വിലയ്ക്കു വാങ്ങാനാകില്ല, എല്ലാം
അങ്ങനെ അദാനി എൻ.ഡി.ടി.വി സ്വന്തമാക്കി. ഇന്ത്യൻ മാധ്യമലോകത്തെ ഒരധ്യായം അവസാനിച്ചു.
ഇന്ത്യയിൽ ടെലിവിഷൻ വാർത്തയുടെ യുഗം തുടങ്ങിയപ്പോൾ അതിനെ വരവേറ്റ് പ്രണയ് റോയ് ഉണ്ടായിരുന്നു. ഒരുകാലത്ത് ദൂരദർശനിൽ 'ദ വേൾഡ് ദിസ് വീക്' എന്ന അരമണിക്കൂർ പരിപാടിയുമായി വെള്ളിയാഴ്ച രാവുകളെ സമ്പന്നമാക്കിയ അവതാരകനെന്ന നിലയിൽ ഇന്നുമദ്ദേഹത്തെ ഓർക്കുന്നവർ ധാരാളം.
ഡോ. പ്രണയ് റോയിക്കൊപ്പം മികച്ച മാധ്യമപ്രവർത്തനത്തിന്റെ ആവേശവുമായി പത്നി രാധിക റോയിയും ഉണ്ടായിരുന്നു. ഇവർ സ്ഥാപിച്ച എൻ.ഡി.ടി.വി (ന്യൂഡൽഹി ടെലിവിഷൻ) അന്നും പിന്നീടും പക്വതയുള്ള ജേണലിസത്തിന്റെ മാതൃകയായിരുന്നു. അതുതന്നെയാണ് അവരെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കിയത് – പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാറിന്റെ.
പുതു നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ വിനോദ പരിപാടികളിലേക്കു കൂടി ചാനൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ച റോയിമാർക്ക് 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പിടിച്ചുനിൽക്കാനായില്ല. മാധ്യമങ്ങൾ തകർച്ചയിൽനിന്ന് രക്ഷപ്പെടാൻ കുറച്ചൊക്കെ ആദർശശാഠ്യം വെടിയേണ്ടിവന്നു. പരസ്യവരുമാനം കിട്ടാൻ റേറ്റിങ് കൂടണം; റേറ്റിങ് കൂടാൻ ഉള്ളടക്കത്തിൽ പൈങ്കിളിത്തം വേണം. ഇത്തരം 'കച്ചവടസന്ധി' ചെയ്യുമ്പോഴും വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാൻ എൻ.ഡി.ടി.വി ശ്രദ്ധിച്ചു. റോയിമാർ കൂടക്കൂടെ പറഞ്ഞത്, റേറ്റിങ്ങിനുവേണ്ടി വിശ്വാസ്യത കളയരുത് എന്നായിരുന്നു – എൻ.ഡി.ടി.വിയുടെ രണ്ട് ചാനലുകളുടെ മാനേജിങ് എഡിറ്ററായിരുന്ന അനിന്ദ്യ ചക്രവർത്തി ഓർക്കുന്നു.
ന്യൂസ് ലോൺഡ്രിയിൽ അനിന്ദ്യ എഴുതിയ കുറിപ്പിൽ, ജേണലിസം വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കുറെ പാഠങ്ങൾ പ്രണയ് റോയിയിൽനിന്ന് പഠിച്ചെടുത്തത് ഓർക്കുന്നു. അവയിൽ മുഖ്യം വാർത്തയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിൽ ഒത്തുതീർപ്പ് അരുതെന്നാണ്.
വാർത്തയുടെ ഉറവിടം പ്രധാനമാണ്. ആധികാരിക പ്രസംഗങ്ങൾ, രേഖകൾ, സ്ഥിതിവിവരങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങിയവയിൽനിന്ന് എടുത്ത വസ്തുതകളാകണം വാർത്തകളിൽ ഉൾപ്പെടുത്തേണ്ടത്. വാർത്തയെഴുത്തുകാരുടെയോ റിപ്പോർട്ടർമാരുടെയോ അഭിപ്രായങ്ങൾ വാർത്തയായി നൽകിക്കൂടാ. ജേണലിസം ക്ലാസുകളിൽ ആവർത്തിക്കാറുള്ളതാണ് ഇതെങ്കിലും, അതെല്ലാം ലംഘിച്ച് ചാനലുകൾ വ്യാജ പ്രചാരണങ്ങൾക്കായി കാമറ ചലിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. ഇതിനിടയിലും ജേണലിസത്തിന്റെ ആധാരതത്ത്വങ്ങളോട് പരമാവധി കൂറ് നിലനിർത്താൻ ആർജവം കാണിച്ചു എൻ.ഡി.ടി.വി.
അനേകം നല്ല മാധ്യമപ്രവർത്തകരെ പ്രേക്ഷകലോകത്തിന് സമ്മാനിച്ചതാണ് എൻ.ഡി.ടി.വിയുടെ മറ്റൊരു സംഭാവന. അക്കൂട്ടത്തിൽ ഒന്നാമൻ രവീഷ് കുമാർതന്നെ.
രവീഷ്: സ്ഥാപനത്തേക്കാൾ വലിയ താരം
രവീഷ് കുമാർ 27ഓളം വർഷക്കാലത്തെ സേവനത്തിനുശേഷം എൻ.ഡി.ടി.വി വിട്ടത്, സ്ഥാപനത്തെ അദാനി സ്വന്തമാക്കുകയും റോയിമാർ രാജിവെച്ചൊഴിയുകയും ചെയ്തപ്പോഴാണ്.
എൻ.ഡി.ടി.വിയുടെ ഹിന്ദി ചാനലിൽ രവീഷ് കുമാറിനെ അവതാരകനാക്കിയത് പ്രണയ് റോയ് ആണ്. ഹിന്ദി ചാനലിൽ ആദ്യമായി ഒരാളുടെ പേരിലുള്ള പരിപാടി ('രവീഷ് കീ റിപ്പോർട്ട്') ആയിട്ടാണ് രവീഷിന്റെ അവതാരകനെന്ന നിലക്കുള്ള അരങ്ങേറ്റം. പിന്നീട് അത് 'പ്രൈം ടൈം' എന്ന ദൈനംദിന പരിപാടിയായി.
ദേശീയ ചാനലുകളിലെ മറ്റു വാർത്ത അവതരണങ്ങളിൽനിന്ന് രവീഷ് കുമാറിന്റെ പരിപാടിയെ വേറിട്ടുനിർത്തിയ പലതുമുണ്ട്. ഒന്നാമത്, സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് അദ്ദേഹം വിഷയമാക്കിയത്. റേറ്റിങ്ങിനുവേണ്ടി വൈകാരിക വിഷയങ്ങൾ ചർച്ചക്കെടുക്കുന്ന രീതി ഒരിക്കലും സ്വീകരിച്ചില്ല. രണ്ടാമത്, വിഷയത്തിന്റെ വിവിധ വശങ്ങൾ ആധികാരിക വിവരങ്ങളെയും ജനങ്ങളുമായുള്ള സംഭാഷണങ്ങളെയും ആധാരമാക്കി ജനപക്ഷത്ത് ചേർന്നുകൊണ്ട് അവതരിപ്പിച്ചു. ജനങ്ങളിലേക്കിറങ്ങിയുള്ള മാധ്യമപ്രവർത്തനം.
റമോൺ മഗ്സാസെ അവാർഡ് അദ്ദേഹത്തെ തേടിവന്നത് അങ്ങനെയാണ്. എന്നാൽ, അതോടൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാറുകളും മറ്റു ഭരണകേന്ദ്രങ്ങളും അദ്ദേഹത്തെ എതിരാളിയായി കണ്ടു. രാജ്യത്തെ ബാധിച്ച വർഗീയഭ്രാന്തിൽ മറ്റു ചാനലുകളും അവതാരകരും പങ്കാളികളായപ്പോൾ വിവേകത്തിന്റെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും സ്വരമായി രവീഷ് കുമാർ നിലകൊണ്ടു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്ന സാധാരണ മനുഷ്യർക്ക് ശബ്ദം നൽകി അദ്ദേഹം. അധികാരത്തോട് നേര് പറയുക എന്ന ജേണലിസ്റ്റ് ധർമം നിർഭയമായി നിർവഹിച്ചു.
എൻ.ഡി.ടി.വിയിൽനിന്ന് ഒഴിയേണ്ടിവരുമെന്ന് നേരത്തേ കണക്കുകൂട്ടിയിരുന്ന രവീഷ്, സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇപ്പോൾ അതിലൂടെ തന്റെ മാധ്യമപ്രവർത്തനം തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
രവീഷിന്റെ പരിപാടി സ്ഥിരമായി കാണുന്നവരിൽ ഹിന്ദി പ്രദേശങ്ങളിലെ സാധാരണക്കാരുണ്ട്. വളരെയധികം പ്രേക്ഷകർ തനിക്കില്ലെങ്കിലും ഉള്ളവർ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന ജനാധിപത്യ സ്നേഹികളാണെന്ന് അദ്ദേഹം പറയുന്നു. ഒഴുക്കിനൊപ്പം നീന്താത്ത ആ ചെറുസംഘത്തിലാണ് തന്റെ പ്രതീക്ഷയെന്ന് രവീഷ് പറയുന്നു.
അതെ, ന്യൂനപക്ഷമാണ് രവീഷിനെപ്പോലുള്ളവർ. അവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.
ഇന്ത്യ ടുഡേയുടെ വിധേയത്വം
മാധ്യമലോകം മൂന്നുതരത്തിൽ സർക്കാറിന് വിധേയപ്പെട്ടുവരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒന്ന്, സ്വയംതന്നെ സർക്കാർപക്ഷമായിക്കഴിഞ്ഞവർ. ദേശീയ ചാനലുകളിൽ റിപ്പബ്ലിക് ടി.വി, റിപ്പബ്ലിക് ഭാരത്, സീന്യൂസ്, ആജ്തക്, ടൈംസ് നൗ തുടങ്ങിയവ പരസ്യമായിത്തന്നെ മോദിപക്ഷ ഉച്ചഭാഷിണികളായാണ് വർത്തിച്ചുവരുന്നത്.
രണ്ടാമത്തെ വിഭാഗം പ്രീണനങ്ങൾക്ക് വഴങ്ങി ഭരണപക്ഷ പ്രചാരണം ലാഭക്കച്ചവടമായി കണ്ടവരാണ്. ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയവരാണ് മൂന്നാമത് വിഭാഗം.
കാരവൻ മാസികയുടെ ഡിസംബർ ലക്കത്തിൽ, 'ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കീഴടക്കം' എന്ന തലക്കെട്ടിൽ വിശദമായ കവർസ്റ്റോറി എഴുതിയിട്ടുണ്ട് ആതിര കോണിക്കര.
ഒരേസമയം ഇരയുടെ പക്ഷമെന്ന് തോന്നിക്കുകയും എന്നാൽ, ഭരണകൂടത്തിന്റെ ഹിതം നടപ്പാക്കുകയും ചെയ്യുന്ന ഇന്ത്യ ടുഡേ രീതിയുടെ ഒരു ഉദാഹരണം ലേഖനത്തിന്റെ തുടക്കത്തിൽതന്നെ എടുത്തുകാട്ടുന്നുണ്ട്.
ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദലിത് യുവതിയെ മേൽജാതിക്കാരായ നാല് ഠാക്കൂറുകാർ കൂട്ടമായി പീഡിപ്പിച്ച സംഭവമാണ് പശ്ചാത്തലം. നാക്ക് മുറിഞ്ഞ്, ശരീരം മരവിച്ച നിലയിൽ അവളെ അവർ ഉപേക്ഷിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ അധികൃതർ അത് മൂടിവെക്കാനാണ് ശ്രമിച്ചത് (ഈ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പോകുമ്പോഴാണ് ഉത്തർപ്രദേശ് പൊലീസ് മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്).
2020 സെപ്റ്റംബർ 29ന് ആ പെൺകുട്ടി ഡൽഹിയിലെ ഒരു ആശുപത്രിയിൽവെച്ച് മരിച്ചു. മൃതദേഹം ഹാഥ്റസിലെ വീട്ടിലേക്ക് കൊണ്ടുവന്ന ദിവസം ഇന്ത്യ ടുഡേ ടി.വിയുടെ റിപ്പോർട്ടർ തനുശ്രീ പാണ്ഡേ സ്ഥലത്തുണ്ടായിരുന്നു.
മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ ദഹിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതായി തനുശ്രീ അറിഞ്ഞു. ഈ ഞെട്ടിക്കുന്ന വാർത്ത അവർ ചാനലിന്റെ വാട്സ്ആപ് ഗ്രൂപ്പിലിട്ടു. ഉടനെ അത് വാർത്തയായി പുറത്തുവിടുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ, ചാനൽ അധികാരികളിൽനിന്ന് മറുപടിപോലുമുണ്ടായില്ല. വാർത്ത പുറത്താകുംവരെ അവർ അനങ്ങിയില്ല.
ബലാൽക്കാരമായി മൃതദേഹം ദഹിപ്പിക്കുന്നതിന് നീക്കമുള്ളതായി പെൺകുട്ടിയുടെ കുടുംബം തന്നോട് പറഞ്ഞ വിവരം ഇനിയും പിടിച്ചുവെക്കുന്നതിലർഥമില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവണം, സെപ്റ്റംബർ 30ന് തനുശ്രീ ആ വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ''രാത്രിതന്നെ ജഡം ദഹിപ്പിക്കാൻ യു.പി പൊലീസും ഉദ്യോഗസ്ഥരും കുടുംബത്തെ നിർബന്ധിക്കുന്നു. മൃതദേഹം ഒരിക്കലെങ്കിലും വീട്ടിലെത്തിക്കണമെന്ന് കേണപേക്ഷിക്കുകയാണ് കുടുംബം'' –ഇതായിരുന്നു ട്വീറ്റ്. രാഹുൽ ഗാന്ധി അടക്കം ഷെയർ ചെയ്തതോടെ അത് നാടാകെ പരന്നു.
ഭരണപക്ഷമായ ബി.ജെ.പിക്കാർ തനുശ്രീക്കെതിരെ തിരിഞ്ഞു. ജനവികാരം ഇരയോടൊപ്പമാണെന്ന് മനസ്സിലാക്കി ഇന്ത്യ ടുഡേ ആദ്യം തനുശ്രീയെ ന്യായീകരിച്ചു. ''സർക്കാറിന്റെ സമ്മർദം നിലനിൽക്കെ കുടുംബത്തിന് പറയാനുള്ളത് കേൾക്കലാണ് ശരിയായ ജേണലിസം'' എന്നെല്ലാം അവർ കുറിപ്പിറക്കി.
എന്നാൽ, വാസ്തവത്തിൽ ചാനൽ ഭരണപക്ഷത്തിനുവേണ്ടി വാർത്ത മൂടിവെക്കുകയായിരുന്നു തുടക്കത്തിൽ എന്ന് കാരവൻ ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ടുഡേ ടി.വിയുടെയും അതിന്റെ ഹിന്ദി ചാനലായ ആജ്തകിന്റെയും ന്യൂസ് ഡയറക്ടർ രാഹുൽ കവൽ, ട്വിറ്ററിൽ വാർത്തയിട്ടതിന് തനുശ്രീയെ കുറ്റപ്പെടുത്തി.
പിന്നീട് തനുശ്രീയെ ഡൽഹിയിലേക്ക് മടക്കിവിളിക്കുകയും വാർത്താ റിപ്പോർട്ടിങ്ങിൽനിന്ന് മാറ്റുകയും ചെയ്തു. പകരം നിയോഗിച്ച ശ്വേത സിങ് എന്ന റിപ്പോർട്ടർ, ''മറുഭാഗം പറയുക''യെന്ന ന്യായത്തിൽ വാർത്തയത്രയും ഭരണപക്ഷത്തിനുവേണ്ടിയാക്കി.
തനുശ്രീയുടെ ഹാഥ്റസ് റിപ്പോർട്ടിന് അവാർഡ് ലഭിച്ചപ്പോൾ ഇന്ത്യ ടുഡേ അതിന്റെ ബഹുമതിയിൽ പങ്കുപറ്റാൻ വേണ്ടതെല്ലാം ചെയ്തു. അവരെ അസം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അയക്കുകയും ചെയ്തു.
കിട്ടിയ അവസരം തനുശ്രീ കാര്യമായെടുത്തു. വോട്ടുയന്ത്രങ്ങൾ മോഷ്ടിച്ച് സ്വകാര്യവാഹനത്തിൽ കടത്തുന്നത് പിടിക്കപ്പെട്ട സംഭവത്തിൽ, ആ വാഹനം ബി.ജെ.പി സ്ഥാനാർഥിയുടേതാണ് എന്ന വിവരം അവർ പുറത്തുവിട്ടു.
വൈകിയില്ല, ചാനൽ തനുശ്രീയെ തിരിച്ചുവിളിച്ചു. അവരെ ഡിജിറ്റൽ വിഭാഗത്തിലേക്ക് മാറ്റി.
ഇന്ത്യ ടുഡേയുടെ വിധേയത്വത്തിന് വേറെയും ഉദാഹരണങ്ങൾ കാരവൻ ലേഖനം നിരത്തുന്നുണ്ട്. ഇന്ത്യ ടുഡേ മാത്രമല്ല ഇങ്ങനെ വഴങ്ങിക്കൊടുക്കുന്നത് എന്നുകൂടി മനസ്സിലാക്കുക.