ഒരുമയുടെ കളി; വിദ്വേഷത്തിന്റെ വിസിൽ
േലാകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ ആദ്യത്തെ അര മണിക്കൂർ ബി.ബി.സി കാണിച്ചില്ല. അതിനുപകരം, ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി മുൻകൂട്ടി തയാറാക്കിയ റിപ്പോർട്ടാണ് സംപ്രേഷണം ചെയ്തത്. ഖത്തർ സ്ത്രീകേളാട് മോശമായി പെരുമാറുന്നു, തൊഴിലാളികൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റും എതിരായി നിലകൊള്ളുന്നു തുടങ്ങിയ കുറ്റങ്ങളുടെ ഒരു പട്ടിക നിരത്തിയ പരിപാടി.
ലോകവൈവിധ്യങ്ങൾ ഒത്തുചേരുന്ന ഒരുമയുടെ സന്ദേശം കൈമാറാൻകൂടിയാണ് ഖത്തർ ലോകകപ്പ് മേളയുടെ ഉദ്ഘാടനവേദി സംഘാടകർ പ്രയോജനപ്പെടുത്തിയത്.
പരസ്പര ബഹുമാനത്തെപ്പറ്റി കൊറിയൻ പോപ്പ് താരം ജങ്കൂക്കിന്റെ ഗാനം. വർണവെറിയും വംശീയതയും വെടിഞ്ഞ് ലോകം ഒരുമിക്കേണ്ടതിനെപ്പറ്റി പറയുന്ന ആഘോഷ പരിപാടികൾ. വിഭാഗീയതകളില്ലാത്ത മാനവിക ഐക്യത്തിന്റെ സന്ദേശങ്ങൾ.
എല്ലാറ്റിനും തുടക്കമായി ഐക്യമെന്ന പ്രമേയത്തിന്മേൽ രണ്ടുപേർ നടത്തിയ ലളിതവും ഹൃദ്യവുമായ സംഭാഷണം. അമേരിക്കയിലെ വേയാധികനായ നടൻ മോർഗൻ ഫ്രീമാൻ എന്ന കറുത്തവരുടെ പ്രതിനിധിയും അരക്കുതാഴെ ശരീരമില്ലാത്ത ഗാനിം അൽ മുഫ്ത എന്ന ഖത്തരി യുവാവും തമ്മിൽ സംസാരിച്ചതും ഒരുമയെപ്പറ്റി. വൈവിധ്യങ്ങളുടെ മനോഹാരിതയെപ്പറ്റി ഫ്രീമാൻ പറഞ്ഞപ്പോൾ ഗാനിം ഖുർആൻ ഉദ്ധരിച്ചു: മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കൾ; ദൈവം വൈവിധ്യങ്ങൾ സൃഷ്ടിച്ചത് പരസ്പരം അറിയുന്നതിന് വേണ്ടി...
വെറുമൊരു ആഘോഷം എന്നതിൽനിന്ന് ഫുട്ബാൾ മത്സരത്തിന്റെ തുടക്കത്തെത്തന്നെ 'വൈവിധ്യത്തിൽ ഐക്യം' എന്ന ആശയത്തിലേക്കെത്തിച്ച ആ അരങ്ങിന്റെ കാഴ്ചയും കേൾവിയും ലോകമാധ്യമങ്ങൾ ഏറ്റെടുത്തെന്നു തോന്നി.
പക്ഷേ, ഇതൊന്നും കാണാനോ കേൾക്കാനോ അവസരം നിഷേധിക്കപ്പെട്ട ഒരു വിഭാഗമുണ്ടായിരുന്നു: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ (ബി.ബി.സി) പ്രേക്ഷകർ. ചടങ്ങിന്റെ ആദ്യത്തെ അര മണിക്കൂർ ബി.ബി.സി കാണിച്ചില്ല. അതിനുപകരം, ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി മുൻകൂട്ടി തയാറാക്കിയ റിപ്പോർട്ടാണ് സംപ്രേഷണം ചെയ്തത്. ഖത്തർ സ്ത്രീകേളാട് മോശമായി പെരുമാറുന്നു, തൊഴിലാളികൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റും എതിരായി നിലകൊള്ളുന്നു തുടങ്ങിയ കുറ്റങ്ങളുടെ ഒരു പട്ടിക നിരത്തിയ പരിപാടി അവതരിപ്പിച്ചുകൊണ്ട് മുൻ ഫുട്ബാൾ താരം ഗാരി ലിനേകർ പറഞ്ഞു: ''ചരിത്രത്തിലെ ഏറ്റവും വിവാദമായ ലോകകപ്പ് മത്സരമാണിത്...''
ബി.ബി.സിയുടെ നടപടി ഫുട്ബാൾ ലോകത്ത് വമ്പിച്ച പ്രതിഷേധമുണ്ടാക്കി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കരുതിയാൽപോലും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുന്നത് കാണികളോടുള്ള മര്യാദക്കേടായി എന്ന് പലരും അഭിപ്രായപ്പെട്ടു. ഖത്തറിനോട് മാത്രമല്ല, ഫുട്ബാളിനോടുമുള്ള അനാദരവെന്ന് ട്വിറ്ററിൽ കുറെപേർ കുറിച്ചു.
ഖത്തറിന്റെ ''തൊഴിലാളിവിരുദ്ധത''യെപ്പറ്റിയും ''മനുഷ്യാവകാശ ലംഘനങ്ങളെ''പ്പറ്റിയും പറയാറുള്ള സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷനൽ. അതിന്റെ ബ്രിട്ടീഷ് പ്രചാരണ മാനേജർ ക്രിസ്തിയാൻ ബെനഡിക്ട് ട്വീറ്റ് ചെയ്തത് ഇങ്ങനെ: ''ചരിത്രത്തിലെ ഏറ്റവും വിവാദമായ ലോകകപ്പ് മത്സരമെന്നാണല്ലോ ബി.ബി.സി പറഞ്ഞത്. പുടിന്റെ റഷ്യയായിരുന്നു ഇതിന് മുമ്പത്തെ ആതിഥേയർ എന്നതോർത്താൽ ഇപ്പറഞ്ഞത് (ബി.ബി.സിയെപ്പറ്റി) ചിലത് പറഞ്ഞുതരുന്നുണ്ട്.''
തൊഴിലാളി നിയമങ്ങളടക്കം പരിഷ്കരിച്ചുകൊണ്ട് ആരോപണങ്ങളെ നേരിട്ട രാജ്യമാണ് ഖത്തർ. പക്ഷേ, ബിയറും മറ്റു മദ്യങ്ങളും കളിസ്ഥലങ്ങളിൽ ലഭ്യമാക്കാത്തതിനെ വരെ മനുഷ്യാവകാശ ലംഘനമായി കാണുന്നു പലരും. അതേസമയം, മനുഷ്യരെ സൈനികമായി അടിച്ചമർത്താനോ മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കാനോ അവർ തയാറായിട്ടില്ല. പുടിന്റെ റഷ്യ ഇതെല്ലാം ചെയ്യുന്നു. ഷി ജിൻ പിങ്ങിന്റെ ചൈനയും അങ്ങനെതന്നെ. എന്നാൽ, റഷ്യയിലെ ലോകകപ്പ് ഫുട്ബാളിനെയോ ചൈനയിലെ ഒളിമ്പിക്സിനെയോ അതത് രാജ്യങ്ങളിലെ ഭരണകൂട അതിക്രമങ്ങളെ കുറ്റപ്പെടുത്താൻ അവസരമാക്കാത്ത ബി.ബി.സി ഖത്തറിനോട് ഇത്ര വലിയ വിരോധം പ്രകടിപ്പിച്ചതെന്തുകൊണ്ട് എന്ന് പലരും ചോദിച്ചു.
ബ്രസീലിലെ മാധ്യമപ്രവർത്തകൻ ജോർഡൻ ജാരറ്റ്-ബ്രയൻ പറയുന്നു: ''ബി.ബി.സി ചെയ്തത് വല്ലാത്ത അവഹേളനമായി.''
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ കുറിച്ചതിങ്ങനെ: ''ഖത്തറിനോടുള്ള കടുത്ത അവഹേളനം. ഇത്ര കടുത്ത രോഷം അവർക്കുണ്ടെങ്കിൽ (ഖത്തറിലെ) സ്വന്തം ജീവനക്കാരുടെ വൻ പടയെ നാട്ടിലേക്ക് തിരിച്ചുവിളിക്കട്ടെ – ഇമ്മാതിരി കാപട്യം ഒഴിവാക്കിത്തരിക.''
സമൂഹമാധ്യമപ്രവർത്തകൻ ജെയിംസ് മെൽവിൽ എഴുതി: ''ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് ബി.ബി.സി ലോകകപ്പ് റിപ്പോർട്ടിങ് തുടങ്ങിയത് മനസ്സിലാക്കുന്നു. പക്ഷേ, ചൈന ഒളിമ്പിക്സ് നടത്തിയപ്പോൾ അവർ ഇങ്ങനെ വല്ലതും ചെയ്തതായി അറിയില്ല.''
ബ്രിട്ടീഷ് എം.പി സ്കോട്ട് ബെന്റന്റെ ട്വീറ്റ് ഇങ്ങനെ: ''ലോക ഫുട്ബാൾ മേളയുടെ ബി.ബി.സി റിപ്പോർട്ടിന്റെ ആദ്യ 30 മിനിറ്റിൽ ഫുട്ബാളിനെപ്പറ്റി ഒന്നുമില്ല. അർഹിക്കുന്നതിലേറെ പ്രതിഫലം പറ്റുന്ന ഗാരി ലിനേകറും കൂട്ടരും പ്രഭാഷണം നടത്തുന്നതാണ് കേട്ടത് – കാലാവസ്ഥയെപ്പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയുമൊക്കെ. ഇത്ര ആധിയുണ്ടെങ്കിൽ എന്തിനാണ് അവർ അവിടെ പോയത്? ഇവിടെ ബ്രിട്ടനിൽനിന്ന് റിപ്പോർട്ട് ചെയ്താൽ മതിയായിരുന്നില്ലേ?''
റിപ്പോർട്ടിങ് ഇങ്ങനെത്തന്നെ വേണമെന്ന് പറഞ്ഞ് ബി.ബി.സിയെ ന്യായീകരിച്ചവരുമുണ്ട്. അമേരിക്കൻ മാധ്യമപ്രവർത്തകൻ റോജർ ബെനറ്റ് അക്കൂട്ടത്തിലാണ്. തീവ്രവലതുപക്ഷ ചാനലായ ഫോക്സ് ന്യൂസ് പോലും ചെയ്യാൻ മടിച്ചത് ബി.ബി.സി ചെയ്തതിൽ സന്തോഷം പങ്കുവെക്കുന്നുണ്ടദ്ദേഹം.
അതേസമയം, ബി.ബി.സിക്കുമേൽ മുസ്‍ലിം വിരുദ്ധത ആരോപിച്ചവരുമുണ്ട്. ബ്രിട്ടീഷ് ജേണലിസ്റ്റ് റോബർട്ട് കാർട്ടർ എഴുതി: ''ഇത്രകാലവും ലോകകപ്പ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചിട്ടില്ല ബി.ബി.സി. ഇപ്പോൾ ആദ്യമായി ഒരു അറബ്, മുസ്‍ലിം രാജ്യം ആതിഥേയരായപ്പോൾ ബഹിഷ്കരിച്ചു. ബ്രിട്ടീഷ് ഭരണകൂട ചാനലിന്റെ നാണംകെട്ട വംശീയത. ബി.ബി.സിയോട് പോവാൻപറയുകയാണ് ഖത്തർ ചെയ്യേണ്ടത്.''
ബ്രിട്ടനിലെ മറ്റൊരു ജേണലിസ്റ്റായ അസാവിൻ സ്റ്റാന്റലി കുറിച്ചു: ''ഖത്തറിനെ ചൂണ്ടിയുള്ള ബി.ബി.സിയുടെ നല്ലപിള്ള ചമയൽ അറപ്പുണ്ടാക്കുന്നു. ഒന്ന് നിർത്തൂ ഇത് – ബ്രിട്ടനും മനുഷ്യാവകാശങ്ങളും വിപരീത ധ്രുവങ്ങളല്ലേ?''
'ഹ്യൂമൻ റൈറ്റ്സ് വാച്ച്' റഷ്യൻ ലോകകപ്പിന്റെ (2018) പശ്ചാത്തലതത്തിൽ റഷ്യക്കെതിരായി മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക നിരത്തിയിരുന്നു – സ്റ്റേഡിയം നിർമാണത്തിനിടെ 21 തൊഴിലാളികൾ മരിച്ചതടക്കം. 'ബിൽഡിങ് വർക്കേഴ്സ് ഇന്റർനാഷനൽ' ഇറക്കിയ റിപ്പോർട്ടിൽ പറഞ്ഞു: ''ഇത്രയും തൊഴിലാളികൾ മരിച്ചത് ഉയരത്തിൽനിന്ന് വീണിട്ടോ ഭാരമുള്ള യന്ത്രം ശരീരത്തിലേക്ക് വീണിട്ടോ ഒക്കെ ആണ്. സുരക്ഷാ സാഹചര്യങ്ങൾ സൃഷ്ടിച്ചാൽ ഒഴിവാക്കാവുന്നതായിരുന്നു ഇതെല്ലാം.'' റഷ്യയിലെ ഒരു സ്റ്റേഡിയം നിർമിച്ചത് ഉത്തര കൊറിയയിൽനിന്ന് വന്ന അടിമപ്പണിക്കാരായിരുന്നു എന്ന്, 'ദ സ്ലേവ്സ് ഓഫ് പിറ്റ്സ്ബർഗ്' എന്ന റിപ്പോർട്ടിൽ ജോസിമർ എന്ന മാഗസിൻ ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്കു പുറമെ, റഷ്യ ക്രീമിയ ആക്രമിച്ച് സ്വന്തമാക്കിയതും വലിയ വിവാദമായിരുന്നു. എന്നാൽ, ഇതൊന്നുംതന്നെ റഷ്യയിലെ ലോകകപ്പ് ഉദ്ഘാടനം തമസ്കരിക്കാനോ 'എൽ.ജി.ബി.ടി' വിഷയമുയർത്തി റഷ്യയെ വിമർശിക്കാനോ ബി.ബി.സിക്ക് ന്യായമായില്ല. മറിച്ച്, ഇക്കുറി ലിനേകർക്കൊപ്പം ചേർന്ന് ഖത്തറിനെ ചീത്ത വിളിച്ച മുൻ ഫുട്ബാൾ കളിക്കാരിയും ബി.ബി.സി ലേഖികയുമായ അലക്സ് സ്കോട്ട് മുമ്പ് റഷ്യയിലെ കളിയെല്ലാം ആവേശപൂർവം ബി.ബി.സിക്ക് വേണ്ടി വിശകലനം ചെയ്യുക മാത്രമല്ല, വ്ലാദിമിർ പുടിനോടൊപ്പം നിന്ന് പടമെടുക്കുക വരെ ചെയ്തിരുന്നു.
ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ എക്വഡോർ തോൽപിച്ചപ്പോൾ ലണ്ടനിലെ ഇൻഡിപ്പെൻഡന്റ് പത്രം എഴുതിയ അവലോകനവും മുൻവിധി തുറന്നുകാട്ടി. ''ഖത്തറിന്റെ തോൽവി തെളിയിക്കുന്നത്, സ്പോർട്സിൽ പണം കൊടുത്താൽ കിട്ടാത്ത ചിലതുണ്ടെന്നാണ്'' എന്ന തലക്കെട്ടിലെ ദുസ്സൂചന വ്യക്തം: തങ്ങൾക്ക് തോറ്റുതരാൻ എക്വഡോറിന് ഖത്തർ പണം നൽകാൻ നോക്കിയിരിക്കാമെന്നും അത് നടക്കാതെ പോയതാകാം എന്നുമല്ലെങ്കിൽ പിന്നെ ഇതിന്റെ അർഥമെന്താണ്?
ബി.ബി.സിയുടെ വംശീയത മാത്രമല്ല, വർണവെറിയും ചിലർ എടുത്തുകാട്ടി. ഖത്തറിൽതന്നെ, ഇംഗ്ലണ്ടും ഇറാനും തമ്മിൽ നടന്ന മത്സരത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ച രീതി ഉദാഹരണം. ഇംഗ്ലണ്ട് 6-2ന് വിജയിച്ചു. ഇംഗ്ലണ്ട് ടീമിൽ കറുത്തവരും വെള്ളക്കാരുമുണ്ട്. ആറ് ഗോളുകളിൽ രണ്ടെണ്ണം ബുകായോ സാക്ക ആണ് അടിച്ചതും. ഓരോന്നു വീതം ജൂഡ് ബെലിംഗാം, റഹീം സ്റ്റെർലിങ്, മാർകസ് റാഷ്ഫഡ്, ജാക് ഗ്രീലിഷ് എന്നിവരും നേടി. ഇതിൽ ഗ്രീലിഷ് മാത്രമാണ് വെള്ളക്കാരൻ. പകരക്കാരനായി ഇറങ്ങിയ അയാളുടേത് പ്രയാസമില്ലാത്ത ഒരു ഗോളായിരുന്നു. അതേസമയം, സാക്കയുടെ രണ്ട് ഗോളുകളും ഉജ്ജ്വലമായിരുന്നു. മാത്രമല്ല, കളിയുടെ മികവ് കാരണം മാൻ ഓഫ് ദ മാച്ചായി സാക്ക തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കളി ജയിച്ചതറിയിച്ച ബി.ബി.സി റിപ്പോർട്ടിൽ കൊടുത്ത പടം, ഗോൾ നേടിയവരിലെ ഏക വെള്ളക്കാരനായ ഗ്രീലിഷിന്റേത്.
സമൂഹ മാധ്യമങ്ങളിൽ ഈ വർണവിവേചനത്തിനെതിരെ കമന്റുകൾ പ്രവഹിച്ചു. ഒന്ന് ഇങ്ങനെ: ''അഞ്ച് ഗോളുകൾ കറുത്തവരുടെ വക. മാൻ ഓഫ് ദ മാച്ചായത് കറുത്തവൻ. പക്ഷേ, ജയിച്ച കളിക്ക് ബി.ബി.സി കൊടുത്ത മുഖം ആരുടേതെന്നോ? 20 മിനിറ്റ് തികച്ച് കളിക്കാത്ത 6-2 വിജയത്തിൽ നന്നേ കുറച്ചുമാത്രം സംഭാവന ചെയ്ത വെള്ളക്കാരന്റെ മുഖം. സ്ഥാപനവത്കൃത വംശീയത തന്നെ!''