അധ്യാപകനും പുരോഹിതനും പേരിൽ കാണുന്നത്
സഹപാഠിക്കെതിരെ വംശീയ പരാമർശമുണ്ടായപ്പോൾ ഒന്നും മിണ്ടാതെ ഇരുന്ന വിദ്യാർഥിക്കൂട്ടം തന്നെയല്ലേ നമ്മുടെ മാധ്യമങ്ങളും?
ദ ഹിന്ദുവിൽ അത് മുൻപേജ് വാർത്തയായിരുന്നു; ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ടൈംസ് ഓഫ് ഇന്ത്യയിലും അങ്ങനെതന്നെ. ദ ടെലിഗ്രാഫിൽ അത് മുൻപേജ് വാർത്ത മാത്രമല്ല, ലീഡ് വാർത്തതന്നെയാണ്. എൻ.ഡി.ടി.വിയും അതിന് പ്രാധാന്യം നൽകി.
ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനെ സ്ഥാപനം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതാണ് വാർത്ത. ഒരു വിദ്യാർഥിയെ ഭീകരനെന്ന അർഥത്തോടെ വിളിച്ചതിനാണ് നടപടി.
അധ്യാപകൻ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളെ പരിചയപ്പെടുകയായിരുന്നു. ഒരു വിദ്യാർഥി പേരു പറഞ്ഞപ്പോഴായിരുന്നു അധ്യാപകന്റെ കമന്റ്. മുസ്ലിമാണ് വിദ്യാർഥി എന്നറിഞ്ഞ അദ്ദേഹം ''ഓഹോ നീ കസബിനെപ്പോലെയാണല്ലേ!'' എന്ന് പ്രതികരിച്ചു.
നവംബർ 25നാണ് സംഭവം എന്നാണ് റിപ്പോർട്ടുകൾ. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികദിനമായ നവംബർ 26ന്റെ തലേന്ന്. ഭീകരാക്രമണത്തിൽ പെങ്കടുത്തതിന് പിന്നീട് വധശിക്ഷക്ക് വിധേയനായ അജ്മൽ കസബുമായിട്ടാണ് വിദ്യാർഥിയെ ബന്ധപ്പെടുത്തിയത്. വിദ്യാർഥി ശക്തമായി പ്രതികരിച്ചു. തമാശ പറഞ്ഞതാണെന്ന് അധ്യാപകൻ വിശദീകരിച്ചു. മുംബൈ ഭീകരാക്രമണം തമാശയല്ലെന്നും ഇന്ത്യയിൽ മുസ്ലിമെന്ന നിലക്ക് നിത്യവും ഇത്തരം കുത്തുവാക്കുകൾ കേൾക്കേണ്ടിവരുന്നത് തമാശയല്ലെന്നും വിദ്യാർഥി തിരിച്ചടിച്ചു. ''അല്ല സാർ, അത് തമാശയല്ല.''
''നീ എനിക്ക് മകനെപ്പോലെയാണെന്ന്'' പ്രഫസർ ആശ്വസിപ്പിക്കാൻ നോക്കി. സ്വന്തം മകനോട് സാർ ഇങ്ങനെ പറയുമോ എന്നായി വിദ്യാർഥി. ഇല്ല എന്നു സമ്മതിച്ച അധ്യാപകൻ പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തു.
സംഭവം മറ്റൊരു വിദ്യാർഥിയാവണം വിഡിയോയിൽ പകർത്തി. അത് സമൂഹമാധ്യമങ്ങളിൽ അതിവേഗം പടർന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തതായി അറിയിച്ച സ്ഥാപനം, അദ്ദേഹത്തിന്റെ പെരുമാറ്റം സ്ഥാപനത്തിന്റെ നയമല്ലെന്ന് വ്യക്തമാക്കി.
പിന്നീട് വിദ്യാർഥി, സ്വകാര്യ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് പുറത്തുവന്നു. അതിൽ പറഞ്ഞു: ''അധ്യാപകന്റെ വംശീയ പരാമർശങ്ങൾ സ്വീകാര്യമല്ലെന്ന് വിദ്യാർഥിയായ ഞാൻപറയുന്ന വിഡിയോ നിങ്ങൾ കണ്ടിരിക്കുമല്ലോ. എന്നെ കൊടും ഭീകരവാദിയുടെ പേര് പറഞ്ഞ് വിളിച്ചതാണ് പ്രകോപനമായത്. അദ്ദേഹം അത് തമാശയായി പറഞ്ഞതാണ്. പക്ഷേ, ഒരാളുടെ സ്വത്വം പറയുന്നേടത്ത് തമാശ ഒരു ന്യായമല്ല. ഏതായാലും അധ്യാപകനുമായി ഞാൻ നേരിട്ടു സംസാരിച്ചു. അദ്ദേഹത്തിന്റെ ക്ഷമാപണം ആത്മാർഥം തന്നെ എന്ന് ബോധ്യപ്പെട്ടു.നാം വിദ്യാർഥികൾ, അദ്ദേഹത്തിന് പറ്റിപ്പോയ ഒരബദ്ധം മാത്രമായി അതിനെ കാണണം. അദ്ദേഹം ദുരർഥം ഉദ്ദേശിച്ചിരിക്കില്ല: നമ്മുടെ അധ്യാപകനാണ്, നമുക്ക് ഇക്കുറി അത് പൊറുക്കാം. എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി.''
ഒരു വാർത്തക്കുവേണ്ട ചേരുവകളെല്ലാം ഈ സംഭവത്തിലുണ്ട്. ഒരു വൈറൽ വിഡിയോ. വളരെയേറെ സമൂഹമാധ്യമ പ്രതികരണങ്ങൾ. രാജ്യത്തിന്റെ അവസ്ഥയെപ്പറ്റിയുള്ള സൂചനകൾ. ഇസ്ലാം വിരോധം പടർത്തപ്പെടുന്ന അന്തരീക്ഷത്തിന്റെ കാമ്പസ് രൂപം.
വ്യക്തതയോടെ പ്രതികരിക്കുന്ന വിദ്യാർഥി; സംഭവിച്ചുപോയ അബദ്ധത്തെച്ചൊല്ലി ക്ഷമ ചോദിക്കുന്ന അധ്യാപകൻ.
വിവരമുള്ള അധ്യാപകരുടെ അബോധത്തിൽപോലും ഉറച്ചുപോയ വംശീയത. ഒപ്പം, ഇതിനെതിരെ ഇരകൾക്കൊപ്പം നിൽക്കാനോ അവർക്കുവേണ്ടി സംസാരിക്കാനോ തയാറില്ലാത്ത പൊതുസമൂഹത്തിന്റെ പ്രതീകമായി, ആ ക്ലാസ് മുറിയിലെ മൗനികളായ സഹപാഠികൾ. മാത്രമല്ല, ആ വിദ്യാർഥിയുടെയും അധികൃതരുടെയും ഭാഗത്തുനിന്ന് പിന്നീടുണ്ടായ പക്വമായ തുടർനടപടികൾ സമൂഹത്തിന് നൽകുന്ന നല്ല പാഠങ്ങളും.
'ദേശീയ' മാധ്യമങ്ങൾ ഒന്നാംപേജ് പ്രാമുഖ്യം നൽകിയത് നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്തെ ക്ലാസ് മുറിയിൽ നടന്ന സംഭവത്തിനാണ്. എന്നാൽ സംസ്ഥാനത്തെ പത്രങ്ങൾ അതിന് പ്രാമുഖ്യം കൊടുത്തില്ലെന്നു മാത്രമല്ല, പലരും തമസ്കരിക്കുകതന്നെ ചെയ്തു.
സഹപാഠിക്കെതിരെ വംശീയ പരാമർശമുണ്ടായപ്പോൾ ഒന്നും മിണ്ടാതെ ഇരുന്ന വിദ്യാർഥിക്കൂട്ടം തന്നെയല്ലേ നമ്മുടെ മാധ്യമങ്ങളും? വംശീയത റിപ്പോർട്ട് ചെയ്യുന്നത് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന ചിന്തയുണ്ടാകാം. എന്നാൽ, മണിപ്പാൽ സംഭവത്തിൽ വിദ്യാർഥിയുടെയും അധ്യാപകന്റെയും അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ പക്വമായ സമീപനം സമൂഹത്തിന് പാഠമല്ലേ?
കേരളത്തിൽനിന്നുതന്നെ കേട്ട മറ്റൊരു വംശീയ പരാമർശവും കുറെ പത്രങ്ങൾ തമസ്കരിച്ചു. ഒരു വൈദികൻ തന്നെയാണ് പ്രകോപന പ്രസ്താവന നടത്തിയത്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ, മന്ത്രി വി. അബ്ദുറഹ്മാനെതിരെ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞത് മറ്റൊരു 'കസബ് പരാമർശം' തന്നെയാണ്. വിഴിഞ്ഞം സമരസമിതി കൺവീനർ കൂടിയായ ഈ പുരോഹിതന്റെ അഭിപ്രായത്തിൽ ''മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദിയുണ്ട്.'' ഇത് ഒരു മന്ത്രിക്കോ വ്യക്തിക്കോ മാത്രമല്ല ഏൽക്കുന്നത്: മുസ്ലിം പേരിൽ തന്നെ തീവ്രവാദിപ്പട്ടം അടങ്ങിയിട്ടുണ്ട് എന്നാണല്ലോ അർഥം.
പ്രകോപനത്തിന് എരിവു പകരാതെ ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനാകില്ല എന്ന് കരുതുന്നതുകൊണ്ടാകുമോ മലയാള പത്രങ്ങൾ ഇതെല്ലാം ഒഴിവാക്കുന്നത്? പത്രങ്ങൾ ഒഴിവാക്കിയതുകൊണ്ട് സമൂഹത്തിൽ പടരുന്ന വിഷം ഇല്ലാതാകുമോ?
ജേണലിസത്തിൽ സാമ്പ്രദായിക ശൈലിക്ക് ഒരു മാറ്റം ആവശ്യമാണോ?
ടെലിഗ്രാഫിന്റെ വിശദീകരണ ജേണലിസം
ജേണലിസത്തിന്റെ ശൈലി ചില മുഖ്യധാരാ മാധ്യമങ്ങളിൽ മാറിവരുകയാണ്. കൊൽക്കത്തയിലെ ദ ടെലിഗ്രാഫ് ആണ് ഈ പുതിയ ശൈലിയുടെ ഉപജ്ഞാതാക്കൾ. ആ പത്രം ഏതാനും വർഷമായി തുടരുന്ന രീതി ഇന്ന് മറ്റു പത്രങ്ങളും സ്വീകരിച്ചുതുടങ്ങിയതായാണ് തോന്നുന്നത്.
സമൂഹമാധ്യമങ്ങളുടെ കടന്നുവരവും ഒപ്പം സാമ്പ്രദായിക ശൈലിയുടെ പരിമിതികളും ഈ ഭാവപ്പകർച്ചക്ക് നിമിത്തമായി കാണണം. കേവല വാർത്തകൾക്ക് ഇന്ന് സമൂഹമാധ്യമങ്ങൾ അനന്ത മാർഗങ്ങൾ തുറന്നിരിക്കെ സാമ്പ്രദായിക മാധ്യമങ്ങൾക്ക് കേവല വാർത്തകൾ മാത്രം നൽകി നിലനിൽക്കാനാകില്ല എന്നത് ഒരു കാരണം.
മറ്റൊന്ന്, സാമ്പ്രദായിക ശൈലിയുടെ പരിമിതിയാണ്. വാർത്തയും വീക്ഷണവും കൃത്യമായി വേർതിരിച്ചുപോന്ന ആ ശൈലി, വാർത്തകളുടെ ആധിക്യവും വ്യാജവാർത്തകളുടെയും പ്രചാരണങ്ങളുടെയും വളർച്ചയും സൃഷ്ടിച്ച കാലുഷ്യത്തിൽ നിഷ്ഫലമാണ്. സംഭവങ്ങളുടെ യാഥാർഥ്യത്തിനപ്പുറം അവയുടെ അർഥവും ധ്വനിയും കൂടി വായനക്കാരന് വിവരിച്ചുകൊടുക്കേണ്ടതുണ്ട്.
വാർത്തയെ കേവല വാർത്തയായി നൽകുന്നതിനു പകരം അവയെ കൃത്യമായ പശ്ചാത്തലത്തിൽ വർണിച്ചുകൊണ്ട് വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് ഇവിടെ സൂചിപ്പിച്ച പുതിയ ശൈലി.
മുകളിൽ പറഞ്ഞ 'കസബ് ആരോപണ' വാർത്ത എടുക്കാം. ടെലിഗ്രാഫ് അത് ഒന്നാം പേജ് ലീഡാക്കി കൊടുക്കുക മാത്രമല്ല ചെയ്തത്. മറ്റു പത്രങ്ങൾ അധ്യാപകന്റെ സസ്പെൻഷൻ വാർത്തയുടെ മർമമാക്കിയപ്പോൾ ടെലിഗ്രാഫ് ഇരയുടെ ഭാഗമാണ് പ്രധാനമായി കണ്ടത്. ''അല്ല സർ, മുസ്ലിമെന്ന നിലക്ക് ഇത് നിത്യവും നേരിടേണ്ടിവരുന്നത് തമാശയല്ല'' എന്ന അവന്റെ വാദമാണ് തലക്കെട്ട്.
ഇതുമായി താരതമ്യത്തിനായി, മലയാള മനോരമ പത്താം പേജിൽ ചേർത്ത ഒറ്റക്കോളം വാർത്ത അപ്പടി പകർത്താം: തലക്കെട്ട് – ''വിദ്യാർഥിയെ തീവ്രവാദിയുമായി താരതമ്യം ചെയ്തു; അധ്യാപകന് സസ്പെൻഷൻ''. വാർത്ത – ''മംഗളൂരു. ക്ലാസ് കൈകാര്യം ചെയ്യുന്നതിനിടെ വിദ്യാർഥിയെ തീവ്രവാദിയുമായി താരതമ്യം ചെയ്ത കോളജ് അധ്യാപകൻ അസി. പ്രഫസർ രവീന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെള്ളിയാഴ്ചയാണ് സംഭവം'' (മനോരമ, നവം.29).
ടെലിഗ്രാഫ് ക്ലാസിൽ നടന്ന സംഭാഷണം മുഴുവൻ ചേർത്തു. വാർത്തക്ക് നാലാം പേജിൽ തുടർച്ചയുമുണ്ടായിരുന്നു.
വാർത്തയെ ഒരു സംഭവം മാത്രമായി കാണാതെ, അത് സമൂഹത്തിന് നൽകുന്ന പാഠവും അതുൾക്കൊള്ളുന്ന ധ്വനിയും വിശദീകരിക്കുന്ന തരത്തിലാണ് ടെലിഗ്രാഫിന്റെ റിപ്പോർട്ടിങ്. ഇതിനെ 'വിശദീകരണ ജേണലിസ'മെന്നോ 'വ്യാഖ്യാന ജേണലിസ'മെന്നോ (Interpretative journalism) വിളിക്കാം.
ഗുജറാത്തിൽ ബി.ജെ.പി 2002ൽ ''കുഴപ്പക്കാരെ'' ഒരു ''പാഠം പഠിപ്പിച്ചു'' എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിവാദപ്രസംഗം ടെലിഗ്രാഫ് ഒന്നാം പേജിൽ വിന്യസിച്ച രീതിയും വിശദീകരണവും വ്യാഖ്യാനവുമാണ്. 1942ൽ ഹിറ്റ്ലർ 'അന്തിമപരിഹാരം' എന്ന് ജൂതവംശഹത്യയെ വിളിച്ചു; 2002ൽ ഗുജറാത്തിൽ നടന്നത് 'ശാശ്വത ശാന്തി' എന്ന് അമിത്ഷാ പറയുന്നു – ഇത് രണ്ടും ചേർത്തുവെക്കുന്നതാണ് വിന്യാസം.
വ്യാഖ്യാന റിപ്പോർട്ടിങ്, 'എഡിറ്റോറിയലൈസിങ്ങി'ൽ നിന്ന് വ്യത്യസ്തമാണ്.രണ്ടാമത്തേത് ഒരു നിലപാട് തീരുമാനിച്ചശേഷം സ്ഥാപിക്കാനുള്ളതാണ്; ആദ്യത്തേത്, വസ്തുതകളെക്കൊണ്ട് തന്നെ ഒരു വാദഗതി പറയിപ്പിക്കുന്നതും.