വെള്ളിയും പള്ളിയും സ്റ്റേഷൻ മാസ്റ്ററും
മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ട മഹാദുരന്തമാണ് ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടം. ബോഗികളിൽ കുടുങ്ങിയ, ജീവനുള്ളവരും ഇല്ലാത്തവരുമായ യാത്രക്കാരുടെ ശരീരം കണ്ടെടുക്കുന്ന ജോലിയിലായിരുന്നു അധികൃതരും രക്ഷാപ്രവർത്തകരും. അതിനിടക്കും മറ്റൊന്ന് തിരയുന്നുണ്ടായിരുന്നു വേറെ ചിലർ – എങ്ങനെ ഈ ദുരന്തവും വർഗീയ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താമെന്ന്.
അങ്ങനെ വരുന്ന ഒരു ട്വിറ്റർ പോസ്റ്റ്: ‘‘ഈ ട്രെയിൻ ദുരന്തം നടന്നത് വെള്ളിയാഴ്ചയാണ്. മാത്രമല്ല, അപകടം നടന്ന സ്ഥലത്തുതന്നെ ഒരു മസ്ജിദുമുണ്ട്. ബാക്കി നിങ്ങൾക്ക് മനസ്സിലാക്കാം.’’
മുസ്ലിം പള്ളിയുടെ അടുത്ത്, അതും മുസ്ലിംകൾ ‘ജുമുഅ’ കൂട്ടപ്രാർഥനക്കെത്തുന്ന വെള്ളിയാഴ്ച ദിവസം, വലിയൊരു ദുരന്തമുണ്ടായെങ്കിൽ ‘‘കാരണം നിങ്ങൾക്കറിയാമല്ലോ’’ എന്ന്.
ഈ പോസ്റ്റിനൊപ്പം ചേർത്ത ഫോട്ടോയിൽ, പാളം തെറ്റിക്കിടക്കുന്ന ട്രെയിൻ ബോഗികളും പാളങ്ങൾക്കടുത്തായി ഒരു കെട്ടിടവും കാണാം. മസ്ജിദെന്ന് ഊഹിക്കാവുന്ന ആ കെട്ടിടത്തെ വൃത്തം വരഞ്ഞ് അടയാളപ്പെടുത്തിയിട്ടുമുണ്ട് ട്വീറ്റിൽ.
‘ബൂം ലൈവ്’ എന്ന വസ്തുതാ പരിശോധക സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, ‘ദിലീപ് കാശ്യപ്’ എന്ന പേരിലാണ് ഇത്തരം ആദ്യ ട്വീറ്റുകളിലൊന്ന്. ഇത് പുറത്തുവന്ന ഉടനെ മറ്റനേകം പേർ അത് ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. ‘ആൾട്ട് ന്യൂസ്’ എന്ന വസ്തുതാ പരിശോധക സൈറ്റും ഈ ട്വീറ്റുകൾ സൂക്ഷ്മമായി പഠിക്കുകയും തദ്ദേശീയരോടടക്കം അന്വേഷിക്കുകയും ചെയ്തു. ഇവക്കു പുറമെ, ദ ക്വിന്റ് ഓൺലൈൻ വാർത്താ മാധ്യമത്തിന്റെ ഫാക്ട്ചെക്കർ വിഭാഗമായ ‘വെബ്ഖൂഫും’ ഇതേ വിഷയം വസ്തുതാ പരിശോധനക്കെടുത്തു.
മൂന്ന് ഫാക്ട്ചെക്കർ സ്ഥാപനങ്ങളും തെളിവുസഹിതം നൽകുന്ന വിവരം, ആ ട്വീറ്റുകളിൽ കാണിച്ച കെട്ടിടം വാസ്തവത്തിൽ മസ്ജിദല്ല, ഹിന്ദു ക്ഷേത്രമാണ് എന്നാണ്. ‘ഇസ്കോൺ’ (ISKCON – International Society for Krishna Consciousness) എന്ന ‘ഹരേകൃഷ്ണ’ പ്രസ്ഥാനത്തിന്റേതാണ് ക്ഷേത്രം.
അതൊരു മസ്ജിദാണ് എന്നമട്ടിൽ വ്യാപകമായി ട്വീറ്റ് ചെയ്ത അനേകം പേർ സത്യമെന്ത് എന്ന് നോക്കാതെയാണ് അത് ചെയ്തത്. അത് ആദ്യം പോസ്റ്റ് ചെയ്തവർക്കെങ്കിലും നേര് അറിയേണ്ടതാണ്. കെട്ടിടത്തിന്റെ മുഴുവൻ രൂപം കണ്ടാൽതന്നെ അതൊരു ക്ഷേത്രമാണെന്ന് തിരിച്ചറിയാനാകും. എന്നാൽ, ട്വീറ്റുകളിൽ ചേർത്ത ചിത്രങ്ങളിൽ അതിന്റെ പടം പകുതി മാത്രം കാണുന്ന അവസ്ഥയിലാക്കി എഡിറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഉൾപ്പെട്ട ഭാഗം നോക്കിയാൽ മസ്ജിദ് പോലെ തോന്നാം.
വെള്ളിയാഴ്ചയാണ് സംഭവം എന്ന പ്രസ്താവന ദുരന്തത്തെ മുസ്ലിം വിഭാഗത്തോട് ചേർത്തുവെക്കാനുദ്ദേശിച്ചുള്ളതാണ്. എല്ലാ ട്രെയിൻ ദുരന്തങ്ങളും വെള്ളിയാഴ്ചകളിലാണ് നടന്നതെന്ന വേറെ ട്വീറ്റുകൾ, ഒരു ദുരന്തത്തെ എങ്ങനെ വലിയൊരു വർഗീയ ഗൂഢാലോചനയാക്കി ചിത്രീകരിക്കാമെന്ന് കാണിച്ചുതന്നു. ‘‘ഒഡിഷ ട്രെയിൻ അപകടം: ട്രെയിൻ അപകടങ്ങളെല്ലാം വെള്ളിയാഴ്ചകളിൽ’’ എന്ന തലക്കെട്ട് ‘ജനം ഓൺലൈൻ’ മാധ്യമത്തിലും കണ്ടു – പിന്നീടത് നീക്കംചെയ്തു.
വ്യാജം എത്രമേൽ ആളുകളെ വഴിതെറ്റിക്കുന്നു എന്നതിനൊരു തെളിവുകൂടി ഇക്കൂട്ടത്തിലുണ്ട്. ദുരന്തം നടന്നതിനടുത്ത് മസ്ജിദുണ്ട് എന്ന് പ്രചരിപ്പിക്കുന്ന ട്വീറ്റ് അനേകം പേർ റീ ട്വീറ്റ് ചെയ്തു എന്ന് പറഞ്ഞല്ലോ. അവരിൽ ഒരാളുടെ പേർ രാധാരമൺദാസ് എന്നാണ്. അദ്ദേഹമാകട്ടെ, ‘ഇസ്കോൺ-കൊൽക്കത്ത’യുടെ വൈസ് പ്രസിഡന്റും ഔദ്യോഗിക വക്താവുമാണ്.
‘ഇസ്കോൺ’ ക്ഷേത്രത്തിന്റെ ഫോട്ടോ വെട്ടിച്ചെറുതാക്കി മുസ്ലിം പള്ളിയെന്ന് തോന്നിക്കുന്നമട്ടിൽ പ്രചരിപ്പിക്കപ്പെടുന്നു; ‘ഇസ്കോൺ’ ഭാരവാഹിപോലും അതിൽ വീഴുന്നു. കുപ്രചാരണ കാലാവസ്ഥയുടെ ഭീകരത മനസ്സിലാകാൻ ഇതു ധാരാളം.
രാധാരമൺ ദാസ് പിന്നീട്, താൻ ഷെയർ ചെയ്ത ട്വീറ്റിൽ കെട്ടിടത്തെ മസ്ജിദ് എന്ന് വിളിച്ചില്ലല്ലോ എന്ന് ന്യായീകരിക്കാൻ ശ്രമിച്ചു. എങ്കിലും ട്വീറ്റിലെ മറ്റു സൂചനകൾ ആ ദിശയിൽതന്നെ ആയിരുന്നു.
അദ്ദേഹം പിന്നീട് ഈ ‘ഇസ്കോൺ’ ക്ഷേത്രത്തെപ്പറ്റി മറ്റൊരു ട്വീറ്റ് ഷെയർ ചെയ്തു. ബാലസോറിലെ രക്ഷാപ്രവർത്തകർക്ക് ക്ഷേത്രം താൽക്കാലിക വാസസ്ഥലമായി പ്രയോജനപ്പെട്ടു എന്നായിരുന്നു അത്. മസ്ജിദെങ്കിൽ മോശമാകണം, മറിച്ചെങ്കിൽ നല്ലതാകണം എന്നാകുമോ തത്ത്വം?
‘വെള്ളിയാഴ്ച’, ‘മസ്ജിദ്’ എന്നീ സൂചനകൾക്കു പുറമെ മറ്റൊന്നുകൂടി ഇടക്ക് ഇറക്കപ്പെട്ടു. അത്, അപകടം നടന്ന ബാലസോറിലെ ബഹാനാഗ റെയിൽവേ സ്റ്റേഷന്റെ സ്റ്റേഷൻ മാസ്റ്റെറപ്പറ്റിയാണ്. അദ്ദേഹത്തിന്റെ പേര് ‘മുഹമ്മദ് ശരീഫ് അഹ്മദ്’ എന്നാണത്രെ. ഒരു ട്വീറ്റ് ഇങ്ങനെ:
‘‘ഹിന്ദുക്കൾക്കെതിരായ ഗൂഢാലോചന [കൂടെ, സ്റ്റേഷൻ മാസ്റ്ററുടെയും ‘മസ്ജിദി’ന്റേതുമായി രണ്ട് ഫോട്ടോകൾ]: ഇതുവരെ 275 പേരെ നിത്യനിദ്രയിലാക്കിക്കഴിഞ്ഞു. 900ത്തിലധികം പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ. സി.ബി.ഐ ഉത്തരവിനു പിന്നാലെ മുഹമ്മദ് ശരീഫ് അഹ്മദ് ഒളിവിൽ പോയിരിക്കുന്നു.
‘‘വെള്ളിയാഴ്ച + മസ്ജിദ്+ ശരീഫ്..!’’
സ്റ്റേഷൻ മാസ്റ്ററെപ്പറ്റിയുള്ള പ്രചാരണവും ഫാക്ട് ചെക്കർമാർ പരിശോധിച്ചു. ‘ദ ക്വിന്റ്’ ബാലസോർ ഡെപ്യൂട്ടി കലക്ടർ, സൗതീസ്റ്റേൺ റെയിൽവേ മുഖ്യ വക്താവ്, പ്രാദേശിക റിപ്പോർട്ടർമാർ തുടങ്ങി പലരുമായും ബന്ധപ്പെട്ടു. സ്റ്റേഷൻ മാസ്റ്റർ മുസ്ലിം സമുദായക്കാരനല്ല എന്ന് അവരെല്ലാം അറിയിച്ചു. മുഖ്യവക്താവ് (ചീഫ് പി.ആർ.ഒ) ആദിത്യകുമാർ ചൗധരിയുടെ മറുപടി:
‘‘ബഹാനാഗ സ്റ്റേഷൻ മാസ്റ്ററുടെ പേര് ശരീഫ് അല്ല. എസ്.ബി. മൊഹന്തി എന്നാണ്. അദ്ദേഹം ഒളിവിലാണ് എന്ന പ്രചാരണവും തെറ്റാണ്... അപകടസ്ഥലത്തിനടുത്ത് മസ്ജിദുണ്ട് എന്ന പ്രചാരണവും തെറ്റാണ്. അത് പള്ളിയല്ല, ഇസ്കോൺ ക്ഷേത്രമാണ്.’’
സ്റ്റേഷൻ മാസ്റ്റർമാർ കുറെയുണ്ട്. അപകടസമയത്ത് ചുമതലയിലുള്ളയാൾ മൊഹന്തിയായിരുന്നു. ‘ആൾട്ട് ന്യൂസ്’, സ്റ്റേഷനിൽ തൂക്കിയിട്ട വിവിധ കാലങ്ങളിലെ സ്റ്റേഷൻ മാസ്റ്റർ പട്ടികയുടെ ഫോട്ടോ പകർത്തി. 18 സ്റ്റേഷൻ മാസ്റ്റർമാരിൽ ‘ശരീഫ്’ എന്ന പേരേ ഇല്ല.
ഡെപ്യൂട്ടി കലക്ടറും ചീഫ് പി.ആർ.ഒയുമടക്കം അധികാരികളെല്ലാം അട്ടിമറി സാധ്യത തള്ളിയതായി ‘ദ ക്വിന്റ്’ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശുകാരായ റോഹിങ്ക്യകളും പാകിസ്താന്റെ ഐ.എസ്.ഐയും സംഭവത്തിനു പിന്നിലുണ്ടെന്ന ആരോപണങ്ങളെപ്പറ്റിയായിരുന്നു ഈ പ്രതികരണം.
പക്ഷേ, എന്തു ഫലം? ‘‘സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും.’’ വ്യാജപ്രചാരണം വ്യാപകമാവുകയും ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുമ്പോൾ ട്രെയിൻ ദുരന്തത്തേക്കാൾ മാരകശേഷിയുള്ള അപകടങ്ങളാണ് സാമൂഹികാന്തരീക്ഷത്തിൽ മറഞ്ഞിരിക്കുന്നത്.
അധികൃതർ നിഷേധിച്ച ശേഷവും, കള്ളങ്ങൾ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും കിടക്കുന്നുണ്ട്. ഒരു സാമ്പിൾ, ‘സർബേശ് മിശ്ര’ എന്ന ഫേസ്ബുക് അക്കൗണ്ടിൽനിന്ന്: ‘‘[‘മസ്ജിദി’ന്റെ ഫോട്ടോ]: ഇവിടെ കാണിച്ച പള്ളി നോക്കുക, എല്ലാം വ്യക്തമാകും. സ്റ്റേഷൻ മാസ്റ്റർ ശരീഫായിരുന്നു അപകടസമയത്ത് ഇവിടെ ചുമതലയിൽ. അയാൾ ഒളിവിലാണ്... നാണക്കേട്. ബംഗ്ലാദേശി, റോഹിങ്ക്യ സാധ്യതകൾ രഹസ്യാന്വേഷകർ ചികയുന്നുണ്ട്. ഒപ്പം ഐ.എസ്.ഐയും മണിപ്പൂരും...’’
യുക്രെയ്നുള്ളപ്പോൾ എന്ത് ഫലസ്തീൻ?
യുക്രെയ്നിലെ ഒരു അണക്കെട്ട് ആരോ തകർത്തു. തകർത്തത് റഷ്യയെന്ന് യുക്രെയ്ൻ, യുക്രെയ്ൻ എന്ന് റഷ്യ. ആളപായമില്ല; അപായസാധ്യത മുൻനിർത്തി പതിനായിരങ്ങളെ ഒഴിപ്പിച്ചു.
ജൂൺ 7ന് മലയാള പത്രങ്ങളുടെ ഒന്നാം പേജിൽ കണ്ട വാർത്തയാണിത്. മാധ്യമത്തിൽ, അകത്ത് ‘അന്താരാഷ്ട്രീയം’ പേജിൽ ഒരു ഉപവാർത്തയുമുണ്ട്. മറ്റു പത്രങ്ങളിലും വലിയ പ്രാധാന്യമാണ് ഈ വാർത്തക്കുള്ളത്.
യൂറോപ്പിലെ സംഭവമായതുകൊണ്ട് മലയാളത്തിൽവരെ അത് മഹാവാർത്ത. ഇതേ ദിവസം വരുമായിരുന്ന മറ്റൊന്നുണ്ടായിരുന്നു: രണ്ടു വയസ്സുള്ള മുഹമ്മദ് തമീമിയുടെ മരണം. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന കുഞ്ഞിനെ അടക്കം ഇസ്രായേലി സേന വെടിവെച്ചു; ആശുപത്രിയിലായിരുന്ന അവൻ ചൊവ്വാഴ്ച മരിച്ചു.
2023ൽ ഇസ്രായേൽ കൊല്ലുന്ന ഇരുപത്തി ഏഴാമത്തെ കുഞ്ഞാണ് തമീമി. നിത്യേന നടക്കുന്ന ഇത്തരം ക്രൂരതകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, വംശീയ ഉന്മൂലനം. ലോകം അങ്ങോട്ട് നോക്കുന്നേയില്ല എന്ന് ചിലർ പരാതിപ്പെടുന്നു.
അതെങ്ങനെ? മാധ്യമങ്ങൾക്ക്, വല്ലപ്പോഴും യുക്രെയ്നിൽ ഉണ്ടാകുന്ന കെടുതിക്കായി നോക്കി ഇരിക്കേണ്ടേ? ഫലസ്തീൻ ഒരു വാർത്തയാണോ?