ്പബ്ലിക് ഭാരത് എന്നിവയിൽ പ്രൈംടൈം ചർച്ചകൾക്ക് നേതൃത്വം നൽകാൻ പുരുഷന്മാരേ ഉള്ളൂ. ലിംഗപ്രാതിനിധ്യത്തിൽ സൻസദ് ടി.വി ഭേദമാണെന്നും കണ്ടെത്തി.
വാർത്താലോകം ഏറെയും മേൽജാതിക്കാരുടെയും അധീശവിഭാഗങ്ങളുടെയും നിയന്ത്രണത്തിൽതന്നെ തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇതിന്റെ ഫലംകൂടിയാണ് വാർത്തകളിലെ ചായ്വുകൾ.