Begin typing your search above and press return to search.
proflie-avatar
Login

മാധ്യമപ്രവർത്തനം: സ്വാതന്ത്ര്യം കുറയുന്നു

മാധ്യമപ്രവർത്തനം: സ്വാതന്ത്ര്യം കുറയുന്നു
cancel

വാർഷിക കണക്കെടുപ്പിൽ, മാധ്യമപ്രവർത്തകരുടെ അവസ്​ഥ വിലയിരുത്തുന്നുണ്ട്​ രണ്ട്​ സംഘടനകൾ: റിപ്പോ​ർട്ടേഴ​്​സ്​ വിതൗട്ട്​ ബോർഡേഴ്​സും (ആർ.എസ്​.എഫ്), കമ്മിറ്റി ടു പ്രൊട്ടക്​ട്​ ജേണലിസ്​റ്റ്​സും (സി.പി.ജെ).

മൂന്നാഴ്​ച മുമ്പ്​ സി.പി​.ജെ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്​ ഇക്കൊല്ലം ലോകത്താകെ 293 മാധ്യമപ്രവർത്തകർ തടങ്കലിലുണ്ട്​. കഴിഞ്ഞ വർഷത്തെക്കാളും 13 കൂടുതൽ. ചൈനയാണ്​ മൂന്നാം വർഷവും മുന്നിൽ.

തൊഴിലിനിടെ 24 ജേണലിസ്​റ്റുകൾ ഇക്കൊല്ലം വധിക്കപ്പെട്ടു. വേറെ 18 ജേണലിസ്​റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അത്​ അവരുടെ തൊഴിൽകാരണമാണെന്ന്​ ഉറപ്പില്ലാത്തതിനാൽ ഈ പട്ടികയിൽ ചേർത്തിട്ടില്ലെന്നു മാത്രം.

ഏറ്റവും കൂടുതൽ ജേണലിസ്​റ്റുകൾ കൊല്ലപ്പെട്ട രാജ്യം ഇന്ത്യയാണ്​ -നാലുപേർ. അഞ്ചാമതൊരാൾ സംഘർഷസ്​ഥലത്ത്​ റിപ്പോർട്ട്​ ചെയ്യുന്നതിനിടെയും കൊല്ലപ്പെട്ടു. കള്ളവാറ്റു സംഘങ്ങളെപ്പറ്റി അന്വേഷിച്ച്​ വാർത്ത ചെയ്​ത സുലഭ്​ ശ്രീവാസ്​തവക്ക്​ (എ.ബി.പി ന്യൂസ്) വധഭീഷണിയുണ്ടായിരുന്നു. യു.പി പൊലീസിൽ പരാതിപ്പെ​ട്ടെങ്കിലും അവർ ഒന്നും ചെയ്​തില്ല. ഇ.വി-5 ചാനലി​​െൻറ റിപ്പോർട്ടറായിരുന്ന ചന്നകേശവലു ആന്ധ്ര പൊലീസി​​െൻറ അഴിമതികളെപറ്റി റിപ്പോർട്ടു ചെയ്​തു. കുറ്റവാളി സംഘത്തെപ്പറ്റി വാർത്ത ചെയ്​തയാളാണ്​ ബിഹാറിലെ മനിഷ്​കുമാർ സിങ്​ (സുദർശൻ ടി.വി). വിവരാവകാശ പ്രവർത്തകൻകൂടിയായിരുന്ന അവിനാശ്​ ​ഝാ കഴിഞ്ഞമാസം ബിഹാറിൽ കൊല്ലപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തെപറ്റി ബി.എൻ.എൻ ന്യൂസ്​ എന്ന വെബ്​ മാധ്യമം വഴി പുറത്തറിയിച്ചു അദ്ദേഹം. ഇവർക്കുപുറമെ, കർഷക പ്രക്ഷോഭം റിപ്പോർട്ട്​ ചെയ്യാനെത്തിയ സാധന പ്ലസ്​ ടിവി റിപ്പോർട്ടർ രമൺ കശ്യപിനെ യു.പിയിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിപുത്ര​​െൻറ കാർ ഇടിച്ചുകൊന്നു.

ആറു പത്രപ്രവർത്തകർ ഇന്ത്യയിൽ ജയിലിൽ കഴിയുന്നു: സിദ്ദീഖ്​ കാപ്പൻ, ആസിഫ്​ സുൽത്താൻ, ആനന്ദ്​ തെൽതുംബ്​ഡെ, ഗൗതം നവ്​ലഖ, മനാർ ഡർ, രാജീവ്​ ശർമ എന്നിവർ.

മാധ്യമപ്രവർത്തകരുടെ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിൽ ഇന്ത്യയു​െട സ്​ഥിതി വളരെ മോശമാണെന്ന്​ ആഗസ്​റ്റിൽ സി.പി.ജെ ഇറക്കിയ 'ഗ്ലോബൽ ഇംപ്യൂണിറ്റി ഇൻഡക്​സി'ൽ പറഞ്ഞിരുന്നു.

ആർ.എസ്​.എഫി​​െൻറ റി​പ്പോർട്ട്​ പറയുന്നത്​, തങ്ങൾ 1995ൽ കണക്കെടുപ്പ്​ തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ജേണലിസ്​റ്റുകൾ ജയിലിലകപ്പെട്ട വർഷമാണ്​ 2021 എന്നാണ്​. അവരുടെ കണക്കിൽ, ലോകത്താകെ 488 മാധ്യമപ്രവർത്തകർ തടങ്കലിലുണ്ട്​. സി.പി.ജെയുടെ കണക്കും (293) ആർ.എസ്​.എഫ​ി​​െൻറ കണക്കും (488) തമ്മിലുള്ള അന്തരം അവരുടെ കണക്കെടുപ്പു രീതിയുടെയും മാനദണ്ഡങ്ങളുടെയും വ്യത്യാസംമൂലം വരുന്നതാണ്​. സി.പി​.ജെ സർക്കാർ തടങ്കലിലുള്ളവരെ മാത്രമേ കണക്കിൽപെടുത്തുന്നുള്ളൂ. ആർ.എസ്​.എഫാക​ട്ടെ അക്രമിസംഘങ്ങൾ ബന്ദികളാക്കിയവരെയും കാണാതായവരെയുംകൂടി കണക്കിലെടുക്കുന്നു.

മാധ്യമപ്രവർത്തനം ഏറ്റവുമധികം ഭീഷണി നേരിടുന്ന അഞ്ച്​ രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണെന്ന്​ ആർ.എസ്.എഫ്​ എടുത്തുപറയുന്നുണ്ട്​.

ജേണലിസ്​​റ്റെങ്കിൽ ജയിൽ

ആർ.എസ്​.എഫും സി.പി.ജെയും ഒരു കാര്യത്തിൽ ചൈനക്ക്​ ഒന്നാംസ്​ഥാനം നൽകിയിട്ടുണ്ട്​: മാധ്യമപ്രവർത്തകരെ ജയിലിലയക്കുന്നതിൽ. ആർ.എസ്​.എഫി​​െൻറ കണക്കിൽ ചൈന അകത്തിട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 127ൽ കുറയില്ല.

ഇക്കൂട്ടത്തിൽ ഒരാളായ ജാങ്​ ജാൻ ഇപ്പോൾ ഷാങ്​ഹായ്​ ജയിലിൽ അവശനിലയിലെന്ന്​ വാർത്ത. അവരും​ മറ്റൊരു 'സിറ്റിസൻ ജേണലിസ്​റ്റാ'യ ഫങ്​ ബിനും അടക്കം പത്ത്​ മാധ്യമപ്രവർത്തകരെ ജയിലിലിട്ടത്​, കൊറോണ വൈറസ്​ പടർന്നതിൽ ചൈനക്ക്​ പങ്കുണ്ടോ, ഉണ്ടെങ്കിൽ എത്രത്തോളം എന്നന്വേഷിച്ചതിനാണ്​.

ജാങ്ങി​​െൻറ കഥ ചൈനീസ്​ മാധ്യമരംഗത്തി​​െൻറ കണ്ണാടികൂടിയാണ്​. ഹോ​ങ്കോങ്ങിൽ 2019 സെപ്​റ്റംബറിൽ നടന്ന ജനാധിപത്യ പ്രക്ഷോഭകാലത്ത്​, സമരത്തി​​െൻറ ഭാഗമായിരുന്ന ഇൗ അഭിഭാഷകയെ സാഹചര്യങ്ങൾ ജേണലിസത്തിലേക്ക്​ എടുത്തെറിയുകയായിരുന്നു.

കമ്യൂണിസ്​റ്റ്​ കുത്തകാധികാരം അവസാനിപ്പിക്കുക എന്നെഴുതിയ ഒരു കുട ഉയർത്തിക്കാട്ടിയ 'കുറ്റ'ത്തിന്​ ചൈനീസ്​ അധികൃതർ അവരെ രണ്ടുമാസത്തേക്ക്​ തടവിലിട്ടു; ജയിലിൽ അവർ നിരാഹാരമിരുന്നു.

പുറത്തുവന്ന്​ ഏതാനും ആഴ്​ചകൾക്കകം വൂഹാൻ ലബോറട്ടറിയിൽനിന്ന്​ കൊറോണ വൈറസിനെപറ്റി ആദ്യവാർത്തകൾ അൽപ്പാൽപ്പമായി ചോർന്നു.

2020 ജനുവരി 23ന്​ വൂഹാനിൽ ലോകത്തിലാദ്യത്തെ കോവിഡ്​ ലോക്​ഡൗൺ ഏ​ർപ്പെടുത്തി. 76 നാൾ നീണ്ട ആ അടച്ചുപൂട്ടലിനിടെ ജാങ്​ വൂഹാനിലെത്തിയത്​ പ്രത്യേക ലക്ഷ്യത്തോടെയായിരുന്നില്ല.

ലോക്​ഡൗണിലെ ജീവിതദുരിതങ്ങളെപറ്റി അനുഭവക്കുറിപ്പുകളും വിഡിയോകളും തയാറാക്കിയപ്പോൾമുതൽ ജാങ്​ ജേണലിസ്​റ്റായി മാറി. ഞെരുങ്ങി ജീവിക്കുന്ന പാവങ്ങളുടെ കഥകൾ, ഉറ്റവരെ നഷ്​ടപ്പെട്ട്​, വിലപിക്കാൻപോലും അനുമതിയില്ലാതെ വീർപ്പുമുട്ടുന്നവരുടെ വിവരങ്ങൾ...

താണ്ഡവമാടുന്ന മരണം. അതിനുമേൽ അധികാരത്തി​​െൻറ അടിച്ചമർത്തലുകൾ.

ഫെബ്രുവരി മാസമിറങ്ങിയ ഷാങ്ങി​​െൻറ ഒരു വിഡിയോ റിപ്പോർട്ട്​ ലോകശ്രദ്ധ നേടി. അഫ്​ഗാനിസ്താനിൽ കൊല്ലപ്പെട്ട ഡാനിഷ്​ സിദ്ദീഖി എന്ന റോയി​ട്ടേഴ്​സ്​ ഫോ​ട്ടോ ജേണലിസ്​റ്റില​ൂടെ ലോകം കണ്ട ഇന്ത്യയിലെ കോവിഡ്​ ചിതകളുടെ ദൃശ്യങ്ങൾ ഓർക്കുക. അതിനുംമു​േമ്പ ജാങ്ങി​​െൻറ വിഡിയോ ദൃശ്യങ്ങൾ ചൈനയിലെ രോഗഭീകരത ലോകത്തോടു വിളിച്ചുപറഞ്ഞിരുന്നു.

രംഗം: ചൈനയിലെ വൂഹാൻ. ദൃശ്യം: ജാങ്​ ജാൻ ഒരു കെട്ടിടത്തിന്​ മുന്നിലൂടെ നടക്കുന്നു. പശ്ചാത്തലത്തിൽ വല്ലാത്തൊരു മൂളൽ കേൾക്കാം. സമയം പാതിരാവ്​. നിലക്ക​ാതെ പ്രവർത്തിക്കുന്ന വൈദ്യുത ശ്​മശാനമാണ്​. ദഹിപ്പിക്കപ്പെടുന്ന ശരീരങ്ങളെപ്പറ്റി പുറമേക്ക്​ കിട്ടുന്ന ഏക സൂചനയാണ്​ ആ മൂളൽ ശബ്​ദം.

ഇത്തരം ഡസൻകണക്കിന്​ ദൃശ്യങ്ങൾ ജാങ്​ ഇൻറർനെറ്റിലിട്ടു.

എൻ.ബി.സി ന്യൂസ്​ എന്ന അമേരിക്കൻ ചാനലിലെ അഭിമുഖകാരൻ അവരോട്​ ചോദിച്ചു: ചൈനയാണ്​. എങ്ങനെ കഴിയുന്നു ഇത്​?

മറുപടി: ഇതുവരെ അവർ ഒന്നും ചെയ്​തിട്ടില്ല. എത്രകാലം എന്നറിയില്ല.

2020 മേയിലായിരുന്നു അത്​. ആ മാസംതന്നെ അവരെ കാണാതായി. കുറെ കഴിഞ്ഞാണ്​ കുടുംബംപോലും അറിയുന്നത്​, അവർ ''വഴക്കുണ്ടാക്കിയ'' കുറ്റത്തിന്​ ജയിലിലാണെന്ന്​. അവിടെ അവർ നിരാഹാരമനുഷ്​ഠിക്കുന്നു. അധികൃതർ ബലാത്​കാരമായി തീറ്റുന്നു. ആരോഗ്യം ക്ഷയിച്ച അവസ്​ഥയിലാണ്​ ഇന്നവർ. നാലുവർഷ ജയിൽവാസം കഴിയു​േമ്പാഴേക്കും അവർ ജീവനോടെ കാണുമോ എന്ന്​ സംശയം. അവരെ വിട്ടയക്കാൻ യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ധീരമായ മാധ്യമപ്രവർത്തനത്തിനുള്ള പുരസ്​കാരം ആർ.എസ്​.എഫ്​ അവർക്ക്​ പ്രഖ്യാപിച്ചത്​ കഴിഞ്ഞ മാസമാണ്​.


അബദ്ധമോ അതോ നയമോ?

ഗായകൻ പി. ജയചന്ദ്രന്​ ജെ.സി. ഡാനിയേൽ അവാർഡ്​. ഇതി​​െൻറ വാർത്തയിൽ ഹിന്ദുപത്രത്തിന്​ ഒരബദ്ധം പറ്റി. വാർത്തയു​െട ഉപശീർഷകത്തിൽ, ''പിന്നണിഗാനരംഗത്ത്​ അഞ്ചുവർഷമായി നിത്യസാന്നിധ്യം'' എന്നെഴുതിയിരിക്കുന്നു: A constant presence in playback singing for five years...

Five decades (അഞ്ചു പതിറ്റാണ്ട്​) എന്നു പറയേണ്ടിടത്താണ്​ അഞ്ചു വർഷമെന്നെഴുതിയത്​. ഇത്​ ചൂണ്ടിക്കാട്ടി പത്രത്തിന്​ കത്തയച്ചെങ്കിലും തിരുത്തിയില്ല എന്ന്​ വായനക്കാരൻ ടി.ഐ. ലാലു പറയുന്നു.

റീഡേഴ്​സ്​ എഡിറ്റർ നിലവിലുള്ള​​​പ്പോൾ ഹിന്ദു പ്രധാനവാർത്തകളിലെ തെറ്റുകൾ തിരുത്താറുണ്ടായിരുന്നു. ആ ശീലമില്ലാത്ത മറ്റു പത്രങ്ങളുടെ കാര്യമോ? ഡിസംബർ 11ന്​ മലയാള മനോരമ പത്രത്തി​​െൻറ രണ്ടാം മുഖപേജിൽ വന്ന ഒരു വാർത്ത ഇന്ത്യയിലെ ഒമിക്രോൺ പടർച്ചയെപറ്റിയായിരുന്നു. അഞ്ചു സംസ്​ഥാനങ്ങളിലായി 32 കേസുകൾ, മഹാരാഷ്​ട്രയിൽ മാത്രം 17 എന്നിങ്ങനെ വിവരങ്ങൾ. ഇടക്ക്​ ഒരാളുടെ -ഒരാളുടെ മാത്രം - മതം എടുത്തുപറഞ്ഞു: ''ടാൻസനിയയിൽനി​​ന്നെത്തിയ മുസ്​ലിം പുരോഹിതൻ''. ബാക്കി എല്ലാവരും, ''കുട്ടി'', ''രണ്ടുപേർ'', ''മറ്റു രണ്ടുപേർ'', ''നാലുപേർ'' എന്നിങ്ങനെ. കോവിഡ്​ ആദ്യ തരംഗത്തിൽ ഡൽഹിയിൽ തബ്​ലീഗ്​ ​പ്രവർത്തകർക്കെതിരെ വംശീയ അധിക്ഷേപമുയർത്തിയ മാധ്യമങ്ങളുണ്ട്​. ഒടുവിൽ കോടതി ഇടപെടൽ വേണ്ടിവന്നു കുപ്രചാരണം നിലക്കാൻ.

മനോരമയുടെ ''പ്രത്യേക പരാമർശം'' പത്രത്തി​​െൻറ ശ്രദ്ധയിൽപ്പെടാത്തതല്ല. പൊതുസമൂഹത്തിലെ കമൻറുകളോട്​ അവർ പ്രതികരിച്ചതായും കണ്ടില്ല.

തെറ്റ്​ എന്നാൽ തെറ്റ്​ മാത്രമാണ്​. എന്നാൽ, അത്​ തിരുത്തപ്പെടാതെ ആവർത്തിക്കു​േമ്പാൾ അത്​ നയമാണെന്ന്​ വരുന്നു. മനോരമയുടെ നയം എന്ന്​ തോന്നിക്കുന്ന ഒരു തെറ്റിനെപറ്റി 'മീഡിയാ സ്​കാനി'ൽ മുമ്പ്​ പറഞ്ഞിട്ടുണ്ട്​. ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത ഒരു സ്​ഥലം മനോരമയു​െട സ്​റ്റൈൽ ബുക്കിലുണ്ടെന്ന്​ തോന്നുന്നു. 'ബത്തേരി'യാണ്​ സ്​ഥലം. പേരുകൾ അക്ഷരത്തെറ്റില്ലാതെ എഴുതാൻ ശ്രദ്ധിക്കുന്ന പത്രം സുൽത്താൻ ബത്തേരിയിൽനിന്ന്​ സുൽത്താനെ പുറത്താക്കിയിട്ട്​ വർഷങ്ങളായി.

അത്​ മനോരമക്ക്​ തെറ്റല്ല, നയംതന്നെയാണെന്ന്​ വരുമോ?

Show More expand_more