നേർവ്യാജങ്ങൾ മുതൽ കള്ള വ്യാജങ്ങൾ വരെ
നിഖിൽ തോമസ് ബി.കോമിന്റെ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് എം.കോം പ്രവേശനം നേടിയെന്ന് പത്രങ്ങൾ. പക്ഷേ, ദേശാഭിമാനിയിൽ: ‘‘എസ്.എഫ്.ഐ നേതാക്കൾക്കെതിരെ മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ആലപ്പുഴയിൽ നിഖിൽ തോമസുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾ നൽകിയത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു വാർത്ത നൽകിയത്. ആരെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് കണ്ടോ. മുഴുവൻ സർട്ടിഫിക്കറ്റുകളും നിഖിൽ ഹാജരാക്കി. പരിശോധിച്ചപ്പോൾ അതൊന്നും വ്യാജമല്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. മുഴുവൻ രേഖകളും നിയമപരമാണെന്നും ആർഷോ പ്രതികരിച്ചു....’’
ഇതേ ദിവസം, ഇതേ പത്രത്തിൽ:
‘‘വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.േകാം വിദ്യാർഥി നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി കായംകുളം എം.എസ്.എം കോളേജ് പ്രിൻസിപ്പൽ... അഡ്മിഷൻ ഏജന്റുമാരായി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. നിഖിൽ ഈ മാഫിയയിൽ ഉൾപ്പെട്ടോ എന്ന് പരിശോധിക്കണം... നിഖിലിന് എസ്.എഫ്.ഐ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ആർഷോ പറഞ്ഞു...’’
സി.പി.എം മുഖപത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ ജൂൺ 19ന് പോസ്റ്റ് ചെയ്ത രണ്ട് വാർത്തകളിൽനിന്നുള്ള ഭാഗങ്ങളാണിത്. നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ എല്ലാം സാധുവാണെന്ന് സാക്ഷ്യപ്പെടുത്തി മണിക്കൂറുകൾക്കകം അയാൾ പ്രവേശന മാഫിയയുടെ ഭാഗമാണോ എന്നന്വേഷിക്കാൻ പറയുക. നേതാക്കളുടെയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ബിരുദങ്ങളുടെയുമൊക്കെ വിശ്വാസ്യതയാണ് ഇവിടെ സംശയിക്കേണ്ടിവരുന്നത്; വാർത്തകളുടെയും.
ബി.കോം പരീക്ഷ തോറ്റയാളാണ് നിഖിൽ. പക്ഷേ, ജയിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് പ്രവേശനം നേടി. അപ്പോൾ, ‘‘നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ല, രേഖകൾ എല്ലാ നിയമപരം; മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പ്: പി.എം. ആർഷോ’’എന്ന ദേശാഭിമാനി വാർത്ത വ്യാജമോ സത്യമോ? ആർഷോതന്നെ മറിച്ച് പറയുകയും ദേശാഭിമാനി അതും റിപ്പോർട്ട് ചെയ്യുകയും ചെയ്ത സ്ഥിതിക്ക് അത് ഇപ്പോൾ വ്യാജ വാർത്തയായി മാറിയിട്ടുണ്ടെന്ന് പറയാം. ‘‘നിഖിലിന്റെ എം.കോം പ്രവേശനം: കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിസി’’എന്ന തലക്കെട്ടിൽ പുതിയ വാർത്ത ചെയ്ത ദേശാഭിമാനി, പ്രവേശനത്തിൽ ഒരു തെറ്റുമിെല്ലന്ന് ആർഷോ പറഞ്ഞതായി മുമ്പ് ചെയ്ത വാർത്തയെ വീഴ്ചയായി തള്ളിപ്പറഞ്ഞിട്ടൊന്നുമില്ല.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പോക്സോ കുറ്റമാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കു പിന്നിലുമുണ്ട് ഒരു ദേശാഭിമാനി സാന്നിധ്യം. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കൽ ആ കുറ്റകൃത്യം ചെയ്യുന്ന സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്നാണ് ഗോവിന്ദൻ ആരോപിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി മജിസ്ട്രേറ്റിനു മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ അതുണ്ടേത്ര.
വാർത്തസമ്മേളനത്തിൽ ഇതുപറഞ്ഞ ഗോവിന്ദനോട് റിപ്പോർട്ടർമാർ ചോദിച്ചു: മജിസ്ട്രേറ്റിനു അതിജീവിത നൽകിയ രഹസ്യമൊഴി എങ്ങനെ താങ്കളറിഞ്ഞു? ഇതിൽ നിയമപ്രശ്നമില്ലേ?
പത്രത്തിൽ കണ്ട കാര്യമാണ് താൻ പറയുന്നത് എന്നായി പാർട്ടി സെക്രട്ടറി. അങ്ങനെയൊരു വാർത്ത വന്നത് പാർട്ടിയുടെ മുഖപത്രത്തിൽ തന്നെയാണ്. മോൻസണെ കോടതി ശിക്ഷിച്ച വാർത്തക്കൊപ്പമാണ് ദേശാഭിമാനിയിൽ (ജൂൺ 18) ‘‘അപ്പോൾ വീട്ടിൽ കെ. സുധാകരനും’’എന്ന ഉപവാർത്തയുള്ളത്. അതിൽ പറയുന്നു: ‘‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ച സമയം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴിനൽകിയിരുന്നു. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെൺകുട്ടിയുടെ മൊഴിയുണ്ട്. മോൻസൺ ഒന്നാം പ്രതിയായ വഞ്ചനക്കേസിൽ രണ്ടാം പ്രതിയായ കെ. സുധാകരനെ പോക്സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.’’
എന്നാൽ, ക്രൈംബ്രാഞ്ച് ഇത് നിഷേധിച്ചു. പെൺകുട്ടി സുധാകരനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതായി മറ്റു പത്രങ്ങളിൽ തുടർവാർത്ത.
വ്യാജ സർട്ടിഫിക്കറ്റും വ്യാജ മൊഴിയും വ്യാജ വാർത്തയുമാണോ നമ്മുടെ പ്രധാന ഉൽപന്നങ്ങൾ?
‘കോപ്പിയടി’ക്കാതെ ജയിക്കുന്നവർ
എസ്.എഫ്.ഐക്കാരൻ നിഖിൽ തോമസിന്റേത് ആദ്യ സംഭവമല്ല. മുമ്പും ആ സംഘടനയിൽപെട്ടവരുടെ കള്ളത്തരങ്ങൾ വാർത്തയിലുണ്ട്. എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യ വ്യാജരേഖയുണ്ടാക്കി ജോലി സമ്പാദിച്ചതും സംവരണം അട്ടിമറിച്ച് പിഎച്ച്.ഡി പ്രവേശനം നേടിയതും വാർത്തയായി. അവർക്കെതിരെ കേസുണ്ട്. പരീക്ഷ എഴുതാതെ ആർഷോ പരീക്ഷ ജയിച്ചതായി മഹാരാജാസ് കോളജ് അറിയിപ്പ് നൽകിയതും വാർത്തയിലെത്തി.
മലപ്പുറത്തെ വിദ്യാർഥികൾ കോപ്പിയടിച്ചിട്ടാണ് പാസാകുന്നതെന്ന് ഒരു മുൻ മുഖ്യമന്ത്രി പണ്ട് പറഞ്ഞിരുന്നു. അദ്ദേഹം സി.പി.എംകാരനാണ്.
വിദ്യക്കെതിരായ ആരോപണമന്വേഷിക്കാൻ മഹാരാജാസ് കോളജിലെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനോട് അവിടത്തെ കെ.എസ്.യു നേതാവ്, ആർഷോ പരീക്ഷയെഴുതാതെ പാസായെന്ന വിവരം കൂടി പങ്കുവെക്കുന്നു. അഖിലക്കെതിരെ സർക്കാർ ആർഷോയുടെ പരാതിയിൽ കേസെടുക്കുന്നു.
ഒരു ഔദ്യോഗിക രഹസ്യരേഖ മലയാള മനോരമയിൽ അച്ചടിച്ചുവന്നതിനെപ്പറ്റിയുള്ള പരാതിയിൽ ആ പത്രത്തിലെ ജയചന്ദ്രൻ ഇലങ്കത്തിനെയും മറ്റൊരു കേസിൽ സാക്ഷിപ്പട്ടികയിലുള്ള ഏഷ്യാനെറ്റിലെ അബ്ജോദ് വർഗീസിനെയും എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുമായുള്ള പൊലീസിന്റെ വരവ് റിപ്പോർട്ട് ചെയ്ത മാതൃഭൂമി വാർത്താസംഘത്തിനെയും കേസുകളിൽപെടുത്താനുള്ള സർക്കാറിന്റെ നീക്കം വിവാദമായിട്ടുണ്ട്. ഇതേ സമയത്താണ് ട്വിറ്ററിന്റെ മുൻ മേധാവി ജാക്ക് ഡോർസി, മോദി സർക്കാർ സമൂഹമാധ്യമങ്ങളെ സെൻസർ ചെയ്യുന്നതിനെപ്പറ്റി ‘േബ്രക്കിങ് പോയന്റ്സ്’എന്ന യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തുന്നത്.
മോദിസർക്കാറിന്റെ മാധ്യമവേട്ടയെ വിമർശിക്കുമ്പോൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാചാലനായി. പിണറായി സർക്കാറിന്റെ മാധ്യമവേട്ടയെപ്പറ്റി മൗനം പാലിക്കുകയും ചെയ്തു.
വല്ലാതെ ഇടത്തോട്ടു പോകുമ്പോൾ വലത്ത് എത്തുമായിരിക്കും.
എൽസ്ബർഗ്: ജേണലിസ്റ്റല്ലാത്ത ജേണലിസ്റ്റ്
ഔദ്യോഗിക രഹസ്യരേഖ പുറത്തുവിടുന്നത് അമേരിക്കൻ സർക്കാർ മുതൽ കേരളസർക്കാർ വരെയുള്ള വലത്, ഇടത് ഭരണകൂടങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. അതേസമയം, മാധ്യമപ്രവർത്തനത്തിന്റെ കാഴ്ചപ്പാടിൽ അത് ധീരവും അവശ്യവുമായ പൊതുസേവനമാണ്.
അങ്ങനെ പണ്ടൊരാൾ ചെയ്തിരുന്നില്ലെങ്കിൽ അമേരിക്ക വിയറ്റ്നാമിൽ ചെയ്തുകൂട്ടിയ ക്രൂരതയും ലോകം അറിയില്ലായിരുന്നു. ജനരോഷമുയർന്ന് വിയറ്റ്നാമിൽനിന്ന് അമേരിക്കൻ സൈന്യം മടങ്ങേണ്ടിവരില്ലായിരുന്നു. ഭരണകൂടത്തിന്റെ അന്യായം ചോർത്തി പുറത്തുകൊണ്ടുവന്ന ഡാനിയൽ എൽസ്ബർഗ് കഴിഞ്ഞയാഴ്ച അന്തരിച്ചു.
എൽസ്ബർഗ് ഒരു ജേണലിസ്റ്റായിരുന്നില്ല; ‘റാൻഡ്’ കോർപറേഷനിൽ ഗവേഷകനായിരുന്നു. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട നയനടപടികൾ പഠിക്കാൻ യു.എസ് സർക്കാർ അവരെ ഏൽപിച്ചിരുന്നു. സർക്കാറിന്റെ രഹസ്യരേഖകൾ കണ്ടപ്പോഴാണ് അദ്ദേഹം യുദ്ധമെന്ന പേരിൽ അമേരിക്കൻ സൈന്യം കാട്ടിക്കൂട്ടിയ നിഷ്ഠുരതകൾ ശ്രദ്ധിക്കുന്നത്.
സർക്കാറിന്റെ നയങ്ങളെ അനുകൂലിച്ചുവന്നിരുന്ന എൽസ്ബർഗ് അതോടെ കടുത്ത യുദ്ധവിരോധിയായി. മാനുഷിക കാഴ്ചപ്പാടുള്ള ഒരു ‘വിസ്ൽ ബ്ലോവറു’ടെ മനസ്സോടെ അദ്ദേഹം യു.എസ് കാര്യാലയമായ പെന്റഗണിന്റെ അതിരഹസ്യ ഫയലുകൾ പത്രങ്ങൾക്ക് ചോർത്തിക്കൊടുത്തു.
ആദ്യം ന്യൂയോർക് ടൈംസിലും പിന്നീട് വാഷിങ്ടൺ പോസ്റ്റ് അടക്കം മറ്റു പത്രങ്ങളിലും ‘പെന്റഗൺ പേപ്പേഴ്സ്’ എന്ന പേരിൽ ആ രഹസ്യരേഖകൾ അച്ചടിച്ചുവന്നപ്പോൾ ലോകം ഞെട്ടി. ജനങ്ങളോടും കോൺഗ്രസി (പാർലമെന്റ്)നോടും അതുവരെ സർക്കാർ നുണ പറയുകയായിരുന്നു എന്നുകൂടി അത് തെളിയിച്ചു.
1971 ൽ റിച്ചഡ് നിക്സൻ പ്രസിഡന്റായിരിക്കുമ്പോഴാണിത്. സർക്കാർ കേസ് കൊടുത്തു. ഡാനിയൽ എൽസ്ബർഗ് ചോർത്തിയ രേഖകൾ പത്രങ്ങൾ പരസ്യപ്പെടുത്തിയ നടപടി ദേശരക്ഷക്ക് അപകടം വരുത്തുമെന്ന് സർക്കാർ വാദിച്ചു. രേഖകൾ പ്രസിദ്ധപ്പെടുത്തുന്നത് കോടതി താൽക്കാലികമായി വിലക്കി.
എന്നാൽ, അന്തിമവിധിയിൽ കോടതി വിലക്ക് നീക്കുകയും മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്തു. യു.എസ് മാധ്യമചരിത്രത്തിലെ ഉജ്ജ്വല വിജയം.
എൽസ്ബർഗിനെതിരെ ചാരപ്പണിക്കേസ് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തെ കുടുക്കുന്നതിന് കള്ളത്തെളിവുണ്ടാക്കാൻ സർക്കാർ ശ്രമിച്ചതായി ‘വാട്ടർഗേറ്റ്’ കുംഭകോണം അന്വേഷിച്ചവർ കണ്ടെത്തിയതോടെ അത് കോടതി തള്ളി.
യുദ്ധജ്വരം വളർത്തി കള്ളത്തരം, ജനങ്ങളോട് നുണപറയൽ, സത്യം വെളിപ്പെടുത്തിയാൽ രാജ്യദ്രോഹക്കേസ്, കള്ളത്തെളിവുണ്ടാക്കൽ –എല്ലാം പരിചിതമായ തിരക്കഥ. പല പത്രപ്രവർത്തകർക്കുമില്ലാത്ത ചങ്കൂറ്റത്തോടെ നേരുപറഞ്ഞ് ചരിത്രത്തിലിടം നേടി, മാധ്യമപ്രവർത്തകനല്ലാത്ത ഡാനിയൽ എൽസ്ബർഗ്.