യുദ്ധമുണ്ടാക്കിയവർ അടങ്ങിയിട്ടില്ല
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വരുത്തിയ ഒരു വിവർത്തന സാഹസം ഉടൻതന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ആഘോഷിക്കപ്പെട്ടു. ഇംഗ്ലീഷിൽ വരുന്ന റിപ്പോർട്ടുകൾ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിൽ വാർത്താ ഡെസ്കുകളുടെ അറിവില്ലായ്മ വെളിപ്പെടുന്നത് ഇതാദ്യമല്ലതാനും.
ഇരുപതുവർഷം മുമ്പ്, 2003 മാർച്ച് 20നാണ് അമേരിക്കൻപക്ഷം ഇറാഖിൽ അധിനിവേശം നടത്തിയത്. അതിന് അവർ – പ്രത്യേകിച്ച് അമേരിക്കൻ, ബ്രിട്ടീഷ് സർക്കാറുകൾ – യു.എന്നിലടക്കം എടുത്തുപറഞ്ഞ ന്യായങ്ങൾ വെറും കള്ളപ്രചാരണമായിരുന്നു എന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്.
എന്നാൽ, ആ കള്ളങ്ങൾ (ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് അൽഖാഇദയുമായി ബന്ധമുണ്ട്, ഇറാഖിൽ അദ്ദേഹം കൂട്ടനശീകരണായുധങ്ങൾ വൻതോതിൽ സമാഹരിച്ചുവെച്ചിട്ടുണ്ട് തുടങ്ങിയവ) അമേരിക്കൻ ജനതയെക്കൊണ്ടും ലോകസമൂഹത്തെക്കൊണ്ടും വിശ്വസിപ്പിക്കുന്നതിൽ പടിഞ്ഞാറൻ മാധ്യമങ്ങൾ വഹിച്ച നിർണായകമായ പങ്കും പിൽക്കാലത്ത് തെളിയിക്കപ്പെട്ടതാണ്.
ഉദാഹരണത്തിന്, മേരിലാൻഡ് യൂനിവേഴ്സിറ്റി നടത്തിയ ഒരു പഠനം (2003 ഒക്ടോബർ) മാധ്യമങ്ങൾ എങ്ങനെ യുദ്ധത്തിന് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുന്നുവെന്ന് കാണിച്ചുതന്നു. സദ്ദാം ഭരണകൂടത്തിന് അൽഖാഇദയുമായി ബന്ധമുണ്ടെന്നും സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നും വിശ്വസിച്ചവരായിരുന്നു മുഖ്യധാരാ വാർത്താചാനലുകളുടെ 57 ശതമാനം പ്രേക്ഷകർ. ഭീകരാക്രമണത്തിൽ സദ്ദാമിന് വ്യക്തിപരമായിത്തന്നെ നേരിട്ട് ബന്ധമുള്ളതായി 69 ശതമാനം പേർ വിശ്വസിച്ചു. ഇറാഖിൽ കൂട്ടനശീകരണായുധങ്ങൾ കണ്ടെത്തി എന്നുപോലും വിശ്വസിച്ചവരുമുണ്ട്: 22 ശതമാനം (ഈ വിശ്വാസമെല്ലാം അപ്പടി തെറ്റായിരുന്നു).
അധിനിവേശത്തിന് തൊട്ടുമുമ്പത്തെ അമേരിക്കൻ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിച്ചപ്പോൾ കണ്ടത്, മഹാഭൂരിപക്ഷം വാർത്താ മാധ്യമങ്ങളും വാർത്ത ഉറവിടങ്ങളും യുദ്ധത്തെ അനുകൂലിച്ചു എന്നാണ്.
ഇരുപതു വർഷത്തിനിപ്പുറം, ഇതേ അമേരിക്കൻ മാധ്യമങ്ങൾ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്നു; പഴയ ഇറാഖ്-അഫ്ഗാൻ അധിനിവേശങ്ങളെയോ ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തെയോ പരാമർശിക്കുന്നുപോലുമില്ല.
അരങ്ങും കഥാപാത്രങ്ങളും മാറിയെങ്കിലും തിരക്കഥ ഇന്നും പഴയതുതന്നെ. ആ മാധ്യമങ്ങൾ കൂടക്കൂടെ ആണവായുധ ഭീഷണിയെപ്പറ്റി വാചാലരാകുന്നുണ്ട്: യു.എസ് പക്ഷത്തെ ആയുധങ്ങളെപ്പറ്റിയല്ല. ഉണ്ടെന്ന് തീർച്ചപ്പെട്ട ഉത്തര കൊറിയയുടെയും ഇസ്രായേലിന്റെയും ആണവായുധത്തെപ്പറ്റിയുമല്ല. ഒട്ടും ഇല്ലെന്ന് യു.എസ് ഭരണകൂടത്തിന് അറിയാവുന്ന ‘‘ഇറാന്റെ ആണവായുധ’’ത്തെപ്പറ്റിയാണ് ആശങ്ക (ഇറാൻ ഈയിടെ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തി. എന്നാൽ, ആണവായുധമുണ്ടാക്കാനല്ല ഇതെന്ന് അമേരിക്കൻ ഏജൻസികളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സി.ഐ.എ മേധാവി ബിൽ ബേൺസ് ഇത് പരസ്യമായി സമ്മതിച്ചതുമാണ്).
ഒരിക്കലും ആണവായുധം നിർമിച്ചിട്ടില്ലാത്ത ഇറാനെപ്പറ്റി അമേരിക്കൻ ജനതക്ക് മറ്റൊരു ചിത്രം മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇറാന് ആണവായുധമുണ്ടെന്ന് 2010ൽ 70 ശതമാനം അമേരിക്കക്കാർ വിശ്വസിച്ചിരുന്നെങ്കിൽ, 2021ൽ അത് 10 ശതമാനം മാത്രം കുറഞ്ഞ് 60 ശതമാനത്തിലായിരുന്നു. ഇതിന് കാരണവും മാധ്യമങ്ങൾതന്നെ.
വിവർത്തകരുടെ തട്ടും മുട്ടും
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വരുത്തിയ ഒരു വിവർത്തന സാഹസം ഉടൻതന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ആഘോഷിക്കപ്പെട്ടു. ഇംഗ്ലീഷിൽ വരുന്ന റിപ്പോർട്ടുകൾ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിൽ വാർത്താ ഡെസ്കുകളുടെ അറിവില്ലായ്മ വെളിപ്പെടുന്നത് ഇതാദ്യമല്ലതാനും.
‘നാട്ടു നാട്ടു’ എന്ന തെലുങ്ക് പാട്ടിന് (‘ആർആർആർ’ എന്ന സിനിമ) ഓസ്കർ സമ്മാനം കിട്ടിയ വാർത്ത അച്ചടിപ്പത്രങ്ങളിലെത്താൻ ഒരുദിവസം വൈകി. പുരസ്കാരവാർത്ത രാത്രി എത്തുന്നതിനുമുമ്പേ പത്രങ്ങളെല്ലാം അച്ചടിച്ചുകഴിഞ്ഞതുകൊണ്ട് അത് പുറത്തുവിടാനുള്ള മത്സരം ഓൺലൈൻ പതിപ്പുകൾ തമ്മിലായിരുന്നു.
സമ്മാനം നേടിയ പാട്ടിന്റെ സംഗീതസംവിധായകനായ എം.എം. കീരവാണി, സമ്മാനം സ്വീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് വാർത്തയുടെ മർമം. റിപ്പോർട്ടുകൾ മലയാളത്തിൽ വന്നത് ഇങ്ങനെ: ‘‘ആശാരിമാരെ കേട്ടാണ് ഞാൻ വളർന്നത്. ഇപ്പോൾ ഓസ്കർ നേടി.’’
ഏത് ആശാരിമാർ?
‘ദ കാർപെന്റേഴ്സ്’ എന്ന പേരിൽ പ്രസിദ്ധമായ, സഹോദരിയും സഹോദരനുമടങ്ങുന്ന, മ്യൂസിക് ബാൻഡുണ്ടായിരുന്നു; അവരുടെ പാട്ടിൽ ഭ്രമിച്ചിരുന്ന ചെറുപ്പകാലത്തെപ്പറ്റിയാണ് കീരവാണി പറഞ്ഞത്. പക്ഷേ, ‘‘കാർപെന്റേഴ്സ്’’ ബാൻഡിനെപ്പറ്റി കേട്ടിട്ടില്ലാത്ത ഡെസ്കുകളിലെ പരിഭാഷാ വിദഗ്ധർ അതിനെ ‘‘ആശാരിമാരാ’’ക്കി.
കീരവാണി പറഞ്ഞത്: ‘‘I grew up listening to the Carpenters, and now here I am with the Oscars.’’
ഓൺലൈൻ വാർത്തകളിൽനിന്ന് (മാർച്ച് 13):
‘‘ആശാരിമാരെ കേട്ടാണ് ഞാൻ വളർന്നത്. ഇന്ന് ഓസ്കാറുമായി നിൽക്കുന്നു: കീരവാണി’’ (മാതൃഭൂമി)
‘‘ആശാരിമാരെ കേട്ടുവളർന്ന ഞാൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു: പുരസ്കാരവേദിയിൽ എം.എം. കീരവാണി’’ (മാധ്യമം)
‘‘കാർപെന്റേഴ്സ്’’ ബാൻഡിനെപ്പറ്റി അറിയാത്തവർ ഉണ്ടാകാം; എന്നാൽ ആശാരിമാരെ കേട്ട് വളർന്നെന്ന് വലിയൊരു സംഗീതജ്ഞൻ പറയുമ്പോൾ അതേത് ആശാരി എന്ന സംശയം ഉയരാതിരുന്നതാണ്, അറിവില്ലായ്മയല്ല, തെറ്റ്.
സംശയം ഉയർന്നില്ലെന്ന് മാത്രമല്ല, ‘‘ആശാരിമാരെ കേൾക്കുന്ന’’തെങ്ങനെയെന്ന് തന്മയത്വത്തോടെ സങ്കൽപിച്ചെടുത്ത വിവർത്തകരുണ്ട്: ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടിലെ ഭാഗം ഇങ്ങനെ:
‘‘കീരവാണി സംസാരിക്കുമ്പോൾ പറഞ്ഞമാതിരി, മരത്തിൽ കൊത്തുപണികൾ നടത്തുന്നവരുടെ തട്ടും മുട്ടും കേട്ട് അതിൽ താളംപിടിച്ചു തുടങ്ങിയ ഞാൻ ഇപ്പോൾ ഡോൾബി തിയറ്ററിലേക്ക് എത്തിനിൽക്കുന്നു...’’
വിവർത്തനത്തിനല്ലെങ്കിലും, ഈ ഭാവനക്ക് കൊടുക്കാം ഒരു പുരസ്കാരം.
ഇംഗ്ലീഷ് മൂലത്തിന്റെ അർഥം ഉൾക്കൊള്ളാനാവാതെ പോയതാണല്ലോ പ്രശ്നം. ഇത് കൂടക്കൂടെ മലയാളത്തിൽ സംഭവിച്ചുകാണാറുണ്ട്. ‘‘മകനെ ശകാരിച്ചതിന് നോർവേയിൽ ഇന്ത്യൻ മാതാപിതാക്കളെ കോടതി ശിക്ഷിച്ചു’’ എന്ന് കുറച്ചു വർഷം മുമ്പ് വാർത്ത തർജമ ചെയ്തയാൾ, ‘‘abuse’’ എന്ന ഇംഗ്ലീഷ് വാക്കിന് ‘‘ശകാര’’ത്തെക്കാൾ ഗൗരവമുള്ള അർഥമുണ്ടോ എന്നന്വേഷിച്ചില്ല. നൈജീരിയയിൽ കലാപകാരികൾക്കുള്ള പൊതുമാപ്പ് (amnesty) പ്രാബല്യത്തിൽ വന്നപ്പോൾ (2009), ‘‘പ്രക്ഷോഭകർക്കിടയിൽ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പ്രവർത്തനമാരംഭിച്ചു’’ എന്ന് പരിഭാഷപ്പെടുത്തിയവരും നമുക്കിടയിലുണ്ട്.
സൗദി രാജകുമാരൻ അബ്ദുല്ല പാകിസ്താൻ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെ (2003), അദ്ദേഹം പാകിസ്താനിൽ താമസിച്ചിരുന്ന ഹോട്ടലിൽ രഹസ്യ നിരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നത് കണ്ടെത്തിയതായി റിപ്പോർട്ട് വന്നു.
‘‘Saudi Police detected the room was bugged’’ എന്നത്, ‘‘മുറിയിൽ മൂട്ടശല്യമുണ്ടായിരുന്നെ’’ന്നും ‘‘മുറിയിലും ഫർണിച്ചറിലുമെല്ലാം പ്രാണികൾ ഉണ്ടായിരുന്നെ’’ന്നും കണ്ടെത്തിയതായാണ് ഒരു പത്രം പറഞ്ഞുതന്നത്.
അമേരിക്കയിലെ ‘‘ഹോട്ട് ഡോഗ്’’ തീറ്റമത്സരത്തിൽ ജയിച്ച് സ്വന്തം റെക്കോഡ് തകർത്തയാളെപ്പറ്റി, (2009) ‘‘പത്ത് മിനിറ്റിൽ 68 പട്ടിയെ തിന്ന് ലോക റെക്കോഡ്’’ സ്ഥാപിച്ചു എന്ന് ഒരു പത്രം എഴുതിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. അതിലേറെ പ്രസിദ്ധമാണ്; കുറെ വർഷം മുമ്പ് റാവി നദി കരകവിഞ്ഞൊഴുകി ‘‘സ്ലീപ്പറുകൾ’’ ഒലിച്ചുപോയതിനെ ‘‘ഉറങ്ങുകയായിരുന്ന കുറേപേർ ഒലിച്ചുപോയി’’ എന്ന് അവതരിപ്പിച്ചത്. ‘‘Quetta and its surroundings were rocked by an earthquake’’ എന്ന വാചകത്തിന് ‘‘ഭൂകമ്പത്തിൽ ക്വറ്റയും അതിന്റെ പരിസരങ്ങളും പാറകൾകൊണ്ട് മൂടപ്പെട്ടു’’ എന്ന് ആരോ അർഥം കൽപിച്ചത് വളരെ വർഷങ്ങൾക്ക് മുമ്പാണ്.
Carpenters, Amnesty എന്നിവ പേരുകൂടിയാണെന്ന അറിവ് നിഘണ്ടുവിൽനിന്ന് കിട്ടിയെന്നു വരില്ല. എന്നാൽ bugging, hotdog, sleeper, rocked എന്നിവയുടെ അർഥം നിഘണ്ടുവിൽനിന്ന് കിട്ടും. അർഥത്തിനപ്പുറമുള്ള വിവരങ്ങൾ ഇന്റർനെറ്റിൽനിന്ന് കിട്ടും – അത് പരതാനാവശ്യമായ സംശയം തോന്നിയിരിക്കണമെന്നുമാത്രം.
ചിലപ്പോൾ അശ്രദ്ധമൂലമാകും തെറ്റുവരുന്നത്. ഡൽഹിയിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കാൻ കേന്ദ്രസർക്കാർ മടിച്ചുനിന്നതിനെ വിമർശിച്ച് (2015) ഡൽഹി ഹൈകോടതി ചോദിച്ച ചോദ്യം ചിലർ തലക്കെട്ടാക്കിയിരുന്നു. ‘‘Do gods, sit in Cabinet and decide issues?’’ എന്നതിലെ godsനെ ഒരു പത്രം വായിച്ചുപോയത് dogs എന്നായിരുന്നു. തലക്കെട്ട് ഇങ്ങനെ: ‘‘മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നത് നായ്ക്കളോ? – കേന്ദ്രത്തിനെതിരെ കോടതി.’’
Bad debt (കിട്ടാക്കടം)നെ ‘‘ചീത്തക്കടം’’ എന്നും jail bird (ജയിൽപ്പുള്ളി) നെ ‘‘ജയിൽപ്പക്ഷി’’ എന്നും പരിഭാഷപ്പെടുത്തി കണ്ടിട്ടുണ്ട്.
ഇപ്പറഞ്ഞ രസികത്തങ്ങൾ ഏതെങ്കിലുമൊരു പത്രത്തിൽ വന്ന ഒറ്റപ്പെട്ട അബദ്ധങ്ങളായിരുന്നു. എന്നാൽ, ഇപ്പോൾ നാം കേട്ട ‘‘ആശാരിമാരുടെ തട്ടും മുട്ടും’’ അങ്ങനെയല്ല. മുഖ്യധാരയിലെ നാലോ അഞ്ചോ (ഓൺലൈൻ) പത്രങ്ങളിൽ അത് വന്നു.
ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് എന്താണ്? വിവരക്കേട് വ്യാപിക്കുന്നു എന്നോ, മത്സരം കടുക്കുന്നു എന്നോ, റിപ്പോർട്ട് ചെയ്യുന്നത് സത്യമാകണമെന്ന നിർബന്ധം പൊതുവെ ഇല്ലാതാകുന്നു എന്നോ?
അതോ ഇതെല്ലാം കൂടിയോ?