അസാൻജിനോട് വൻകിട പത്രങ്ങൾ ചെയ്തത്

മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആസ്ഥാനമെന്ന് അവകാശപ്പെടുന്ന പടിഞ്ഞാറൻ ‘ജനാധിപത്യ’ രാജ്യങ്ങളുടെ തനിനിറം വെളിപ്പെടുത്തുന്ന കേസ് കൂടിയാണ് ഇത്.
‘‘അധികാരത്തിന് ദാസ്യവേല ചെയ്യുന്ന ഒരു നിയമവ്യവസ്ഥ’’യിൽ ഈ കേസ് രാഷ്ട്രീയതലത്തിലാണ് നേരിടേണ്ടത്. ‘‘ലണ്ടനിലെ കോടതികളിൽനിന്ന് നീതി കിട്ടില്ല.’’
‘വിക്കിലീക്സ്’ ചീഫ് എഡിറ്റർ ക്രിസ്റ്റിൻ റാഫ്സൺ ഈയിടെ അമേരിക്കൻ ജേണലിസ്റ്റ് ഗ്ലെൻ ഗ്രീൻവാൾഡിനോട് പറഞ്ഞതാണിത്.
ഭരണകൂടങ്ങളുടെ കള്ളരഹസ്യങ്ങൾ ചോർത്തി പുറത്തുവിടുകയെന്ന ആപൽക്കരമായ ജോലിയാണ് ‘വിക്കിലീക്സ്’ നിർവഹിച്ചത്. അതിന്റെ സ്ഥാപകനായ ജൂലിയൻ അസാൻജ് അമേരിക്കയും ബ്രിട്ടനുമടക്കം ചില ഭരണകൂടങ്ങളുടെ ഇരയായി തടങ്കലിലാണ്.
മാധ്യമസ്വാതന്ത്ര്യത്തിന്റെ ആസ്ഥാനമെന്ന് അവകാശപ്പെടുന്ന പടിഞ്ഞാറൻ ‘ജനാധിപത്യ’രാജ്യങ്ങളുടെ തനിനിറം വെളിപ്പെടുത്തുന്ന കേസ് കൂടിയാണ് ഇത്.
1971ൽ ആസ്ട്രേലിയയിൽ ജനിച്ച അസാൻജ് 2006ൽ ‘വിക്കിലീക്സ്’ സ്ഥാപിച്ചു. മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് ഭരണകൂടങ്ങളുടെ ദുഷ്ചെയ്തികൾ തുറന്നുകാട്ടണമെന്ന് വിശ്വസിക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ് ഈ ജേണലിസ്റ്റ്. യുദ്ധങ്ങൾ ഭരണകൂടങ്ങൾക്കുവേണ്ടിയുള്ളതാണ്. അവയുമായി ചങ്ങാത്തം സ്ഥാപിച്ച ആയുധക്കമ്പനികൾക്കും യുദ്ധം ലാഭകരമാണ്. തങ്ങൾക്ക് ദുരിതവും കഷ്ടപ്പാടും വരുത്തുന്ന യുദ്ധങ്ങൾക്ക് എല്ലാ സമൂഹങ്ങളും പൊതുവെ എതിരാണ്. എന്നാൽ, ഭരണകൂടങ്ങൾ ജനങ്ങളുടെ വിസമ്മതം മാറ്റിയെടുക്കാൻവേണ്ടി നുണകൾ സൃഷ്ടിക്കുന്നു. മാധ്യമങ്ങൾ ഇതിന് കൂട്ടുനിന്നുകൊണ്ട് ആ നുണകൾ പരത്തി, ജനസമൂഹങ്ങളെ യുദ്ധത്തിന് സജ്ജരാക്കുന്നു. ‘‘കഴിഞ്ഞ അരനൂറ്റാണ്ടിലുണ്ടായ ഒട്ടുമിക്ക യുദ്ധങ്ങൾക്കും കാരണമായത് മാധ്യമങ്ങൾ പരത്തിയ നുണകളാണെ’’ന്ന് അസാൻജ് തുറന്നടിച്ചു. നേര് കണ്ടെത്തുകയും നുണകൾ പൊളിക്കുകയും ചെയ്യുകയെന്ന ധർമം മാധ്യമങ്ങൾ നിർവഹിച്ചാൽതന്നെ യുദ്ധങ്ങൾ ഇല്ലാതാകും.
അമേരിക്ക അടക്കമുള്ള ഭരണകൂടങ്ങളുടെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന സൈനികരഹസ്യങ്ങൾ ചോർത്തി പുറത്തുവിടുകയാണ് ‘വിക്കി ലീക്സ്’ പ്രഥമ ദൗത്യമായി ഏറ്റെടുത്തത്.
യു.എസ് സൈന്യത്തിൽ ആർമി ഇന്റലിജൻസ് വിശകലന വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന ബ്രാഡ്ലി (പിന്നീട് ചെൽസി) മാനിങ് ഇതേ മനസ്സുള്ള ആക്ടിവിസ്റ്റ് കൂടിയായിരുന്നു. മാനിങ് ചോർത്തിക്കൊടുത്ത ഏഴര ലക്ഷത്തോളം സൈനിക രേഖകൾ ‘വിക്കിലീക്സ്’ പുറത്തുവിട്ടതോടെ മാനിങ്ങും അസാൻജും അമേരിക്കൻ സർക്കാറിന്റെ നോട്ടപ്പുള്ളികളായി. മാനിങ്ങിനെ സൈനികവിചാരണ ചെയ്ത് ശിക്ഷിച്ചു.
2007ൽ ഇറാഖിലും 2009ൽ അഫ്ഗാനിസ്താനിലും നടത്തിയ വ്യോമാക്രമണങ്ങളുടെ സൈനിക രഹസ്യങ്ങൾ അന്ന് പുറത്തുവിട്ടവയിൽ ഉൾപ്പെട്ടിരുന്നു. ‘ഇറാഖ് വാർ ലോഗ്സ്’, ‘അഫ്ഗാൻ വാർ ഡയറി’ എന്നിങ്ങനെ അറിയപ്പെട്ട ഈ രഹസ്യരേഖകൾ, യുദ്ധക്കുറ്റത്തോളമെത്തുന്ന അമേരിക്കൻ സൈനിക നടപടികളുടെ തെളിവുകളായി.
ഇവയടക്കം 2010ൽ ‘വിക്കിലീക്സ്’ പുറത്തുവിട്ട രഹസ്യങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കാൻ പോന്നതായിരുന്നു. ‘കോലാറ്ററൽ മർഡർ’ എന്ന ഒരു വിഡിയോ അമേരിക്കയുടെ നിഷ്ഠുരത വെളിപ്പെടുത്തി. 2007ൽ അമേരിക്കൻ വൈമാനികർ അപ്പാച്ചെ ഹെലികോപ്ടറിൽ താഴ്ന്നുപറന്ന് ബഗ്ദാദിലെ കുറെ സിവിലിയന്മാരെ (അതിൽ രണ്ട് റോയിട്ടേഴ്സ് റിപ്പോർട്ടർമാരുമുണ്ടായിരുന്നു) വെറുതെ വെടിവെച്ച് കൊല്ലുന്നതും അത് നോക്കി ചിരിച്ച് രസിക്കുന്നതുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത് – യുദ്ധക്കുറ്റത്തിന്റെ തെളിവ്.
അസാൻജിന്റെ വിക്കി ലീക്സിലൂടെ ലഭിച്ച സ്കൂപ്പുകൾ ഗാർഡിയൻ അടക്കമുള്ള പത്രങ്ങൾക്ക് വലിയ നേട്ടമായി. എന്നാൽ, അവ പിന്നീട് അസാൻജിനെതിരെ നിലപാടെടുത്തു. ഇപ്പോൾ അവ അദ്ദേഹത്തെ വിട്ടയക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തുമ്പോൾ അതിലെ ആത്മാർഥത ചോദ്യംചെയ്യപ്പെടുന്നു.
പിന്നാലെ അസാൻജിനെ കുടുക്കാനുള്ള വേട്ട തുടങ്ങി. 2010ൽ സ്വീഡനിലായിരുന്ന അസാൻജിനെതിരെ ആ രാജ്യം അറസ്റ്റ് വാറന്റ് ഇറക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് ലണ്ടനിലേക്ക് കടന്ന അസാൻജ് അവിടെ എക്വഡോർ എംബസിയിൽ അഭയം തേടി (2012). അതിനിടെ തെളിവ് ദുർബലമെന്നു പറഞ്ഞ് സ്വീഡൻ അദ്ദേഹത്തിനെതിരായ കേസ് പിൻവലിച്ചിരുന്നു.
2019ൽ ലണ്ടനിലെ എക്വഡോർ എംബസി അസാൻജിന് നൽകിയ അഭയം പിൻവലിച്ചു. അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്ക അദ്ദേഹത്തിനെതിരെ ചാരവൃത്തി നിയമപ്രകാരം കേസെടുത്തു. ബ്രിട്ടനിൽനിന്ന് അദ്ദേഹത്തെ വിട്ടുകിട്ടാൻ ശ്രമമാരംഭിച്ചു. ബ്രിട്ടീഷ് സർക്കാറും കോടതികളും അസാൻജിനെ വിട്ടുകൊടുക്കുന്നതിന് ഈയിടെ പച്ചക്കൊടി കാട്ടി. അവിടെ 175 വർഷത്തെ തടവാണ് അസാൻജിനെ കാത്തിരിക്കുന്നത്.
അസാൻജിനെതിരായ ഈ ഭരണകൂട വേട്ടയോട് മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ പ്രതികരിച്ചു? തികഞ്ഞ സ്വാർഥതയോടെയും നെറികേടോടെയും എന്നാണുത്തരം.
അദ്ദേഹത്തെ അമേരിക്കയിലേക്ക് അയക്കാൻ ബ്രിട്ടീഷ് അധികൃതർ ഒരുങ്ങി കുറെ കഴിഞ്ഞ്, ഡിസംബർ രണ്ടാം വാരത്തിൽ, അഞ്ച് മാധ്യമസ്ഥാപനങ്ങൾ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ദ ഗാർഡിയൻ (ഇംഗ്ലണ്ട്), ന്യൂയോർക് ടൈംസ് (അമേരിക്ക), ലാമോന്ദ് (ഫ്രാൻസ്), എൽപായിസ് (സ്പെയ്ൻ), ഡെർ സ്പീഗർ (ജർമനി) എന്നീ പ്രമുഖ പത്രങ്ങൾ ഈ കത്തിൽ, യു.എസ് പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടത് അസാൻജിനെ ഇനിയും വേട്ടയാടാതെ വിട്ടയക്കണം എന്നാണ്.
അസാൻജിന്റെ വെളിപ്പെടുത്തലുകൾ വാർത്തയാക്കിക്കൊണ്ട് നന്നായി മുതലെടുത്ത ഈ മാധ്യമങ്ങൾ ഇത്രയേറെ വൈകിയതുതന്നെ ന്യായക്കേടാണ്. എന്നാൽ, അതിലും വലിയ അനീതി ഗാർഡിയനും ന്യൂയോർക് ടൈംസും അസാൻജിനോട് കാട്ടിയിരുന്നു.
ഭരണകൂടത്തിന്റെ ‘രാജ്യസുരക്ഷാ’ വാദം ഏറ്റെടുത്തവരാണ് ഇവ രണ്ടും. ചോർത്തിയ രഹസ്യരേഖകളിൽനിന്ന്, അവ നൽകിയ വ്യക്തികളുടെയും രാജ്യരക്ഷക്ക് ക്ഷതം വരുത്തിയേക്കാവുന്ന രഹസ്യങ്ങളുടെയും വിവരങ്ങൾ നീക്കംചെയ്യാൻ അസാൻജും സംഘവും ശ്രദ്ധിച്ചിരുന്നു. എന്നാൽ, കിട്ടിയതൊക്കെ വാർത്തയാക്കി ലാഭമെടുത്ത ഈ മാധ്യമങ്ങൾ പിന്നീട് അസാൻജിനെതിരെ യു.എസ് സർക്കാർ ഉയർത്തിയ വ്യാജവാദങ്ങൾ പ്രചരിപ്പിച്ചു. ഗാർഡിയൻ ‘വിക്കിലീക്സി’ന്റെ പാസ്വേഡ് പരസ്യപ്പെടുത്തിക്കൊണ്ട് വേട്ടക്കാരോടുള്ള കൂറ് തെളിയിക്കുകവരെ ചെയ്തു.
ഇന്ന് അവ അസാൻജിനുവേണ്ടി രംഗത്തിറങ്ങുമ്പോൾ അതിന് കാരണം ഒന്നാവാനേ തരമുള്ളൂ: അസാൻജിനെ വിട്ടയക്കണമെന്ന ആവശ്യത്തിന് അത്രയേറെ ജനപിന്തുണ കിട്ടുന്നുണ്ട് എന്നത്.
ഫുട്ബാൾ സപ്ലിമെന്റുകൾ
ലോകകപ്പ് ഫുട്ബാൾ പലനിലക്കും ഒരു നാഴികക്കല്ലാണ്. നടത്തിപ്പിലെ മികവിനും വംശവെറിയുടെ കുത്തൊഴുക്കിനും പുറമെ മറ്റൊരു റെക്കോഡുകൂടി ഖത്തർ ടൂർണമെന്റിനുണ്ട്: ആദ്യമായി ഡിജിറ്റൽ പ്രേക്ഷകരുടെ എണ്ണം ടെലിവിഷൻ പ്രേക്ഷകരെ മറികടന്നു എന്നതാണത്.
പത്രങ്ങൾ ഒരു മാസം – പ്രത്യേകിച്ച് ഫൈനലടക്കമുള്ള സവിശേഷ മത്സരങ്ങളുടെ കവറേജിൽ – ഫുട്ബാളിന് വളരെയേറെ, പേജുകൾ നീക്കിവെച്ചു. ഒരുതരം ‘സപ്ലിമെന്റ് ജേണലിസം’. വാർത്തക്കായി ആരും പത്രങ്ങൾ നോക്കാറില്ലാത്തതിനാൽ ഇതിൽ അസ്വാഭാവികത ഇല്ല.
എന്നാൽ, ഇത്ര ദിവസം ഫുട്ബാൾ സപ്ലിമെന്റുകളായി ഇറങ്ങുന്നതിനിടെ, ജനങ്ങളെ അറിയിക്കേണ്ട ഗൗരവപ്പെട്ട കുറെ വാർത്തകൾ പത്രങ്ങൾ ഏറക്കുറെ അവഗണിച്ചു.
അദാനിയുടെ കൂറ്റൻ പദ്ധതിയെപ്പറ്റി വാഷിങ്ടൺ പോസ്റ്റ് ലീഡ് സ്റ്റോറി
ചട്ടങ്ങൾ മറികടന്നാണത്രെ, അദാനിയുടെ ഒരു കൂറ്റൻ കൽക്കരി വൈദ്യുതിശാല നിർമിക്കുന്നതായി ഇന്ത്യക്കാർ അറിഞ്ഞത് വാഷിങ്ടൺ പോസ്റ്റ് (ഡിസംബർ 12) റിപ്പോർട്ടിൽനിന്നാണ്. ഝാർഖണ്ഡിലെ ഈ കൽക്കരി പ്ലാന്റിനെപ്പറ്റിയും അതിലെ നിയമലംഘനത്തെപ്പറ്റിയും ഒന്നാംപേജ് ലീഡായി തുടങ്ങി ഉൾപേജുകളിലേക്ക് വ്യാപിച്ച നീണ്ട റിപ്പോർട്ടാണ് പോസ്റ്റിൽ വന്നത്. പ്ലാന്റിനുവേണ്ടി ഒരു ഗ്രാമംതന്നെ നശിപ്പിച്ച കഥ ദ ഗാർഡിയനും പറഞ്ഞു. നമ്മുടെ മാധ്യമങ്ങൾ പക്ഷേ, അത് മിക്കവാറും കണ്ടില്ലെന്നുവെച്ചു.
1984ലെ ഭോപാൽ വിഷവാതക ദുരന്തത്തിന് കാരണക്കാരായ യൂനിയൻ കാർബൈഡ് കമ്പനി കുറെ വ്യാജ കമ്പനികൾ മുഖേന ഇന്നും ഇന്ത്യയിൽ ബിസിനസ് നടത്തുന്നതായി ‘റിപ്പോർട്ടേഴ്സ് കലക്ടിവ്’ കൂട്ടായ്മയിലെ ശ്രീ ഗിരീഷ്, കുമാർ സാംഭവ് എന്നിവർ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടും ഫുട്ബാൾ ജ്വരത്തിനിടെ പൊതുമാധ്യമങ്ങൾ കണ്ടില്ല. അവ കാണാതെ പോയ വാർത്തകൾ വേറെയുമുണ്ട്.
വെറും ‘സപ്ലിമെന്റ് ജേണലിസ’ത്തിലേക്ക് ചുരുങ്ങുമ്പോൾ പത്രങ്ങൾ സ്വന്തം പ്രസക്തിതന്നെ നഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത്?