വാർത്തയല്ല വസ്തുതാ പരിശോധനയാണ് ജേണലിസം
ആര് പറയുന്നതാണ് ശരി? ഓരോ ഭാഗത്തിന്റെയും അവകാശവാദം പകർത്തുന്നതിനപ്പുറം മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അവകാശവാദങ്ങൾക്കപ്പുറം വസ്തുതകൾ പരിശോധിച്ച് സമൂഹത്തെ അറിയിക്കേണ്ട ബാധ്യത അവക്കുണ്ട്.
ജൂൺ 12ന് അമേരിക്കയിൽനിന്നുള്ള യൂട്യൂബ് ചാനലായ ‘ബ്രേക്കിങ് പോയന്റ്സി’ലെ അഭിമുഖത്തിനിടെ ‘ട്വിറ്ററി’ന്റെ മുൻ മേധാവി ജാക് ഡോഴ്സി പറഞ്ഞു: ഇന്ത്യ, നൈജീരിയ, തുർക്കിയ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ‘ട്വിറ്ററി’നെ ഭീഷണിപ്പെടുത്തി. പറയുന്നത് അനുസരിച്ചില്ലെങ്കിൽ കമ്പനി പൂട്ടിക്കുമെന്നാണ് അവർ പറഞ്ഞത്.
ഇന്ത്യയെപ്പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ: കർഷകസമരവുമായി ബന്ധപ്പെട്ടതും പ്രത്യേക ജേണലിസ്റ്റുകളുടേതുമൊക്കെയായി ഒട്ടനേകം ട്വീറ്റുകൾ എടുത്തുമാറ്റാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ‘‘ഇന്ത്യയിൽ നിങ്ങളുടെ ട്വിറ്റർ പൂട്ടിക്കും’’, ‘‘നിങ്ങളുടെ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യും’’ (ഇത് അധികൃതർ ചെയ്തു), ‘‘പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നിങ്ങളുടെ ഓഫീസുകൾ അടപ്പിക്കും’’ എന്നൊക്കെയായിരുന്നത്രെ ഭീഷണി. ‘‘ഇന്ത്യയിലാണിത് – ഒരു ജനാധിപത്യ രാജ്യത്ത്.’’
ഈ ആരോപണം നിഷേധിച്ചുെകാണ്ട് ഇന്ത്യാസർക്കാർ രംഗത്തുവന്നു. ‘‘തനി നുണ’’ എന്നാണ് ഐ.ടി ഉപമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
ജൂൺ 12ന് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണ്, കോവിഡ് പ്രതിരോധ മരുന്നായ കോവിൻ കുത്തിവെച്ചവരുടെ വ്യക്തിവിവരങ്ങൾ ചോർന്നു എന്നത്. ഉടനെ വന്നു സർക്കാറിന്റെ നിഷേധ ട്വീറ്റ്. വ്യക്തിവിവരങ്ങൾ ചോർന്നത് കോവിൻ വഴിയല്ല എന്നും അവ ‘ടെലിഗ്രാം’ ആപ് നേരിട്ട് ചോർത്തുകയായിരുന്നെന്നുമാണ് വിശദീകരണം. ഈ നിഷേധവും ഐ.ടി ഉപമന്ത്രി രാജീവ് ചന്ദ്രശേഖറിന്റേതാണ്.
ദ ടെലിഗ്രാഫ് പത്രം ഈ വിശദീകരണത്തിലും അപകടസാധ്യത കാണുന്നു. കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങൾ മുമ്പേ ചോർന്നു എന്ന ആശങ്കയെ അത് ബലപ്പെടുത്തുന്നുവത്രെ.
സർക്കാറിനെതിരെ ആരോപണമോ സംശയമോ ഉയർന്നാൽ ഉടൻ ബന്ധപ്പെട്ടവർ അത് നിഷേധിക്കുകയാണ് പതിവ്.
ആര് പറയുന്നതാണ് ശരി? ഓരോ ഭാഗത്തിന്റെയും അവകാശവാദം പകർത്തുന്നതിനപ്പുറം മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.
അവകാശവാദങ്ങൾക്കപ്പുറം വസ്തുതകൾ പരിശോധിച്ച് സമൂഹത്തെ അറിയിക്കേണ്ട ബാധ്യത അവക്കുണ്ട്.
ജൂൺ 1ന് സീ ന്യൂസ് ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് എന്ന ഹിന്ദി ചാനൽ ഒരു സംവാദം സംഘടിപ്പിക്കുന്നു: ‘‘ബുലന്ദ്ശഹറിൽ ഔറംഗസേബിന്റെ ആൾക്കാരോ?’’ എന്ന് തലക്കെട്ട്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ നാല് ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ കേടുവരുത്തിയത് മുസ്ലിംകളാണെന്ന് സൂചിപ്പിക്കുന്നതാണ് അത്. ജൂൺ 2ന് ആജ് തക് ചാനലിൽ ‘ബ്ലാക് ആൻഡ് വൈറ്റ്’ എന്ന പരിപാടിയിലും വിഷയം അതുതന്നെ. കുറ്റവാളികളാരെന്ന് കണ്ടെത്തിയിട്ടില്ല എന്ന മുഖവുരയോടെ പരിപാടി തുടങ്ങിയ അവതാരകൻ സുധീർ ചൗധരി, കുറച്ചുകഴിഞ്ഞ് ബുലന്ദ്ശഹറിലെ ജനസംഖ്യയുടെ മതാടിസ്ഥാനത്തിലുള്ള കണക്ക് പറഞ്ഞു; എന്നിട്ട് ഇങ്ങനെയും: കാമുകിയെ കുത്തിക്കൊന്ന സാഹിൽഖാൻ എന്ന ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത് ഈയിടെയാണ്.
സൂചന ഒരു സമുദായത്തിലേക്കു തന്നെ. ‘ജിഹാദികളാ’ണ് വിഗ്രഹങ്ങൾ കേടുവരുത്തിയതെന്ന ആരോപണവുമായി വേറെയും ‘‘മാധ്യമങ്ങൾ’’ ഇറങ്ങി.
ഏതാനും ദിവസങ്ങൾക്കകം കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേർ – എല്ലാം ഹിന്ദുക്കൾ: ഹരീഷ് ശർമ, ശിവം, കേശവ്, അജയ്.
ചെറിയ കേടുപാടുള്ള വിഗ്രഹങ്ങളെ ജനങ്ങൾ ആരാധിക്കുന്നത് കണ്ടാണത്രെ അവ തകർത്തത്. പുതിയ വിഗ്രഹങ്ങൾ പകരം നിർമിക്കപ്പെടാനാണ് അത് ചെയ്തതെന്ന് അവർ പൊലീസിനോടു പറഞ്ഞു.
വ്യാജ വാർത്തകൾ പരക്കുമ്പോൾ അവയെ ചെറുക്കാനുള്ള ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ട്.
മാധ്യമപ്രവർത്തനം പുനർനിർവചിക്കപ്പെടേണ്ട സമയമെത്തിയിരിക്കുന്നു. വാർത്ത അറിയിക്കുക എന്ന സാമ്പ്രദായിക പ്രവർത്തനത്തിന് പൊതുമാധ്യമങ്ങൾ ആവശ്യമില്ലെന്ന സ്ഥിതി എത്തിയിരിക്കുന്നു. എല്ലാവർക്കും അറിയാവുന്ന റിപ്പോർട്ടുകളിലെ നെല്ലും പതിരും വേർതിരിക്കുന്ന ജോലിയാണ് പൊതുമാധ്യമങ്ങൾ ഇനി ഏറ്റെടുക്കേണ്ടത്.
കാര്യങ്ങൾ ആഴത്തിലും വ്യാപ്തിയിലും അന്വേഷിക്കുന്ന ജോലിയാണ് അവർ ഇനിയങ്ങോട്ട് ചെയ്യേണ്ടത്. ഏജൻസികളും ബ്യൂറോകളും എത്തിക്കുന്ന വിവരങ്ങൾ അലസമായി ആവർത്തിക്കുന്നതിനു പകരം അധികവിവരം നൽകുന്നതിലേക്ക് അവർ എത്തണം. ഒപ്പം, സ്വന്തമായ വാർത്തകൾ അന്വേഷിച്ച് കണ്ടെത്തുകകൂടി വേണം.
രണ്ടുതരത്തിലായാലും അന്വേഷണാത്മകവും ഗവേഷണരൂപത്തിലുള്ളതുമായ റിപ്പോർട്ടിങ് രീതിയിലേക്ക് പത്രങ്ങൾ മാറണം.
ജേണലിസവും അപജേണലിസവും
ഇത്തരം ശൈലിയിലേക്ക് യഥാർഥ ജേണലിസം മാറുന്നതോടെ ഈ രംഗത്തെ കള്ളനാണയങ്ങൾ വ്യക്തമായി തുറന്നുകാട്ടപ്പെടുമെന്നും കരുതാം.
ഒഡിഷ ട്രെയിനപകടത്തിനു പിന്നാലെ ദ ടെലിഗ്രാഫ് കുറെ പഴയ രേഖകൾ ചികഞ്ഞ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരമാണ്. റെയിൽവേ സുരക്ഷക്കെന്ന പേരിൽ മോദി സർക്കാർ 2017ൽ സമാഹരിച്ച പ്രത്യേക ഫണ്ട് സുരക്ഷാ പ്രവർത്തനങ്ങൾക്കല്ല ഉപയോഗിച്ചതെന്നും തിരുമ്മൽ യന്ത്രങ്ങളും പിഞ്ഞാണങ്ങളും മറ്റും വാങ്ങാനാണ് ചെലവിട്ടതെന്നും കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) 2022 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. അന്ന് കാര്യമായി ശ്രദ്ധിക്കാതെപോയ ഈ വിവരം സ്വന്തം അന്വേഷണത്തിലൂടെ കണ്ടെത്തി പുറത്തുവിടുകയാണ് ടെലിഗ്രാഫ് ചെയ്തിരിക്കുന്നത്.
സർക്കാറിന്റെ മറുപടി ദുർബലമാണ് – സി.എ.ജി റിപ്പോർട്ട് പാർലമെന്റിൽ വെച്ചതാണെന്നും വിശദീകരണങ്ങൾ അന്ന് നൽകിയതാണെന്നും.
ടെലിഗ്രാഫിന്റേത് യഥാർഥ ജേണലിസത്തിന്റെ മാതൃകയാണെങ്കിൽ ജേണലിസമെന്ന നാട്യത്തിൽ നടക്കുന്ന വ്യാജപ്രചാരണത്തിന്റെ മാതൃക കാണാം കുറെ വടക്കേ ഇന്ത്യൻ ചാനലുകളിൽ. അവയിലൊന്ന്, ടെലിഗ്രാഫ് പത്രത്തിന്റെ ഉടമകളായ ആനന്ദ് ബസാർ പത്രിക ഗ്രൂപ്പ് തന്നെ നടത്തുന്ന എ.ബി.പി ന്യൂസ് ആണ്.
ഒഡിഷ ദുരന്തം നടന്നതിനു പിന്നാലെ ചാനലുകൾ അതാവും ചർച്ച ചെയ്യുക എന്ന് കരുതിയവർക്ക് തെറ്റി. എ.ബി.പി ന്യൂസും ആജ്തകും റിപ്പബ്ലിക്കുമെല്ലാം ചർച്ചചെയ്തത് ഔറംഗസേബിനെയാണ്.
ഇവയിലെ അവതാരകരായ റൂബിക ലിയാഖത് (എ.ബി.പി), അഞ്ജന ഓം കശ്യപ് (ആജ്തക്), അർണബ് ഗോസ്വാമി (റിപ്പബ്ലിക്) എന്നിവർ അങ്ങനെ ചർച്ചക്കെടുത്തത് ‘ഗെയിം ജിഹാദ്’ എന്ന പുതിയ ഉരുപ്പടിയാണ്.
വ്യാജ ജേണലിസത്തെ തുറന്നുകാട്ടാനുള്ള ഒരു വഴി, മറ്റു മാധ്യമങ്ങൾ യഥാർഥ ജേണലിസത്തിലെത്തുക എന്നതാണ്.
നീളമോ ആഴമോ വസ്തുതയോ ഇല്ലാത്ത വാട്സ്ആപ് ജേണലിസത്തോട് വിടപറയാൻ നേരമായി. പകരം മുഷിഞ്ഞിരുന്ന് പഠിക്കുകയുംനാട്ടിലിറങ്ങിനടന്ന് അന്വേഷിക്കുകയും ചെയ്യുന്ന രീതി സ്വീകരിക്കുകതന്നെ വേണം. അലസ ജേണലിസം ജേണലിസമല്ല എന്നതാണ് വസ്തുത.
സ്ക്രോൾ, ആർട്ടിക്ൾ -14 പോലുള്ള ഓൺലൈൻ മാധ്യമങ്ങൾ ഈ രംഗത്ത് മികച്ച മാതൃകകളായുണ്ട്.
അശ്രദ്ധം, അലസം
ആഴത്തിലുള്ള പഠനം പോയിട്ട്, ഉപരിപ്ലവമായ റിപ്പോർട്ടുകളിൽപോലും മുൻനിര പത്രങ്ങളടക്കം വലിയ അശ്രദ്ധയാണ് പുലർത്തുന്നതെന്ന് വായനക്കാർ പരാതിപ്പെടുന്നു.
മഞ്ചേരി നറുകരയിലെ വടക്കേതിൽ വിനോദ്കുമാർ ഒരു ചെറു റിപ്പോർട്ടിലെ അശ്രദ്ധ ചൂണ്ടിക്കാട്ടുന്നു. മലയാള മനോരമയിൽ (ജൂൺ 6) ‘‘ആര്യാടനൊപ്പമുള്ളവരെ വെട്ടിനിരത്തി’’ എന്ന വാർത്തയിൽ ‘‘കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ മുഹമ്മദ് ആരോപിച്ചു’’ എന്ന് കണ്ടു. ആര്യാടൻ ഷൗക്കത്തിനെയാണ് ഉദ്ദേശിച്ചത്. ജൂൺ 5ലെ മാധ്യമത്തിൽ വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ മൗലാന ഖാലിദ് സൈഫുല്ലയുടെ പടംതന്നെ മാറി. വല്ലപ്പോഴും സംഭവിക്കുന്ന അബദ്ധമാണിവ എന്നും കരുതേണ്ട.