ലോകമാധ്യമങ്ങൾ നോക്കുന്നു, ഇന്ത്യയിലേക്ക്
തീവ്രവർഗീയപക്ഷം പരസ്യമായി കൊലവിളി നടത്തിയത് പോയവർഷത്തെ ഏറ്റവും വലിയ രാജ്യദ്രോഹമായി അറിയപ്പെടുമായിരുന്നു- മാധ്യമങ്ങൾ സത്യം അറിയാനും പറയാനും ശ്രദ്ധിച്ചിരുന്നെങ്കിൽ.
ഹരിദ്വാറിൽ ഡിസംബർ 17, 18, 19 തീയതികളിൽ നടന്ന ഹിന്ദുത്വ നേതാക്കളുടെ മതപാർലമെന്റിൽ (ധർമസൻസദ്) ഉയർന്നത് ലോകമാധ്യമങ്ങളെ ഞെട്ടിച്ച അക്രമ ആഹ്വാനമായിരുന്നു. ഒന്നിലധികം പ്രസംഗകർ പരസ്യമായി ചെയ്ത ആഹ്വാനങ്ങൾ: മുസ്ലിംകളെ കൊല്ലണം, ഹിന്ദുക്കൾ ആയുധമേന്തണം, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ വെടിവെച്ചു കൊല്ലണം, ക്രിസ്മസ് ആഘോഷിക്കുന്ന ഹോട്ടലുകൾ സൂക്ഷിക്കണം എന്നിങ്ങനെ പോയി പ്രസംഗങ്ങൾ.
നിസ്സാര വിഷയങ്ങൾപോലും അന്തിച്ചർച്ചക്ക് വിഷയമാക്കാറുള്ള 'ദേശീയ' ചാനലുകൾ ഈ വിഷയം ചർച്ചക്കെടുത്തില്ല. ആജ്തക്, ടൈംസ് നൗ ചാനലുകൾ പ്രൈംടൈമിൽനിന്ന് മാറ്റി; അപ്രധാനസമയത്ത് ഏതാനും മിനിറ്റ് അതിനെപ്പറ്റി പറഞ്ഞു.
എ.ബി.പി, റിപ്പബ്ലിക് ടി.വി (ഇംഗ്ലീഷ്), റിപ്പബ്ലിക് ഭാരത് (ഹിന്ദി) എന്നിവയും അത് ഒഴിവാക്കി. എൻ.ഡി.ടി.വിയും ഇന്ത്യ ടുഡേയുമാണ് സംഭവം ചർച്ചക്കെടുക്കാൻ തയാറായ ഇംഗ്ലീഷ്/ഹിന്ദി ചാനലുകൾ.
തീവ്രഹിന്ദുത്വ ചാനലായ സുദർശൻ ന്യൂസിന്റെ ചീഫ് എഡിറ്റർ കൊലവിളിയിൽ പങ്കാളിയായതും ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. സുരേഷ് ചവാങ്കെയും അദ്ദേഹത്തിന്റെ ചാനലും വർഗീയ പ്രചാരണത്തിന്റെ പേരിൽ അറിയപ്പെടുന്നവയാണ്.
എന്നാൽ, വിദേശ പത്രങ്ങളും ചാനലുകളും ഗൗരവത്തോടെതന്നെ ഇന്ത്യയുടെ ഫാഷിസത്തിലേക്കുള്ള വീഴ്ചയെ കണ്ടു.
ന്യൂയോർക് ടൈംസിലെ (ഡിസം. 24) ലേഖനത്തിന്റെ തലക്കെട്ട്: ''ഹിന്ദു തീവ്രവാദികൾ മുസ്ലിംകളെ കൊല്ലാൻ ആഹ്വാനം ചെയ്യുമ്പോൾ ഇന്ത്യയിലെ നേതാക്കൾ മൗനത്തിൽ.'' ഈയിടെയായി ഇന്ത്യയിൽ കാണുന്ന കടുത്ത മുസ്ലിം വിരോധം കണക്കിലെടുത്താൽപോലും ഹരിദ്വാറിലെ അക്രമ ആഹ്വാനം അതിതീക്ഷ്ണമെന്ന് ലേഖനത്തിൽ സമിർ യാസിർ അഭിപ്രായപ്പെട്ടു.
വംശഹത്യക്ക് ആഹ്വാനം മുഴങ്ങുമ്പോഴും നേതാക്കൾ മിണ്ടാതിരിക്കുന്നു എന്നുതന്നെ വാഷിങ്ടൺ പോസ്റ്റിൽ റാണ അയ്യൂബ് എഴുതിയ ലേഖനത്തിലും (ഡിസം. 29) എടുത്തുപറഞ്ഞു. ''ഇന്ത്യയിൽ മുസ്ലിംകളെ കൊന്നൊടുക്കാനുള്ള ആഹ്വാനങ്ങൾ കൂടുതൽ ഉച്ചത്തിലാകുമ്പോൾ, മോദിയുടെ മൗനം സമ്മതമാകുന്നു'' എന്നാണ് തലക്കെട്ട്.
മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ അക്രമങ്ങൾ പെരുകുമ്പോഴും ഭൂരിപക്ഷ സമുദായത്തിൽപെട്ടവർ നിശ്ശബ്ദത പാലിക്കുന്നതിന്റെ അർഥമെന്താണ്? -േലഖനം ചോദിക്കുന്നു.
ഇസ്രായേലി പത്രമായ ഹാരറ്റ്സിലെ (ഡിസംബർ 29) തലക്കെട്ട്: ''മോദിയുടെ വിദ്വേഷ രാഷ്ട്രീയം മുസ്ലിംകളെ കൊല്ലാനുള്ള ആഹ്വാനത്തോടൊപ്പം ക്രിസ്ത്യാനികളെയും ഉന്നമിടുന്നു.''
ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമെതിരായ അക്രമങ്ങളും വിഷലിപ്തമായ ആഹ്വാനങ്ങളും സ്വാതി ചതുർവേദി എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ജനക്കൂട്ടത്തിന്റെ വിവരേക്കടും ടി.വിയിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടാനുള്ള മോഹവും ഒപ്പം, ഇതിനൊന്നും ഒരു നടപടിയും നേരിടേണ്ടിവരില്ലെന്ന തീർച്ചയുമാണ് ഇത്തരം സംഭവങ്ങൾക്ക് പ്രേരകമാകുന്നതെന്ന് ലേഖിക നിരീക്ഷിക്കുന്നു.
നേരത്തേ (ഒക്ടോബർ 4ന്) ടൈം മാഗസിൻ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. ''ഇന്ത്യ മുസ്ലിം വംശഹത്യയിേലക്കോ നീങ്ങുന്നത്?'' എന്ന തലക്കെട്ടിലുള്ള വിശദമായ ലേഖനം ദേബശിഷ് റോയ് ചൗധരി തുടങ്ങിയത്, പുറംലോകത്ത് മോദി ഗാന്ധിജിയെയും അഹിംസയെയും ധാരാളം ഉദ്ധരിക്കാറുള്ളത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു. യു.എന്നിൽ മോദി, ''ലോകം പ്രതിലോമ ചിന്തയുടെയും തീവ്രവാദത്തിന്റെയും ഭീഷണി നേരിടുന്ന''തായി പറഞ്ഞിരുന്നു. ഒപ്പം ഇന്ത്യയെ ''ജനാധിപത്യങ്ങളുടെ മാതാവ്'' എന്ന് വിശേഷിപ്പിച്ചു. ''മോദി അമേരിക്കയിൽ ചെന്ന് ഇത്തരം ഗീർവാണം മുഴക്കുന്ന നേരത്ത് അസമിൽ പൊലീസുകാരുടെ വെടിയേറ്റ് മരിച്ച 12 വയസ്സുകാരന്റെ മാതാവ് ഹസീന ബാനുവിന് ഏതായാലും ജനാധിപത്യങ്ങളുടെ മാതാവ് എന്നാലെന്തെന്ന് മനസ്സിലായിട്ടുണ്ടാകില്ല; മറ്റനേകം പേർക്കും'' -ദേബശിഷ് എഴുതി. വിവിധ സംസ്ഥാനങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്ന വർഗീയവിഷത്തിന്റെ ഏതാനും ഉദാഹരണങ്ങൾ ലേഖനം ഉദ്ധരിച്ചു.
ഹിറ്റ്ലർ: ജർമനി പോയ വഴി
2019 ഒക്ടോബർ 16ന് ന്യൂയോർക് ടൈംസിൽ ചരിത്രകാരൻ ടിമതി സ്നൈഡർ ഒരു ലേഖനമെഴുതിയിരുന്നു. കൃത്യം ഒരു നൂറ്റാണ്ടു മുമ്പ്, 1919 ഒക്ടോബർ 16ന്, അഡോൾഫ് ഹിറ്റ്ലർ തന്റെ പ്രചാരണതന്ത്രം ആദ്യമായി പുറത്തെടുത്തതെങ്ങനെ എന്ന് വിവരിക്കുന്നതായിരുന്നു അത്.
ലേഖനത്തിൽ ഹിറ്റ്ലറുടെ ജൂതവിരുദ്ധ പ്രചാരണരീതികൾ അദ്ദേഹം വിവരിച്ചു. ഇന്നത്തെ ഇന്ത്യക്ക് അവ പാകം.
കുറച്ചു വർഷമായി താൻ മൂർച്ച കൂട്ടിക്കൊണ്ടുവന്ന ജൂതവിരോധം ഹിറ്റ്ലർ വിജയകരമായി പരീക്ഷിച്ചത് 1919 ഒക്ടോബർ 16ന് മ്യൂണിക്കിലെ ഒരു ബിയർ ഹാളിൽ ചെയ്ത പ്രസംഗത്തിലാണെന്ന് സ്നൈഡർ പറയുന്നു. ജൂതവിരോധം മറനീക്കിയ ശക്തമായ വാക്കുകൾ. ''ജനശത്രുക്കളാ''യ ജൂതരെ നീക്കം ചെയ്ത് ശുദ്ധീകരിക്കണമെന്ന് ആഹ്വാനം. സ്വതന്ത്ര മാധ്യമങ്ങൾക്കുനേരെ രോഷപ്രകടനം. അവക്കു പകരം സ്വന്തമായ പ്രചാരണയന്ത്രങ്ങൾ വേണമെന്ന് ഉദ്ബോധനം.
രണ്ടാം ലോകയുദ്ധത്തിൽ ജർമനിക്കുണ്ടായ പരാജയം ജൂതനെന്ന അപരനെ സൃഷ്ടിച്ച് ഊർജമാക്കി മാറ്റുകയായിരുന്നു ഹിറ്റ്ലർ തന്റെ പ്രചാരണത്തിലൂടെ ചെയ്തത്. ജർമൻ സൈന്യത്തിലായിരുന്ന അയാളെ അറിഞ്ഞുകൊണ്ടുതന്നെയാണ് സൈനിക നേതൃത്വം സമർഥമായി ഉപയോഗിച്ചത്.
കേൾവിക്കു മാത്രമല്ല കാഴ്ചക്കുമുള്ളതായിരുന്നു ഹിറ്റ്ലറുടെ പ്രസംഗങ്ങൾ. അതിന് അയാൾ വിസ്തരിച്ച് തയാറെടുക്കും. കണ്ണാടിക്കു മുന്നിൽനിന്ന് പരിശീലിക്കും. ആംഗ്യങ്ങളും സ്വരവിന്യാസവും ശരിപ്പെടുത്തും. ആശയപ്രകാശനമെന്നതിനേക്കാൾ അരങ്ങത്തെ ആട്ടമായിരുന്നു ആ പ്രസംഗങ്ങൾ.
വിദ്വേഷമാണ് സദസ്സിനെ എളുപ്പം ഇളക്കിമറിക്കുന്നതെന്ന് അയാൾ മനസ്സിലാക്കിയിരുന്നു. ആശയംകൊണ്ടും വികാരംകൊണ്ടും ജൂതരെ അപരരാക്കുക എന്ന ഒറ്റമൂലി ഫലപ്രദമായിരുന്നു.
സഹജീവികളായല്ല ജൂതരെ കാണേണ്ടത്- പരിഹരിക്കേണ്ട പ്രശ്നമായിട്ടാണ് -ഹിറ്റ്ലർ പറഞ്ഞു. അവർ രോഗമാണ്. ജർമനിക്ക് ജർമനിയുടേതായ നന്മകൾ ഉണ്ട്. അവ വീണ്ടെടുക്കാൻ ജൂത''രോഗ''ത്തെ ചികിത്സിച്ചു മാറ്റണം. ഹിറ്റ്ലറുടെ ഈ വാദം, കുറ്റബോധമില്ലാതെ കൊലനടത്താൻ പാർട്ടി പ്രവർത്തകർക്ക് സൗകര്യം നൽകി.
ഹിറ്റ്ലറുടെ പ്രചാരണരീതി പലരും പഠനവിഷയമാക്കിയിട്ടുണ്ട്. അപകർഷബോധം പേറുന്ന നാടിന് അയാൾ പ്രസംഗങ്ങളിലൂടെ മറുമരുന്ന് നൽകി: ''അയാളെ ജർമൻകാർ എന്തുകൊണ്ട് പിന്തുണച്ചു എന്നതിനുള്ള ഉത്തരമാണ് നാസി പാർട്ടിയുടെ ശൈലി -യുക്തിയുടെയും വസ്തുതകളുടെയും ലോകത്തെ തിരസ്കരിക്കുന്ന ശൈലി'' (ബെൻജമിൻ കാർട്ടർ). ''ഹിറ്റ്ലറുടെ പ്രസംഗങ്ങൾക്ക് വശ്യതയുണ്ടായിരുന്നു; അവ മിഥ്യാലോകങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവ സാങ്കൽപിക ശത്രുക്കളെ പിന്തുടർന്ന് ഒടുവിൽ യഥാർഥ കുഴിമാടങ്ങൾ സൃഷ്ടിച്ചു.''
ആത്മകഥയിൽ ഹിറ്റ്ലർ എഴുതി: ''പ്രചാരണം ചുരുക്കം പോയന്റുകളിൽ ഒതുങ്ങണം. അവ പിന്നെയും പിന്നെയും ആവർത്തിച്ചുകൊണ്ടിരിക്കണം.''
ജർമൻകാരെ വൈകാരികമായി സ്വാധീനിക്കാൻ ഹിറ്റ്ലർ ആവർത്തിച്ച് പ്രയോഗിച്ച ഒരു തന്ത്രമുണ്ട്. ശത്രുക്കളുടെ കുടിലതക്ക് ഇരയായ നിഷ്കളങ്കരാണ് ജർമൻകാർ എന്ന് പൊടിപ്പും തൊങ്ങലും ചേർത്ത് വർണിച്ചുകൊണ്ടിരുന്നു. ഈ ''ആഗോള ദുഷ്ടത''യുടെ മുഖമാണ് ജൂതരെന്നും. മുമ്പ് കാപിറ്റലിസത്തിന്റെ പേരിൽ ജൂതരെ കുറ്റപ്പെടുത്തിയ ഹിറ്റ്ലർ പിന്നീട് കമ്യൂണിസത്തിന്റെ പേരിലും അവരെ കുറ്റവാളികളാക്കി.
ജർമൻകാരുടെ എല്ലാ പ്രശ്നങ്ങളും ഹിറ്റ്ലർ ലളിതമായ ഉത്തരത്തിലൊതുക്കി- നാം അവരുടെ ഇരകൾ. അവർ ഇല്ലാതായാൽ പ്രശ്നങ്ങൾ തീരും. നേരുപറയാൻ ശ്രമിച്ച പത്രങ്ങളെ ഹിറ്റ്ലർ ''ലൂഗൻ പ്രസ്'' എന്ന് പേരിട്ടു വിളിച്ചു -വ്യാജവാർത്തക്കാർ എന്ന്. ഇന്ന് ഇന്ത്യയിലും 'പ്രസ്റ്റിറ്റ്യൂട്ട്' തുടങ്ങിയ ഓമനപ്പേരുകൾ മാധ്യമങ്ങൾക്ക് ലഭിച്ചുവരുന്നു. ഇന്ത്യ ഇന്ന് കാണുന്ന പലതിന്റെയും പകർപ്പവകാശം ഹിറ്റ്ലർക്കാണ്.