ഐക്യയാത്രയും വെറുപ്പിന്റെ വെടിയുണ്ടയും
സമഗ്രാധിപത്യങ്ങളെ തുറന്നുകാട്ടാൻ പലപ്പോഴും കഴിയുക വിദേശമാധ്യമങ്ങൾക്കു തന്നെയാണ്. സ്വദേശി മാധ്യമങ്ങൾ നേരിടുന്ന നിയന്ത്രണങ്ങളും വിലക്കും അവർക്കില്ല എന്നതുതന്നെ കാരണം
രാഹുൽ ഗാന്ധിയുടെ ‘ഭാരത്ജോഡോ’ യാത്ര സമാപിച്ചു. 4080 കിലോമീറ്റർ നീണ്ട ഐക്യയാത്ര കന്യാകുമാരിയിൽ തുടങ്ങിയപ്പോൾ വളരെകുറച്ച് മാധ്യമങ്ങൾ മാത്രമാണ് അതിന് വാർത്താപ്രാധാന്യം കൽപിച്ചത്. എന്നാൽ, 135 ദിവസങ്ങൾക്കുശേഷം അത് ശ്രീനഗറിൽ സമാപിക്കുമ്പോഴേക്കും ദേശീയമാധ്യമങ്ങളടക്കം അത് ശ്രദ്ധിച്ചു. അവഗണിക്കാൻ പറ്റാത്തവിധം ആ യാത്ര ജനമനസ്സുകളിൽ ഓളങ്ങളുണ്ടാക്കിക്കഴിഞ്ഞിരുന്നു.
വെറുപ്പിന്റെ രാഷ്ട്രീയം മഹാഭൂരിപക്ഷം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്ന സന്ദേശം യാത്ര ബാക്കിവെച്ചു. ശബ്ദവും അധികാരവും വിദ്വേഷപക്ഷം കൈയടക്കി എന്നതാണ് പ്രശ്നം. അതുകൊണ്ടുതന്നെ, രാഹുലിന്റെ യാത്രക്ക് അർഹിച്ച പ്രാധാന്യം പൊതുമാധ്യമങ്ങളിൽ ലഭിച്ചില്ല. പ്രധാനമന്ത്രിയുടെ ഓരോ വാക്കും ഓരോ അനക്കവും ട്വിറ്ററിൽനിന്ന് പകർത്തുന്ന പലരും രാഹുലിനെ പൊതിഞ്ഞ മഹാജനസഞ്ചയത്തെ കണ്ടില്ല.
കശ്മീരിന്റെ വേദന തനിക്ക് മനസ്സിലാകുമെന്നു പറഞ്ഞ് അവസാന പ്രസംഗത്തിലും സാധാരണക്കാരോട് ഐക്യപ്പെട്ടു രാഹുൽ. കശ്മീർ പത്രങ്ങളായ ഗ്രേറ്റർ കശ്മീർ, കശ്മീർ ഒബ്സർവർ, റൈസിങ് കശ്മീർ മുതലായവയുടെ ഒന്നാം പേജിൽ അതുണ്ടായിരുന്നു. പക്ഷേ പേജിന്റെ താഴെ പകുതിയിൽ. അധികാരം പത്രസ്വാതന്ത്ര്യത്തോട് ചെയ്യുന്നതെന്ത് എന്നതിന്റെ സൂചന.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വർഷം തികഞ്ഞത് 2023 ജനുവരി 30ന്. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണത്തിന് 75 വർഷം’ എന്ന തലക്കെട്ടോടെ മാധ്യമവും ‘കൊന്നതാണ്’ എന്ന തലക്കെട്ടോടെ ദേശാഭിമാനിയും പ്രത്യേക ഒന്നാം പേജുകൾ തയാറാക്കി. ദേശാഭിമാനിയിൽ ടോം വട്ടക്കുഴിയുടെ ‘ഗാന്ധിവധം’ പെയിന്റിങ്; മാധ്യമത്തിൽ വിനീത് എസ്. പിള്ളയുടെ പെയിന്റിങ്ങും വി.ആർ. രാകേഷിന്റെ കാർട്ടൂണും. മലയാള മനോരമയിലും മാതൃഭൂമിയിലും മുൻപേജിൽ ഗാന്ധിവധം അനുസ്മരിച്ചു. നാലു പത്രങ്ങൾക്കും എഡിറ്റോറിയലും സെന്റർസ്പ്രെഡും ഇതേ വിഷയത്തിലാണ്. മനോരമ എഡിറ്റോറിയലിലെ ‘‘ആ മഹാത്മാവിനോട് നമ്മൾ ചെയ്തതോ? വെടിവെച്ചു കൊന്നു’’ എന്ന വാചകം ആത്മവിമർശനമെന്നതിനെക്കാൾ കൊന്നവരുടെ പേരു പറയാതിരിക്കാനുള്ള അടവായി വിലയിരുത്തപ്പെട്ടു.
ഗാന്ധിജിയോടുള്ള അടുപ്പത്തെപ്പറ്റി ഇടക്കിടെ പറയാറുള്ള മാതൃഭൂമിയിൽ ഗാന്ധിവധത്തെപ്പറ്റിയുള്ള സൂപ്പർലീഡിനെ മറച്ചുകൊണ്ട് ജാക്കറ്റ് പരസ്യത്തിന്റെ പുറംപേജുണ്ടായിരുന്നു. രണ്ടരവർഷം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാളിന് പത്രം ചേർത്ത പ്രത്യേക പേജുകൾക്കുണ്ടായിരുന്ന പൊലിമയേ ഗാന്ധിവധത്തെപ്പറ്റിയുള്ള പ്രത്യേക മധ്യപേജുകൾക്കും ഉള്ളൂ.
പത്രങ്ങൾ കണ്ണാടിയാകണം. സമൂഹത്തിന്റെ മാത്രമല്ല, മനഃസാക്ഷിയുടെയും.
ഇന്ത്യയിലെ മാധ്യമങ്ങൾക്ക് കഴിയാഞ്ഞിട്ടല്ല
ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി േസ്റ്റാറി’ എന്ന ഡോക്യുമെന്ററി ഗുജറാത്ത് വംശഹത്യയുടെയും തുടർന്നുള്ള ഇന്ത്യയിലെ അവസ്ഥയുടെയും ചിത്രം ലോകത്തിന് മുമ്പാകെ കാണിച്ചു. അതു കണ്ട് പല മാധ്യമനിരീക്ഷകരും ചോദിക്കുന്നു, ഇന്ത്യയിലെ കാര്യങ്ങൾ തുറന്നുകാട്ടാൻ വിദേശമാധ്യമമായ ബി.ബി.സി വേണ്ടിവന്നില്ലേ എന്ന്. സ്വദേശി മാധ്യമങ്ങൾ അതിന് തയാറാകാത്തതാണ് കാരണമെന്നും അവർ പറയുന്നു.
ഇത് പൂർണമായും ശരിയല്ല. ചങ്കൂറ്റത്തോടെ ഗുജറാത്തിന്റെ യഥാർഥ കഥകൾ പറഞ്ഞവരുണ്ട്. റാണ അയ്യൂബിന്റെ ഗുജറാത്ത് ഫയൽസ്, സ്റ്റിങ് റിപ്പോർട്ടിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് അറിയിക്കുന്നത് – അത് പ്രസിദ്ധപ്പെടുത്താൻ പല മാധ്യമങ്ങളും തയാറായിരുന്നില്ലെങ്കിലും. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ഈ ഭയത്തിന്റെ അന്തരീക്ഷം വർധിച്ചു. എന്തുകൊണ്ട് ബി.ബി.സി വേണ്ടിവന്നു എന്നതിന് അതും ഉത്തരമാണ്.
ഹിൻഡൻബർഗ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ വ്യാപാര രീതികൾ തുറന്നുകാട്ടിയപ്പോഴും ചോദ്യമുയർന്നു: എന്തേ ഇതിനും വിദേശസ്ഥാപനം വേണ്ടിവന്നു? നാട്ടിലെ പത്രക്കാർക്ക് എന്താണ് പണി?
അദാനിയുടെ മോദിബന്ധം മുമ്പേ പരസ്യമാണ്. അത്രതന്നെ പരസ്യമല്ലാത്ത ഒന്നാണ്, തെറ്റ് ചൂണ്ടിക്കാട്ടുന്ന മാധ്യമപ്രവർത്തകരെ ഒതുക്കാൻ കുത്തക കമ്പനികൾ എടുക്കുന്ന അടവുകൾ – പ്രധാനമായും നിയമനടപടികൾ എന്ന പീഡനം.
മോദിയുമായുള്ള അടുപ്പം മുതലെടുത്താണ് അദാനി കുതിച്ചുയർന്നതെന്ന് സമർഥിച്ച് പരഞ്ജയ് ഗുഹ ഠാകുർത്ത 2017ൽ രണ്ട് ലേഖനങ്ങളെഴുതി. 2017ൽ ദ വയറിലും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലിയിലും. ‘ചങ്ങാത്ത മുതലാളിത്ത’ത്തെ തുറന്നുകാട്ടുന്ന ഈ ലേഖനങ്ങൾ അച്ചടിച്ചുവന്നു.
അദാനി വക്കീൽ നോട്ടീസയച്ചു. ഠാകുർത്ത സ്വന്തം അഭിഭാഷകനെ ഏർപ്പാടാക്കി. എന്നാൽ, ചട്ടപ്രകാരം വീക്ലി ട്രസ്റ്റിമാരോട് കൂടിയാലോചിക്കാൻ വിട്ടുപോയി. അവരദ്ദേഹത്തോട്, ലേഖനം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഠാകുർത്ത വീക്ലിയിലെ ജോലി രാജിവെച്ചു.
വസ്തുതകൾകൊണ്ട് നേരിടുന്നതിനുപകരം കേസുകൊടുത്ത് വായ മൂടാൻ ശ്രമിക്കുന്ന രീതിയെപ്പറ്റി ഠാകുർത്ത, സുബിർ ഘോഷുമായി ചേർന്ന് പുസ്തകമെഴുതി: Sue the Messenger.
ഠാകുർത്ത, ഘോഷ്, ജ്യോതിർമയി ചൗധരി എന്നിവർ നേരത്തേ റിലയൻസ് ഇൻഡസ്ട്രീസിനെപ്പറ്റി എഴുതിയ Gas Wars -Crony Capitalism and Ambanis എന്ന പുസ്തകത്തിനെതിരെ അംബാനിയും കേസ് ഭീഷണിയുമായി എത്തിയിരുന്നു.
വാർത്തക്കെതിരെ ഭരണകൂടവും ചങ്ങാതിമാരും. സിനിമക്കും പുസ്തകത്തിനും ഡോക്യുമെന്ററിക്കുമെതിരെ ജർമനിയിലെ സ്റ്റോം ട്രൂപ്പർമാരെപ്പോലുള്ള ആൾക്കൂട്ടങ്ങൾ... ഇത്തരം പ്രയാസങ്ങൾക്കിടയിലാണ് ഇന്ത്യയിൽ മാധ്യമപ്രവർത്തകർ സ്വന്തം കർത്തവ്യം നിറവേറ്റേണ്ടത്.
ചിലപ്പോൾ ബി.ബി.സിയും ഹിൻഡൻബർഗും അവരെ കടത്തിവെട്ടുമ്പോൾ അതിശയിക്കേണ്ടതില്ല എന്ന് ചുരുക്കം.
ഫാഷിസ്റ്റ് സെൻസർഷിപ്
സ്വദേശത്തെ മാധ്യമങ്ങൾ ഏറക്കുറെ വഴങ്ങിക്കഴിഞ്ഞു എന്ന് ബോധ്യമായാൽ പിന്നെ സമഗ്രാധിപത്യ ഭരണകൂടങ്ങൾ നോട്ടമിടുക വിദേശ മാധ്യമങ്ങളെയാണ്. നാസി ജർമനിയിലെ മന്ത്രിമാർ പരദേശ പത്രങ്ങളെയും പത്രപ്രവർത്തകരെയും ‘നിലക്കുനിർത്താൻ’ നടത്തിയ ശ്രമങ്ങളെപ്പറ്റി വിൽ വൈൻറൈറ്റ് എന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ അനുസ്മരിച്ചിരുന്നു. Reporting on Hitler എന്ന പുസ്തകത്തിൽ (2017) അദ്ദേഹം ചില ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്.
പല ഇംഗ്ലീഷ് പത്ര എഡിറ്റർമാരും വിശ്വസിച്ചിരുന്നത് കമ്യൂണിസ്റ്റുകളെക്കാൾ നാസികളും ഹിറ്റ്ലറുമാണ് ഭേദമെന്നാണ്. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഡെയ്ലി മെയിൽ ഉടമ റോഡർമിയർ പ്രഭു.
അതേസമയം ആ പത്രത്തിന്റെ ജർമൻ ലേഖകനായിരുന്ന റോതേ റേയ്നോൾഡ്സ് ജർമനിയിലെ ഫാഷിസ്റ്റ് ഭീകരത നേരിട്ട് മനസ്സിലാക്കിയിരുന്നു.
ജർമനിയിലെ വിദേശ പത്രലേഖകർ ഒരേസമയം നാസികളുടെ നിരീക്ഷണവും നാട്ടിലെ പത്രമുതലാളിയുടെ നാസി ചായ്വും നേരിടേണ്ടിവന്നിരുന്നു. ബർലിൻ നഗരത്തിലെ ‘ടാവേൺ’ എന്ന ഇറ്റാലിയൻ റസ്റ്റാറന്റിൽ എല്ലാ രാത്രിയും അവർ ഒത്തുകൂടും. പരസ്പരം ഭയപ്പാടുകൾ പങ്കുവെക്കും; വാർത്തകൾ കൈമാറും.
ജോസഫ് ഗീബൽസ് വിദേശലേഖകരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു;അവർക്ക് വാർത്ത നൽകുന്ന ജർമൻകാരെയും.
ഇതിനെല്ലാമിടക്ക് നേർവാർത്ത സംഘടിപ്പിച്ച് റിപ്പോർട്ട് ചെയ്യാൻ റേയ്നോൾഡ്സിന് കഴിഞ്ഞു. പക്ഷേ പലതും ഡെയ്ലി മെയിൽ പ്രസിദ്ധപ്പെടുത്തിയില്ല. പിന്നെ, പകരക്കാരനായി മറ്റൊരാളെ (വാർഡ് പ്രൈസ്) നിയോഗിക്കുകയും ചെയ്തു. വൈകാതെ റേയ്നോൾഡ്സ് ജർമനി വിട്ടു.
ഡെയ്ലി മെയിലിലെപ്പോലെയായിരുന്നു ലണ്ടൻ ടൈംസിലെയും സ്ഥിതി. എഡിറ്റർ ജെഫ്രി ഡോസൺ നാസി അനുകൂലി. ജർമനിയിലെ റിപ്പോർട്ടർ നോർമൻ എബട്ട് നാസി ഭീകരത കണ്ടറിഞ്ഞ് വാർത്തയെഴുതിയപ്പോൾ പത്രം വെട്ടിയും മുറിച്ചും മാത്രമാണ് അത് പ്രസിദ്ധപ്പെടുത്തിയത്. കുറച്ചു കഴിഞ്ഞപ്പോൾ നാസി ഭരണകൂടം അദ്ദേഹത്തെ പുറത്താക്കി.
പുറത്താക്കപ്പെട്ട മറ്റു വിദേശ ലേഖകരിൽ ഷികാഗോ ഡെയ്ലി ന്യൂസിന്റെ ആൻസൽ മൗറർ, ഡെയ്ലി ടെലിഗ്രാഫിന്റെ നോയൽ പാന്റർ എന്നിവരുൾപ്പെടും. ഹിറ്റ്ലറുടെ ഭരണത്തിൽ ജൂതവിഭാഗക്കാർ എങ്ങനെയെല്ലാം ദുരിതവും പീഡനവും അനുഭവിക്കുന്നു എന്ന് പറഞ്ഞതിനായിരുന്നു പുറത്താക്കൽ. ഇന്ന് ബി.ബി.സിക്കെതിരെ രോഷം തിളക്കുന്നതുപോലെ തന്നെ അന്നും.
എല്ലാ പത്രങ്ങളും അവയുടെ മുതലാളിമാരും ഒടുവിൽ ഹിറ്റ്ലറുടെയും നാസി ജർമനിയുടെയും പൈശാചികത തിരിച്ചറിയുകതന്നെ ചെയ്തു. അതിന്, പക്ഷേ, ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടേണ്ടിവന്നു.
സമഗ്രാധിപത്യങ്ങളെ തുറന്നുകാട്ടാൻ പലപ്പോഴും കഴിയുക വിദേശമാധ്യമങ്ങൾക്കു തന്നെയാണ്. സ്വദേശി മാധ്യമങ്ങൾ നേരിടുന്ന നിയന്ത്രണങ്ങളും വിലക്കും അവർക്കില്ല എന്നതുതന്നെ കാരണം.