Begin typing your search above and press return to search.
proflie-avatar
Login

പേര്: പറയേണ്ടതും പറയരുതാത്തതും

പേര്: പറയേണ്ടതും പറയരുതാത്തതും
cancel

ഇന്ത്യയിൽ മതന്യൂനപക്ഷ​ങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വിദേശ മാധ്യമങ്ങളിൽ പതിവ് വിഷയമാണ്. അമേരിക്കയിൽ പ്രധാനമന്ത്രി നേരിടേണ്ടിവന്ന ഏക ചോദ്യം അതിനെപ്പറ്റിയായിരുന്നല്ലോ. എന്നാൽ, ഇന്ത്യയിൽ മാധ്യമങ്ങൾ ഇവ കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കാണിക്കുന്ന പല സംഭവങ്ങളുമുണ്ട്. റിപ്പോർട്ട് ചെയ്യേണ്ടി വര​ുമ്പോൾ അവയുടെ വർഗീയമാനം മറച്ചുവെച്ച്, അവയെ വെറും കുറ്റകൃത്യങ്ങളായി മാത്രം അവതരിപ്പിക്കുന്നു. ജയ്പൂർ എക്സ്പ്രസ് തീവണ്ടിയിലുണ്ടായ വംശീയ കൊലപാതകങ്ങൾ ഉദാഹരണം. ജൂലൈ 31ന് ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് കൊല നടന്നത്. തീവണ്ടിയിൽ യാത്രക്കാരുടെ സുരക്ഷക്കായുള്ള റെയിൽവേ സംരക്ഷണ...

Your Subscription Supports Independent Journalism

View Plans

ഇന്ത്യയിൽ മതന്യൂനപക്ഷ​ങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വിദേശ മാധ്യമങ്ങളിൽ പതിവ് വിഷയമാണ്. അമേരിക്കയിൽ പ്രധാനമന്ത്രി നേരിടേണ്ടിവന്ന ഏക ചോദ്യം അതിനെപ്പറ്റിയായിരുന്നല്ലോ.

എന്നാൽ, ഇന്ത്യയിൽ മാധ്യമങ്ങൾ ഇവ കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കാണിക്കുന്ന പല സംഭവങ്ങളുമുണ്ട്. റിപ്പോർട്ട് ചെയ്യേണ്ടി

വര​ുമ്പോൾ അവയുടെ വർഗീയമാനം മറച്ചുവെച്ച്, അവയെ വെറും കുറ്റകൃത്യങ്ങളായി മാത്രം അവതരിപ്പിക്കുന്നു. ജയ്പൂർ എക്സ്പ്രസ് തീവണ്ടിയിലുണ്ടായ വംശീയ കൊലപാതകങ്ങൾ ഉദാഹരണം.

ജൂലൈ 31ന് ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് കൊല നടന്നത്. തീവണ്ടിയിൽ യാത്രക്കാരുടെ സുരക്ഷക്കായുള്ള റെയിൽവേ സംരക്ഷണ സേന (ആർ.ടി.എഫ്)യിലെ കോൺസ്റ്റബിളായ ചേതൻസിങ് മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചുകൊന്നു. പിന്നെ അടുത്ത കമ്പാർട്മെന്റുകളിലേക്ക് ചെന്ന് വേറെ മൂന്നുപേരെയും കൊന്നു. എന്നിട്ട് തോക്കുചൂണ്ടി ഭീഷണിസ്വരത്തിൽ പറഞ്ഞു: ഇന്ത്യയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ മോദിയെയും യോഗിയെയും ഓർത്തോളണം.

ദൃക്സാക്ഷി വിവരണങ്ങളിൽനിന്നുള്ള സൂചനയനുസരിച്ച്, ഇതൊരു സാധാരണ കുറ്റകൃത്യമല്ല. മറിച്ച്, മതവിദ്വേഷ പ്രേരണയാലുണ്ടായതാണ്. ആ നിലക്ക് രാജ്യത്ത് നിലനിൽക്കുന്ന ഭീകരാന്തരീക്ഷവും ഭരണകൂട നിലപാടുമായി ബന്ധപ്പെട്ട ഗൗരവമേറിയ മാനം ഇതിനുണ്ട്.

മൂന്ന് പ്രധാന വശങ്ങൾ വാർത്തക്കുണ്ട്: കാവൽക്കാരൻ സംഹാരകനായി നിരപരാധികളെ കൊന്നതാണ് ഒന്ന്. രണ്ട്, ടിക്കാറാം മീണയെ വധിച്ചശേഷം ഘാതകൻ ട്രെയിനിൽ മുസ്‍ലിം വേഷമുള്ളവരെ തിരഞ്ഞുപിടിച്ച് കൊന്നു എന്നത് (സമൂഹമാധ്യമങ്ങളിൽ ചിലർ, ‘‘അവരെ വസ്ത്രംകൊണ്ട് തിരിച്ചറിയാ’’മെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ അനുസ്മരിച്ചു). അബ്ദുൽ ഖാദർ, അസ്ഗർ അബ്ബാസ് അലി എന്നീ യാത്രക്കാരെയും സയ്യിദ് സൈഫുല്ല എന്ന പാൻട്രി ജീവനക്കാരനെയുമാണ് ഇപ്രകാരം കൊന്നത്. അലി എന്ന വളക്കച്ചവടക്കാരനെ വെടിവെച്ചതായും വാർത്തയുണ്ട്.

മൂന്നാമത്തെ കാര്യം ഘാതകന്റെ മനോനില വ്യക്തമാക്കുന്ന അയാളുടെ ആ വാക്കുകളാണ്.

വെറും കുറ്റകൃത്യത്തിനപ്പുറം വർഗീയവിദ്വേഷത്തിന്റെയും നാടാകെ പടരുന്ന ഹിംസയുടെയും സൂചകമെന്ന നിലക്ക് വാർത്താപ്രാധാന്യമുണ്ട് ഈ സംഭവത്തിന്. കൊൽക്കത്തയിൽനിന്നിറങ്ങുന്ന ദ ടെലിഗ്രാഫ് പത്രം ആ ഗൗരവം ഉൾക്കൊണ്ട് അത് ഒന്നാം പേജ് ലീഡാക്കി. എന്നാൽ, മറ്റു പല പത്രങ്ങളും ഇതിനെ വെറുമൊരു കൊലപാതക സംഭവം മാത്രമായാണ് അവതരിപ്പിച്ചത്. അതിനുവേണ്ടി ഇരകളുടെ പേരുകളും കൊലയാളികളുടെ വാക്കുകളും ഒഴിവാക്കി.

മലയാള പത്രങ്ങൾ (ആഗസ്റ്റ് 1) ഇതെങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം. സിറാജ്, സുപ്രഭാതം, ദീപിക, മാധ്യമം, ജനയുഗം എന്നിവ അത് മുൻപേജിൽ ചേർത്തു. സുപ്രഭാതത്തിലത് പക്ഷേ, വെറും കുറ്റകൃത്യമായാണ് ഒറ്റക്കോളം വാർത്തയിൽ കാണിച്ചത്. എ.എസ്.ഐയുടേതൊഴികെ മറ്റു ഇരകളുടെ പേരില്ല; വർഗീയവിദ്വേഷമാണ് പ്രേരണയെന്ന സൂചനകളും വിട്ടുകളഞ്ഞു. സിറാജിൽ വാർത്ത സൂപ്പർലീഡാണ്; അതിലും പേരുകളില്ല.

ദീപികയിൽ ഇരകളുടെ പേരുണ്ട്; ഘാതകന്റെ വാക്കുകൾ ഇല്ല. ‘‘...കാരണം വ്യക്തമല്ല. ട്രെയിനിൽ വാക്കേറ്റമോ കൈയ്യാങ്കളിയോ ഉണ്ടായില്ല എന്നാണ് റിപ്പോർട്ടുകൾ’’ എന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു.

മാധ്യമത്തിൽ ഇരകളുടെയെല്ലാം പേരും ഘാതകൻ പറഞ്ഞതായി സമൂഹമാധ്യമങ്ങളിൽ വന്ന വാക്കുകളും ഉണ്ട്.

മാതൃഭൂമിയിൽ നാലാം പേജിലാണ് വാർത്ത. ഇരകളുടെ പേരുണ്ട്. എങ്കിലും വംശവെറിയുടേതായ മാനം പരിഗണിച്ചിട്ടില്ല. ‘‘...മാനസികാസ്വാസ്ഥ്യം ഉള്ളയാളായിരുന്നെന്നും ദേഷ്യം നിയന്ത്രിക്കാനാകാതെ മേലു​േദ്യാഗസ്ഥനെ വെടിക്കുകയായിരുന്നെന്നും’’ സുരക്ഷാ മേധാവി അറിയിച്ചതായി വാർത്തയിലുണ്ട് – ‘‘കാരണമെന്താണെന്ന് അറിവായിട്ടില്ലെ’’ന്നും. ‘‘പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ, മുന്നിൽപെട്ടവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.’’ ‘‘ലക്ഷ്യ’’ത്തിലേക്ക് സൂചനയാകാവുന്ന ഘാതകന്റെ വാക്കുകൾ ഒഴിവാക്കിയിരിക്കുന്നു.

മലയാള മനോരമയിൽ (ആറാം പേജ്) കൊല്ലപ്പെട്ട എല്ലാവരുടെയും പേരുണ്ട്. എന്നാൽ, കൊലയാളിയുടെ വാക്കുകൾ ഇല്ല. ‘‘ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് സ്ഥലം മാറ്റിയതിൽ ചേതൻ അസ്വസ്ഥനായിരുന്നെന്നാണ് സൂചന’’ എന്നാണ് കാരണത്തെപ്പറ്റി പറയുന്നത്.

ജന്മഭൂമിയിൽ എ.എസ്.ഐ ഒഴികെയുള്ള ഇരകളുടെ പേരില്ല. ഏഴാംപേജിലെ വാർത്ത പറയുന്നു: ‘‘...മീണയുമായി ഇയാൾ തർക്കത്തിലേർപ്പെട്ടിരുന്നതായും പറയുന്നു.’’ കൊലയാളിക്ക് മാനസികപ്രശ്നമുണ്ടായിരുന്നെന്ന പൊലീസിന്റെ അഭിപ്രായവും ചേർത്തിട്ടുണ്ട്.

മംഗളം (ഏഴാം പേജ്) ‘‘എ.എസ്.ഐ ഉൾപ്പെടെ നാലു യാത്രക്കാരെ’’ വെടിവെച്ചുകൊന്നതായി പറയുന്നു. ‘‘മരിച്ച മറ്റു മൂന്നുപേർ ട്രെയിനിലെ യാത്രക്കാരാണ്’’ എന്നല്ലാതെ പേരില്ല. കൊലക്കുള്ള പ്രേരണ സൂചിപ്പിക്കുന്ന അയാളുടെ വാക്കുകളുമില്ല. ‘‘സഹപ്രവർത്തകരെ ലക്ഷ്യമിട്ടാണ് ചേതൻസിങ് വെടിയുതിർത്തതെന്നാണ് സൂചന’’യത്രെ.

ദേശാഭിമാനി (ഏഴാം പേജ്) ഇരകളുടെയെല്ലാം പേര് നൽകി. വാർത്തയിൽ പറയുന്നു: ‘‘ചേതൻസിങ് അടുത്ത ബോഗിയിലെത്തി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നെന്നും ഇയാൾ ബി.ജെ.പിക്കും മോദിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ചതായും വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.’’

ഔദ്യോഗിക ഭാഷ്യം മാത്രമാണ് ജനയുഗത്തിൽ കണ്ടത്. ‘‘രണ്ട് യാത്രക്കാർ ഉൾപ്പെടെ നാലുപേർ മരിച്ചു’’ എന്ന് പറയുന്ന റിപ്പോർട്ടിൽ എ.എസ്.ഐ ഒഴികെയുള്ള ഇരകൾക്ക് പേരില്ല. ‘‘കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല’’ത്രെ.

കേരള കൗമുദി (ഏഴാം പേജ്)യും ഒൗദ്യോഗിക ഭാഷ്യം പകർത്തി. കൊല്ലപ്പെട്ട മൂന്നുപേർ പേരില്ലാത്തവർ. ‘‘കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.’’

കാരണം വ്യക്തമ​ല്ലെങ്കിലും അതിന്റെ സ്വഭാവം കൊലയാളി തിരഞ്ഞുപിടിച്ച ഇരകളുടെ പേരും അയാൾ വിളിച്ചുപറഞ്ഞ വാക്കുകളും വ്യക്തമാക്കിത്തരുന്നുണ്ട്. വെറുമൊരു കൊലപാതകമെന്നതിൽനിന്ന് ഇതിനെ ഇന്ന് രാജ്യത്തിന്റെ അന്തരീക്ഷത്തെ നിർവചിക്കുന്ന ഒന്നാക്കിമാറ്റുന്നത് അത് രണ്ടുമാണ്. അവ മറച്ചുവെച്ചവർ വാർത്തയുടെ മർമമാണ് തമസ്കരിച്ചത്. ട്രെയിൻ യാത്രക്കാർപോലും മതവിദ്വേഷത്തിനിരയാകുന്ന ഭീകരാന്തരീക്ഷം അങ്ങനെ ഏതോ ഒരു കൊലപാതകം മാത്രമായി മാറ്റപ്പെട്ടു.

പേര് പറയരുത്

കുറ്റകൃത്യങ്ങളുടെ വാർത്തകൾ കൊടുക്കുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. എന്നാൽ, വസ്തുതകൾ മറച്ചുവെക്കാൻ ഇത് ന്യായവുമല്ല.

പരസ്യപ്പെടുത്താവുന്നതും അല്ലാത്തതുമായ കാര്യങ്ങളുണ്ട്. പീഡനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളിൽ ഇരയുടെ പേരോ തിരിച്ചറിയാവുന്ന വിവരങ്ങളോ പടങ്ങളോ പ്രസിദ്ധപ്പെടുത്തിക്കൂടാ.

ജൂലൈ 23ന് ശ്രദ്ധേയമായ ഒരു കോടതിവിധി മലയാള പത്രങ്ങളിലുണ്ടായിരുന്നു – ഏറെയും മുൻ പേജിൽതന്നെ. ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും 14 വയസ്സുകാരിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലെ കോടതിവിധിയായിരുന്നു ആ വാർത്ത. ഇടുക്കി ആനച്ചാലിന് സമീപം 2021 ഒക്ടോബർ 3നായിരുന്നു കുറ്റകൃത്യം നടന്നത്.

റിപ്പോർട്ടുകൾക്ക് പ്രകടമായ ഒരു സവിശേഷത ഉണ്ടായിരുന്നു. ജഡ്ജിയുടെയും അഭിഭാഷകരുടെയും ഒഴിച്ച് ആരുടെയും പേരില്ല.

ഇരകളെയും കുടുംബത്തെയും അനാവശ്യ പബ്ലിസിറ്റിയിൽനിന്ന് സംരക്ഷിക്കാനുള്ള നിയമം (ധാർമിക മര്യാദയും) അനുസരിച്ചാണിത്.

(കേരള കൗമുദി ഇത് പാലിച്ചു കണ്ടില്ല – അബദ്ധവശാലാകാം. അതിൽ പ്രതിയുടെയും കൊല്ലപ്പെട്ട കുട്ടിയുടെയും പടങ്ങളും പേരുകളുമുണ്ട്. അതിജീവിതയെ തിരിച്ചറിയുന്ന വിവരങ്ങൾ ചേർത്തുകൂടാത്തതായിരുന്നു.)

ഈ സംഭവത്തിൽ പ്രതിയുടെ പേരുപോലും പത്രങ്ങൾ ഒഴിവാക്കി. സാധാരണ നിലക്ക് പരസ്യപ്പെടുത്തേണ്ടതാണ് അതെങ്കിലും. ഇതിലെ പ്രതി ഇരകളുടെ ബന്ധുവാണ്. അതിനാൽ, അയാളുടെ പേരടക്കം ഒഴിവാക്കിയാണ് വാർത്ത മിക്ക പത്രങ്ങളും പ്രസിദ്ധപ്പെടുത്തിയത്.

വായനക്കാരുടെ മനസ്സിൽ ഉയരാവുന്ന സംശയത്തിനുള്ള മറുപടി വാർത്തക്കൊടുവിൽ ചേർക്കാൻ മലയാള മനോരമ ശ്രദ്ധിച്ചു. അത് ഇങ്ങനെ: ‘‘അക്രമത്തിനിരയായ കുട്ടികളെ തിരിച്ചറിയാതിരിക്കാനാണ് വാർത്തയിൽ പ്രതിയുടെ അടക്കം പേരും വിലാസവും ചിത്രവും ഒഴിവാക്കിയത്.’’

വാർത്ത വേണം; സ്വകാര്യതയും

ദുരന്തത്തിനും അക്രമത്തിനും ഇരയായവരെപ്പറ്റി വാർത്ത ചെയ്യുമ്പോൾ അവരുടെ സ്വകാര്യതയെ മാനിക്കണം. ദ ഹിന്ദു പത്രത്തിലെ ‘നോട്ട്ബുക്’ എന്ന പംക്തിയിൽ ജൂലൈ 28ന് സോമ ബസു ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്.

പത്രപ്രവർത്തകരുടെ കൗതുകകരവും വിജ്ഞാനപ്രദവുമായ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി അവർതന്നെ എഴുതുന്ന കുറിപ്പുകളാണ് ‘നോട്ട്ബുക്’ പംക്തിയിൽ പ്രസിദ്ധപ്പെടുത്തുക. ജേണലിസം വിദ്യാർഥികൾക്കുകൂടി ഉപകാരപ്പെടുന്നതാണ് അവ.

സോമ ബസു അവരുടെ കുറിപ്പിൽ പറയുന്നു, വാർത്തയെന്നനിലക്ക് വളരെ പ്രാധാന്യമുള്ള സംഭവങ്ങളിൽപോലും സ്വകാര്യത മാനിക്കാൻ റിപ്പോർട്ടർമാർ ചിലപ്പോൾ നിശ്ശബ്ദരാകേണ്ടിവരാം എന്ന്. വാർത്തയെ മനുഷ്യത്വംകൊണ്ട് അളക്കാനും റിപ്പോർട്ടർമാർ ബാധ്യസ്ഥരാണ്.

ട്രെയിനിനുള്ളിലെ വെടിവെപ്പിന്റെ ഇരകളെ ലോകം തിരിച്ചറിയണം. ഇടുക്കിയിലെ പീഡനത്തിന്റെ ഇരയെ തിരിച്ചറിയാതിരിക്കണം.

രണ്ടും ജേണലിസത്തിൽ പ്രധാനമാണ്.

News Summary - madhyamam weekly media scan