വ്യാജവാദങ്ങൾ മുതൽ വിവേചനങ്ങൾ വരെ
പടിഞ്ഞാറൻ മാധ്യമങ്ങൾ ഫലസ്തീനി ശബ്ദങ്ങൾക്ക് ഇടം നൽകുന്നില്ലെന്ന് ആക്ഷേപമുയർന്ന സമയത്ത് സ്കൈ ന്യൂസ് ചാനൽ യാര ഈദ് എന്ന ഫലസ്തീനി മനുഷ്യാവകാശ പ്രവർത്തകയെ ഷോയിലേക്ക് ക്ഷണിച്ചു. യാരയുടെ ബന്ധുക്കളിൽ 30 പേർ (17 കുട്ടികളടക്കം എല്ലാവരും സിവിലിയന്മാർ) ഗസ്സയിൽ കൊല്ലപ്പെട്ടിരുന്നു. അവതാരക തുടങ്ങി: ‘‘ഹമാസിന്റെ ആക്രമണത്തിൽ 1400ലേറെ ഇസ്രായേലികൾ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. പിന്നീട് ഗസ്സയിൽ നാലായിരത്തിലധികം പേർ മരിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ...
Your Subscription Supports Independent Journalism
View Plansപടിഞ്ഞാറൻ മാധ്യമങ്ങൾ ഫലസ്തീനി ശബ്ദങ്ങൾക്ക് ഇടം നൽകുന്നില്ലെന്ന് ആക്ഷേപമുയർന്ന സമയത്ത് സ്കൈ ന്യൂസ് ചാനൽ യാര ഈദ് എന്ന ഫലസ്തീനി മനുഷ്യാവകാശ പ്രവർത്തകയെ ഷോയിലേക്ക് ക്ഷണിച്ചു. യാരയുടെ ബന്ധുക്കളിൽ 30 പേർ (17 കുട്ടികളടക്കം എല്ലാവരും സിവിലിയന്മാർ) ഗസ്സയിൽ കൊല്ലപ്പെട്ടിരുന്നു. അവതാരക തുടങ്ങി:
‘‘ഹമാസിന്റെ ആക്രമണത്തിൽ 1400ലേറെ ഇസ്രായേലികൾ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. പിന്നീട് ഗസ്സയിൽ നാലായിരത്തിലധികം പേർ മരിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ പറയുന്നു...’’ തുടർന്ന് അവതാരക യാരയോട് അനുഭവം പങ്കുവെക്കാൻ പറയുന്നു.
വിശദീകരണത്തിലേക്ക് കടക്കും മുമ്പേ യാര പറഞ്ഞു: ‘‘തുടക്കത്തിൽ നിങ്ങൾ പറഞ്ഞു, ഇസ്രായേലികൾ കൊല്ലപ്പെട്ടു എന്നും ഫലസ്തീനികൾ മരിച്ചു എന്നും. ഫലസ്തീൻകാരും കൊല്ലപ്പെടുകയാണെന്ന് ഓർക്കുക. മാധ്യമപ്രവർത്തകർ വാക്കുകൾ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി സൂക്ഷ്മത കാണിക്കണം.’’
അവതാരകക്ക് മിണ്ടാട്ടമില്ലായിരുന്നു. ഏതാനും ദിവസം മുമ്പാണ് ബി.ബി.സി ന്യൂസ് അതിന്റെ ട്വീറ്റിൽ ഇതേ വിവേചനം പ്രകടമായി കാണിച്ചതും വൻ വിമർശനം ഏറ്റുവാങ്ങിയതും. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയും വാർത്ത അവതരിപ്പിക്കുന്ന രീതിയും ഇന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അവയിലെ ഇസ്രായേലി ചായ്വ് പലപ്പോഴും പ്രകടമാകുന്നുമുണ്ട്.
പ്രചാരണ യുദ്ധത്തിന്റെ ഇടയിലേക്ക് ഭാഷയിലെയും അവതരണത്തിലെയും ചായ്വ് മാത്രമല്ല, വ്യാജവാർത്തകളും എത്തുന്നുണ്ട്. മാധ്യമങ്ങളിലെ മേൽക്കോയ്മ ഇതിലും ഇസ്രായേലിന് അനുകൂലമാണ്. എന്നിട്ടും ചില കള്ളങ്ങൾ പൊളിയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.
ഹമാസുകാർ 40 കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു എന്ന വാർത്ത തന്നെ ഒന്ന്. മാധ്യമങ്ങളിൽ അത് പ്രാധാന്യപൂർവം വന്നു. സി.എൻ.എൻ മുതൽ ലണ്ടൻ ടൈംസും ലോസ് ആഞ്ജലസ് ടൈംസും ഇൻഡിപ്പെൻഡന്റും വരെ ആദ്യമത് സത്യമെന്നനിലക്ക് വാർത്തയാക്കി. ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫിസ് മുതൽ യു.എസ് പ്രസിഡന്റ് ബൈഡൻ വരെ അത് സത്യമെന്ന മട്ടിൽ പ്രചരിപ്പിച്ചു. ദ ഗ്രേസോൺ എന്ന വാർത്താ പോർട്ടൽ ഈ വാർത്തയുടെ ജനനവും വളർച്ചയും അന്വേഷിച്ചു. വാർത്ത വ്യാജമാണെന്നും ഇസ്രായേലി സൈനികരിൽനിന്നാണ് ഈ വ്യാജത്തിന്റെ വൈറസ് പടർന്നതെന്നും കണ്ടെത്തി.
വാർത്ത ചെയ്യാനെത്തിയ ഇസ്രായേലി റിപ്പോർട്ടർമാർ വിവിധ പട്ടാളക്കാരെ കണ്ടാണ് വിവരം ശേഖരിച്ചത്. കൂട്ടത്തിലാരോ കുറെ സിവിലിയന്മാരെ ഹമാസ് ക്രൂരമായി വധിച്ചെന്നും ചിലരെ തലയറുത്താണ് കൊന്നതെന്നും അതിൽ കുറെ ഇരകൾ കുട്ടികളാണെന്നും പറഞ്ഞു. ഐ 24 ന്യൂസ് എന്ന ടി.വി ശൃംഖലയുടെ ലേഖിക നികോൾ സെഡക് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക മാത്രമല്ല, ക്രൂരതയുടെ രംഗങ്ങൾ താൻ തന്റെ കണ്ണുകൊണ്ട് കണ്ടെന്നും അറിയിച്ചു; 40 കുട്ടികളെയടക്കം കഴുത്തറുത്ത് കൊന്നിട്ടുണ്ട് എന്നും.
അനദോലു എന്ന ടർക്കിഷ് വാർത്താ ഏജൻസി അതിനിടക്ക് ഒരു കാര്യം ചൂണ്ടിക്കാട്ടി: ഇസ്രായേലി സൈന്യത്തിനുമേൽ ചാർത്തിയ ഈ വാർത്ത അവർ തന്നെ സ്ഥിരീകരിക്കുന്നില്ല എന്ന്. അടുത്ത വാർത്താ ബുള്ളറ്റിനിൽ നികോൾ സെഡക് സംശയാലുക്കളെ മുഴുവൻ അടച്ചാക്ഷേപിച്ചു. ഇത്ര ദാരുണമായ സംഭവത്തെപ്പറ്റി സംശയമുയർത്തുന്നത് അറപ്പുണ്ടാക്കുന്നു എന്നു പറഞ്ഞു.
പക്ഷേ, സംശയിക്കാൻ വകയുണ്ടായിരുന്നു. ഇസ്രായേലി സൈന്യം ഹമാസിന്റെ തലവെട്ടിനെ പറ്റിയും മറ്റും ധാരാളം പറഞ്ഞെങ്കിലും തെളിവ് കാണിച്ചില്ല. ‘‘ഹമാസ് അങ്ങനെ ചെയ്യാൻ എല്ലാ സാധ്യതയുമുണ്ടെങ്കിലും സംഭവം അന്തിമമായി സ്ഥിരീകരിച്ചിട്ടില്ലെ’’ന്ന് സൈനിക നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു: സംഭവം സൈന്യം അന്വേഷിക്കുന്നുണ്ടത്രെ.
പിന്നീട് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേതെന്ന് പറഞ്ഞ് സൈന്യം കുറെ കുട്ടികളുടെ പടങ്ങൾ പ്രസിദ്ധപ്പെടുത്തി. അക്കൂട്ടത്തിൽ കഴുത്തറുക്കലിനിരയായ ഒറ്റയാളുമുണ്ടായിരുന്നില്ല.
സ്വതന്ത്ര അന്വേഷണത്തിൽ ദ ഗ്രേസോൺ, അൽജസീറ തുടങ്ങിയവ വ്യാജ വാർത്തയുടെ സഞ്ചാരപാത കണ്ടെത്തി. ഒരു പട്ടാളക്കാരൻ ജേണലിസ്റ്റുകളോട് പറഞ്ഞതാണ് തുടക്കം.
ആ പട്ടാളക്കാരനെയും അവർ കണ്ടുപിടിച്ചു. പേര് ഡേവിഡ് ബെൻ സയൺ. തീവ്ര സയണിസ്റ്റ്. അനധികൃത കുടിയേറ്റക്കാരൻ. ഇക്കൊല്ലമാദ്യം ഫലസ്തീൻകാർക്കെതിരെ കലാപം കുത്തിപ്പൊക്കിയയാൾ. ഫലസ്തീൻകാർ ‘‘മൃഗങ്ങളാ’’ണെന്നും അവർ ‘‘തുടച്ചുനീക്കപ്പെടേണ്ടവരാ’’ണെന്നും പറഞ്ഞായിരുന്നു അതിക്രമങ്ങൾ.
ഇയാളുണ്ടാക്കിയ കഥയാണ് വൻകിട മാധ്യമങ്ങൾ വരെ വാർത്തയാക്കിയത്. ബൈഡൻ ഏറ്റുപിടിച്ച നുണ പിന്നീട് വൈറ്റ്ഹൗസ് ‘‘തിരുത്തി’’. ചില മാധ്യമങ്ങൾ വാർത്തക്ക് സ്ഥിരീകരണമായില്ലെന്നറിയിച്ചു.
വാർത്ത വ്യാജമാണെന്നറിഞ്ഞിട്ടും തിരുത്താത്ത കൂട്ടത്തിലാണ് മലയാളത്തിൽ കേരള കൗമുദി. ഒക്ടോബർ 11ന് അതിലെ വാർത്ത ഇങ്ങനെ: ‘‘കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ് ഭീകരരുടെ ക്രൂരത... കുഞ്ഞുങ്ങളെ തലയറുത്തു കൊന്ന് മുഴുവൻ കുടുംബങ്ങളെയും വെടിവെച്ചുകൊല്ലുന്ന ഭീകരത ലോകത്തെ ഞെട്ടിച്ചു... ഹമാസ് ഭീകരർ മുന്നിൽപെട്ടവരെയെല്ലാം കൊന്നു. കുറഞ്ഞത് 40 കുഞ്ഞുങ്ങളെയെങ്കിലും ഹമാസ് ഭീകരർ കൊന്നതായാണ് റിപ്പോർട്ട്... ഇസ്രായേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്... ഭീകരർ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തലവെട്ടി മാറ്റിയ മൃതദേഹങ്ങൾ...’’ ഒപ്പം, ഏതോ മൃതദേഹം കൊണ്ടുപോകുന്ന ഏതോ ചിത്രവും പത്രം ചേർത്തു.
ഇത് കള്ളവാർത്തയാണെന്ന് കൗമുദി വായനക്കാരെ അറിയിച്ചിട്ടില്ല. അക്കാര്യത്തിൽ ബൈഡനെ വൈറ്റ്ഹൗസ് തിരുത്തിയതായി ഒരു വാർത്ത പിറ്റേന്ന് വന്നു – അത്രമാത്രം.
ഞങ്ങൾ ബോംബിട്ടു... ഇല്ല
ഗസ്സയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ബോംബിട്ടത് ആരാണ്? ബോംബിങ്ങിന് മുമ്പും തൊട്ടുശേഷവും ഇസ്രായേലിന്റെ പങ്ക് പലതരത്തിലും പ്രകടമായിരുന്നു. മൂന്നുദിവസം മുമ്പ് ഇതേ ആശുപത്രിയിലെ കാൻസർ സെന്ററിൽ ഇസ്രായേൽ മിസൈലാക്രമണം നടത്തിയിരുന്നു. ആശുപത്രി അധികൃതർക്ക് ഒരു ദിവസം മുമ്പ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. മൂന്നുദിവസം മുമ്പ് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രായേൽ ബോംബ് മുന്നറിയിപ്പ് നൽകിയതായി ഫ്രഞ്ച് പത്രം ലമോന്ദ് റിപ്പോർട്ട് ചെയ്തു.
ആക്രമണം നടന്ന ഉടനെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഡിജിറ്റൽ മാധ്യമ വക്താവ് ഹനന്യ നഫ്തലി, തങ്ങൾ ആശുപത്രിക്ക് ബോംബിട്ട് ‘‘ഭീകരരെ’’ കൊന്നതായി ട്വീറ്റ് ചെയ്തു. ഒരു പതിറ്റാണ്ടിനിടെ പത്ത് ആശുപത്രികളിൽ ബോംബിട്ട ചരിത്രമുണ്ട് ഇസ്രായേലിന്. ഗസ്സയിലെ സിവിലിയന്മാരടക്കം എല്ലാവരും തങ്ങളുടെ ഉന്നമാണെന്ന് ഇസ്രായേലി നേതാക്കൾ ഒന്നിലേറെ തവണ പറഞ്ഞിരുന്നു.
പക്ഷേ, ആശുപത്രി ആക്രമണം ലോകമെങ്ങും വലിയ ജനരോഷമുയർത്തിയപ്പോൾ ഇസ്രായേൽ നിഷേധവുമായി എത്തി. നഫ്തലി തന്റെ ട്വീറ്റ് പിൻവലിച്ചു. ന്യൂയോർക് ടൈംസ് പോലുള്ളവ ‘‘ഇസ്രായേൽ ആശുപത്രിക്ക് ബോംബിട്ടു’’ എന്ന തലക്കെട്ട് മാറ്റി. ഇസ്രായേലി സൈനിക വക്താവ് പുതിയ തിയറിയുമായി വന്നു: ഇസ്ലാമിക് ജിഹാദ് എന്ന സംഘടന ഇസ്രായേലിന് നേരെ തൊടുത്ത മിസൈൽ ഇടക്കുവെച്ച് പൊട്ടിവീണതാണ്.
യു.എസ് പ്രസിഡന്റ് ബൈഡൻ അത് ഏറ്റെടുത്തു. പക്ഷേ, അന്താരാഷ്ട്ര തല അന്വേഷണം നടത്തിക്കൂടേ എന്ന ചോദ്യത്തിന് യു.എസ് വക്താവ് പത്രക്കാരോട് പറഞ്ഞത് ‘‘അത് അനുചിതമാകും’’ എന്നാണ്. ന്യൂയോർക് ടൈംസും ബി.ബി.സിയും സ്വന്തം അന്വേഷണം നടത്തി, ഇസ്രായേലി ബോംബാണ് വീണതെന്ന് തീർത്ത് പറയാൻ വയ്യ എന്ന് തീരുമാനിച്ചു. അൽ ജസീറ വിഡിയോയിൽ ഫലസ്തീൻ മിസൈൽ വീണത് വ്യക്തമാണെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെട്ടു; അത് ഇഴകീറി പരിശോധിച്ച് അൽജസീറ ആ അവകാശവാദം പൊളിച്ചു. ഫരീദ ഖാൻ എന്ന അൽ ജസീറ ജേണലിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞത് വ്യക്തമായ തെളിവായി ഇസ്രായേൽ കാണിച്ചു. പക്ഷേ, അങ്ങനെയൊരു ജേണലിസ്റ്റ് അൽജസീറയിൽ ഇല്ല. ആ ട്വിറ്റർ (എക്സ്) അക്കൗണ്ട് തന്നെ വ്യാജം.
യുദ്ധകാര്യ വിദഗ്ധരും ഭാഷാപണ്ഡിതരും ഇസ്രായേലി പ്രചാരണങ്ങൾ പൊളിച്ചുകാട്ടി. പൊതുവെ ഇസ്രായേലി പക്ഷത്ത് നിലകൊള്ളാറുള്ള ബ്രിട്ടനിലെ ചാനൽ 4, ശബ്ദ, ദൃശ്യ വിശകലന വിദഗ്ധരുടെ പഠനമടക്കമുള്ള വിശദമായ വിഡിയോയിൽ, ഇസ്രായേലി ബോംബാണ് ആശുപത്രി തകർത്തതെന്ന് സ്ഥാപിച്ചു.
പക്ഷേ, ഇസ്രായേൽ ഇപ്പോഴും ‘‘ഇരകളാ’’യി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ലണ്ടൻ ടെലിഗ്രാഫ് പത്രത്തിൽ ജേക് സൈമൺസ് ‘‘ഹമാസ് പ്രചാരണ യുദ്ധം ജയിക്കുകയാണെ’’ന്ന് വെപ്രാളത്തോടെ പരിതപിക്കുന്നു.
മാധ്യമങ്ങളിലെ സമാന്തര യുദ്ധത്തിലും വിഭവങ്ങളെല്ലാം (പത്രങ്ങൾ, ചാനലുകൾ, ഏജൻസികൾ) ഇസ്രായേലിന്റെ പക്കലാണ്. എന്നിട്ടും അവർ ജയിക്കുന്നില്ല എന്നോ മനസ്സിലാക്കേണ്ടത്?