ഫുട്ബാൾ: ഓറിയന്റലിസ്റ്റ് ആക്രമണങ്ങളിൽ ഖത്തർ
1930ൽ തുടങ്ങിയ ഫിഫ ലോകകപ്പിന് ആദ്യമായാണ് അറബ് മേഖലയിലെ രാജ്യം ആതിഥ്യം നൽകുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും അനേകം നാടുകൾ അത് നടത്തിയിട്ടുണ്ട്. അന്നൊന്നും കേൾക്കാത്ത എതിർപ്പ് ഖത്തർ മത്സരത്തിനെതിരെ ഉയരുന്നതിന് കാരണമെന്താണ്?
എഡ്വേഡ് സഈദ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 'ഓറിയന്റലിസം' എന്ന ഗ്രന്ഥത്തിന് ഒരു തുടർച്ച എഴുതുമായിരുന്നു. അതും ഖത്തർ ലോകകപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ.
കിഴക്കൻ രാജ്യങ്ങളോടുള്ള പടിഞ്ഞാറിന്റെ മനോഭാവം ഇന്നും പണ്ടത്തെ വംശീയവിരോധത്തിന്റേതാണെന്ന് 2022ലെ ഫിഫ ലോകകപ്പ് മത്സരങ്ങളെപ്പറ്റിയുള്ള പാശ്ചാത്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ തൊഴിൽ നിയമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാണ് പാശ്ചാത്യ മീഡിയയുടെ സ്ഥിരം ലോകകപ്പ് 'വിശേഷങ്ങൾ'. 2010ൽ പ്രഖ്യാപിക്കപ്പെട്ടതാണ് 2022ലെ മത്സരം ഖത്തറിലാകുമെന്ന്. അന്നുമുതൽ പാശ്ചാത്യ മാധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്: ഇത് ഖത്തർ ഫിഫ അധികൃതർക്ക് കോഴകൊടുത്ത് വാങ്ങിയതാണ് എന്ന്. ഇത്ര ചെറിയൊരു നാട്, ഫുട്ബാൾ രംഗത്ത് കാര്യമായി സാന്നിധ്യമറിയിച്ചിട്ടില്ലാത്ത രാജ്യം, സ്റ്റേഡിയങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങൾ ഏറക്കുറെ ഇല്ലാത്ത രാജ്യം, കാലാവസ്ഥയും മിക്കവാറും പ്രതികൂലമായ രാജ്യം, എങ്ങനെ ഇത് അടിച്ചെടുത്തു എന്നതിന് അവർ കണ്ട ലളിതമായ ഉത്തരമായിരുന്നു കൈക്കൂലി.
2022 ലോകകപ്പ് നടത്തിപ്പ് ഖത്തറിന് നൽകിയ 2010ൽ തന്നെയായിരുന്നു 2018ലെ ലോകകപ്പ് നടത്തിപ്പ് റഷ്യക്കും കൊടുത്തത്. അതിനെപ്പറ്റിയും കൈക്കൂലി ആരോപണം ഉയർന്നെങ്കിലും ഖത്തറിനെതിരായ ആരോപണത്തിന്റെ രൂക്ഷത ഒന്നു വേറെത്തന്നെയായിരുന്നു. ആരോപണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം നടന്നു. അമേരിക്കൻ അറ്റോണിയായിരുന്ന മൈക്കൽ ഗാർസ്യയും ജർമൻ ജഡ്ജി ഹാൻസ്-ജോക്കിം എക്കെർട്ടും രണ്ടു വർഷമെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് സമർപ്പിച്ചു.
റഷ്യയോ ഖത്തറോ കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. വല്ല ദുസ്സൂചനയും ഉണ്ടായിരുന്നെങ്കിൽ അത് റഷ്യയെ പറ്റിയായിരുന്നു – റഷ്യ ''പരിമിതമായ രേഖകൾ'' മാത്രമേ പരിശോധനക്ക് നൽകിയുള്ളൂ എന്ന്.
ഇതിനുശേഷവും കൈക്കൂലി ആരോപണം ആവർത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു – അന്വേഷണം പ്രഹസനമായിരുന്നു എന്നതടക്കം. അതേസമയം, അന്വേഷണ റിപ്പോർട്ടിന്റെ പ്രസിദ്ധീകൃതമായ സംഗ്രഹത്തിൽ, ലോകകപ്പ് നടത്തിപ്പിന് നടത്തിയ ലേലപ്രക്രിയയിൽ സത്യസന്ധതയില്ലായ്മ കാട്ടിയെന്ന്, ലേലത്തിൽ പരാജയപ്പെട്ട ഇംഗ്ലണ്ടിനെയും ആസ്ട്രേലിയയെയും കുറ്റപ്പെടുത്തിയിരുന്നു.
പ്രഹസനമെന്ന് വിമർശകർ കുറ്റപ്പെടുത്തിയ ഇതേ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെ, ഒരു അമേരിക്കൻ മാധ്യമ കമ്പനിയിലെ രണ്ട് ഉന്നതരെ ശിക്ഷിച്ചു എന്നതും എടുത്തുപറയണം. അവർ ഫിഫ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തു എന്നതുതന്നെ കാരണം. ഹാർവഡ് ലോ സ്കൂളിലെ പ്രഫ. മാത്യു സ്റ്റീവൻസൺ (ഗ്ലോബൽ ആന്റി കറപ്ഷൻ ബ്ലോഗ്) എഴുതുന്നു: ഖത്തർ കൈക്കൂലി കൊടുത്തിട്ടുണ്ടെന്നുതന്നെ കരുതുക. എങ്കിൽപോലും ചില പടിഞ്ഞാറൻ രാജ്യങ്ങളെക്കാൾ കൂടുതൽ അപരാധമൊന്നും അവർ ചെയ്തിട്ടില്ല.
'മരുഭൂമിയിലെ ശൈഖുമാർ'
അറബ് രാജ്യത്തിന് ഫിഫ നടത്താൻ അവകാശം കിട്ടിയെങ്കിൽ കാരണം കൈക്കൂലി തന്നെയെന്ന് ചിലർ ഒന്നാം തീയതിതന്നെ തീരുമാനിച്ചിരുന്നു. വാഷിങ്ടൺ പോസ്റ്റിൽ ഇഷാൻ തരൂർ എഴുതിയ കോളം ഈ വിവേചനം തുറന്നുകാട്ടുന്നുണ്ട്. ലോകകപ്പ് ആതിഥേയത്വം ഖത്തറിന് നൽകാൻ 2010ൽ തീരുമാനിച്ചപ്പോഴേ ജർമൻ ടാബ്ലോയ്ഡ് പത്രമായ ബിൽഡ് പ്രഖ്യാപിച്ചു: ''ഈ തീരുമാനത്തിന് ഒരേയൊരു വിശദീകരണമേയുള്ളൂ: മരുഭൂമിയിലെ ഒരു ചെറുരാഷ്ട്രത്തിലെ ശൈഖുമാർക്ക് ഫിഫ ലോകകപ്പ് വിറ്റു; മറ്റൊരു വിശദീകരണവും ഇല്ല.''
ലിബറേഷൻ എന്ന ഫ്രഞ്ച് പത്രത്തിന് വാർത്ത വിശ്വസിക്കാനായില്ലേത്ര. ''കായിക പാരമ്പര്യമില്ലാത്ത ഒരു കൊച്ചുനാടിനെങ്ങനെ ഇത്ര വലിയ ഒരു മത്സരം നടത്താനാവും? പലനിലക്കും ഈ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്.''
12 വർഷക്കാലത്തെ ഇത്തരം പ്രചാരണം ഫലംചെയ്തു എന്നു കരുതണം. ഖത്തറിന് ആതിഥേയത്വ അവകാശം നൽകിയ സമിതിയുടെ അധ്യക്ഷനായിരുന്ന അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ സ്വിസ് പത്രമായ ടാഗസ് അൻസൈഗറിനോട് ഈയിടെ പറഞ്ഞു: ''ആ തീരുമാനം തെറ്റായിപ്പോയി.'' കാരണം? ''ഖത്തർ നന്നേ ചെറിയ രാജ്യം. ഫുട്ബാളും ലോകകപ്പും അതിന് താങ്ങാവുന്നതിലും വലുതല്ലേ?''
ഖത്തർ ചെറിയ രാജ്യമാണെങ്കിലും എണ്ണയും പ്രകൃതിവാതകവുംകൊണ്ട് വളരെ സമ്പന്നമായ അതിന് ലോകകപ്പ് നടത്താൻ എല്ലാ ശേഷിയുമുണ്ടെന്ന് ഇത്രയുംകാലം ന്യായീകരിച്ചിരുന്നതും ബ്ലാറ്ററാണ്.
1930ൽ തുടങ്ങിയ ഫിഫ ലോകകപ്പിന് ആദ്യമായാണ് അറബ് മേഖലയിലെ രാജ്യം ആതിഥ്യം നൽകുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും അനേകം നാടുകൾ അത് നടത്തിയിട്ടുണ്ട്. അന്നൊന്നും കേൾക്കാത്ത എതിർപ്പ് ഖത്തർ മത്സരത്തിനെതിരെ ഉയരുന്നതിന് കാരണമെന്താണ്? മനുഷ്യാവകാശ ലംഘനമെന്ന ആരോപണമാണ് മറ്റൊന്ന്.
ഖത്തറിലെ 30 ലക്ഷം ജനങ്ങളിൽ 85 ശതമാനവും വിദേശങ്ങളിൽനിന്നുള്ള ജോലിക്കാരാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രസമൂഹങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഏറെയും. ലോകകപ്പിന് സ്റ്റേഡിയങ്ങളടക്കം നിർമിക്കുന്നതിൽ തൊഴിൽചൂഷണം നടന്നു എന്നാണ് ആരോപണം.
എത്ര മരണം?
ഖത്തറിന് ഫുട്ബാൾ ആതിഥേയത്വം നൽകിയതു മുതൽ 6,500 തൊഴിലാളികൾ മരിച്ചു എന്ന ഒരു കണക്ക് ദ ഗാർഡിയൻ പത്രം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഫുട്ബാളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായി കുറെ വർഷങ്ങളുടെ മൊത്തം കണക്ക് ആംനസ്റ്റി നൽകിയത് പത്രം ലോകകപ്പുമായി ബന്ധപ്പെടുത്തുകയായിരുന്നു. വേറെയുമുണ്ട് വ്യത്യസ്ത കണക്കുകൾ.
തൊഴിൽരംഗത്തെ ചൂഷണവും മരണവും ഖത്തറും സമ്മതിക്കുന്നുണ്ട്. എന്നാൽ, മത്സരനടത്തിപ്പുമായല്ല, നിർമാണക്കരാർ എടുത്ത കമ്പനികളുമായിട്ടാണ് അവക്ക് ബന്ധം. മത്സര നിർമാണങ്ങൾ തുടങ്ങുമ്പോൾതന്നെ തൊഴിൽചൂഷണം നിർത്താൻ നടപടി എടുത്തിരുന്നേത്ര. യു.എൻ അന്താരാഷ്ട്ര തൊഴിൽ സംഘടന ഈ മാസം സമർപ്പിച്ച റിപ്പോർട്ടിൽ ഈ രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായതായി അറിയിച്ചു – ഇനിയും ചെയ്യാനുണ്ടെന്നും.
ഖത്തർ അധികൃതരുടെ കണക്കനുസരിച്ച് ലോകകപ്പ് നിർമാണങ്ങൾക്കിടെ മരിച്ച തൊഴിലാളികളുടെ എണ്ണം 38 ആണ്.
പരസ്യമായ മദ്യപാനമടക്കം ചില കാര്യങ്ങളിൽ ഖത്തറിൽ നിയന്ത്രണമുണ്ട്. ഇതും അവകാശലംഘനമായി എണ്ണപ്പെടുന്നു. റഷ്യയിലെ 2018 ലോകകപ്പിലും ചൈനയിലെ ഒളിമ്പിക്സിലുമടക്കം ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്കെതിരെ, ഇന്ന് ഖത്തറിനെതിരായുള്ള അത്ര രൂക്ഷമായ വിമർശനം ഉയർന്നിരുന്നില്ലെന്ന് അൽ അറബി പത്രത്തിൽ ഇമാദ് മൂസ ചൂണ്ടിക്കാട്ടുന്നു.
മാർക് ഓവൻ ജോൺസ് നൽകുന്ന ഒരു കണക്കുണ്ട്. ഒമ്പത് ബ്രിട്ടീഷ് മാധ്യമങ്ങളിലായി ഫിഫ ഖത്തറുമായി ബന്ധപ്പെട്ട 685 ലേഖനങ്ങൾ വിശകലനം ചെയ്തതിൽ 66 ശതമാനം വിമർശനമായിരുന്നു. റഷ്യയിലെ ലോകകപ്പ് മത്സരത്തിനു മുമ്പത്തെ വാർത്തകൾ നോക്കിയപ്പോൾ കണ്ടത്: 15,000 വാർത്തകളിൽ 492 എണ്ണം (മൂന്നു ശതമാനം) മാത്രമാണ് ലോകകപ്പുമായി ബന്ധപ്പെട്ടത്. ഖത്തറിന്റെ കാര്യത്തിൽ ഇത് 40 ശതമാനം.
റഷ്യക്കെതിരെയും ആരോപണങ്ങൾ ധാരാളം വന്നിരുന്നു. മലേഷ്യൻ വിമാനം വെടിവെച്ചിട്ടത്, ക്രീമിയ അധിനിവേശം, സിറിയയിലെ ബോംബിങ്, റഷ്യയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരെ വിഷം കൊടുത്തുകൊന്നത് തുടങ്ങി പലതും.
എന്നാൽ, ഖത്തറിനെതിരായ ആരോപണങ്ങളും റഷ്യക്കെതിരായവയും തമ്മിൽ കാതലായ ഒരു വ്യത്യാസം ഉണ്ട്: റഷ്യക്കെതിരായ വിമർശനങ്ങൾ അതത് വിഷയങ്ങളിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ ഖത്തറിനെതിരായവ ലോകകപ്പ് മത്സരവുമായി ശ്രദ്ധാപൂർവം ബന്ധിപ്പിക്കുകകൂടി ചെയ്യുന്നു.
ഓവൻ ജോൺസിന്റെ നിരീക്ഷണത്തിൽ, ദക്ഷിണാഫ്രിക്ക ലോകകപ്പ് (2010), ഇന്ത്യയിലെ ക്രിക്കറ്റ് ലോകകപ്പ് (1996) തുടങ്ങിയവയിലും പടിഞ്ഞാറിന്റെ വിവേചനം ഉണ്ടായി. ''ഇപ്പോൾ മധ്യ പൗരസ്ത്യ ദേശത്തെത്തുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി നടന്ന വിവിധ പഠനങ്ങൾ കാണിക്കുന്നത്, അവ മുസ്ലിംകളെയും അറബികളെയും മോശമായി കാണിക്കാൻ താൽപര്യപ്പെടുന്നു എന്നാണ്'' ('How Western Press coverage of Qatar Worldcup 2022 descended into hypocrisy and orientalist caricatures', by Mark Owen Jones, Al Araby).
ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ഞാൻ എന്റെ ഭർത്താവിന്റെ കൈപിടിച്ചാൽ ആളുകൾ 'ഛെ' എന്നു പറയുന്ന നാട് – ഖത്തറിലെ ജീവിതം അതാണ്.' ഇതിന് ഖത്തറിൽനിന്നുള്ള ട്വിറ്റർ പ്രതികരണം: ''ബ്രിട്ടനിലെ പ്രോപഗണ്ട യന്ത്രം സജീവം. വളച്ചൊടിക്കൽ കഴിഞ്ഞ് നുണയിലെത്തിയിരിക്കുന്നു അത്. എപ്പോഴാണാവോ ഭാര്യക്ക് ഭർത്താവിന്റെ കൈപിടിക്കാൻ പറ്റാതായത്..?''
ഖത്തറിലെ പന്ത് ഉരുളുന്നതിനും വളരെ മുമ്പേ പടിഞ്ഞാറൻ പ്രോപഗണ്ട കളി മുറുകിയിരിക്കുന്നു.