Begin typing your search above and press return to search.
proflie-avatar
Login

'ബാർകി'െന വിശ്വസിക്കാമോ?

ബാർകിെന വിശ്വസിക്കാമോ?
cancel

ബാർക് തിരിച്ചെത്തി. എന്തിനാണ് അത് പോയത്? എന്തിനാണ് മടങ്ങിവന്നത്? ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകബലം (റേറ്റിങ്) കണക്കാക്കി സാക്ഷ്യപ്പെടുത്തുന്ന ഏജൻസിയാണ് 'ബാർക്' എന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ. ഓരോ ചാനലിന്റെയും ഓരോ പരിപാടിയും എത്രപേർ കാണുന്നു എന്ന കണക്ക് പരസ്യദാതാക്കൾക്കായി തയാറാക്കുന്നത് ബാർക് ആണ്. മുമ്പ് ടാം മീഡിയ റിസർച് നടത്തിയിരുന്ന കണക്കെടുപ്പിനെതിരെ വ്യാപകമായ വിമർശനമുയർന്നപ്പോഴാണ് ടാമിനെ മാറ്റി ബാർക് എന്ന പുതിയ സംവിധാനം നിലവിൽ വന്നത്. പരസ്യപ്പെടുത്താത്ത കുറെ വീടുകളിൽ ടി.വി സെറ്റിനോട് ഘടിപ്പിക്കുന്ന 'പീപ്പ്ൾ മീറ്റർ' വഴിയാണ് പ്രേക്ഷകരെപ്പറ്റിയുള്ള വിവരങ്ങൾ...

Your Subscription Supports Independent Journalism

View Plans

ബാർക് തിരിച്ചെത്തി. എന്തിനാണ് അത് പോയത്? എന്തിനാണ് മടങ്ങിവന്നത്?

ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകബലം (റേറ്റിങ്) കണക്കാക്കി സാക്ഷ്യപ്പെടുത്തുന്ന ഏജൻസിയാണ് 'ബാർക്' എന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ. ഓരോ ചാനലിന്റെയും ഓരോ പരിപാടിയും എത്രപേർ കാണുന്നു എന്ന കണക്ക് പരസ്യദാതാക്കൾക്കായി തയാറാക്കുന്നത് ബാർക് ആണ്.

മുമ്പ് ടാം മീഡിയ റിസർച് നടത്തിയിരുന്ന കണക്കെടുപ്പിനെതിരെ വ്യാപകമായ വിമർശനമുയർന്നപ്പോഴാണ് ടാമിനെ മാറ്റി ബാർക് എന്ന പുതിയ സംവിധാനം നിലവിൽ വന്നത്.

പരസ്യപ്പെടുത്താത്ത കുറെ വീടുകളിൽ ടി.വി സെറ്റിനോട് ഘടിപ്പിക്കുന്ന 'പീപ്പ്ൾ മീറ്റർ' വഴിയാണ് പ്രേക്ഷകരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നത്: കോടിക്കണക്കിന് വരുന്ന വീടുകളിലെ ടി.വി ശീലങ്ങളെ ഏതാനും ആയിരം പീപ്പ്ൾ മീറ്റർകൊണ്ട് 'അളക്കുന്ന' വിദ്യ. ടാമിനെതിരെ ഉയർന്ന പരാതികളിൽ മുഖ്യം മൂന്നായിരുന്നു. പീപ്പ്ൾ മീറ്ററുകളുടെ എണ്ണം നന്നേ കുറവാണ് എന്നത് ഒന്ന്. ടാമിന്റെ പ്രവർത്തനരീതിയിൽ കൃത്രിമം നടക്കുന്നു എന്നതാണ് രണ്ടാമത്തേത്. ലഭ്യമായ വിവരങ്ങൾവെച്ച് വിശകലനം നടത്തി ഫലം പ്രഖ്യാപിക്കുന്ന സംഘം കാര്യക്ഷമമല്ല എന്നത് മൂന്നാമത്തേത്.

പ്രതിവർഷം 32,000 കോടിയിലേറെ രൂപയുടെ പരസ്യം ആർക്കൊക്കെ നൽകണമെന്ന് പരസ്യദാതാക്കൾ തീരുമാനിക്കുന്നത് ടാം നൽകുന്ന കണക്കനുസരിച്ചായിരുന്നു. വിമർശനങ്ങൾ ഏറുകയും പരിഹാരം ഇല്ലാതിരിക്കുകയും ചെയ്തതോടെ ടാമിനെ മാറ്റി ബാർകിനെ ചുമതല ഏൽപിച്ചു.

എന്നാൽ, ഏതാനും വർഷം കഴിയുമ്പോഴേക്കും ബാർകിനെതിരെയും കുറ്റാരോപണങ്ങൾ ഉയർന്നു. കണക്കുകളിൽ കൃത്രിമം നടത്താൻ സാധ്യമാണെന്ന് ബാർക് തന്നെ സമ്മതിക്കുവോളം വിഷയം വളർന്നു. എല്ലാറ്റിനുമപ്പുറം, വിദ്വേഷം വിതറിയും കൊലവിളി ഉയർത്തിയും അരങ്ങ് തകർത്താടിയ അവതാരകർക്ക് പ്രേക്ഷകബലം കൂടുതലാണെന്ന കണക്ക് വന്നുതുടങ്ങിയതോടെ കൂടുതൽ ചാനലുകൾ ആ വഴിക്ക് നീങ്ങി. ഇന്ന് ഇന്ത്യയിലെ വർഗീയധ്രുവീകരണത്തിന് റിപ്പബ്ലിക് ടി.വി, റിപ്പബ്ലിക് ഭാരത്, സീ ടി.വി തുടങ്ങി കുറെ ചാനലുകൾക്കുള്ള പങ്ക് വലുതാണെന്ന് തെളിഞ്ഞിരിക്കുന്നു. സുശാന്ത് സിങ് രാജ്പുത് കേസിൽ ബോംബേ ഹൈകോടതി റിപ്പബ്ലിക് ടി.വിയെയും ടൈംസ് നൗവിനെയും പേരെടുത്ത് വിമർശിച്ചു: പ്രോസിക്യൂട്ടറായും അന്വേഷകരായും വിധികർത്താക്കളായും ചാനലുകൾ പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് അവരെ ഓർമിപ്പിച്ചു.

പക്ഷേ റേറ്റിങ്ങിനായുള്ള പരാക്രമങ്ങൾ അല്ല ടാമിനെ എന്നപോലെ ബാർകിനെയും വിമർശനത്തിനിരയാക്കിയത്. റേറ്റിങ് തന്നെ വിശ്വസനീയമല്ല എന്ന വസ്തുതയാണ്.

ബാർക് സി.ഇ.ഒ പാർഥോ ദാസ്ഗുപ്തയുമായി റിപ്പബ്ലിക് മേധാവി അർണബ് ഗോസ്വാമി നടത്തിയ വാട്സാപ്പ് ചാറ്റുതന്നെ ഒരു ഉദാഹരണം. മുംബൈ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ, ബാർകിലെ സ്വകാര്യ വിവരങ്ങൾ ഗോസ്വാമിക്ക് ലഭ്യമാക്കാനും എതിർ ചാനലുകളെ താഴ്ത്താനും 'ബാർക്' മേധാവി തന്നെ കൂട്ടുനിന്നു എന്നതിന് തെളിവായി ഈ ചാറ്റ് എടുത്തുകാട്ടിയിരുന്നു.

കണക്കുകളിൽ പലതരം കൃത്രിമങ്ങൾ നടന്നു. മുംബൈ പൊലീസിന്റെ കുറ്റപത്രത്തിൽ, ബാർക് അധികൃതർക്കും കുറെ ചാനലുകൾക്കും എതിരായ ആരോപണങ്ങളുണ്ട്. കൃത്രിമം കാണിക്കാൻ പീപ്പ്ൾ മീറ്റർ വെച്ചിട്ടുള്ള വീടുകളിലും 'ലാൻഡിങ് പേജ്' ഒപ്പിച്ചുകൊടുക്കുന്ന കേബിൾ ഓപറേറ്റർമാർക്കും കോഴ കൊടുത്തു. ബാർക് അധികൃതരും കോഴ കൈപ്പറ്റിയതായി പറയുന്നുണ്ട്.

വിശ്വാസ്യത പാടേ തകരുകയും കോടതി ഇടപെടുകയും ചെയ്തതോടെ നിവൃത്തിയില്ലാതെയാണ് ബാർക് വാർത്താചാനലുകളുടെ പ്രേക്ഷക കണക്കെടുപ്പ് നിർത്തിവെക്കാൻ തീരുമാനിച്ചത്.

സംവിധാനം കുറ്റമറ്റതാക്കിക്കൊണ്ട് പുനരാരംഭിക്കും എന്ന് ബാർക് അറിയിച്ചിരുന്നു. അങ്ങനെയാണ്, തുടക്കത്തിൽ പറഞ്ഞപോലെ, ബാർക് ഇല്ലാതാവുകയും പിന്നീട് രണ്ടാഴ്ച മുമ്പ് മടങ്ങിയെത്തുകയും ചെയ്തത്.

ബാർക് നിലച്ച കാലയളവിൽ എന്തു മാറ്റമാണ് വരുത്തിയത്?

ഗൗരവപ്പെട്ട പ്രശ്നങ്ങളെപ്പറ്റി പാർലമെന്റ് സ്ഥിരംസമിതി അന്വേഷിച്ചിരുന്നു. സമിതി ബാർക് അധികാരികളെ വിളിച്ചുവരുത്തി. കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ സ്ഥിരംസമിതി അംഗങ്ങൾ പറഞ്ഞത്, ബാർക് സംവിധാനം വളരെ എളുപ്പം കൃത്രിമത്തിന് വഴങ്ങുന്നതാണ്, അതിന് കൃത്യതയോ ശാസ്ത്രീയതയോ ഇല്ല എന്നായിരുന്നു.

തിരിച്ചെത്തുമ്പോൾ പോരായ്മകൾ പരിഹരിച്ചുകഴിഞ്ഞോ?

ബാർക് സംഘടിപ്പിച്ച ഒരു വെബിനാറിൽ അവർ അവകാശപ്പെടുന്നത് പോരായ്മകൾ പരിഹരിച്ചു എന്നാണ്. എന്നാൽ, പല വിദഗ്ധരും അക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നു. മീഡിയ മാർക്കറ്റിങ് കൺസൽട്ടന്റ് ചിന്താമണി റാവു തീർത്തുപറയുന്നു: ''ഒരു മാറ്റവും വരുത്തിയിട്ടില്ല, ടാമിന്റെ കാലത്തെ കഥതന്നെ ഇപ്പോഴും'' (ന്യൂസ് ലോൺഡ്രി). േഡറ്റാ ടീമിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ മേൽനോട്ടം വേണമെന്ന നിർദേശം പാലിക്കപ്പെട്ടിട്ടില്ല. റേറ്റിങ് കണക്കെടുപ്പ് മൂന്നുമാസം നിർത്തിയത് വാർത്താചാനലുകൾക്കു മാത്രമാണ്. മറ്റു ചാനലുകൾക്ക് കണക്കുകൾ എടുക്കുകയും ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇതിനിടക്ക് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല -ടി.വി കന്നഡ ന്യൂസ് സി.ഇ.ഒ അനിൽകുമാർ സിങ് പറയുന്നു.

ബാർകിന്റെ ഡയറക്ടർമാർ മാറിയില്ല. വീടുകളിൽ വെക്കുന്ന, കൃത്രിമത്തിന് വഴങ്ങുമെന്നു തെളിഞ്ഞ, പീപ്പ്ൾ മീറ്ററുകൾ മാറ്റിയില്ല. സ്വതന്ത്ര 'പ്രോസസ് ഓഡിറ്ററെ' നിയമിച്ചിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങൾ, വിശകലനരീതി എന്നിവയിലെ സുതാര്യതയില്ലായ്മയും അതേപടി നിലനിൽക്കുന്നു -സിങ് പറയുന്നു. ഡേറ്റാ വിശകലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ അതൊന്നും തൊട്ടിട്ടില്ല. കാര്യമായ മാറ്റമില്ലാതെയാണ് ബാർക് മടങ്ങിവന്നിരിക്കുന്നത് എന്ന് ചുരുക്കം.


കൃത്രിമം നടത്താതിരിക്കാനാണ് പീപ്പ്ൾ മീറ്ററുകൾ/ബാർ -ഒ- മീറ്ററുകൾ എവിടെയെല്ലാം സ്ഥാപിച്ചിരിക്കുന്നു എന്ന വിവരം രഹസ്യമാക്കിവെച്ചിരിക്കുന്നത്. എന്നാൽ ഈ സുതാര്യതയില്ലായ്മ കണക്കെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. അതേസമയം കൃത്രിമം നടത്തേണ്ടവർക്ക് ഒന്നും രഹസ്യമല്ലതാനും. (ബാർക് തന്നെ കണ്ടെത്തിയ സംഭവങ്ങളിൽ 11 എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ബാർക് അധികൃതർക്ക് കോഴ നൽകിക്കൊണ്ട് നടന്ന കൃത്രിമങ്ങളെക്കുറിച്ചുള്ള കേസുകൾ.)

16 കോടിയിലധികം വരുന്ന ടെലിവിഷൻ സെറ്റുകളുടെ ചാനൽക്കാഴ്ചകൾ അളക്കാൻ ബാർക് എത്ര മീറ്റർ ഉപയോഗിക്കുന്നുണ്ട്? വെറും 44,000. ഒരു ലക്ഷമെങ്കിലും മീറ്ററില്ലാതെ പുനരാരംഭിക്കരുതെന്ന് സർക്കാർ ശഠിച്ചതാണ്. പക്ഷേ, അതിനാവശ്യമായ വമ്പിച്ച ചെലവ് ചൂണ്ടിക്കാട്ടി ബാർക് നന്നേ ചെറിയ സാമ്പ്ൾകൊണ്ട് തൃപ്തിപ്പെടുന്നു.

അപ്പോൾ അർഥം ഇതാണ്: ഇപ്പോഴും കണക്കുകൾ കൃത്യമോ ശാസ്ത്രീയമോ വിശ്വാസ്യമോ അല്ല. അങ്ങനെയാക്കാൻ ആവശ്യമായ പണം ഇല്ലാത്തതിനാൽ പഴയപോലെ തുടരാൻ തീരുമാനിക്കുന്നു.

മീറ്ററുകളുടെ എണ്ണം കുറവാകുമ്പോൾ വളരെ കർക്കശമായ പ്രാതിനിധ്യസ്വഭാവം ഉറപ്പുവരുത്തിവേണം മീറ്ററുകൾ സ്ഥാപിക്കാൻ. കാരണം, ഓരോ മീറ്ററും 364 ടി.വി സെറ്റുകളിലെ കണക്കാണ് പറയുന്നത്. ചാനലുകൾക്ക് ധാരാളം പ്രേക്ഷകരുള്ള ഇടങ്ങളിൽ മീറ്ററില്ലാതെ വന്നാൽ ആ ചാനലുകൾക്ക് റേറ്റിങ് ഉണ്ടാകില്ല. പ്രേക്ഷകരില്ലാത്തതല്ല അതിന് മീറ്ററില്ലാത്തതാണ് കാരണം.

നടത്തിപ്പുകാരോ നടത്തിപ്പുരീതിയോ മാറാത്ത, സുതാര്യത ഇപ്പോഴുമില്ലാത്ത അളവുരീതിയുമായി ബാർക് വീണ്ടും വരുമ്പോൾ കബളിപ്പിക്കപ്പെടുന്നത് പരസ്യദാതാക്കളും ചാനലുകളുമാണ്. ബാർക് തിരിച്ചുവരുന്നതിന് ഒരാഴ്ച മുമ്പ് എൻ.ഡി.ടി.വി അതിൽനിന്ന് ഒഴിവായത് ഇത്തരം പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ്.

News Summary - madhyamam weekly media scan