ചാനൽ സംവാദങ്ങളിൽ നുണക്കഥ കട്ടുകടത്തുമ്പോൾ
രാഹുൽ ഗാന്ധി ബ്രിട്ടനിൽ ചെയ്ത പ്രസംഗങ്ങളും അവ നമ്മുടെ മാധ്യമങ്ങൾ കൈകാര്യംചെയ്ത രീതിയും വിശദമായ പഠനത്തിന് വകയുള്ള വിഷയമാണ്.
ഇന്ത്യയിൽ ജനാധിപത്യം തളർച്ചയിലാണെന്ന് രാഹുൽ പറഞ്ഞു. കർഷകരുടെ പ്രശ്നമോ തൊഴിലില്ലായ്മയോ ചൈന നമ്മുടെ പ്രദേശം കൈയടക്കിയതോ നോട്ടുനിരോധനമോ ജി.എസ്.ടിയോ ഒന്നും പാർലമെന്റിൽ ചർച്ചചെയ്യാൻ ബി.ജെ.പി ഭരണകൂടം അനുവദിക്കുന്നില്ല.
രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ആർ.എസ്.എസ് അവരുടെ വരുതിയിലാക്കിക്കഴിഞ്ഞു. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം ഇന്ത്യയെ തകർക്കും.
ഇങ്ങനെയൊക്കെയാണ് വിവിധ വേദികളിൽ രാഹുൽ ഗാന്ധി പറഞ്ഞത്. ചർച്ചചെയ്യാവുന്ന, വർത്തമാനകാല ഇന്ത്യൻ അവസ്ഥയുടെ വിഷയങ്ങൾ.
പക്ഷേ, ഇന്ത്യയിൽ മാധ്യമങ്ങൾക്ക് അതൊന്നുമല്ല വിഷയമായത്. രാഹുൽ വിദേശത്ത് പോയി ഇന്ത്യയെ അവഹേളിച്ചു എന്ന വിഷയമാണ് ഭരണപക്ഷ രാഷ്ട്രീയക്കാരും വിധേയമാധ്യമങ്ങളും മറ്റെല്ലാ പ്രസക്ത കാര്യങ്ങൾക്കും മറയായി കണ്ടുവെച്ചത്.
അതിൽ വീണുപോയതാകട്ടെ രാജ്യത്തെ ഒട്ടെല്ലാ പത്രങ്ങളും ചാനലുകളും. രാഹുൽ ഉയർത്തിയ വിഷയങ്ങൾ ഒഴിവാക്കി, അദ്ദേഹത്തെ വിചാരണ ചെയ്യാനും അദ്ദേഹത്തെ ന്യായീകരിക്കാനുമായി മത്സരം നടന്നു.
മറ്റുള്ളവർ നിർണയിച്ചുകൊടുക്കുന്ന അജണ്ട ഏറ്റെടുക്കാൻ മാധ്യമങ്ങൾ നിർബന്ധിതരാകുന്നു എന്നുതന്നെ ഇതിനർഥം. ഇതാകട്ടെ മാധ്യമങ്ങളുടെ വീഴ്ചകളിൽ ഒന്നുമാത്രമാണ്. മറ്റൊന്ന്, ആ അജണ്ടപ്രകാരം നടത്തുന്ന സംവാദങ്ങളിൽ, അതിന്റെ പരിമിത വൃത്തത്തിനുള്ളിൽപോലും, വസ്തുതകൾ കണ്ടെത്താൻ ശ്രമം നടന്നില്ല എന്നതാണ്.
ട്വന്റിഫോർ വാർത്താ ചാനലിൽ ബി.ജെ.പി പ്രതിനിധി കെ.വി.എസ്. ഹരിദാസ്, രാഹുൽ ഗാന്ധി വിദേശത്തുചെന്ന് ഇന്ത്യയെ അധിക്ഷേപിച്ചതായി ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അവതാരകൻ ഹശ്മി, മറ്റൊരു ക്ലിപ്പ് കാട്ടിക്കൊടുത്തു. ദക്ഷിണ കൊറിയയിൽവെച്ച് നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിലെ ആ ഭാഗം ഇങ്ങനെ: ‘‘ഇന്ത്യയിൽ പിറക്കാൻമാത്രം എന്ത് പാപമാണ് മുജ്ജന്മത്തിൽ ചെയ്തുപോയതെന്ന് ഇന്ത്യക്കാർ ചോദിക്കുന്നു...’’ വിദേശങ്ങളിൽ ഇന്ത്യയെ അധിക്ഷേപിച്ചുകൊണ്ട് മോദി ചെയ്ത പല പ്രസംഗങ്ങളിൽ ഒന്നാണിത്.
ഈ ജാഗ്രത ഫലംചെയ്തു. പക്ഷേ, സംവാദത്തിൽ പിന്നീട് അതുണ്ടായില്ല.
മോദിയാണ് അധിക്ഷേപത്തിൽ കേമനെന്ന് വന്നാലെന്ത്! കെ.വി.എസ്. ഹരിദാസ് മറ്റൊരു വാദം ഇറക്കി. വിദേശത്ത് ചെന്ന്, ഇന്ത്യ അപകടത്തിലാണെന്ന് പറയുക മാത്രമല്ല ‘‘ഇന്ത്യയെ രക്ഷിക്കാൻ നിങ്ങൾ ഇടപെടണം’’ എന്ന് അഭ്യർഥിക്കുക കൂടി ചെയ്തു രാഹുൽ എന്നായി അദ്ദേഹത്തിന്റെ വാദം. ഇന്ത്യയിലെ ഭരണകൂടത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ വിദേശ രാജ്യങ്ങളുടെ സഹായം തേടുന്ന സംഭവം മുമ്പുണ്ടായിട്ടുണ്ടോ എന്നുകൂടി അദ്ദേഹം രോഷം കൊണ്ടു.
വാസ്തവത്തിൽ, മറ്റുള്ളവരുടെ അറിവില്ലായ്മ മുതലെടുക്കുകയായിരുന്നോ അദ്ദേഹം? കാരണം രാഹുൽ ഗാന്ധി പറഞ്ഞത്, ഹരിദാസ് പറഞ്ഞതിന്റെ നേർവിപരീതമായിരുന്നു. രാഹുലിന്റെ പ്രസംഗങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ അവതാരകനോ മറ്റുള്ളവർക്കോ ഹരിദാസിന്റെ അവാസ്തവം തുറന്നുകാട്ടാമായിരുന്നു.
ബ്രിട്ടനിൽ ചാറ്റം ഹൗസിലെ അഭിമുഖത്തിൽ ഇതുസംബന്ധിച്ച് വ്യക്തമായ ചോദ്യവും ഉത്തരവുമുണ്ടായി. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നതിന് ഉദാഹരണങ്ങൾ നിരത്തിയ രാഹുൽ ഗാന്ധിയോട് സദസ്സിലെ ഒരു വനിത രണ്ടു ഭാഗമുള്ള ചോദ്യമുന്നയിച്ചു. ഒന്ന്, ജനാധിപത്യം ഇന്ത്യയിൽ ക്ഷയിക്കുമ്പോൾ താങ്കളുടെ പാർട്ടിയും പ്രതിപക്ഷവും എന്താണ് ചെയ്യാൻ പോകുന്നത്? രണ്ട്, മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളും ജനങ്ങളും ഇതിൽ എന്ത് ചെയ്യണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?
‘‘ഇത് ഞങ്ങളുടെ പ്രശ്നമാണ്, ആഭ്യന്തര വിഷയമാണ്, മറ്റുള്ളവർക്ക് ഒന്നും ചെയ്യാനില്ല’’ എന്ന് പറഞ്ഞാണ് രാഹുൽ മറുപടി തുടങ്ങിയത്. മറ്റു സന്ദർഭങ്ങളിലും ഈ നിലപാട് അദ്ദേഹം സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കി.
കെ.വി.എസ്. ഹരിദാസിന് രാഹുലിന്റെ ആ മറുപടി പറഞ്ഞുകൊടുക്കുകയോ കേൾപ്പിച്ചുകൊടുക്കുകയോ ആവാമായിരുന്നു.
പറഞ്ഞുവരുന്നത്, ചാനൽ സംവാദങ്ങളിൽ കുറെക്കൂടി മുന്നൊരുക്കങ്ങൾ വേണ്ടതുണ്ടെന്നാണ്. ചർച്ചകളും നരേറ്റിവുകളും സങ്കുചിത താൽപര്യങ്ങളോടെ നിർണയിക്കപ്പെടുമ്പോൾ പൊതുബോധത്തെ വ്യാജങ്ങളിൽനിന്ന് രക്ഷിക്കാനെങ്കിലും അവതാരകരും പാനലിസ്റ്റുകളും പഠിച്ചൊരുങ്ങണം. ഇല്ലെങ്കിൽ, ആരെങ്കിലും ഇറക്കുന്ന നുണകളുടെ പ്രചാരകരാവുകയെന്ന ദൗത്യമാകും നിർവഹിക്കേണ്ടിവരുക.
പാവം ലോക കോടതി
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ലോക കോടതി (ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ്. തൽക്കാലം അതുകൊണ്ട് അദ്ദേഹത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെങ്കിലും ഹേഗിലെ ജയിലിൽ പ്രവേശനം നേടാൻ വേണ്ടത്ര യുദ്ധക്കുറ്റങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നു പറയാം.
എന്നാൽ, അറസ്റ്റ് വാറന്റ് പോലും കിട്ടാത്ത വേറെ യുദ്ധക്കുറ്റവാളികളുണ്ട്. മുൻ യു.എസ് പ്രസിഡന്റ് ജോർജ് ബുഷ് അതിലൊരാളാണ്. പക്ഷേ, അദ്ദേഹത്തിന് പ്രയാസങ്ങളില്ല. മണിക്കൂറിൽ ഒരുലക്ഷം ഡോളർ എന്ന നിരക്കിൽ പ്രതിഫലം പറ്റി പ്രസംഗിക്കാൻ നടക്കുന്നുണ്ട് ഇന്നുമദ്ദേഹം (ജോൻ ഷ്വാർസ് എഴുതിയ ലേഖനം, ദ ഇന്റർസെപ്റ്റ്).
20 വർഷം മുമ്പ്, കള്ളം പറഞ്ഞും ലോകത്തെ വിശ്വസിപ്പിച്ചും ബുഷും കൂട്ടരും ഇറാഖിനെ കടന്നാക്രമിച്ചു. പത്തുലക്ഷത്തിലധികം ഇറാഖികൾ അതുകാരണം മരിച്ചു എന്നാണ് ഒരു കണക്ക്. പക്ഷേ, ബുഷ് ഇന്നും തമാശ പറഞ്ഞും ചിരിപ്പിച്ചും കഴിയുന്നു – ലോക കോടതിയെപ്പറ്റി ഒരു ആശങ്കയുമില്ലാതെ. ഇറാഖിൽ കൂട്ട നശീകരണായുധങ്ങളുണ്ടെന്നും എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഭീമൻ കൂൺമേഘം (മഷ്റൂം ക്ലൗഡ് – അണുബോംബ് സ്ഫോടനം) കാണേണ്ടിവരുമെന്നും ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് അൽഖാഇദയുമായി ബന്ധമുണ്ടെന്നുമുള്ള നുണകൾ (നുണ എന്നറിഞ്ഞുതന്നെ) പറഞ്ഞുണ്ടാക്കിയ ആളാണ് ബുഷ്.
ബുഷിന്റെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ഡിക്ചെനിയാണ് മറ്റൊരു യുദ്ധക്കുറ്റവാളി. 2002 ആഗസ്റ്റിലെ ഒരു പ്രസംഗത്തിൽ ചെനി, സദ്ദാം ഹുസൈനുമായി തെറ്റിപ്പിരിഞ്ഞ ജാമാതാവ് ഹുസൈൻ കാമിലിനെ ഉദ്ധരിച്ച് ഒരു നുണ ഇറക്കി. 1995ലാണ് കാമിൽ കൂറുമാറിയത്. ഇറാഖ് വീണ്ടും ആണവായുധമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അന്ന് കാമിൽ വെളിപ്പെടുത്തിയതായിട്ടാണ് ചെനി തട്ടിവിട്ടത്. വാസ്തവത്തിൽ കാമിൽ പറഞ്ഞത് നേർവിപരീതമായിരുന്നു – സി.എൻ.എന്നുമായുള്ള ഒരഭിമുഖത്തിൽ അദ്ദേഹം സദ്ദാംഹുസൈന്റെ ഭരണത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയതോടൊപ്പം, ഇറാഖിന് ആണവായുധ പദ്ധതിയൊന്നും അപ്പോഴില്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. ചെനിയെ ഉദ്ധരിച്ച് വാർത്തകൾ ചമച്ച മാധ്യമങ്ങളോ കാമിൽ ശരിക്കും പറഞ്ഞതെന്തെന്ന് പരിശോധിക്കാതെ ആ കള്ളം പ്രചരിപ്പിക്കു കൂടി ചെയ്തു.
മറ്റൊരു കൂട്ടുപ്രതി ബുഷിന്റെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡോണൾഡ് റംസ്ഫെൽഡ് ആണ്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കകം അദ്ദേഹം കീഴുദ്യോഗസ്ഥർക്ക് അടിയന്തര സന്ദേശങ്ങളയച്ചു. ആക്രമണത്തിൽ ഇറാഖിന് പങ്കുള്ളതായി കാണിക്കാവുന്ന എന്തെങ്കിലും സൂചനകളുണ്ടോ എന്ന് കണ്ടെത്താനായിരുന്നു നിർദേശം. ഇറാഖിനെ ആക്രമിക്കാൻ ഇത് കാരണമാക്കാമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്.
2021ൽ റംസ്ഫെൽഡ് അന്തരിച്ചപ്പോൾ കുറെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തി. എന്നാൽ, ചിലർ അദ്ദേഹത്തെപ്പറ്റി ചില തിക്തസത്യങ്ങൾ പറഞ്ഞു. അൽജസീറ ലേഖകൻ ആൻഡ്രൂ മിട്രോവിക്ക അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘‘നല്ല സൂട്ടും ടൈയുമണിഞ്ഞ ക്രിമിനൽ’’ എന്നാണ്.
ഇറാഖിൽ അധിനിവേശം നടത്തിയശേഷം ‘‘ഇറാഖും അൽഖാഇദയും തമ്മിലുള്ള ബന്ധം തർക്കമറ്റ കാര്യമാണെ’’ന്ന് പറഞ്ഞയാളാണ് റംസ്ഫെൽഡ്. മാധ്യമങ്ങൾ ഇത്തരം നുണക്കഥകൾ പ്രചരിപ്പിച്ചതിന്റെ ഫലമായി അമേരിക്കക്കാർ അത് വിശ്വസിച്ചു. 2003ൽ വാഷിങ്ടൺ പോസ്റ്റ് നടത്തിയ ഒരു സർവേയിൽ കണ്ടത്, അമേരിക്കക്കാരിൽ 69 ശതമാനം പേർ സദ്ദാം ഹുസൈന് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ശരിക്കും കരുതുന്നു എന്നായിരുന്നു. എന്തിനാണ് നുണക്കഥ പരത്തിയതെന്ന് എരോൾ മോറിസ് എന്ന ജേണലിസ്റ്റ് പിൽക്കാലത്ത് റംസ്ഫെൽഡിനോട് ചോദിച്ചു. ‘‘ഞങ്ങളാരും അങ്ങനെ കരുതുകയോ പറയുകയോ ചെയ്തിട്ടില്ല’’ എന്നായിരുന്നു മറുപടി. ഇത് മറ്റൊരു നുണ. റംസ്ഫെൽഡിനെപ്പറ്റി (അദ്ദേഹത്തിന്റെ നുണകളെ പറ്റിയും) മോറിസ് പിന്നീട് ഒരു ഡോക്യുമെന്ററി നിർമിച്ചു.
സ്വന്തം ബോധ്യങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽപോലും നുണ പറഞ്ഞയാളാണ് യു.എസ് വിദേശകാര്യ സെക്രട്ടറി കോളിൻ പവൽ. ശിക്ഷിക്കപ്പെടാതെ, എന്നാൽ, നന്നായി പണം സമ്പാദിച്ച ശേഷമാണ് 2021ൽ അദ്ദേഹം അന്തരിച്ചത്.
നുണകളുടെയും നുണയന്മാരുടെയും പട്ടിക ഇവിടെ തീരുന്നില്ല. ആധുനികകാലത്ത് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളിൽ മിക്കതിനും പിന്നിൽ കള്ളങ്ങളാണുള്ളത്.
ഇന്ന് അനേകം ഇന്റർനെറ്റ് സൈറ്റുകളിലായി ‘ഇറാഖ് നുണകളു’ടെ അമ്പരപ്പിക്കുന്ന വിവരങ്ങൾ തെളിവ് സഹിതം കാണാനാവും. പക്ഷേ, ലോകകോടതിയിലേക്ക് ടിക്കറ്റെടുത്തുകൊടുക്കാൻ ഇതൊന്നും പ്രേരണയായിട്ടില്ല.
പാവം ലോകകോടതി! അവർക്ക് പരിഷ്കൃതരും വെള്ളക്കാരുമായ അതിഥികളെ കിട്ടാനൊന്നും യോഗമില്ല.