Begin typing your search above and press return to search.
proflie-avatar
Login

വാർത്താ സമ്മേളനങ്ങൾ, നടക്കാത്തതും നടന്നതും

വാർത്താ സമ്മേളനങ്ങൾ, നടക്കാത്തതും നടന്നതും
cancel
camera_alt

സോഹിത് മിശ്ര, സുപ്രിയ ഭരദ്വാജ്

മൂന്ന് വാർത്താസമ്മേളനങ്ങളുടെ കഥയാണിത്. ഒന്ന് നടക്കാതെപോയത്; രണ്ടാമത്തേത് നടക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പിച്ചത്; മൂന്നാമത്തേത് അന്തർനാടകങ്ങളുടെ പശ്ചാത്തലത്തിൽ നടന്നത്.

നടക്കാതെപോയത്, ഇന്ത്യയിൽ ജി20 ഉച്ചകോടിയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനമാണ്. സാധാരണ സുപ്രധാന ദേശീയ-അന്തർദേശീയ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച പതിവാണ്. ഒന്നിലധികം ദിവസങ്ങളിലേക്ക് നീളുന്ന ഉച്ചകോടികളിൽ ഓരോ പ്രധാന സെഷനു ശേഷവും ഉത്തരവാദപ്പെട്ടവർ മാധ്യമങ്ങളെ കണ്ടെന്നുവരും. അതിനുപുറമെ, വിവിധ ലോകനേതാക്കളുമായി നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരമായും ആഗോള മാധ്യമപ്രവർത്തകർ ഇത്തരം സന്ദർഭങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

പക്ഷേ, അവർക്ക് തെറ്റി. ഇത് ഇന്ത്യയാണ്. പരിപാടികളിൽ വാർത്താ സമ്മേളനം എന്ന ഇനമില്ലാത്ത ഏക ഉച്ചകോടിയായി ഡൽഹി ജി20. പലരും ആവശ്യപ്പെട്ടിട്ടും ആതിഥേയരായ ഇന്ത്യ അതിന് തയാറായില്ല. നേതാക്കൾ പ്രസംഗിക്കുന്ന ഹാളുകളിലേക്ക് പ്രവേശനംപോലും ഔദ്യോഗിക മീഡിയക്ക് മാത്രമായിരുന്നു. ഉച്ചകോടി റിപ്പോർട്ട് ചെയ്യാനെത്തിയ നൂറുകണക്കിന് ജേണലിസ്റ്റുകൾക്ക് പണിയില്ലാതായി. ബൈഡൻ-മോദി കൂടിക്കാഴ്ചയുടെ ഒറ്റ പടംപോലും സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റുകൾക്ക് എടുക്കാൻ പറ്റിയില്ല.

ബൈഡനൊപ്പം വന്ന ‘വൈറ്റ് ഹൗസ് പ്രസ് കോറി​’ലെ അംഗങ്ങളെല്ലാം രോഷംകൊണ്ടു. അൽ ജസീറയിൽ മേഘ ബഹ്റി എഴുതിയ കുറിപ്പിൽനിന്ന്:

‘‘ഉച്ചകോടിയുടെ തുടക്കത്തിൽ ഞങ്ങൾക്ക് ആകെക്കൂടി കിട്ടിയത് മോദിയുടെ ഏതാനും മിനിറ്റ് പ്രസംഗം കേൾക്കാനുള്ള അവസരം മാത്രം. അതാകട്ടെ ശുദ്ധ ഹിന്ദിയിലും. ആർക്കും ഒന്നും മനസ്സിലായില്ല – ആഫ്രിക്കൻ യൂനിയന് അംഗത്വം നൽകി എന്ന സുപ്രധാന വിവരംപോലും.’’

ഉച്ചകോടിയുടെ നേട്ടങ്ങൾ – സാമ്പത്തിക ഇടനാഴി, ആഫ്രിക്കൻ യൂനിയന് അംഗത്വം എന്നീ തീരുമാനങ്ങൾ – ഇന്ത്യക്കകത്ത് കൊണ്ടാടപ്പെടുമ്പോഴും ഇവിടത്തെ മാധ്യമ അസ്വാതന്ത്ര്യത്തിന്റെ രുചി അറിഞ്ഞ വിദേശികൾ അതിനെപ്പറ്റിയാണ് കൂടുതലും പറയുന്നത്.

മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണവും പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പരസ്യങ്ങളും ജി20 ഉച്ചകോടിയുടെ പ്രധാന സവിശേഷതയായി വിദേശമാധ്യമങ്ങൾ പരിചയപ്പെടുത്തി. സി.എൻ.ബി.സി ചാനലിൽ മാർട്ടിൻ സൂങ് എന്ന ബിസിനസ് ലേഖകൻ അടുത്ത തെരഞ്ഞെടുപ്പ് ലാക്കാക്കി മോദി നടത്തുന്ന പ്രചാരണതന്ത്രമായി ജി20യെ എടുത്തുകാട്ടി. അനേകം വിദേശ റിപ്പോർട്ടുകളിൽ, ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ലഭ്യമായ ‘സ്വാതന്ത്ര്യം’ പരാമർശിക്കപ്പെട്ടു – നടക്കാതെപോയ ഡൽഹി വാർത്താസമ്മേളനവും.

ബൈഡൻ വിയറ്റ്നാമിൽ

കഴിഞ്ഞയാഴ്ച വാർത്തയായത് ഡൽഹിയിൽ ഇങ്ങനെ നടക്കാതെപോയ വാർത്താസമ്മേളനമാണ്. രണ്ടാമത്തേത് വിയറ്റ്നാമിൽവെച്ച് ജോ ബൈഡൻ മാധ്യമങ്ങൾക്കനുവദിച്ച മുഖാമുഖവും. ഇന്ത്യയിൽ മാധ്യമങ്ങൾക്ക് വിലക്കുണ്ടെന്നറിഞ്ഞപ്പോഴേ അമേരിക്കൻ ജേണലിസ്റ്റുകൾ –പ്രത്യേകിച്ച് പ്രസിഡന്റിന്റെ പരിപാടികളെല്ലാം റിപ്പോർട്ട് ചെയ്യുന്ന വൈറ്റ്ഹൗസ് കോർ – ആ വിലക്ക് പിൻവലിപ്പിക്കാൻ യു.എസ് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി. ഉദ്യോഗസ്ഥരാകട്ടെ പരമാവധി ശ്രമിച്ചു. പക്ഷേ, ഇന്ത്യൻ അധികൃതർ വഴങ്ങിയില്ല.

യു.എസ് ജേണലിസ്റ്റുകളെ തണുപ്പിക്കാൻ അവിടത്തെ ഉദ്യോഗസ്ഥർ ശ്രമിച്ചു. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച മോദിയുടെ വീട്ടിൽവെച്ചാണെന്നും അവിടത്തെ പ്രോട്ടോകോൾ മോദി തീരുമാനിച്ചതാണെന്നും സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ വിശദീകരിച്ചുനോക്കി. പലതവണ അമേരിക്കൻ സംഘം ഇന്ത്യൻ അധികൃതരോട് അഭ്യർഥന നടത്തിനോക്കി. ​വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ലാബോൾട്ട്, സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ഫൈനർ, ​ൈബഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് കാംബൽ തുടങ്ങി പലരും ശ്രമിച്ചു. ഇന്ത്യ കനിഞ്ഞില്ല. ഒടുവിൽ ക്ഷമകെട്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ഷാങ് പിയേ റിപ്പോർട്ടർമാരോട് തുറന്നുപറഞ്ഞു: ‘‘ഞങ്ങൾ കഴിവിന്റെ അങ്ങേയറ്റം, പഠിച്ച പണി മുഴുവൻ, ചെയ്തതാണ്’’ (doing our darndest, doing our best).

നിരാശരായ റിപ്പോർട്ടർമാരെ ആശ്വസിപ്പിക്കാനെന്നോണം പ്രസിഡന്റ് ബൈഡൻ ഡൽഹിയിൽവെച്ച് പറഞ്ഞു, ഇവിടംവിട്ട് വിയറ്റ്നാമിൽ ചെന്നാലുടൻ ഞാൻ മാധ്യമങ്ങളെ കാണും.

അദ്ദേഹം വാക്ക് പാലിച്ചു. പക്ഷേ, അദ്ദേഹം മാധ്യമങ്ങളെ കാണേണ്ടിയിരുന്നില്ലെന്ന് കരീൻ അടക്കമുള്ള യു.എസ് ഉദ്യോഗസ്ഥർക്ക് തോന്നിക്കാണും.

80 കഴിഞ്ഞ ബൈഡന്റെ ഓർമക്കുറവും ശ്രദ്ധക്കുറവും അത്രയേറെ വ്യക്തമായിരുന്നു.

ഉറക്കച്ചടവോടെ, ഒരു മണിക്കൂറിലേറെ വൈകിയാണ് ഹനോയിയിലെ വാർത്താസമ്മേളനത്തിന് ബൈഡൻ എത്തിയത്. ആദ്യംതന്നെ അദ്ദേഹം കീഴുദ്യോഗസ്ഥർ തയാറാക്കിയ ലിസ്റ്റ് എടുത്തു. ചോദ്യം ചോദിക്കേണ്ടവരുടെ പട്ടിക. അഞ്ചുപേരുണ്ട്. ബൈഡൻ തുടങ്ങി: ‘‘അഞ്ചുപേരെയാണ് ഇവർ എനിക്ക് തന്നിരിക്കുന്നത്, ചോദ്യം ചോദിക്കാൻ. അവരുടെ ഉത്തരവ് ഞാൻ അനുസരിക്കുന്നു എന്നുമാത്രം.’’

പണ്ടും പറഞ്ഞ തമാശ. ആർക്കും അത് തമാശയായി തോന്നിയില്ല. പിന്നെ വന്നു മ​റ്റൊരു സ്ഥിരം തമാശ: ‘‘പല രാജ്യങ്ങളിലായി പര്യടനത്തിലാണിപ്പോൾ. ഇവിടെയിപ്പോൾ വൈകുന്നേരമാണല്ലോ, അല്ലേ?’’

പരിപാടിക്കിടക്ക് ഒരിക്കൽ ഇങ്ങനെയും: ‘‘നിങ്ങളുടെ കാര്യമെനിക്കറിയില്ല. എനിക്ക് ഉറക്കം വരുന്നു; ഞാൻ ഉറങ്ങാൻ പോവുകയാണ്.’’

വാർത്താസമ്മേളനത്തിന് ബൈഡൻ തുടക്കമിട്ടത് ഇങ്ങനെ: ‘‘ഇങ്ങോട്ട് വരുന്ന വഴിക്ക് എന്റെ സ്റ്റാഫിലൊരാൾ ചോദിച്ചു, ഗുഡ്മോണിങ് വിയറ്റ്നാം എന്ന പ്രശസ്ത ഗാനം ഓർമയില്ലേ എന്ന്. അതുകൊണ്ട്, ഗുഡ് ഈവ്നിങ്, വിയറ്റ്നാം!’’

ഒരു അബദ്ധം; ഒപ്പം നയതന്ത്ര അമളിയും. ഒന്നാമത്, അത് ഗാനമല്ല. സിനിമയുടെ പേരാണ്. അതിനേക്കാൾ ഗുരുതരം, വിയറ്റ്നാമിൽ അമേരിക്കൻ പ്രസിഡന്റ് ഓർമിപ്പിച്ച ചലച്ചിത്രം അമേരിക്ക വിയറ്റ്നാമിനെതിരെ ചെയ്ത യുദ്ധത്തെപ്പറ്റിയുള്ളതായിരുന്നു എന്നതാണ്.

പിന്നാലെ, അനുവദിച്ച അഞ്ച് ചോദ്യങ്ങളും കാടുകയറിയുള്ള മറുപടികളും. അഞ്ചാമത്തേത്, ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഫോസിൽ ഇന്ധനം ഒഴിവാക്കുന്നതിനെപ്പറ്റി ധാരണ ഉണ്ടാകാത്തതിൽ ആശങ്കയില്ലേ എന്ന്. അതിനും കൃത്യമല്ലാത്ത മറുപടി പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് കരീൻ ഇടപെട്ടു.

അവർ ബൈഡനേക്കാൾ ഉച്ചത്തിൽ പറഞ്ഞു: ‘‘നന്ദി, എല്ലാവർക്കും. വാർത്താസമ്മേളനം കഴിഞ്ഞു. നന്ദി.’’ ബൈഡന്റെ മൈക് ഓഫായി. റിപ്പോർട്ടർമാർ അപ്പോഴും എന്തോ വിളിച്ചുചോദിക്കുന്നു. മൈക് ഓഫായതറിയാതെ ബൈഡൻ മറുപടി പറയുന്നു. പശ്ചാത്തലത്തിൽ ജാസ് സംഗീതം ഉച്ചത്തിലായിക്കൊണ്ടിരിക്കുന്നു. ബൈഡൻ കാര്യം മനസ്സിലാക്കി സ്റ്റേജ് വിടുന്നു.

‘രാഹുലിന്റെ പ്രസ് കോൺഫറൻസ് കലക്കണം’

ഇനി, മൂന്നാമത്തെ വാർത്താസമ്മേളന വിശേഷം. അന്തർനാടകങ്ങളുടെ കഥ. സോഹിത് മിശ്രയും സഞ്ജയ് പുഗലിയയും എൻ.ഡി.ടി.വി ചാനലിൽനിന്ന് ഒഴിയേണ്ടിവന്ന കഥ.

എൻ.ഡി.ടി.വിയിൽ മുംബൈ ബ്യൂറോ ചീഫായിരുന്നു സോഹിത് മിശ്ര. അദാനി ഗ്രൂപ് ചാനൽ കൈവശപ്പെടുത്തിയശേഷം അതിന്റെ നയങ്ങളിൽ വന്ന മാറ്റത്തിൽ അസ്വസ്ഥരായ പലരും അതിലുണ്ട്. അതിനിടക്ക് ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നു; അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണം ഉയർത്തുന്നു. അദാനി ഗ്രൂപ്പിന് അത് വലിയ ക്ഷീണമുണ്ടാക്കി. ഇപ്പോൾ ഒ.സി.സി.ആർ.പി (Organized Crime and Corruption Reporting Project) പുറത്തുകൊണ്ടുവന്ന തട്ടിപ്പു വാർത്തകൾ അദാനി ഗ്രൂപ്പിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു. അദാനി ഗ്രൂപ്പിന് മോദിസർക്കാർ നൽകുന്ന വഴിവിട്ട സഹായങ്ങളെപ്പറ്റി രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനമുയർത്തിക്കൊണ്ടിരിക്കുന്നു.

പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ ശക്തിപ്പെട്ടുവരുന്നത് സ്വാഭാവികമായും ഭരണപക്ഷത്തെ അലോസരപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഒ.സി.സി.ആർ.പി വെളിപ്പെടുത്തലിനു പിന്നാലെ മുംബൈയിൽ ‘ഇൻഡ്യ’ സഖ്യത്തിന്റെ മൂന്നാം കൂടിയാലോചനാ യോഗം വിളിച്ചതും അതിനോടു ചേർന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ചതും പലരെയും അസ്വസ്ഥരാക്കി.

വാർത്താസമ്മേളനത്തിൽ, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എൻ.ഡി.ടി.വി പ​ങ്കെടുക്കുന്നു. ബ്യൂറോ ചീഫ് സോഹിത് മിശ്രയാണ് എത്തുക.

വാർത്താസമ്മേളനം തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് സഞ്ജയ് പുഗലിയ സോഹിതിനെ വിളിച്ചു. രാഹുലിന്റെ വാർത്താസമ്മേളനത്തിൽ ബഹളം സൃഷ്ടിച്ച് അത് കലക്കണമെന്നും വാർത്താസ്വഭാവം മാറ്റിയെടുക്കണമെന്നും അദ്ദേഹം തന്നോടാവശ്യപ്പെട്ടു എന്ന് സോഹിത് പറയുന്നു.

ഇല്ലെങ്കിൽ പുറത്താക്കുമെന്ന് പുഗലിയ ഭീഷണിപ്പെടുത്തിയത്രെ. സോഹിത് വഴങ്ങിയില്ല. എൻ.ഡി.ടി.വിയിൽനിന്ന് അദ്ദേഹം രാജിവെച്ചു.

അദാനി ഗ്രൂപ് ചാനൽ ഏറ്റെടുത്തശേഷം അതിൽ ചേർന്നയാളാണ് പുഗലിയ.

സോഹിത് മിശ്രയെപ്പോലെത്തന്നെ അധാർമികമായ കൽപനയെ ധിക്കരിച്ചുകൊണ്ട് ഇക്കൊല്ലം വാർത്താ ചാനൽ വിട്ട മറ്റൊരാളാണ് സുപ്രിയ ഭരദ്വാജ്. ഇന്ത്യ ടുഡേ, ടി.വി 9 ഭാരത് വർഷ് എന്നീ ചാനലുകളിൽ റിപ്പോർട്ടറായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടക്കം മുതൽ അവസാനം വരെ റിപ്പോർട്ട് ചെയ്തു. രാഹുലിന്റെ വാർത്താസമ്മേളനങ്ങളിൽ എതിർചോദ്യങ്ങളുന്നയിക്കാൻ മേലധികാരികൾ നിർബന്ധിച്ചതാണ് കഴിഞ്ഞ മാർച്ചിൽ അവരെ രാജിവെക്കാൻ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്.

സുപ്രിയയും സോഹിതും സ്വന്തമായി യൂട്യൂബ് ചാനലുകളിലേക്ക് മാറിയിരിക്കുന്നു.

Show More expand_more
News Summary - madhyamam weekly media scan