വ്യാജം, വിദ്വേഷം, ‘ഡോഗ് വിസ്ൽ’...
ഇന്ത്യയിലെ ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, നീതിന്യായം തുടങ്ങിയവ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ആഗോള മനുഷ്യാവകാശ പ്രസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. കഴിഞ്ഞ വർഷത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ (ജനുവരി 12) ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഭാഗം ഇങ്ങനെ:
‘‘സർക്കാറിനെ വിമർശിച്ച ജേണലിസ്റ്റുകളെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആരോപണങ്ങളുന്നയിച്ച് അധികാരികൾ അറസ്റ്റ് ചെയ്തു. ആദിവാസി സമൂഹങ്ങളെക്കുറിച്ച് വാർത്തയെഴുതാറുള്ള രൂപേഷ്കുമാർ സിങ്ങിനെ ഝാർഖണ്ഡ് പൊലീസ് ജൂലൈയിൽ അറസ്റ്റ് ചെയ്തത് യു.എ.പി.എ കുറ്റങ്ങളടക്കം ചുമത്തിയാണ്. ഇസ്രായേൽ നിർമിത പെഗസസ് ചാര സോഫ്റ്റ്വെയറുപയോഗിച്ച് തങ്ങളുൾപ്പെടെ മാധ്യമപ്രവർത്തകരെയടക്കം വേട്ടയാടിയതിൽ സർക്കാറിന് പങ്കുണ്ടെന്ന് സുപ്രീംകോടതിക്കു മുമ്പാകെ പരാതി കൊടുത്തവരിൽ സിങ്ങും ഭാര്യയും ഉൾെപ്പടും.’’
സിദ്ദീഖ് കാപ്പനടക്കം, സർക്കാറിന് ഹിതകരമല്ലാത്ത വാർത്തകൾ ചെയ്യുന്നവരെ കേസിൽ കുടുക്കുന്ന രീതിയെപ്പറ്റി റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്.
ഇതേ ആഴ്ചയിൽതന്നെയാണ്, വിദ്വേഷം പരത്തുന്ന, സർക്കാർപക്ഷ മാധ്യമപ്രവർത്തകനെതിരെ കേസെടുക്കാൻ മടിച്ചതിന് ഡൽഹി പൊലീസിനെ സുപ്രീംകോടതി വിമർശിച്ചത്.
സുദർശൻ ടി.വി ന്യൂസ് ചീഫ് എഡിറ്റർ സുരേഷ് ചവാങ്കെ 2021 ഡിസംബറിൽ ഡൽഹിയിൽവെച്ച് നടത്തിയ പ്രസംഗവും സമൂഹശപഥവുമാണ് വിഷയം.
വിദ്വേഷ പ്രചാരണങ്ങളിൽ പരാതി ഇല്ലെങ്കിലും കേസെടുക്കാൻ പൊലീസിന് ചുമതലയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ചവാങ്കെക്കെതിരെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തതുപോലും മറ്റു നിവൃത്തിയില്ലെന്ന് കണ്ട്, അഞ്ചു മാസം കഴിഞ്ഞായിരുന്നു. പിന്നെ എട്ടുമാസം പൊലീസ് ഒന്നും ചെയ്തില്ല – അറസ്റ്റ് പോലുമുണ്ടായില്ല. ഡൽഹി പൊലീസിനെതിരെ കോടതിയലക്ഷ്യമാരോപിച്ച് തുഷാർ ഗാന്ധി സമർപ്പിച്ച ഹരജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രത്യാഘാതങ്ങളുണ്ടാക്കാത്ത ഒരബദ്ധത്തിന്റെ പേരിൽ ദ വയർ വാർത്താ പോർട്ടലിനെതിരെയും അധികൃതരുടെ യുക്തിരാഹിത്യം തെളിയിക്കാൻ മുമ്പേ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ചിത്രം എടുത്തുകാട്ടിയതിന് വസ്തുതാപരിശോധകൻ മുഹമ്മദ് സുബൈറിനെതിരെയും കേസെടുത്ത അധികാരികൾ മാധ്യമങ്ങളിലെ സ്ഥിരം വിദ്വേഷപ്രചാരകരെ വെറുതെവിടുന്നു.
വിദ്വേഷ പ്രചാരകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
‘‘യു.പി.എസ്.സി ജിഹാദ്’’ എന്ന പുതിയ വ്യാജാരോപണമുയർത്തിക്കൊണ്ട് ചവാങ്കെ തുടക്കംകുറിച്ച ‘‘വാർത്താ’’ പരമ്പര കോടതി ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. ഇതിൽ വാദം കേൾക്കെ കോടതിയുടെ മറ്റൊരു ബെഞ്ച് ഇത്തരം അവതാരകർക്കെതിരെ ശക്തമായ വിമർശനമുയർത്തി.
എന്തുകൊണ്ട് നടപടി എടുത്തുകൂടാ എന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ മറുപടി, ‘ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അസോസിയേഷൻ’ (എൻ.ബി.എസ്.എ) പോലുള്ള ‘സ്വയം നിയന്ത്രണ സംവിധാനങ്ങൾ’ ഉണ്ടെന്നായിരുന്നു. എന്നാൽ, കുറ്റാരോപിതർ പലരും അതിന്റെ ഭാഗമല്ലെന്നതാണ് വസ്തുത. സുദർശൻ, റിപ്പബ്ലിക് തുടങ്ങിയ ചാനലുകൾ എൻ.ബി.എസ്.എ അംഗത്വമെടുത്തിട്ടില്ല.
‘‘പല്ലുപോയ’’ എൻ.ബി.എസ്.എക്കും പ്രസ് കൗൺസിലിനും പകരം മാധ്യമങ്ങൾക്ക് പൊതുവായി ഒരു മീഡിയ കൗൺസിൽ രൂപവത്കരിക്കണമെന്ന നിർദേശം ഇപ്പോൾ ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ്സ് (ഡി.യു.ജെ) ഉയർത്തിയിരിക്കുന്നു. മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന ഭരണകൂട രീതി വർധിച്ചുവരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് യാഥാർഥ്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഡി.യു.ജെ സാക്ഷ്യപ്പെടുത്തുന്നു. ഈ വേട്ട അവസാനിപ്പിക്കണം. ഒപ്പം, മീഡിയ കൗൺസിൽ സ്ഥാപിച്ച് വിദ്വേഷപ്രചാരകരായ മാധ്യമങ്ങളെ നിലക്ക് നിർത്തുകയും വേണം.
ഏത് സംവിധാനവും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതനുസരിച്ചാണ് ഫലപ്രദമാവുക. മാധ്യമങ്ങളിലും മാധ്യമപ്രവർത്തകരിലും നീതിബോധവും ധാർമികമൂല്യങ്ങളും ഉറപ്പുവരുത്താൻ ആർക്കാണ് സാധിക്കുക എന്ന ചോദ്യം ബാക്കിനിൽക്കുന്നു.
പേര്, വസ്ത്രം, ആഹാരം
നിരുത്തരവാദപരമായ ജേണലിസം വിദ്വേഷപ്രചാരണത്തിന് കാരണമാകുന്നു എന്നു മാത്രമല്ല, തിരിച്ച് വിദ്വേഷത്തിന്റേതായ അന്തരീക്ഷം ജേണലിസ്റ്റുകൾക്കിടയിൽ ഉത്തരവാദിത്തബോധം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
ഡൽഹി പൊലീസിലെ എ.എസ്.ഐ ശംഭു ദയാലിനെ ഒരു പിടിച്ചുപറിക്കാരൻ കുത്തിക്കൊന്നു. പ്രതിയുടെ പേര് സുദർശൻ ന്യൂസിൽ വന്നത് ‘‘ജിഹാദി മുഹമ്മദ് അനീഷ്’’ എന്ന്. ടൈംസ് നൗ നവ്ഭാരത് ചാനലും അത് ഏറ്റുപിടിച്ചു; അനേകം സമൂഹമാധ്യമക്കാരും. ആർക്കും അത് നേരോ എന്ന് പരിശോധിക്കാൻ തോന്നിയില്ല. ഡൽഹി പൊലീസ് തന്നെ നൽകിയ ഔദ്യോഗിക കുറിപ്പിൽ ശരിയായ പേര് കൊടുത്തിരുന്നു. അത് ‘‘പ്രഹ്ലാദ് രാജിന്റെ മകൻ അനീഷ് രാ ജ്’’ എന്നാണ്.
കേരളത്തിൽ, ഭക്ഷ്യവിഷബാധ കാരണം ചിലർ മരണപ്പെട്ട വാർത്തകളിൽ, ‘‘കുഴിമന്തി’’, ‘‘ഷവർമ’’ തുടങ്ങിയവയെപ്പറ്റിയുള്ളവ മാത്രം ആ ഭക്ഷണത്തിന്റെ പേര് എടുത്തുപറഞ്ഞു. കാസർകോട്ടെ ഒരു മരണം മംഗളത്തിൽ റിപ്പോർട്ട് ചെയ്തത് (ഉദാഹരണത്തിന്) ‘‘ഓർഡർ ചെയ്തത് കുഴിമന്തി, തേടിവന്നത് മരണം’’ എന്ന തലക്കെട്ടിൽ. എന്നാൽ, മരണത്തിനു കാരണം കുഴിമന്തി കഴിച്ചതല്ല എന്ന് പിന്നീട് വിവരം കിട്ടിയപ്പോൾ തലക്കെട്ട് ‘‘മരണകാരണം ഭക്ഷ്യവിഷബാധയല്ല’’എന്നായി. ഭക്ഷണത്തിന് പേര് പ്രസക്തമാകുന്നത്, ‘‘വസ്ത്രം കണ്ടാൽ ആളെ മനസ്സിലാകും’’ എന്നതുപോലുള്ള ദുസ്സൂചകങ്ങളിൽ (ഡോഗ് വിസ്ൽ) ഇന്ന് ഭക്ഷണവും ഉൾപ്പെടുന്നു എന്നതിനാലാണ്. ഉദ്ദേശ്യപൂർവമായാലും അല്ലെങ്കിലും മാധ്യമങ്ങൾ അവ ഏറ്റുപിടിക്കുന്നു.
‘ഇന്ത്യ ഇന്ന്’ ഇങ്ങനെ
മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന കാലത്ത് അതിനുവേണ്ടി നിലകൊള്ളാൻ കഴിയുക എന്നതാവും യഥാർഥ ജേണലിസത്തിന്റെ ഒരു ലക്ഷണം. എന്നാൽ, ഈ പരീക്ഷ വിജയിക്കുന്ന മാധ്യമങ്ങൾ കുറവാണ് – എന്നും അങ്ങനെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ‘‘കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ’’ത് ഒന്നും രണ്ടും മാധ്യമങ്ങളായിരുന്നില്ലല്ലോ. അന്ന് ധീരമായി ചെറുത്ത ഇന്ത്യൻ എക്സ്പ്രസ് പോലും ഇന്ന് വഴങ്ങുന്നു എന്ന് വിദ്യാ കൃഷ്ണൻ (കാരവൻ). അധികാരികൾ അനുവദിക്കുന്നെങ്കിൽ മാത്രം അവരുടെ വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്ന ‘‘ആർജവം’’കൊണ്ട് തൃപ്തിപ്പെടുന്നു പലരും.
ഇന്ത്യ ടുഡേയും കൂട്ടുമാധ്യമങ്ങളും എങ്ങനെ മോദിഭരണത്തിന് വിധേയപ്പെട്ടു എന്ന് വിശദമാക്കുന്ന കാരവൻ (ഡിസംബർ ലക്കം) റിപ്പോർട്ടിനെപ്പറ്റി ‘മീഡിയ സ്കാനിൽ’ പരാമർശിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്തും ഇതേ നട്ടെല്ലില്ലായ്മ ഇന്ത്യ ടുഡേ (അന്ന് പാക്ഷികം) പ്രകടിപ്പിച്ചിരുന്നതായി ആ ലേഖനത്തിൽ ആതിര കോണിക്കര ചൂണ്ടിക്കാട്ടി. ഇന്ത്യ ടുഡേ ഒരു ഉദാഹരണം മാത്രമാണ് താനും.
1976 അവസാനത്തോടെ അടിയന്തരാവസ്ഥ ഒന്നരവർഷം പിന്നിട്ടു കഴിഞ്ഞിരുന്നു. അതിനിടക്ക് ജനിച്ച, ഒരു വയസ്സുമാത്രം പ്രായമായ, ഇന്ത്യ ടുഡേ, 1976ലെ പ്രധാന സംഭവങ്ങളടങ്ങുന്ന പ്രത്യേക ലക്കം ഇറക്കി.
പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു ജനത; മാധ്യമസ്വാതന്ത്ര്യം ഇല്ല; സർക്കാറിനെ എതിർക്കുന്നവരെല്ലാം ജയിലിൽ... ഇത്തരം കാര്യങ്ങളാണല്ലോ ആ വർഷത്തിന്റെ നീക്കുബാക്കിയായി പറയേണ്ടത്. ഇന്ത്യ ടുഡേ (മറ്റു പലരെയുംപോലെ) ആ വലിയ കാര്യങ്ങളൊക്കെ അടിച്ചുവാരി മൂലയിലിട്ടു. എന്നിട്ട് ‘‘1976ന്റെ രസികത്തങ്ങൾ’’ എന്നൊരു ഫീച്ചർ പ്രസിദ്ധപ്പെടുത്തി – കുറെ പൈങ്കിളി വിശേഷങ്ങൾ.
‘‘കാലഹരണപ്പെട്ട ഭരണഘടന’’യെയും ‘‘തെറ്റായ മുൻഗണനകളെ’’യും മറ്റും തകർത്തുകൊണ്ട് ‘‘രാഷ്ട്ര നേതാക്കൾ’’ എടുത്ത ‘‘ധീരവും നിർണായകവുമായ നടപടികളെ’’ എഡിറ്റർ അരുൺ പുരി തെന്റ അവതാരികയിൽ പ്രത്യേകം ശ്ലാഘിച്ചു.
രണ്ടു മൂന്നുമാസം കഴിയുമ്പോഴേക്കും, 1977 മാർച്ചിൽ, അടിയന്തരാവസ്ഥ പിൻവലിക്കുകയും ഇന്ദിര ഗാന്ധി പ്രധാനമന്ത്രി പദമൊഴിയുകയും ചെയ്തു. അതോടെ ഇന്ത്യ ടുഡേ ധൈര്യം കണ്ടെടുത്തു.
പിന്നെ മൂർച്ചയുള്ള വിമർശന ലേഖനങ്ങൾകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താവായി മാറി അവരും. സഞ്ജയ് ഗാന്ധിയുടെ മാരുതി കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി; മറ്റു ആഗോള കാർ നിർമാതാക്കളെ ഒഴിവാക്കി അതിന് നിർമാണക്കരാർ നൽകിയതിനെപ്പറ്റി; ‘‘പറ്റാത്ത പണി വാശിപിടിച്ചു വാങ്ങിയ വികൃതിച്ചെറുക്കനെ’’പ്പറ്റി – നിശിത വിമർശനമടങ്ങിയ ഉശിരൻ റിപ്പോർട്ടുകൾ.
ഇക്കൊല്ലം വർഷാന്ത സ്പെഷൽ പതിപ്പിൽ ഇന്ത്യ ടുഡേ ഇന്ത്യനവസ്ഥയുടെ ദാരുണവശത്തെപ്പറ്റിയല്ല പറഞ്ഞുതന്നത്. അധികാരികളെയും പണക്കാരെയും സുഖിപ്പിക്കാൻപോന്ന ലേഖനങ്ങൾകൊണ്ട് സമൃദ്ധമാണത്.
കവർസ്റ്റോറിയിൽ, പോയ വർഷത്തെ വാർത്താതാരം: ഗൗതം അദാനി. ‘‘വളർച്ചയുടെ രാജാവ്’’ (അദാനി, ചട്ടങ്ങൾ മറികടന്ന്, ഒരു വൻകിട കൽക്കരി പ്ലാന്റ് ഉത്തരേന്ത്യയിൽ സ്ഥാപിച്ചതിനെപ്പറ്റി നാമറിയുന്നത് വിദേശമാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റും ഗാർഡിയനും വഴിയാണ് – ‘മീഡിയ സ്കാൻ’, 2023 ജനുവരി 02-09). മറ്റു വാർത്താ താരങ്ങളിൽ പ്രധാനമന്ത്രി മോദിയുമുണ്ട്.
ഇന്ത്യ ടുഡേ എന്നാൽ ഇന്നത്തെ ഇന്ത്യ. വിമർശിക്കാൻ അധികാരികൾ സദയം അനുവദിച്ചാൽ മാത്രം നട്ടെല്ല് കണ്ടെത്തുന്ന ജേണലിസത്തിന് ആ പേര് ചേരും.