Begin typing your search above and press return to search.
proflie-avatar
Login

വസ്തുതാ റിപ്പോർട്ടിനും കേസാണ് ശിക്ഷ

വസ്തുതാ റിപ്പോർട്ടിനും കേസാണ് ശിക്ഷ
cancel

ഒരു സംസ്ഥാനം മാസങ്ങളോളം അക്രമത്തിനിരയാവുക; ഭരണം തകർന്നു എന്ന് സുപ്രീംകോടതി വരെ നിരീക്ഷിക്കുന്ന അവസ്ഥയുണ്ടാവുക. ജനങ്ങൾക്ക് യഥാർഥ വാർത്ത അറിയാനുള്ള വഴികൾ കൊട്ടിയടക്കപ്പെടുക. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടാൻ മാർഗമില്ലാതാവുക. ഇന്റർനെറ്റ് തുടർച്ചയായി തടയപ്പെടുക. അതേസമയം, ചില പ്രാദേശിക മാധ്യമങ്ങൾ വ്യാജ വാർത്തകളും വിദ്വേഷവും പരത്തുക.

മണിപ്പൂരിന്റെ അവസ്ഥ ഇതാണ്–അക്രമങ്ങളുടെ മൂർധന്യാവസ്ഥയിൽ വിശേഷിച്ചും.

എന്താണവിടെ നടക്കുന്നതെന്ന് പിടിയില്ലാത്ത സംസ്ഥാന സർക്കാർ, ഒടുവിൽ എഡിറ്റേഴ്സ് ഗിൽഡ് നടത്തിയ വസ്തുതാന്വേഷണത്തെ കോടതി കയറ്റുകയാണ്.

ഗിൽഡിന്റെ വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് അംഗങ്ങൾക്കെതിരെ മണിപ്പൂർ പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നു. ഗിൽഡിന്റെ പ്രസിഡന്റിനെതിരെയുമുണ്ട് കേസ്.

പൊലീസിന്റെ വിവരക്കേടോ ധാർഷ്ട്യമോ എന്ന് വ്യക്തമല്ല, ഐ.ടി നിയമത്തിന്റെ 66 എ വകുപ്പും കേസിൽ ചുമത്തിയിട്ടുണ്ട്. സുപ്രീംകോടതി റദ്ദാക്കിയതും, മേലിൽ ആരെയും പ്രോസിക്യൂട്ട് ചെയ്യാൻ ഉപയോഗിക്കരുതെന്ന് നിർദേശിച്ചതുമായ വകുപ്പാണ് ഇത്.

സംസ്ഥാനത്തെ വർഗീയാതിക്രമങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ പറ്റിയാണ് എഡിറ്റേഴ്സ് ഗിൽഡിന്റെ സംഘം അന്വേഷണം നടത്തിയത്.

‘‘നിന്ദ്യവും ഭീഷണവു’’മായ ഓൺലൈൻ പോസ്റ്റിന്റെ പേരിൽ ഒരാളെ പിടിച്ച് ജയിലിലിടാൻ സർക്കാറിന് അധികാരം നൽകുന്നതാണ് ഈ 66 എ വകുപ്പ്. ഈ വകുപ്പിന് പുറമെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ഈ കേസിൽ ചാർത്തിയിട്ടുണ്ട്. ആളുകൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, ആരാധനാലയത്തിന് കേടുവരുത്തൽ, മതവികാരം വ്രണപ്പെടുത്താനോ പൊതുസമൂഹത്തിൽ കുഴപ്പമുണ്ടാക്കാനോ ഉദ്ദേശിച്ചുള്ള പറച്ചിൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവയിൽ പരാമർശിക്കുന്നത്. ഔദ്യോഗിക ജീവനക്കാരനിൽനിന്നുള്ള കുറ്റകരമായ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പറയുന്ന അഴിമതി നിരോധന നിയമത്തിലെ 13ാം വകുപ്പും കേസിൽ ചേർത്തിട്ടുണ്ട്.

ഇംഫാലിലെ പ്രാദേശിക പത്രങ്ങൾ ഒട്ടനേകം വ്യാജ വാർത്തകൾ പ്രസിദ്ധപ്പെടുത്തി എന്നു മാത്രമാണ് വസ്തുതാന്വേഷണ റിപ്പോർട്ടെങ്കിൽ സംസ്ഥാന സർക്കാറിന് പ്രശ്നമുണ്ടാകുമായിരുന്നില്ല. എന്നാൽ, മണിപ്പൂർ അതിക്രമങ്ങളിൽ സംസ്ഥാന സർക്കാർ പക്ഷംപിടിച്ചു എന്ന് കണ്ടെത്തിയത് പ്രശ്നമായി. സർക്കാർ മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നതായി റിപ്പോർട്ട് ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കുന്നു. കുക്കി വിരുദ്ധത വളർത്തിയതിൽ മാധ്യമങ്ങൾക്ക് മാത്രമല്ല, സർക്കാറിനും പങ്കുണ്ട്.

അക്രമങ്ങൾ പുറപ്പെടുന്നതിന് മുമ്പുതന്നെ കുക്കികൾക്കെതിരായ പ്രസ്താവനകൾ ബിരേൻ സിങ് സർക്കാറിൽനിന്നുണ്ടായി. കുക്കികളെ അനധികൃത കുടിയേറ്റക്കാരെന്നും പോപ്പി കൃഷിക്കാരെന്നും അടച്ചാക്ഷേപിച്ച ഭരണനേതൃത്വം രാഷ്ട്രീയനേട്ടത്തിന് വേണ്ടി കുക്കിവിരുദ്ധ വികാരം ഉപയോഗപ്പെടുത്തുകയും ചെയ്തു.

സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ഫലത്തിൽ ഭൂരിപക്ഷ മെയ്തെയ് ഗോത്രക്കാർക്ക് അനുകൂലമായ വാർത്തകൾ (പലതും വ്യാജം) പ്രചരിക്കുന്നതിന് ഇടവരുത്തിയതായും ഗിൽഡിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

വാസ്തവത്തിൽ എഡിറ്റേഴ്സ് ഗിൽഡ് അന്വേഷണ സമിതിയെ നിയോഗിച്ചതുതന്നെ, വ്യാജവാർത്തകളും വിദ്വേഷ സന്ദേശങ്ങളും മണിപ്പൂരിൽ പരക്കുന്നതായി സൈന്യം ചൂണ്ടിക്കാണിച്ചപ്പോഴാണ്. ഭിമാപുർ ആസ്ഥാനമായ കരസേനയുടെ സ്പിയർ കോർ ആ വിഷയത്തെപ്പറി എഡിറ്റേഴ്സ് ഗിൽഡിന് കത്തെഴുതിയതിനെ തുടർന്ന് സീമ ഗുഹ, സഞ്ജയ് കപൂർ, ഭരത് ഭൂഷൺ എന്നീ മൂന്ന് മുതിർന്ന പത്രപ്രവർത്തകരടങ്ങുന്ന സമിതിയെ ഗിൽഡ് നിയോഗിക്കുകയായിരുന്നു.

നിഷ്ക്രിയത്വം മാത്രമല്ല, സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുമ്പോൾ ആ റിപ്പോർട്ട് തയാറാക്കിയവർക്കെതിരെ കേസെടുക്കുക വഴി ആരോപണം സ്ഥിരീകരിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. മാസങ്ങളോളം ഭരണവും നിയമവും ഇല്ലാത്ത അവസ്ഥ. 180ഓളം പേർ കൊല്ലപ്പെടുകയും 60,000ത്തിലേറെ പേർ അഭയാർഥികളാവുകയും ഗ്രാമങ്ങൾ കത്തിച്ചാമ്പലാവുകയും ആരാധനാലയങ്ങൾ തകർക്കപ്പെടുകയും സ്ത്രീകൾക്കെതിരെ പരക്കെ അക്രമം നടക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ അനങ്ങാതിരിക്കുക മാത്രമല്ല, അക്രമങ്ങൾക്ക് പ്രേരണയാവുകകൂടി ചെയ്തു എന്ന കണ്ടെത്തൽ ഗുരുതരമാണ്. സർക്കാറിന് നിലനിൽക്കാനുള്ള അർഹതയെയാണ് കണ്ടെത്തിയ വസ്തുതകൾ ചോദ്യംചെയ്യുന്നത്. സർക്കാറിനെ നീക്കി രാഷ്ട്രപതിഭരണമേർപ്പെടുത്താൻ വേണ്ടതിലേറെ ന്യായമുണ്ടായിരുന്നുവെങ്കിൽ അത് കേന്ദ്ര സർക്കാറിനെ കൂടി ബാധിക്കുന്ന ആരോപണമാണ്.

‘‘ഇവിടെ ജേണലിസം മരിച്ചു കഴിഞ്ഞു’’

മുഖം മോശമായതിന് കണ്ണാടി ഉടക്കുക, നേരു പറഞ്ഞതിന്റെ പേരിൽ അത് പറഞ്ഞവനെ ശിക്ഷിക്കുക തുടങ്ങിയവ പ്രാകൃതമുറകളായി അറിയപ്പെടുന്നു. പക്ഷേ, ഇന്ന് നമ്മുടെ നാട്ടിൽ ഇത് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.

എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് മണിപ്പൂരിലെ ഭരണത്തിനു നേരെ പിടിച്ച കണ്ണാടികൂടിയാണ്. അതിനെതിരെ കേസെടുക്കുമ്പോൾ കോടതിയിൽ ജയിക്കാമെന്ന പ്രതീക്ഷ മണിപ്പൂർ സർക്കാറിനുണ്ടാകുമെന്ന് കരുതാനാകില്ല. എന്നാൽ, കേസ് തന്നെ ശിക്ഷയാകുന്ന ഇന്ത്യനവസ്ഥയിൽ വസ്തുത പറയുന്നവരെ പിന്തിരിപ്പിക്കാൻ അതിന് കഴിയും. മാധ്യമപ്രവർത്തകരിലും സ്ഥാപനങ്ങളിലും അത് ‘ചിലിങ് ഇഫക്ട്’ ഉണ്ടാക്കും. അതുതന്നെയാവാം ലക്ഷ്യവും.

നീതിന്യായ സംവിധാനത്തെ അടിച്ചമർത്തലിനുള്ള ഉപാധിയാക്കുന്ന രീതി അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. ഇപ്പോൾ അത് മാധ്യമങ്ങൾക്ക് നേരെയും നീളുന്നു. കശ്മീരിലെ മാധ്യമങ്ങൾ എങ്ങനെ നിശ്ശബ്ദരാക്കപ്പെട്ടു എന്ന് വിവരിക്കുന്ന വിശദമായ ഒരു റിപ്പോർട്ട് ബി.ബി.സി ഈയിടെ പുറത്തുവിട്ടു.


മാധ്യമപ്രവർത്തകർക്കെതിരെ നിരന്തരം കേസെടുക്കുന്നതായി യോഗിത ലിമായെയുടെ റിപ്പോർട്ട് പറയുന്നു. ഒരു കേസിൽ ജാമ്യം കിട്ടിയാലും പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ മറ്റൊരു കേസ് കൂടി എടുക്കും.

ഒരു വർഷത്തിലേറെയായി ബി.ബി.സി നടത്തിയ അന്വേഷണത്തിൽ, അനേകം സംഭവങ്ങൾ കണ്ടെത്തി. പത്രപ്രവർത്തകരെ നേരിട്ടു കാണുകപോലും പ്രയാസമായിരുന്ന​േത്ര. പലപ്പോഴും രഹസ്യമായി മാത്രം കണ്ടു സംസാരിക്കാനാണ് അവർ തയാറായത്. അപ്പോഴും തങ്ങളുടെ പേര് പുറത്തുപറയരുത് എന്ന ഉപാധിയുണ്ടാകും.

ഈ റിപ്പോർട്ടിന് വേണ്ടി പലതവണ കശ്മീരിൽ ചെല്ലേണ്ടിവന്നു. രണ്ടു ഡസനിലേറെ ജേണലിസ്റ്റുകളുമായി നേരിട്ട് സംസാരിച്ചു. അവരെല്ലാവരും – റിപ്പോർട്ടർമാർ, ഫ്രീലാൻസ് ജേണലിസ്റ്റുകൾ, ഫോട്ടോ ​ജേണലിസ്റ്റുകൾ എല്ലാം – ഒരേ സ്വരത്തിൽ പറഞ്ഞു, സർക്കാർ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയാണെന്ന്.

റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ബി.ബി.സി പ്രാദേശിക ഭരണകർത്താക്കളുമായി കാണാനും അവരുടെ ഭാഗം കേൾക്കാനും പലകുറി ശ്രമിച്ചു. ഇ-മെയിലുകൾ അയച്ചു. ഒരിക്കൽപോലും അവർ പ്രതികരിച്ചില്ല.

ബി.ബി.സി ലേഖിക നേരിട്ട് സംസാരിച്ച കശ്മീരി ജേണലിസ്റ്റുകളിൽ 90 ശതമാനം പേരെയും പൊലീസ് ഒന്നോ അതിലധികമോ തവണ വിളിപ്പിച്ചിട്ടുണ്ട്. ‘‘ഓരോ വാർത്ത എഴുതുമ്പോഴും ഇത് അവസാനത്തേതാകും എന്നാണ് മനസ്സിൽ കരുതുക’’ എന്ന് ഒരാൾ. ‘‘ഇവിടെ ജേണലിസം മരിച്ച് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു’’ എന്ന് മറ്റൊരാൾ. ഇന്ന് നടക്കുന്നത് സർക്കാറിന്റെ പി.ആർ പ്രവർത്തനം മാത്രമാണത്രേ.

മുമ്പ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കേന്ദ്രമെന്നറിയപ്പെട്ടിരുന്ന കശ്മീർ പ്രസ് ക്ലബ് ഇന്ന് ഒരു പൊലീസ് ആസ്ഥാനമാണെന്ന് ബി.ബി.സി റിപ്പോർട്ട് എടുത്തുപറയുന്നു.

ഇപ്പോഴത്തെ ഇന്ത്യൻ ജേണലിസത്തിന്റെ കൃത്യമായ ചിത്രമാണത്.

Show More expand_more
News Summary - madhyamam weekly media scan