ജേണലിസ്റ്റിനെ കൊല്ലാം; വാർത്തയെ കൊല്ലാനാകില്ല
കൊളംബിയയിലെ അഴിമതി സാമ്രാജ്യം ശക്തമാണ്. എതിർക്കുന്നവരെ കൂലിക്കൊലയാളികളെ വിട്ട് ഇല്ലാതാക്കും.
പക്ഷേ, അപകടമോ ഭീഷണിയോ വകവെക്കാതെ റഫായൽ മൊറീനോ എന്ന ജേണലിസ്റ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയും ഖനന കമ്പനികളുടെയും ഒത്തുകളിയെപ്പറ്റി വാർത്തകളെഴുതാൻ തുടങ്ങി. മറ്റനേകം കൊള്ളരുതായ്മകൾ വെളിച്ചത്താക്കി.
പക്ഷേ, മാഫിയകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശ്രദ്ധിക്കുന്നുണ്ടെന്ന് റഫായലിനെ ബോധ്യപ്പെടുത്തുന്നുമുണ്ടായിരുന്നു.
കുട്ടിയായിരിക്കെ ഖനിയിൽ തൊഴിലെടുത്തിരുന്നു റഫായൽ. 18ാം വയസ്സിൽ പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഖനനവ്യവസായത്തിൽതന്നെ ലോകമറിയേണ്ട പലതും നടക്കുന്നുണ്ടെന്നറിയാവുന്നതുകൊണ്ട് അതുതന്നെ ‘ബീറ്റാ’ക്കി. പിന്നെ മയക്കുമരുന്നു വാണിഭത്തെയും അവയവ വാണിഭത്തെയും മറ്റും മറ്റും നേരിട്ടു.
ഇടക്കിടെ സ്വന്തം നാട്ടിൽ ചെന്ന് താമസിക്കും. നാട്ടുകാരും വീട്ടുകാരും പറഞ്ഞുകൊണ്ടേ ഇരുന്നു: സൂക്ഷിക്കണം. അവർ എന്തും ചെയ്യും.
റഫായലിനും അതറിയാമായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ ബൈക്കിന്മേൽ ആരോ വെച്ച കുറിപ്പ് മുന്നറിയിപ്പായിരുന്നു – കുറിപ്പിനൊപ്പം ഒരു വെടിയുണ്ടയുമുണ്ടായിരുന്നു.
കുറിപ്പ് ഇങ്ങനെ: ‘‘ഇപ്പോൾ മനസ്സിലായല്ലോ, നീ എവിടെ പോകുന്നു, എപ്പോൾ ഉറങ്ങുന്നു, എപ്പോൾ ഉണരുന്നു എന്നെല്ലാം ഞങ്ങളറിയുന്നുണ്ടെന്ന്. നിനക്ക് മാപ്പില്ല. ചങ്ങാതീ, ബാക്കി ഉണ്ടകൾ ഞങ്ങൾ നിനക്കായി കരുതിവെച്ചിട്ടുണ്ട്.’’
അത് റഫായൽ മൊറീനോയെ ചിന്തിപ്പിച്ചു. റിപ്പോർട്ടിങ്ങിൽനിന്ന് പിൻവാങ്ങാനല്ല ആലോചിച്ചത്. മറിച്ച്, തന്നെ അവർ കൊന്നാലും താൻ കണ്ടെടുത്ത വിവരങ്ങൾ പുറത്തുവരാതിരിക്കരുത്.
അതിനു പറ്റിയ ഒരു സംവിധാനമാണ് ‘ഫൊർബിഡൻ സ്റ്റോറീസ്’ എന്ന പ്രസ്ഥാനത്തിന്റെ ‘സേഫ് ബോക്സ്’ പദ്ധതി. കൈവശമുള്ള വിലപ്പെട്ട വിവരങ്ങളും രേഖകളും ഈ പദ്ധതിയുടെ പ്ലാറ്റ്ഫോമിൽ ഏൽപിച്ചാൽ അത് അവിടെ സുരക്ഷിതമായിരിക്കും. ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ വാർത്ത അന്വേഷിച്ച് പുറത്തെത്തിക്കാൻ സേഫ് ബോക്സ് നെറ്റ്വർക്കിലെ ആഗോള മാധ്യമപ്രവർത്തകർ രംഗത്തിറങ്ങും.
ഇന്ത്യയിൽ വർഗീയശക്തികളുടെ വിദ്വേഷ പ്രചാരണത്തിനും വ്യാജ വാർത്തകൾക്കുെമതിരെ പൊരുതി കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ഏറ്റെടുത്ത് പൂർത്തീകരിച്ചത് ‘െഫാർബിഡൻ സ്റ്റോറീസ്’ ആണ്. വ്യാജ വാർത്താ വ്യവസായത്തെപ്പറ്റിയുള്ള അന്വേഷണം നൂറോളം പത്രപ്രവർത്തകർ അടങ്ങുന്ന സംഘം ഏറ്റെടുക്കുകയും 2023 ഫെബ്രുവരിയിൽ റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. കൂലിക്ക് നുണയുണ്ടാക്കി ഇറക്കുന്ന ‘അധോ വ്യവസായ’ത്തെപ്പറ്റിയായിരുന്നു അത്.
കൊളംബിയയിൽ റഫായൽ മൊറീനോ നേരിട്ടത് വിവിധ കോണുകളിൽനിന്നുള്ള ഭീഷണിയാണ്. ഖനനമാഫിയ, തന്റെ നാട്ടിലെ മയക്കുമരുന്ന് കടത്തുകാർ, അവയവ വാണിഭക്കാർ, കരാർ അഴിമതിക്കാർ എന്നിവരെല്ലാം അദ്ദേഹത്തോട് വിരോധം പുലർത്തിയവരാണ്.
വധഭീഷണി കിട്ടിയിട്ടും റഫായൽ ജോലി നിർത്തിയില്ല. മൂന്നാഴ്ചക്കുശേഷം 2022 ജൂലൈ 17ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലേക്കായി ഒരു അരമണിക്കൂർ പ്രസംഗം റെക്കോഡ് ചെയ്ത് അപ് ലോഡ് ചെയ്തു. ‘‘നിങ്ങൾക്കെന്നെ കൊല്ലണോ? കൊന്നോളൂ. പക്ഷേ, നിങ്ങളുടെ മുഖത്തുനോക്കി ഞാൻ പറയുന്നു, എന്നെ നിശ്ശബ്ദനാക്കാൻ നിങ്ങൾക്കാവില്ല.’’ എന്നിട്ട്, ഔദ്യോഗിക അഴിമതികളുടെയും തട്ടിപ്പിന്റെയും കുറെ കണക്കുകൾ അദ്ദേഹം നിരത്തി.
തുടർന്ന് റഫായൽ ‘ഫൊർബിഡൻ സ്റ്റോറീസ്’ കൂട്ടായ്മയുമായി ബന്ധപ്പെട്ടു. തന്റെ റിപ്പോർട്ടുകളും രേഖകളും അന്വേഷണങ്ങളും അവരുമായി പങ്കുവെച്ചു. അവരുടെ ‘സേഫ് ബോക്സ്’ ശൃംഖലയിൽ ചേർന്നു.
2022 ഒക്ടോബർ 16. വരുമാനത്തിനായി താൻ നടത്തിയിരുന്ന ബാർ പൂട്ടി പുറത്തിറങ്ങാൻ ഒരുങ്ങുകയായിരുന്നു റഫായൽ. സമയം വൈകീട്ട് ഏഴുമണി. ഒരാൾ ഓടിവന്ന് റിവോൾവർ പുറത്തെടുത്ത് മൂന്ന് വെടിവെച്ചു. റഫായൽ തൽക്ഷണം മരിച്ചു.
റിപ്പോർട്ടർ മരിച്ചാലും റിപ്പോർട്ട് മരിക്കില്ലെന്ന മുദ്രാവാക്യവുമായി ‘ഫൊർബിഡൻ സ്റ്റോറീസ്’ പ്രവർത്തനക്ഷമമായി. കുറെ ലോകോത്തര മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ റഫായലിന്റെ അന്വേഷണങ്ങൾ അവർ ‘റഫായൽ പ്രോജക്ട്’ എന്ന് പേരിട്ട് മുന്നോട്ടുകൊണ്ടുപോയി. ആറുമാസം കഴിഞ്ഞ്, ഈ ഏപ്രിൽ 18ന് അതവർ പ്രസിദ്ധപ്പെടുത്തി. കൊളംബിയയിലെ കോർദൊബ പ്രവിശ്യയിലെ വ്യാപകമായ അഴിമതിയും തട്ടിപ്പുമാണ് വിഷയം – ഒരു അന്താരാഷ്ട്ര അന്വേഷണ റിപ്പോർട്ട്.
ഇന്ത്യയിൽനിന്ന് ഇന്ത്യൻ എക്സ്പ്രസ് ‘ഫൊർബിഡൻ സ്റ്റോറീസ്’ കൂട്ടായ്മയിൽ അംഗമാണ്.
ഉച്ചഭാഷിണികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിച്ഛായ കൂട്ടുന്നത് ഏറെയും പ്രസംഗത്തിലൂടെയും മാധ്യമങ്ങളിലൂടെയുമാണ്. എന്നാൽ, മാധ്യമങ്ങളെ തനിക്കല്ല, മാധ്യമങ്ങൾക്ക് തന്നെയാണ് ആവശ്യമെന്ന് വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.
വടക്കേ ഇന്ത്യയിലെ വിധേയ (ഗോദി) മാധ്യമങ്ങൾ മാത്രമല്ല ഇത് തെളിച്ചുകാട്ടുന്നത്. അദ്ദേഹത്തോട് വിയോജിപ്പ് പുലർത്തുന്ന മലയാളത്തിലെ മാധ്യമങ്ങൾക്കുപോലും, കേരളത്തിൽ കാലുകുത്തി സംസ്ഥാനം വിടുന്നതുവരെ ഔദ്യോഗിക പരിപാടിയെന്നോ പാർട്ടി പരിപാടിയെന്നോ, വലുതെന്നോ ചെറുതെന്നോ ഭേദമില്ലാതെ പ്രാധാന്യപൂർവം മോദിയുടെ ഓരോ നിമിഷവും കവർ ചെയ്യേണ്ടിവന്നു.
വാർത്ത സമ്മേളനങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിയാണ് മോദി. ചോദ്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസമില്ലാത്തയാളെന്ന വിമർശനത്തെ സാധൂകരിക്കുന്നു ഇത്. വർഷങ്ങൾക്ക് മുമ്പ് കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിനിടെ, ഗുജറാത്ത് വംശഹത്യയെപ്പറ്റി ചോദിച്ചപ്പോൾ അഭിമുഖം നിർത്തി മടങ്ങിപ്പോയി മോദി. പിന്നീട് അദ്ദേഹം കരൺ ഥാപ്പറോട് പ്രതികാരമനസ്സ് വെച്ചുപുലർത്തിയെന്നും അദ്ദേഹത്തിന് അഭിമുഖങ്ങൾ നൽകാതിരിക്കുക മാത്രമല്ല, മറ്റു പലരെയും അതിൽനിന്ന് വിലക്കിയെന്നും ഥാപ്പർതന്നെ എഴുതിയിട്ടുണ്ട് (ഇപ്പോൾ സത്യപാൽ മലികുമായി നടത്തിയ അഭിമുഖത്തിലൂടെ മോദിയുടെ കാര്യശേഷിയില്ലായ്മ അടക്കമുള്ള വീഴ്ചകൾ പൊതുചർച്ചയിൽ കൊണ്ടുവരാൻ കഴിഞ്ഞത് ഥാപ്പറുടെ മധുരമുള്ള പകരംവീട്ടലായി).
മുൻ പ്രധാനമന്ത്രിമാർ പ്രധാന സന്ദർഭങ്ങളിൽ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വിഷയങ്ങൾ പങ്കുവെക്കുമായിരുന്നു. മാധ്യമങ്ങളെ ഒരളവോളം അവർ ആശ്രയിച്ചിരുന്നു. ഇന്ന് മാധ്യമങ്ങൾ മോദിയുടെ ട്വീറ്റുകളും പ്രസംഗങ്ങളും അങ്ങോട്ട് തേടിച്ചെന്ന് വാർത്തയാക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളെ വിളിക്കില്ല, പക്ഷേ മാധ്യമങ്ങൾക്ക് അദ്ദേഹത്തെ പിന്തുടരുകയല്ലാതെ വഴിയില്ല.
ഒരു അമാനുഷ/അതിമാനുഷ പ്രതിച്ഛായ മോദിക്കുചുറ്റും വളർത്തിയെടുത്തത് ഗോദി മീഡിയയും ബി.ജെ.പിയുടെ ഐ.ടി സെല്ലും മാത്രമല്ല. കേന്ദ്രമന്ത്രിമാരുടെ പേരുകൾ പൊതുജനങ്ങൾക്ക് മാത്രമല്ല, വാർത്ത ഡെസ്കുകളിലിരിക്കുന്നവർക്കും അറിവുണ്ടോ എന്ന് സംശയമാണ്.
ഈ പി.ആർ അഭ്യാസത്തിലെ ഒരു കരുവാണ് വന്ദേഭാരത് തീവണ്ടി. പുതിയ അതിവേഗ ട്രെയിൻ സർവിസിനെ മോദി ബ്രാൻഡായി അവതരിപ്പിക്കുന്നതിൽ മാധ്യമ കവറേജിനും പങ്കുണ്ട്.
അപ്പോഴും കേരളത്തിലെ മാധ്യമങ്ങൾക്ക് വടക്കൻ മാധ്യമങ്ങൾക്കൊപ്പം ഓടിയെത്താനാകുന്നില്ല. ഉദാഹരണത്തിന് മോദി കൊച്ചിയിലെത്തി എന്ന ഒരൊറ്റ വാർത്ത ട്വിറ്ററിൽ ഓളമാക്കാൻ ശ്രദ്ധിച്ചവരുടെ പട്ടികയിൽനിന്ന് ചിലരെ കാണുക: അമൻ ചോപ്ര (ന്യൂസ് 18), സ്മിത പ്രകാശ് (എ.എൻ.ഐ), നവീൻ കപൂർ (എ.എൻ.ഐ), വികാസ് ഭദൗരിയ (എ.ബി.പി ന്യൂസ്), അമിഷ് ദേവ്ഗൺ (ന്യൂസ് 18), അമൻ ശർമ (ന്യൂസ് 18), കുമാർ ഗൗരവ് (ന്യൂസ് 24), സാഹിൽ പാണ്ഡേ (എ.എൻ.ഐ), മേഘ പ്രസാദ് (എൻ.ഡി.ടി.വി) ഇവരുടെ മാധ്യമസ്ഥാപനങ്ങൾ വഴി നൽകുന്ന വാർത്തകൾക്ക് പുറമെയാണിത്.
മാധ്യമങ്ങളെയും ജേണലിസ്റ്റുകളെയും തന്റെ വഴിക്ക് വരുത്താൻ മോദിക്കുള്ള കഴിവ് സമ്മതിക്കാതെ വയ്യ.
ഇതെല്ലാമുണ്ടെങ്കിലും, അദാനി ബന്ധം, സത്യപാൽ മലികിന്റെ പുൽവാമ വെളിപ്പെടുത്തൽ എന്നിവയെ അവഗണിച്ച് മുന്നോട്ടുപോകാൻ ഇവ മതിയാകുമോ?