നിർമിതബുദ്ധി നിർമിക്കുന്നത്
മനുഷ്യർ മാത്രമാണ് മനുഷ്യരെ പറ്റിക്കുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഏറ്റവും പുതിയ താരമായ നിർമിതബുദ്ധിക്ക് (എ.ഐ) പോലും കുബുദ്ധി കൂടുതലാണ്.
ചാറ്റ്ജിപിടി എന്ന ‘നിർമിതബുദ്ധി ബോട്ട്’ കുഴിച്ച കുഴിയിൽ വീണ് പ്രയാസമനുഭവിക്കുകയാണ് സ്റ്റീവൻ ഷ്വാർട്സ് എന്ന അമേരിക്കൻ അഭിഭാഷകൻ. ന്യൂയോർക് ടൈംസിൽ വന്ന റിപ്പോർട്ടനുസരിച്ച് സംഭവം ഇങ്ങനെ:
റോബർട്ടോ മറ്റാ എന്നയാൾ 2019ൽ ‘ഏവിയങ്ക’ കമ്പനിയുടെ വിമാനത്തിൽ യാത്രചെയ്തു. യാത്രക്കിടെ, വിമാനത്തിൽ ഭക്ഷണം വിതരണംചെയ്യുന്ന ഉന്തുവണ്ടിയുടെ ഏതോ ലോഹഭാഗം മറ്റായുടെ മുട്ടിൽ തട്ടി, അയാൾക്ക് ചെറിയ പരിക്കുപറ്റി.
അയാൾ വിമാനക്കമ്പനിക്കെതിരെ കേസ് കൊടുത്തു. നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. അദ്ദേഹത്തിനുവേണ്ടി കേസ് വാദിച്ച അഭിഭാഷകനാണ് നേരത്തേ പരാമർശിച്ച ഷ്വാർട്സ്.
കേസ് നിലനിൽക്കാത്തതാണെന്നും തള്ളണമെന്നും വിമാനക്കമ്പനി വാദിച്ചപ്പോൾ ഷ്വാർട്സ് കുറെ രേഖകൾ കോടതിയിൽ സമർപ്പിച്ചു. അരഡസനിലേറെ കോടതിവിധികൾ സമാനമായ കേസുകളിൽ ഉണ്ടായതായി അതിൽ ചൂണ്ടിക്കാട്ടി. വർഗീസ് x ചൈന സതേൺ എയർലൈൻസ്, മാർട്ടിനെസ് x ഡെൽറ്റ എയർലൈൻസ് എന്നിങ്ങനെ നഷ്ടപരിഹാരമനുവദിച്ച കേസുകളുടെ വിവരങ്ങളും അതിലുണ്ടായിരുന്നു.
പക്ഷേ, മറ്റൊരു അഭിഭാഷകനും – ജഡ്ജിപോലും – ഈ കേസുകളെപ്പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നില്ല. ജഡ്ജി നടത്തിയ പരിശോധനയിൽ ഷ്വാർട്സ് എടുത്തുകാട്ടിയ കേസ് വിധികളിൽ ആറെണ്ണമെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി.
വ്യാജവിവരം സമർപ്പിച്ചതിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടോ എന്ന് ഷ്വാർട്സിനോട് കോടതി ചോദിച്ചു. മറുപടിയായി അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്, ‘‘ചാറ്റ്ജിപിടി പറ്റിച്ചതാണ്, അറിയാതെ പറ്റിയതാണ്, പൊറുക്കണം’’ എന്നായിരുന്നു.
ചാറ്റ്ജിപിടി എന്ന ‘നിർമിതബുദ്ധി ബോട്ട്’ ഏത് ചോദ്യത്തിനും കൃത്യമായി ഉടൻ മറുപടി തരും. മാധ്യമങ്ങളിലെ വാർത്തകൾ ആളുകൾ കണ്ണടച്ച് വിശ്വസിക്കുന്നപോലെ പല ഉപയോക്താക്കളും നിർമിതബുദ്ധിയെ വിശ്വസിക്കുന്നു -ഷ്വാർട്സിനും പറ്റിയത് അതാണ്.
വെറുതെ വിശ്വസിച്ചെന്നും കരുതേണ്ട. ചാറ്റ്ജിപിടിയോട് വീണ്ടും വീണ്ടും ചോദിച്ചതാണ് ഇതൊക്കെ യഥാർഥമല്ലേ എന്ന്. ‘‘വർഗീസ് കേസ് യഥാർഥമാണോ?’’ എന്നതിന് ‘‘അതെ, അത് യഥാർഥ കേസ് തന്നെ’’ എന്ന് മറുപടി. ‘‘വിവരത്തിന്റെ ഉറവിടമേതാണ്?’’ എന്ന് വീണ്ടും ചോദ്യം. ഏതോ നിയമഗ്രന്ഥത്തിന്റെ പേര് പറഞ്ഞ് ചാറ്റ്ജിപിടി. ‘‘മറ്റു കേസുകൾ വ്യാജമാണോ?’’ എന്നുവരെ ചോദിച്ചു. ‘‘അല്ല, ഞാൻ പറഞ്ഞ കേസുകളെല്ലാം യഥാർഥമാണ്, വിഖ്യാതമായ നിയമ ഡേറ്റാബേസുകളിൽ അവ ലഭ്യമാണ്’’ എന്ന് ചാറ്റ്ജിപിടി.
അവനെ വിശ്വസിച്ച് കോടതിയിൽ വാദം നടത്തിയ ഷ്വാർട്സ് ഇപ്പോൾ, കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കേസിൽ വിധി കാത്ത് ഇരിക്കുകയാണ്.
വക്കീലിനെ പറ്റിക്കാമെങ്കിൽ ഡെസ്കിലെ സബ് എഡിറ്റർമാരെയും ബ്യൂറോ റിപ്പോർട്ടർമാരെയുമൊക്കെ പറ്റിക്കാനാവും. മാധ്യമരംഗത്ത് നിർമിത ബുദ്ധി കടന്നുവന്നുകൊണ്ടിരിക്കെ അത് എന്തെല്ലാം വ്യാജവാർത്തകളാണ് നിർമിക്കുക എന്ന് കാണാനിരിക്കുന്നു.
പെന്റഗണിലെ പൊട്ടിത്തെറി
‘നിർമിതബുദ്ധി’യുടെ വക നിർമിത വ്യാജം കാണാനിരിക്കുന്നു എന്നല്ല, കണ്ടുതുടങ്ങി എന്നാണ് പറയേണ്ടത്.
നിർമിതബുദ്ധി പരത്തിയ വ്യാജ വാർത്ത ഒരു ലോകയുദ്ധത്തിലേക്ക് നയിച്ചേനെ – എല്ലാവരുടെയും ഭാഗ്യത്തിനാണ് തക്കസമയത്ത് സത്യം പുറത്തായത്.
മേയ് 22ന് അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിൽ സ്ഫോടനം നടന്നതായി വാർത്ത പരന്നു. ഇന്ത്യയിൽ ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങിയ വാർത്താചാനലുകളിലും അത് വന്നു. റിപ്പബ്ലിക്കിൽ ‘അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധനെ’ന്ന നിലയിൽ പ്രഫ. എം.ഡി. നാലപ്പാടിന്റെ നിരീക്ഷണം വരെ ഉൾപ്പെടുത്തി.
എന്നാൽ, സ്ഫോടനം നടന്നിട്ടില്ലായിരുന്നു. ഏതോ വിരുതൻ നിർമിതബുദ്ധിയെ കൊണ്ട് ‘പെന്റഗൺ സ്ഫോടന’ത്തിന്റെ ഫോട്ടോ കൃത്രിമമായി ഉണ്ടാക്കിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ്.
സ്ഫോടനവാർത്ത പെന്റഗൺ തന്നെ നിഷേധിക്കാൻ വൈകിയിരുന്നെങ്കിൽ യുദ്ധമുറികളിലെ നിർമിതബുദ്ധികളും മനുഷ്യബുദ്ധികളും റഷ്യയെ കുറ്റവാളിയാക്കി മിസൈൽ തൊടുക്കുമായിരുന്നോ? ഇല്ലെന്ന് ഉറപ്പിക്കാൻ വയ്യ. 1983ൽ ലോകം ഒരു ആണവയുദ്ധത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സംഭവമുണ്ട്, പാഠമായിട്ട്.
റഷ്യൻ യുദ്ധകാര്യാലയത്തിലെ കമ്പ്യൂട്ടറിൽ, അമേരിക്ക റഷ്യക്ക് നേരെ ആണവ മിസൈലുകൾ വിക്ഷേപിച്ചു കഴിഞ്ഞെന്ന ജാഗ്രതാ മുന്നറിയിപ്പ് വന്നു. വിവരം മേലധികാരികൾക്ക് കൈമാറേണ്ടിയിരുന്ന സ്റ്റാനിസ്ലാവ് പെട്രോവ് ഭാഗ്യവശാൽ കമ്പ്യൂട്ടറിനെ അവിശ്വസിച്ചു. പിന്നീടാണ് ശരിക്കും ബോധ്യപ്പെട്ടത്, കമ്പ്യൂട്ടറിന് അബദ്ധം പറിയതാണെന്ന്. പെട്രോവെങ്ങാനും വ്യാജവാർത്ത മുക്കിയില്ലായിരുന്നെങ്കിൽ യുദ്ധം പൊട്ടിയേനെ.
‘പെന്റഗൺ സ്ഫോടന’ വാർത്തയിൽ മാത്രമല്ല, അതിനോടുള്ള പ്രതികരണത്തിലും നിർമിതബുദ്ധിക്ക് നല്ല പങ്കുണ്ട്. അതുകൊണ്ടുതന്നെ, വ്യാജവാർത്ത യുദ്ധത്തിലേക്ക് നയിക്കാവുന്ന സ്ഥിതി നിലനിൽക്കുന്നു.
ഈ വിഷയത്തിൽ എ.ഐ മാത്രമല്ല കുറ്റവാളി. പെന്റഗൺ സ്ഫോടന വാർത്ത ആഗോള മാധ്യമങ്ങൾപോലും വിശ്വസിക്കാൻ നല്ലൊരു കാരണമുണ്ടായി. നല്ല വിശ്വാസ്യതയുള്ള ബ്ലൂംബർഗിന്റെയും മറ്റും ട്വിറ്റർ പേജിലാണ് ആ വാർത്ത ആദ്യം വന്നത്. ഇലോൺ മസ്ക് ട്വിറ്ററിൽ വരുത്തിയ പരിഷ്കാരം കാരണം, പണം കൊടുത്താൽ ഏത് അക്കൗണ്ടും യഥാർഥമെന്ന് (വെരിഫൈഡ്) സാക്ഷ്യപ്പെടുത്തുന്ന ‘ബ്ല്യൂ ടിക്’ കിട്ടും. ബ്ലൂം ബർഗിന്റെ പേരിൽ അത്തരം ‘വെരിഫൈഡ്’ മുദ്ര സംഘടിപ്പിച്ചാണ് ഏതോ വിരുതൻ സ്ഫോടനവാർത്തക്ക് വിശ്വാസ്യത നൽകിയത്.
ആ വാർത്തയുടെ ഉള്ളടക്കം എ.ഐ വക ഫോട്ടോ. അത് പുറമേക്ക് നൽകിയ വാർത്താമാധ്യമം, ട്വിറ്ററിലെ ഒരു വ്യാജ അക്കൗണ്ട്.
കള്ളവാർത്തകൾ നിർമിക്കാനും പരത്താനും സാങ്കേതികവിദ്യകൾ തയാർ. എന്നാണിനി അവയെ മറികടക്കുന്ന വിദ്യകൾ വികസിപ്പിക്കുക?
നിരീക്ഷണ കാമറ എന്ന വിപത്ത്
സാങ്കേതിക വിദ്യയെ പരിധിവിട്ട് ആശ്രയിക്കുന്നതിലെ അപകടം വലുതാണ്. ഒരു സി.സി.ടി.വി ദൃശ്യം തനിക്ക് ജയിൽവാസവും മർദനവും ദുഷ്പേരും സമ്പാദിച്ചുതന്ന അനുഭവം പറയുന്നു വി.കെ. താജുദ്ദീൻ. ഷെവ്ലിൻ സെബാസ്റ്റ്യനുമൊത്ത് അതേപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ട് അദ്ദേഹം. (അഷ്റഫ് പടന്നയുടെ റിപ്പോർട്ട് ബി.ബി.സി ഓൺലൈനിൽ).
2018 ജൂലൈയിൽ ഒരു വിരുന്ന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു താജുദ്ദീനും കുടുംബവും. അടുത്തെങ്ങോ ഒരാൾ സ്കൂട്ടറിലെത്തി ഒരു സ്ത്രീയുടെ മാ ല വലിച്ചൂരി കടന്നുകളഞ്ഞ സംഭവമൊന്നും അവരറിഞ്ഞിരുന്നില്ല.
മാല തട്ടിയെടുക്കുന്നതിന്റെ സി.സി.ടിവി ദൃശ്യം പൊലീസിന്റെ പക്കലുണ്ടായിരുന്നു. അതിലെയാൾ കാഴ്ചയിൽ താജുദ്ദീനെപ്പോലെയുണ്ടെന്ന നിഗമനത്തിൽ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 54 ദിവസം ജയിലിലിട്ടു.
ആ നിരീക്ഷണകാമറാ ദൃശ്യം മാത്രമാണ് തെളിവ്. പൊലീസ് കൂടുതൽ അന്വേഷിക്കാതെ കേസ് തീർപ്പാക്കി. കവർച്ചക്കാരൻ താജുദ്ദീനല്ല എന്ന ഒരു ദൃക്സാക്ഷിയുടെ മൊഴിയോ കവർച്ച നടന്ന സമയത്ത് താജുദ്ദീനും ഭാര്യയും തന്റെ ബ്യൂട്ടിപാർലറിലായിരുന്നു എന്ന പാർലറുടമയുടെ മൊഴിയോപോലും കൂടുതലന്വേഷിക്കാൻ പ്രേരണയായില്ല.
താജുദ്ദീനുവേണ്ടി സുഹൃത്തുക്കളും മറ്റും ഓൺലൈൻ കാമ്പയിൻ നടത്തിയതും മകനും സുഹൃത്തുക്കളും യഥാർഥ കുറ്റവാളിയെ കണ്ടെത്തി പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തതും മൂലം പുനരന്വേഷണം നടന്നു. യഥാർഥ കുറ്റവാളി ഒരു സ്ഥിരം മോഷ്ടാവായിരുന്നു.
മനുഷ്യന് സൗകര്യമാകേണ്ട സാങ്കേതികവിദ്യ കള്ളം പരക്കാനും പരത്താനും ഇടവരുത്തുമ്പോൾ നേർവാർത്ത കണ്ടെത്താനുള്ള മാർഗങ്ങൾ പ്രയാസകരമാവുകയാണ്.